June 19, 2009

ഏകവചനങ്ങളുടെ കൂടാരം 3നഗരത്തില്‍ സമാധാനം തിരിച്ചു വന്നെങ്കിലും രാജാവിന്റെ ആത്മാവു മാത്രം ഇളകിമറിഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം യുദ്ധരംഗത്ത് നിന്നു മടങ്ങുകയായിരുന്നു. സൂറത്തില്‍ തലപൊക്കിയ അസ്വാസ്ഥ്യങ്ങളെ വരുതിയ്ക്കു നിര്‍ത്താന്‍ യാത്ര തിരിച്ചതാണ്. പടയൊരുക്കങ്ങളുടെയും യുദ്ധത്തിന്റെയും നീണ്ട ദിനങ്ങളിലും പ്രഹേളികാസ്വഭാവത്തോടെ തത്ത്വചിന്തയും ഭാഷാശാസ്ത്രവും അദ്ദേഹത്തിന്റെ മനസ്സില്‍ കെട്ടിമറിഞ്ഞു. യുദ്ധകാര്യങ്ങള്‍ക്കുള്ള അതേ പ്രാധാന്യത്തോടുകൂടി തന്നെ. ചക്രവര്‍ത്തി അബുല്‍ ഫദ് ജലാലുദീന്‍ മുഹമ്മദ് കുട്ടിക്കാലം മുതല്‍ ‘മഹാനായ’ എന്ന അര്‍ത്ഥമുള്ള ‘അക്‍ബര്‍’ സംജ്ഞയാല്‍ പ്രശസ്തനായ രാജാധിരാജന്‍, അര്‍ത്ഥത്തിന്റെ ആവര്‍ത്തനം വകവയ്ക്കാതെ, പിന്നെയും പേരിലൊരു ‘മഹാനായ’ കൂട്ടിച്ചേര്‍ത്ത് ‘മഹാനായ അക്‍ബറാ‘യ, മഹാന്മാരില്‍ വച്ച് മഹാനായ, മഹത്വങ്ങളാല്‍ മഹിതനായ, ഇരട്ടിച്ച മഹത്വമുള്ള, മഹത്വത്തിനുള്ളിലെ മഹിമയുടെ വലിപ്പം പ്രകടിപ്പിക്കാന്‍ നാമധേയത്തിലെ ആവര്‍ത്തനം ഉചിതമെന്നു മാത്രമല്ല അനിവാര്യം കൂടിയാക്കിത്തീര്‍ക്കുന്നത്ര മഹത്വം കൈയാളുന്ന, അതിവിശിഷ്ട മുഗളനായ ചക്രവര്‍ത്തി അക്‍ബര്‍, പൊടിയണിഞ്ഞ്, യുദ്ധരംഗത്തെ പ്രവൃത്തികളാല്‍ തളര്‍ന്ന്, വിജയിയായി, ചിന്താഗ്രസ്തനായി, മേദസ്സുകള്‍ അടിഞ്ഞു തുടങ്ങുന്ന ശരീരവുമായി, വ്യാമോഹങ്ങളില്‍ നിന്നു താത്കാലികമായി മുക്തനായി, വടിക്കാത്ത മുഖവുമായി, സഹൃദയനായി, കാമാതുരനായി, സമ്പൂര്‍ണ്ണനായ ഒരു ചക്രവര്‍ത്തിയായി, ഇതെല്ലാം കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രഭാവലയത്തോടെ, ഒന്നിലധികം ആളുകള്‍ കൂടിച്ചേര്‍ന്ന വ്യക്തിയായി, ‘നാം’ എന്ന ഉത്തമപുരുഷബഹുവചനം കൊണ്ട് സ്വയം വിശേഷിപ്പിക്കുന്ന പല ശിരസ്സുകളുള്ള അസാധാരണസ്വത്വമായി, കൊട്ടാരത്തിലേയ്ക്കുള്ള നീണ്ടതും വിരസവുമായ യാത്രയ്ക്കിടയില്‍ ‘ഞാന്‍’ എന്ന ഉത്തമപുരുഷ ഏകവചനത്തിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

കൂടെ കൊണ്ടു പോരുന്ന ഭദ്രമായി അടച്ച മണ്‍ഉപ്പുഭരണികളില്‍ തോത്പിച്ച ശത്രുക്കളുടെ തലകള്‍ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചുകൊണ്ടിരുന്നു, അപ്പോള്‍.

ചക്രവര്‍ത്തി ഒരിക്കലും സ്വയം ‘ഞാന്‍’ എന്നു പറയാറില്ല. രഹസ്യമായോ സ്വപ്നത്തിലോ കോപം കൊണ്ടോ.. ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും ‘നാം’ ആയിരുന്നു. (മറ്റെന്താണ് അദ്ദേഹം?) ‘നാം’ എന്നതിന്റെ നിര്‍വചനവും മൂര്‍ത്തീഭാവവുമായിരുന്നു. ബഹുവചനമായാണ് അദ്ദേഹം ജനിച്ചത്. ‘നാം’ എന്നു പറയുമ്പോഴൊക്കെ അദ്ദേഹം സ്വാഭാവികമായും സത്യസന്ധമായും അര്‍ത്ഥമാക്കിയത്, തന്റെ പ്രജകളുടെ എല്ലാം മൂര്‍ത്തരൂപമാണ് താന്‍ എന്നാണ്. തന്റെ അതിര്‍ത്തികള്‍ക്കുള്ളിലെ മരങ്ങള്‍, ചെടികള്‍, മൃഗങ്ങള്‍, തടാകങ്ങള്‍, മലകള്‍, നദികള്‍, പട്ടണങ്ങള്‍, വിശാലമായ ഭൂമി, തലയ്ക്കുമുകളിലൂടെ പറന്നു പോകുന്ന കിളികള്‍, മൂവന്തിയ്ക്ക് വന്നു കടിക്കുന്ന കൊതുകുകള്‍, മണ്ണിനടിയിലെ രഹസ്യലോകത്തിലിരുന്ന് വേരുകള്‍ കരളുന്ന പേരറിയാന്‍ വയ്യാത്ത ജന്തുക്കള്‍ എല്ലാം അതിലടങ്ങുന്നു. ഇതുവരെ നേടിയ എല്ലാ വിജയങ്ങളുടെയും ആകത്തുക, ആടിയ നിരവധി വേഷങ്ങളുടെ ഒത്തിരിപ്പ്. നേടിയെടുത്ത ശേഷികള്‍, ചരിത്രങ്ങള്‍, ശിരച്ഛേദം ചെയ്തതോ ചലനം കെടുത്തിയതോ ആയ ശത്രുക്കള്‍. ഇതെല്ലാം അതിലുണ്ട്. സ്വന്തം പ്രജകളുടെ വര്‍ത്തമാനകാലവും ഭൂതകാലവും അവരുടെ ഭാവിയെ ചലിപ്പിക്കുന്ന യന്ത്രവും അദ്ദേഹമാണ്.

‘നാം’ എന്ന പദം രാജാവിനുമാത്രമുള്ളതാണ്. എങ്കിലും സാധാരണക്കാര്‍ക്കും ഇടയ്ക്കൊക്കെ ബഹുവചനങ്ങളാണ് തങ്ങള്‍ എന്നു വിചാരിക്കാം. നീതിയോടു താത്പര്യം കൊണ്ടോ ചര്‍ച്ചയ്ക്കു വേണ്ടിയോ അത് അംഗീകരിച്ചു കൊടുക്കാമെന്നു വച്ചു.

ജനങ്ങള്‍ക്ക് തെറ്റിയോ? ഇനി ചക്രവര്‍ത്തിക്കാണോ ചിന്ത പിഴച്ചത്? (അയ്യോ! എന്തൊരു ചിന്ത!) ഒരുപക്ഷേ ഈ ‘ ഞാന്‍ ഒരു സമൂഹമാണ്’ എന്ന സങ്കല്പം ഈ ലോകത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരിക്കും. ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്. മറ്റുള്ള അനേകം അസ്തിത്വങ്ങള്‍ക്കിടയില്‍ അവയുടെ ഭാഗമായ ഒഴിവാക്കാനാവാത്ത മറ്റൊരു ഉണ്മ. അപ്പോള്‍ ‘പലതാ‘യിരിക്കുക എന്നത് രാജാവിന്റെ മാത്രം പ്രത്യേക കാര്യമായിരിക്കില്ല. അദ്ദേഹത്തിന്റെ മാത്രം ദിവ്യമായ അവകാശവുമായിരിക്കില്ല. പ്രജകളുടെ ചിന്തകളില്‍ ഒരു ഏകാധിപതിയുടെ പ്രതിരൂപങ്ങള്‍ ശുദ്ധമായി പ്രതിഫലിക്കും. പലപ്പോഴും കൂടിയ അളവില്‍ തന്നെ. അത് ഉറപ്പാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണത്തിനു കീഴില്‍ വരുന്ന സ്ത്രീകളും പുരുഷന്മാരും ‘നമ്മള്‍’ ആയി സ്വയം വിചാരിക്കുന്നത് എന്നു പറഞ്ഞ് വേണമെങ്കില്‍ ഒരാള്‍ക്ക് തര്‍ക്കിക്കാം. കുട്ടികളും അമ്മമാരും അമ്മായിമാരും തൊഴിലാളികളും സഹപ്രവര്‍ത്തകരും സ്വന്തം മതക്കാരും ഗോത്രക്കാരും കൂട്ടുകാരും എല്ലാം കൂടിച്ചേര്‍ന്ന പല സ്വത്വങ്ങളായിട്ടായിരിക്കും, അവരും സ്വയം നോക്കിക്കാണുന്നത്. പല തരത്തിലുള്ള ‘നമ്മള്‍’ ആയി അവര്‍, അവരെ കാണുന്നു. അതിലൊന്ന് അവരുടെ കുട്ടികളുടെ അച്ഛനാണ്. മറ്റൊന്ന് സ്വന്തം അച്ഛനമ്മമാരുടെ കുട്ടി. ഭാര്യയോടൊപ്പം വീട്ടില്‍ കഴിയുന്ന ആളല്ല, തൊഴില്‍ നല്‍കിയ വ്യക്തിയുടെ മുന്നിലുള്ളത്. ചുരുക്കത്തില്‍ അവരെല്ലാം ഓരോ ഭാണ്ഡങ്ങളാണ്. ‘പലമ’കള്‍ കുത്തിറച്ചത്, ചക്രവര്‍ത്തിയെപ്പോലെ തന്നെ. അപ്പോള്‍ ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നാണോ?

അങ്ങനെയാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ചോദ്യം ആശ്ചര്യകരമായ വിധത്തില്‍ സ്വയം രൂപം മാറിയത്. ‘പല ജീവിതങ്ങളുള്ള തന്റെ പ്രജകള്‍ ഓരോരുത്തരും ‘ഞാന്‍’ എന്ന ഏകവചനം കൊണ്ടാണ് തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതെങ്കില്‍ എനിക്കും ‘ഞാന്‍’ മാത്രമായിരിക്കാന്‍ കഴിയില്ലേ? ഒരാള്‍ മാത്രമായ ഒരു ‘ഞാന്‍’ സാധ്യമല്ലേ? നഗ്നനും ഏകാകിയുമായ ഈ ‘ഞാന്‍’ ഭൂമിയിലെ ‘നാം‍’ എന്ന ആള്‍ക്കൂട്ടത്തിനു കീഴെ മറഞ്ഞുകിടക്കുകയായിരുന്നില്ലേ, ഇത്രകാലവും?’

ഈ ചോദ്യം, വെളുത്ത കുതിരപ്പുറത്തിരുന്ന് കൊട്ടാരത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ചക്രവര്‍ത്തിയെ ഭയപ്പെടുത്തി. അന്ന് രാത്രി അദ്ദേഹത്തിന് ഉറങ്ങാനേ കഴിഞ്ഞില്ല. ജോധയെ വീണ്ടും കാണുമ്പോള്‍ എന്താണു പറയുക? “ഞാന്‍ തിരിച്ചെത്തി’ എന്നോ? “ഇതു ‘ഞാന്‍ ‘ ആണെന്നോ?” കുട്ടികള്‍ക്കും കാമുകര്‍ക്കും ദൈവത്തിനുമായി നീക്കി വച്ചിരിക്കുന്ന ‘നീ’ എന്ന മധ്യമ പുരുഷ ഏകവചനം ഉപയോഗിച്ച് അതിനു മറുപടി പറയാന്‍ അവള്‍ക്കു കഴിയുമോ? അങ്ങനെ അവള്‍ പറഞ്ഞാല്‍ തന്നെ അതെന്താവും അര്‍ത്ഥമാക്കുന്നത്? താന്‍ അവള്‍ക്ക് കുഞ്ഞിനെപ്പോലെയാണെന്നോ? ദൈവത്തെപ്പോലെയാണെന്നോ? അദ്ദേഹം അവളെ സ്വപ്നത്തില്‍ മിഴിവോടെ കണ്ടിരുന്നതുപോലെ അവള്‍ കണ്ട സ്വപ്നത്തിലെ വെറുമൊരു കാമുകന്‍ മാത്രമാണോ, മഹാനായ അക്‍ബര്‍? ചിലപ്പോള്‍ ‘നീ’ എന്ന പദത്തിനു ചുറ്റുമുള്ള ആ ചെറിയ ലോകം ഭാഷയിലെ ഏറ്റവും വികാരക്ഷമമായ പദമായേക്കും‍. ശ്വാസോച്ഛ്വാസത്തിനൊപ്പം ‘ഞാന്‍’ എന്ന് അദ്ദേഹം പല പ്രാവശ്യം ഉരുവിട്ടു.

ഇതാ ‘ഞാന്‍’....
‘ഞാന്‍’ നിന്നെ പ്രേമിക്കുന്നു.....
നീ ‘എന്റെ’ അരികില്‍ വരിക......’

- സല്‍മാന്‍ റഷ്ദി

7 comments:

Visala Manaskan said...

‘നാം v/s. ഞാന്‍’ കൊള്ളാം.

ഇത് വായിച്ചതിന്റെ ആ ഒരു ആവേശത്തില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിവരെ ഞാന്‍, എന്നെ നാം എന്ന് പറയാന്‍ തീരുമാനിച്ചു.

ഉച്ചകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒന്നും വിചാരിച്ചോടത്ത് നില്‍ക്കില്ല എന്നാണ്! ;)

വെള്ളെഴുത്തേ... ഈ വിവര്‍ത്തനശ്രമങ്ങള്‍ക്ക് ഒരു സലാം. നന്ദിഗ്രാം. നന്ദികിലോ.

വല്യമ്മായി said...

മനോഹരമായ കഥയും വിവര്‍ത്തനവും.

Q Club / ക്യു ക്ലബ് said...

വളരെ നന്നായിരുന്നു വായന...നന്ദി

subins said...

"Enchanters of Florences".... ur goin good. thanks

premanmash said...

ഞാന്‍ ഞാന്‍ എന്ന് അഹങ്കരിച്ചവരോ ? സമകാലിക വലിയ ഞാന്‍ മാരെയും കാണുന്നില്ലേ? നന്നായിട്ടുണ്ട്.

lakshmy said...

ഇന്നാണ് ഈ വിവർത്തനം കാണുന്നത്. നന്നായി. ഇനി സ്ഥിരം വായിക്കാനുണ്ടാകും :)

അനുരൂപ് said...

ഓരോ വാക്കിനും പറയാന്‍ എന്തെല്ലാം കഥകള്‍..

നല്ല വിവരണം.

ആശംസകള്‍.