May 16, 2009

മത്സ്യങ്ങള്‍ വെള്ളം കുടിക്കുന്നതെപ്പോള്‍?
തെഹല്‍ക്കയിലെ ഒരു ലേഖനത്തില്‍ ആഷിഷ് നന്ദി എഴുതി : ‘ഇന്ത്യയിലെ അഴിമതിയുടെ ഭാവി ശോഭനമണ്. രാഷ്ട്രീയക്കാര്‍ക്കിടയിലും വ്യാപാരനേതാക്കള്‍ക്കിടയിലും ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്കിടയിലും വ്യക്തമായ ഒരു പൊതുധാരണ ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന വളരെ വര്‍ഷങ്ങളോളം ഇന്ത്യയുടേ രാഷ്ട്രീയധനസ്ഥിതിയില്‍ അഴിമതിക്ക് കുടിയിരിക്കാനുള്ളതെല്ലാം അവര്‍ ഉറപ്പിച്ചെടുത്തിട്ടുണ്ട്.’ (ഇന്ത്യയുടെ അഴിമതിക്ക് ഒരു കൊച്ചു് അവതാരിക) കൈക്കൂലി ഇന്നൊരു പാപമല്ല. ഇതെഴുതുന്ന ഇന്നു പോലും ഒരു വില്ലേജാഫീസറെ കൈക്കൂലിക്കേസില്‍ അറസ്റ്റു ചെയ്ത വാര്‍ത്ത പത്രങ്ങളിലെ വെണ്ടക്കയാണെങ്കിലും. ഓര്‍ത്താല്‍ തമാശയാണ്. നമ്മുടെ രാഷ്ട്രീയനേതാക്കള്‍ ലളിതജീവിതം നയിക്കുന്നവരാണെന്ന പ്രകടനം എമ്പാടുമുണ്ട്. സിനിമാഭിനയത്തേക്കാള്‍ വലിയ കള്ളമാണെങ്കിലും അതും സ്വാഭാവികമാണെന്ന മട്ടിലാണ് പൊതുസമൂഹം കണക്കിലെടുക്കുന്നത്. കൈക്കൂലി കേസുപിടിക്കാന്‍ വിജിലന്‍സുപോലുള്ള ഗംഭീരന്‍ സംവിധാനങ്ങളാണ് നാട്ടില്‍. എല്ലാ സര്‍ക്കാരാപ്പീസുകളിലും ചുവരെഴുത്തുണ്ട്. അഴിമതിക്കാരെ കണ്ടാലുടന്‍ അറിയിപ്പു നല്‍കാന്‍.. എന്നിട്ട്? ആയിരമോ രണ്ടായിരമോ വാങ്ങുന്ന ചിറി നക്കികളെ കുടുക്കി ഒരു സസ്പെന്‍ഷനോടെ ചരിതാര്‍ത്ഥമാവുന്നതാണ് നമ്മുടെ അഴിമതിവേട്ട. ലക്ഷങ്ങളും കോടികളും ഒപ്പിച്ചവന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിലസും, ഒരു രോമം പോലും കരിയാതെ!

‘ലോകത്തിലെ മഹത്തായ മണ്ടത്തരങ്ങള്‍’ എന്ന പുസ്തകത്തില്‍ (കര്‍ത്താവ് ശീതള്‍കുമാര്‍ ജയിന്‍) ജവഹര്‍ലാല്‍ നെഹ്രു കണ്ണടച്ച ഒരഴിമതി കേസിനെപ്പറ്റി പറയുന്നുണ്ട്. മുതിര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കേസ് മുന്നിലെത്തിയപ്പോള്‍ നെഹ്രു ചോദിച്ചത്രേ: “അത്ര വലുതൊന്നുമല്ലല്ലോ അയാളുടെ കുടവയറ്. അതു നിറയുമ്പോള്‍ അയാള്‍ താനേ നിര്‍ത്തിക്കോളും.” സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ഉദ്യോഗസ്ഥ അഴിമതിയ്ക്ക് തടയിടാന്‍ പറ്റിയ അവസരം നെഹ്രു അങ്ങനെ കളഞ്ഞു കുളിക്കുകയായിരുന്നു എന്നാണ് ശീതള്‍ ജയിന്‍ വാദിക്കുന്നത്. രാഷ്ട്രീയവും ബ്യൂറോക്രസിയും പരസ്പാശ്രിതമായ ഒരു വ്യവസ്ഥ ആയതിനാല്‍ ഒന്ന് മറ്റൊന്നിനെ അങ്ങനെ കേറി കൊന്നോ തിന്നോ കളിക്കില്ല. നമ്മുടെ ഉദ്യോഗസ്ഥന്മാരെല്ലാം പുറത്തിറങ്ങി അഴിമതികള്‍ക്ക് തെളിവു നല്‍കാന്‍ തയ്യാറായാല്‍ ഇതഃപര്യന്തമുള്ള രാഷ്ട്രീയവ്യക്തിത്വങ്ങളുടെ കഥ എന്താവും? രാഷ്ടീയക്കാര്‍ക്ക് ആ ‘സ്മരണ’ പലപ്പോഴും ഇല്ല. അതുകൊണ്ട് ചിലപ്പോഴൊക്കെ അവര്‍ കുറ്റം കെട്ടിവയ്ക്കാനുള്ള അത്താണിയായി ഉദ്യോഗസ്ഥരെ ഉപയോഗിക്കുമെന്നു മാത്രമല്ല അമ്മായിയമ്മമാര്‍ തോറ്റു നാണം കെടുന്ന രീതിയില്‍ ചീത്തവിളിക്കുകയും ചെയ്യും. നാട്ടുവഴക്കത്തില്‍. ഗാന്ധിജി എന്നോ കാലഹരണപ്പെട്ടു. ജയപ്രകാശ് നാരായണന്റെയും മൊറാര്‍ജിയുടെയും ഒക്കെ ലളിത ജീവിതം ഇന്ന് ആലോചിച്ചു നോക്കിയാല്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പാനുള്ള കോപ്പാണ്. കപ്പിയ മണ്ണു തുപ്പിക്കളഞ്ഞു വീണ്ടും ചിരിച്ചുപോയെന്നും വരും! ഇന്ദിരാഗാന്ധി പറഞ്ഞത് ‘അഴിമതി ഇന്ത്യയില്‍ മാത്രമുള്ള ഒന്നല്ല, ഒരാഗോള പ്രതിഭാസമാണെന്നാണ്.’ എല്ലാ കാര്യത്തിലും നമുക്ക് ലോകത്തിനു മുന്നേ നടക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും അധികം താമസിക്കാതെ ഇക്കാര്യത്തില്‍ നാം ലോകത്തിന്റെ മുകളറ്റത്തെത്തുന്ന മട്ടാണ്. ഇന്നിപ്പോള്‍ നെഹ്രു വിചാരിച്ചതു പോലെ ആളുകള്‍ കുടവയറിനകത്തല്ല, സ്വിസ്സ് ബാങ്കു നിറഞ്ഞാലും മതിയാക്കിലെന്ന ആര്‍ത്തിയിലാണ് നെട്ടോട്ടം ഓടുന്നത്. 75 ലക്ഷം കോടിരൂപ നിക്ഷേപിച്ചാണ് ഇന്ത്യാക്കാര്‍ സ്വിസ്സ് ബാങ്ക് റിക്കോഡ് തകര്‍ത്തിരിക്കുന്നത്. ചുമ്മാതാണോ സ്വിസ്സുബാങ്കുകാര്‍ അവരുടെ ഔദ്യോഗികഭാഷകളിലൊന്ന് ഹിന്ദിയാക്കിയത്.

രാഷ്ട്രീയാധികാരം ഒരു വ്യക്തിയിലേയ്ക്ക് കേന്ദ്രീകരിച്ചതാണ് അഴിമതിവ്യാപനത്തിന്റെ പ്രധാനകാരണമായി ആഷിഷ് നന്ദി ചൂണ്ടിക്കാണിക്കുന്നത്. 70കള്‍ക്കു ശേഷം ത്വരിതപ്പെട്ട ഒരു സംഗതിയാണിത്. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കടിഞ്ഞാണ്‍ തന്ത്രപരമായി ഒരു വ്യക്തിയിലേയ്ക്ക് നീങ്ങാന്‍ തുടങ്ങിയത് അക്കാലത്താണ്. പാര്‍ട്ടിയുടെ പേരില്‍ സംഭരിക്കപ്പെടുന്ന പണം സ്വന്തമായൊരു രാഷ്ട്രീയഫണ്ടിലേയ്ക്ക് പോകുക എന്ന പതിവാരംഭിക്കുന്നത് അവിടെ നിന്നാണ്. വ്യക്തിപരമായി ഇതൊരു അഴിമതിയല്ല. എന്നാല്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വണിക്കുകള്‍ക്ക് ഒരാളെ സംതൃപ്തിപ്പെടുത്തിയാല്‍ മതി. അധികാരത്തോടൊപ്പം സാമ്പത്തികമായ കൈകാര്യകര്‍ത്തൃത്വവും ലഭിക്കുമെന്നതിനാല്‍ വ്യക്തിയുടെ പ്രഭാവം പാര്‍ട്ടിയില്‍ മങ്ങാതെ ഇരിക്കുകയും ചെയ്യും. കൈരളി ടിവി ആരംഭിക്കാന്‍ ജനം കൊണ്ടു പിടിച്ച് സംഭാവന ചെയ്തതും ജനയുഗത്തിന്റെ പുനരുജ്ജീവനത്തിനായി കോടികള്‍ ഫണ്ടില്‍ വന്നു കുമിഞ്ഞതും നന്മയെയും ആദര്‍ശത്തെയും സാംസ്കാരിക വളര്‍ച്ചയെയും ലാക്കാക്കി മാറിയ കാലത്ത് ‘പാലോറമാതമാര്‍‘ ഏകസമ്പാദ്യമായ പശുവിനെ വിറ്റു നല്‍കിയതായിരുന്നോ? 30 വര്‍ഷങ്ങള്‍ക്കിപ്പുറത്തു നിന്ന് നോക്കുമ്പോള്‍ ഇന്ദിരയിലാരംഭിച്ച ഈ പ്രവണത മറ്റുപാര്‍ട്ടികളില്‍ എങ്ങനെയെല്ലാം വളര്‍ന്നു ശാഖകളിട്ടു പുഷ്പിച്ചിരിക്കുന്നു! ‍ അതങ്ങനെ ഒടുവില്‍ പറന്ന് പറന്ന് പറന്ന് പാര്‍ലമെന്റു മന്ദിരത്തിനകത്ത് തന്നെ ഗാന്ധിതലക്കല്‍ പതിപ്പിച്ച നല്ല ചൂടന്‍ നോട്ടുകെട്ടുകള്‍ വന്നിരുന്നു പരസ്യമായി തലയാട്ടിയിട്ടും ഒന്നും സംഭവിച്ചില്ലാ...ഇനി ഒന്നും സംഭവിക്കുകയുമില്ല. ചിലതരം രോഗാണുകള്‍ക്ക് തങ്ങളെ നശിപ്പിക്കാന്‍ വരുന്നവയെയും കൊന്നു തിന്ന് അവയുടെ ശക്തികൂടി നേടി വളരാന്‍‍ പ്രത്യേക കഴിവുണ്ട്.


ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ മതി. നമ്മുടെ ദേശത്തും അയലിലും. പാര്‍ട്ടി എന്നു പറഞ്ഞാല്‍ തന്നെ വ്യക്തികളാണ്. ലാലു, മുലായം, അഡ്വാനി അഥവാ മോദി, മായാവതി, ജയലളിത, പസ്വാന്‍, പവാറ്‌, അമര്‍ സിംഗ്, മമതാ.......പരവതാനികള്‍ നോട്ടുകെട്ടുകളുടെ മാര്‍ദ്ദവത്താല്‍ തീര്‍ത്തതാണെന്നതാണ് ഈ കൊണ്ടു പിടിച്ച വൈരുദ്ധ്യങ്ങളെ അരുമയോടേ കോര്‍ത്തിണക്കുന്ന ഏക ചരട്. പണ്ടും ഉണ്ടായിരുന്നു അഴിമതിക്കാര്‍. പണ്ടെന്നാല്‍ സ്വാതന്ത്ര്യാനന്തരഭാരതത്തില്‍. എസ് കെ പട്ടീല്‍, അതുല്യഘോഷ്, സി ബി ഗുപ്ത എന്നിവരുടെ പേരുകള്‍ ആഷിഷ് നന്ദി എടുത്തു പറയുന്നുണ്ട്. എന്നാല്‍ ഇവരൊക്കെ ദരിദ്രരായിട്ടാണ് മരിച്ചത്. അപ്പോള്‍ അവരുടെ പേരില്‍ ആരോപിക്കപ്പെട്ട അഴിമതി അവര്‍ ചെയ്തത് അവരവരുടെ പാര്‍ട്ടിയ്ക്കു വേണ്ടിയായിരുന്നിരിക്കണം. അതോ അഴിമതിആരോപണം പ്രതിപക്ഷം വക തൊണ്ടു കൊണ്ടുള്ള പുകയായിരുന്നോ? 154 നാലുപേര്‍ ദാരിദ്ര്യം കൊണ്ട് ആത്മഹത്യചെയ്തതായി പറയപ്പെടുന്ന 1957ലെ പട്ടിണിക്കാലത്ത്, ചെന്നൈയിലെ ഒരു കമ്പനിയുമായി നടന്ന അരി ഇടപാടില്‍ 16.50 ലക്ഷം രൂപയുടെ വെട്ടിപ്പു നടന്നു. ഇങ്ങ് കേരളത്തില്‍. അതിനെക്കുറിച്ചന്വേഷിച്ച പി റ്റി രാമന്‍ നായര്‍ കമ്മീഷന്‍ പതിവുപോലെ “അത്ര വലുതല്ലാത്ത തുകയുടെ’ നഷ്ടം സംഭവിച്ചെന്നു കണ്ടെത്തുകയും കുറ്റം ആരുടേതാണെന്ന് കണ്ടെത്താന്‍ പറ്റാതെ (അതൊന്നും കമ്മീഷന്റെ പരിധിയില്‍ വരുന്ന കാര്യമല്ല) അന്വേഷണം തീര്‍ക്കുകയും ചെയ്തിരുന്നു. പാമോയില്‍ വച്ചു നോക്കുമ്പോല്‍ പൈപ്പു കുംഭകോണം നിസ്സാരം, ലാവ്‌ലിന്‍ വച്ചുനോക്കുമ്പോള്‍ പാമോയില്‍ നിസ്സാരം ഇസ്രയേല്‍ തോക്കിടപാട് വച്ചുനോക്കുമ്പോള്‍ ലാവലിനും നിസ്സാരം ബോഫോഴ്സും നിസ്സാരം. രണ്ടുവര്‍ഷത്തിനുള്ളില്‍ അധികാരം നിലനിര്‍ത്താന്‍ ഇറക്കിയ ചരക്കുകളുടെ മൂല്യവും പിന്നെ തെരെഞ്ഞെടുപ്പിനു ആളാം വീതം ഇറക്കിയ നോട്ടുകെട്ടുകളും പരിഗണിക്കുമ്പോള്‍... പ്രവര്‍ത്തിക്കാന്‍ എന്നതുപോലെ എതിരാളിയെ സഹായിക്കാനായി സ്വന്തം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാതിരിക്കാനും, ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിന്, നേതാക്കള്‍്‍ ആളാം പ്രതി വാങ്ങിച്ചത്രേ ലക്ഷങ്ങള്‍. എന്നിട്ട് പൂച്ച സ്വന്തം കുഞ്ഞിനെ കൊന്നു തിന്നുന്നതുപോലെ സ്വന്തം സ്ഥാനാര്‍ത്ഥികളെ തോത്പിച്ചു കൈയ്യില്‍ കൊടുത്തു. കൊടു കൈ. ഇടനാഴിയില്‍ കേട്ടതാണ്. പണത്തിനു മീതെ എന്തോന്ന് സ്ഥാനാര്‍ത്ഥി? ഭാഗ്യം! ഗ്രാഫ് കുത്തനെ മേലോട്ടു തന്നെയാണല്ലോ !!

മുന്നില്‍ വന്ന ഒരു ഉദ്യോഗസ്ഥ അഴിമതികേസിനെ മെല്ലെ തലോടി വിട്ടുകൊണ്ട് നെഹ്രു തുടങ്ങിവച്ചത് വലിയ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. ആവര്‍ത്തിക്കാനുള്ളതാണ് ചരിത്രം. കുറച്ചു നാളുകള്‍ക്കു മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 53)വന്ന സുരേഷ്‌കുമാറുമായുള്ള അഭിമുഖം ഒരനുഭവക്കുറിപ്പോടെയാണ് അവസാനിക്കുന്നത്. പാവപ്പെട്ട മത്സ്യതൊഴിലാളികളെ വഞ്ചിച്ച് അഴിമതി നടത്തിയ, ഒരു നേതാവിന്റെ കേസുമായി (നേതാവ് അച്ചുതാനന്ദന്‍ അനുഭാവിയാണ്) പിണറായിയെ കണ്ടപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചത്രേ, അഴിമതിയുടെ വ്യാപ്തി 47 ലക്ഷമേ ഉള്ളോ എന്ന്’. ധ്വനിമര്യാദയിലാണ് കാര്യങ്ങള്‍. ചോദ്യത്തിന്റെ അര്‍ത്ഥം എന്തായാലും, സുരേഷ്‌കുമാര്‍ ഇക്കാര്യം എടുത്തെഴുതിയതെന്തിനായാലും ഋജുരേഖയിലൂടെ സഞ്ചരിക്കുന്ന ചരിത്രത്തെ വരികള്‍ കൊണ്ടു വന്നു മുന്നില്‍ നിര്‍ത്തുന്നു എന്നു തോന്നുന്നത് എന്തുകൊണ്ടാണോ എന്തോ?


ഈ പോസ്റ്റ്
അഴിമതിയുടെ സ്വയമ്പന്‍ വിവരങ്ങളും തെളിവുകളുമായി കണ്ണുചിമ്മിയിരിക്കുന്ന അങ്കിളിന്റെ സര്‍ക്കാര്‍ കാര്യം എന്ന ബ്ലോഗിന്.
Post a Comment