May 3, 2009

ആണ്മലയാളവും ഭാഗ്യദേവതമാരും
‘ഭാഗ്യദേവത’യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടത്, കാലിക മലയാളസിനിമ സ്ത്രീപ്രശ്നങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകന്നുപോവുകയാണെന്നാണ്. താരങ്ങളുടെ ഉപഗ്രഹങ്ങളായി വീട്ടിലും ഇറയത്തും ചുറ്റിത്തിരിയാനാണ് പ്രതിഭയുള്ള നടികളുടെ പോലും വിധി, ഈ ഭൂമിമലയാളത്തില്‍. ‘അച്ചുവിന്റെ അമ്മ ’മുതലിങ്ങോട്ട് (കൃത്യമായി പറഞ്ഞാല്‍ ശ്രീ ബാലാ കെ മേനോന്‍ സംവിധാനസഹായിയായി അന്തിക്കാടിനോടൊപ്പം കൂടിയതു മുതല്‍) കേരളത്തിലെ മദ്ധ്യവര്‍ത്തിസമൂഹം പ്രധാനമായി കാണുന്ന സ്ത്രീപ്രശ്നങ്ങളെ സമദൂരസിദ്ധാന്തപരമായ സഹാനുഭൂതിയോടെ നോക്കിക്കാണാന്‍ അന്തിക്കാട് നിശ്ചയിക്കുന്ന ക്യാമറാ ആംഗിളുകള്‍ കവിഞ്ഞൊരു ഉത്സാഹം കാണിക്കുന്നുണ്ട്. ‘സമദൂരം’ എന്നു മനപ്പൂര്‍വം പ്രയോഗിച്ചതാണ്. ലിംഗവിവേചനപരമായ കടുത്ത നിലപാടുകള്‍ അന്തിക്കാടു സിനിമയുടെ ലക്ഷ്യമല്ല. ചില പുരോഗമന സിനിമകള്‍ തലങ്ങും വിലങ്ങും എടുത്ത് പെരുമാറുന്ന രീതിയില്‍ ആണുങ്ങള്‍ കടുത്ത കാമപ്രാന്തന്മാരും മര്‍ദ്ദനോപകരണങ്ങളും കൊള്ളരുതാത്തവന്മാരും ഒന്നുമല്ല അവിടെ. ചില ഉപദേശങ്ങള്‍ക്കോ, തിരുത്തലുകള്‍ക്കോ നേരെയാക്കാന്‍ കഴിയുന്ന ആണ്‍ ഉദാസീനതകളും ഉത്തരവാദിത്വരാഹിത്യങ്ങളും എടുത്തുച്ചാട്ടങ്ങളും മാത്രമാണ് ഇടത്തരം വീടിനുള്ളിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞ് സത്യന്റെ ക്യാമറ ഒപ്പിയെടുക്കാന്‍ ആഗ്രഹിക്കുന്ന ദൃശ്യങ്ങള്‍. ‘ഒരു കിലോ അരിയുടെ വിലയെത്രയെന്ന’ ‘വിനോദയാത്ര’യിലെ കാമുകിയുടെ കാമുകനുനേര്‍ക്കുള്ള ചോദ്യം പോലെ അത്രമേല്‍ ലളിതമാണ് കാര്യങ്ങള്‍.

സ്ത്രീതന്നെയാണ് ധനം എന്ന ആശയത്തെയാണ് താന്‍ പുതിയ സിനിമയായ ‘ഭാഗ്യദേവത’യിലൂടെ മുന്നോട്ട് വയ്ക്കാന്‍ ശ്രമിച്ചതെന്നാണ് സംവിധായകന്‍ തന്നെ നേരിട്ട് പറയുന്നത്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണ് സിനിമ എന്നര്‍ത്ഥം. സ്ത്രീധനം വിഷയമാക്കിയ പല പഴയ മലയാള സിനിമകളിലെയും ആദര്‍ശവതിയായ നായികയുടെ നിഴല്‍ വീണുകിടക്കുന്ന ഒരു ചിത്രമാണ് ഭാഗ്യദേവതയും. കനികയുടെ ‘ഡെയ്സി’ സ്വഭാവശുദ്ധികൊണ്ടും ഒതുക്കം കൊണ്ടും ദൈവഭയം കൊണ്ടും കുടുംബസ്നേഹം കൊണ്ടും ത്യാഗസമ്പന്നതകൊണ്ടും മറ്റും മറ്റും ഒരു പരുന്തും പറക്കാത്ത വിലപിടിപ്പുള്ള ‘സ്ത്രീധനം’ തന്നെയാണ് ഏതു കുടുംബത്തിനും, ഏതു നിലയ്ക്കും. (ഇങ്ങനെയുണ്ടോ ഒരു പെണ്‍കുട്ടി?) പോരാത്തതിന് സിനിമയുടെ അവസാനം കൂട്ടുകാരന്‍ നരേന്‍ വാക്കാല്‍ ഇക്കാര്യം പ്രസ്താവിക്കുന്നുമുണ്ട്. പക്ഷേ അഞ്ചുലക്ഷത്തിന്റെ സ്ത്രീധനം മോഹിച്ച് കുരുത്തോലപ്പൊടിപ്പോലത്തെ പെണ്ണിനെ കെട്ടുകയും പണം കിട്ടാത്തതുകൊണ്ട്, ഭാര്യാപിതാവ് അവധി പറഞ്ഞ മൂന്നുമാസം ഒരു മുറിയില്‍ കിടക്കുന്നു എങ്കിലും ‘ദാമ്പത്യജീവിതം’ വേണ്ടെന്നു വയ്ക്കുകയും അതുകഴിഞ്ഞും പണം കിട്ടില്ലെന്നു വന്നപ്പോള്‍ അവളെ വീട്ടില്‍ കൊണ്ടാക്കുകയും പണത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുകയും അവളെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന ബെന്നി കാലാന്തരത്തില്‍ ഏതെങ്കിലും തരത്തില്‍ മാറിയെന്നു വിശ്വസിക്കാന്‍ സിനിമയില്‍ തെളിവൊന്നുമില്ല. അയാള്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അയാള്‍ക്കുണ്ടായതായി പറയപ്പെടുന്ന മാനസിക പരിവര്‍ത്തനം പോലും സഹോദരിയുടെ വിവാഹത്തിന് ആവശ്യമായ സ്വര്‍ണ്ണവും പണവും ഇല്ലാതെ വന്നതിന്റെ സംഘര്‍ഷമാണ്. അതാണ് ‘ഉത്തമയായ’ ഭാര്യ തനിക്കു കിട്ടിയ ലോട്ടറി പണം കൊണ്ട് പരിഹരിച്ചു കൊടുത്തത്. പത്തുലക്ഷം രൂപയും 55 പവനും കൊണ്ട്. അതായത് ബെന്നി ആവശ്യപ്പെട്ടത്തിന്റെ ഇരട്ടിയുമായാണ് അവള്‍ മടങ്ങി വന്നത് എന്നര്‍ത്ഥം. ഭര്‍ത്താവിനെ പിരിഞ്ഞശേഷം അവള്‍ക്കു സര്‍ക്കാര്‍ ജോലി കിട്ടുന്നുണ്ട്. അതിനും പുറമേയാണ് രണ്ടു കോടിയുടെ ലോട്ടറി. പണം മാത്രമാണ് ജീവിതം എന്നു വിശ്വസിക്കുന്ന ഒരു ഭര്‍ത്താവിന് പ്രിയപ്പെട്ടവളാകാന്‍ വേണ്ടി മാത്രമുള്ളതാണ് അവള്‍ക്ക് ലഭിച്ച ഈ സാമ്പത്തിക നേട്ടങ്ങളെല്ലാം എന്ന സന്ദേശമാണ് സിനിമ നല്‍കുന്നത്.

ആ നിലയ്ക്ക് ഡെയ്സി എന്ന കഥാപാത്രത്തെ ഒന്ന് അടുത്ത് അറിയേണ്ടതുണ്ട്. ഭര്‍ത്താവിന്റെ വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം -അവരെല്ലാം സ്ത്രീകളാണ്- കുറഞ്ഞദിവസം കൊണ്ട് ഡെയ്സി പ്രിയപ്പെട്ടവളാകുന്നത് അവളില്‍ കുടിയിരിക്കുന്ന പലതരം ഗുണങ്ങള്‍ കൊണ്ടാണ്. വല്യമ്മച്ചിയെയെ ശുശ്രൂഷകൊണ്ടും അമ്മായിയമ്മയെ അദ്ധ്വാനം കൊണ്ടും പ്രണയം കൊണ്ട് എപ്പോഴും ഇളകിപ്പോകുന്ന തരളിതയായ അനിയത്തിയെ ഉപദേശം കൊണ്ടുമാണ് അവള്‍ സ്വന്തമാക്കുന്നത്. ഇളയ സഹോദരിയെ ഗൃഹപാഠങ്ങള്‍ ചെയ്യുന്നതില്‍ സഹായിച്ചുകൊണ്ടും. ആദ്യശമ്പളം കിട്ടിയപ്പോള്‍ അമ്മായിയമ്മയ്ക്കു കമ്മല്‍ വാങ്ങാനാണ് അവള്‍ ശ്രദ്ധിച്ചത്, അതും ഭര്‍ത്താവ് സ്വന്തം വീട്ടില്‍ കൊണ്ടാക്കിയിരിക്കുന്ന സമയത്ത്. ഇടവേളയ്ക്കടുത്ത സമയത്ത് ബാങ്ക് മാനേജരായി കുട്ടനാട്ടില്‍ വരുന്ന നരേന്‍ മുന്‍പ് അവളെ കല്യാണം ആലോചിച്ചിരുന്നതിനെപ്പറ്റി ഒരു പരാമര്‍ശമുണ്ട്. അങ്ങനെയെങ്കില്‍ അടക്കവും ഒതുക്കവുമുള്ള ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ പ്രണയം പോലും വേണ്ടെന്നു വച്ച ഒരു ചരിത്രം, ഡെയ്സിയ്ക്ക് അവകാശപ്പെടാം. അവളുടെ ഈയൊരു ആദര്‍ശാത്മക പശ്ചാത്തലം തുഞ്ചത്തെത്തുന്നത്, നമ്മുടെ സാമ്പ്രദായികരീതിയനുസരിച്ച് അവള്‍ ഭര്‍ത്താവിനു കൂടി പ്രിയപ്പെട്ടവളാകുമ്പോഴാണ്. സമയത്തിനു പറഞ്ഞു വച്ച സ്ത്രീധനം കൊടുക്കാന്‍ കഴിയാതിരുന്നവള്‍- ‘കുറ്റം’ ചെയ്തത് അവളുടെ പപ്പയാണെങ്കില്‍ പോലും- എങ്ങനെ തരണം ചെയ്യുന്നു എന്നാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്. കാവ്യനീതി അനുസരിച്ച് ഗുണവതിയായ നായികയ്ക്കു യോജിച്ച നായകനെന്ന സങ്കല്പം പോലും സിനിമ കൈയൊഴിഞ്ഞിരിക്കുകയാണ് എന്നു പറയാം. ജയറാം എന്ന നടന്‍ സ്വരൂപിച്ചെടുത്തിരിക്കുന്ന ഇമേജിലെ ‘അയ്യോപാവം’ എന്ന കല്പനയല്ലാതെ ബെന്നി എന്ന മനുഷ്യനില്‍ ഡെയ്സിക്ക് അനുഗുണമായി എടുത്തുപറയാന്‍ എന്താണുള്ളത്? നല്ല ജോലിയില്ല, സ്വഭാവമഹിമ തീരെയില്ല, ഇളക്കവും എടുത്തുച്ചാട്ടവും മുന്‍‌കോപവും ചെറിയ തോതില്‍ ബുദ്ധിമാന്ദ്യവും ഉണ്ട് ( ഭാര്യവീട്ടിനു സമീപം നിന്ന് ഹൃദയാഘാതം അഭിനയിക്കുന്നതാണ് അയാളുടെ മന്ദബുദ്ധിത്തനത്തിനുള്ള ഒരു പ്രകടമായ ഉദാഹരണം. മാതൃകകള്‍ മറ്റനേകം സിനിമയില്‍ സുലഭം) ഭാര്യയെ ശിക്ഷിക്കുന്നതിനു വേണ്ടി അയാള്‍ ഒഴിവാക്കുന്നത് ലൈംഗിക ബന്ധമാണ്. (കുടുംബത്തിനുള്ളില്‍, അടുത്ത ബന്ധുക്കളില്‍ നിന്ന് ലൈംഗിക പീഡനം നടക്കുന്നു എന്നതാണ് കേരളത്തിലെ വര്‍ത്തമാനകാലസ്ഥിതി. ജനപ്രിയസിനിമകളിലാവട്ടെ, ലൈംഗികതയുടെ അഭാവം പ്രതികാര/ശിക്ഷണ നടപടികളുടെഭാഗമാണ്. ‘മാടമ്പി’യില്‍ അനുജന്റെ ദാമ്പത്യബന്ധത്തിന് ഇടങ്കോലിടുന്ന ചേട്ടനെ നോക്കുക) എല്ലാത്തിനും മകുടം ചൂടുന്ന രീതിയില്‍ പണത്തോടുള്ള ആര്‍ത്തിയും സ്വാര്‍ത്ഥതയും.( സ്ത്രീധനകാര്യം കേള്‍ക്കുന്ന മാത്രയില്‍ അനിയത്തിയുടെ കാര്യം പോലും ആലോചിക്കാതെയാണ് കുടുംബനാഥനും മൂത്തവനുമായ അയാള്‍ വിവാഹത്തിനു തയ്യാറാവുന്നത്.) ഇങ്ങനെയുള്ള ഒരാള്‍ക്ക് പ്രിയപ്പെട്ടവളാവാന്‍ വേണ്ടി മാത്രമാണ് ചിത്രത്തില്‍ അവള്‍ക്ക് ലോട്ടറി കിട്ടുന്നത് എന്നു വരുന്നത് ഒന്നാലോചിച്ചാല്‍ ശുഭാന്തമല്ല, മറിച്ച് ദുരന്തമാണ്.

സാമ്പത്തികസ്വാതന്ത്ര്യമാണ്, യഥാര്‍ത്ഥസ്വാതന്ത്ര്യവും ആത്മാഭിമാനവും ആത്മവിശ്വാസവും സ്ത്രീയ്ക്കു നല്‍കുന്നതെന്ന സത്യത്തെ വളച്ചുകെട്ടി അതെല്ലാം പുരുഷന്റെ, കൃത്യമായി പറഞ്ഞാല്‍ ഭര്‍ത്താവിന്റെ പ്രിയത്വം നേടാനുള്ള ഉപാധിമാത്രമാക്കി ചുരുക്കിക്കെട്ടുന്നിടത്താണ് ‘ഭാഗ്യദേവത’ പിന്നിലേയ്ക്ക് നടക്കുന്നത്. സിനിമയുടെ അവസാനം കാണുന്ന ‘ഇനിയെന്നും ഉത്സവമല്ലേ’ എന്ന അയാളുടെ ഭരതവാക്യത്തില്‍ ആര്‍ത്തിമുഴുവനും ഖനീഭവിച്ചു കിടക്കുന്നുണ്ട്. (ശ്രദ്ധിക്കണം ഉത്സവവും അയാള്‍ക്കാണ്.. അവള്‍ക്ക്..?) സ്ത്രീപ്രശ്നമാണ് അവതരിപ്പിക്കുന്നത് എന്നു പറഞ്ഞ സത്യന്‍ അന്തിക്കാട് സത്യത്തില്‍ അവതരിപ്പിക്കുന്നത് പുരുഷന്റെ പ്രശ്നമാണ്. വിയര്‍ക്കാതെ പണമുണ്ടാക്കാനുള്ള മാനസികമായ അലച്ചിലും സുഖത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളുമാണ് ഇന്ന് ശരാശരി മലയാളിപൌരുഷങ്ങളുടെ ഉപരിതലജീവിതത്തെയും സാമാന്യബോധത്തെയും മുഖരമാക്കിക്കൊണ്ടിരിക്കുന്നത്. ഈ ചട്ടക്കൂട്ടിലേയ്ക്ക് നിഷേധം കൂടാതെ ഒടിച്ചു മടക്കാന്‍ നിന്നുകൊടുക്കുന്ന വഴക്കമുള്ള പെണ്‍സത്ത തീര്‍ച്ചയായും ഓരോ പുരുഷന്റെയും ‘ഭാഗ്യദേവത’ തന്നെയായിരിക്കും. സംശയമില്ല. ഭാഗ്യദേവത...... പക്ഷേ മറ്റുള്ളവര്‍ക്ക്.. ...

അപ്പോള്‍ പത്തുഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ‘കുടുംബം ഒരു സ്വര്‍ഗം... ഭാര്യ ഒരു ദേവത’..കാലഘട്ടത്തില്‍ നിന്ന് മലയാള സിനിമ എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ട്? പോട്ടേ, നമ്മുടെ സമൂഹമോ?

മറ്റൊന്നുകൂടി, ഒപ്പം ഇറങ്ങിയ ടി വി ചന്ദ്രന്റെ ‘ഭൂമിമലയാളവുമായി’ ചില താരതമ്യത്തിന് ഈ ചിത്രം വഴിയൊരുക്കുന്നുണ്ട്. അതു വഴിയേ...

അനു:
ബജാജ് ആലിയന്‍സിന്റെ പുതിയ പരസ്യത്തില്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്താണെന്ന് വശ്യരായ സ്ത്രീ മോഡലുകളുടെ പശ്ചാത്തലത്തില്‍ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. അവളുടെ അഴക്, ആകൃതി, കണ്ണുകള്‍ എന്നിങ്ങനെ പല ഉത്തരങ്ങള്‍ക്കു ശേഷം കൈയടികളുടെ അകമ്പടിയോടെ വരുന്നു റാമ്പില്‍ നിന്നും ശരിയായ ഉത്തരം. പണം. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതെന്നും അതാണ് അവള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിക്കൊടുക്കുന്നതെന്നും കോര്‍പ്പറേറ്റ് കമ്പനിയുടെ പരസ്യം തന്നെ പറയുന്നു. മുതലാളിത്തത്തിനും മനസ്സിലായി എന്താണ് യഥാര്‍ത്ഥ സ്ത്രീപ്രശ്നമെന്ന്....
Post a Comment