April 27, 2009

ഇണ്ടനമ്മാവന്റെ കാലിലെ ചെളി



പതിനഞ്ചാം ലോകസഭാതെരെഞ്ഞെടുപ്പിന്റെ ഫലലബ്ധിയ്ക്കു ശേഷം എത്രയാഴ്ചകളെടുക്കും എന്നറിയില്ല ഇനിയൊരഞ്ചുവര്‍ഷത്തേയ്ക്ക് (ചില സൈസ് തീരുമാനങ്ങള്‍ കൊണ്ട് പലപ്പോഴും അതിനുമപ്പുറത്തേയ്ക്ക്...) ഇന്ത്യയുടെ തലയിലെഴുത്തുകള്‍ തിരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാന്‍ കരുത്തും തിണ്ണമിടുക്കും ശേമുഷിയുമുള്ള ഒരു മുന്നണി രൂപീകൃതമായി വരാന്‍. 1989 നു മുന്‍പുണ്ടായിരുന്ന രാഷ്ട്രീയകാലാവസ്ഥയിലെന്നപോലെ വലിയ ഒറ്റകക്ഷിയാവുക എന്ന ആഗ്രഹം ഇത്തവണയും പതിവുപോലെ തലയെണ്ണം കൂടിയ ദേശീയപാര്‍ട്ടികള്‍ക്ക് അട്ടത്തു തൂക്കേണ്ടിവരുമെന്നു പറയേണ്ടിവരുന്നതില്‍ അല്പം അഭിമാനിക്കാനൊക്കെ വകയുണ്ട്, ജനാധിപത്യത്തിന്റെ പേരില്‍. തെക്കനും കിഴക്കനുമൊക്കെയായ സംസ്ഥാനങ്ങളിലേയ്ക്ക് ഉത്തരേന്ത്യന്‍ ഗോസായിമാരുടെ ശ്രദ്ധ പതിഞ്ഞു തുടങ്ങിയത്, പ്രാദേശികകക്ഷികള്‍ക്ക് കൈവന്ന ഊറ്റത്തോടെയാണ്. പക്ഷേ അതോടൊപ്പം പരസ്പരം തിരിഞ്ഞു നില്‍ക്കുന്ന, തമ്മിലടിക്കാന്‍ പഴുതുകള്‍ വളരെയുള്ള ഈ ഒറ്റയാന്‍ കൂട്ടങ്ങളെ ഒരു ബെല്‍റ്റിട്ട് മുറുക്കുന്നതെങ്ങനെയെന്നത്, ആരാണ് മണികെട്ടാന്‍ മുന്‍ കൈയെടുക്കുകയെന്നത്, എന്തിനാണ് അങ്ങനെ കച്ചകെട്ടി പുറപ്പെടുന്നത് എന്നുള്ളത് ഒക്കെ ആലോചനകളിലെ കീറാമുട്ടികളാണ് ചൂണ്ടുവിരലില്‍ കറുത്തഗോപിക്കുറിയുമായി മാനം നോക്കിനടക്കുന്ന പരബ്രഹ്മങ്ങള്‍ക്ക്. അതുകൊണ്ട് ഭൂരിപക്ഷം ആലോചനയേ വേണ്ടെന്നു വച്ചിട്ടുണ്ട്. ചെയ്യാനുള്ളത് ചെയ്തു, ഇനി അവരായി അവരുടെ പാടായി എന്നൊരു നിലപാടിലൂടെയാണ് ഇന്ത്യയില്‍ അരാഷ്ട്രീയതയുടെ പാടങ്ങളില്‍ സൂര്യകാന്തിപ്പൂക്കള്‍ വിരിയുന്നത്.

വിരിയട്ടേ, അല്ലാതെന്തു ചെയ്യാന്‍ പറ്റും? പറ്റില്ല. ഈ വഴിയാണു ശരി, നിങ്ങളും ഈ വഴിയ്ക്ക് ആലോചിച്ചാല്‍ മതി എന്നു പറയുന്ന ഒരു ന്യൂനപക്ഷത്തെ കണക്കിലെടുത്തിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യം എന്നതു തന്നെ ഒരു മുതലാളിത്ത ആശയമാണ്. അതിന്റെ ചെലവില്‍ സമഗ്രാധിപത്യത്തെ കലവറയില്ലാതെ പുകഴ്ത്തുക എന്നത് ഇന്ത്യയിലെ പലതരം വൈരുദ്ധ്യങ്ങളില്‍ ഒന്നായി കാണണം. മതേതരത്വം പോലെ ഒരുപാട് ആലോചനകള്‍ക്ക് വഴിമരുന്നിടുന്ന വിഷയമാണിത്. അത് മറ്റൊരിക്കലാവട്ടെ, തെരെഞ്ഞെടുപ്പിനു ശേഷമുള്ള എക്സിറ്റ് പോള്‍, സെഫോളജിസ്റ്റ് ബഹളങ്ങള്‍ ഇത്തവണ കുറവാണ്. അതുകൊണ്ട് മേയ് പകുതി വരെ ഫലം കാത്തിരിക്കയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഇതിനിടയ്ക്ക് ദി വീക്കു് - സീ വോട്ടര്‍ സര്‍വേയില്‍ എന്‍ സി പി യുടെ 13-ഉം സമാജ് വാദിയുടെ 32 ഉം ചേര്‍ത്ത് യു പി എ യ്ക്ക് 234 സീറ്റു കിട്ടും എന്ന് ഒരു പ്രവചനം കണ്ടു. എന്‍ ഡി എ യ്ക്ക് 186-ഉം. പക്ഷേ സമാജ് വാദിയോ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയോ യു പി എയില്‍ തന്നെ നില്‍ക്കും എന്ന് ഉറപ്പൊന്നുമില്ല, ഫലം വന്നതിനു ശേഷം. അങ്ങനെ വന്നാല്‍ 189 ആയിരിക്കും കോണ്‍ഗ്രസ്സിനു കിട്ടാന്‍ പോകുന്ന സീറ്റ്. കേവലഭൂരിപക്ഷം കോണ്‍ഗ്രസ്സിനോ ബി ജെപിയ്ക്കോ ഒറ്റയ്ക്ക് കിട്ടില്ലെന്ന് വന്നാല്‍ മുന്നണി തന്നെ ശരണം. എങ്കില്‍പ്പിന്നെ എന്തിനാണ് ഒറ്റയാന്മാരെ താങ്ങുന്നത് ചെറുതുകള്‍ക്കെല്ലാം ചേര്‍ന്ന് ഒരു കോട്ട കെട്ടരുതോ? എന്നാല്‍ മൂന്നാം മുന്നണി സ്വപ്നം മാത്രമാണെന്ന് ആന്റണി പറയുന്നതുകേട്ടാണ് വി കെ ശ്രീരാമന്‍ ചിരിച്ചത്. സ്വപ്നം കാണാന്‍ ഒരു ഇന്ത്യക്കാരന് അവകാശമില്ലേ? അതിനുമാത്രമല്ലേ അവകാശമുള്ളൂ?

പക്ഷേ സ്വപ്നം സാധാരണക്കാരുടെ മാത്രം കുത്തകയല്ല. രാഷ്ട്രീയക്കാരും കാണുന്നുണ്ട്. ഗുജറാത്തില്‍ നിന്നുള്ള അദ്വാനിയെയും പഞ്ചാബില്‍ നിന്നുള്ള മന്‍മോഹന്‍ സിംഗിനെയും മാത്രമല്ല ഉത്തര്‍പ്രദേശില്‍ നിന്നുള്ള മായവതിയായ തന്നെയും പ്രധാനമന്ത്രിപ്പദത്തിനായി പരിഗണിക്കാമെന്നാണ് ബഹന്‍‌ജി തന്നെ പറയുന്നത്. രാജ്യത്തെ ഏറ്റവുമധികം മണ്ഡലങ്ങളില്‍ ഒറ്റയ്ക്കു നിന്ന് മത്സരിക്കുന്ന പാര്‍ട്ടിയാണ് ബി എസ് പി. കഴിഞ്ഞ തവണ 435 ഇടങ്ങളില്‍. കോണ്‍ഗ്രസ്സിനേക്കാള്‍ 18 ഇടത്ത് കൂടുതല്‍. പക്ഷേ കിട്ടിയ സീറ്റുകള്‍ 19 ഉള്ളൂ. ഇത്തവണ കൂടും. ഏറ്റവുമധികം ക്രിമിനലുകളെ രംഗത്ത് സ്ഥാനാര്‍ത്ഥിയാക്കി ഇറക്കിരിക്കുന്നതും പണച്ചാക്കുകളെ അണിനിരത്തിയിരിക്കുന്നതും ബഹന്‍‌ജിയാണ്. ജാതിരാഷ്ട്രീയവും പണവും ആദര്‍ശവുമായി കൈകോര്‍ത്ത് എത്രദൂരം മുന്നോട്ടു പോകും? മായാവതിയുടെ കണ്ണ് പ്രധാനമന്ത്രിപദത്തിലും. ലോകസഭയിലെ കഴിഞ്ഞത്തവണത്തെ മൂന്നാമത്തെ വലിയകക്ഷിയായ സി പി എം അത്രയോ അതില്‍ കൂടുതലോ സീറ്റു നേടി വന്ന് സ്വന്തം നേതൃത്വത്തില്‍ തന്നെയായിരിക്കുമോ ഇത്തവണയും ഒരു മൂന്നാം മുന്നണി നിര്‍മ്മിച്ചെടുക്കുക എന്ന കാര്യവും ഉറപ്പില്ല, അതും കുതിരക്കച്ചവടങ്ങളൊന്നും കൂടാതെ. എങ്കിലും മൂന്നാം മുന്നണി രൂപീകരണത്തില്‍ ഇടതുകക്ഷികള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്ര മറ്റാര്‍ക്കും നിലവില്‍ സാധ്യമല്ല. മതേതരത്വം മുഖ്യ അജണ്ടയാക്കുകയാണെങ്കില്‍ സി പി എം, ഡി എം കെയെ കൂടെ നിര്‍ത്തണം. ജയലളിതയുടെ പാര്‍ട്ടി, അയ്യങ്കാര്‍ കക്ഷിയാണെന്ന സംസാരം ഇടവഴികളിലുണ്ട്. പക്ഷേ മുഖത്തോടു മുഖം നോക്കാത്ത മുന്നേറ്റ കഴകങ്ങള്‍ ഒന്നിച്ച് ഒരു മേശയ്ക്കു ചുറ്റും ഒന്നിച്ച് ഇരിക്കില്ല. മുലായത്തിന്റെ സമാജ് വാദി ഇപ്പോള്‍ തന്നെ വിവാദച്ചുഴിയിലാണ്, പ്രകടനപത്രികയുടെ കാര്യത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക എന്നതാണ് മുലായത്തിന്റെ ഒരു വാദം. തെരെഞ്ഞെടുപ്പ് അനുബന്ധ അഴിമതിയുടെ കാര്യത്തില്‍ അത്ര പേരുകേള്‍പ്പിച്ചിട്ടില്ലാത്ത സി പി എം, സി പി ഐ പാര്‍ട്ടികളുടെ മുഖ്യബലം പാര്‍ട്ടി ഭരിക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരാണ്. മധ്യവര്‍ഗികളായ ഭദ്രാലോക്. അവരെ തൊട്ടുള്ള കളി അപകടമാണെന്ന് മറ്റാരെക്കാളും കൂടുതലായി ഇടതുകക്ഷികള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഭരണത്തിലെത്തിയാല്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് വാഗ്ദാനങ്ങളെ അപ്പാടെ വിഴുങ്ങാന്‍ പറ്റുമോ? ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവയെ ഇല്ലാതാക്കാല്‍ വഴിയേ.... മുലായംസിംഗ്, മായാവതിയെ സംബന്ധിച്ചിടത്തോളം ജയലളിതയ്ക്ക് കരുണാനിധി എന്ന പോലെയാണ്. ആ നിലയ്ക്കും ഒരു കടമ്പയുണ്ട്. ലാലുപ്രസാദ്, മന്‍മോഹന്‍ സിംഗിനെ വിമര്‍ശിച്ചു തുടങ്ങിയത് മൂന്നാംമുന്നണിയുടെ ക്യാമ്പില്‍ റാന്തല്‍ വെളിച്ചങ്ങള്‍ നിറക്കുന്നുണ്ടെന്നുവച്ച് ലാലുവിലേയ്ക്കുള്ള വഴി തെളിഞ്ഞു എന്ന് അര്‍ത്ഥമില്ല. അതു കണ്ടു തന്നെ അറിയണം.

കൂട്ടം ചേരുകയും പിന്‍‌വലിയുകയും ചെയ്യുക എന്നത് രാഷ്ട്രീയത്തെ വല്ലാതെ കസേരകളിയാക്കുന്നുണ്ട്. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കുതിരക്കച്ചവടത്തിനു കഴിഞ്ഞവര്‍ഷം നമ്മുടെ ലോകസഭസാക്ഷ്യം വഹിച്ചത് ഒരു പിന്മാറ്റത്തെ തുടര്‍ന്നാണ്. സ്ഥാനം നിലനിര്‍ത്താന്‍ ഭരണപക്ഷം ചെലവഴിച്ച തുക ആത്യന്തികമായി കെട്ടി ഏല്‍പ്പിക്കപ്പെടുന്നത് തിരുവായ്ക്ക് മറുവാ ഇല്ലാത്ത ദരിദ്രനാരായണ-നാരായണിമാരുടെ ശിരസ്സിങ്കലാണെന്ന് അറിയാന്‍ വയ്യാത്തവരാര്? ( പാര്‍ട്ടിയുടെ മൂലധനനിക്ഷേപങ്ങളൊന്നുമായിരിക്കില്ലല്ലോ പാര്‍ലമെന്റില്‍ നോട്ടുകെട്ടുകളായി ഒഴുകിയത്..അതുകഴിഞ്ഞ് ഒരാഴ്ചപോലുമെടുത്തില്ല പ്രോവിഡന്റ് ഫണ്ടുകള്‍, കോര്‍പ്പറേറ്റു ഗ്രൂപ്പിനു കൈമാറാന്‍. ആലോചിക്കുക, കോര്‍പ്പറേറ്റുരാജിനെതിരെയുള്ള പ്രതിഷേധം എങ്ങനെ രാജ്യത്തു കോര്‍പ്പറേറ്റു വാഴ്ചയ്ക്കു പരവതാനി വിരിക്കുന്നു എന്ന്.) ഇന്തോ- അമേരിക്കന്‍ ആണവക്കരാറിനെ എതിര്‍ത്ത് ഇടതുകക്ഷികള്‍ പിന്മാറിയപ്പോള്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭ താഴെപ്പോയെന്നു വിചാരിക്കുക. 1300 -ല്‍പ്പരം കോടിയുടെ മറ്റൊരു തെരെഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തേയാവും അല്ലാതെന്ത്? അപ്പോഴും നഷ്ടം ..........പാര്‍ട്ടികള്‍ പ്രധാനമാവുന്നു, രാജ്യം പ്രധാനമല്ലാതായിത്തീരുകയും ചെയ്യുന്ന പരിണതിയിലേയ്ക്കാണ് നമ്മള്‍ അതിവേഗം ബഹുദൂരം പൊയ്ക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി വളര്‍ത്തുന്നതിനെക്കുറിച്ചല്ലാതെ രാജ്യത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. മരം വെട്ടിമുറിക്കുന്നതിനെ എതിര്‍ക്കുന്നതു നല്ലത്. പക്ഷേ കൂടെ ഒരു ചെടി വച്ചു പിടിപ്പിക്കാന്‍ ആര്‍ക്കും തോന്നാത്തതെന്ത്? പ്രാദേശികവും പ്രാന്തീയവുമായ കക്ഷികളുടെ മുന്നണി ഒരു യാഥാര്‍ഥ്യം തന്നെയായാലും (ജനാധിപത്യരീതിയില്‍ അതൊരു വലിയ കാര്യം തന്നെയാണ് സംശയമില്ല) പല ദിശകളിലേക്ക് പോകുന്ന കുതിരകളെക്കെട്ടിയ വണ്ടിയില്‍ യാത്ര ചെയ്യുന്ന ഫലമാണ് ഫലത്തില്‍ ഉണ്ടാവുക എന്നല്ലേ മൊത്തത്തില്‍ നമുക്കു തെളിഞ്ഞുകിട്ടുന്ന ചിത്രം. നിന്നടത്തു നിന്ന് അനങ്ങാത്ത അവസ്ഥ. എന്നുവച്ചാല്‍ ഇണ്ടനമ്മാവന്‍ ഇടതുകാലിലെ ചെളി വലതുകാലില്‍ തേയ്ച്ചും വലതുകാലിലെ ചെളി ഇടതുകാലില്‍ തേയ്ച്ചും അനന്തമായി ഇനിയും സന്നിഹിതനാവും എന്നാണ് അര്‍ത്ഥം. ‘പൊയ്ക്കാലുകളില്‍’ എന്നൊരു പാഠഭേദം കൂടി വരും നാളുകളില്‍ വേണ്ടിവരും അത്രേയുള്ളൂ..

അപ്പോള്‍ സ്വപ്നം എന്നാല്‍ എന്താണ് ? അതിന്റെ നിറം എന്താണ്..?

അനു :
ഇംഗ്ലണ്ടിലെ ലിസെസ്റ്റെര്‍ യൂണിവേഴ്സിറ്റിയിലെ അനലിറ്റിക്കല്‍ സോഷ്യല്‍ സൈക്കോളജിസ്റ്റ് അഡ്രിയാന്‍ വൈറ്റ് നടത്തിയ പഠനത്തില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള ആളുകള്‍ പാര്‍ക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 125-മത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക്. പ്രതീക്ഷിക്കാന്‍ എന്തെങ്കിലും ബാക്കിയുള്ള അവസ്ഥയെയാണല്ലോ സന്തോഷം എന്നു വിളിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ സ്ഥാനം ഇനിയും താപ്പോട്ട് പോകാതിരുന്നാല്‍ അതിനെ സ്വപ്നം എന്നു വിളിക്കാന്‍ നമ്മള്‍ മടിക്കരുത്.

April 20, 2009

കരിന്തിരികളുടെ വെട്ടത്തില്‍




അരയല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ പ്രതിഷ്ഠാമഹോത്സവത്തിന്റെ ഊരുചുറ്റ് ചടങ്ങ് വീടിനു മുന്നില്‍ വന്നപ്പോള്‍ കാണാന്‍ പോയിരുന്നു. പ്രധാനക്ഷേത്രങ്ങളില്‍ ഇതേ സംഗതിയെ ‘പറയെടുപ്പ്’ എന്നാണു പറയുക. രാജാധികാരങ്ങള്‍ കരമൊഴിവായി വിട്ടുകൊടുത്ത ഭൂമികള്‍ അന്യാധീനമായിക്കഴിഞ്ഞപ്പോഴേയ്ക്കും ക്ഷേത്രങ്ങള്‍ സ്വയം നിലനില്‍പ്പിനായി കണ്ട ആചാരമായിരിക്കണം പറയെടുപ്പ്. തിടമ്പിനെ ആനപ്പുറത്ത് ഇരുത്തി ഊരുചുറ്റി ചുറ്റിച്ച്, ഭക്തര്‍ പറയില്‍ വയ്ക്കുന്ന നെല്ലും സ്വീകരിച്ച് ദൈവം തിരിച്ചെത്തുന്ന ചടങ്ങാണ്. പക്ഷേ അരയല്ലൂരില്‍ കണ്ടത് ആനയില്ല. പകരം അലങ്കരിച്ച ഒരു ടെമ്പോ വാനാണ്. അതിന്റെ നെറുകയില്‍ ഒരു ഭദ്രകാളിയുടെ ചില്ലിട്ട ഫോട്ടോ. വണ്ടി കടന്നു പോകുന്ന കടന്നുപോകുന്ന വഴികളില്‍ നിലവിളക്കും കൊളുത്തിയും തട്ടത്തില്‍ വിവിധതരത്തിലുള്ള പഴങ്ങള്‍ വച്ചും കൈ കൂപ്പി അതതു വീടുകളിലെ കുടുംബാംഗങ്ങള്‍ ഭക്തിപുരസ്സരം തൊഴുതു നില്‍പ്പുണ്ട്. ഇപ്പോള്‍ പറയില്ല. ചടങ്ങുകളൊക്കെ പഴയതാണ്. ഉത്സവകമ്മറ്റിക്കാര്‍ തട്ടത്തിന് പണം വാങ്ങി രസീതു നല്‍കി പോയാല്‍ പൂജാരി വരും, കര്‍പ്പൂരം കത്തിച്ച് ആരതി ഉഴിയും. തട്ടത്തിലിരിക്കുന്ന തേങ്ങ ഉടച്ച് അതില്‍ തിരിയിട്ട് കത്തിച്ച് ദക്ഷിണവാങ്ങി മടിയില്‍ തിരുകും. ക്ഷേത്രവിഹിതം പണമായി തന്നെ ലഭിക്കുമെന്നിരിക്കേ എന്തു പറ, എന്തു നെല്ല് ? മുന്‍പൊക്കെ പറയെടുപ്പിന് ഒരു വെളിച്ചപ്പാട് നാന്ദകം വാളും പിടിച്ച് മുന്നില്‍ നടക്കുമായിരുന്നു. ഇപ്പോള്‍ അയാളുടെ വംശം കുറ്റിയറ്റു. വെളിച്ചപ്പാടിന് അന്നും വേറേ റോളൊന്നുമില്ല. ആനയ്ക്കു മുന്‍പായി ഗമയില്‍ നടക്കുക. ആരതിയെല്ലാം ആനപ്പുറത്തിരിക്കുന്ന ദേവനോ ദേവിയ്ക്കോ ആണ്. എല്ലാം പ്രതീകാത്മകം! അരയല്ലൂരില്‍ കണ്ടത് വേറൊരു വിചിത്രമായ കാഴ്ചയാണ്. ഒന്നരരൂപയ്ക്കുള്ള താലപ്പൊലി കിരീടം വച്ച രണ്ടു ചെറിയ കുട്ടികളാണ് ഇവിടെ ദൈവതം. വേഷം ഏതാണ് കൃഷ്ണന്റേത്. ഓടക്കുഴല്‍ ഇല്ലെന്നേയുള്ളൂ. പൂജാരി കര്‍പ്പൂരം കത്തിച്ച് അവരെയാണുഴിയുന്നത്. എന്നിട്ട് കുറച്ചുപൂക്കളെടുത്ത് വിളക്കില്‍ കാണിച്ച് അവരുടെ തലയിലോട്ടിടും. നടന്നു തളര്‍ന്ന കുട്ടികള്‍ അല്പം മുന്നോട്ട് വരാന്‍ താമസിച്ചപ്പോള്‍ പൂജാരിയായി അഭിനയിക്കുന്ന മനുഷ്യന്‍ തന്നെ കുട്ടികളില്‍ ഒരാളുടെ തലയ്ക്കിട്ടു കൊടുത്തു, ഒരു കിഴുക്ക്. എന്നിട്ടുടനെ ആരതി, പൂജ !

ഇതെന്തുമാതിരി ആധ്യാത്മികതയാണെന്ന് ഞാന്‍ ഊരുചുറ്റല്‍ സംഘത്തിന്റെ കൂടെയുണ്ടായിരുന്ന അല്പം തല നരച്ച മനുഷ്യനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് കുട്ടികള്‍ ദൈവത്തിന്റെ പ്രതിനിധികളാണെന്നാണ്. കുത്തിയോട്ടകുട്ടികളില്‍ നിന്ന് നറുക്കിട്ട് എടുത്തതാണിവരെ. വിഗ്രഹത്തെ പൂജിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ജീവനുള്ള പ്രതീകങ്ങളെ പൂവിടുന്നത് ? അരയല്ലൂരിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. എന്നു വച്ചാല്‍ ഉഗ്രമൂര്‍ത്തിയായ ദേവി. ചെറിയ അലംഭാവത്തിനു പോലും മരണദണ്ഡനയാണ് പ്രാദേശികകഥകളില്‍ അമ്മയുടെ നീതി. അവരുടെ പ്രതിനിധിയായി ഈ പിഞ്ചുകുഞ്ഞുങ്ങള്‍ എങ്ങനെ വന്നതാണ്? ബലിയ്ക്കായി തെരെഞ്ഞെടുക്കപ്പെടുന്ന ബാലനെ/ബാലികയെ ഇങ്ങനെ സമൂഹം പൂജിച്ചിരുന്നതായി കഥയുണ്ട്. കുരുതിയ്ക്കു മുന്‍പ് ‘ഇര’ നാട്ടുകാരുടെ ബഹുമാനങ്ങള്‍ ഏറ്റുവാങ്ങുമായിരുന്നു. കാരണം ‘അത്’ അവരുടെ പ്രതിനിധിയാണ്. അതിന്റെ മിച്ചമാണോ ഈ ആരാധന എന്നു പോലും തിരിച്ചറിയാനാവാത്ത വിധം അജ്ഞരാണ് കാര്‍മ്മികരും ഭക്തജനങ്ങളും എന്നിടത്താണ് മേല്‍പ്പറഞ്ഞ ചടങ്ങിലെ അപകടം ഇരിക്കുന്നത്. യുക്തിബോധവും വിദ്യാഭ്യാസവുമൊക്കെ കൂടിയിട്ടും മലയാളിയുടെ ദൈവസങ്കല്പം നാള്‍ക്കുനാള്‍ തരം താണുകൊണ്ടിരിക്കുന്നതെങ്ങനെയാണോ എന്തോ? മുന്‍പ് നാം ഉറഞ്ഞുതുള്ളി നെറുകന്തല വെട്ടിപ്പൊളിക്കുന്ന വെളിച്ചപ്പാടന്‍മാരുടെ മുന്നില്‍ തൊഴുതു വിറച്ചു നിന്നതിന് കാരണമുണ്ട്. അയാളുടെ ചെയ്തികള്‍ അതീതലോകത്തെക്കുറിച്ചുള്ള സ്മരണകളെയാണ് ഉണര്‍ത്തി വിട്ടുകൊണ്ടിരുന്നത്. തെയ്യത്തിലും പറണേറ്റിലും മാടന്‍ തുള്ളലിലുമൊക്കെ ഇപ്പോഴും അതുണ്ട്. ദൈവം മനസ്സിന്റെ അഗാധതയിലുള്ള അതിശക്തമായ ഒരാവശ്യമാണ്. അതിനോടുള്ള ആശ്രയത്വം എത്ര ദുര്‍ബലമായ സാക്ഷ്യത്തെയും മുഖവിലയ്ക്കെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഇല്ലെങ്കില്‍ നിസ്സഹായമാവുന്നത് സ്വന്തം നിലനില്‍പ്പു തന്നെയാണെന്ന് മനുഷ്യനറിയാം. ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളെല്ലാം സൂചനകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നുണ്ട്. വര്‍ണ്ണനകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമായ അജ്ഞാതലോകത്തിലേക്ക് പ്രവേശിക്കാനുള്ള കവാടങ്ങളാണ് മന്ത്രങ്ങളും മുദ്രകളും വിഗ്രഹങ്ങളും ചടങ്ങുകളും. ആ നിലയ്ക്ക് അവയെ സമഗ്രമായി സമീപിച്ചാല്‍ അതിലൊരു യുക്തിയുടെ സൌന്ദര്യമുണ്ടെന്നു കാണാം. മറ്റൊരു ലോകത്തിന്റെ നിഴലാണ് നമ്മുടെ ജീവിതത്തിലെ ഓരോ ഇലയനക്കത്തിലും വീണുകിടക്കുന്നതെന്നു വരുന്നത് എത്ര കാല്‍പ്പനികമായ ആലോചനയാണ്! അവിടെ നിന്നാണ് മൂക്കില്‍ കൈയിട്ടു നില്‍ക്കുന്ന, നടന്നു തളര്‍ന്ന രണ്ടു കുട്ടികളെ മുന്നിലേയ്ക്ക് നീക്കി നിര്‍ത്തി ആരതിയുഴിയുന്ന ഒരു കാഴ്ചയെ താരതമ്യം ചെയ്യേണ്ടത്.

ആള്‍ദൈവങ്ങളില്‍ നാം എന്തുകൊണ്ടെത്തുന്നു എന്നതിനുള്ള ന്യായീകരണങ്ങള്‍ ഇവിടങ്ങളിലുണ്ട്. ഹിന്ദുമതത്തിന്റെ പ്രത്യേകതയായി പറഞ്ഞിരുന്ന ഒരു കാര്യം അതിന്റെ പ്രാകൃതഘട്ടത്തില്‍ നിന്ന് പ്രവാചകഘട്ടത്തിലേയ്ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതു സംക്രമിച്ചിട്ടില്ലെന്ന വസ്തുതയാണ്. പ്രാകൃതമതത്തിന്റെ പ്രത്യേകത, അതു ജീവിതവുമായി ഇഴുകിച്ചേര്‍ന്നിരിക്കും എന്നുള്ളതാണ്. അതാണ് അതിന്റെ സങ്കീര്‍ണ്ണതയും വ്യാപ്തിയും. ഉറച്ചവ്യക്തിത്വവും നിയമവ്യവസ്ഥയും അതിനുണ്ടാവില്ല. കാവുകളും കുളങ്ങളും പക്ഷിമൃഗാദികളും ചേര്‍ന്ന ഒരു ബൃഹത്തായ ആവാസവ്യവസ്ഥയെ മതം സ്വാംശീകരിച്ചിരുന്നതിന്റെ കാരണം അതാണ്. ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ വലിയ ഒരു അരയാലിനെ വെട്ടിമുറിക്കാന്‍ തീരുമാനിച്ച ക്ഷേത്രകമ്മറ്റിക്കാരെ പറഞ്ഞു മനസ്സിലാക്കാന്‍ പോയി നാണം കെട്ടു മടങ്ങിയതിനെപ്പറ്റി സുഗതകുമാരി എഴുതിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ദേവപ്രശ്നം വയ്പ്പിച്ചപ്പോള്‍ അതു മുറിക്കാമെന്നു കണ്ടു എന്നാണ് ന്യായം. അത്രേയുള്ളൂ. ശബരിമലയിലെ ജയമാലാ പ്രശ്നത്തോടെ ദേവപ്രശ്നംവയ്പ്പുകളിലെ ദേശാന്തരതരികിടകള്‍ നാം കണ്ടതാണ്. എന്നിട്ടും ക്ഷേത്രങ്ങളിലെ പണക്കൊതി ‘പ്രശ്നക്കാരന്റെ’ പ്രവചനങ്ങളുടെ തണലില്‍ എന്തുമാകാമെന്ന മട്ടില്‍ കൊഴുക്കുന്നു. ഈ പ്രവാചകവഴികളിലുള്ള അമിതമായ ആസക്തിയാണ് ആള്‍ദൈവങ്ങളിലേയ്ക്ക് ഭക്തരെ വഴി നടത്തിക്കുന്നത്. വിദ്യാഭ്യാസം നമ്മുടെ സാമാന്യബോധത്തെ ഒട്ടും പോഷിപ്പിച്ചിട്ടില്ല. ക്ഷേത്ര പുനരുദ്ധാരണം എന്ന പേരില്‍ നാടു നീളെ നടക്കുന്നത് പ്രകൃതിയ്ക്ക് വിരുദ്ധമായ പ്രക്രിയകളാണ്. നടപ്പു വഴി, സിമന്റിടുക എന്നതാണ് ഒരു ‘പുനരുദ്ധാരണം.’ മറ്റൊന്ന് മരങ്ങള്‍ മുറിച്ചും കോണ്‍ക്രീറ്റ് നടപ്പന്തലുകള്‍ തീര്‍ക്കുക എന്നുള്ളതാണ്. ശ്രീകോവിലിനേക്കാള്‍ ഉയരം പാടില്ല നടപ്പന്തലുകള്‍ക്ക് എന്ന് പഴമക്കാര്‍ പറയും. പടര്‍ന്നു പന്തലിച്ചു നിന്ന ഒരു അരയാലിന്റെ ശിഖരങ്ങള്‍ ചീകി ഒരു ചെറിയ വട്ടത്തിനകത്താക്കി വികൃതമായ കോണ്‍ക്രീറ്റ് പന്തല്‍ പണിതു വച്ചിരിക്കുന്നത് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ കാണാം. ഏതു നടപ്പന്തലിനാണ്, ഒരു മരത്തിനേക്കാളേറെ തണലും ആധ്യാത്മികാനുഭൂതിയും നല്‍കാനാവുന്നത്? ഏതു സിമന്റു തറയ്ക്കാണ് മണ്ണിലെ പാദസ്പര്‍ശത്തിനു കഴിയുന്നതിനേക്കാള്‍ മനുഷ്യന്റെ മനസ്സിലെ ഈര്‍പ്പത്തെ ഉണര്‍ത്താന്‍ കഴിയുന്നത്? മന്ത്രം എന്ന വാക്കിന്റെ അര്‍ത്ഥത്തെ തന്നെ റദ്ദാക്കിക്കൊണ്ടല്ലേ കോളാമ്പിഭാഷിണികള്‍ ക്ഷേത്രങ്ങളില്‍ ഭക്തിയുടെ പേരില്‍ എന്നും ഇടതടവില്ലാതെ അലറുന്നത്. കുറച്ചുദിവസം മുന്‍പ് ഒരു വഴിക്കു പോകേ, നൂറില്‍ താഴെമാത്രം സ്ത്രീകളുടെ കൂട്ടം റോഡു തടഞ്ഞിരുന്ന് വിശ്രമിക്കുന്നതുകണ്ടു. തൊട്ടടുത്ത ക്ഷേത്രത്തിലേയ്ക്കുള്ള താലപ്പൊലി സംഘമാണ്. ഒരു സൈക്കിളിന് പോലും പോകാനാവാത്ത വിധത്തില്‍ പൊതു നിരത്തില്‍ നിറഞ്ഞിരിക്കുകയാണ് കുഞ്ഞുകുട്ടിപരാതീനങ്ങള്‍. വണ്ടിയ്ക്ക് പോകാന്‍ പാകത്തില്‍ ഒന്നൊഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘എന്തത്യാവശ്യം’ എന്നും പറഞ്ഞ് ആക്രോശിച്ചത് കൂട്ടത്തില്‍ പ്രായം കൂടിയ സ്ത്രീകളാണ്. ദേവിയുടെ കാര്യം കഴിഞ്ഞിട്ടേയുള്ളൂ, ഗതാഗതമത്രേ. വഴി തടഞ്ഞ് കുത്തിയിരുന്ന് നിവൃത്തിക്കാന്‍ മാത്രം പ്രാധാന്യമുള്ള ദേവീകാര്യം എന്താണ്?

സംശയമിതാണ്, മതം അപ്പോള്‍ സ്വകാര്യതയോ സാമൂഹികതയോ അധികാരപ്രയോഗമോ?

അനു:
‘നമുക്കിനി ക്ഷേത്രങ്ങള്‍ക്ക് തീകൊടുക്കാം’ എന്നു പറഞ്ഞത് വി ടി ഭട്ടതിരിപ്പാടാണ്. ബുദ്ധജയന്തിദിവസം മുതല്‍ നമുക്ക് വിനായക വിഗ്രഹങ്ങള്‍ ഉടച്ചുതുടങ്ങാം എന്നു ആഹ്വാനം ചെയ്തത് പെരിയാര്‍ ഇ വി രാമസ്വാമിയും. വെറുതെ പറയുകയല്ല വഴിക്കുള്ള വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചും കൊണ്ടാണ് വൈക്കം സത്യാഗ്രഹത്തിനു പങ്കെടുക്കാന്‍ കൂട്ടാളികളുമായി അദ്ദേഹം വന്നത്. അതൊക്കെ അന്ന്. കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമിയുടെ റോഡരികിലുണ്ടായിരുന്ന മണ്‍പ്രതിമ പോലീസുകാരെടുത്തു കളഞ്ഞെന്നും പറഞ്ഞ് നാട്ടുകാരുണ്ടാക്കിയ പുകില്‍ ടി വിയില്‍ കണ്ടിരുന്നു കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ്. ഇപ്പോഴാ പ്രതിമ പുനഃസ്ഥാപിച്ചിട്ടുണ്ട്, പൂജയുമുണ്ട്.

സംശയമിതാണ്, അപ്പോള്‍ നമ്മുടെ ദൈവം വന്നു വന്ന് പ്രതിമയോ വിഗ്രഹമോ ആളുകളോ അതീതശക്തിയോ ...

April 14, 2009

മുറിച്ചെഴുതിയ കവിതകള്‍ (തമിഴ്)

മുറിച്ചെഴുതിയാല്‍ കവിതയാകുമോ ഇല്ലയോ?
അടിസ്ഥാനചിന്തകളുടെ നട്ടുച്ചയ്ക്ക്...





തീരുമാനം

വെള്ളകീറുന്നതുവരെ കാത്തിരിക്കരുത്
വെറും നഖം കൊണ്ടായാലും
ഇരുട്ടിനെ
ചുരണ്ടിക്കൊണ്ടേയിരിക്കുക
അതു പുറത്തു കൊണ്ടുവരാതിരിക്കില്ല,
സൂര്യനെ.

-ദരിശനപ്രിയന്‍
1961-ല്‍ ജനിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകനാണ്. 3 കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

.........

പഴം തിന്ന പക്ഷി
ഒരു വൃക്ഷത്തെയും
ഉള്ളില്‍ വഹിച്ചു പറക്കുന്നു

-കുഗായ് എം പുകഴേന്തി
1972-ല്‍ ജനനം. 3 കവിതാപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.


................

മുറുകെ പിടിക്കാന്‍
ഒരു സ്വര്‍ഗം
ആവശ്യമില്ല.
എനിക്കു പരിചയമുള്ളത്,
ഭൂമിയെ മാത്രമാണ്

-കനിമൊഴി
1968-ല്‍ ജനനം. 2 കവിതാസമാഹാരം. ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ‘കറുക്കുന്ന മൈലാഞ്ചി’ ‘കനിമൊഴി കവിതകള്‍’ എന്നിവ മലയാളത്തില്‍ ഇറങ്ങിയ പുസ്തകങ്ങള്‍.

April 9, 2009

തെരെഞ്ഞെടുപ്പുകള്‍ സാരിയുടുക്കേണ്ടതുണ്ടോ ?



കേരളത്തിലെ വോട്ടര്‍മാരുടെ പട്ടികയില്‍ സ്ത്രീകളുടെ അംഗസംഖ്യ പുരുഷന്മാരുടെ തലയെണ്ണത്തേക്കാള്‍ എട്ടുലക്ഷത്തിലധികമുണ്ട്. കൃത്യമായി പറഞ്ഞാല്‍ ആകെ ആണ്‍ വോട്ടര്‍മാര്‍ 10351647. സ്ത്രീകള്‍ 11207796. എങ്കിലും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അവരുടെ പ്രാതിനിധ്യം തുലോം തുച്ഛമാണ് ഇരുപതു മണ്ഡലങ്ങളിലും കൂടി വെറും 15 പേര്‍. കോണ്‍ഗ്രസ്സിന് കാസര്‍കോട് ഷാഹിദാകമാല്‍ മാത്രമാണുള്ളത്. സി പി എമിന് വടകരയിലും എറണാകുളത്തുമായി സതീദേവിയും സിന്ധുജോയിയും. ബി ജെപിയ്ക്ക് ആലത്തൂരും തൃശ്ശൂരുമായി എം ബിന്ദുവും രമ രഘുനന്ദനനും. ദേശീയപാര്‍ട്ടികളുടെ കാര്യം ഇങ്ങനെ.

പ്രകടനപത്രികകളില്‍ വനിതാസംവരണത്തെയും പ്രാതിനിധ്യത്തെയും പറ്റി ഘോരഘോരം പ്രസ്താവനകളിറക്കുക, കാര്യത്തോടടുക്കുമ്പോള്‍ കമാ എന്നൊരക്ഷരം മിണ്ടാതിരിക്കുക. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം എത്ര കുഴപ്പം പിടിച്ച പണിയാണെന്ന്, തെരെഞ്ഞെടുപ്പുവേളകളില്‍ ഉറക്കമൊഴിച്ചിരുന്നു ആ പണി ചെയ്തുക്കൊണ്ടിരിക്കുന്ന പുരുഷകേസരികള്‍ക്കല്ലേ അറിയാവൂ! ദേശീയ-പ്രാന്തീയ കക്ഷികളുടെ ചിറ്റമ്മ നയം, ചിട്ടപ്പടി ചില മുറുമുറുപ്പുകള്‍ അവിടവിടയായി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പൊട്ടിത്തെറിയുടെ വക്കില്‍ കാര്യങ്ങള്‍ ഇതുവരെ കൊണ്ടുചെന്നെത്തിച്ചിട്ടില്ല. സഹനശക്തി പൊതുവേ സ്ത്രീകള്‍ക്ക് കൂടുതലാണെന്ന പുരുഷചിന്തയെ കൂട്ടായി ഭാരതസ്ത്രീകള്‍ അടുത്തകാലത്തൊന്നും രാഷ്ട്രീയമായി അട്ടിമറിക്കുമെന്നും തോന്നുന്നില്ല. പിന്നെ ശുഭാപ്തിവിശ്വാസം സ്ത്രീകള്‍ക്ക് കൂടുതലാണത്രേ. ഒക്കെ വച്ചു ഗണിക്കുമ്പോള്‍ പുരുഷന്മാരുടെ അധികാരകേന്ദ്രങ്ങള്‍ വച്ചുനീട്ടുന്ന ചില്ലറ സൌജന്യങ്ങള്‍ ഉള്‍പുളകത്തോടെ അനുഭവിച്ച് സായൂജ്യമടയാനാണ് ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയ്ക്ക് വിധി. വിധി എന്നല്ല, അത്രയൊക്കെയല്ലേ നമ്മുടെ സ്ത്രീഭൂരിപക്ഷസമൂഹം ആഗ്രഹിക്കുന്നുള്ളൂ. ഇന്ത്യയിലും കേരളത്തിലും പുരുഷാധിപത്യപരമായ രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിച്ച സ്ത്രീകളൊക്കെ തന്നെ പരോക്ഷമായി ആണധികാരത്തെ സ്വാംശീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാന്‍ വിഷമമൊന്നുമില്ല. നമ്മുടെ കക്ഷിരാഷ്ട്രീയവും ജനാധിപത്യവും നീങ്ങിക്കൊണ്ടിരിക്കുന്ന ചതുപ്പുകളില്‍ നിന്ന്, വ്യത്യസ്തവും നീതിപൂര്‍വകവുമായ ഒരു രാഷ്ട്രീയകാലാവസ്ഥയിലേയ്ക്ക് സമൂഹത്തെ മൊത്തം നയിക്കാന്‍ അവഗാഢമായ ബോധ്യങ്ങളുള്ള സ്ത്രീയ്ക്കു എളുപ്പം കഴിഞ്ഞേക്കും എന്നു പലപ്പോഴും തോന്നാറുണ്ട്. മേധാപധ്കറും വന്ദനശിവയെയും അരുന്ധതിയും ദീപാ മെഹ്ത്തയും സുനിത നാരായണനും ടീസ്താ സെതല്‍‌വാദും സി കെ ജാനുവും മയിലമ്മയും ഇറോം ഷര്‍മിളയും ഏറ്റെടുത്ത സാമൂഹികപ്രശ്നങ്ങളെ വച്ചുകൊണ്ട് ആലോചിക്കുമ്പോള്‍. സോണിയയുടെയോ മായാവതിയുടെയോ (ഒരു തമാശകൂടി പറയട്ടെ, സ്ത്രീയായ മായാവതി നേതാവായ ബി എസ് പിയുടെ മേല്‍ വിലാസത്തിലാണ് തിരുവനന്തപുരത്ത് നളിനി നെറ്റോ കേസില്‍ പ്രതിയായിരുന്ന നീലലോഹിതദാസന്‍ മത്സരിക്കുന്നത്.) സുഷമാസ്വരാജിന്റെയോ ജയലളിതയുടെയോ ഗൌരിയമ്മയുടെയോ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ് മേല്‍പ്പറഞ്ഞവരുടെ നവസാമൂഹികവിചാരങ്ങള്‍ എന്നുള്ളതുകൊണ്ടാണത്. (അതിനര്‍ത്ഥം മേധ തൊട്ടുള്ളവരെല്ലാം നല്ല രാഷ്ട്രീയനേതാക്കളുമായിരിക്കുമെന്നല്ല. ആയിക്കൂടെന്നുമില്ല.)

ആ സാദ്ധ്യത എന്തുകൊണ്ടോ നമുക്കില്ല. ദേശീയപാര്‍ട്ടികളുടെ മുന്‍ നിര വനിതാ നേതാക്കളെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ നാം കാണുന്നത് റാബ്രി ദേവിയെപ്പോലുള്ള പ്രോക്സികളെയാണ്. നിലവിലുള്ള വനിതാനേതാക്കളെല്ലാം തന്നെ പ്രോക്സികളാണെന്ന് പറഞ്ഞാലും അതില്‍ വലിയ തെറ്റില്ല. അല്ലെങ്കില്‍ ഏതു നേതാവാണ് പ്രോക്സി അല്ലാത്തത്? നിര്‍ഭാഗ്യവശാല്‍ പ്രോക്സികളുടെ എണ്ണം മുന്‍പില്ലാത്ത വിധം കൂടുകയാണ്, രാഷ്ട്രീയത്തില്‍. സി പി എം, എം എല്‍ എ അജിത് സര്‍ക്കറിനെ വധിച്ചതുള്‍പ്പടെ 24 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പപ്പുയാദവിന്റെ ഭാര്യ രഞ്ജിത രഞ്ജന്‍ ലോക് ജനശക്തി വിട്ട് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ സുപോലില്‍ മത്സരിക്കുകയാണ്. ആനന്ദ് മോഹന്റെ ഭാര്യ ലവ്‌ലിയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാണ്. ഷിഹാബുദീന്റെ ഭാര്യ ഹീനസാഹബ് RJD യ്ക്കുവേന്റിയും സൂരജ്‌ഭാന്‍ സിംഗിന്റെ ഭാര്യ വീണാദേവി LJP യ്ക്കുവേണ്ടിയും മത്സരിക്കുന്നു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മേപ്പടി ക്രിമിനലുകളുടെ കരങ്ങള്‍ക്ക് ശക്തി തുടര്‍ന്നും പകരുക എന്നതല്ലാതെ ഈ ധര്‍മ്മപത്നിമാര്‍ക്ക് മറ്റെന്തെങ്കിലും ധര്‍മ്മമുണ്ടാവുമോ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍? ബി എസ് പിയുടെയും ബിജെപിയുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കു പുറമേയാണ് ഈ ബിനാമി ക്രിമിനലുകള്‍!

ഇത്രയൊന്നുമില്ലെങ്കിലും പ്രാദേശികഭരണരംഗത്ത് കൊണ്ടുപിടിച്ചു നടത്തിയ വനിതാസംവരണമുന്നേറ്റവും ഫലത്തില്‍ സ്ത്രീകളെ ഭരണരംഗത്തെ ഉപ്പുപാവകളാക്കിമാറ്റുകയല്ലേ ഉണ്ടായത്? സമ്മര്‍ദ്ദങ്ങളുടെ ഫലമായി ആത്മഹത്യകളും രാജികളും ഉണ്ടായി. പേരിന് ഇരുന്നു കൊടുക്കുക എന്നതിനപ്പുറം, ആരംഭത്തിലെ ചില മാറ്റങ്ങള്‍ക്കപ്പുറം, ഒന്നും സംഭവിച്ചില്ല. വളരെപ്പെട്ടെന്ന് കാര്യങ്ങള്‍ പഴയലാവണത്തിലേയ്ക്കു തന്നെ മടങ്ങി. പലപ്പോഴും മുന്‍പത്തേതിനേക്കാള്‍ ചീത്തയായി. കാരണം പഞ്ചായത്തുതല പ്രവര്‍ത്തനം നടത്തുമ്പോഴും സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കുക എന്ന അവസ്ഥയില്‍ നിന്ന് സ്ത്രീകള്‍ക്ക് മോചനം ലഭിക്കില്ലല്ലോ. അപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്നതും സമയാസമയം പൂഴ്ത്തിവയ്ക്കപ്പെടുന്നതുമായ ‘വനിതാസംവരണം’ ഇന്നത്തെ അര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രീയത്തില്‍ എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമോ? ഈ നിലയ്ക്കാണെങ്കില്‍ ഒരിക്കലുമില്ല.

ഇതിനൊരു കാരണമുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനോ സ്വന്തമായൊരു ജനാധിപത്യപ്രക്രിയയെ പിന്‍പറ്റാനോ നിലവില്‍ നിലവിലുള്ളതിനെ നേരെയാക്കാനുദ്ദേശിച്ചുള്ള പരിഷ്കരണത്തിലോ എണ്ണത്തില്‍ കൂടുതലാണെങ്കിലും സ്ത്രീകള്‍ക്ക് പൊതുവേ താത്പര്യമില്ല എന്നുള്ളതാണത്. സാമൂഹികപ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ട മാനസികവും ശാരീരികവുമായ ആയാസങ്ങളെ നേരിടാന്‍ വീടിന്റെ തണലില്‍ ഒതുങ്ങിക്കൂടാന്‍ മെരുക്കിയെടുക്കപ്പെട്ട മനസ്സുകള്‍ക്ക് അത്ര എളുപ്പമാവില്ല. സൌജന്യങ്ങളിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കാനാണ് എല്ലാവര്‍ക്കും എളുപ്പം. സൌജന്യം വച്ചുനീട്ടുവര്‍ തീര്‍ച്ചയായും ചിലതൊക്കെ തിരിച്ച് ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെ തളര്‍ത്തിയിട്ടതും വിധേയമാക്കിയതുമായ മസ്തിഷ്കവുമായാണ് നാം 33% വനിതാപ്രാതിനിധ്യത്തിനായി മുറവിളികൂട്ടുന്നത് എന്ന വലിയൊരു തരവഴി ഇവിടെക്കിടന്ന് വട്ടം ചുറ്റുന്നുണ്ട്. പാര്‍ട്ടികള്‍ക്കുള്ളില്‍ സ്ത്രീകളുടെ വന്‍ കലാപം പരസ്യമായി തന്നെ നടക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സി എസ് ചന്ദ്രിക എഴുതിയ ‘സ്ത്രീകള്‍ തോല്‍ക്കുന്ന ജനാധിപത്യം’ എന്ന ലേഖനം നോക്കുക. മൊത്തത്തില്‍ അത് അധികാരത്തിനു വേണ്ടിയുള്ള മുറവിളിയില്‍ തുടങ്ങി അവിടെ തന്നെ അവസാനിച്ചു പോകുന്ന ഒന്നാണ്. അതിനപ്പുറം സ്ത്രീകള്‍ പ്രത്യേകിച്ചു ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ആ ലേഖനത്തിനൊന്നും പറയാനില്ല. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. കഴിഞ്ഞതവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും തെരെഞ്ഞെടുപ്പു ചുമതലകളില്‍ നിന്ന് സ്ത്രീവിഭാഗത്തെ മുഴുവന്‍ സൌജന്യപൂര്‍വം ഒഴിവാക്കിയത് (കൂട്ടത്തിലോര്‍ക്കുക നളിനി നെറ്റോയാണ് ഇവിടത്തെ വരണാധികാരി) ഏറെ ആശ്വാസത്തോടെയാണ് സ്ത്രീസമൂഹം പൊതുവെയും പുരുഷന്മാര്‍ പ്രത്യേകിച്ചും ഏറ്റു വാങ്ങിയത്. ജനാധിപത്യപ്രക്രിയയെന്നാല്‍ തെരെഞ്ഞെടുപ്പിനു നില്‍ക്കല്‍ മാത്രമല്ല. അതിന്റെ നീതിപൂര്‍വകമായ നടത്തിപ്പില്‍ സഹകരിക്കുകകൂടിയാണ്. എന്നുവച്ചാല്‍ അതു നമ്മുടെ കര്‍ത്തവ്യങ്ങളില്‍ ഒന്നാണെന്ന്. പ്രയാസങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ആശ്വാസമായി കണക്കാക്കുകയും എന്നാല്‍ പാര്‍ട്ടികള്‍ 33% സംവരണം അനുവദിക്കാത്തതില്‍ പരിഭവിക്കുകയും ചെയ്യുന്നതില്‍ ഇരട്ടത്താപ്പുണ്ട്. അതോടൊപ്പം തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ പാര്‍ട്ടികളുടെ കൂടെ ആദ്യാവസാനക്കാരായി എത്ര സ്ത്രീകളുണ്ടാവും? ഏറിവന്നാല്‍ പ്രസംഗങ്ങളില്‍ അവസാനിക്കുന്നു സ്ത്രീ സഹകരണം. അതിനപ്പുറം രാവും പകലുമില്ലാതെ എന്തിനുവേണ്ടിയെന്നുപോലുമറിയാതെ ഓടുന്ന ആണ്‍ബഹുഭൂരിപക്ഷങ്ങളാണ് തെരുവില്‍ നിന്നും പ്രവര്‍ത്തനത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയ അനുഭവപാഠങ്ങളും ബലതന്ത്രങ്ങളുമായി പിന്നീട് തീരുമാനങ്ങളുടെ തേരാളികളാവുന്നത്. സ്ത്രീ അവിടെ അന്യയാണ്. അതാണ് കാര്യത്തോടടുക്കുമ്പോള്‍ കക്ഷിഭേദമന്യേ ലിംഗസംവരണങ്ങളെ പരണത്തു വയ്ക്കുന്നത്. അനുഭവപാഠങ്ങളില്ലാതെ, പ്രവര്‍ത്തനപരിചയമോ ആലോചനകളോ ഇല്ലാതെ പ്രാതിനിധ്യബില്ലിന്റെ ബലത്തില്‍, അധികാരത്തിന്റെ സൌജന്യങ്ങള്‍ മാത്രമണിഞ്ഞ് ചന്തം വയ്ക്കുക എന്ന ചിന്ത ഫലത്തില്‍ ഒരു പിന്തിരിപ്പന്‍ ആശയമാണ്.

മാനിക്വിനുകള്‍ സാരി ധരിച്ചാലും മുണ്ടുടുത്താലും വ്യത്യാസമെന്ത്?

April 1, 2009

മരിക്കയാണോ മലയാളമേ നീ...?*



“...ഡയല്‍ ചെയ്ത്
റിങ്ങിന് കാതോര്‍ക്കുമ്പോള്‍
മറുപടി കിട്ടി.
ഈ ഭാഷ
ഇപ്പോള്‍ നിലവിലില്ല.”

-കാവ്യശാസ്ത്രം. പി എന്‍ ഗോപീകൃഷ്ണന്‍.

റസൂല്‍ പൂക്കുട്ടിയുമായുള്ള ഒരു അഭിമുഖം പുതിയ ലക്കം മാതൃഭൂമിയിലുമുണ്ട്. (ഏപ്രില്‍ 5-11,2009). ഐ. ഷണ്മുഖദാസാണ് ചോദ്യകര്‍ത്താവ്‍. സഞ്ചാരിയുടെ വീട്, മലമുകളില്‍ മഞ്ഞുപെയ്യുന്നു, ഗോദാര്‍ദ്ദ്- കോളയ്ക്കും മാക്സിനും നടുവില്‍, ആരാണ് ബുദ്ധനല്ലാത്തത് തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും 2000-ല്‍ ദേശീയ പുരസ്കാരം ലഭിച്ച സിനിമാ നിരൂപകനും തൃശ്ശൂരിലെ അച്യുതമേനോന്‍ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനുമാണ് ഷണ്മുഖദാസ്. സിനിമയില്‍ ശബ്ദത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ശരാശരിമലയാളി ബോധവാനായി വരുന്നതേയുള്ളൂ. നമ്മള്‍ തീരെ വാചകമടിക്കാത്ത മേഖലയിലെ സര്‍ഗാത്മകപ്രവര്‍ത്തനത്തിന്, നമ്മുടെ ഇടയില്‍ നിന്നൊരാള്‍ ആഗോളപ്രശസ്തിയുമായി മുന്നില്‍ നില്‍ക്കുമ്പോഴുള്ള അന്ധാളിപ്പ് റസൂലിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും നമുക്കുണ്ട്. ‘വിളക്കുപാറയിലെ റസൂല്‍’ എന്നെല്ലാം തരളമായി തുടങ്ങുന്ന അഭിമുഖത്തിലെ മലയാളഗ്രാമത്തെക്കൂടി കൂട്ടിയിണക്കി സിനിമയിലെ സംഗീതത്തെക്കുറിച്ചുള്ള ആദ്യചോദ്യത്തിന്റെ മറുപടി ഇങ്ങനെ :
“ അത് Dangerous ശബ്ദങ്ങളാണ്. കാരണം, film makersനെ limit ചെയ്യുന്ന ഒരു ശബ്ദമാണ് cinemaയിലെ music എന്നു പറയുന്നത്. കാരണം, അത് directly ഒരു emotion content നെ carry ചെയ്യുന്ന ശബ്ദമാണ്. അത് ഒരു പക്ഷേ, പിന്നെ, audience നെ manipulate ചെയ്യാം. ഒരു പക്ഷേ എന്നല്ല, manipulate ചെയ്യും. manipulate ചെയ്യാനായിട്ടാണ് അത് വരുന്നത്. പക്ഷേ ഓസു പോലുള്ള film directors അതെനെ ഉപയോഗിക്കുന്ന രീതി വേറെയാണ്. ശബ്ദത്തെ എങ്ങനെ ഉപയോഗിക്കണമെന്ന നിശ്ചയദാര്‍ഢ്യമുള്ള film makers, സിനിമാക്കാര്‍, directors, sound people musicനെ വളരെ ശ്രദ്ധയോടു കൂടിയേ ഉപയോഗിക്കാറുള്ളൂ. കാര്യം, ഒരു പക്ഷേ നമ്മള്‍ mean ചെയ്യാത്ത ഒരു dramatic meaning വരും. dramatic content-ന്റെ purity ആണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ വളരെ സമചിത്തതയോടു കൂടി ഉപയോഗിക്കേണ്ട ഒരു sound content ആണ് music.”

തീര്‍ച്ചയായും റസൂലിന്റെ പ്രവര്‍ത്തനമേഖല മലയാളത്തിലൂടെ ആശയവിനിമയം മാത്രം നടത്താവുന്ന ഒന്നല്ല. സ്വാഭാവികമായും ഇംഗ്ലീഷ് തന്നെയാവും അദ്ദേഹത്തിനു സുഗമമായി തനിക്കു പറയാനുള്ളത് വിശദീകരിക്കാന്‍ കഴിയുന്ന മാധ്യമം. പക്ഷേ അദ്ദേഹം സാധാരണ സംസാരിക്കുന്ന രീതിയില്‍ പറഞ്ഞകാര്യങ്ങളെ അഭിമുഖം നടത്തിയ ഇംഗ്ലീഷ് അദ്ധ്യാപകന്‍ അതേപടി എഴുതിവച്ചത് സത്യസന്ധതയുടെ പേരിലാണെങ്കില്‍ പോലും കടന്നകൈയാണ്. ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയും പ്രാധാന്യത്തെപ്പറ്റിയാണ് റസൂലിനു പറയാനുള്ളത്. അത് വായനക്കാരിലെത്തിക്കുകയാണ് അഭിമുഖകാരന്റെ പ്രാഥമികമായ കര്‍ത്തവ്യം അല്ലാതെ റസൂല്‍ സംസാരിക്കുന്നത് ഈ വിധമാണ് എന്നറിയിക്കുകയല്ലല്ലോ. ഒരഭിമുഖത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മതിയെന്ന് റസൂലിനെപ്പോലെ സൂക്ഷ്മമായ ബോധ്യങ്ങളുള്ള ഒരു വ്യക്തി കരുതുമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിനു പറയാനുള്ളത് ഇംഗ്ലീഷില്‍ കേള്‍ക്കാന്‍ നൂറുകണക്കിന് ദേശീയവും അന്തര്‍ദേശീയവുമായ ആനുകാലികങ്ങള്‍ അദ്ദേഹത്തിനു പിന്നാലെ വേറെയുണ്ട്. അപ്പോള്‍ ഇതൊരു ഉദാസീനതയുടെ സന്തതിയാണ്. ഈ അഭിമുഖം. അഭിമുഖകാരന്‍ മാത്രമല്ല. മലയാളം ഇങ്ങനെ വെങ്കലരീതിയില്‍ മതിയെന്നു വിചാരിച്ചുകൊണ്ട് അതേപടി ഒപ്പിട്ട് അച്ചടിക്കു വിട്ട പ്രമുഖ മലയാളവാരികയുടെ പത്രാധിപസമിതിയ്ക്കുകൂടിയുണ്ട് കുറ്റം!

പൊക്കുടനെയും ജാനുവിനെയും മയിലമ്മയെയും നളിനി ജമീലയെയും കേട്ടെഴുതിയവര്‍ അവരുടെ ഭാഷയുടെ തനിമ അനുഭവിപ്പിക്കാനാണ് കേട്ടത് വള്ളിപുള്ളി വിസര്‍ഗങ്ങളോടെ പകര്‍ത്തിയത്. അതൊരു പുതുമയായിരുന്നു, വിപ്ലവവുമായിരുന്നു. കാരണം എല്ലാവരെയും പോലെ ജീവിച്ചിരുന്നെങ്കില്‍ ഒരു പൊക്കുടനോ ജാനുവോ മയിലമ്മയോ നളിനിയോ ഇല്ല. ആ അസാധാരണമായ ജീവിതവും സംസ്കാരവും തന്നെയാണ് അവരുടെ വാമൊഴിവഴക്കങ്ങളും. ആ ജീവിതങ്ങളെ പോലെ, ഇത്രനാളും നാം അകായില്‍ കടത്തിയിരുത്താത്ത മലയാളമായിരുന്നു അവരുടേത്. റസൂലിനെ നാം കേള്‍ക്കുന്നത് മറ്റൊരര്‍ത്ഥത്തിലാണ്. സാങ്കേതികതയും സര്‍ഗാത്മകതയും മേളിച്ച വഴികളെക്കുറിച്ചറിയാന്‍. അദ്ദേഹം പലപ്പോഴും ചെന്നു തൊടുന്നത് ശ്രാവ്യതയുടെ തത്ത്വശാസ്ത്രത്തിലാണ്. മലയാളിയ്ക്ക് അനുഭവസിദ്ധിയുണ്ട് എന്നാല്‍ സിദ്ധാന്തപരിചയമില്ലാത്ത ഒരു മേഖല. ചെണ്ട പോലെ നാഴികകള്‍ക്കപ്പുറം ചെന്നു മുഴങ്ങുന്ന ഒച്ചയുടെ മഹാസാഗരത്തെ കൊത്തി തായമ്പകയുടെ കരിങ്കല്‍ ശില്പങ്ങള്‍ പണിതവരല്ലേ നമ്മള്‍? ചെമ്പോത്തിന്റെ ‘ഉപ്പുപ്പെന്ന’ വിലാപത്തിനു പിന്നില്‍ കഥകള്‍ മെനഞ്ഞില്ലേ? കുയിലിന്റെ നാദത്തെയും അരുവിയുടെ കളകളത്തെയും പഞ്ചമമാക്കി സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് അവകാശമാക്കിക്കൊടുത്തില്ലേ? പിന്നെ കുറ്റിച്ചുളാന്റെ ‘കുത്തിച്ചുടു’ വിലെ മരണം. വെയില്‍പ്പക്ഷിയുടെ ‘വിത്തും കൈക്കോട്ടി’ലെ വിയര്‍പ്പ്. കുട്ടിക്കാലത്ത് കുഴിയാനകള്‍ ചിന്നം വിളിക്കുന്നതിനു അയലോടൊപ്പം ഞങ്ങള്‍ കാതോര്‍ത്തിട്ടുണ്ട്. നമുക്ക് പ്രായോഗിക പരിചയമുണ്ട്. ഇല്ലാതിരുന്നത് സിദ്ധാന്തമാണ്. ഫ്രെഞ്ചുകാര്‍ ചോദിക്കാരുണ്ടത്രേ, ‘പ്രായോഗികമായി നിങ്ങള്‍ പറഞ്ഞതു ശരിയാണ്, പക്ഷേ അതിന്റെ സിദ്ധാന്തം എവിടെ?’(ശശി തരൂര്‍, ‘ബാഗ്‌ദാദിലെ പുസ്തകതെരുവുകളില്‍’)

സത്യത്തില്‍ ഏതുഭാഷയിലെയും മുത്തശ്ശിആനുകാലികങ്ങളുടെ മുഖ്യമുഖഭാവം ഭാഷാപരമായി അവ കൈയാളുന്ന ശുദ്ധികളാണ്. ടെലിവിഷനില്‍ കൊഞ്ചുന്ന മലയാളത്തെ നോക്കി നാം കണ്‍നുരുട്ടിയത് ഇങ്ങേപ്പുറത്ത് ചാരുകസേലയില്‍ കാലുനീട്ടിയിരിക്കുന്ന പാരമ്പര്യമാധ്യമങ്ങളിലെ മാനകരൂപങ്ങളെ നോക്കിയാണ്. എന്നാല്‍ അപ്പൂപ്പന്‍ തന്നെ വിരലുകുടിച്ചു തുടങ്ങിയാലോ? ഇനിയത്തെ മലയാളം ഇങ്ങനെയൊക്കെ മതിയെന്ന് എഴുത്തുകാരും ആനുകാലികങ്ങളിലെ പത്രാധിപസമിതിയും തുടങ്ങുന്നത് നമ്മുടെ സാമൂഹികസാഹചര്യങ്ങള്‍ അതിനനുസൃതമായതുകൊണ്ടാണെന്ന് ഉറപ്പ്. നാള്‍ക്കുനാള്‍ അതു കൂടുതല്‍ ചീത്തയായിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടാനല്ലേ കഴിയൂ. എന്നു പറയുമ്പോള്‍ കിംഗ് ഇംഗ്ലീഷുപോലെ കേന്ദ്രീകൃതമായ ഒരു മാനകഭാഷയാണ് സര്‍വത്രപ്രചരിക്കേണ്ടതെന്നും അടിച്ചും നുള്ളിയും അതു മാത്രം പറയാന്‍ ശീലിക്കണമെന്നും ആര്‍ക്കുകയല്ല. ഭാഷയോട് കൂറു കുറഞ്ഞു. എന്നല്ല ഭാഷപഠിക്കാതെ വളര്‍ന്നു വന്ന ഒരു തലമുറ ഭാഷാനയങ്ങള്‍ രൂപപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. സാമൂഹികസാഹചര്യങ്ങളില്‍ നിന്ന് കുട്ടികള്‍ സ്വയം പഠിക്കേണ്ട ഒന്നാണ് ഭാഷ എന്ന് പുതിയ പാഠ്യപദ്ധതിയിലെ ഭാഷാസമീപനവും വ്യക്തമാക്കുന്നു. തെറ്റുകള്‍ തിരുത്തിയും ഇങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്നും പറഞ്ഞുറപ്പിച്ചുകൊണ്ടുള്ള പാരമ്പര്യ ഭാഷാപഠനം തെറ്റാണെന്ന് ചോംസ്കിയുടെ സാര്‍വലൌകിക വ്യാകരണത്തിന്റെ ചില വശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ശക്തിയായി വാദിക്കുന്ന ഭാഷാപാഠപുസ്തകങ്ങളാണ് ഇപ്പോള്‍ നമുക്കു മുന്നിലുള്ളത്. (പാരമ്പര്യവ്യാകരണമാണ് ശരിയെന്ന ഒരഭിപ്രായവും എനിക്കില്ല എന്നാല്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചോംസ്കിയന്‍ വ്യാകരണത്തെക്കുറിച്ച് സംശയങ്ങളുണ്ട് താനും.) കെ സി എഫ് -2007ന്റെ ചുവടുപിടിച്ച് ഭാഷാപാഠപുസ്തകങ്ങളും ‘പ്രശ്ന’ങ്ങളില്‍ അധിഷ്ഠിതമാവുമ്പോള്‍ കാര്യങ്ങള്‍ ഇനിയും കുഴയും. ഭാഷയ്ക്ക്, പ്രത്യേകിച്ച് മലയാളത്തിന് അങ്ങനെ പ്രാധാന്യമൊന്നും കൊടുക്കേണ്ടതില്ലെന്നാണ് (നിര്‍ബന്ധിതമാക്കുന്ന തൊഴില്‍ പഠനത്തിന്റെ അത്രപോലും! ഇംഗ്ലീഷിന്റെ അത്രപോലും!) പാഠ്യപദ്ധതിച്ചട്ടക്കൂടുകള്‍ തീര്‍ത്തവരുടെ പൊതു നിലപാട്. ജില്ലകളില്‍ പഠനം നടത്തിയ ഫോക്കസ് ഗ്രൂപ്പുകള്‍ മുന്നോട്ടു വച്ച പല നിര്‍ദ്ദേശങ്ങളും (ബോധനമാദ്ധ്യമം മലയാളം തന്നെ ആയിരിക്കണമെന്നതുള്‍പ്പടെ, ഒരു താരതമ്യവുമില്ലാതെ മറ്റുഭാഷകള്‍ മലയാളം കളഞ്ഞും പഠിക്കാന്‍ അവസരം നല്‍കുന്നതെന്തിനെന്ന ചോദ്യമുള്‍പ്പടെ) കെ സി എഫില്‍ (കേരളാ പാഠ്യപദ്ധതിച്ചട്ടക്കൂട്) കാണാനില്ലെന്ന് തിരുവനന്തപുരത്തു അടുത്തയിട നടന്ന ‘ നാഷണല്‍ കണ്‍സള്‍ട്ടേറ്റീവ് വര്‍ക്ക്ഷോപ്പ് ഫോര്‍ ഹയര്‍ സെക്കണ്ടറി സിലബസ് ബെയിസ്‌ഡ് ഓണ്‍ കെ സി എഫ് 2007’-ല്‍ പ്രതിനിധികളായി വന്നവരില്‍ ചിലര്‍ ആരോപണമുയര്‍ത്തിയിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇംഗ്ലീഷ് ഒന്നാം ക്ലാസുമുതല്‍ തുടങ്ങണം എന്ന വ്യത്യാസം ഇപ്പോഴുണ്ട്. എങ്കില്‍ പിന്നെ എന്തിനാണ് മലയാളം എന്നു ചിന്തിച്ചാല്‍ പെട്ടെന്നൊരു ഉത്തരം ആര്‍ക്കുമില്ല ( പി പവിത്രനെപ്പോലെ ഒന്നോ രണ്ടോ പേര്‍ക്കൊഴിച്ച്. അവര്‍ക്ക് ഭാഷ ആശയവിനിമയത്തിനു മാത്രമുള്ള ഒരു ഉപകരണമല്ല!) ഒന്നാം ക്ലാസുമുതല്‍ പഠിക്കുന്ന ഒരു ഭാഷയാണ് ഉപരിപഠനത്തിനും ആശയവിനിമയത്തിനും സാമൂഹികപദവിക്കും ഉപകരിക്കുക എന്നു വന്നാല്‍ പ്രയോഗമാത്രവാദിയായ മലയാളിക്ക് മലയാളം വെറും ‘നൊസ്റ്റാള്‍ജിയ’ മാത്രമാവും! (അതു മാത്രമാണ് അതിന്റെ പ്രയോജനം) അസ്തമയത്തിനു ശേഷം ആ വെളിച്ചവും നിലയ്ക്കും.

മലയാളം ചോദ്യപ്പേപ്പറുകള്‍ ഇപ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വ്യാപകമാണ് തെറ്റുകള്‍. അക്ഷരത്തെറ്റിനോടൊപ്പം വാക്യവും ചിഹ്നങ്ങളുമൊക്കെ തെറ്റ്. ആശയം തന്നെ വ്യക്തമല്ല. ഔദ്യോഗികമായി സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാക്കുന്ന പഠനറിപ്പോര്‍ട്ടുകള്‍ നോക്കുക. മുഴുവന്‍ തെറ്റ്. മലയാളത്തില്‍ ഏതു ഭോഷത്തം എഴുതി വച്ചാലും ആര്‍ക്കും ഒരു ചളിപ്പും തോന്നേണ്ട കാര്യമില്ലാത്തത്, അതിനു സ്വയമേവ നാം ഗൌരവം നല്‍കാത്തതുകൊണ്ടാണ്. മലയാളമെന്നത് മലയാള അധ്യാപകരുടെ മാത്രം ഗൃഹാതുരമേഖലയാണെന്ന പുച്ഛച്ചിരിയുണ്ട് മലയാളിക്ക്. മറ്റുഭാഷകള്‍ക്കാണോ, മലയാളത്തിനും ആ ഭാഷയ്ക്ക് രൂപം നല്‍കിയ സംസ്കാരത്തിന്റെ പഠനത്തിനും വേണ്ടി ഒരു പ്രചാരസഭ അത്യാവശ്യല്ലേ എന്നു പലപ്പോഴും തോന്നാറുണ്ട്, പൊതുവിദ്യാഭ്യാസത്തിന്റെ ആസൂത്രണം പോകുന്നത് ഈ നിലയ്ക്കാണെങ്കില്‍ പ്രത്യേകിച്ചും. കൂട്ടത്തില്‍ പറയട്ടേ, നേരത്തെ പറഞ്ഞ ശില്പശാലയില്‍ പഠനമൊഡ്യൂളുകളെക്കുറിച്ച് ചിന്തിക്കാന്‍ തരം തിരിച്ച സെഷനുകളില്‍ ഒന്ന് സംസ്കാരപഠനമാണ്. അദ്ഭുതം തോന്നും, അതില്‍ ചരിത്രവിഷയങ്ങള്‍ മാത്രമേ ഉള്ളൂ. കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്ന വിദ്യാഭ്യാസപദ്ധതിയില്‍ സംസ്കാരത്തിന്റെ കള്ളിയില്‍ നിന്ന് മലയാളം ഒഴിവാക്കുകയും ഇന്ത്യന്‍ ഭാഷകളുടെ കള്ളിയില്‍ ഒന്നായി ഒതുങ്ങി ഇരിക്കത്തക്ക രീതിയില്‍ സെഷനുകളെ ആസൂത്രണം ചെയ്യുകയും ചെയ്തവരുടെ മഹാമസ്തിഷ്കമാണ് പാഠ്യപദ്ധതിച്ചട്ടക്കൂടിന് പിന്നിലുള്ളതു് എന്നു മാത്രം ഓര്‍ത്താല്‍ മതി. ‘കമ്മ്യുണിക്കേഷനും സെന്‍സിബിലിറ്റിയും‍’ എല്ലാവര്‍ക്കും മനസ്സിലാവുകയും ‘ആശയവിനിമയത്തിനും സംവേദനക്ഷമതയ്ക്കും’ മനസ്സിലാവാത്ത ഭാഷയാവുകയും ചെയ്യുന്നത് നാം, ഭാഷാസമൂഹമെന്ന നിലയില്‍, മുരടിച്ചുപോയതിന്റെ ലക്ഷണം കൂടിയാണ്. ആ മുരടിപ്പിന് ആക്കം കൂടുന്നതരത്തില്‍ ഇന്ധനങ്ങള്‍ കത്തുന്നുണ്ട്. അപ്പോള്‍ നമ്മുടെ വാരികകള്‍ ഈ കാലത്തിന്റെ കൂടെ നടക്കുകയാണ്. സാമൂഹിക സാഹചര്യങ്ങളാണ് ഭാഷയെ നിശ്ചയിക്കുന്നത് എന്നു സിദ്ധാന്തമുണ്ട് കൂട്ടിന്. സാമൂഹികമായി നിലവിലുള്ള ഭാഷ അച്ചടിയിലും വരും!

അനു :
റസൂലിന്റെ അഭിമുഖത്തിനുള്ളില്‍ ദിലീപ് രാജ് നടത്തിയ മറ്റൊരഭിമുഖം ബോക്സായി നല്‍കിയിട്ടുണ്ട്, മാതൃഭൂമിയില്‍. ചോദ്യം ശബ്ദസംബന്ധിയായ നൊസ്റ്റാള്‍ജിയയെക്കുറിച്ചാണ്. ഉത്തരം ഇങ്ങനെ : “ഞാന്‍ ഈ മേഖലയില്‍ വന്നത് പെട്ടെന്നുള്ള ഭാവപ്പകര്‍ച്ചപോലെയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് മൂലയ്ക്കും പുറത്തുമൊക്കെയിരുന്ന് വായിച്ച് ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടുമ്പോള്‍ പെട്ടെന്ന് വേറൊരാളാവുന്നതുപോലെ. അഞ്ചാം ക്ലാസിലായിരുന്നപ്പോള്‍ മലയാളപാഠപുസ്തകം ഉച്ചത്തില്‍ വായിക്കാന്‍ പറയുമ്പോള്‍ എനിക്കു മടിയായിരുന്നു. ഏതോ ഒരു ദിവസം പൊടുന്നനെ ആ പേടി മാറി. അധ്യാപകന്‍ അടുത്തതായി വായിക്കാന്‍ പറഞ്ഞപ്പോള്‍ ഞാനങ്ങു വായിച്ചു!”

രണ്ടും പറഞ്ഞത് ഒരാള്‍. പകര്‍ത്തിയെഴുതിയത് രണ്ടുപേര്‍! എഴുതിയെടുത്തവരുടെ ഭാഷയോടുള്ള മനോഭാവത്തിനപ്പുറം നടുക്കം തരുന്ന ഒരു വാസ്തവം ഈ വാക്കുകള്‍ക്കിടയിലുണ്ട്. ചിന്തകള്‍ ഗൃഹാതുരമാവുമ്പോള്‍ മലയാളം അതിന്റെ സ്വാഭാവികമായ വഴിയ്ക്ക് ഒഴുകുന്നു എന്നതാണത്. സാങ്കേതികമാവുമ്പോള്‍ ഭാഷ ഇംഗ്ലീഷുവാക്കുകളെ ഒട്ടിച്ചു വെക്കാനുള്ള ചിഹ്നങ്ങള്‍ മാത്രമായി ഒടുങ്ങുന്നു. മലയാളം നമ്മുടെ ഭൂതം മാത്രമാണ്. ഭാവി.......

* യൂസഫലി കേച്ചേരിയുടെ ഒരു കവിതയുടെ ശീര്‍ഷകം ഓര്‍ത്തുകൊണ്ട്