February 14, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനംപച്ചക്കുതിരയുടെ നവംബര്‍ ലക്കത്തിലാണ് (2008) ‘വി എസ് കാലഹരണപ്പെട്ട പുണ്യവാളനാണെ’ന്ന മുകുന്ദന്റെ കണ്ടെത്തല്‍ താഹാമാടായിയുമായുള്ള അഭിമുഖരൂപത്തില്‍ അച്ചടിച്ചു വരുന്നത്. കവര്‍പേജിലെ തന്നെ വെണ്ടയ്ക്ക വിചാരിക്കാത്ത കുഴപ്പങ്ങളിലേയ്ക്ക് നീങ്ങിയപ്പോള്‍ അഭിമുഖകാരന്‍ താന്‍ പറയാത്തതാണ് എഴുതിയതെന്ന് മുകുന്ദന്‍ കരഞ്ഞു വിളിച്ചു. വി എസിന്റെ കാല്ക്കല്‍ വീണ് ഉദ്ദേശ്യശുദ്ധിയ്ക്കു മാപ്പുതരണേ എന്ന് ഹൃദയവേദനയോടെ വിലപിച്ചു. അക്കാദമി പ്രസിഡന്റു സ്ഥാനവും വേണ്ട ഒന്നും വേണ്ട എന്റെ ഗോലി തിരികെ കിട്ടിയാല്‍ മതി എന്നു പിണക്കം നടിച്ചു. താഹ വിശദീകരിച്ചത്, മുകുന്ദന്‍ പറഞ്ഞകാര്യങ്ങള്‍ മാത്രമേ താന്‍ എഴുതിയുള്ളൂ എന്നാണ്. കള്ളച്ചിരിയോടെ ‘എഴുതല്ലേ’ എന്നു പറഞ്ഞതൊന്നും ദൈവനാമത്തില്‍ എഴുതിയതുമില്ലെന്ന്. മാധ്യമസിന്‍ഡിക്കേറ്റുകള്‍ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നു കരുതി കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 2009 ഫെബ്രുവരി മൂന്നിനുള്ള മാധ്യമം വാരികയില്‍ താഹയുടെ ഒരു ലേഖനമുണ്ട്, ‘അപ്പോഴും പിണറായി വിജയന്‍ ഒറ്റയ്ക്കായിരിക്കും’. നവസാമ്രാജ്യത്തിന്റെ കുത്തകാധികാരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് കേരളീയമായൊരു വികസനദേശം സ്ഥാപിക്കുന്ന പുതിയ കാലത്തിന്റെ നേതാവായി (ഒരേയൊരു നേതാവായി) വിജയനെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നാന്തരമൊരു കാല്‍പ്പനിക സ്തുതി ഗീതം. ഒരു പുതു തലമുറയെ അഡ്രസ്സ് ചെയ്യുന്ന പിണറായിയുടെ നേട്ടങ്ങളെ താഹ പട്ടികപ്പെടുത്തിയിട്ടുണ്ട്. 1. ദിനേശ് ബീഡി തൊഴിലാളികളെ മച്ചിന്‍പുറത്ത് തളച്ചിടാതെ രുചി-വസ്ത്രവൈവിദ്ധ്യങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു. 2. നോക്കുകൂലിയെ നിന്ദിക്കുക വഴി ഇടതുപക്ഷമെന്നാല്‍ പിടിച്ചുപറിക്കാരുടെ കൂട്ടമാണെന്ന നാഗരിക-മധ്യവര്‍ഗത്തിന്റെ ധാരണയെ നീക്കം ചെയ്തു. 3. പ്രാന്തീയമേഖലയില്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ച് കുത്തകവ്യവസായങ്ങള്‍ക്ക് ബദലു നിര്‍മ്മിച്ചു. 4. പുതിയതലമുറയുടെ വിനോദോപാധികളെ ലാക്കാക്കി വിസ്മയപാര്‍ക്ക്... 5. അവരുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ലാവലിന്‍.... 6. അവരുടെ അഭിരുചികള്‍ക്ക് കൈരളി..... അങ്ങനെ അങ്ങനെ.

സ്വാഭാവികമായും അച്ചുതാനന്ദനെക്കുത്താതെ പുതിയ ലോകത്തെ അഭിസംബോധനചെയ്യുന്ന ഇടതു നേതാക്കളെപ്പറ്റി പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന ‘പുതിയ കാലത്തെ’ എഴുത്തിന്റെ ആഖ്യാനഘടനയെ അനുസരിക്കാതെ പറ്റില്ലല്ലോ താഹാ മാടായിക്കും. “സ്വയം ഒരു തീരുമാനവും എടുക്കാന്‍ കഴിയാതെ, എല്ലായ്പ്പോഴും കീഴടങ്ങലിന്റെ ശൈലി സ്വീകരിക്കുന്ന, അധികാരത്തിന്റെ ശീതളച്ഛായ വിട്ടുപോകാന്‍ കൂട്ടാക്കാത്ത, സ്വന്തം പ്രതിച്ഛായയുടെ തടവുകാരനായ...” (പേരില്ലെങ്കിലും ആളാരാണെന്ന് വ്യക്തമാണല്ലോ..) ഇങ്ങനെയൊരാളിനെ സാക്ഷാല്‍ വിജയന്‍ മാഷിനുപോലുമിഷ്ടപ്പെടാന്‍ സാധിക്കില്ലെന്നാണ് താഹയുടെ ഊഹക്കണക്ക്. ശരിയായിരിക്കും. ഒരുപാട് പ്രാവശ്യം അഭിമുഖം നടത്തി വിജയന്മാഷിന്റെ മനസ്സെന്താണെന്ന് ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കിയെടുത്ത ദേഹമാണ് താഹയുടേത്. (അവകാശവാദം താഹയുടേതു തന്നെ) പ്രശ്നമതല്ല, രണ്ടുമാസങ്ങള്‍ക്കു മുന്‍പ് പുകിലുണ്ടാക്കിയ അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു എന്നു പറയപ്പെടുന്ന ആശയങ്ങളുടെ വലിച്ചുപരത്തിയ രൂപത്തിലുള്ളതാണ് ഈ ലേഖനം. താഹ ഉള്ളില്‍ വഹിച്ചിരുന്നതും മുകുന്ദന്‍ പങ്കു വച്ചതും ഒരേ ആശയവും സങ്കല്പങ്ങളുമായിരുന്നെങ്കില്‍ എന്തിനായിരുന്നു തെറ്റിദ്ധാരണാജനകമായ തലക്കെട്ടോടെ, അത്രയൊന്നും ഉദ്ദേശ്യശുദ്ധിയില്ലാത്ത മറുപടിക്കുറിപ്പുകളോടെ, സ്വതവേ കാറ്റടിച്ചാല്‍ കീറുന്ന കടലാസുഹൃദയമുള്ള ഒരെഴുത്തുകാരനെ, നമ്മുടെ സ്വന്തം മുകുന്ദനെ, വിവാദച്ചെളിയിലൂടെ വലിച്ചിഴച്ച് മാനസികമായി തകര്‍ത്തത് ? ഒരേതൂവല്‍ പക്ഷികളാണ് തങ്ങള്‍ എന്നുറപ്പുണ്ടായിരുന്നെങ്കില്‍ ‘മറ്റേയാള്‍ കാലഹരണപ്പെട്ടയാളു’ തന്നെ എന്ന ധ്വനിയോടേ അഭിമുഖം കാച്ചാന്‍ നോവലിസ്റ്റുകൂടിയായ താഹയ്ക്ക് എന്തായിരുന്നു വൈക്ലബ്യം? പൊതുസമൂഹം മുകുന്ദനെ സംശയിക്കുന്നമട്ടില്‍ ആ അഭിമുഖം എഴുതി അവതരിപ്പിക്കാതിരിക്കാനുള്ള സത്യസന്ധത എന്തുകൊണ്ട് താഹ അന്ന് കാട്ടിയില്ല?

ആര്‍ക്കറിയാം ‘പുതിയ’ കാലത്തിന്റെ ഗതിവിഗതികള്‍! ഒരാളുടെ ആശയങ്ങള്‍ നിറം മാറാനും (മാറ്റാനും) പുണ്യവാളന്‍ നിഷ്ക്രിയനായൊരു പിശാചായിരുന്നു എന്ന് മനസ്സിലാവാനും (മനസ്സിലാക്കിക്കുവാനും) രണ്ടുമാസമൊക്കെ ധാരാളമായിരിക്കും. ഈ ലേഖനം മുന്നോട്ടു നീട്ടി തരുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. ആള്‍ദൈവമാവാന്‍ ത്രസിച്ചു നില്‍ക്കുന്ന നേതാവിനെ ഉടുതുണിയുരിക്കുന്ന ഒരു ലേഖനം കെ ഇ എന്‍ മുന്‍പൊരിക്കല്‍ മാതൃഭൂമിയില്‍ എഴുതിയിരുന്നതും വിവാദമായിരുന്നല്ലോ. നല്ല ചെയ്തികളുടെ ക്രെഡിറ്റെല്ലാം വ്യക്തിയ്ക്കും ചീത്തയെല്ലാം പാര്‍ട്ടിയ്ക്കും പോകുന്ന തലതിരിഞ്ഞ സാമാന്യധാരണയ്ക്കെതിരെയാണ് കെ ഇ എന്റെ തൂലിക പൊരുതിയത്. പാര്‍ട്ടിയാണ് പ്രധാനം വ്യക്തിയല്ല. മിച്ചഭൂമിസമരവും ഭൂപരിഷ്കരണവും വെട്ടിനിരത്തലും കുത്തക കൈയേറ്റങ്ങളെ ഒഴിപ്പിക്കലും സ്ത്രീപീഡനക്കാരെ കൈയാമം വച്ച് റോഡിലൂടെ നടത്തിക്കലും പാര്‍ട്ടി നയങ്ങളുടെ നടപ്പാക്കലാണ്. അവയൊക്കെ വച്ചു് പ്രതിച്ഛായാനിര്‍മ്മാണം നിര്‍വഹിക്കാനുള്ള ഉദ്യമം ആരുനടത്തിയാലും അതിനകത്തൊരു കുലം കുത്തലുണ്ട്. പ്രവര്‍ത്തനപാരമ്പര്യമുണ്ടെങ്കിലും പാര്‍ട്ടി എന്താണെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത തരം അന്ധതയുണ്ട്. ഇതൊക്കെ കെ ഇ എന്‍ പറയാതെ നമ്മള്‍ തിരിച്ചറിയില്ലായിരുന്നു. പക്ഷേ കെ ഇ എന്‍ കുഞ്ഞഹമ്മദിനെ പോലൊരാള്‍ പറഞ്ഞിട്ടും താഹ അതു മനസിലാക്കിയ (മുകുന്ദന്‍ നേരത്തെ മനസ്സിലാക്കിയില്ലായിരുന്നു) മട്ടില്ലാത്തതു കണ്ടാണ് ഞാന്‍ മൂക്കത്തു വിരലുവച്ചുപോയത്. നടേ താഹ പട്ടികയിട്ടു നിരത്തിയ കാര്യങ്ങളെല്ലാം ചെയ്തത് വ്യക്തിയാണെന്നാണല്ലോ ലേഖനത്തിന്റെ മൊത്തം ടോണ്‍. അല്ലേ? ഇങ്ങേപ്പുറത്തെ ‘കീഴടങ്ങലിന്റെ ശൈലിയും നിഷ്ക്രിയതയുമൊക്കെ.’അതും വ്യക്തിയുടെ.

ലാവലിന്‍ പ്രശ്നം ചൂടു പിടിച്ചതോടെ വ്യക്തിപൂജ മറ്റൊരു തരത്തില്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. പിണറായി ഊതിക്കാച്ചിയ പൊന്നാണെന്ന് സുധാകരന്‍. ക്രിസ്തുവിനും നബിക്കും അനുഭവിക്കേണ്ടിവന്ന എതിര്‍പ്പുകളാണ് പിണറായിക്കും നേരിടേണ്ടി വരുന്നതെന്ന് ഇ പി ജയരാജന്‍. (രാഷ്ട്രീയാഭിപ്രായഗതികളുടെ അദ്ഭുതകരമായ സാമ്യം നോക്കുക, റെജീനയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം തൂങ്ങിയാടുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയും ഇതേ വാക്യം പറഞ്ഞിരുന്നു) ലാവലിന്‍ പ്രശ്നത്തിലെ നഷ്ടം അത്ര വലുതൊന്നുമല്ല സംസ്ഥാനത്തിനെന്നെഴുതുന്നത് ധനകാര്യമന്ത്രി തോമസ് ഐസക്ക്. കാര്‍ത്തികേയനും ഉമ്മന്‍ച്ചാണ്ടിയ്ക്കുമുള്ള മറുപടി വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ വക. ഇതില്‍ നിന്നെല്ലാം ശ്രദ്ധേയമായി തോന്നിയത് ഇ പി ജയരാജന്റെ തന്നെ ഒരു അഭിപ്രായപ്രകടനമാണ്. ‘പാര്‍ട്ടി എന്നു പറഞ്ഞാല്‍ പിണറായി തന്നെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ വാക്യം. താഹയുടെയും മുകുന്ദന്റെയും ലേഖനങ്ങളിലെ സാമാന്യബോധത്തിനു ദഹിക്കാത്ത വൈരുദ്ധ്യങ്ങള്‍ ഈയൊരൊറ്റ അഭിപ്രായപ്രകടനത്തില്‍ മാഞ്ഞുതള്ളിപ്പോകുന്നതു കാണാം. കേരളസര്‍വകലാശാല തൊഴിലാളിയൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സുധാകരന്‍ പറഞ്ഞു : ‘5 വര്‍ഷത്തേയ്ക്ക് മന്ത്രിയോ എം എല്‍ എയോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ല’. യഥാര്‍ത്ഥത്തില്‍ അച്ചുതാനന്ദനെ കുത്താനുള്ളതല്ല, സോമനാഥചാറ്റര്‍ജിയ്ക്കെതിരെയുള്ള വാക്യമായിരുന്നു അതെന്ന് പിണറായി വിജയന്റെ വ്യാഖ്യാനക്കുറിപ്പാണ് പിറ്റേന്നത്തെ പത്രത്തില്‍ കാണുന്നത്. സോമനാഥ ചാറ്റര്‍ജി ഇതിനിടയ്ക്കെപ്പോഴാണ് എന്തിനാണ് മന്ത്രി സുധാകരന്റെ വണ്ടിയില്‍ കയറിയതെന്നറിയില്ല. എങ്കിലും ‘അങ്ങനെ പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാണ്.’ എന്ന് മന്ത്രിയുടെ മറുപടി ഒരു കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്, ഇ പി ജയരാജന്റെ വാക്യത്തിന്റെ അതേ ധ്വനിയുള്ള ഭാഷ്യമാണ് അതെന്ന്. ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് കത്തെഴുതിയോ ഇല്ലയോ? രണ്ടു തരം വ്യഖ്യാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അങ്ങനെ ഒരു കത്ത് മരിച്ചുപോയ ആള്‍ എഴുതി എന്നു തന്നെ വയ്ക്കുക. എന്തായിരുന്നിരിക്കും അതിന്റെ ഉദ്ദേശ്യം? എന്തായാലും പാര്‍ട്ടിയെ തകര്‍ക്കുക എന്നതായിരുന്നിരിക്കുമോ? ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ സാദ്ധ്യത, ഒരു തലമൂത്ത നേതാവ് സദുദ്ദേശത്തോടെ ഉപയോഗിക്കുന്നതില്‍ തെറ്റെന്താണ്? എഴുതിയില്ല എന്നു വയ്ക്കുക. എങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിയുക്തനായ വ്യക്തി തനിക്കറിയാവുന്ന കാര്യം തന്നെ ചുമതലപ്പെടുത്തിയിട്ടും ഉപരിസഭയെ അറിയിക്കാതെ നിഷ്കാമനായി എന്നല്ലേ വരിക? ബാലാനന്ദന്‍ തന്നെ ഒരു അഭിമുഖത്തില്‍ ‘ലാവലിന്‍ കരാര്‍ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയില്‍ തന്നെയുണ്ടെ’ന്ന അഭിപ്രായം തെളിച്ചു പറയുകയും ചെയ്തിട്ടുണ്ട്. അതിന്റെ വിശദീകരണക്കുറിപ്പ് പാര്‍ട്ടി അച്ചടക്കം ലംഘിക്കാതെ അദ്ദേഹം എഴുതി എന്നതില്‍ തെറ്റായിട്ടെന്താണ്?

പ്ലാസ്റ്റിക് യുഗം, ഡിജിറ്റല്‍ കാലം എന്നൊക്കെ പറയും പോലെ നമ്മളിപ്പോള്‍ വ്യാഖ്യാനങ്ങളുടെ കാലത്താണ്. പാര്‍ട്ടിയും ഭരണകൂടവും സിവില്‍ സമൂഹവുമൊക്കെ നിര്‍വചനങ്ങളിലും ഭാഷ്യങ്ങളിലും പെട്ട് ആകെ തലകുത്തിമറിയുന്നു. ലാവലിന്‍ പ്രശ്നത്തില്‍ കുറ്റകരമായ അനാസ്ഥ/കെടുകാര്യസ്ഥതയാണുള്ളത്. പക്ഷേ പ്രതി(കള്‍) ഇല്ല. കിളിരൂര്‍ കേസിലെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ കാണാതായി. അത് ഒളിപ്പിക്കപ്പെട്ടതാണെന്ന് പറഞ്ഞ സുരേഷ് കുമാറിനാണ് സസ്പെന്‍ഷന്‍. ഒളിപ്പിച്ചവര്‍ എവിടെയും ഇല്ല. എല്‍ ഡി എഫിന്റെ തെരെഞ്ഞെടുപ്പു പോസ്റ്ററുകളിലെ ഏറ്റവും ദീനമായ മുഖം ഓര്‍മ്മയില്ലേ? ഫോര്‍ട്ടു പോലീസ് സ്റ്റേഷനില്‍ വച്ച് ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മയുടേതായിരുന്നു അത്. തെരെഞ്ഞെടുപ്പില്‍ മുഖ്യപ്രശ്നവും പ്രതീകവുമായി അവതരിപ്പിക്കപ്പെട്ട ഒരു കേസ്, ഭരണം ആയിരം ദിവസം തികയ്ക്കുമ്പോഴും ഒരു കരയിലും എത്തിയിട്ടെല്ലെന്ന് അറിയുമ്പോഴും സമാധാനിക്കാന്‍ കഴിയുന്നത് വ്യാഖ്യാനങ്ങള്‍ക്കു മേലുള്ള ജീവിതം അത്ര ശക്തമായതുകൊണ്ടാണ്. എസ് എഫ് ഐ യുടെ ഒരു പോസ്റ്റര്‍ ശീര്‍ഷകം ഗുരു എന്നായിരുന്നു. മലപ്പുറത്ത് ക്ലസ്റ്റര്‍ യോഗത്തിന്റെ നടത്തിപ്പിനിടെ കൊലപ്പെട്ട അഗസ്റ്റിന്റെ ഓര്‍മ്മയ്ക്ക്. സംസ്കൃതകോളേജില്‍ പിരിവു കൊടുക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ അദ്ധ്യാപകനെ മര്‍ദ്ദിച്ചപ്പോഴോ മൈക്രോ ബയോളജിയിലെ ഡോ.തങ്കമണിയെ പിരിച്ചുവിട്ടപ്പോഴോ ‘ഗുരു’ എന്ന ആദ്ധ്യാത്മിക അനുഭവം ഒരു പ്രശ്നമാവുന്നില്ല. ചെങ്ങറയിലെ കുടികിടപ്പുകാര്‍ കള്ളന്മാരും അതിനു അനുഭാവം പ്രകടിപ്പിച്ചവര്‍ രാഷ്ട്രീയമില്ലാത്ത സദാചാരവിരുദ്ധരും ആകുന്നതും ഭാഷ്യത്തിന്റെ പിന്‍ബലത്തിലാണ്. പാമൊയില്‍ പ്രശ്നത്തിലും പൈപ്പ് വാങ്ങിക്കൂട്ടിയതിലുള്ള അഴിമതിയിലും അരി കുംഭകോണത്തിലും കോഴിക്കോട് പെണ്‍ വാണിഭത്തിലുമൊന്നും ചാരക്കേസിലും നളിനി നെറ്റോ കേസിലും ഒന്നും പ്രതികളില്ല. രാഷ്ട്രീയലാക്കുകള്‍ ഘുണാക്ഷരന്യായേണ നിര്‍മ്മിക്കുന്ന ചില സൂചനകള്‍ മാത്രം. കാലം കഴിയുമ്പോള്‍ അതങ്ങനെ അന്തരീക്ഷത്തില്‍ വിലയിച്ചോളും. കുറ്റം നടന്നിട്ടുണ്ടോ എന്നു തന്നെ അറിയാനാവാത്ത അവസ്ഥയില്‍ ജനാധിപത്യസമൂഹത്തിന് തലപെരുക്കാതെ ഉറങ്ങാം. ഇപ്പോള്‍ പുതിയൊരു പ്രതിഭാസം കൂടി ഉടലെടുത്തിട്ടുണ്ട്. മന്ത്രിപുത്രന്മാര്‍. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലും വിമാനത്താവളത്തിലെ അടിയിലും കിളിരൂര്‍ കേസിലുമൊക്കെ മുഖവും പേരുമൊന്നുമില്ലാത്ത ഇവര്‍ പതിയിരിക്കുന്നുണ്ടത്രേ. അക്കാര്യത്തിലും ഒന്നും ചെയ്യാനില്ല. രാഷ്ട്രീയസമ്മര്‍ദ്ദഫലമായുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളാണിവയുമെന്ന് വ്യാഖ്യാനങ്ങള്‍ ഉണ്ടാവുന്നുണ്ട്. നമുക്കുള്ളത് ഭാഷ്യങ്ങള്‍ മാത്രമായതുകൊണ്ട്, ഇഷ്ടമുള്ളൊരു പതിപ്പെടുക്കുക വായിച്ചു ചായുക.

അപ്പോള്‍ പുതിയകാലത്തിന്റെ പ്രവാചകന്‍, കാലഹരണപ്പെട്ട പുണ്യവാളന്‍ എന്നീ പ്രയോഗങ്ങളുടെയൊക്കെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥമെന്താണ്? കണ്മുന്നിലുള്ള പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് സുതാര്യമായി അവതരിപ്പിക്കാനാവാത്ത വിധത്തില്‍ വ്യാഖ്യാനക്കുറിപ്പുകളുടെ പെരുക്കമാണ് ചുറ്റിലും. സ്തുതിഗീതങ്ങളെല്ലാം അധികാരം ഉറപ്പിക്കുന്നതിനുള്ളതാണ്. അതുകൊണ്ടാണവയുടെ സ്വരം ഒരുപോലിരിക്കുന്നത്. സാമാന്യധാരണയെനോക്കി കൊഞ്ഞനം കാണിക്കുന്ന പതിപ്പുകള്‍ പതിവിലധികം വര്‍ദ്ധിക്കുന്നോ എന്ന ആശങ്കയാണിപ്പോള്‍ ഉള്ളില്‍ പിടയുന്നത്. സമൂഹത്തില്‍ ഭരണഘടനയുടെ സുഗമമായ നടത്തിപ്പിലാണ് ഭരണകൂടത്തിന്റെ പ്രസക്തി. അത്രമാത്രമേ സിവില്‍ സമൂഹത്തിന് അറിയേണ്ടതായും അനുഭവിക്കേണ്ടതായും ഉള്ളൂ. എന്നാല്‍ പാര്‍ട്ടി എന്ന ഉന്നതങ്ങളിലേയ്ക്ക് കൈയുയര്‍ത്തി കുറ്റബോധം അനുഭവിച്ചുകൊണ്ട് കെടുകാര്യസ്ഥതയ്ക്ക് ന്യായീകരണങ്ങള്‍ നിരത്തുക എന്നത് പ്രവര്‍ത്തകരുടെ പതിവുരീതിയാകുന്നിടത്തു നിന്നാണ് അപചയത്തിന്റെ തുടക്കം. കറതീര്‍ന്ന രാഷ്ട്രീയവ്യക്തിത്വമെന്നോ ആള്‍ ദൈവം എന്ന നിലയ്ക്കോ അല്ല, അച്ചുതാനന്ദന്‍ പൊതുസമൂഹത്തിന് ആശ്രയമാവുന്നത്. രക്ഷകബിംബം എന്ന നിലയ്ക്കാണ്. ഒരു നേതാവ് സാമൂഹികപ്രശ്നങ്ങളെ വ്യാഖ്യാനിക്കുന്ന വിധമാണ് അയാളുടെ രക്ഷകത്വമൂല്യത്തെ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സിവില്‍ സമൂഹത്തിന്റെ ആവൃത്തികളുമായി ഏതെങ്കിലുമൊക്കെ അംശങ്ങളില്‍ അയാളുടെ ധാരണകളും ചെയ്തികളും പൊരുത്തപ്പെടണം എന്നര്‍ത്ഥം. സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്ഷകനെ കാത്തിരിക്കുന്നതുപോലെ ഹതാശമായ സംഗതി വേറെയില്ലെന്നറിയുക. എന്നിട്ടും ഇടതുപക്ഷത്തിനു പ്രാമാണ്യമുള്ള കേരളസമൂഹത്തിന്റെ അബോധത്തില്‍ നാളിതുവരെ സംഭവിച്ചിരിക്കുന്നത് പിതൃരൂപങ്ങളുടെ തുടര്‍ച്ചയായ (അത്രതന്നെ നിഷ്ഫലമായ) നിര്‍മ്മാണങ്ങളായിരുന്നെങ്കില്‍ തകരാറ്` കുറച്ച് ആഴത്തിലുള്ളതാണ്. അപ്പോള്‍ പ്രാഥമികമായി വേണ്ടത് പൊതുസമൂഹത്തിന്റെ കണ്മുന്നിലുള്ള പൊരുത്തക്കേടുകളെ, നീതിരാഹിത്യങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന നേതൃത്വമാണ്. അതാണ് പ്രാഥമികം. അല്ലാതെ എന്തു പുതിയകാലം? അതു ചെയ്യാതെ ഹര്‍ത്താലും പണിമുടക്കും പ്രസ്താവനകളും നടത്തി അത്യാവശ്യം ഭീഷണികളുയര്‍ത്തി കടന്നു പോകുന്ന ജാഥകളും മാര്‍ച്ചുകളുമാണ് ഇന്ന് കേരളരാഷ്ട്രീയം. തലയില്ലാത്തൊരു ആള്‍ക്കൂട്ടം. അതുമാത്രം പോരെന്ന് തിരിച്ചറിയുന്ന കുതറുലുകളെല്ലാം മാധ്യമസൃഷ്ടി അല്ല. അതു ചൂണ്ടിക്കാണിക്കുന്നവരെല്ലാം വിമതരല്ല. ആസനമുറപ്പിക്കാനോ ഭീഷണിയ്ക്കു വഴങ്ങിയോ ഈണവൈവിദ്ധ്യം പോലുമില്ലാതെ സ്തുതിഗീതങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നവരെല്ലാം പാര്‍ട്ടിബന്ധുക്കളല്ല. പാര്‍ട്ടിയെന്നത് കൊട്ടിപ്പാടാന്‍ വേണ്ടി മാത്രമുള്ള വിശുദ്ധ അള്‍ത്താരയുമല്ല.

നമുക്ക് തുടങ്ങിയ ഇടത്തേയ്ക്ക് പോകാം, പറഞ്ഞു വരുന്നത്, വ്യക്തികളല്ല അപ്പോള്‍ പ്രധാനം......
Post a Comment