December 18, 2008

വിശ്വാസത്തിന്റെ ശരീരം, അതിന്റെ ശാസ്ത്രം



വിശ്വാസത്തിന് യുക്തിയുടെ പിന്‍‌ബലമാവശ്യമില്ലെന്നതാണ് നമ്മുടെ അനുഭവം. വിശ്വാസം സ്വയമേവ യുക്തിയാണ് പൊതുബോധത്തില്‍. പക്ഷേ ‘വിശ്വാസം’ നാം കരുതുന്നതുപോലെ അത്ര നിരുപദ്രവകാരിയല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. രാഷ്ട്രീയമെന്നോ ആത്മീയമെന്നോ സൌകര്യപൂര്‍വം നാമകരണം ചെയ്തിട്ടുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ മാത്രം ചുരുണ്ടുകൂടി കിടക്കുകയും ആവശ്യത്തിനു തലപൊക്കുകയും ചെയ്യുന്ന ഒന്നല്ല, അനുഭവങ്ങളെ നിര്‍മ്മിക്കുകയും അറിവുകളെ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് വൈയക്തികവും സാമൂഹികവുമായ ജീവിതത്തെ മുഴുവന്‍ ആശ്ലേഷിച്ചു നില്‍ക്കുന്ന ഒന്നാണെന്നു വരുമ്പോള്‍ മനുഷ്യനില്‍ ഉറഞ്ഞുകൂടിക്കിടക്കുന്ന വിശ്വാസങ്ങളുടെ പ്രവര്‍ത്തനവഴികളെ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാവും. പാഠപുസ്തകങ്ങളില്‍ ശാസ്ത്രമെന്നത് അടിവരയിട്ട് ഹൃദിസ്ഥമാക്കേണ്ട ആശയങ്ങളുടെയും സാങ്കേതികപദാവലികളുടെയും നീണ്ട നിരകളാണ്. ദൈനംദിന ജീവിതത്തിലെ എണ്ണമറ്റ കുഴമാന്തങ്ങളെ നേരിടാന്‍ ശാസ്ത്രത്തിന്റെയോ തത്ത്വചിന്തയുടെയോ ആശ്രയം തേടി പോകാന്‍ മാത്രമുള്ള ശീലം, സാക്ഷരരെങ്കിലും നമുക്കില്ലാതെ പോയി. എല്ലാം വെള്ളം ചോരാത്ത അറകള്‍ക്കുള്ളില്‍ അടച്ചുഭദ്രമാക്കുമ്പോഴാണ് സമാധാനം. ഒന്നും ഒന്നിനെയും കൂട്ടി തൊടുന്നില്ല എന്നു വരണം. സമൂഹത്തിന്റെ ‘ചലനാത്മകത’ നഷ്ടപ്രായമായിരിക്കുന്നതിന് ഇതും ഒരു കാരണമാണ്.

ചോദ്യം ചെയ്യാന്‍ പാടില്ലാതെ എടുത്തണിയേണ്ട ഒരുപാട് വിശ്വാസവിഴുപ്പുകള്‍ക്കുള്ളില്‍ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ചില വെട്ടിമുറിയ്ക്കലുകള്‍ ആവശ്യമാണെന്ന് ബോധ്യം തരുന്ന പുസ്തകമാണ് ജീവന്‍ ജോബ് തോമസിന്റെ ‘വിശ്വാസത്തിന്റെ ശരീരശാസ്ത്രം’. മറ്റൊരര്‍ത്ഥത്തില്‍ വെട്ടിമുറിക്കലുകള്‍ ഏതുതരത്തില്‍ വേണമെന്നതിനെപ്പറ്റിയും. തലച്ചോറെന്ന സങ്കീര്‍ണ്ണമായ വ്യവസ്ഥയ്ക്ക് ഓര്‍മ്മ, മതവിശ്വാസം, രോഗശാന്തി, മതം, ധ്യാനം, തീവ്രവാദം, വംശീയത, യൌവനാരംഭം, നുണ തുടങ്ങിയവയുടെ രാസക്കൂട്ടുകള്‍ ചമയ്ക്കുന്നതിലെ പങ്കന്വേഷിച്ചാണ് ജീവന്റെ യാത്ര ശാസ്ത്രത്തിന്റെ കവലകള്‍ തേടുന്നത്. കാലിക ജീവിതത്തിന്റെ പരിസരങ്ങള്‍ തന്നെയാണ് പ്രായോഗികജീവിതവിജയ തുടരുനുകളിലും പരിഗണനയ്ക്കു വരുന്നത്. എന്നാല്‍ പ്രായോഗികജീവിതത്തിനു വേണ്ടിയുള്ള മുറവിളികള്‍ സാമൂഹിക ജീവിതത്തിന്റെ ഉപരിതലത്തിലാണ് അന്വേഷണങ്ങള്‍ നടത്തുന്നത് എന്നൊരു വ്യത്യാസമുണ്ട്. ജനപ്രിയശാസ്ത്രത്തെ വ്യത്യസ്തവും പ്രസക്തവുമാക്കുന്ന ഘടകങ്ങളിലൊന്നാണത്. യാഥാസ്ഥിതിക സമൂഹം, കൌമാരപ്രണയങ്ങളെ ഒഴിവാക്കാനാണ് സ്കൂളുകളില്‍ ആണ്‍-പെണ്‍ വേര്‍ത്തിരിവ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യൌവനാരംഭത്തില്‍ ശാരീരികമായ മാറ്റങ്ങളോടൊപ്പം തലച്ചോറിലെ കെമികങ്ങളിലും വ്യതിയാനങ്ങളുണ്ടാവുന്നുണ്ട്. ജെ. ഗിയഡിന്റെ നീണ്ടകാലത്തെ മസ്തിഷ്ക പഠനത്തെ അടിസ്ഥാനമാക്കി ആരോഗ്യകരമായൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ക്ലാസ്മുറികളെ സജ്ജീകരിക്കാന്‍ എന്താണു വേണ്ടത് എന്ന് ജീവന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. (യൌവനാരംഭം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുണ്ടോ?) പക്ഷേ കൌമാര വിദ്യാഭ്യാസപദ്ധതിയെപ്പോലും ‘ഒളിഞ്ഞുനോക്കി’ അലമുറയിടുന്ന ആളുകളുള്ള നാട്ടില്‍ ‘ശാസ്ത്രബോധം’ എന്നാണുറയ്ക്കുക?

ജീവശാസ്ത്രത്തിന്റെ ടെര്‍മിനോളജികള്‍ കൊണ്ട് ആധുനികതീവ്രവാദത്തിന്റെ രൂപത്തെയും സ്വഭാവത്തെയും വിശകലനം ചെയ്യുന്ന ലേഖനമാണ് ‘തീവ്രവാദത്തിന്റെ ആധുനികോത്തരവഴികള്‍’. ആശയവിനിമയത്തിന്റെ സഫലമായ പ്രയോഗമാണ് തീവ്രവാദസമൂഹങ്ങളെ നിലനിര്‍ത്തുന്ന ഒരു ഘടകം. ജീവശാസ്ത്രജ്ഞനായ സ്റ്റുവാര്‍ട്ട് കാഫ്മാന്‍ ‘സ്വയം സംഘാടനം’ എന്ന പദം കൊണ്ട് വിശദീകരിച്ച സ്വഭാവം, അല്‍-ഖ്വൈദ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ പ്രസക്തമാവുന്നതെങ്ങനെ എന്നു ലേഖകന്‍ വിശദീകരിക്കുന്നുണ്ട്. ആക്രമണം പ്ലാന്‍ ചെയ്യുമ്പോഴുള്ള നീണ്ട കാത്തിരിപ്പുകള്‍, എതിരാളികള്‍ ആസൂത്രണം തകര്‍ക്കുമ്പോള്‍ കൂടുതല്‍ ശക്തിയോടെ മറ്റൊന്ന് നടപ്പാക്കാനുള്ള സാമര്‍ത്ഥ്യം ഇവയെയൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാനുള്ള ‘ശൃംഖലാ (നെറ്റ്‌വര്‍ക്ക്) ശേഷി’യുടെ ഫലമാണ്. ‘പിന്‍‌വാങ്ങലും പൂര്‍വസ്ഥിതി പ്രാപിക്കലും’ തീവ്രവാദനെറ്റ്‌വര്‍ക്കിലെ അംഗങ്ങള്‍ക്കിടയിലെ ‘സമാന്തരജീവിതം’ തുടങ്ങി സങ്കീര്‍ണ്ണതാവാദം (കോം‌പ്ലിസിറ്റി തിയറി) അടിസ്ഥാനമാക്കിക്കൊണ്ട് തീവ്രവാദപ്രവര്‍ത്തങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം ഏതു തരത്തിലാണവയെ ഫലപ്രദമായി നേരിടേണ്ടതെന്ന വസ്തുത കൂടി മുന്നോട്ടു വയ്ക്കുന്നു എന്ന നിലയ്ക്കാണ് കൂടുതല്‍ പഠനീയമായി തീരുന്നത്.

മാനുഷികമൂല്യങ്ങളും മതങ്ങളും ശക്തമായ അതിജീവനപൊരുത്തപ്പെടലുകളാണ്. ഇവ പരസ്പരം ഇഴപിരിയാത്തകണ്ണികളാണെന്നാണ് സാമാന്യബോധം പറഞ്ഞു വയ്ക്കുന്ന വാസ്തവം. എന്നാല്‍ മതത്തിന്റെ സഹായമില്ലാതെ ഉന്നതമായ മൂല്യബോധത്തോടെ ജീവിച്ചവരുണ്ട്. അതിനിഷ്ഠയുള്ള മതവിശ്വാസി ഒരു മൂല്യബോധവുമില്ലാത്തയാളാണെന്നും വരാം. മതങ്ങള്‍ നടത്തിയ കൂട്ടക്കുരുതികളും വംശഹത്യകളും എണ്ണിയാലൊടുങ്ങാത്തവയാണ്. എങ്കിലും പരിണാമപരമായി പരസ്പരസഹവര്‍ത്തിത്വത്തിലൂടെ വളര്‍ന്നവയാണ് മാനുഷികമൂല്യങ്ങളും മതങ്ങളും. ഒന്നിച്ചിരുന്നു പേനുകളെ തപ്പിപ്പിടിച്ചു കൊന്ന് പരസ്പരം ചൊറിഞ്ഞു സുഖിപ്പിക്കുന്ന കുരങ്ങന്മാരിലും കൊട്ടും പാട്ടുമായി ദൈവത്തെ വിളിച്ചു വിലപിക്കുന്ന കൂട്ടായ്മയിലും പ്രവര്‍ത്തിക്കുന്നത് ഒരേ ജീവശാസ്ത്രപരമായ ചോദനയാണെന്നതാണ് യാഥാര്‍ത്ഥ്യം. (എന്റെ വിശ്വാസം എന്നെ രക്ഷിക്കുന്നതെങ്ങനെ?) പരിണാമത്തിന്റെ സാമൂഹികശാസ്ത്രവശങ്ങള്‍ തിരഞ്ഞു ചെല്ലുമ്പോള്‍ ലഭിക്കുന്ന വെളിപാടുകളാണിവ. പരിമിതികള്‍ ഉണ്ടെങ്കിലും സാമൂഹികജീവിതത്തിന്റെ അഴിയാച്ചുരുളുകളെ നിവര്‍ത്താന്‍ മനുഷ്യനു മുന്നിലുള്ള അറിവിന്റെ കരുത്തുറ്റ ആയുധം അതു തന്നെ ഇന്നും. (മാനുഷികമൂല്യങ്ങളുടെ ഉറവിടം മതങ്ങളാണോ?)

മനുഷ്യന്റെ വിശ്വാസപ്രക്രിയയെ സ്പഷ്ടമായി വിശദീകരിച്ച ദക്ഷിണേന്ത്യക്കാരനാണ് കാലിഫോണിയാ സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റ് വി എസ് രാമചന്ദ്രന്‍. ന്യൂറോതിയോളജിയില്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. ‘മായ’ എന്ന ഭാരതീയ സങ്കല്പത്തെയും ‘ദൈവിക വചനങ്ങളെയും’ ചാഞ്ചല്യമില്ലാത്ത ഉറച്ച വിശ്വാസങ്ങളുമെല്ലാം തലച്ചോറിന്റെ ഭാഗങ്ങളായ ബ്രോക്ക, പിശാചിന്റെ വക്കീല്‍ തുടങ്ങിയയുടെ പ്രവര്‍ത്തനഫലങ്ങളാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. (വിശ്വാസത്തിന്റെ ശരീരശാസ്ത്രം) വിശ്വാസത്തിന്റെയും രോഗശാന്തിയുടെയുമൊക്കെ അടിസ്ഥാനം ഒരര്‍ത്ഥത്തില്‍ ശുഭാപ്തിവിശ്വാസം കൊണ്ടുള്ള അതിജീവനമാണ്. പരിണാമത്തിന്റെ പടവുകള്‍ താണ്ടി മനുഷ്യന്‍ അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളില്‍ എത്തിച്ചേരുമ്പോള്‍ അവനെ/അവളെ വലയം ചെയ്യുന്ന മായകളും സങ്കീര്‍ണ്ണരൂപമാര്‍ജിച്ച് പുതിയ രൂപത്തില്‍ പിന്തുടരുന്നു. അവസാനിക്കാത്ത അന്വേഷണങ്ങള്‍ കൊണ്ട് നമുക്കവയെ ലഘൂകരിക്കാന്‍ പറ്റിയേക്കും. പക്ഷേ മറ്റൊന്നുകൂടിയുണ്ട് ഇവയില്ലെങ്കില്‍ എത്ര വിരസമായി പോകുമായിരുന്നൂ ജീവിതം എന്ന ചിന്ത ! (എന്റെ വിശ്വാസം എന്നെ രക്ഷിക്കുന്നതെങ്ങനെ?)


ഓര്‍മ്മകളെയും നുണയെയും തത്ത്വചിന്തയുടെയും പുതിയ ശാസ്ത്രാന്വേഷങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖനങ്ങളിലും എഴുത്തുകാരന്റെ വ്യത്യസ്തമായ പരിപ്രേക്ഷ്യം അനുഭവസിദ്ധമാണ്. എതൊരു വ്യക്തിയുടെയും ഓര്‍മ്മകള്‍ക്ക് സാമൂഹികബാദ്ധ്യതയുണ്ട്. സമൂഹത്തിന്റെ ദുഷിപ്പുകളും കൂട്ടക്കൊലകളും ഓര്‍മ്മയിലാണല്ലോ നാം സൂക്ഷിക്കുന്നത്. അതേസമയം അവ അങ്ങേയറ്റം സ്വകാര്യവുമാണ്. ആ നിലയ്ക്ക് ന്യൂറോസയന്‍സും ടെക്‍നോളജിയും വരും കാലചിന്തയുടെ മണ്ഡലത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെന്തായിരിക്കും എന്ന വിസ്മയത്തിന് കാതലുണ്ട്. നുണ അതിജീവനത്തിനുള്ളതാവുമ്പോള്‍ അതിനെതിരെയുള്ള ജാഗ്രതയും അതിജീവനത്തിനുവേണ്ടി തന്നെയുള്ളതാണെന്ന തിരിച്ചറിവിലാണ് പോളീഗ്രാഫും ബ്രെയിന്‍ മാപ്പിംഗും നാര്‍ക്കോ അനാലിസിസും പോലുള്ള ആധുനിക നുണ പരിശോധനാസമ്പ്രദായങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്. (നമുക്ക് നുണപറയാതിരിക്കാന്‍ വയ്യ) ജീവിവര്‍ഗത്തിന്റെ അതിജീവനം എത്രസങ്കീര്‍ണ്ണമായ പരിണതികളില്‍ എത്തിയിരിക്കുന്നു എന്ന വാസ്തവത്തിലേയ്ക്കായിരിക്കും ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രാഥമികമായി നമ്മുടെ മിഴികള്‍ വിടരുന്നത്. പൊതുബോധത്തിന്റെ ഉള്ളിത്തൊലികള്‍ അഴിയ്ക്കുന്നതിനുള്ള ശക്തമായ ഉപാധിയായി ജീവശാസ്ത്രമേഖലകള്‍ തത്ത്വശാസ്ത്രത്തെ കൂട്ടുപിടിക്കുന്നത് രണ്ടാമത്തെ വിസ്മയക്കാഴ്ചയും. ശാസ്ത്രവിഷയങ്ങള്‍ ഇംഗ്ലീഷിനുമാത്രം വഴങ്ങുന്നതാണെന്ന അക്കാദമിക ധാരണയെ നിര്‍ദ്ദയം ഈ പുസ്തകം വെട്ടിമുറിക്കുന്നു എന്നത് ഒരു സ്വകാര്യസന്തോഷമായി മാത്രം ഇരുന്നുകൊള്ളട്ടെ. എന്നാല്‍ ശാസ്ത്രപഠനങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന കാര്‍ക്കശ്യവും തൊട്ടുകൂടായ്മയും ഈ പുസ്തകം ഒഴുക്കുള്ള ഭാഷയും ഉദാരമായ മാനവിക വീക്ഷണവും കൊണ്ട് റദ്ദു ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്.

അങ്ങനെ മലയാളി അത്യാവശ്യം വായിച്ചിരിക്കേണ്ട നല്ല പുസ്തകമാവുന്നു, ‘വിശ്വാസത്തിന്റെ ശരീരശാസ്ത്രം.’ സംശയം വേണ്ട.

-----------------------------------------------
വിശ്വാസത്തിന്റെ ശരീരശാസ്ത്രം
ജീവന്‍ ജോബ് തോമസ്
ഡി സി ബി

5 comments:

പാഞ്ചാലി said...

പരിചയപ്പെടുത്തലിനു നന്ദി!

Mahi said...

ജീവന്റെ ചില ലേഖനങ്ങള്‍ മാതൃഭൂമിയില്‍ വായിച്ചിരുന്നു.ശാസ്ത്രപഠനങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന കാര്‍ക്കശ്യവും തൊട്ടുകൂടായ്മയും ഈ പുസ്തകം ഒഴുക്കുള്ള ഭാഷയും ഉദാരമായ മാനവിക വീക്ഷണവും കൊണ്ട് റദ്ദു ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട് തുടങ്ങീ മുര്‍ച്ചയുള്ള നീരക്ഷണങ്ങള്‍ കൊണ്ട്‌ ഒരു നല്ല പുസ്തകത്തെ പരിചയപ്പെടുത്തി തന്നതിന്‌ നന്ദി

ഉപ ബുദ്ധന്‍ said...

ഈ പുസ്തകം വാങ്ങിച്ചിട്ടേ ഇനി അടുത്ത പരിപാടി ഉള്ളൂ

Anonymous said...

പുസ്തകം ഇറങ്ങിയിട്ട് കുറച്ചു നാളുകളായി എന്നു തോന്നുന്നു.അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ ഒരുപാട് വായിച്ചിട്ടുണ്ട്."വിശ്വാസത്തിന്റെ ശരീരം, അതിന്റെ ശാസ്ത്രം" എന്തായാലും ഒന്നു വായിക്കണം.


ജീവന്‍ ജോബ് തോമസിന്‍റെ ഔദ്യോഗിക ബ്ലോഗ്

http://www.malamadiyan.blogspot.com/

വെള്ളെഴുത്ത് said...

ശരിയാണ്, കുറച്ചുദിവസമായി പുസ്തകം ഇറങ്ങിയിട്ടും ഇതെഴുതി വച്ചിട്ടും. ജീവന് സൈറ്റുണ്ടെന്ന് അറിയാമായിരുന്നു. ഒരിക്കല്‍ കറങ്ങി നടക്കുന്നതിനിടയില്‍ വായിച്ചതുമാണ്. അഡ്രസ്സ് ഇട്ടതിനു നന്ദി ഷോപ്പറേ..