December 4, 2008

മുഖത്തോടു മുഖം



മാധ്യമം ആഴ്ചപ്പതിപ്പിന്റെ 563-മതു ലക്കത്തില്‍ ജെ. ആര്‍ എഴുത്തച്ഛന്‍ ‘ദിനോസോറുകള്‍ ഉണ്ടാവുന്നത്’ എന്ന ലേഖനത്തിന്റെ തുടക്കവാക്യമായി എഴുതി, ‘ഇത് അച്ചടിച്ചു വരുമ്പോഴേയ്ക്കും ഒരു വേള മറ്റേതെങ്കിലും ഒരു ആനുകാലികത്തില്‍ ‘എന്റെ വി എസ്, എന്റെ പ്രിയ വി എസ്’ എന്നോ മറ്റോ ശീര്‍ഷകത്തില്‍ എം മുകുന്ദന്‍ ഒരു ലേഖനമോ അഭിമുഖമോ കാച്ചിയിട്ടുണ്ടാകാം.’ അച്ചട്ടമായി അതു തന്നെ നടന്നു. മാധ്യമം ഇറങ്ങുന്നതു തിങ്കളാഴ്ച. തൊട്ടടുത്ത ദിവസം ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മുകുന്ദന്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘എന്റെ വി എസ്.’ (‘ഹെന്റെ വി എസ്.’. എന്നും വായിക്കാം, അത്ര ആര്‍ദ്രമാണ് ഉള്ളടക്കം) മുകുന്ദന്‍ ലേഖനമെഴുതുന്ന കാര്യം എഴുത്തച്ഛന് ചോര്‍ന്നു കിട്ടിയതാവാം. പ്രവചനം ഫലിച്ചതുമാവാം. എന്തായാലെന്ത്? പിടിച്ചുകെട്ടാന്‍ വയ്യാത്ത രീതിയില്‍ അതിസങ്കീര്‍ണ്ണഘടനയുള്ളതൊന്നുമല്ല നമ്മുടെ സാംസ്കാരികനായകന്മാരുടെ ലോലമായ ഹൃദയപല്ലവങ്ങള്‍! നവംബര്‍ ലക്കം പച്ചക്കുതിരയില്‍ അച്ചടിച്ചു വന്ന അഭിമുഖത്തിലെ വിവാദമായ ‘കാലഹരണപ്പെട്ട പുണ്യവാളന്‍’ പ്രയോഗത്തില്‍ ‘പുണ്യവാളന്‍’ തന്റെ പ്രയോഗമല്ലെന്നാണ് മുകുന്ദന്‍ ആകെ വാദിക്കുന്നത്. പിന്നെ ഇറങ്ങാന്‍ നേരം അഭിമുഖത്തിനു വന്ന സുഹൃത്തിനോട് പറഞ്ഞത്രേ (താഹാമാടായിയാണ് സുഹൃത്ത്) ‘വി എസ്സി’നെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും അതിലുണ്ടാവരുതെന്ന്’. അതെന്തിന്? താഹ അടുത്ത കാലത്ത് എഴുതി, സൌണ്ട് റിക്കോഡര്‍ ഓഫ് ചെയ്തിട്ട് പരമാവധി പരദൂഷണം പറയുന്നവരാണ് താന്‍ അഭിമുഖം നടത്തിയ സാംസ്കാരിക നെടും തൂണുകളെല്ലാം എന്ന്. ഒരാള്‍ മാത്രമാണ് തങ്ങളുടെ അഭിമുഖങ്ങള്‍ക്കിടയില്‍ ഒരിക്കലും റിക്കോഡര്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടാതിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എന്‍ വിജയന്‍. എല്ലാവര്‍ക്കും വിജയന്‍ മാഷാകാന്‍ കഴിയില്ലല്ലോ. പോട്ടെ. ഇനി നേരത്തെ പറഞ്ഞ മുകുന്ദന്റെ യാത്രാമൊഴി ഒന്നുകൂടി വായിച്ചു നോക്കിയാല്‍ നമുക്കെന്തായിരിക്കും മനസ്സിലാവുക?

ജനനന്മയെ ലാക്കാക്കി, തികഞ്ഞ ക്രാന്തദര്‍ശിത്വത്തോടെയാണെങ്കില്‍ നേതാവും മുഖ്യമന്ത്രിയും ആയ അച്യുതാനന്ദന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ എന്ത് അപാകമാണുള്ളത്? അങ്ങനെയൊക്കെയുള്ള സൌകര്യം നല്‍കുന്നതുകൊണ്ടല്ലേ നാം ജനാധിപത്യത്തെ തീറ്റിപോറ്റുന്നത്. (ഇലക്ഷനു മുന്‍പ് സി പി എം ജനറല്‍ സെക്രട്ടറി ഡെമോക്രാറ്റിക് ഇന്ദിരാകോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുക എന്ന അധാര്‍മ്മികപ്രവൃത്തിയിലേര്‍പ്പെട്ടു എന്നെഴുതിയതിനു ‘സാധാരണ നിലയില്‍ ഒരു പ്രസിദ്ധീകരണവും ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല ’ എന്നും പറഞ്ഞ് മാധ്യമം വാരികയ്ക്കെതിരേ പിണറായി വിജയന്‍ അഡ്വ. വിജയമോഹന്‍ മുഖേന 50 ലക്ഷം രൂപയുടെ മാനനഷ്ടകേസു നല്‍കാന്‍ തുനിഞ്ഞു എന്ന കാര്യം മറക്കുന്നില്ല. ) പക്ഷേ മുകുന്ദന്‍ കുറേ വിശേഷണങ്ങള്‍ ഗൂഢോക്തിമര്യാദയില്‍ എടുത്തു ചാര്‍ത്തിയതല്ലാതെ എന്താണ് അച്യുതാനന്ദനുള്ള കുഴപ്പമെന്നും പിണറായിക്കുള്ള മികവെന്നും പറഞ്ഞില്ലെന്നിടത്താണ് നമ്മള്‍ അന്തിച്ചു പോകുന്നത്. അഭിമുഖം പരതിയിട്ട് എനിക്കൊന്നും കിട്ടിയില്ല. വി എസ് കാലഹരണപ്പെട്ടു എന്നു പറഞ്ഞതിന് ഒരു സൂചനയുള്ളത് പുതിയ ലേഖനത്തിലാണ്. “തൊഴിലാളികളുടെയും കൃഷിക്കാരുടെയും എണ്ണം കുറഞ്ഞതുകൊണ്ട് ഐ ടി വിദഗ്ദരുടെയും ഉന്നതവിദ്യാഭ്യാസം നേടിയവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന, അവരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്കു നയിക്കുന്ന ഒരു നേതാവാണ് വേണ്ടത്.” (ആദ്യവിഭാഗത്തില്‍പ്പെടുന്ന ഏഴാം കൂലികളുടെ ഇടയില്‍ നിന്നു ചോരചിന്തിപ്പൊന്തിവന്ന ഒരു നേതാവല്ല !) ഈ ഒരു വിയോജിപ്പാണ് ‘അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയും സൌമ്യമായ ഭാഷ’യില്‍ പ്രകടിപ്പിച്ചത് എന്നാണ് മുകുന്ദന്റെ വാദം. എങ്കിലും പിണറായി കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍ക്ക് പ്രായോഗികപരിഹാരം തേടുന്ന നേതാവാകുന്നതെങ്ങനെ എന്ന കാര്യത്തില്‍ ഒരു പോയിന്റെങ്കിലും പറയണമായിരുന്നു, അദ്ദേഹം അത് ലേഖനത്തിലും വിട്ടു കളഞ്ഞു. ന്യായീകരണലേഖനത്തിന്റെ സന്തുലിതാവസ്ഥയാണ് വിട്ടുകളയല്‍ നയം കൊണ്ട് കുന്തമാവുന്നത്.

ഇപ്പോള്‍ മുകുന്ദന്‍ പറയുന്നത് മഹാശ്വേതാദേവിയെ എതിര്‍ത്തത് വി എസിനുവേണ്ടിയായിരുന്നു എന്നാണ്. ‘എന്റെ അഭിപ്രായങ്ങള്‍ എന്റേതു മാത്രമാണെന്നും മറ്റാരും എന്നെക്കൊണ്ടു പറയിക്കുന്നതല്ലെന്നും’ ലേഖനത്തില്‍ ആണയിട്ട ആള്‍, ഏതാനും ഖണ്ഡികകള്‍ക്കു ശേഷം ‘ഞാന്‍ ചെയ്തത് മഹാപാപമായിരുന്നെങ്കില്‍ (മഹാശ്വേതാദേവിയെ ചീത്ത പറഞ്ഞത്) അതും (അപ്പോള്‍ മറ്റു ചിലതും..?) വി എസിനുവേണ്ടിയായിരുന്നു.’ എന്നെഴുതുമ്പോള്‍ നമ്മളെന്താണ് ആകെ മൊത്തം വിചാരിക്കേണ്ടത്? “സാംസ്കാരികകേരളത്തിന് എന്റെ വ്യത്യസ്തമായ (?) സ്വരം കേള്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍ ഇനിയങ്ങോട്ട് കുഞ്ഞാടുകളുടെ കൂട്ടത്തില്‍ ഒച്ചവയ്ക്കാതെ മേഞ്ഞു നടക്കാം. എനിക്കും സമൂഹത്തിനും അതാണ് നല്ലത്. ”എന്നാണ് മറ്റൊരു ഗീര്‍വാണം. അഭിമുഖത്തില്‍ കേരളത്തിലെ പൊതുസമൂഹത്തിനറിയാവുന്ന ചിലവിഴുപ്പലക്കലുകളില്‍ വ്യക്തമായി പക്ഷം പിടിച്ചു സംസാരിച്ച ഒരു മനുഷ്യന്‍ എന്തു വ്യത്യസ്തതയാണ് നമ്മെ കേള്‍പ്പിച്ചത്? വ്യംഗ്യാര്‍ത്ഥഭംഗിയില്‍ വലിയ അര്‍ത്ഥങ്ങള്‍ എഴുതിവയ്ക്കുന്നവരാണ് സാഹിത്യകാരന്മാര്‍ എന്നുള്ളതുകൊണ്ട് മുകുന്ദന്‍ പറഞ്ഞതില്‍ ആഴത്തിന്റെ മുഴക്കമുണ്ടായിരുന്നു, വരും കാലത്തിന്റെ പ്രവചനസ്വരമുണ്ടായിരുന്നു എന്നു വയ്ക്കുക, എങ്കില്‍ ‘ഹെന്റെ വി എസ്’ എന്ന വാലാട്ടല്‍ എന്തിനായിരുന്നു? ഒരു പുഞ്ചിരികൊണ്ട് ഏതു വിമര്‍ശനത്തെയും നേരിടാമായിരുന്നല്ലോ. വലിയ ചിന്തകളുടെയോ ആശയങ്ങളുടെയോ ഉടമയല്ല താനെന്ന് മുകുന്ദന്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ കുഴങ്ങുക നമ്മള്‍ തന്നെയാണ്, കാരണം അതിന്റെ തൊട്ടടുത്തവരിയില്‍ തന്റെ ആശയ പ്രപഞ്ചം രൂപപ്പെടുത്തിയത് റെഴിസ് ദെബ്രയും ക്ലോദ് സിമോനും ഴാക് ദെരിദയുമൊക്കെയായുള്ള നേരിട്ടുള്ള സമ്പര്‍ക്കമാണെന്നുമുണ്ട്. കാര്‍ളൈല്‍ പറഞ്ഞതുപോലെ എന്റെ കൂട്ടുകാരാണ് എന്നു പറഞ്ഞാല്‍ ഞാനാരാണെന്നു മനസ്സിലാവുമല്ലോ! അപ്പോള്‍ മറ്റൊരു കുഴപ്പമുണ്ട്, ദെബ്രയും ദെരീദയും പോലുള്ള ഫ്രഞ്ചുകാരുടെ സമ്പര്‍ക്കം മുകുന്ദനു നല്‍കിയത് കൊച്ചു കൊച്ചു ചിന്തകളും കൊച്ചു കൊച്ചു ആശയങ്ങളുമാണോ? മനസ്സ് അങ്ങേയറ്റം അസ്വസ്ഥമായിരുന്നതുകൊണ്ടാവാം മലയാളത്തില്‍ ഒരു കാലഘട്ടത്തിന്റെ അഭിരുചി നിര്‍ണ്ണയിച്ച മഹാസാഹിത്യകാരന്റെ കാലികമായ വാക്കുകളില്‍ മലക്കം മറിച്ചിലുകളും പൊരുത്തക്കേടുകളും യുക്തിഭംഗങ്ങളും അപ്പുറവും ഇപ്പുറവും ചെന്നു നിന്നു വാലാട്ടുന്നതരം വിനയവും എല്ലാവരും കൂടി തന്നെ ഉപദ്രവിക്കയാണെന്ന വിഭ്രാന്തിയും ഭയവും മറ്റും മറ്റും. പക്ഷേ തന്റെ സാമാന്യപ്രസ്താവങ്ങള്‍ ഒരു നെറ്റിച്ചുളിച്ചിലുമില്ലാതെ പൊതുനന്മയെ ലാക്കാക്കി എല്ലാവരും ഉള്ളിലേയ്ക്കെടുത്തുകൊള്ളണം എന്നു മുകുന്ദന്‍ പറയുന്നതിന്റെ പൊരുള്‍ എന്താണോ എന്തോ? ഒരെത്തുമ്പിടിയും കിട്ടുന്നില്ല.

താഹാ മാടായിയുടെ മറുപടിയില്‍ ‘പുണ്യവാളന്‍’ എന്ന പദം തന്നെയാണ് മുകുന്ദന്‍ ഉപയോഗിച്ചതെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. മുകുന്ദന്‍ പറയരുതെന്നു പറഞ്ഞ ഒരു കാര്യം എഴുതിയിട്ടുമില്ലത്രേ. വി എസ്സിനെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പാടില്ല എന്ന് പറഞ്ഞ് മുകുന്ദന്‍ വിലക്കി എന്നു പറയുന്ന യാത്രാമൊഴി അപ്പോള്‍ ഇതായിരുന്നു! ടേപ്പ് താഹയുടെ കൈയ്യിലുണ്ട്. താന്‍ മനസ്സറിയാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച്, നേതാക്കന്മാരെക്കൊണ്ട് കണ്ണുരുട്ടിപ്പിച്ച് മൊത്തം വെറുപ്പിനു തന്നെ പാത്രീഭൂതമാക്കി ചെയ്തവനാണ് അഭിമുഖകാരനെങ്കില്‍, അതിനെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാതെ, മുകുന്ദന്‍ അക്കാദമി പ്രസിഡന്റു സ്ഥാനം രാജി വയ്ക്കാന്‍ തുനിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം ഒരു പക്ഷേ ഈ ടേപ്പിനെ കുറിച്ചോര്‍ത്തുള്ള നെടുവീര്‍പ്പായിരിക്കില്ലേ?

കുറച്ചുകാലം മുന്‍പ്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് നടത്തിയ അഭിമുഖത്തില്‍ (‘പറയാതിരുന്നത് വി എസ് പറഞ്ഞു തുടങ്ങുകയാണ്..’ ആഗസ്റ്റ് 31, 2008) അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍, സെപ്റ്റംബറും ഒക്ടോബറും കഴിഞ്ഞ് നവംബര്‍ ആദ്യവാരത്തെ പതിപ്പില്‍ ഒരു കത്തുകൊണ്ട് വി എസ് തിരുത്തി. ‘ അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.’ ആദ്യകാല എസ് എഫ് ഐയുടെ പ്രവര്‍ത്തകനും കൈരളി ടി വിയിലെ ക്രിയേറ്റീവ് എക്സിക്യൂട്ടീവും ആയിരുന്നു നോവലിസ്റ്റും കഥാകൃത്തുമായ ബാബു ഭരദ്വാജ് അഭിമുഖത്തില്‍ ധാരാളം അങ്കുശങ്ങളും അര്‍ദ്ധോക്തികളുമിട്ട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാതിരിക്കുന്നു എന്ന് ധ്വനിപ്പിക്കുന്നതിനോടൊപ്പം സ്വന്തം അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയുടേതെന്ന മട്ടില്‍ അവതരിപ്പിച്ചു. അതു ശരിയായില്ല എന്നായിരുന്നു വി എസിന്റെ ആരോപണം. ക്ഷമാപണമാകട്ടേ, ന്യായീകരണമാവട്ടേ അഭിമുഖകാരന്‍ കമാന്നൊരക്ഷരം മിണ്ടിയില്ല. അതങ്ങനെ അവിടെ അവസാനിച്ചു. താഹയും പറയുന്നത് ഇനി ഇക്കാര്യത്തില്‍ തനിക്കിനി മിണ്ടാട്ടമില്ലെന്നാണ്.

കൂടുതല്‍ വിശദമാകേ(ക്കേ)ണ്ട കാര്യങ്ങളാണ് അഭിമുഖമെന്ന വ്യവഹാരരൂപം വഴി പ്രകാശം നേടുന്നത് എന്നാണ് നമ്മുടെയൊക്കെ ഒരു വയ്പ്പ്. സംസാരവടിവിലത് വായനക്കാരോട് കൂടുതല്‍ അടുത്തിരിക്കുകയാണല്ലോ. തെറ്റ്. ഇപ്പോള്‍ മുഖാമുഖപുകിലുകളില്‍ നാം വരികള്‍ക്കിടയിലൂടെ വണ്ടിയോടിക്കണം. പറഞ്ഞതിലാണോ പറയാത്തതിലാണോ കാളികൂളികളും തെണ്ടനും കളിച്ചു പുളയ്ക്കുന്നത് എന്നറിയാന്‍ എത്തിവലിഞ്ഞുനോക്കേണ്ടി വരും. കവിതയിലല്ല, ദീര്‍ഘസംഭാഷണങ്ങളിലാണ് മൌനം അതിന്റെ മുഴക്കം കൊണ്ട് ഭാഷയ്ക്ക് ബഹ്വര്‍ത്ഥസാധ്യതകളുടെ കവാടം തുറന്നു കൊടുക്കുന്നത്. ഒരു പടികൂടെ കടന്ന് ഇപ്പോള്‍ പറയുന്ന ആളിന്റെ അര്‍ത്ഥമല്ല കേള്‍ക്കുന്നയാളിന്റെ അര്‍ത്ഥം എന്ന മട്ടിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. അര്‍ത്ഥത്തിന്റെ അനന്തമായ ലീലകള്‍ തന്നെ. വായിക്കുന്നവന്റെ/ളുടെ ഭാവനയ്ക്ക് ഇതില്‍പ്പരം നിര്‍വൃതി ലഭിക്കാനുണ്ടോ? കേരളത്തില്‍ ഇപ്പോള്‍ കവിതാപുസ്തകങ്ങള്‍ക്ക് വില്‍പ്പന കുറവാണത്രേ. സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതങ്ങളുടെ കേട്ടെഴുത്തു ഗാഥകള്‍ നാള്‍ക്കുനാള്‍ ബഹുവിധ അര്‍ത്ഥങ്ങളാല്‍ നിറയുന്നതും കൂടുതല്‍ ധ്വന്യാത്മകവും ആയിക്കൊണ്ടിരിക്കുന്ന വേളകളില്‍ ‘എന്തോന്ന് കവിത ’ എന്നായിരിക്കും പൊതുജനത്തിന്റെ മനസ്സിലിരിപ്പ്!

11 comments:

Anonymous said...

ellaatinEyum siddhaanthavalkkarikkaan wholesale aayi chumaT EteTuththiTTuntO? :):):)
aa kavithaa pusthaka vichaaram ishTappeTTu.
VS eviTE nilkkunnu enna chOdyaththinEkkaaL VS ennoru kathhaapaathram namukk aavaSyamuNTO illayO ennu kooTe chinthikkuka.

വികടശിരോമണി said...

ടി.പത്മനാഭൻ.എം.മുകുന്ദൻ എന്നിവരെ ആസ്ഥാനവിദൂഷകരായി അംഗീകരിക്കണം.അവരുടെ അഭിപ്രായങ്ങളെ ഇങ്ങനെ ഗൌരവമായി പരിചിന്തനം ചെയ്യുന്നതിലൂടെ താങ്കളുടെ സമയമാണ് കുന്തമാകുന്നത്.
പിണറായിക്കു പോലും മുകുന്ദന്റെ ആ പ്രശംസയിൽ സന്തോഷമുണ്ടാകുമെന്ന് തോന്നുന്നില്ല.

prasanth kalathil said...

മുകുന്ദൻ പറയാനുള്ളത് പറയട്ടെ. വായ ടേപ്പ് വച്ച് ഒട്ടിച്ചിരിക്കുന്ന പലരെക്കാൾ ഭേദമാണെന്ന് മുകുന്ദൻ എന്നു തോന്നിയിട്ടുണ്ട് ചിലപ്പോൾ, പക്ഷെ അതിൽ വലിയ കാര്യമില്ല എന്നത് വാസ്തവം.

സോവിയറ്റ് യൂണിയൻ തകർന്ന സമയത്ത് മുകുന്ദൻ ഒരു കഥ എഴുതിയിരുന്നു. മാർക്സ് കേരളത്തിലെ ഒരു വീട്ടിൽ ഒരു ദിവസം തങ്ങാൻ വരുന്നു, വഴിപോക്കനായി. പോവാൻ നേരത്ത് ഇനി എങ്ങോട്ടാ എന്ന ചോദിച്ചപ്പോൾ ഇതുപോ‍ാലെ ഓരോ വീടുകളിൽ ഓരോ ദിവസം ഇനിയുള്ള കാലം എന്നായിരുന്നു മാർക്സിന്റെ മറുപടി. ഇതിനെപ്പറ്റി ഓയെൻ‌വി വഷളൻ കഥ എന്നാണ് പറഞ്ഞത്.

അതേ മുകുന്ദൻ തന്നെ പിൽക്കാലത്ത് ദിനോസർ കഥയെഴുതി, വി.എസ്. കാലഹരണപ്പെട്ട പുണ്യവാളനെന്നു പറഞ്ഞു, പിണറായി കാലഘട്ടത്തിനു ചേർന്നവനെന്നു സൂചിപ്പിച്ചു.

ആ, ആവട്ടും.

Rejeesh Sanathanan said...

ദിനോസോറുകള്‍ ഉണ്ടാവുന്നത്..........

നല്ല പേര്.:)

Mahi said...

really great ഇന്നത്തെ വിവാദ കുരുക്കുകളില്‍പ്പെടുന്ന ഒരു വായനക്കാരന്റെ വിഷമാവസ്ഥകള്‍ അല്ലതെന്താ

കൃഷ്‌ണ.തൃഷ്‌ണ said...

സാംസ്കാരികനായകന്‍മാര്‍ രാഷ്ട്രീയചായ്‌വിലോ തണലിലോ എത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ചില രാസമാറ്റങ്ങള്‍..

Dinkan-ഡിങ്കന്‍ said...

ഒരു മുകുന്ദനും,മാധവനും അല്ലാതെ വേറാരാണ് മലയാള എഴുത്തുകാരിൽ (ദാർശനിക ഉത്തരീയം ഇല്ലാതെ) എക്സ്പ്ലിസിറ്റ് പൊളിറ്റിക്സ് എഴുതുന്നത്/പറയുന്നത്?

Dinkan-ഡിങ്കന്‍ said...

* മുകുന്ദസാഹിത്യത്തെ അഭിപ്രായവുമായി കൂട്ടിക്കുഴയ്ക്കുന്നില്ല അതും കാല....

Anonymous said...

കുപ്പ.
മുകുന്ദങ്കുപ്പ. മാധവൻ കുപ്പ.
വെള്ളെഴുത്തും കുപ്പ.
കഴുക് കൈ.

ഉപ ബുദ്ധന്‍ said...

മഹാശ്വേതാദേവിയെ ചീത്ത പറഞ്ഞത് അച്യുതാനന്ദന് വേണ്ടി.

വേറെ ന്യായീകരണങ്ങള്‍ നടത്തിയത് പിണറായിക്ക് വേണ്ടി...


എഴുത്തോ നിന്‍റെ കഴുത്തോ എന്ന് ചോദിച്ചാല്‍
കഴുത്ത് എന്ന് പറയുന്ന പാവം

ഗൗരിനാഥന്‍ said...

jജനാധിപത്യം എന്നത് നമ്മുടെ നാട്ടിലുണ്ടോ? ഇപ്പോള്‍ സാംസകാരിക നേതാക്കളും, രാഷ്ട്രീയക്കാരും നടത്തുന്ന നാടകങ്ങള്‍ അല്ലെ നടക്കുന്നത്..മഹാ നാണക്കേട് ..