November 26, 2008

പെണ്‍ഭയങ്ങളുടെ പൊന്നമ്പലമേട്



മലയാളിയുടെ സാഹിത്യാസ്വാദനശേഷിയെ ഉയര്‍ത്തുകയോ വിപുലപ്പെടുത്തുകയോ ഒക്കെ ചെയ്ത കൃതികളെ ഇടയ്ക്കൊക്കെ ഒന്നു പൊടിതട്ടിയെടുത്ത് പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ സാംസ്കാരിക മൂലധനത്തിന്റെ മഹത്തായ ഈടുവയ്പ്പുകളായി മച്ചകത്തിനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളവയെ, ചിലതിനെയെങ്കിലും. മാറിയ കാലത്തില്‍ അവയ്ക്ക് നമ്മോട് പറയാനുള്ളത് എന്തായിരിക്കും? മറ്റൊരാവശ്യത്തിനായി ‘രമണനെ’ എടുത്ത് മറിച്ചുനോക്കിയപ്പോഴാണ്, മലയാളി ഇപ്പോഴും ആ കൃതിയില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് എന്താണ് എന്നൊരു ചിന്തയുണ്ടായത്. കഥയും ആഖ്യാനവും ഘടനയും എല്ലാം പുരുഷകേന്ദ്രിതമാണതില്‍. 1945-ല്‍ തന്നെ രമണന് ഒരു പെണ്‍ വായനയുണ്ടായിട്ടുണ്ട്. ബി സരസ്വതിയമ്മ എഴുതിയ ‘രമണി’ എന്ന കഥയുടെ രൂപത്തില്‍. (ഗീത ഈ കഥയെക്കുറിച്ച് എഴുതിയിട്ടുണ്ട്, ‘പെണ്‍ വായന എഴുത്തായപ്പോള്‍’‍) ‘നേരിടാനൊരു തുച്ഛമാകും/ നേരമ്പോക്കാണോ വിവാഹകാര്യം?’ എന്നും ‘തുച്ഛനാമെന്നെ നീ സ്വീകരിച്ചാ/ലച്ഛനുമമ്മയ്ക്കുമെന്തു തോന്നും?’എന്നും ചന്ദ്രികയോടു ചോദിക്കുന്ന ആളാണ് രമണന്‍. ‘നമ്മള്‍ കാണുന്ന സങ്കല്പലോകമല്ലീയുലകം’ എന്നയാള്‍ തന്റെടുത്ത് പ്രണയാഭ്യര്‍ത്ഥനയുമായി വന്ന പെണ്ണിനെ പഠിപ്പിക്കുന്നുമുണ്ട്. പക്ഷേ ചന്ദ്രികയുടെ വിവാഹത്തിന്റന്ന് - അന്നു തന്നെ- തന്റെ ഉപദേശങ്ങളെ സൌകര്യപൂര്‍വം വിഴുങ്ങിക്കൊണ്ട് കെട്ടി തൂങ്ങി ചത്തു. വിവാഹം നേരമ്പോക്കല്ലെന്നും, സങ്കല്‍പ്പമല്ല ഈ ഉലകമെന്നും അപ്പോള്‍ അയാള്‍ക്ക് അറിയില്ലായിരുന്നോ? ഇതു മാത്രമല്ല. അവരുടെ സമാഗമങ്ങള്‍ മുഴുവന്‍ ചന്ദ്രികയുടെ സ്വച്ഛന്ദമായ വികാരപ്രവാഹത്താലും രമണന്റെ സൌജന്യ ഉപദേശങ്ങളാലും സമുദായ ഭയത്താലും വാചാലമാണ്. ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ മലര്‍ത്തോപ്പില്‍ തനിച്ചിരുന്നിട്ടും രമണന്‍ ചന്ദ്രികയെ തൊട്ട് ‘അശുദ്ധ’മാക്കിയില്ല. ഈ മാന്യതയാണ് മൂല്യവാദികളെക്കൊണ്ട് ചന്ദ്രികയെ ചീത്ത വിളിപ്പിക്കുന്നത്. രമണന്‍ ഒരിക്കലും വര്‍ത്തമാന(കാല)ത്തില്‍ ജീവിച്ചതേയില്ല. ചന്ദ്രിക അത് വ്യക്തമാക്കുന്നുണ്ട്. ‘ദൂരത്തില്‍ അവ്യക്തമായി മൂളിക്കൊണ്ടിരിക്കുന്ന ഭാവിയെ പേര്‍ത്തും പേര്‍ത്തും ഓര്‍ത്ത് ഓരോ നവം നവമായ വിഷാദത്തിന് എന്തിനാണ് മനസ്സിനെ വിധേയമാക്കുന്ന’തെന്ന് ചോദിച്ച്. ‘നവം നവം’ എന്ന പ്രയോഗത്തിന് പ്രത്യേക ചാരുതയുണ്ട്. ഓരോ കാര്യം പറഞ്ഞ് ചിണുങ്ങിക്കൊണ്ടേയിരിക്കുക. അതാണ് രമണന്‍ ചെയ്യുന്നതെന്ന്. രമണന്‍ എന്ന പിന്‍‌വാങ്ങല്‍ വിദഗ്ധന് അത് മനസ്സിലാവുമോ?

രമണന്‍ ഓടി ഒളിക്കുകയായിരുന്നു. പ്രണയത്തില്‍ നിന്ന്, രതിയില്‍ നിന്ന്, ദാമ്പത്യത്തില്‍ നിന്ന്, തന്നില്‍ തന്നെ നിന്ന്. ‘കാനനഛായയില്‍ ആടുമേയ്ക്കാന്‍ തന്നെയും കൊണ്ടു പോണ’മെന്ന പ്രണയിനിയുടെ അര്‍ത്ഥനയ്ക്ക് ഒരു ജീവിതത്തോളം നീളമുണ്ടെന്ന് കാല്‍പ്പനികനായ അയാള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതെന്ത്? കാട്ടിലേയ്ക്കു കൊണ്ടു പോകാനായിരുന്നോ ജീവിതത്തിലേയ്ക്ക് കൂട്ടാനോ അവള്‍ ആവശ്യപ്പെട്ടത്? അയാള്‍ക്ക് ജന്മം നല്‍കിയ കവി, പെണ്‍ചതി, ചാപല്യം എന്നൊക്കെയാവര്‍ത്തിക്കുകയും എല്ലാ കൈനാട്ടികളും ചന്ദ്രികയ്ക്കു നേരെ തിരിച്ചു വയ്ക്കുകയും ചെയ്തിട്ടും ചന്ദ്രികയെപ്പറ്റി എതിര്‍പ്പിന്റെ ഒരക്ഷരം പോലും അയാളില്‍ നിന്നുയരുന്നില്ല. അയാളുടെ നിലയ്ക്ക് അയാള്‍ കുറ്റപ്പെടുത്തേണ്ടത് ചന്ദ്രികയെയാണ്. പക്ഷേ ചീത്ത വിളിക്കുന്നതു മുഴുവന്‍ ലോകത്തെയും സമൂഹത്തെയും പ്രപഞ്ചത്തെയുമൊക്കെയാണ്. ( "ഘോരമേ, കുടില സര്‍പ്പമേ, കുടലുമാലയണിഞ്ഞ കങ്കാളമേ"....... ചന്ദ്രികയല്ല. ഹൃദയശൂന്യപ്രപഞ്ചത്തിനാണ് തെറി വിളി മുഴുവന്‍ !) വികാരത്തോടു പോലും സത്യസന്ധനാവാതെ തന്നില്‍ നിന്നും പിന്‍‌വാങ്ങിക്കളിച്ചു, അയാള്‍. പ്രണയിനി വിവാഹിതയാവുന്ന ദിവസം തന്നെ ആത്മഹത്യ ചെയ്തതില്‍ അവളുടെ ശരീരത്തെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാനാകായ്കയുമുണ്ട്. രമണന്‍ കാട്ടിക്കൂട്ടിയതുപോലെ അത്ര പാവനവും പരിശുദ്ധവുമായിരുന്നു അയാളുടെ പ്രേമമെങ്കില്‍ അയാള്‍ ഉപദേശിച്ചതുമാത്രമേ ചന്ദ്രിക ചെയ്തിട്ടുള്ളൂ. അവള്‍ക്ക് നല്ലൊരു ജീവിതം ലഭിക്കുന്നതില്‍ സന്തോഷിക്കേണ്ട, മാംസനിബദ്ധമല്ലാത്ത പ്രേമത്തിന്റെ ഉടമ, പിന്നെന്തിനാണ് കയറെടുത്ത്, കിലുകിലാ വിറച്ചുകൊണ്ട് വൃക്ഷശാഖയില്‍ ദൃഢമായി ബന്ധിച്ചത്? പി ബാലചന്ദ്രന്റെ ഒരു നാടകത്തില്‍ -മദ്ധ്യവേനല്‍ പ്രണയക്കിനാവ്- രമണന്‍ എന്ന കഥാപാത്രം പറയുന്നതുപോലെ ‘ഞാന്‍ പ്രേമിച്ചത് ചന്ദ്രികയെയല്ല, ആത്മഹത്യയെയാണ്. എന്തു വന്നാലും എനിക്കു മരിക്കണം.’

രമണനില്‍ ഒരു പാട് കുഴമാന്തങ്ങള്‍ കിടന്ന് വട്ടം കറങ്ങുന്നുണ്ട്. ലോകാപവാദത്തെ പേടിക്കാത്ത ചന്ദ്രിക അച്ഛനമ്മമാരെ അനുസരിച്ച് വിവാഹിതയായി. നാഴികയ്ക്കു നാല്‍പ്പതു വട്ടം ലോകം, സമുദായം, സമൂഹം എന്നൊക്കെ പേടിച്ചു മാന്യനാവാന്‍ നോക്കിയ രമണന്‍ പ്രാണവിലംഘിയായ തീരുമാനമെടുത്ത് മൊത്തം കാര്യങ്ങളെ സമൂഹത്തിന് അലക്കാനിട്ടുകൊടുത്തു. ചന്ദ്രികയുടെ ബാക്കി ജീവിതമോ, അതയാള്‍ക്ക് അപ്പോള്‍ പ്രശ്നമല്ലേ? അതായിരുന്നില്ലല്ലോ അയാളുടെ നാട്യം, ജീവിച്ചിരുന്നപ്പോള്‍! അതിനേക്കാള്‍ പ്രധാനമായി തോന്നുന്നത് പെണ്‍ശരീരത്തെ ഭയക്കുന്ന ഒരാണ്‍ മനസ്സിന് ആദര്‍ശാത്മകതയുടെ പേരില്‍ ലഭിച്ചിരിക്കുന്ന പ്രാധാന്യമാണ്. രമണന്‍ രണ്ടാം ഭാഗത്തിലെ മൂന്നാം രംഗത്തില്‍ കഠാരയും പിടിച്ച് ധര്‍മ്മസങ്കടത്തില്‍ ഉഴലുന്ന ചന്ദ്രികയുടെ ചിത്രമുണ്ട്. to be or not to be? അതോ ഇതോ? എന്നിട്ട് കുഠാരം താഴെ എറിഞ്ഞിട്ടാണ്, ‘എന്തു വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലെയുള്ളൊരീ ജീവിതം’ എന്നവള്‍ തീരുമാനത്തിലെത്തുന്നത്. ഇതും അവസാനരംഗത്തിലെ മദനന്റെ ദീര്‍ഘദീര്‍ഘമായ പ്രലാപവും കുത്തുവാക്കുകളും ചേര്‍ന്നാണ് ചന്ദ്രികയെ ആണ്‍‌രക്തം കുടിക്കുന്ന യക്ഷിയുടെ വിദൂരചാര്‍ച്ചകാരിയാക്കി രമണവായനക്കാരുടെ ഹൃദയത്തില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചത്. രമണന്‍ ഒരു യക്ഷിക്കഥയാണ്. ലൈംഗികോദയഘട്ടത്തിലെ ഒരു കൌമാരഭയത്തെ, താരുണ്യത്തിലേയ്ക്ക് നീട്ടിയെടുത്ത് സാമാന്യബോധത്തിനു സമ്മതമായ ഒരു കാഴ്ചപ്പാടാക്കി, ഭദ്രമായി അവതരിപ്പിച്ചു. അതാണ് രമണന്റെ വിജയം. പെണ്ണുങ്ങളെല്ലാം അങ്ങനെയാണെന്ന ധാരണയില്‍ ഗൃഹാതുരത്വത്തോടെ ചെന്നു തൊടാന്‍ കാലാകാലം അതു അവസരമൊരുക്കിക്കൊണ്ടിരിക്കുന്നു.

വെറുതേ ഇറങ്ങിയൊന്ന് നടന്നു നോക്കുക, കുറച്ച് പഴക്കമുള്ള നമ്മുടെ സാംസ്കാരികമായ ഊടുവഴികളിലൂടെ.
കുമാരനാശാന്റെ നായകന്മാരെല്ലാം സ്ത്രീയില്‍ നിന്ന് പലതരത്തില്‍ ഒളിച്ചോടുന്നവരാണല്ലോ. ആകെ ഒന്നിച്ചുച്ചേരാന്‍ തീരുമാനമെടുക്കുന്ന ഒരേയൊരു കൃതി ‘ദുരവസ്ഥയി’ല്‍ സാവിത്രി- ചാത്തന്മാരുടെ സംഗമനിമിഷത്തിലെ ഒരു സ്വഭാവോക്തിവര്‍ണ്ണന (‘ഊതി കുളിര്‍കാറ്റു, മങ്ങിക്കനല്‍ മിന്നും/ ‘ജാതവേദസ്സു’ മിഴിയടച്ചു’) അത്ര നിരുപദ്രവകരമല്ലെന്ന് വി ടി ഗോപാലകൃഷ്ണന്‍ പണ്ടേ പരാതി പറഞ്ഞിരുന്നു. (‘മാംസനിബദ്ധമല്ല രാഗം’ എന്ന പുസ്തകം) കാത്തുകാത്തിരുന്ന് ഒടുവില്‍ ആണും‍-പെണ്ണും ഒന്നിക്കുന്ന രാത്രിയില്‍ തീ ‘മിഴിയട’യ്ക്കുകയാണോ ആളിക്കത്തുകയാണോ ചെയ്യേണ്ടത്? മൊത്തത്തില്‍ ഒരു ശൈത്യം സംശയകരമായ രീതിയില്‍ പടര്‍ന്നുകിടക്കുകയാണെന്ന് അര്‍ത്ഥം. വെളിച്ചം, കുമാരനാശാന് ഒഴിയാബാധയായ ഭാവചിഹ്നമായിരുന്നു. എന്നിട്ടും യുഗസംക്രമത്തിന്റെ ഗരിമയുള്ള ഒരു സമാഗമത്തിന് പശ്ചാത്തലം ആകെയുള്ള തീയും കെട്ട ഇരുട്ട്! ആശാന്റെ സ്വാതന്ത്ര്യഗാഥകള്‍ക്ക് അത്ര ഗോചരമല്ലാത്ത അതിരുകള്‍ ഉണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്. ആന്തരികമായി അതു ചില അതിരുകളില്‍ ചെന്നു നിന്നു കിതയ്ക്കുന്നുണ്ട്! അത്രയും തിരിച്ചറിയാന്‍ കഴിയാതിരുന്നത് ശരീരങ്ങളെ (അവനവന്റെയും പെണ്ണിന്റെയും) മലയാളി വല്ലാതെ ഭയന്നതുകൊണ്ടാണ്. ജീവിതകാലം മുഴുവന്‍ ഭഗ്നപ്രണയത്തില്‍ മനസ്സു വെന്തു പാട്ടു പാടി നടന്ന ചെമ്മീനിലെ പരീക്കുട്ടി, കറുത്തമ്മയുമായി ശാരീരികമായി ഒന്നിച്ചുച്ചേരാന്‍ സ്വന്തം ജീവനാണ് വിലകൊടുത്തത്. അതിനു മുന്‍പു വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല, കണ്ണീരിനു സ്വല്പം ഉപ്പുകൂടിയിരുന്നതല്ലാതെ. ദുരൂഹമായ പ്രപഞ്ചനീതി (ഘോരസമുദായമൊന്നുമല്ല) പാപത്തിനെതിരെ മരണത്തെ ഇറക്കിക്കളിച്ചു, രണ്ടു ജീവിതമാണ് ഒപ്പം പൊലിഞ്ഞത്. പളനിയുടെയും കറുത്തമ്മയുടെയും. പാപത്തിന് ‘ഭയങ്കരമായ’വില തന്നെ! അപ്പോള്‍ ലൈംഗികത പാടില്ല. ഈ പരിസരത്തില്‍ നിന്നൊക്കെ എടുത്തണിഞ്ഞതാണ് നമ്മുടെ ആണ്‍സ്വത്വങ്ങളുടെ കിന്നരികള്‍. ആവിഷ്കാരം മുരടിച്ച രതിചോദനകളും കുറ്റബോധവും മരണാഭിമുഖ്യവും ചേര്‍ന്നു ചുരമാന്തുന്ന മനസ്സിന്റെ ഇരുട്ടുമൂലകള്‍ വെളിപ്പെട്ടു കിട്ടാന്‍ ചിലപ്പോള്‍ സമൂഹം നെഞ്ചേറ്റി ലാളിക്കുന്ന കൃതികളിലേയ്ക്ക് നോക്കിയാല്‍ മതി.

രമണനു വയസ്സ് എഴുപതു കഴിഞ്ഞു. (1936-ലാണ് രമണന്റെ ആദ്യപതിപ്പിറങ്ങിയത്) ആണെഴുതുന്ന വാക്യങ്ങളില്‍ പെണ്‍ ചാപല്യങ്ങള്‍ക്ക് ഇപ്പോഴും അങ്കുശമില്ല. തരം താഴ്ത്തപ്പെട്ട എതിര്‍ലിംഗത്തില്‍ നിന്നും പ്രണയം എന്താണെന്ന് മലയാളി പുരുഷന്‍ അറിയാന്‍ പോകുന്നില്ല. കിട്ടാത്തത് കൊടുക്കാന്‍ കഴിയുമോ? ‘മാംസനിബദ്ധമല്ലാത്ത രാഗ’ത്തിന്റെ രാജപാതകള്‍ ജീവശാസ്ത്രപരമോ വൈകാരികമോ മാനസികമോ ആയ കാരണങ്ങളാല്‍ അവലംബിക്കാന്‍ അവനു സാദ്ധ്യവുമല്ല. അപ്പോള്‍ ഊടുവഴികളേ ശരണമ്പൊന്നയ്യപ്പാ !

ചിത്രം : എന്‍ ബി എസ് രമണന്‍ പതിപ്പിന്റെ മുഖചിത്രം. സി എന്‍ കരുണാകരന്റെ പെയിന്റിംഗ്.

November 22, 2008

വളവു തിരിഞ്ഞ് അപ്രത്യക്ഷമാവുന്ന കാറ്‌




പ്രവാസം എന്തൊരു വാസമാണെന്ന് ചിലരു ചോദിക്കും. ആരും പറഞ്ഞയച്ചതല്ലല്ലോ, വേണം എന്നു വച്ചു പോകുന്നതല്ലേ പിന്നെ പ്രവാസത്തിന്റെ അനുഭവങ്ങള്‍ എന്നൊക്കെ പറഞ്ഞ് നൊമ്പരപ്പെടുകയും വിതുമ്പുകയും ചെയ്യുന്നത് ഒരു തരം തട്ടിപ്പല്ലേ എന്ന്, ഗള്‍ഫില്‍ നിന്നു കൊണ്ടു വന്ന കുപ്പി തുറന്ന് സത്കാരം കൊള്ളുന്നതിനിടയില്‍ കൊള്ളാവുന്ന ഒരു കവി അയാള്‍ക്കു വേണ്ടി ഗ്ലാസു നിറയ്ക്കുന്ന ഗള്‍ഫുകാരനോട് ചോദിക്കുന്നതു കണ്ടിട്ടുണ്ട്. മൊത്തം ഇന്ത്യാക്കാര്‍ക്കായി മഞ്ഞണിഞ്ഞ മലമുകളില്‍ ഉറക്കമിളച്ചു കാവല്‍ നില്‍ക്കുന്ന അര്‍ദ്ധസൈനികന്റെ മഹത്വം എന്തായാലുമില്ല, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മന്ദഗതിയിലാക്കാതെ ഒരു വിധം ഉന്തിത്തള്ളിക്കൊണ്ടു പോകുന്ന ഗള്‍ഫു പണത്തിന്. ഗള്‍ഫുകാരന്മാരുടെ ( കാരികളുടെയും) വിയര്‍പ്പിനെന്താ പ്രത്യേക പദവിയെന്നാണ് കെ പി നിര്‍മ്മല്‍ കുമാര്‍ പണ്ട് മാതൃഭൂമിയിലെ തന്റെ സാമ്പത്തികകാര്യലേഖനത്തില്‍ ചോദിച്ചത്. അതിനു മാത്രമെന്താ ടാക്സില്ലാത്തത്?

വീടു വിട്ട പിഴച്ച സന്തതിയുടെ വികസിതമായ രൂപകമാണെന്നു തോന്നുന്നു കോമാളി. ഇരുത്തം വന്ന ഒരാളായിട്ടല്ല പൊതു സമൂഹം ദേശാന്തരഗാമിയെ കാണുന്നത്. അയാള്‍ മറ്റൊരു ജനുസ്സുമാണ്. തിരിച്ചു വരുന്നത് അയാളൊരിക്കല്‍ വിട്ടുപോയ കാലത്തിലേയ്ക്കാണ്, അപ്പോഴേക്കും സ്ഥലകാലങ്ങള്‍ ഒരു പാട് മാറിയെന്ന സത്യം പ്രവാസിയുടെ അബോധമനസ്സ് ഉള്‍ക്കൊള്ളാതിരിക്കും. കാലം തെറ്റിയ അഭിലാഷങ്ങള്‍ക്ക് നിറം പകരാനുള്ള ആഗ്രഹമാണ് പലപ്പോഴും അയാളുടെ തരളസ്മൃതികള്‍. എന്നോ ഒരിക്കല്‍ തിരിച്ചു വന്ന്, പാടേ മാറിപ്പോയ പഴയ പറമ്പില്‍ പൊട്ടിയ സ്വന്തം വേരുകളുടെ ഇണയറ്റങ്ങളെ തിരയുന്ന ഉന്മാദിയുടെ ഏകാകിതയുണ്ട് ആ ചേഷ്ടകളില്‍. അപ്പോള്‍ പ്രവാസമെന്നത് വെറുമൊരു തോന്നലല്ല. അതുണ്ട്. ഉള്ളില്‍, ഉള്ളിന്റെയുള്ളില്‍ മറ്റെന്തൊക്കെയോ ആയി കെട്ടു പിണഞ്ഞ്.

ഒരു പ്രവാസി, കൂട്ടിയിണക്കാന്‍ പറ്റാത്ത വാസനകളെ കരുണയില്ലാതെ പിന്‍ പറ്റുന്ന ഒരു പരദേശി എല്ലാവരിലുമുണ്ട്. നാട്ടിന്‍ പുറത്തെ വീട്ടിലേയ്ക്ക്, കൃഷിപ്പാടത്തിലേയ്ക്ക്, നന്മയുടെ നിറകുടം കൂടിയായ പഴയ തലമുറയിലേയ്ക്ക് നഗരത്തിരക്കുകളില്‍ നിന്ന് തിരിച്ചെത്താന്‍ വെമ്പുന്നത് അയാളാണ്. ചക്കമുളഞ്ഞുപോലെ ഒട്ടിപ്പിടിക്കുന്നത് എന്നൊരു വിശേഷണമുണ്ട്, ‘പരോളില്‍’ ഗള്‍ഫു വാസത്തിന്. എത്ര കുടഞ്ഞെറിഞ്ഞാലും പിന്നെയും പിന്നെയും പോകാതെ തന്നിലവശേഷിക്കുന്നത് എന്നൊരു വ്യാഖ്യാനമുണ്ടതിന്. എവിടെയ്ക്കോ പുറപ്പെട്ടു പോകാനുള്ള ത്വര. എന്തില്‍ നിന്നു വിട്ട് എന്തിലേയ്ക്ക് ഓടാനാണിങ്ങനെ ത്രസിക്കുന്നത്? എന്റെ മുന്നില്‍ ‘പരോളിന്റെ’ തിരക്കഥയുണ്ട്. എന്നോ തുടങ്ങിയ മലയാളിയുടെ ദേശാന്തരഗമനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു, അവിരാമമായി. പരോളിന് രംഗപാഠം ചമയ്ക്കാന്‍ മണല്‍ക്കാടുകളില്‍ നിന്ന് തന്നെ കുറച്ചുപേര്‍ കരുതലും കരുണയുമായി പുറപ്പെട്ടു വരുമ്പോള്‍ അതില്‍ ഏകാന്തതയുടെ നീലിച്ച ഞരമ്പുകള്‍ മീട്ടുന്ന വിഷാദം നിറഞ്ഞ ഗാനം ആധാരശ്രുതിയായി ഉണ്ട്. പ്രവാസം നാലാം തലമുറയിലേയ്ക്ക് തിരിനീട്ടുകയാണ്. കടപൊട്ടുന്ന വേരുകളുടെ ശബ്ദം ഇപ്പോള്‍ അതീവ സൌമ്യമായിരിക്കുന്നു. അവ കുഞ്ഞുവേരുകളാണ്. നമുക്കിപ്പോള്‍ നൊസ്റ്റാള്‍ജിയെന്നു വിളിച്ചു ആധിപിടിക്കാന്‍ ഒരു തലമുറ ജന്മം കൊണ്ട് വളരുകയാണ്. അവരുടെ ലോകം എന്തോ ആകട്ടേ, അവര്‍ക്കില്ലാതെ പോകുന്നത് എന്ന ഉത്കണ്ഠയെയും പ്രവാസിതയുടെ നാള്‍ വഴികളില്‍ എഴുതി വയ്ക്കേണ്ടതില്ലേ എന്ന് ‘പരോള്‍’ ചോദിക്കുന്നതായി തോന്നുന്നു. തിരിച്ചു വരവിനെ അനുവദിച്ചു കിട്ടിയ സൌജന്യമായി, പരോളായി കുറിച്ചു വയ്ക്കുന്നതില്‍ ചെന്നുവീണേടം കാരാഗൃഹമാണെന്ന അതിഭാവുകത്വtത്തിന്റെ വാസ്തവമെന്തെന്ന് സ്വയം ചോദിക്കാം. നമ്മുടെ തിരിച്ചു വരവുകളെല്ലാം മുത്തശ്ശിയുടെ മടിയിലേയ്ക്കും പച്ചച്ച പ്രകൃതിയിലേയ്ക്കും ഗൃഹോപജീവികളുടെ മുഖരപ്പുകളിലേയ്ക്കും കരമുണ്ടുടുത്ത നന്മയിലേയ്ക്കും മാത്രമാവുമോ എപ്പോഴും എന്നും. കല്പനകളേക്കാള്‍ ഉന്നതിയിലാണ് ജീവിതാനുഭവങ്ങളുടെ കെടുകാറ്റുകള്‍. എങ്കിലും ‘പരോള്‍’ മുന്നില്‍ വയ്ക്കുന്ന വാസ്തവം മുഖാമുഖം നോക്കി നില്‍ക്കുന്ന ഒരു ‘പുറപ്പെട്ടു പോകലും‘ ഒരു ‘തിരിച്ചു വരവു’മാണ്. ഇതിനിടയ്ക്ക് ഏതു ദേശമാണ് ‘സ്വദേശം’?

മണികണ്ഠന്റെ ‘പരോള്‍’ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ടെലിഫിലിം ആവുകയാണ്. നവംബര്‍ 25 മുതല്‍ 28 വരെയുള്ള തിയതികളില്‍ പട്ടമ്പിയിലെ ചാത്തനൂരില്‍ വച്ച് ഷൂട്ടിംഗ് നടക്കും. മനുഷ്യമനസ്സിനുള്ളിലെ ആടിയുലയുന്ന മണല്‍ക്കാടുകള്‍ ‘അതിശയലോക’ത്തില്‍ പകര്‍ത്തിയിട്ട സനാതനന്റെ സംവിധാനത്തില്‍. ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജിപ്രസാദ്. കലാസംവിധാനം ഡിസ്നി വേണു. കുമാറിന്റെ മകള്‍ കല്ലു എന്ന കല്യാണിയാണ് മുഖ്യവേഷത്തില്‍. കരമന സുധീര്‍,സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍,വിപ്ലവം ബാലന്‍, ര്‍ജീഷ്.പി, സിജി, അഭിജിത്, കുഞ്ചോ എന്നിവര്‍ക്കൊപ്പം. ബാനര്‍, കാഴ്ച ചലച്ചിത്രവേദി.

ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ ആദ്യപ്രദര്‍ശനം നടക്കും.

November 16, 2008

മലയാളത്തിന്റെ പുതിയ കീറക്കുപ്പായം




“മലയാളം ഭാഷ എന്ന നിലയില്‍ നൂറു വര്‍ഷം കൂടി ജീവിച്ചേക്കും. ക്രമേണ ഇതൊരു സംസാരഭാഷമാത്രമായി ചുരുങ്ങും. അടുത്ത ഘട്ടത്തില്‍ മൃതഭാഷയാകും.”
- ഡോ. റോഡ്‌നി മോഗ്,
ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ മലയാളവും ഹിന്ദിയും പഠിപ്പിച്ചിരുന്ന അന്ധനായ പ്രൊഫസര്‍.



ക്ലാസിക്കല്‍ ഭാഷാനിര്‍ണ്ണയത്തിനു കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണയിച്ച മാനദണ്ഡം കൊച്ചുകുട്ടിയ്ക്കു പോലും മനസ്സിലാവുന്ന തരത്തില്‍ ലളിതമാണ്, ജനിച്ചിട്ട് 1500 വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം. (2000 വരെ ആകാം) ജനനരേഖയായി അത്രയെങ്കിലും പഴക്കമുള്ള വരമൊഴിരേഖ (തന്നെ) ഹാജരാക്കണം. സമ്പന്നമായ സാഹിത്യപാരമ്പര്യം പുതിയ തലമുറയ്ക്കു മുന്‍പില്‍ ചുരുളു നിവര്‍ത്തി വയ്ക്കാനുണ്ടാവണം. മലയാളത്തെ വെളിയിലിരുത്താന്‍ ആരോ ഇടം കൈ കൊണ്ട് വാപൊത്തി ചിരിച്ചുകൊണ്ടെടുത്ത തീരുമാനം പോലെയുണ്ട് ഈ കണക്ക്. തെലുങ്കിന് 2000 കഷ്ടി തികയേ ഉള്ളൂ. കന്നടയ്ക്ക് പിന്നെയും ഒരഞ്ഞൂറ് പിന്നോട്ടു പോകണം. 500 വര്‍ഷം കൂടികുറച്ചിരുന്നെങ്കില്‍ ആഢ്യപദവി ലഭിക്കാതെ ഏകാകിയായി മലയാളത്തിനു മാത്രമായി നടയിറങ്ങി പോകേണ്ടി വരുമായിരുന്നില്ല. അപ്പോള്‍ പതിവുപോലെ ഇതിന്റെ പിന്നിലും പൊളിടിക്സു തന്നെയല്ലേ സാറേ എന്നു ചോദിക്കാന്‍ തോന്നാതിരിക്കുമോ? (അല്ല അതിപ്പം പൊളിടിക്സ് ഏതിലാ സാറേ, ഇല്ലാത്തത്? ഗോവന്‍ മേളയിലെ ഇന്ത്യന്‍ പനോരമയിലേയ്ക്ക് ചിത്രങ്ങള്‍ തെരെഞ്ഞെടുത്തപ്പോള്‍ പ്രായവും പാരമ്പര്യവുമുള്ള വിഷ്ണു വര്‍ദ്ധനന്റെ ‘ബില്ല’ അകത്ത്, രണ്ടും കുറഞ്ഞ ശശികുമാറിന്റെ ‘സുബ്രഹ്മണ്യപുരം’ പുറത്ത് ! ന്യായം നമുക്കറിയാത്തതാണോ?) പിന്നെയുമുണ്ട് കാരണം മലയാളത്തിനു ക്ലാസിക്കല്‍ സ്ഥാനമില്ലെന്നു കേട്ടയുടന്‍ ഭാഷാസ്നേഹികളുടെ അര്‍ദ്ധനിമീലിതമിഴികളില്‍ ബാഷ്പകണങ്ങള്‍ ഉരുണ്ടുകൂടി ആമലകീഫലം പോലെ ഞെട്ടുപൊട്ടാതെ നിന്നതെയുള്ളൂ. സ്വാഭാവിക പ്രതികരണങ്ങള്‍ അര്‍ദ്ധഗര്‍ഭമായ നിശ്ശബ്ദതയിലൊതുങ്ങി. ചാടിപ്പിടഞ്ഞത് രാഷ്ട്രീയക്കാരാണ്. ഇപ്പം തകര്‍ത്തുകളയും എന്ന മട്ടില്‍. പ്രഫസര്‍ കുറ്റക്കാരന് അവിടെയും കുറ്റം മാത്രം കാണാം. കാരണം ക്ലാസിക്കല്‍ ഭാഷകളുടെ പ്രോത്സാഹനത്തിനായി കോടികളാണ് ഒഴുകാന്‍ പോകുന്നത്. ആ ചക്കരക്കുടം മറ്റുള്ളവര്‍ നക്കുന്നത് നോക്കിയിരിക്കുന്നവന്റെ ഇച്ഛാഭംഗം ഇത്രയെന്നു പറയാവതല്ല.

ഈ വിവാദം വരുന്നതിനു മുന്‍പ് ഹിന്ദിഭാഷാപ്രചരണമേളകളും സമ്മാനദാനങ്ങളും പത്രത്തില്‍ വരുന്നതു നോക്കിയിരിക്കുകയായിരുന്നു ഞാന്‍. അതിപ്പോള്‍ കുറച്ചു കൂടുതലാണ് നമ്മുടെ കൊച്ചു കേരളത്തില്‍. (ദക്ഷിണേന്ത്യയില്‍ ഹിന്ദിയ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് കേരളമാണ്.. ആ നിലയ്ക്ക് ഒരു പദവിയ്ക്ക് സ്കോപ്പുണ്ട്.) താത്കാലികതയിലാണ് നമ്മുടെയൊക്കെ ജീവിതം എന്നുള്ളതുകൊണ്ട് ഏതു വേദിയിലാണോ നില്‍ക്കുന്നത് അതിനെ വാനോളം പൊക്കുക എന്നതാണ് ( അസംബന്ധത്തോളം എത്തിയാലും സാരമില്ല) രാഷ്ട്രീയക്കാരുടെ പൊതുനയം. ഭാഷ എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ക്ക് ഭാഷാപരമായ സമഗ്രബോധം ഇല്ലാത്തതിനെപ്പറ്റി വിഷാദിക്കുന്നത് അങ്ങേയറ്റത്തെ അസംബന്ധമാണെന്ന് അറിയാതെയല്ല. എങ്കിലും നമ്മുടെ സ്വത്വത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ പോലും നാം അവലംബിക്കുന്ന കുറ്റകരമായ അനാസ്ഥ എവിടേയ്ക്കാണ് നയിച്ചുകൊണ്ടു പോകുന്നത് എന്നതില്‍ ഉത്കണ്ഠയുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ നിയമിച്ച ഏകാംഗ കമ്മീഷന്‍ അംഗം ഒ എന്‍ വി കുറുപ്പ് സംസ്കാരിക മന്ത്രിയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു, ‘ഭാഷകള്‍ക്ക് സംസ്ഥാനീയതയാണുള്ളത്. ക്ലാസിക്കല്‍ പദവി നല്‍കി അവയെ വേര്‍തിരിക്കരുത്.” എന്തു കുന്തമാണ് ഈ സംസ്ഥാനീയത എന്ന് തീര്‍പ്പാക്കാന്‍ മറ്റൊരു ഏകാംഗ കമ്മീഷന്‍ വേണ്ടി വരുമെന്നു തോന്നുന്നു. ചില ഭാഷകളില്‍ രണ്ടാം തരം പൌരത്വം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. മലയാളത്തെ മാത്രം ദക്ഷിണേന്ത്യയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാല്‍ അളവുകോല്‍ തെറ്റാണ്. (ഇതൊക്കെയല്ലാതെ പിനെന്തോന്ന് പറയാന്‍?) ആന്ധ്രാപ്രദേശ് ഔദ്യോഗിക ഭാഷാസമിതിയുടെ ചെയര്‍മാന്‍ എ ബി കെ പ്രസാദ് മലയാളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കണമെന്ന അഭിപ്രായക്കാരനാണ്. മണിപ്രവാളം പോലെയുള്ള പ്രത്യേക പരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാളസാഹിത്യത്തിന്റെ ആരംഭകാലഘട്ടം. ദ്രാവിഡയൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ജി ലക്ഷ്മിനാരായണയും മലയാളസാഹിത്യത്തിന്റെ പാരമ്പര്യത്തിലൂന്നിനിന്നു കൊണ്ട് ദക്ഷിണേന്ത്യയിലെ തര്‍ക്കമില്ലാത്ത പ്രാചീനഭാഷകളിലൊന്നാണ് മലയാളം എന്ന് അഭിപ്രായപ്പെടുന്നു. രണ്ടുപേരും പറയുന്നത് സാഹിത്യത്തെപ്പറ്റിയാണ് ഭാഷയെപ്പറ്റിയല്ല. അയ്യോ പാവം മട്ടിലൊരു തലോടല്‍. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഭാഷാവലോകനസമിതി അംഗവും ജ്ഞാനപീഠജേതാവുമായ സി. നാരായണ റെഡ്ഡിയ്ക്ക് സംശയമില്ല, 2000 വര്‍ഷത്തെ പാരമ്പര്യമുള്ള തെലുങ്കിന്റെ അടുത്തൊന്നുമെത്തില്ല, മലയാളം എന്ന കാര്യത്തില്‍. അതുകൊണ്ട് അതിന് ക്ലാസിക്കല്‍ പദവി കിട്ടേണ്ട ഒരു കാര്യവുമില്ല. കൃഷ്ണമൂര്‍ത്തി പറയുന്നത്, മലയാളം തമിഴില്‍ നിന്നു പിരിഞ്ഞത് പത്താം നൂറ്റാണ്ടിലാണെന്നാണ്. ലഭിച്ചതില്‍ വച്ച് പഴക്കമുള്ള മലയാളകൃതി രാമചരിതം എഴുതിയത് പന്ത്രണ്ടാം നൂറ്റാണ്ടിലും. എല്ലാം ഊഹാപോഹങ്ങളാണ്. കന്നടത്തിന്റെയും തെലുങ്കിന്റെയും സ്ഥിതി അതല്ല, അതിപ്രാചീനമായ തിരുവെഴുത്തുകള്‍ രണ്ടിനും അഭിമാനത്തോടെ ഹാജരാക്കാന്‍ കഴിയും. മലയാളത്തിലാവട്ടേ രേഖപ്പെടുത്തിയ ഒരു രേഖയും കിട്ടാനില്ല.

ഇതൊക്കെ നേരത്തെ അറിയാവുന്ന വ്യക്തിയാണ് സുകുമാര്‍ അഴീക്കോട്. മലയാളം പഠിപ്പിച്ചിരുന്ന പ്രൊഫസ്സറാണ്. ക്ലാസിക് പുസ്തകങ്ങളുടെ രചയിതാവാണ് ഉദാ: തത്ത്വമസി, മലയാള സാഹിത്യപഠനങ്ങള്‍.....ഒരു മലയാളം പ്രഫസ്സറുടെ പരമപുച്ഛം നിറഞ്ഞ മുഖത്തോടേ അദ്ദേഹം ചോദിക്കുന്നു “എന്തോന്നാടേ, ഈ ക്ലാസിക്കല്‍ പദവി? സാഹിത്യത്തിനല്ലേ അതുള്ളൂ, ഭാഷയ്ക്കുണ്ടോ? ഇവിടെ എഴുത്തുണ്ടായത് ഒന്‍പതാം നൂറ്റാണ്ടില്‍, ഭാഷയുടെ പിതാവ് എഴുത്തച്ഛന്‍ ജീവിച്ചത് പതിനാറാം നൂറ്റാണ്ടില്‍, എന്നാലും ക്ലാസിക് പൊന്നാട അണിഞ്ഞു നില്‍ക്കാന്‍ മോഹം!” മലയാളം ആദിദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയാണെന്നൊക്കെ പറയുന്നതില്‍ അദ്ദേഹത്തിനു വല്ലാത്ത എതിര്‍പ്പുണ്ട്. ക്ലാസിക് തീരുമാനം തന്നെ തെറ്റ് , അതുകേട്ട് മലയാളം എടുത്തു ചാടിയത് അതിനേക്കാള്‍ തെറ്റെന്നാണ് ചുരുക്കം. പുനരാലോചന നടത്തുമ്പോള്‍ മലയാളം ഒന്നിനും കൊള്ളാത്ത ഒരു സാമന്തഭാഷയാണെന്ന് ഉറപ്പിക്കുന്നതിന് വന്ദ്യവയോധികനും പണ്ഡിതനുമായ മലയാളം പ്രഫസ്സറു തന്നെ വേണം.

ഇതു തന്നെയാണ് ഇമ്മാതിരി പ്രഖ്യാപനങ്ങളുടെ ആരും അറിയാത്ത ഒരു പിന്നാമ്പുറം. സത്യത്തില്‍ മലയാളം പോലുള്ള ഭാഷകളുടെ സ്വത്വാഭിമാനത്തിന്റെ ശവപ്പെട്ടിയിലെ ആണികളല്ലേ ക്ലാസിക്കല്‍ ഭാഷാപദവി നിര്‍ണ്ണയം. തമിഴും തെലുങ്കും കന്നടയും സമ്പന്നമായ പാരമ്പര്യമുള്ള അതിപ്രാചീന ഭാഷകളാണെന്നത് വളരെ സന്തോഷം. പക്ഷേ ഒരു താരതമ്യത്തില്‍ പുറത്തു പോകേണ്ടി വരികയെന്നത് നമുക്ക് എന്തു അഭിമാനമാണു നല്‍കുക? നമ്മളൊന്നിനും കൊള്ളാത്തവരും സാമന്തന്മാരുമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതിനല്ലാതെ ഈ ക്ലാസിക്കല്‍ പദവി പ്രഖ്യാപനം മറ്റു വല്ലതിനും മലയാളത്തെ സഹായിക്കുന്നുണ്ടോ? അതു തിരിച്ചറിയാന്‍ പോലുമാവുന്നില്ലെന്നതാണ് തത്കാല ഗതികേട്!

സത്യത്തില്‍ ഭാഷയുടെ പദവിയാണ്, സാഹിത്യത്തിന്റെയല്ല ഇപ്പോള്‍ കോടതികേറി പ്രതിസന്ധിയിലായിരിക്കുന്നത്. ക്ലാസിക്കല്‍ നില ലഭിച്ചാല്‍ പ്രോത്സാഹനം കിട്ടുമെന്നതുറപ്പാണെങ്കില്‍ അതു ഏറ്റവും വേണ്ടത് മലയാളം പോലുള്ള എന്നല്ല, ദക്ഷിണേന്ത്യയില്‍ മലയാളത്തിനു മാത്രമാണെന്ന് അല്പം ആലോചിച്ചാലറിയാം. അത്ര ഗതികേടില്‍ കൂടിയാണ് നമ്മുടെ ഭാഷാപഠനത്തിന്റെയും ഗവേഷണത്തിന്റെയും പോക്ക്. രാമചരിതത്തിനും മുന്‍പിറങ്ങിയ കൃതി തിരുനിഴല്‍ മാല അടുത്തകാലത്താണ് കണ്ടെടുത്തത്. ഉള്ളൂരിനുപോലും കേട്ടറിവുമാത്രമുണ്ടായിരുന്ന പയ്യൂര്‍ പട്ടോലകള്‍ സ്കറിയ സക്കറിയ ജര്‍മ്മനിയില്‍ നിന്നാണ് വെളിച്ചത്തുകൊണ്ടു വന്നത്. അതുപോലെ ഒരു പാട് രേഖകള്‍. ഭാഷയിലാണ് ഊന്നലെങ്കില്‍ അതിന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് ഒന്‍പതാം നൂറ്റാണ്ടില്‍ കൊത്തിവച്ച വാഴപ്പള്ളി ശാസനത്തിനു തുല്യം ചാര്‍ത്താന്‍ നല്‍കിയിട്ട് ഇതിനു പഴക്കമില്ലേ എന്ന് ആര്‍ത്തു വിളിക്കുന്നതില്‍ എത്ര ശരിയുണ്ടാവും? ശാസനം എഴുതാന്‍ തുടങ്ങിയ അന്നു രാവിലെ കുളിച്ച് കുറിയിട്ടു കൊണ്ടു പൊങ്ങി വന്നതായിരിക്കുമോ നമ്മുടെ ഭാഷ? ഭാഷാഭിമാനം തീരെയില്ല, ഭാഷ, സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകമാണെന്ന് പുതു തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനും അറിയില്ല. അധികം വൈകാതെ ചാവുന്ന ഭാഷകളുടെ കണക്കെടുക്കാന്‍ ഒരു വിദഗ്ധസമിതിയെ കേന്ദ്ര ഗവണ്മെന്റ് നിയമിക്കണം എന്നാണ് എന്റെ ആഗ്രഹം. മലയാളം പഠിക്കാന്‍ സന്നദ്ധമാവുന്ന വിദ്യാര്‍ത്ഥികളുടെ കണക്കുമാത്രം അവതരിപ്പിച്ചാല്‍ അവലോകന സമിതിയില്‍ കൈയടി നേടാം. നാളിതുവരെ സര്‍ക്കാര്‍ തലത്തില്‍ ചെയ്ത സേവനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്താല്‍ പൂര്‍ത്തിയായി. ചാവടിയന്തിരത്തിനുള്ള തുക വാങ്ങിച്ചെടുക്കാനും പറ്റും. പക്ഷേ അപ്പോഴത്തേയ്ക്കും മാനദണ്ഡങ്ങള്‍ രാഷ്ട്രീയക്കാര്‍ മാറ്റി മറിക്കാതിരുന്നാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ഒന്നാം സ്ഥാനത്തെത്തേണ്ട അക്കാര്യത്തിലും നമ്മള്‍ പതിവുപോലെ ചാക്കിട്ട്, ഈച്ചയാട്ടി, മൂക്കു തുടച്ച് വെളിയിലിരിക്കും. ആത്മാഭിമാനം ഇച്ചിരെ കമ്മിയാണല്ലോ പറഞ്ഞു വരുമ്പോള്‍ നമ്മക്ക് !

November 9, 2008

പൂട്ടിയിട്ട വാതിലിനുമുന്നില്‍



തുളസിയുടെ അടച്ചിട്ടതും തുറന്നിട്ടതുമായ വാതിലുകള്‍ക്കു മുന്നില്‍ നിന്നു കൊണ്ട് ചില ചിന്തകള്‍, ചിന്തയില്‍.