October 30, 2008

‘എന്തോന്ന്‘ ഒരു രസമാണോ?

രാം, ലതീഷ് എന്നീ രണ്ടു മോഹന്മാര്‍ക്ക്. കൈയടക്കവും അഴിച്ചുവിട്ട ഭാവനയും കൊണ്ട് അസംബന്ധലോകങ്ങളെ വാര്‍ക്കുന്ന തിരുമാലികളായ തച്ചന്മാര്‍ക്ക്. 

 

 മൈക്കല്‍ ഹെയ്‌മാന്‍, ഇന്ത്യക്കാരായ സുമന്യു സത്പതിയും അനുഷ്കാ രവിശങ്കറുമായി ചേര്‍ന്നു സമാഹരിച്ച് ‘പെന്‍‌ഗ്വിന്‍’ വഴി പുറത്തിറക്കിയ ‘പത്താമത്തെ രസം’ (The Tenth Rasa) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം കണ്ടിരുന്നെങ്കില്‍, എല്ലാവര്‍ക്കുമറിയാവുന്ന ഒന്‍പതു രസങ്ങള്‍ക്കു പുറമേ ‘ഭക്തി’ എന്നൊരു രസത്തെക്കൂടി പരിഗണിക്കണം, അതാണ് പത്താമത്തെ രസം എന്നും പറഞ്ഞ് പുസ്തകമെഴുതിയ മധുസൂദനസരസ്വതി ‘അയ്യടാ’യെന്ന് ആയിപ്പോയേനേ. കാരണം രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യവുമായി പുലരുന്ന ഭാരതീയ ശാസ്ത്രീയകലാസ്വാദനസമ്പ്രദായത്തെ തലക്കുത്തനെ നിര്‍ത്തുന്ന വിഷയമാണ് മേപ്പടി പുസ്തകത്തിലുള്ളത്. ഗൌരവശാസ്ത്രികളുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്ന ഒന്ന്. ‘അസംബന്ധസാഹിത്യം’. സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കളിലെ കഥാപാത്രം കോച്ചാത്തി പാടുന്ന ഒരു പാട്ടുണ്ട്, “ഡുഡ്വാണ്ടി, ഡുഡുപ്പനാണ്ടി കുഡ്വാണ്ടി, കൊടപ്പനാണ്ടി ഇണ്ടപ്പന്‍ ക്ടാങ്ങള് വാ കിണ്ടപ്പന്‍ കിടാങ്ങള് പോ..” എന്താണോ എന്തോ അര്‍ത്ഥം. ഓ വി വിജയന്റെ ആദ്യകാല കഥകളിലൊന്നായ ‘മങ്കര’യിലുമുണ്ട് ഇതുപോലൊരെണ്ണം. തനി അസംബന്ധം. എങ്കിലും ആന്തരികമായ ഏതോയീണത്താല്‍ അതു കുറേക്കാലം മനസ്സില്‍ കിടന്നിരുന്നത് ഇപ്പോഴോര്‍ക്കുന്നു. ബഷീര്‍ എഴുതി ‘ഹുട്ടിനി ഹാലിത്തോ ലിട്ടാപ്പോ.. സഞ്ചിനി ബാലിക്ക ലുട്ടാപ്പി... ഹാലിത മാണിക്ക ലിഞ്ചാലോ ശങ്കര ബഹാനാ ടുലിപി...................’ എന്തോന്നിത്? പ്രിയ ഏ എസിന്റെ ‘ഉള്ളിത്തീയലും ഒന്‍പതിന്റെ പട്ടികയും’ എന്ന കഥയുടെ അവസാനം, ‘കളിമരമൊരു കിളി മരം, കിളിമരമൊരു കളിമരം’ എന്നൊരു പാട്ടുണ്ടാക്കിയ വേദാനായര്‍ എന്ന കുട്ടിയ്ക്ക് ഒരു കടപ്പാടു നല്‍കിയിട്ടുണ്ട് കഥാകാരി. കഥയിലെ ‘ജാനു’ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പേരായ ‘ഫന്റാസ്മിന്റ’ എന്ന പദവും ഈ കുട്ടിയുടെ സംഭാവനയാണത്രേ. കുമിളകളുടെ ലോകമാണ് ‘ഫന്റാസ്മിന്റ.’ എന്തൊരു വാക്ക്! (ഇങ്ങനെ അര്‍ത്ഥമില്ലാത്ത വാക്കുകളുണ്ടാക്കുന്നതിന് Neologisam എന്നാണു പേര്. Portmanteau എന്നു വച്ചാല്‍ രണ്ടര്‍ത്ഥമുള്ള വാക്കുകള്‍ കുത്തിച്ചെലുത്തി മൂന്നാമതൊരു നിരര്‍ത്ഥക ശബ്ദം നിര്‍മ്മിക്കല്‍. ‘ആവിയായിപ്പോയാമാസ, കുഴമ്പോസിഷന്‍, കൂലം കഷിക്കുക’ എന്നൊക്കെ സഞ്ജയന്റെ പ്രയോഗങ്ങള്‍‍) കൂട്ടുകാരന്റെ മൂന്നു വയസ്സുകാരന്‍ മകന്‍ വളരെ ഗൌരവത്തോടെ കുത്തി വരച്ചുകൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, ഉറുമ്പ്, മീന്‍ പിടിക്കാന്‍ പോകുന്നതാണ് എന്നാണ്. തകരാറു പിടിച്ച നോട്ടവുമായി നടക്കുന്ന ആധുനികകാലത്തെ ഒരു നാറാണത്തുഭ്രാന്തന് ആനയെ ഉറുമ്പ് ഓടിക്കുന്ന ലാംബ്രെട്ടാ സ്കൂട്ടറിന്റെ പിന്നിലിരുത്താമെങ്കില്‍, മൂന്നുവയസ്സുകാരന്, അവന്റെ ഭാവനയില്‍, ജീവികളുടെ ശരീരവലിപ്പത്തിന്റെ യുക്തിയെ പൊളിച്ചുകൂടേ? ‘കട്ടുറുമ്പിനു കാതു കുത്തുന്ന കാട്ടിലെന്തൊരു മേളാങ്കം..’ എന്നാണ് ഒരു നാടന്‍ പാട്ട്. ഉറുമ്പിന്റെ കാതു കുത്ത്. അതെങ്ങനെയിരിക്കും എന്നാലോചിക്കാന്‍ മിനക്കെടാതിരിക്കുക കുഞ്ഞുകുട്ടികള്‍ക്ക് മാത്രം സ്വന്തമായുള്ള സ്വര്‍ഗമാണ്. ‘കീരി കീരി കിണ്ണം താ, കിണ്ണത്തിലിട്ടു കിലുക്കി താ, കല്ലും മുള്ളും നീക്കി താ, കല്ലായിപ്പാലം കടത്തി താ’ എന്ന് കുട്ടിക്കാലത്ത് കേട്ട ഒരു പാട്ട്, സ്ഥല അതിര്‍ത്തികളെ ‘പമ്പകടത്തിയതിന്റെ’ യുക്തി അന്നാലോചിച്ചിരുന്നില്ല. ഇന്നും കേട്ടു മറന്ന എന്തിലെയ്ക്കെങ്കിലും മനസ്സു വ്യാപരിക്കുമോ ഭൂരിപക്ഷത്തിന്റെ? തറയില്‍ കൈ കമഴ്ത്തി അടിച്ചു കൊണ്ട് പെണ്‍‌കുട്ടികള്‍ പാടിയിരുന്ന ഒരു പാട്ടുണ്ടായിരുന്നു ‘ഒന്നെലിപാറ്റ’. പിന്നീടാണ് തിരിഞ്ഞത് അത് ‘ഒന്നാം തല്ലി പാറ്റ’യായിരുന്നു. അങ്ങനെ പാവം പാറ്റയ്ക്ക് എട്ട് തല്ല് ! നേഴ്സറിപ്പാട്ടുകള്‍ അസംബന്ധങ്ങളുടെ കൂടാണ് ലോകത്തെവിടെയും. ഒരു കന്നടപ്പാട്ടിങ്ങനെയാണ് ; “ അണ്ടര്‍ വെയര്‍ ഗണ്ടര്‍വെയര്‍ എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ് പെറ്റിക്കോട്ട് ഗെറ്റിക്കോട്ട് എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ്..” കൊച്ചുപിള്ളാരെ കിക്കിളിയാക്കാന്‍ ‘ഉറുമ്പേ ഉറുമ്പേ..’ എന്നൊരു പാട്ടുപയോഗിച്ചിരുന്നു.. ഉറുമ്പുപോണ വഴിയിലൂടെയാണ് കിക്കിളി. വഴിയൊഴിച്ച് മറ്റെല്ലാ അര്‍ത്ഥങ്ങളും യുക്തിയുമായി സന്ധി ചെയ്യാത്ത വരികളുടെ അകമ്പടിയോടെയാണ് ബാല്യങ്ങള്‍ക്ക് ശാരീരികമായ ആദ്യാഹ്ലാദങ്ങള്‍ തലമുറകള്‍ പകര്‍ന്നു കൊടുത്തത്. ഒരു പക്ഷേ പിന്നീടെല്ലാം അസംബന്ധങ്ങളാവുന്നു എന്നു പറയാതെ പറയാനാവും! ‘ആകാശം ഭൂമി തണ്ടെടുക്ക് തടിയെടുക്ക് തടിമാടന്‍ പെണ്ണെടുത്ത് അച്ചം കുച്ചം വെടി മണം നാറ്റം ! ’എന്നു പറഞ്ഞ് കുട്ടികള്‍ അന്ന് ‘ചില’ രഹസ്യം കണ്ടു പിടിച്ചിരുന്നു. രഹസ്യം തെളിഞ്ഞു എന്നകാര്യത്തില്‍ യാതൊരു സംശയവും കൂടാതെ. ‘അറുപ്പോത്തി തിരുപ്പോത്തി അറുപ്പാന്‍ പന്തലില്‍ പന്ത്രണ്ടാന വളഞ്ഞിരുന്നു ചീപ്പു കണ്ടില്ല ചിറ്റട കണ്ടില്ല ആരെടുത്തു കോതയെടുത്തു കോതേടെ കൈയീന്നു തട്ടിപ്പറിച്ചു മുന്നാഴിയെണ്ണ കുടിച്ചവളേ മുരിങ്ങത്തണ്ടു കടിച്ചവളേ പാണ്ടീലിരിക്കുന്ന അമ്മേടെ കാലൊന്നു നീട്ടിയ്ക്കോ’ എന്നു മുട്ടുകള്‍ തൊട്ടു പാടിക്കഴിഞ്ഞാലുടന്‍ മടക്കി വച്ച കാലു നീട്ടണം. അതാണു വട്ടത്തിലിരുന്നുള്ള ഇന്‍ഡോര്‍ ഗെയിം. പഴയ കളി. അതിന്റെ വിശദാംശങ്ങള്‍ മറന്നു. പെണ്‍കുട്ടികളായിരുന്നു അതിന്റെ തലതൊട്ടമ്മമാര്‍. ആലോചിച്ചാല്‍ അസംബന്ധങ്ങളുടെ ഈ പത്താമത്തെ രസം, കുട്ടികള്‍ക്കുള്ളതാണ്. എന്നു വച്ചാല്‍ കുട്ടികളുടേതാണ്. അങ്ങനെയാണ് മൈക്കല്‍ ഹെയ്‌മാന്‍ പറയുന്നത്. അതിനു മുന്‍പത് ടാഗോര്‍ എഴുതി വച്ചിരുന്നു. ഭരതമുനിയ്ക്കോ അഭിനവഗുപ്തനോ ജഗന്നാഥപണ്ഡിതനോ മധുസൂദന സരസ്വതിയ്ക്കോ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാര്യം. പക്ഷേ അത് ഓരം പറ്റി കൂടെ എന്നും ഉണ്ടായിരുന്നു. ഒരു പക്ഷേ അവരുടെ കാലത്തിനു മുന്നേ തന്നെയും. യോഗാത്മകതയില്‍ നിന്ന് ജന്മമെടുത്ത്, നാടോടിസാഹിത്യത്തിന്റെ തണലുപറ്റി, ജനപ്രിയയായി. കുട്ടിയാവാതെ ആര്‍ക്കും മുതിരാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാവും ബാല്യങ്ങള്‍ അവയെ കൂടെകൊണ്ടു നടന്നത്. ആവശ്യത്തിലേറെ കണക്കുക്കൂട്ടലുകള്‍ കൊണ്ട് ഓരോ ചുവടു വയ്പ്പും കൂടുതല്‍ കൂടുതല്‍ കലുഷമായിപോകുന്ന ലോകത്തിന്റെ മുകളില്‍ കയറി നിന്ന് അസംബന്ധങ്ങള്‍ കുട്ടിത്തം നിറഞ്ഞ ചിരി ചിരിക്കുന്നു. കൂടെ ചിരിക്കാന്‍ കുട്ടിയായേ പറ്റൂ. ഇരട്ടവരകള്‍ക്കുള്ളിലെ ജീവിതത്തെ തകക്കുകയാണ് അസംബന്ധങ്ങള്‍. ക്രമങ്ങളുടെ നേരെ അസംബന്ധങ്ങളുടെ വക അക്രമങ്ങള്‍! പപ്പടം വട്ടത്തിലായതും പശുവിന്റെ പാലു വെളുത്തതും കൊണ്ടാണ് ‘പാപ്പിയുടെ പീപ്പിയ്ക്കു പെപ്പരപ്പേ എന്നു കുഞ്ഞുണ്ണി മാഷിനു തോന്നിയത് അതുകൊണ്ടാണ്. അസംബന്ധങ്ങള്‍ രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ത്ഥവ്യവസ്ഥയെ തകിടം മറിച്ചു കൊണ്ട് ഒന്ന്. ‘താങ്ക്യൂഭേരിമാച്ച് ’ എന്നൊരു മത്സ്യമുണ്ടെന്ന് ഒരു ബംഗാളിക്കവിത. മുക്കുവര് അതിനെപ്പിടിച്ച് ഉപ്പിട്ട് പൊരിച്ചു തിന്നത്രേ. ‘മച്ച്’ എന്ന ഇംഗ്ലീഷുവാക്ക് നീട്ടി ഉച്ചരിച്ച് മത്സ്യമാക്കുന്ന (മാച്ച്) ബംഗാളിയെ പരിഹസിക്കുന്ന കവിതയാണിത്. ചിന്തയുടെ ക്രമത്തെ അട്ടിമറിക്കുന്നതാണ് മറ്റൊന്ന്. ‘കുമ്പളം നട്ടു കിളച്ചതു വെള്ളരി പൂത്തതും കായ്ച്ചതും കൂവളയ്ക്കാ കൂവളയ്ക്കാ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടത് കൊത്തച്ചക്ക.’ എന്നിടത്തും ‘കൊച്ചിയില്‍ അച്ചിയ്ക്കു മീശവന്ന സംഭവത്തിലും’ യുക്തിയുടെ ക്രമം മറിയുന്നതു കാണാം. പ്രായോഗിക ജീവിതം ഉണ്ടാക്കിവച്ച നിയമങ്ങളെ ലംഘിക്കുകയല്ല, അവയുമായി നിരന്തരം കളിയിലേര്‍പ്പെടുകയാണ്, അസംബന്ധസാഹിത്യം. ഒരു തരത്തില്‍ അതൊരു പൊളിച്ചെഴുത്താണ്. അയ്യപ്പപ്പണിക്കരുടെ ‘കം തകം പാതകം’ പലതരത്തിലാണ് ഈ പൊളിച്ചെഴുത്തു നടത്തുന്നത്. കവിത എന്ന സങ്കല്പത്തെ. ഭാഷയെ. അതിന്റെ രീതിയെ. ആവിഷകരണ സമ്പ്രദായത്തെ. എന്തിന് വ്യാഖ്യാനത്തെപ്പോലും! കൂട്ടത്തില്‍ പറയട്ടേ, ജെ ദേവിക ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ നേന്ത്രവാഴയെന്ന പദത്തെ ബോധപൂര്‍വ്വം നേത്രവാഴയാക്കി. Er, D-er, Mur-der, Plantain-bunch murder, Eye plantain-bunch murder, Inner-eye plantain-bunch murder....ഇങ്ങനെ. അതുകൊണ്ട് വിവര്‍ത്തനത്തിലും ആ അസംബന്ധ കവിത പൊളിച്ചെഴുത്തിനുള്ള സ്കോപ്പ് ഒരുക്കിവച്ചിരിക്കുന്നു. യുക്തിയ്ക്ക് സമാന്തരമായ ലോകം തീര്‍ക്കുക എളുപ്പമല്ലാത്ത പണിയായതുകൊണ്ട് ‘ഇല്ലാത്ത ബോധത്തെ’യല്ല(Nonsense) വല്ലാത്തബോധത്തെ(excess of sense)യാണ് അസംബന്ധങ്ങള്‍ വെളിവാക്കുന്നത്. അര്‍ത്ഥരാഹിത്യം കൊണ്ട് ആശയത്തെ ഇരട്ടിപ്പിക്കുകയാണ് അവ ചെയ്യുന്നതെന്ന് മൈക്കല്‍ എഴുതുന്നു. കുട്ടിയുടെ മാനസികലോകം മുതിരുന്നതിനോടൊപ്പം പാട്ടുകള്‍ അവയുടെ അര്‍ത്ഥതലത്തിന്റെ അതിര്‍ത്തിയും വികസിപ്പിക്കും. അസംബന്ധസാഹിത്യത്തിന് (കലയ്ക്ക്) നിശ്ചിതകാലമില്ല. വിദൂരഭൂതത്തിലവകള്‍ ഉണ്ടായിരുന്നു. ആധുനികകാലത്തുമുണ്ട്. പലവിതാനങ്ങളില്‍, പല തലങ്ങളില്‍. അയ്യപ്പപ്പണിക്കര്‍ കുറേ വിമര്‍ശനങ്ങള്‍ അസംബന്ധങ്ങള്‍ എഴുതിയതിന്റെ പേരില്‍ വാങ്ങിച്ചു പിടിച്ചിട്ടുണ്ട്. ‘കം തകം പാതകം’ തന്നെ അവയില്‍ മുഖ്യം. വി കെ എന്നും എന്തെല്ലാം അസംബന്ധങ്ങള്‍ എഴുതി. ‘ഓ ചക്കിപ്പൊന്താ ഓ.. ചക്കിപ്പൊന്തേ...നിന്റ തന്തേടെ തന്തേടെ തണ്ടപ്പന്‍ മരപ്പട്ടിയാണോ അല്ല മരപ്പട്ടിയാണോ..’ എന്ന് ഡി. വിനയചന്ദ്രന്‍ ഒരു കവിതയില്‍. ശുദ്ധകവിതാവിഭാഗത്തില്‍പ്പെടുന്ന രചനകള്‍ക്ക് യുക്തിയ്ക്കു വഴങ്ങുന്ന മട്ടിലുള്ള പെരുമാറ്റമല്ല ഉള്ളത് എന്നു കാണുക.(വിനയചന്ദ്രന്റെ അമ്മാനപ്പാട്ട്, കുണ്ടാമണ്ടിയും കുരങ്ങച്ചനും...) മുതിര്‍ന്നകുട്ടികള്‍ക്ക് അവകളില്‍ കമ്പം എന്നുമുണ്ട്. മുതിര്‍ന്നിട്ടും കുട്ടിത്തം വിടാത്തവര്‍ക്ക്, ആത്മാവില്‍ സര്‍വതന്ത്രസ്വതന്ത്രരായവര്‍ക്ക്. കുഴഞ്ഞുമറിഞ്ഞ നിറമുള്ള ഭാവനാലോകം ടിവിയില്‍ നിന്ന് പുറത്തിറങ്ങി കുട്ടികളെ ഇന്ന് തൊടുമോ എന്നു സംശയം ഉണ്ടായിരുന്നു. അതുമാറി. അടുത്തൊരു പറമ്പില്‍ തനി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നിന്നു കളിക്കുന്നതു കണ്ടു. പാട്ടിങ്ങനെ :“ ടീ ടീ ടീ കണ്ണന്‍ ദേവന്‍ ടീ, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട കണ്ണന്‍ ദേവന്‍ ടീ...” ഒരു വട്ടപ്പാലം ചുറ്റലില്‍ പേരുപറമ്പിലെവിടെയോ കളഞ്ഞുപോയ വിസ്മയം നിറഞ്ഞ ബാല്യകാലം തിരിച്ചു വന്നു നനച്ചു. അനിയന്റെ മോളോട് ചോദിച്ചു, നിനക്ക് അപ്പോള്‍ മലയാളം പാട്ടൊന്നും അറിയില്ലേ? നാലു വശവും നോക്കി, അമ്മയോട് പറയില്ലെന്ന് ഉറപ്പു വാങ്ങിയിട്ട് അവള്‍ ചൊല്ലി തന്നു. “അപ്പൂപ്പന്റെ ആട് പിണ്ണാക്കു തിന്നു അണ്ണാക്കിലൊട്ടി ഡോക്ടര്‍ വന്നു വണ്‍ ടു ത്രീ...” ഭാഷ കലങ്ങിക്കഴിഞ്ഞിരിക്കുന്നു എങ്കിലും ഇത്രയും പോരേ, നഗരത്തില്‍ ഇനിയൊരു കാലത്ത് ‘ എന്തോന്ന് ചാന്തോന്ന്’ കേട്ടാല്‍ മനസ്സിലാവാന്‍, കുണ്ടാമണ്ടിയും കുരങ്ങനും കൂടി അടി വയ്ക്കുന്ന കവിതയുണ്ടാവാന്‍? ഒന്നുമില്ലെങ്കില്‍ അങ്ങനെ പ്രതീക്ഷിക്കാന്‍? കുട്ടികള്‍ സ്വയം നിര്‍മ്മിക്കുന്ന കവിതകളാണിവ. എതൊക്കെയോ കുട്ടികള്‍. ഒരു ഹോം വര്‍ക്കിന്റെയും പിന്‍ ബലമില്ലാതെ പഠിക്കപ്പെടുന്നു. രഹസ്യമായി പങ്കു വയ്ക്കുന്നു. ഒരു സമാന്തരലോകം. അസംബന്ധങ്ങള്‍ അവയുടെ ഉത്പത്തിയെ ഇന്നും സാധൂകരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഇനിയും ഉപന്യാസങ്ങള്‍ എന്തിന്? എസ് എം എസ്സില്‍ കുറച്ചു ദിവസം മുന്‍പ് ഒരു മെസ്സേജ് വന്നിരുന്നു. “അയ്യപ്പന്റെ അമ്മ എത്ര നെയ്യപ്പം ചുട്ടിരിക്കും..” എന്ന്. പരിചയമുള്ളവര്‍ക്കെല്ലാം ചിരിച്ചുകൊണ്ടത് ഫോര്‍വേഡ് ചെയ്തു. കുറച്ചുകഴിഞ്ഞ് ഒരാളിന്റെ മറുപടി വന്നു. “എന്തോന്ന്...?” ഒരു ഓഫ് : മലയാളിയ്ക്കു മാത്രമായി പത്താം രസമുണ്ടെന്ന് പ്രിയ ഏ എസ്സ് ‘മായക്കാഴ്ചകളുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്, പുച്ഛരസം !

38 comments:

riyaz ahamed said...

'ബോധ'ത്തിന്റെ വ്യവസ്ഥാപിത രീതികളെ തകര്‍ക്കുന്നതിന്റെ ഒരു ഉന്മാദമുണ്ട്, ഈ അസംബന്ധങ്ങള്‍ക്ക്. വെള്ളെഴുത്തിനു നന്ദി.

ഹരിത് said...

പ്രിയ ഏ സ്സ് പറഞ്ഞ ആ പത്താമത്തെ രസം കുറച്ചു നേരത്തേയ്ക്ക് മാറ്റിവച്ച്, വെള്ളെഴുത്തിന്‍റെ ഈ പോസ്റ്റ് വായിച്ചു. കുറെ പഴയ പാട്ടുകളും ഓര്‍ത്തുപോയി . ഒന്നുകൂടിചികഞ്ഞാല്‍ വരികളും തിരിച്ചു വരുമായിരിയ്ക്കും. നോക്കട്ടെ!

ഇഷ്ടമായി ഈ ചിന്തകള്‍.:)

Lathika subhash said...

വെള്ളെഴുത്ത്,
ഈ വായന എന്തു രസമായിരുന്നെന്നോ!

“ആവശ്യത്തിലേറെ കണക്കുക്കൂട്ടലുകള്‍ കൊണ്ട് ഓരോ ചുവടു വയ്പ്പും കൂടുതല്‍ കൂടുതല്‍ കലുഷമായിപോകുന്ന ലോകത്തിന്റെ മുകളില്‍ കയറി നിന്ന് അസംബന്ധങ്ങള്‍ കുട്ടിത്തം നിറഞ്ഞ ചിരി ചിരിക്കുന്നു. കൂടെ ചിരിക്കാന്‍ കുട്ടിയായേ പറ്റൂ.”

വായനയ്ക്കിടയില്‍ എപ്പോഴൊക്കെയോ കുട്ടിയായി.
‘ഒന്നാം തല്ലിപ്പാറ്റ.....’ഓര്‍മ്മ വന്നു.

‘ഉള്ളാടത്തിപ്പാറൂ! ഉള്ളാടത്തിപ്പാറൂ’
‘വാലേപ്പിടി! വാലേപ്പിടി!’
‘മുള്ളണത് കണ്ടില്ലാ! മുള്ളണത് കണ്ടില്ലാ!’
‘കൊമ്പേപ്പിടി! കൊമ്പേപ്പിടി’
പാത്തുമ്മായുടെ ആടിന്റെ മേടിനെത്തുടര്‍ന്നുള്ള
കോലാഹലം ഓര്‍ത്തു പോയി.

ഈ പോസ്റ്റിന് നന്ദി.

സു | Su said...

ഒന്നാം വട്ടം കണ്ടപ്പോൾ ചെക്കനു കിണ്ണാണ്ടം എന്ന് കവി പാടിപ്പിച്ചതും “എന്തോന്ന്” എന്ന ചോദ്യത്തിന്റെ മുകളിൽ വരുമോ?

നാടൻപാട്ടിൽ ഗവേഷണം നടത്തുകയാണോ വെള്ളെഴുത്തേ? (പ്രിയ പറഞ്ഞ രസമൊന്നുമില്ല ചോദ്യത്തിൽ). വലിയവരുടെ ലോകത്തിലെ പുക അധികമാവുമ്പോൾ, ശ്വാസം മുട്ടിക്കുമ്പോൾ, ഞാനൊന്ന് അങ്ങോട്ടോടിപ്പോവാറുണ്ട്. കുട്ടിപ്പാട്ടിലേക്ക്. “അസംബന്ധം” എന്ന വാക്കും പുച്ഛരസവുമായി ചിലരെങ്കിലും നോക്കുന്നിടത്തേക്ക്.

പോസ്റ്റെനിക്ക് ഇഷ്ടമായി.

ശ്രീ said...

പോസ്റ്റ് ആ പത്താമത്തെ രസത്തോടെ തന്നെ ആസ്വദിച്ചു വായിച്ചു, മാഷേ.
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആ പത്താമത്തെ രസത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി മാഷെ.. ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇങ്ങനെ ഒരു പാട്ട്
“ അണ്ടയ്ക്ക മണ്ടയ്‌ക്ക ഡാം ഡൂമ ഡസ്‌ക്കണക്കന
കോക്കനക്കന അല്ലീമല്ലീസെ! പട്ടണങ്ക് പോ! “
എണ്ണി ആള്‍ക്കാരെ ഔട്ടാക്കുന്നതിന് പകരം ചൊല്ലിയിരുന്ന പാട്ടാണ്.. ഓരോ വാക്കും ഓരോരുത്തരുടെ നേരെ... പോ എന്ന വാക്കു കിട്ടുന്നയാള്‍ പുറത്ത്...
പഴയ മെത്തേഡ് ഓഫ് എലിമിനേഷന്‍ ഫ്രം ബീയിംഗ് ദ ക്യാച്ചര്‍! :)

ജ്യോനവന്‍ said...

വ‌ഇനീപമഓചു!
വളരെ നല്ല പോസ്റ്റ്

Kiranz..!! said...

വെള്ളെഴുത്തേ,താങ്കൾ കൈകാര്യം ചെയ്യുന്ന സംഗതികൾ,ഭാഷ ഇതൊക്കെ കണ്ട് ഭയഭക്തി ബഹുമാനങ്ങളോടെ ഏരിയ വിട്ട് പിടിച്ച് ദൂരെ മാറി ചില്ലക്കൊമ്പിലിരുന്ന് എത്തിനോക്കിയേച്ചും ഒറ്റ ഓട്ടക്കം കോടുക്കുകയാണു സാധാരണ ഈയുള്ളവന്റെ വർക്ക്..!

ചിക്കൻപോക്സ് പിടിച്ചതിന്റെ ഉന്മാദമാണോയെന്തോ..ഒരു കമന്റം ഇന്ന് പിടിപ്പിക്കാതെ ഇരുപ്പുറക്കുന്നില്ല.എന്നാൽ ഞാനങ്ങോട്ട്..!

രസങ്ങളെപ്പറ്റിപ്പറയുമ്പോൾ ഈയിടെ ഒരു പ്രത്യേക രസം കണ്ടെത്തിയതിന്റെ വിവരങ്ങൾ പങ്കു വയ്ക്കട്ടെ.പാട്ടുകൾ.പഴയ പാട്ടുകൾ.കാവ്യംഭംഗി,അസാമാന്യമായ സംഗീതം,ഭാവ സാന്ദ്രമായ ശബ്ദം..തേങ്ങോക്കൊല.ഇതൊന്നുമല്ല പഴയപാട്ടുകളുടെ രസം.ഇവ കുട്ടിക്കാലത്തെ ചില അത്യപൂർവ്വ ഗന്ധം കൊണ്ടുത്തരുന്നു.ചില സോപ്പിന്റെ മണം.കൂളിമുറിയുടെ,പടിപ്പുരയുടെ,ചില പൂക്കളുടെ മണം.ചില അത്യപൂർവ്വ ഓർമ്മകൾ.ഹോയ്..ഇതനുഭവിച്ചിട്ടുണ്ടോ ? പഴയപാട്ടുകൾ ഇഷ്ടപ്പെടുന്ന ഒരു സമൂഹം ഉണ്ടെങ്കിൽ പാട്ടിനെയുപരിയായി ഇത്തരം ചില രസങ്ങളെയാണവർ ഉപാസിക്കുന്നതെന്ന് ജനറിക്കായി പറയാൻ പറ്റും എന്നു തന്നെയാണെനിക്കു തോന്നുന്നത്.പതിനൊന്നാം രസമാക്കോ..പേറ്റന്റ് പേറ്റന്റ്..:)

സായിപ്പും മദാമ്മെം കൊല്ലത്തു പോയി.സായിപ്പിന്റ-- വെള്ളത്തില്‍പ്പോയി എന്നു പാടുന്ന അതേ രസം..:)

umbachy said...

അട്ട്യാന്‍പൊട്ട്യാന്‍
അടിപിടി ശിങ്കിടി ആന പൊയ്യന കോട്ട
അസ്മാന്‍ ഉസ്മാന്‍ ആളും വാളും
വീതെറിഞ്ഞൊരു പിഞ്ഞാണി
തവര തുവര വര്‍ത്തിടിച്ച്
ഉന്തും തല്ലും കൊട്,,
തിരുവള്ളൂര്‍ ഭാഗത്ത് നിന്ന് ഇതാ ഒരു കളിപ്പാട്ട്.

മയൂര said...

‘എന്തോന്ന്‘ ..എന്ന നാട്ടൻ പാട്ട് ഓർമ്മിപ്പിച്ചതിനും ഈ പോസ്റ്റിനും നന്ദി. കുഞ്ഞായിരുന്നപ്പോൾ രണ്ടാൾ പൊക്കമുള്ള കൈയാലയിൽ അടയ്ക്കാമരം വഴി കയറി ഈ പാട്ടും പാടി കൂട്ടുകാരോടൊപ്പം ഇരിക്കുന്നത് ഓർമ്മവന്നു.

ഓർമ്മയിൽ നിന്നും എഴുതാൻ ഒരു ശ്രമം...

എന്തോന്ന് ചാന്തോന്ന്
ചാന്തെങ്കിൽ മണകൂലേ
മണക്കുന്ന പൂവല്ലേ
പൂവെങ്കിൽ കെട്ടൂലേ
കെട്ടുന്ന കയറല്ലേ
കയറെങ്കിൽ ചുറ്റൂലേ
ചുറ്റുന്ന പാമ്പല്ലേ
പാമ്പങ്കിൽ കൊത്തൂലേ
കൊത്തുന്ന കൊഴിയല്ലേ
കോഴിയെങ്കിൽ കൊത്തൂലേ
കൊത്തിയെങ്കിൽ കൊക്കരക്കോ ക്കോ...

ഇതു പോലെ, പിന്നെ...പിന്നെ പിന്നയ്ക്ക എന്നു തുടങ്ങുന്ന പാട്ടുമെല്ലാം എത്ര രസമായിരുന്നു.
ഒരിക്കൽ കൂടി നന്ദി. :)

കിഷോർ‍:Kishor said...

നല്ല പോസ്റ്റ്!..

നവരസങ്ങളില്‍ “ദു:ഖം” എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല?

“പറയൂ പറയൂ നാട്ടാരേ.....“

:-)

Jayasree Lakshmy Kumar said...

കുട്ടിക്കലത്തെ കളിപ്പാട്ടുകൾ ഓർമ്മിപ്പിച്ചു ഈ പോസ്റ്റ്. ഞാനും ഓർത്തു ഒരു പാട്ട്

‘കട്ടുറുമ്പിനും കാതുകുത്ത്
അവിടന്നും കിട്ടി ഉരിയരി
നങ്ങണം പുല്ലിനു വേലി കെട്ട്
അവിടന്നും കിട്ടി ഉരിയരി
കാച്ചി കുടിപ്പാൻ വിറകില്ലാഞ്ഞ്
വിറകിനു തപ്പി കാട്ടിൽ പോയി
കാട്ടിലൊരു കൊള്ളി വിറകു കണ്ടു
വിറകേൽ തുള്ളി ചോരയിരുന്നു
ചോര കഴുകാൻ ആറ്റിൽ പോയി
ആറ്റിലൊരു വാള കണ്ടു
വാളേ പിടിക്കാൻ വള്ളിക്കു പോയി
വള്ളീൽ തട്ടി തപ്പിടോ തടപിടോ’

പിന്നേം ‘അത്തള പിത്തള തവളാച്ചി..’ തുടങ്ങി ഒരുപാടു പാട്ടുകൾ. ബാല്യത്തിലേക്ക് തിരിച്ചൊരു ഓട്ടം കൊടുക്കാൻ തോന്നുന്നു

Anonymous said...

We are happy to introduce a new BLOG aggregator BLOGKUT
Blogs, news, Videos are aggregated automatically through web. No need to add your blogs to get listed. Have to send a mail to get listed in comments section. Comments section is operating only for Blogspot right now. We welcome everybody to have a look at the website and drop us your valuable comments.

വെള്ളെഴുത്ത് said...

സാമൂഹികപ്രശ്നങ്ങളില്‍ നൊന്തും കലഹിച്ചും കമന്റുന്നവര്‍ക്ക് നന്ദി പറയുമ്പോലെയല്ലല്ലോ ഇവിടെ. ധൈര്യമായി പറയാം, എല്ലാവര്‍ക്കും നന്ദി. ആ പുസ്തകത്തിലെ അവതാരികയിലെ ആശയങ്ങളില്‍ ചിലതു കടന്നു വന്നിട്ടുണ്ട്. എഴുതിയതെല്ലാം തികച്ചും മൌലികമെന്ന അവകാശപ്പെടാന്‍ പറ്റില്ല. കിച്ചൂ, ചിന്നൂ, ഡാം ഡൂം ഡസ്ക്കണക്കിന..ഞാനും കേട്ടിട്ടുണ്ട്. ബാക്കി വരികള്‍ ഇതുപോലെയല്ല. കിരണ്‍സേ അതുപോലെയുള്ള ചില നാടന്‍ ചൊല്ലുകള്‍ ശേഖരിക്കണം. തികച്ചും നോന്ണ്‍ സെന്‍സല്ലെങ്കിലും വെള്ളം കോരാന്‍ പോയ ജിം ജിം ജിം ജാനകിയെ നോക്കി ഒരു സായ്പ്പ് കണ്ണുരുട്ടി കാണിച്ചിരുന്നു. ‘എന്നാ മോളെ കല്യാണം എന്നാണ് അടുത്തവരി. പ്രകടമായ വ്യത്യാസമുണ്ട്. രണ്ടുകാലത്തില്‍ കൂട്ടിച്ചേര്‍ന്നതായിരിക്കും. ഉമ്പാച്ചി, ഈ പാട്ട് കേട്ടിട്ടേയില്ല. മയൂരാ, പിന്നയ്ക്ക, പിന്നെ പേരു പേരയ്ക്ക.. ഒരു പഴയ സിനിമാഗാനമുണ്ട് ..പേരാറ്റിന്‍ കരയില്‍ വച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍ പേരയ്ക്ക, പേരയ്ക്ക എന്നു പറഞ്ഞില്ലേ....കിഷോറെ നവരസങ്ങളില്‍ കരുണമുണ്ട്. ശോകമാണ് അതിന്റെ സ്ഥായീ. കേട്ടിട്ടില്ലേ ഭവഭൂതിയുടെ പ്രസിദ്ധമായ ശ്ലോകം- കരുണമൊരു രസം താന്‍ ഹേതുഭാവേന നാനാ പരിണതിയെ വഹിച്ചിടുന്നതേ മാറി മാറി...” (ഉത്തരരാമചരിതം) ലക്ഷ്മീ.. അത്തളപിത്തള തവളാച്ചി ഓര്‍ത്തതേയില്ല ഇതെഴുതുമ്പോള്‍.. അതായിരുന്നല്ലോ വേണ്ടത്... :)

മാണിക്യം said...

നാരങ്ങവാലേ
ചൂണ്ടയ്ക്ക് രണ്ടേ
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
പോകുന്ന പിള്ളാരെ പിടിച്ചൂ
.....മറന്നോ?
ശരിയാ വലിയ അര്‍ത്ഥങ്ങള്‍ ഇല്ലാ പക്ഷേ വിവിധ തരം സ്വരങ്ങള്‍ അതിന്റെ താ‍ളത്തില്‍ ചൊല്ലാം
നാലാളുടെ മുന്നില്‍ സഭാകമ്പമില്ലാത്തെ അക്ഷരസ്പുടത അതൊരു അടിച്ചേല്പിക്കള്‍ അല്ലാതെ സ്വായത്തമാ‍ക്കാം ..അങ്ങനെ ഒത്തിരി നേട്ടങ്ങള്‍. പിന്നെ, അതൊന്നും ഒരിക്കലും മറക്കുന്നില്ല.. വെള്ളെഴുത്തേ നന്ദി!! :)

Anonymous said...

ഹാസ്യം എന്ന രസത്തിനെ ഉളവാകാനുപയോഗിക്കാവുന്ന ഒരു ടെക്നിക്കായി ഈ അസംബന്ധത്തെ കാണാമെന്നു തോന്നുന്നു ;അല്ലാതെ അതൊരു രസമാണെന്നു തോന്നുന്നില്ല.
ഉദ്ധരിച്ച നാടന്‍പാട്ടുകളെ ഉപയോഗിച്ച്, അവയുടെ അര്‍ത്ഥപരമായ ബന്ധരാഹിത്യത്തെ ഉപയോഗിച്ച് അസമ്ബന്ധത്തെ രസമാണെന്നു തെളിയിക്കാന്‍ ശ്രമിച്ചതു അപക്വമായി.പാട്ടുകള്‍ക്ക് അര്‍ത്ഥം മാത്രമല്ല, സങ്ഗീതവുമുണ്ട്. ഈ സങ്ഗീതാ‍സ്തിത്വത്തിന്റെ താളഭാ‍ഗമാണു ഈ നാടന്‍പാട്ടുകള്‍ നിറവേറ്റുന്നത്.കൊട്ടിന്റെ വായ്ത്താരി പോലെ.താളാത്മകമായി ശബ്ദമുണ്ടാക്കുമ്പോള്‍ ഉണ്ടകുന്ന സുഖാനുഭവത്തെ ആ ശബ്ദത്തിന്റെ നിരറ്ഥകതയുമായി ബന്ധിപ്പിക്കുന്നതില്‍ യുക്തിയില്ല.താരീനാനാ എന്ന അക്ഷരങ്ങളുടെ അര്‍ഥമില്ലായ്മക്കു രാഗവുമായി ബന്ധമില്ല.എന്നാല്‍ പിന്നെ എന്തുകൊണ്ട് അറ്ഥരഹിതമായ ശബ്ദം എന്നാണെങ്കില്‍, രാഗാലാപനത്തിനുപയോഗിക്കുന്ന ശബ്ദം അര്‍ഥപ്രധാനമായിരുന്നുവെങ്കില്‍ അവയുടെ ഉച്ചാരണത്തില്‍ ശ്രദ്ധിക്കേണ്ടിവരുമെന്നതും അപ്പോള്‍ രാഗാലാപനശ്രമത്തില്‍ ശ്രദ്ധ അല്പമെങ്കിലും കുറയുമെന്നതും തന്നെ.
ഫെയ്ന്മാന്റെ ഈ വാദത്തില്‍ കഴമ്പൊന്നുമുണ്ടെന്നു തോന്നിയില്ല. അതിനെ പ്രകീറ്ത്തിക്കുമ്പോള്‍, ആ അവസരം, ഭരതനെയും അഭിനവഗുപ്തനേയും മധുസൂദനസരസ്വതിയേയും ഇകഴ്ത്താനുപയോഗിക്കാമെന്ന ഒരു പ്രയോജനമുണ്ട്.(അവര്‍ താറടിക്കപ്പെടേണ്ടവരാണല്ലോ-ഭാരതത്തിലാകമാനമുള്ള കലാരൂപങ്ങളുടെ ആത്മാവെന്തെന്നു കാട്ടിത്തന്നതു ഭരതനാണല്ലോ-അഭിനവഗുപ്തനെയൊക്കെ തമസ്കരിച്ചാണല്ലോ അഭിനവകാശ്മീരിയത്ത് സ്റ്റേജു കയ്യേറിയതു-അറംഗസീബിന്റെ അതിക്രമങ്ങളെ ചെറുക്കാന്‍ ഹിന്ദുസമൂഹം അറച്ചു,പേടിച്ചുനിന്നപ്പോള്‍ആ പ്രവൃത്തി ഏറ്റെടുക്കേണ്ടി വന്ന സന്യാസിയാണല്ലോ മധുസൂധനസരസ്വതി- മതേതരജനാധിപത്യഗവറ്മെണ്ടുകള്‍ എക്സ്ക്ലൂസീവ് ഗ്രൂപ്പുകളെ മാത്രം താലോലിച്ചപ്പോള്‍,തഴയപ്പെട്ട വിഭാഗങ്ങളിലേക്കു കൂടി സേവനമെത്തിക്കുക എന്ന പ്രവൃത്തി ഏറ്റെടുക്കേണ്ടിവന്ന സന്യാസിസമൂഹങ്ങളെപ്പോലെ ഭരതനും അഭിനവഗുപ്തനും മധുസൂദനസരസ്വതിയും കണ്ണിലെ കരടാകുന്നതു ഏതു ഐഡിയൊളജിക്കാറ്ക്കെന്നതു സുവിദിതം.)
വരികള്‍ക്കിടയിലൂടെ ഇത്ര ചൂഴ്ന്നുനോക്കേണ്ടതുണ്ടോ?ചൂടുവെള്ളത്തില്‍ വീണ അനുഭവങ്ങള്‍ മറക്കാന്‍, എന്തോ കഴിയുന്നില്ല.

Rammohan Paliyath said...
This comment has been removed by the author.
Rammohan Paliyath said...
This comment has been removed by the author.
പ്രിയംവദ-priyamvada said...

ഏകദേശം കിരണ്‍സ്‌ പറഞ്ഞതു എന്റെ കാര്യവും..പാദുകങ്ങള്‍ പുറത്തു അഴിച്ചുവച്ചു പ്രവേശിച്ചു ,വായിച്ചു ,ശബ്ദമുണ്ടാക്കാതെ പുറകോട്ടു അടി വച്ചു നടന്നു പോകുന്ന
ഒരു ബ്ലൊഗാണിതു...:)

പിന്നെ ഇന്നു വായ തുറന്നതെന്തിനു എന്നു ചോദിച്ചാല്‍..ഡാലി വനിതാലോകത്തില്‍ കുട്ടിക്കളി പാടുകള്‍ കുറെയെണ്ണം ശേഖരിച്ചിട്ടുണ്ടു എന്നു പറയാനാണു..

http://vanithalokam.blogspot.com/2007/05/blog-post_22.html

Rammohan Paliyath said...
This comment has been removed by the author.
വെള്ളെഴുത്ത് said...

'The Tenth Rasa' എന്ന പുസ്തകത്തിലെ സത്പതി ദില്ലി യൂണി:യിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആളാണ്, അസംബന്ധസാഹിത്യത്തിലും ആധുനിക സാഹിത്യത്തിലും അവഗാഹമുള്ള വ്യക്തിയാണ് എന്നൊക്കെയാണ് ജീവചരിത്രക്കുറിപ്പ്. Re-viewing reviewing : The Reception of Modernist Poetry in the TLS എന്ന് ഒരു പുസ്തകത്തിന്റെ പേര്. റാം പറയുന്ന ആളു തന്നെയായിരിക്കും. മറ്റു വിവരങ്ങള്‍ എനിക്കറിയില്ല. ആകസ്മികമായി മറ്റൊരു സത്പതി ഇതിനിടയ്ക്ക് മനസ്സില്‍ കുടുങ്ങി കിടക്കുകയായിരുന്നു. രവീന്ദ്രന്റെ യാത്രാവിവരണത്തില്‍ കണ്ട അതി സുന്ദരനായ വിദ്യാര്‍ത്ഥി.
അനോനി, ഇങ്ങനെയും ചിലത് ഓരം പറ്റി നറ്റക്കുന്നുണ്ടായിരുന്നു എന്നു സ്വയം തിരിച്ചറിയുകയല്ലാതെ ഭരതനെയും അഭിനവഗുപ്തനെയും ഇകഴ്ത്തുക, കരിവാരിതേയ്ക്കുക എന്നൊന്നും ഇതൊന്നും കൊണ്ട് ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ഒരാള്‍ കൂവി വിളിച്ചാല്‍ മാഞ്ഞുപോകുന്നതാണ് അവരുടെ ലാവണ്യവിചാരങ്ങള്‍ എന്നും സാമാന്യബുദ്ധിയുള്ള ഒരാളും വിചാരിക്കില്ല. അവയുള്ളതുകൊണ്ട് മറ്റൊന്നിലേയ്ക്കും നോക്കരുത് എന്നു പറയുന്നത് പക്ഷേ അപക്വമായ ചിന്തയാണ്.

എതിരന്‍ കതിരവന്‍ said...

പത്താമത് ഒരു രസം ഉണ്ടാക്കിയെടുക്കണമെന്ന് ഹെയ്മാനും കൂട്ടര്‍ക്കും തോന്നിയതെന്തിനാണെന്നു മനസ്സിലാകുന്നില്ല. ടഗോര്‍ ‘ബാലരസം” എന്ന് വിവക്ഷിച്ചത് നവരസത്തിനു പുറത്തൊരെണ്ണമായിട്ട് കരുതാന്‍ വയ്യ.ഭാവം ആസ്വദനീയമായ അവസ്ഥയില്‍ എത്തുമ്പോള്‍ ഉളവാകുന്നതാണ് രസം. അത് അലൌകികമാണ്. നാനാതരം ഭാവങ്ങളേയും ഉള്‍ക്കൊണ്ട് സഹൃദയ ഹൃദയങ്ങളില്‍ ഉണ്ടാകുന്ന പ്രതിബിംബമാണ് രസം. എട്ടോ ഒന്‍പതോ ഉള്ളുവെങ്കിലിം ബൃഹുത്താണ് അതിന്റെ ഉള്‍ക്കൊള്ളല്‍. സ്ഥയിയും സഞ്ചാരി (വ്യഭിചാരി)യുമായി ഭാവങ്ങള്‍ വര്‍ത്തിക്കുന്നു. സ്ഥായീഭാവങ്ങളെ ഉദ്ദീപിക്കുന്ന ഘടകം വിഭാവം. വിവിധമായ ആഭിമുഖ്യത്തോടെ രസനങ്ങളില്‍ സഞ്ചരിക്കുന്ന വ്യഭിചാരീഭാവങ്ങള്‍ 30 എണ്ണമാണ്. ഇങ്ങനെ നിരവധിയായ ഭാവങ്ങളെയാണ് രസമാക്കി മനസ്സിലലിയിക്കുന്നത്.

ഒരോ രസത്തിന്റേയും സ്ഥായീഭാവങ്ങള്‍:
രസം സ്ഥായീഭാവം
ശൃംഗാരം- രതി
ഹാസ്യം- ഹാസം
കരുണം- ശോകം
രൌദ്രം- ക്രോധം
വീരം- ഉത്സാഹം
ഭയാനകം- ഭയം
ബീഭത്സം- ജുഗുപ്സ
അദ്ഭുതം- വിസ്മയം
ശാന്തം- ശമം

ഹേയ്മാന്‍ ഉദ്ദേശിക്കുന്നത് ചില ഭാവങ്ങളുടെ ഒരുമിക്കലോ ഇണക്കലോ (അസംബന്ധത്തില്‍ നിന്നും ഉളവാകുന്നത്) ആയിരിക്കുമെന്നു തോന്നുന്നു.

അനിഷ്ടങ്ങളായ ഭാവങ്ങള്‍ പോലും രസമാകുമ്പോള്‍ ആസ്വദനീയമാകും. ലൌകികാവസ്ഥയില്‍ ഇഷ്ടക്കേടുണ്ടാക്കുന്ന ഭയവും ശോകവും ഭാവങ്ങള്‍ ഭയാനകം, കരുണം എന്ന രസമായി മാറുമ്പോള്‍ അതിനു ഇഷ്ടക്കേടില്ല.

രസവും ഭാവവും ഭാഷയില്‍ മാറിമാറിക്കളിയ്ക്കുന്നതുകൊണ്ടുള്ള വിഭ്രമമാണ് രസങ്ങള്‍ ഇനിയും വേണം എന്ന തോന്നലുണ്ടാക്കുന്നത്. നടനത്തില്‍ എട്ടു രസം ധാരാളം. കഥകളിയില്‍ നവരസങ്ങള്‍ ഒരുപോലെ സ്വാധീനമാകുന്നില്ലെന്നു വിശ്വാസം. സ്ഥായിയായ രസം ആറെണ്ണം മതിയത്രെ.
“നവരസമാകാ നടനിങ്ങെന്നൊരു വിധിയുണ്ടതിനുടെ പദ്യം കേള്‍ നീ” എന്നു മാ‍ത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ ‘കഥകളിപ്രകാശിക‘യില്‍.

എട്ടോ ഒന്‍പതോ ഒരു കുറവല്ലെന്നു സാരം. അസംബന്ധങ്ങള്‍ ഇതിലൊതുക്കാം. പഞ്ചേന്ദ്രിയങ്ങളില്‍ തളയ്ക്കപ്പെട്ട ഭാവങ്ങളെ അലൌകികമായ രസമാക്കി അനുവാചകന്‍ മാറ്റുമ്പോള്‍ അത് സീമാബദ്ധമല്ല.

രാജേഷ് ആർ. വർമ്മ said...

പുഴുപ്പല്ലന്‍ ചിറകെട്ടി
കിഴക്കൊക്കെ മഴപെയ്തു
കൊട്ടയ്ക്കാ വെടിവെച്ചു
നാത്തൂന്റെ മുലപോയി.

സു പറഞ്ഞ പാട്ടിലെ കിണ്ണാണ്ടം കിണ്ണാണമായിട്ടാണ്‌ കേട്ടിട്ടുള്ളത്‌. അവന്‍ രസരാജനായ ശൃംഗാരം അഥവാ കിന്നാരം തന്നെ. ഇത്തരത്തില്‍ വാക്കുകള്‍ വായില്‍ പിഴച്ചും അവയുടെ അര്‍ത്ഥം മറക്കപ്പെട്ടും അസംബന്ധമായി മാറാമല്ലേ?

നാടന്‍ പാട്ടുകളിലെ അര്‍ത്ഥം ചുഴന്നു നോക്കിയപ്പോള്‍ അനോണിയ്ക്കു സഹിയ്ക്കാന്‍ കഴിയുന്നില്ല. എത്ര ചര്‍ച്ചചെയ്താലും ഇനിയും വ്യാഖ്യാനിക്കാന്‍ ബാക്കിയുള്ള ഗ്രന്ഥങ്ങള്‍ വേറെയുള്ളപ്പോള്‍ നാടന്‍ പാട്ടിനെ തീണ്ടുന്നതു അലോസരമാകുന്നത്‌ ഏതു പ്രത്യയശാസ്ത്രക്കാര്‍ക്കാണെന്നു സുവിദിതം. അരസികന്മാരോടു രസചര്‍ച്ചയും അസഹിഷ്ണുക്കളോട്‌ അസംബന്ധം പറച്ചിലും പാടില്ല വെള്ളേ.

പേരില്‍ ഒരു മോഹനുണ്ടെങ്കില്‍ കുത്തുപാളയെടുക്കുമെന്നു രാമന്‍ പറയുന്നു. ആ പേരുള്ള ഒരു പ്രധാനമന്ത്രിയുള്ള രാജ്യത്തിനുമുണ്ടോ ഈ പേരുദോഷം?

പീതാംബരന്‍ said...
This comment has been removed by the author.
Rammohan Paliyath said...
This comment has been removed by the author.
വെള്ളെഴുത്ത് said...

കൈയടക്കം രാമിനും അഴിച്ചുവിട്ട ഭാവന ലതീഷിനും എന്നായിക്കൂടെ? രാമിന്റെ കവിതയെപ്പറ്റി ഞാന്‍ ലതീഷിനോട് സംസാരിച്ചിരുന്നു, തലകുത്തിനിന്ന് അതു നോക്കുന്ന നോട്ടത്തെ പറ്റി. ലതീഷിന്റെ കാഴ്ചകള്‍ ദ്രവാവസ്ഥയോട് കാണിക്കുന്ന കൂറിനെപ്പറ്റി തിരിച്ചും. വ്യത്യസ്തനിലയ്ക്ക് രണ്ടും തീര്‍ക്കുന്നത് അസംബന്ധ ലോകങ്ങളാണ്.. ഇതെന്റെ പറയെടുപ്പ്..ആര്‍ക്കറിയാം, ആലോചിച്ചാല്‍ മറ്റൊരാള്‍ക്ക് വെറും അസംബന്ധം മാത്രമായി തോന്നാവുന്ന മറ്റൊരസംബന്ധം.. :)

പീതാംബരന്‍ said...
This comment has been removed by the author.
Latheesh Mohan said...

Enthu ketta manass :)

Adhamarnanmaarude parambarakal!!!

കൃഷ്‌ണ.തൃഷ്‌ണ said...

വെള്ളെഴുത്ത്,
ഈ രസങ്ങളെക്കുറിച്ചുള്ള അറിവിന്റെ രസം ആസ്വദിക്കുന്നു..

ഞാനും വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ വായിച്ചു മറുത്തൊരുവാക്കു പറയാനറിയാതെ പതുക്കെ സ്‌ഥലം വിടുന്ന കൂട്ടത്തിലാണ്‌..

അരുന്ധതി റോയുടെ ഗോഡ്‌ ഓഫ് സ്‌മാള്‍ തിംഗ്സിലും ഇതുപോലൊരു പാട്ടു ആവര്‍ത്തിക്കുന്നുന്ണ്ട്.
"പപ്പര പര പര പേരക്കാ
ഞങ്ങടെ പറമ്പില്‍ തൂറല്ലേ...."

ഇനി കേട്ടിട്ടുള്ള ചില ശീലുകള്‍ ഇങ്ങനെ...
സൈക്കിളിന്‍മേല്‍ ബെല്ലടിച്ചു
ഞാന്‍ പറഞ്ഞു മാറി നിക്കാന്‍
എന്റെ പേരില്‍ കുറ്റമില്ല
വണ്‍..ടൂ..ത്രീ

കാരക്കാ മൂരക്കാ മരപ്പട്ടി പിടിയോട്ടം
കാരകാരപ്പഴം കസ്തൂരി മാമ്പഴം
കൈകൊണ്ടൂ തൊട്ടാല്‍ ഇച്ചീച്ചിപ്പഴം

കൃഷ്‌ണ.തൃഷ്‌ണ said...

വെള്ളെഴുത്ത്,
ഈ രസങ്ങളെക്കുറിച്ചുള്ള അറിവിന്റെ രസം ആസ്വദിക്കുന്നു..

ഞാനും വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ വായിച്ചു മറുത്തൊരുവാക്കു പറയാനറിയാതെ പതുക്കെ സ്‌ഥലം വിടുന്ന കൂട്ടത്തിലാണ്‌..

അരുന്ധതി റോയുടെ ഗോഡ്‌ ഓഫ് സ്‌മാള്‍ തിംഗ്സിലും ഇതുപോലൊരു പാട്ടു ആവര്‍ത്തിക്കുന്നുന്ണ്ട്.
"പപ്പര പര പര പേരക്കാ
ഞങ്ങടെ പറമ്പില്‍ തൂറല്ലേ...."

ഇനി കേട്ടിട്ടുള്ള ചില ശീലുകള്‍ ഇങ്ങനെ...
സൈക്കിളിന്‍മേല്‍ ബെല്ലടിച്ചു
ഞാന്‍ പറഞ്ഞു മാറി നിക്കാന്‍
എന്റെ പേരില്‍ കുറ്റമില്ല
വണ്‍..ടൂ..ത്രീ

കാരക്കാ മൂരക്കാ മരപ്പട്ടി പിടിയോട്ടം
കാരകാരപ്പഴം കസ്തൂരി മാമ്പഴം
കൈകൊണ്ടൂ തൊട്ടാല്‍ ഇച്ചീച്ചിപ്പഴം

Rammohan Paliyath said...
This comment has been removed by the author.
വെള്ളെഴുത്ത് said...

അതൊരു താരതമ്യമേ ആയിരുന്നില്ല, സമര്‍പ്പണമായിരുന്നു. ഇതു മുന്‍പും ചെയ്തിട്ടുണ്ട്, ‘വനവും മൃഗശാലയും’ പോലുള്ള പോസ്റ്റുകളില്‍. ഇവിടെ പരാമര്‍ശിക്കപ്പെട്ട കവിതകളുടെ സ്വഭാവം എന്നേക്കാള്‍ സൂക്ഷ്മമായ സംവേദനത്വത്തോടെ പിന്തുടരുന്ന ചിലരെങ്കിലും ഉണ്ട്. അവര്‍ക്കതു മനസ്സിലാവും, പാലങ്ങള്‍. ധാരകള്‍. കൈവഴികള്‍. എന്തായാലും ഞാന്‍ എന്റെ കമന്റു മായ്ച്ചു. അതിനു ഞാന്‍ ഉദ്ദേശിക്കാത്ത ധ്വനി ഉണ്ടായി പോയതില്‍. സമര്‍പ്പണത്തില്‍ എന്റെ ഇഷ്ടത്തിന്റെ പ്രശ്നമല്ലേ ഉള്ളത്..? അതു അങ്ങേയറ്റം പ്രസക്തമാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

പീതാംബരന്‍ said...
This comment has been removed by the author.
Rammohan Paliyath said...
This comment has been removed by the author.
പീതാംബരന്‍ said...

ഇഷ്ടങ്ങള്‍ മാത്രമല്ല അനിഷ്ടങ്ങള്‍ പറയാനുമാണ് കമന്റുമുറിയെന്ന് വിചാരിച്ചു. ഞാനെഴുതിയതൊക്കെ പ്രതിഷേധത്തോടെ മായ്ക്കുന്നു.

വെള്ളെഴുത്ത് said...

അതെല്ലാം മായ്ക്കേണ്ടിയിരുന്നില്ല, കാരണം അതൊക്കെ എത്തേണ്ടിയിരുന്നത് മൂന്നാം പക്ഷത്തായിരുന്നു. തീര്‍പ്പുകള്‍ ഒന്നിനും വേണ്ട, പക്ഷേ വാദങ്ങള്‍ ആകാമല്ലോ. പീതാംബരാ.. പോസ്റ്റിന്റെ തുടക്കത്തില്‍ ഒരു സമര്‍പ്പണവാക്യമെഴുതിയത് താരതമ്യമായിട്ടാണോ താങ്കള്‍ വായിച്ചത് ? എന്നാല്‍ താങ്കള്‍ അങ്ങനെ മനസിലാക്കി എന്നു വച്ചിട്ടല്ല ഞാന്‍ കമന്റെഴുതിയത്. “താരതമ്യ“ത്തില്‍ സൂക്ഷ്മതവേണമെന്ന് ഒരു പാഠം താങ്കളുടെ കമന്റില്‍ നിന്നു കിട്ടിയെന്ന വാക്യം ഞാന്‍ എഴുതിയതു തന്നെയാണ്, (ഏതു കവിതകളുടെയും) പക്ഷേ അതിനു (പ്രകരണത്തില്‍) രാം വായിച്ചെടുത്തതുപോലെയൊരു ധ്വനിയുണ്ടാവാമെന്നു കണ്ടതുകൊണ്ടാണ്, ആ ധ്വനി ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതുകൊണ്ടാണ് ആ കമന്റു മായ്ച്ചത്. അതു ഞാന്‍ മുന്‍ കമന്റില്‍ സൂചിപ്പിച്ചതുമാണ്. പക്ഷേ നിങ്ങളും അതു ചെയ്യുമ്പോള്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ക്കു തന്നെ സംശയമുണ്ട് എന്നാണ് അര്‍ത്ഥം.
കാവ്യാത്മകമായ അസംബന്ധത്തിന്റെ ചില മൂലകങ്ങള്‍ രാമിലും ലതീഷിലും ഉണ്ടെന്നു കണ്ട് എഴുതിയ വാക്യത്തില്‍ കളം മാറി ചവിട്ടലുണ്ടെങ്കില്‍ അങ്ങനെ.. പുസ്തകങ്ങളില്‍ ‘നിനക്ക് അവന്’എന്നൊക്കെ ചില പ്രചാദനങ്ങളെ ഒരു മുഴുപേജു നല്‍കി തന്നെ എഴുത്തുകാര്‍ ആദരിക്കാറുണ്ട്. ആ പ്രേരണകള്‍ അയാള്‍ക്ക് മാത്രം മനസ്സിലാവുന്ന ചില ഉള്‍പ്പൊരുളുകളാണ്..അത്ര മതി താനും.. (സിമ്പിള്‍ വ്യാഖ്യാനം ) ഇവിടെ അതും പ്രതിക്കൂട്ടിലാണ്. ഞാനിനിയും പരത്തണോ?

രാജേഷ് ആർ. വർമ്മ said...

കൃഷ്ണ/അരുന്ധതി പറഞ്ഞ പാട്ട്‌ ഞാന്‍ കേട്ടിരിക്കുന്നത്‌ പേരപ്പാ എന്നാണ്‌. പേരപ്പന്‍ അച്ഛന്റെ ചേട്ടന്‍ അഥവാ അച്ഛന്റെയോ അമ്മയുടെയോ ചേച്ചിയുടെ ഭര്‍ത്താവ്‌.

പീതാംബരന്‍ said...

vellezhuthe,
ente comments maathram pradarshippikkanam ennu enthaa ithra nirbandham? njaan alla aadyam delete cheythathu.
നിങ്ങളും അതു ചെയ്യുമ്പോള്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ക്കു തന്നെ സംശയമുണ്ട് എന്നാണ് അര്‍ത്ഥം.
nalla thamaasha.

raaminte sudeergha lekhanam delete cheythathinekkurichu thaankal onnum pranju kandillalla.
kaanathirunna palathumundu.
thaankal paranjathupole, njan paraththunnilla.
latheeshineyum raamineyum njaan vayichittundu. athilninnulla thonnalkondaanu randu urukkale theranjedukkumpol sradikkanamennu paranjathu. raaminte athinulla marupadi rasakaramayirunnu. njaan addehathe theranju pidichu vaayikkukayaanennokke.vaayanakkaaran upagrahamaayi ezhuthukaarane valam vaykkunnu enna mithyaabodhamaanathu.
veruthe onnu torchadichu nokkiyathanu. athithrakk velichamuntaakkumennu vichaarichilla,
തീര്‍പ്പുകള്‍ ഒന്നിനും വേണ്ട, പക്ഷേ വാദങ്ങള്‍ ആകാമല്ലോ.
vaadangalo? athaano sir ivide nadannathu?
vellezhuthum padippichu oru paadam.

laal salaam