September 12, 2008

ഓലക്കുടയുടെ കീഴെ



വിഷ്ണുവിന്റെ ‘വാമനന്‍’ രണ്ടു അസുരരാജാക്കന്മാരെ ചവിട്ടി താഴ്ത്തിയിരുന്നു. പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനായ മഹാബലിയുടെ കാര്യത്തിനു കിട്ടിയ പ്രസിദ്ധി മറ്റേയാള്‍ക്ക് എന്തുകൊണ്ടോ കിട്ടിയില്ല. രണ്ടാമത്തെയാള്‍ കാശ്യപന് ദയ എന്ന ഭാര്യയില്‍ ജനിച്ച ധുന്ധുവാണ്. ബാലനായിരിക്കുന്ന സമയത്തു തന്നെ ഈ ധുന്ധു, സ്വര്‍ഗത്തില്‍ച്ചെന്ന് ഇന്ദ്രനെയും അനുസാരികളെയുമൊക്കെ അടിച്ചോടിച്ച് അവിടെ രാജാവായി വാണു. അന്ന് ഹിരണ്യകശിപു -സംശയിക്കേണ്ട പ്രഹ്ലാദന്റെ അച്ഛന്‍ തന്നെ- ഈ ധുന്ധുവിന്റെ ആശ്രിതനായി മന്ദരപര്‍വതത്തിന്റെ പരിസരപ്രദേശത്ത് കഴിഞ്ഞു കൂടുകയായിരുന്നു. സ്വര്‍ഗം നഷ്ടപ്പെട്ട ദേവന്മാര്‍ വിഷ്ണുവിനെ ചെന്നു കണ്ടു പരാതി പറഞ്ഞു. വിഷ്ണു അവരെ സമാധാനിപ്പിച്ചയച്ചിട്ട് വാമനവേഷധാരിയായി ദേവികാജലത്തില്‍ ചെന്ന് പൊങ്ങിക്കിടന്നു. അശ്വമേധത്തിനു വ്രതം ദീക്ഷിച്ചിരുന്ന ധുന്ധുവും സന്ന്യാസിമാരും അതുവഴി വരുമ്പോള്‍ വെള്ളത്തില്‍ക്കിടക്കുന്ന ബാലനെ കണ്ടു. ഒരു വര്‍ഷം അവന്‍ അവിടെ കിടക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. തറവാട്ടു സ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ച വഴക്കില്‍ ചേട്ടന്‍ എടുത്തെറിഞ്ഞതാണ് ഈ പുഴയില്‍ എന്ന വാമനന്റെ കള്ളം രാജാവു വിശ്വസിച്ച് അവനുവേണ്ട പാര്‍പ്പിടവും മറ്റു സമ്പത്തും നല്‍കാന്‍ തയ്യാറായി. സ്വത്ത് വിപത്താണെന്ന് തിരിച്ചരിഞ്ഞു കഴിഞ്ഞ വാമനന്‍ പറഞ്ഞു : ഒന്നും വേണ്ട.. മൂന്നടി മണ്ണുമാത്രം! സമ്മതത്തോടെ തീര്‍ന്നു, ധുന്ധുവിന്റെ കഥ. വാമനന്റെ ത്രിവിക്രമരൂപം രണ്ടടിയളന്നിട്ട് മൂന്നാമതു അളക്കാന്‍ സ്ഥലമില്ലാത്ത ദേഷ്യത്തില്‍ രാജാവിന്റെ മേലേയ്ക്ക് വീണപ്പോള്‍ ഉണ്ടായ ഗര്‍ത്തത്തില്‍ അദ്ദേഹത്തെ പിടിച്ചിട്ട് പൊടിയിട്ടു മൂടി എന്ന് പദ്മപുരാണം. പാതാളത്തിലേയ്ക്കു തന്നെ.

രണ്ടു തലമുറയ്ക്കു ശേഷമാണ് മഹാബലി വരുന്നത് എന്നിട്ടും കഥയ്ക്കും വാമനാവതാരത്തിനും വലിയ വ്യത്യാസമില്ല. ധുന്ധുവിന്റെ വിധി നിശ്ചയിച്ച വാമനന്‍ താന്‍ പ്രഭാസന്റെ പുത്രനാണെന്ന് പറയുന്നു. മഹാബലിയെ ചവിട്ടിയ വാമനന്‍ കശ്യപന്റെയും അദിതിയുടെയും പുത്രനാണ്. ഭാദ്രപദമാസത്തില്‍ ശുക്ലപക്ഷത്തില്‍ പന്ത്രണ്ടാം തീയതി ശ്രാവണം നക്ഷത്രത്തില്‍ അഭിജിത്തെന്ന മുഹൂര്‍ത്തത്തിലാണ് ജനനം. അതു തന്നെ തിരുവോണം. വിഷ്ണുഭക്തനായ പ്രഹ്ലാദനായിരുന്നു മഹാബലിയുടെയും വഴികാട്ടി. സ്വാഭാവികമായും അദ്ദേഹം വിഷ്ണുവിനോട് അതിരുവിട്ട വിധേയത്വം പുലര്‍ത്തി. (അതു ദൈത്യധര്‍മ്മമല്ല, എന്നിട്ടും. ‘പരധര്‍മ്മോ ഭയാവഹഃ’ എന്നു ഉപദേശിച്ചത് കൃഷ്ണന്‍ തന്നെയാണ്, വിഷ്ണുവിന്റെ മറ്റൊരവതാരം) വാമനന് മൂന്നടി മണ്ണു ദാനം ചെയ്യാനുള്ള മഹാബലിയുടെ ഒരുക്കത്തെ തടഞ്ഞ് പരാജയപ്പെട്ട ശുക്രാചാര്യര്‍ ദര്‍ഭപുല്ലുകൊണ്ടുള്ള വലതു കണ്ണും പൊത്തിപ്പിടിച്ച് ഇച്ഛാഭംഗം തീര്‍ത്തത് ഒരു ശാപത്തിലൂടെയാണ്. “അങ്ങ് പണ്ഡിതനെന്ന് സ്വയം അഹങ്കരിക്കുന്നു. എന്നാല്‍ അങ്ങ് അജ്ഞനും മന്ദനും അനുസരണയില്ലാത്തവനുമാകയാല്‍ അങ്ങയുടെ എല്ലാ ഐശ്വര്യങ്ങളും നശിച്ചുപോകട്ടേ..” എന്ന്. (ഭാഗവതം എട്ടാം സ്കന്ധം)

സത്യസന്ധനും ധര്‍മ്മിഷ്ഠനുമാകാന്‍ ശ്രമിച്ച മഹാബലിയെന്തു പിഴച്ചു? ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിനിടയ്ക്കുള്ള ഒരു ഉടമ്പടിയില്‍ കുറിയവനായ വാമനന് അളക്കാന്‍ കഴിയുന്ന ഭൂമി വിട്ടുകൊടുക്കാന്‍ അസുരന്മാര്‍ തയ്യാറായതായി ഒരു കഥ ശതപഥബ്രാഹ്മണത്തിലുണ്ട്. (വാമനകഥയുടെ മൂലരൂപം ഋഗ്വേദത്തിലും തൈത്തരീയ സംഹിതയിലും തൈത്തരീയബ്രാഹ്മണത്തിലുമുണ്ട്. മഹാഭാരതത്തിലും ഹരിവംശത്തിലുമുണ്ട്. ഭാഗവതം കഥ വിശദീകരിക്കുന്നു) വാമനനെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള പരാമര്‍ശം ഇതാണ്. ഈ കരാറാണ് വാമനമിത്തിന്റെ കരട്. കര്‍ണ്ണാടകത്തിലെ ബദാമി, പട്ടടക്കല്‍, തമിഴ്‌നാട്ടിലെ മഹാബലിപുരം, കാഞ്ചീപുരം, നാംക്കല്‍, കുംഭകോണം, ശുചീന്ദ്രം, മഹാരാഷ്ട്രയിലെ എല്ലോറ, മധ്യപ്രദേശിലെ രാജീവലൊചന, രാജസ്ഥാനിലെ അബനേരി, ഓസ്യ, ഒറീസയിലെ ഉദയഗിരി, ഉത്തര്‍പ്രദേശിലെ ഭീതര്‍ ഗോം എന്നിവിടങ്ങളിലൊക്കെ വാമനകഥ ശിലാരൂപങ്ങളായി കൊത്തി വച്ചിട്ടുണ്ട്. ലോഹ-ദാരു ശില്പങ്ങളും ചുമര്‍ച്ചിത്രങ്ങളുമായി മറ്റു പലേടത്തും. ഇന്ത്യയൊട്ടാകെ വേരോട്ടമുണ്ടായിരുന്ന ഒരു മിത്തായിരുന്നു ഇതെന്നര്‍ത്ഥം. കേരളത്തില്‍ ആലത്തിയൂര്‍, ഊരമന, തൃപ്രയാര്‍, ചുടുവാലത്തൂര്‍, പാഴൂര്‍ എന്നിവിടങ്ങളിലാണ് വാമനന്റെ ത്രിവിക്രമ (വാമനന്റെ വിശ്വരൂപം) ചുവര്‍ച്ചിത്രങ്ങളുള്ളത്. പദ്മനാഭക്ഷേത്രത്തിലേത് കരിങ്കല്‍ ശില്പവും കവിയൂര്‍ ക്ഷേത്രഭിത്തിയിലേത് ദാരുശില്പവുമാണ്. ശ്രദ്ധേയമായ സംഗതി ബലിയെ അല്ലാതെ ധുന്ധുവിനെ ഒരിടത്തും കാണാനില്ല എന്നതാണ്.

ഇന്ത്യ മുഴുവന്‍ പ്രചാരമുണ്ടായിരുന്ന ഒരു മിത്ത് മലയാളിയുടെ സ്വകാര്യവും പ്രധാനവുമായ ഉത്സവം ആയിത്തീര്‍ന്നു. എങ്ങനെയോ. (പട്ടം താണുപിള്ളയാണ് മുന്‍പിന്‍ നോക്കാതെ ഓണത്തെപ്പിടിച്ച് ദേശീയോത്സവമാക്കിയത്. അതു ശരി. ഓണം കൊള്ളാന്‍ ചിലരെങ്കിലും കാണം അതിനു മുന്‍പേ തന്നെ വിറ്റു തുടങ്ങിയിട്ടുണ്ടായിരുന്നല്ലോ... ) കുടിയേറി പാര്‍ത്തവരും വിവിധ രാജവംശങ്ങളുടെ സ്വാധീനതയുമൊക്കെയാവണം മിത്തുകളെ പല പരിവേഷങ്ങളണിയിച്ച് കൂടെ നടത്തിയത്. പക്ഷേ നമ്മളീ മിത്തിനെ തകിടം മറിച്ചാണ് സ്വീകരിച്ചതെന്ന കാര്യമാലോചിക്കുമ്പോഴാണ് സന്തൊഷകരമായ ഒരിദ് ! ഭാഗവതം വാമനാവതാരത്തെയാണു പ്രകീര്‍ത്തിക്കുന്നതെങ്കിലും നമ്മള്‍ ബലിയ്ക്കു പിന്നാലെയാണ് യാത്ര ചെയ്തത്. പാതാളത്തില്‍ നിന്ന് അദ്ദേഹമെത്താനാണ് സദ്യയൊരുക്കി കാത്തിരിക്കുന്നത്. സത്യത്തില്‍ സ്നേഹവാത്സല്യങ്ങളുള്ള കാരണവരല്ലേ മഹാബലി? പഴയ മരുമക്കത്തായ തറവാടുകളിലെ. പ്രഭുത്വ വ്യവസ്ഥിതിയിലെ. ഇനിയും മാഞ്ഞു പോകാത്ത ചില പ്രസാദങ്ങള്‍. ഇലയില്‍ ഉണ്ണാന്‍ കൊതിക്കുകയും വാട്ടിയ വാഴയിലയുടെ ഗന്ധത്തെക്കുറിച്ചു പറഞ്ഞ് ഗൃഹാതുരമായ നെടുവീര്‍പ്പിടുകയും ചെയ്യുന്ന നമ്മളില്‍ പഴയ എന്തൊക്കെയോ ഉണ്ട്. അതുകൊണ്ടല്ലേ അദ്ദേഹത്തിന് കുടവയറും കൊമ്പന്‍ മീശയും വന്നുപോകുന്നത്? കാക്കുടകൂടിയുണ്ട് മഹാബലി ചിത്രങ്ങളില്‍. വാമനന്റെ കൈയില്‍ നിന്ന് അതു വാങ്ങി നാം ബലിയെ എല്‍പ്പിച്ചതാണ്. (മേല്‍പ്പറഞ്ഞ ശിലാദാരു ശില്പങ്ങളിലൊക്കെ കുട വാമനന്റെ കൈയിലാണ്. മഹാബലി കുടയും ചൂടി നില്‍ക്കുന്ന ഒരു ചിത്രീകരണവുമില്ല) ആ കുട നമ്മുടെ കരുണയുടെയും കരുതലിന്റെയും പ്രതീകമാണ്. ബലി ഒരു ഫാദര്‍ ഫിഗറാണ്. അനുകമ്പാര്‍ഹനായ രക്ഷകന്‍. കടുത്ത വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ സൂര്യന്‍ തന്നെയാണ് ചെരിപ്പും കാക്കുടയും (കാക്കാനുള്ള കുട, കാവല്‍ക്കുട. ഓലക്കുട. ‘മറക്കുട’ മഹാദുരിതമായിരുന്നു. പക്ഷേ ഇതു അതല്ല) ജമദഗ്നിയ്ക്കു നല്‍കിയതെന്ന് ഒരു കഥയുണ്ട് മഹാഭാരതം അനുശാസന പര്‍വത്തില്‍. ‘വൈശാലി’യിലെ രാജാവിന്റെ ശരീരഘടന നമ്മുടെ ശീലങ്ങളില്‍ മഹാബലിയ്ക്കുണ്ടാവാത്തതിനു കാരണം രാജാവായിട്ടല്ല മഹാബലി നമ്മുടെ അബോധത്തിന്റെ വാതിലുകള്‍ തുറന്നു വരുന്നത് എന്നതാണ്. മറിച്ച് പഴയൊരു കാരണവരായിട്ടാണ്. വാമനനു കൊടുക്കേണ്ട ആദരവ് നമ്മുടെ സ്വന്തം ആളായിരുന്ന ഒരു കാരണവരിലേയ്ക്ക് നാം വച്ചു മാറി. അതാണു കാര്യം. അപ്പോള്‍, ശരിക്കും ചവിട്ടിയവന്റെ അക്രമപരതയിലല്ല, അധൃഷ്യതയിലല്ല, അവനോടൊപ്പം നിന്നാല്‍ കിട്ടാവുന്ന പ്രയോജനങ്ങളിലല്ല, ചവിട്ടുകൊണ്ടവന്റെ നീതിയിലും നിസ്സഹായതയിലും ആര്‍ദ്രമാവുന്ന ഒരു ഒരു മനസ്സ്, കളക്ടീവ് കോണ്‍ഷ്യസ്‌നെസ് മലയാളിയ്ക്കുണ്ടായിരുന്നു. നമ്മുടെ സ്വന്തം ആളെന്ന മനസ്സ്.

എവിടെ വച്ചാണതു കൈമോശം വന്നത്?

37 comments:

Haree said...

"എവിടെ വച്ചാണതു കൈമോശം വന്നത്?" എന്നു മതിയോ! എവിടങ്ങളിലൊക്കെ വെച്ചാണതു കൈമോശം വന്നത് എന്നാവണ്ടേ! പലകാര്യങ്ങളില്‍, പലര്‍ക്കായി, പലയിടത്തായി നമുക്ക് അവ കൈമോശം വന്നിട്ടുണ്ട്...

ധുന്ധുവിനെ കേട്ടിട്ടില്ല. പക്ഷെ, അങ്ങിനെയൊരു അവതാരകഥയുണ്ടായിരുന്നെങ്കില്‍, മഹാബലിക്ക് അത് അറിവുണ്ടായിരുന്നിരിക്കില്ലേ? അപ്പോള്‍ പിന്നെ ‘മൂന്നടി’ എന്ന നമ്പര്‍ വിജയിക്കില്ലല്ലോ! :-)
--

ഹരിത് said...

എക്സലന്‍റ് പോസ്റ്റ്.

siva // ശിവ said...

ഇതൊക്കെ എനിക്ക് പുതിയ അറിവുകള്‍...

smitha adharsh said...

ഇതൊക്കെ ആദ്യമായാണ്‌ കേള്‍ക്കുന്നത്...നല്ല പോസ്റ്റ്..

അയല്‍ക്കാരന്‍ said...

ചവിട്ടുകൊള്ളുന്നവന്‍റെ വേദനയില്‍ ആര്‍ദ്രമാകുന്ന മലയാളിമനസ്സൊക്കെ പഴങ്കഥയല്ലേ? ഇന്നിപ്പോള്‍ അവനെ കോമാളിയാക്കി അവന്‍റെ വീഴ്ചകളെ മദ്യത്തില്‍ കുളിപ്പിച്ചാറാടിക്കുന്ന പുതിയ മലയാളിമനസ്സുകള്‍ക്ക് എന്ത് ആര്‍ദ്രത, എന്തു നോവല്‍?

കണ്ണനെയൊക്കെപ്പോലെ മഹാബലിയും ഒരു ഈശ്വരസങ്കല്പമായിരുന്നുവെങ്കില്‍ എന്നു പലവട്ടം കൊതിച്ചിട്ടുണ്ട്? എങ്കില്‍ അദ്ദേഹത്തെ കോമാളി കളിപ്പിക്കാന്‍ സ്ഥലത്തെ മതപുരോഹിതന്മാരെ പേടിച്ചെങ്കിലും നാം അറച്ചേനെ.

വെള്ളെഴുത്ത് said...

ഹരീ, അദ്ധ്യാത്മരാമായണത്തില്‍ ‍ സീത പറയുന്നത് ഓര്‍മ്മയില്ലേ?
“രാമായണങ്ങള്‍ പലതും കവിവര-
രാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍
ജാനകിയോടുകൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ.”
അപ്പോള്‍ കാട്ടിലെന്തു സംഭവിക്കുമെന്നതുള്‍പ്പടെ സീതയ്ക്കറിയാമായിരുന്നു എന്നല്ലെ അര്‍ത്ഥം? പുരാണങ്ങളുടെ വഴി വിചിത്രമാണ്. വാമനനുശേഷം വന്ന പരശുരാമനല്ലേ മഹാബലി ഭരിച്ചുവെന്നു വിശ്വസിക്കുന്ന കേരളം(?) സൃഷ്ടിച്ചത്! ഏഴോ എട്ടോ പ്രാവശ്യം തിരിക്കണം (ഏഴുപ്രാവശ്യം എന്ന് മദാം ബ്ലോവസ്കി) മിത്തുകളിലെ ചരിത്രാംശത്തെ അരിച്ചെടുത്ത് യുക്തിസഹമാക്കാന്‍..

Sanal Kumar Sasidharan said...

വെള്ളെഴുത്തേ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല,തെക്കൻ കേരളത്തിൽ(ഞങ്ങളുടെ സ്ഥലത്തെങ്കിലും) അത്തക്കളമുണ്ടാക്കുന്നത് പത്ത് പടവുകളുള്ള ഒരു ഗോപുരത്തിന്റെ മാതൃകയിലായിരുന്നു(ഇപ്പോൾ അങ്ങനെ ഉണ്ടോ എന്നറിയില്ല)ഗോപുരത്തിന്റെ മുകൾ പടിയിൽ ഒരു ചാണക ഉരുളയാണ് സ്ഥാനം പിടിക്കുക തൃക്കാക്കരയപ്പൻ എന്ന് സങ്കൽ‌പ്പം.പത്തുനാളും ഈ ഉരുളയിലാണ്പുണ്യപൂജകൾ..പത്താം നാൾ രസകരമായ ഒരു സംഗതിയുണ്ടാകും.ഓണമുണ്ടുകഴിഞ്ഞാൽ അടയും പായസവുമൊക്കെ നിവേദിക്കും ആൾക്ക് എന്നിട്ട് ഒന്നാന്തരമൊരു അമ്പും വില്ലുമൊരുക്കും കാൽ മുട്ടിന്മേലിരുന്ന് തൃക്കാരയപ്പനെ എയ്തുവീഴ്ത്തും.ഏറെ കാലം ഞാൻ ഈ ആചാരത്തിന്റെ പൊരുളറിയാതെ നടന്നു,,പത്തുനാൾ പൂജിക്കുന്ന പരമ്പൊരുളിനെ അമ്പെയ്തു വീഴ്ത്തുകയോ?മഹാബലിയോടുള്ള സ്നേഹമോ?അതോ വേടശരമേറ്റ് സ്വർഗം പൂകിയ കൃഷ്ണന്റ്റെ ഓർമ്മപുതുക്കലോ ..ഇപ്പോൾ ഈ എഴുത്തിന്റെ അവസാനഭാഗം വായിച്ചപ്പോൾ ഓർത്തുപോയി

എതിരന്‍ കതിരവന്‍ said...

ഓണം വാമനാവതാരവുമായി ബന്ധപ്പെട്ടത് ആര്യവലക്കരണത്തിനു ശേഷമാണ്. 9)ആം നൂറ്റാണ്ടു മുന്‍പു തന്നെ തമിഴ്നാട്ടില്‍ ഓണം ആഘോഷിക്കപ്പെട്ടിരുന്നതിനു തെളിവുകളുണ്ട്. സംഘകാലകൃതിയായ “മധുരൈക്കാഞ്ചി” യില്‍. അസ്സീറിയയില്‍ നിന്നും എത്തിയതാണ് ഓണാഘോഷം എന്ന് കേസരി ബാലകൃഷ്ണന്‍ വാദിച്ചിട്ടുണ്ട്. അവരുടെ “മാബെല്“ രാജാവാണത്രെ മാവേലി.എന്‍. വി.കൃഷ്ണവാര്യരും ഈ യുക്തിക്ക് ബലമിട്ടിട്ടുണ്ട്. പിരമിഡിന്റെ ആകൃതിയിലാണ് സ്തൂപങ്ങള്‍ (ഓണത്തപ്പന്‍) ഉണ്ടാക്കുന്നത്, തൃശൂര്‍ മുതല്‍ വടക്കോട്ട്. മെസൊപൊടേമിയ ദേശത്തു ക്ഷേത്രഗണിതത്തില്‍ തല്‍പ്പരരായവര്‍ വന്നതിന്റെ ബാക്കിയാണിതെന്ന് ആനന്ദ്. അവിടെയും ചതുര്‍ഭുജഗോപുരത്തിന്റെ ആകൃതിയിലുള്ള മൂര്‍ത്തികളെ ആരാധിച്ചിരുന്നത്രെ.

കുലശേഖരവര്‍മ്മന്‍ സാര്‍വഭമ പദവി ഉപ്പേക്ഷിച്ച് രാജശേഖരനെ വാഴിച്ച ആഘോഷത്തിന്റെ അനുസ്മരണമാണ് അത്തച്ചമയവും തുടര്‍ന്നുള്ള് ആഘോഷവും എന്ന് പി. മീരാക്കുട്ടി.ബുദ്ധമതാനുയായിരുന്ന (പള്ളിബാണപെരുമാള്‍?) രാജാവിനെ ബഹിഷ്കരിച്ച് ആര്യാ‍ാര്യമതം സ്ഥാപിച്ചതിന്റെ സ്മാരകമായിരിക്കാം ഓണം എന്നും അദ്ദേഹം പറയുന്നു. തൃക്കാക്കരയായിരുന്നു അവരുടെ കേന്ദ്രം.
കൊല്ലവര്‍ഷം ആരംഭിച്ചതിന്റെ ഓറ്മ്മപ്പെരുനാള്‍ ആണെന്നു ഇളംകുളം കുഞ്ഞന്‍ പിള്ള വാദിച്ചിട്ടുണ്ട്.


അവതാരവാമനനേയും ഇതിഹാസ മഹാബലിയേയും തീര്‍ച്ചയായും ഈ കഥയേല്‍ കെട്ടിയിട്ടത് ബ്രാഹ്മണവല്‍ക്കരണത്തിന്റെ ഭാഗമയിരിക്കും എന്ന് പരക്കെ വിശ്വാസം.

മഹാബലിയെ കുടവയറനാക്കിയത് ഈ അടുത്തകാലത്ത് കാര്‍ടൂണിസ്റ്റുകളാണ്. ചില ദിക്കുകളില്‍ ഓണത്തപ്പന് കുട കുത്താറുണ്ട്. അതെടുത്ത് കാരിക്കേച്ചറിന്റെ സായൂജ്യചിഹ്നമാക്കി.

ഏതു ചടങ്ങിനും ആഘോഷത്തിനും അതത് കാലത്ത് പ്രചാരത്തിലുള്ള മിത്ത് തിരുകിക്കയറ്റുന്നത് നമ്മുടെ പാരമ്പര്യമാണ്. മിക്ക ക്ഷേത്രങ്ങളും വില്വമംഗലത്തു സ്വാമിയാര്‍ സ്ഥാപിച്ചതാണ് എന്നത് ഒന്നു. ‘പടയണി’ എന്ന ആയോധന കല ശ്രീകൃഷ്ണന്‍ ആരേയോ ജയിച്ചു വന്നതിന്റെ ആഘോഷമാണെന്ന് ഈയിടത്തെ കണ്ടുപിടിത്തമായി വായിച്ചു. (മാവേലി നാടു വാണീടും കാലം‘ പാട്ടില്‍ ശ്രീകൃഷ്ണനാണ് മഹാബലിയെ ഭൂമിയില്‍ നിന്നും പറഞ്ഞയയ്ക്കുന്നത്! ധര്‍മ്മപുത്രരുമുണ്ട് കൂടെ!)


ചെറിയ വൃത്താകൃതിയിലുള്ള ഇലകള്‍‍ കോര്‍ത്തെടുത്തതു പോലെയുള്ള, പാറയില്‍ പറ്റിപ്പിടിച്ചു വളരുന്ന ഒരു ചെടിയുണ്ട്. “സീതത്താലി” എന്നു പേര്‍. ആകാശമാര്‍ഗ്ഗത്തുനിന്നും സീതയുടെ താലി താഴെ വീണു പോയത്. ഇത്ര ലളിതമാണ് വിശ്വാസങ്ങളിലെ യുക്തി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഓണം കേരളത്തിന്റെ മാത്രം ഉത്സവമല്ല.ക്രിസ്തുവര്‍ഷം പത്താംനൂറ്റാണ്ട് വരെ ഓണം തമിഴകത്തിലുള്‍പ്പെട്ട എല്ലാ പ്രദേശങ്ങളിലും ആഘോഷിച്ചിരുന്നു എന്നുള്ളതിന് ചരിത്രപരമായ തെളിവുകളുണ്ട്.തമിഴ് നാട്ടിലെ മറ്റ് പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലും അത് വിഷ്ണുവിന്റേയും വൈഷ്ണവമായ ചില അവതാരങ്ങളുടേയും ആരാധനാസമ്പ്രദായത്തില്‍ നിന്നും ഉടലെടുത്തിട്ടുള്ളതാണ്.തിരുവോണനക്ഷത്രത്തിന്റെ ദേവത വിഷ്ണുവാകുന്നു.തമിഴില്‍ ഓണത്തപ്പന്‍ വിഷ്ണുവിന്റെ ഒരു പര്യായപദമാണ്.തിരുവോണത്തിനും വിഷ്ണുവിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.ഓണം സംബന്ധിച്ച് നടന്ന് വരുന്ന ആഘോഷങ്ങളും ആചാരങ്ങളും(കോടിയുടുക്കല്‍,ഓണത്തല്ല് തുടങ്ങിയവ) പാണ്ഡ്യചോളനാടുകളില്‍ ക്രിസ്തുവിന് പത്താംശതകത്തോടുകൂടി ഇല്ലാതായി.കേരളത്തില്‍ മാത്രം ഇപ്പോഴും തുടരുന്നു.
വെള്ളായണി

എതിരന്‍ കതിരവന്‍ said...

അന്നന്നത്തെ പ്രചാരമുള്ള മതങ്ങളുടെ സ്വാധീനം മാവേലിയുടെ ഛായ മാറ്റുന്നുണ്ട്. പല പാട്ടുകളിലും ശിവനാണ് തൃക്കാക്കരയപ്പന്‍. തൃക്കാക്കര ശിവപ്രതിഷ്ഠയായിരുന്നത്രെ.
“തൃക്കാക്കരപ്പ മഹാദേവാ
എന്റെ പടിയ്ക്കലും വന്നുപോണേ”
മഹാദേവന്‍ ശിവനാണ്.

വേറൊരു പാട്ടില്‍ വാമനന്‍ മഹാബലിയുടെ മുന്‍പില്‍ ചെന്ന് ‘ഹരഹരശിവ ശങ്കരരേ‘ എന്നു വിളിച്ച് തിരുനൃത്തം ചെയ്തു എന്നുണ്ട്.

വണ്ണാന്മാരുടെ ഓണത്താര്‍പാട്ടിലും പൊലിപ്പാട്ടിലും ശിവനെയാണ് സ്തുതിക്കുന്നത്.
പാണപ്പാട്ടില്‍:
“മാവേലിയെ ധ്യാനിച്ചൊരു
മണ്ണുരുള വയ്ക്കുന്നേന്‍
മഹാദേവനെ ധ്യാനിച്ചൊരു
മണ്ണുരുള വയ്ക്കുന്നേന്‍”
എന്നുണ്ട്.

ശൂരനാട്ടു കുഞ്ഞന്‍ പിള്ള ഇപ്രകാരം:
“ഓണത്തിന്റെ ആരംഭം പ്രാചീനകാലം മുതല്‍ ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന ഇന്ദ്രപൂജയില്‍ നിന്നാവാം. അക്കാലത്ത് 27 ദിവസത്തെ പൂജാഉത്സവം തെക്കേ ഇന്‍ഡ്യയില്‍ നടന്നിരുന്നതായി സംഘകാലകൃതികളില്‍ കാണാം. ആ ഉത്സവത്തില്‍നിന്ന് കേരളം സ്വന്തമാക്കിയതാവാം ഓണാഘോഷവും അതിന്റെ പിന്നിലെ മഹാബലിയുടെ സങ്കലപ്പ കഥയും.”

(അവലംബം:വേണു മാലിപ്പാറയുടെ ‘ഓണം: നവവിചാരധാര“)

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിരിക്കുന്നു

Santhosh said...

നന്ദി, വെള്ളെഴുത്തേ!

കുഞ്ഞന്‍ said...

നല്ലൊരു പോസ്റ്റും അതിന് കൂടുതല്‍ തിളക്കം നല്‍കുന്ന അഭിപ്രായങ്ങളും.

ധുന്ധുവിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്, ഇത് കേരള വാമൊഴിയിലാണൊ അതൊ കേരളത്തിനു പുറത്തുള്ള മിത്തുകളില്‍ നിന്നാണൊ.. പിന്നെ ഈ ധുന്ധു തന്നെയാണൊ ധുന്ധുപി നാദം എന്നപേരിനുത്ഭുവമായ കക്ഷി..?

എന്റെ നാട്ടില്‍ തൃക്കാക്കരപ്പോ മാതേവോ പൂയ്..എന്നാണ് വിളിക്കുന്നത്..തൃക്കാരപ്പാ മഹദേവാ..മഹദേവന്‍ ലോപിച്ച് മാതേവനായി, ഗംഗാധരരന്‍ ലോപിച്ച് ഗംഗ് ആയതുപോലെ. പക്ഷെ ഇവിടെ എന്തിന്(ഓണത്തിന്) മഹദേവന്‍ വരണം? അതിന്റെ ലോജിക് എന്താണ്? അതുപോലെ പൂക്കളം ഇടുമ്പോള്‍ വടക്കു വശത്തുള്ള പൂക്കളത്തിന്റെ വാലില്‍ തുമ്പപ്പൂ മാത്രമെ ഇടുകയൊള്ളു അത് പരമശിവനെന്നാണ് സങ്കല്പം. ആയതിനാല്‍ ഓണത്തിന് പൂജിക്കുമ്പോള്‍ അമ്മിക്കുഴവി കൊണ്ടുവന്ന് വടക്കു വശത്തെ കളത്തില്‍ വയ്ക്കുകയും അതിനോടൊപ്പം ഒരു കുടയും വടിയും( ഇത് ആര്‍ക്കാണെന്ന് അറിയില്ല) വയ്ക്കാറുണ്ട്.

അതുപോലെ എറണാകുളം ജില്ലയില്‍ തൃക്കാക്കര, തൃപ്പോണിത്തറ(തൃപ്പൂണിത്തറ),പാതാളം എന്നീ സ്ഥലങ്ങളും ഓണമായി ബന്ധപ്പെട്ടുകിടക്കുന്നവയല്ലെ. ഇതുപറഞ്ഞപ്പോഴാണ് ഒരു ചെറിയ കാര്യം ഓര്‍മ്മവന്നത്. ഇഎസ് ഐ ആശുപത്രി പാതാളത്തിലാണ്.എന്റെ കുട്ടിക്കാലത്ത് ഒരു ദിവസം, ഉറക്കമെണീറ്റുവന്നപ്പോള്‍ അമ്മയെ കാണുന്നില്ല അമ്മയെവിടെപ്പോയി എന്ന് അന്വേഷിച്ചുനടക്കുന്നതിനിടയില്‍ അയല്‍‌വക്കത്തെ ഒരു ചേച്ചി, അമ്മ പാതാളത്തില്‍പ്പോയി എന്നു പറഞ്ഞു. പൂമ്പാറ്റയുടെയും ബാലരമയുടെയും സ്വാധീനം എന്നെ വല്ലാത്ത ആശയക്കുഴപ്പം ഉണ്ടാക്കി അമ്മയുടെ ഈ പാതാളം പോക്ക്.

ഈ വാമനന്‍ യുക്തിവാദികള്‍ക്കൊരു തുറപ്പുചീട്ടാണ്. മുന്‍ കമന്റില്‍ പറഞ്ഞതുപോലെ പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളം ഉണ്ടാക്കിയെന്നു പറയുമ്പോള്‍ അപ്പോള്‍ അതിനുമുമ്പ് കേരളം ഭരിച്ച രാജാവാണ് മഹാബലിയെന്ന് വാദിക്കാന്‍ പറ്റുമൊ എന്നുള്ള ഉത്തരം മുട്ടിക്കുന്ന ചോദ്യം കേള്‍ക്കുമ്പോള്‍ പരശുരാമനോടാണൊ വാമനനോടാണൊ കലിപ്പ് തോന്നേണ്ടത്....!!!!

Haree said...

പരശുരാമന്‍ മഴുവെറിഞ്ഞു സൃഷ്ടിച്ച കേരളം, അതിനു മുന്‍പെങ്ങിനെ മഹാബലി ഭരിച്ചു എന്നതാണല്ലോ ചോദ്യം. അതിനുത്തരം ഇങ്ങിനെയാണ് ഞാന്‍ കേട്ടിരിക്കുന്നത്, എത്രമാത്രം ശരിയെന്ന് അറിയില്ല.

മഹാബലി ഭരിച്ചിരുന്നത് ഈ പ്രദേശം ഉള്‍പ്പെടുന്ന രാജ്യം തന്നെയായിരുന്നു. എന്നാല്‍ അതിനു ശേഷം തീരദേശമെല്ലാം കടല്‍ കയറി. ആ പ്രദേശം പരശുരാമന്‍ മഴുവെറിഞ്ഞ് വീണ്ടെടുക്കുകയാണ് ചെയ്തത്. അപ്പോള്‍ ശരിയായില്ലേ?

സീതയുടെ ആ ശ്ലോകം എപ്പോഴാണ് വരുന്നത്?
--

എതിരന്‍ കതിരവന്‍ said...

കുഞ്ഞാ ‘ദുന്ദുഭി’ ആണ്. ശിവന്റെ കയ്യിലെ ഉടുക്ക്.

തൃക്കാക്കരെ ക്ഷേത്രവളപ്പില്‍ ശിവപ്രതിഷ്ഠയുമുണ്ട്. ആദ്യം ശിവക്ഷേത്രമായിരുന്നു എന്നു വിശ്വാസം. മഹാബലിയുടെ ഉപാസനാമൂര്‍ത്തി എന്ന് ഐതിഹ്യം. ശൈവര്‍ക്കുമേല്‍ വൈഷ്ണവര്‍ നേടിയ വിജയമായിരിക്കാം പാതാളകഥയ്ക്കു നിദാനം എന്ന് പി. ജി. രാജേന്ദ്രന്‍ (ക്ഷെത്ര വിജ്ഞാനകോശം) ഇവിടത്തെ ഉത്സവത്തിനു വരാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് പെരുമാള്‍ കല്‍പ്പന പുറപ്പെടുവിച്ചത്രെ.

Naughtybutnice said...

1. Matsaya avatar.. means the fish.
2. Koorma avatar... means the turtle
3. varaha avatar... means the boar
4. Narasimha avatar means Nara..man..simma ..lion man-lion
5. vamana avatar means dwarf man
6. Parasurama avatar. means man with axe
7. Rama avatar..means sri Ramachandran
8. Krishna avatar sri krishna
9. Balarama man with strength
10. Kalki avatar..

ee mukalil paranjirikkunnathil 5 mathe avatharam engineyanu 6 avatharam aaya parasuraman mazhu erinju undakkiya keralathil bharicha mahabeliye chavitti thazhthiyathu???

aarengilum onnu paranju tharuuu.. plss..

പാഞ്ചാലി said...

വിവരങ്ങള്‍ പങ്കു വച്ച വെള്ളെഴുത്തിനും പ്രതികരിച്ചവര്‍ക്കും നന്ദി!
ഒന്നു ചോദിച്ചോട്ടെ;
വയലാര്‍ കാരനായ പ്രവാസ മന്ത്രി ഇന്നലെ ഒരു ഓണാഘോഷ പ്രസംഗത്തില്‍, പരശുരാമനും വാമനനും തമ്മില്‍ കണ്ടു മുട്ടുന്നതിനെക്കുറിച്ചുള്ള, വയലാര്‍ രാമവര്‍മയുടെ ഒരു കവിതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അറിയാമോ?
ഓഫ് ടോപ്പിക്കിനു ക്ഷമാപണം.

അപ്പു ആദ്യാക്ഷരി said...

വെള്ളെഴുത്തുമാഷേ, നല്ലൊരു പോസ്റ്റും അതിനു തിലക്കുറിപോലുള്ള കമന്റുകളും.. നല്ലൊരു ഓണസമ്മാനം തന്നെ.

Anonymous said...

'എതിരന്‍ തിരുമേനി' കമന്റിയതോടെ പോസ്റ്റിന്റെ എല്ലാ വാതിലുകളും തുറന്നതുപോലെ...

മറക്കുടയും (വാമനന്‍; തൃക്കാക്കരയപ്പന്‍) കുടവയറും (ഓണത്തപ്പന്‍) പൂണൂലൂം (വാമനന്‍?) കൊമ്പന്‍ മീശവച്ച സ്റ്റീരിയോറ്റിപ്പിക്കല്‍ ദ്രാവിഡ/രാക്ഷസരൂപവും എല്ലാം കൂടി ഒരുരൂപത്തില്‍ ലയിക്കുന്ന പിതൃരൂപം...

പിന്നെ സമത്വമുള്ള ഒരു സാമൂഹ്യവ്യവസ്തിതിയോട് കുശുമ്പുകൊള്ളുന്ന ദേവവര്‍ഗവും (ബ്രാഹ്മണര്‍?)... ദ്രാവിഡരൂപിയായ രാജാവിനെ നിഷ്കാസനം ചെയ്യുന്ന ബ്രാഹ്മണരൂപിയായ ദേവാവതാരവും... കാല്ചവിട്ടടിയിലും ദ്രാവിഡന്റെ ചുണ്ടിലുണ്ടാകേണ്ട വിധേയത്വവും വരംതേടലും

എല്ലാം കൂടി ഒരു മിത്തിന്റെ സത്തുതിരഞ്ഞുപോകുന്നവന് പാഠപുസ്തകമാവുന്നു മാവേലിയുടെ കഥ. തിരയാന്‍ കൊതിപ്പിക്കുന്ന പോസ്റ്റും. :)

വെള്ളെഴുത്ത് said...

അദ്ധ്യാത്മ രാമായണം, ബാലകാണ്ഡത്തിന്റെ ഒടുവില്‍ സീത, തന്നെകൂടി കാട്ടിലേയ്ക്കു കൊണ്ടു പോകാന്‍ പറയുന്ന ന്യായീകരണങ്ങളിലൊന്നാണത്. ഹരീ, അത്ര ലളിതമായി വ്യാഖ്യാനിക്കാവുന്നവയല്ല മിത്തുകള്‍. അതില്‍ ചരിത്രമുണ്ട് അത് ഇഴപിരിച്ചെടുക്കാന്‍ കുറെ അന്വേഷണം വേണ്ടി വരും. ശിവാലയ ഓട്ടത്തിനിടയ്ക്ക് ഓട്ടക്കാര്‍ പറയുന്ന മന്ത്രത്തിലും ഹരി-ഹര സമന്വയം കാണാം. ‘ഹരി -ഹര സുതനി‘ലെന്നപോലെ. തമ്മിലടിച്ചുകൊണ്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ (പന്നിയൂര്‍, ശുകപുരം ഗ്രാമക്കാര്‍...) പില്‍ക്കാലത്ത് ഒന്നുചേര്‍ന്നതിന്റെയും ചില രാജവംശങ്ങള്‍ അതിനു സഹായം ചെയ്തതിന്റെയുമൊക്കെ ചരിത്രമുണ്ട്, നമ്മുടെ ശിവനും വിഷ്ണുവും ഒന്നിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍. കോഴിക്കോട്ടെ തളിയലിലും ഒരു ക്ഷേത്രത്തിനകത്ത് രണ്ടു പ്രതിഷ്ഠയുമുണ്ട്..ഒരു പ്രത്യേക ഘട്ടത്തില്‍ കേരളം മുഴുവന്‍ ഉണ്ടായ പ്രതിഭാസമായിരിക്കും ആ രാഷ്ട്രീയസമവായം! അതിന്റെ ബാക്കി സ്വാഭാവികമായും ഓണമിത്തിലും കുടിയേറിയിരിക്കണമല്ലോ. മഹാദേവന്‍, വാമന-ത്രിവിക്രമനോടൊപ്പം അങ്ങനെ വന്നതായിരിക്കണം.
എതിരന്‍, നമുക്കൊരു ഓണസര്‍വവിജ്ഞാനകോശമുണ്ട്. കണ്ടിട്ടില്ല. മറ്റൊരു പുസ്തകം കൂടി പറയാം. കെ ടി രവി വര്‍മ്മയുടെ ‘ഋഗ്വേദം മുതല്‍ ഓണപ്പാട്ടുകള്‍ വരെ’(ത്രിവിക്രമ-ബലി മിത്തിന്റെ വികാസപരിണാമങ്ങള്‍) എതിരന്‍ സീതത്താലിയുള്‍പ്പടെയുള്ള വിവരങ്ങള്‍ക്ക് പ്രത്യേക നന്ദി. കുഞ്ഞാ, തൃക്കാക്കരയിലെ 'പുലയമൂപ്പനെ' ഒരു മുണ്ടനെ മുന്‍ നിര്‍ത്തി സവര്‍ണ്ണര്‍ പാതാളം എന്ന സ്ഥലത്തേയ്ക്ക്‌ നാടുകടത്തിയകഥയും ഓണവുമായി ബന്ധപ്പെടുത്തി പറഞ്ഞു കേട്ടിട്ടുണ്ട്.
പാഞ്ചാലീ, പരശുരാമനും വാമനനുമല്ല, ‘മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം’ എന്ന പേരില്‍ ഒരു കവിതയുണ്ട് വയലാറിന്റേതായി ‘എന്റെ മാറ്റൊലിക്കവിതകള്‍’ എന്ന സമാഹാരത്തില്‍. അതായിരിക്കും വയലാര്‍ രവി ഉദ്ദേശിച്ചതെന്നു തോന്നുന്നു. (അതു സ്കാന്‍ ചെയ്യണോ? )

പാഞ്ചാലി said...

മറുപടിക്ക് നന്ദി! "ഞാനുണ്ടാക്കിയ കേരളത്തെ ഇല്ലാതാക്കിയ ആളല്ലേ?" എന്ന് പരശുരാമന്‍ ചോദിക്കുന്നതായി കവിതയിലുണ്ടെന്നോ മറ്റോ ആണ് വയലാര്‍ രവി പറഞ്ഞത്. ബഹളം കാരണം ശരിക്ക് കേള്‍ക്കാനൊത്തില്ല. താങ്കള്‍ സൂചിപ്പിച്ച കവിതയില്‍ അങ്ങനെയുണ്ടോ? (ബുദ്ധിമുട്ടില്ലെങ്കില്‍ സ്കാന്‍ ചെയ്തിടാമോ... ഏതായാലും കവിത വയലാറിന്റെയല്ലേ!)
:-))

വെള്ളെഴുത്ത് said...

‘മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം’ - വയലാര്‍ കവിത.
അഞ്ചു പേജുണ്ട്. ഇവിടെ.

http://s422.photobucket.com/albums/pp310/abhiprayam/Kavitha/

Dinkan-ഡിങ്കന്‍ said...

എന്തൊക്കെ പറഞ്ഞാലും ശരി "മാവേലി" ഒരു സിംബലാണ്.

കുട (ഛത്രം) അതില്ലാതെ ഛത്രപതിയായ മാവേലിയെ സങ്കല്പ്പിക്കാന്‍ ബുദ്ധിമുട്ടല്ലേ?
അതുകൊണ്ട് ആ കുട അവിടെ ഇരിക്കട്ടെ(ഇനി വെയിലില്ലെങ്കില്‍ ചുരുട്ടി കക്ഷത്ത് വെയ്ക്കട്ടെ)

ഓണത്തിന്റെ ആര്യവല്‍ക്കരണത്തെ കുറിച്ച് ചരിത്രപരമായി തെളിവുകള്‍ അറിയില്ല. പക്ഷേ വയനാട്ടിലെ ആദിവാസികളില്‍ പോലും നാലു തലമുറ മുന്നേ ഓണം ആഘോഷിച്ചിരുന്നതായി അവരുടെ കൂട്ടത്തിലെ തന്നെ ചില സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരുതവണ ഉച്ചാലിന് (അങ്ങനെ ഒരു സംഗതിയുണ്ട്; ഓണവുമായി ബന്ധപ്പെട്ടതല്ല) പോയപ്പോള്‍ ചില വരികള്‍ (ഓണപ്പാട്ടിന്റെ ദ്രവീഡീയന്‍ ശീലുകള്‍) അവര്‍ പാടി തന്നിട്ടും ഉണ്ട്.

പിന്നെ സ്വാവര്‍ണ്ണികാ മന്വന്തരം വരുമ്പോള്‍ ഈ മഹാബലി തന്നെ ദേവേന്ദ്രന്‍ ആകും എന്നും, പാഴായി പോകുന്ന യജ്ഞ/സത്ര ഫലങ്ങള്‍ മാവേലിക്കുള്ളതാണെന്നും (അങ്ങനെ ഒരു ഡീല്‍ അവര്‍ തമ്മിലുണ്ട്)ഒക്കെയുള്ള മിത്തിക്കല്‍ പിന്‍ബലത്തില്‍ ഞാനും ഇങ്ങനെ ജീവിച്ചു പോകുന്നു. (ചില പ്രതീക്ഷകളെങ്കിലും ബാക്കി വേണ്ടേ വെ. എഴുത്തേ?)

മാവേലി നാടു വാണീടും കാലം... കേട്ടിട്ടില്ലേ?

Haree said...

@ വെള്ളെഴുത്ത്,
ബാലകാണ്ഡത്തിലാവുമ്പോള്‍, സീതയില്ലാതെ രാമന്‍ കാനനവാസത്തിനു പോവുകയില്ല എന്നത് സീതയ്ക്കു തന്നെ ഉറപ്പുണ്ടായിരുന്നു എന്നു പറയണം, അല്ലേ? “മദിരാക്ഷി! നീ കഥിച്ചതും, മതമത്രേ മാമകീയം...” (കുചേലവൃത്തം ആട്ടക്കഥ) എന്നാണല്ലോ! :-)

അപ്പോള്‍, എങ്ങിനെയാണ് പരശുരാമന്‍-മഹാബലി പ്രശ്നത്തെ വ്യാഖ്യാനിക്കുന്നത്? അതിലൊരു ലോജിക്ക് എന്തായാലും ഉണ്ടാവണമല്ലോ! ഈ മിത്തുകളൊക്കെ എഴുതിയുണ്ടാക്കിയവര്‍, ഇങ്ങിനെയൊരു ചേര്‍ച്ചയില്ലായ്മ ശ്രദ്ധിക്കാത്തവരാവില്ല.

@ ഡിങ്കന്‍,
ഓലക്കുട ചുരുട്ടുവാനുള്ള ടെക്നോളജി ആയോ! :-) അപ്പോള്‍ ഛത്രപതി ശിവജിക്കും വേണ്ടേ കുട?
--

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വെള്ളെഴുത്തു മാഷേ നല്ല ലേഖനം. ധുന്ധുവിന്റെ കഥ ആദ്യമായി കേള്‍പ്പിച്ചതിനു നന്ദി.

Anonymous said...

കാല ഗണനയെക്കുറിച്ച്: കേരള സൃഷ്ടി എന്ന കഥ പുരാണങ്ങളില്‍ ഉള്ളതായി തോന്നുന്നില്ല. പുരാണങ്ങളില്‍ പരശുരാമന്‍ തപസ്സുചെയ്യാന്‍ പോയത് വിരാടപര്‍വതത്തിന്റെ സാനുക്കളിലാണ്. തപസ്സിനായി പുതിയ ഭൂമിസൃഷ്ടിക്കുന്നത് ഏത് സാഹചര്യത്തില്‍ രൂപപ്പെട്ട കഥയാണെന്ന് അറിയില്ല. (കേരളത്തിന്റെ മലയോരം വരെ അടിത്തട്ടിലെ മണ്ണില്‍ കടല്‍ പിന്‍‌വലിഞ്ഞതിന്റെ അടയാളങ്ങള്‍ ഉള്ളതായി ആരോ പറഞ്ഞഓര്‍മയുണ്ട്.) ഈ കഥയും‘ശിഷ്യനും മകനും’ കവിതയില്‍ പറയുന്ന പരശുരാമ-ഗണേശ യുദ്ധവും പില്‍ക്കാലത്ത് രൂപപ്പെട്ട ഐതിഹ്യങ്ങളാണെന്ന് തോന്നുന്നു. ഇക്കാര്യത്തില്‍ പുരാണങ്ങളില്‍ അറിവുള്ള ആരെങ്കിലും അഭിപ്രായം പറയുമോ?

ഇത്തരം വൈരുദ്ധ്യമില്ലെങ്കിലും ബലികഥയിലെ കാല-കുല-സമയ സൂചനകള്‍ രസകരമാണ്. ബലിയുടെ വംശക്കാരാണ് അവതാര കഥകളിലെ പതിവു വില്ലന്മാര്‍. കാശ്യപപ്രജാപതിയുടെ ദൈത്യനായ ഇളയപുത്രന്‍ ഹിരണ്യാക്ഷനെ നിഗ്രഹിച്ചത് വരാഹാവതാരം; ഹിരണ്യാക്ഷന്റെ ജ്യേഷ്ഠന്‍ ഹിരണ്യകശിപുവിനെ വധിച്ച് ഭക്തനായ പുത്രന്‍ പ്രഹ്ലാദനെ രക്ഷിക്കുന്നത് നരസിംഹം(ഇതു രണ്ടും സത്യയുഗത്തില്‍); പ്രഹ്ലാദന്റെ പൌത്രന്‍ ബലിയെ ചതിക്കുന്നത് വാമനന്‍ (ത്രേതായുഗം). ത്രേതായുഗത്തില്‍ പിന്നീട് ഭാഗവ-രഘു രാമന്മാരുടെ കാലമാണ്; അവരുടെ കലാപം കാശ്യപര്‍/ദൈത്യരുമായല്ല; രജോഗുണവും (ക്ഷത്രിയര്‍) തമോഗുണവും (രാക്ഷസര്‍) ഉള്ള മനുഷ്യരുമായിട്ടാണ്. ബലിപുത്രനായ ബാ‍ണന്‍ ചക്രവര്‍ത്തിയായി. തെക്കല്ല. വടക്ക്. അസാമിലും രാ‍ജസ്ഥാനിലുമാണ് ബാണനുമായി ബന്ധമുള്ള കഥകള്‍ വേരോടൊയിരിക്കുന്നത്. ബാണനെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നത് കൃഷ്ണനാണ്. അവിടെ ശിവശക്തിയുടെ പൂര്‍ണമായ പരാജയമാണ് ചിത്രീകരിക്കപ്പെടുന്നതെന്ന് തോന്നുന്നു. ബലിയും (?) ബാണനും ശൈവസംസ്കാരങ്ങളുടെ പ്രതിനിധികളായിരുന്നുവോ? ശിവഭക്തനായ പരശുരാമനെ വിഷ്ണുവിന്റെ ആവാസാവതാരം (രഘുരാമനെയും യദുകൃഷ്ണനെയും പോലെ പൂര്‍ണാവതാരം അല്ല) ആയികാണുന്നതിലും സംഭവിക്കുന്നത് ഇത് തന്നെ ആണെന്ന് തോന്നുന്നു. ഭാരതം മുഴുവന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത ബ്രാഹ്മണകുലജാതനും എന്നാല്‍ ക്ഷത്രിയ ഗുണമുള്ളവനും (ഭൃഗു രാജപത്നിക്ക് കുട്ടിയുണ്ടാകാന്‍ ജപിച്ച മരുന്ന് മാറിക്കഴിക്കുകയായിരുന്നു പരശുരാമന്റെ മുത്തശ്ശി; അങ്ങനെ ജമദഗ്നിയ്ക്കും പരശുരാമനും ക്ഷാത്രഗുണമുണ്ടായി) ആയ ശിവഭക്തന്‍!!! രാമായണത്തില്‍ പരശുരാമന്‍ രഘുരാമന് കീഴ്പെടുന്ന കഥയുമുണ്ട്. എന്ത് അധിനിവേശത്തെയാണ് ആ മിത്ത് സൂചിപ്പിക്കുന്നത്?

മറുവശത്ത് അവതാരങ്ങളുടെ കുലസൂചനകള്‍: വാമനന്‍ പൂര്‍ണബ്രാഹ്മണന്‍; ഭാര്‍ഗവന്‍ ക്ഷത്രിയ ബ്രാഹ്മണന്‍; രഘുരാമന്‍ പൂര്‍ണ ക്ഷത്രിയന്‍; കൃഷ്ണന്‍/ ബലരാമന്‍ യാദവന്‍... കല്‍ക്കി ഭഗവാന്‍ ഏതുഗോത്രമായിരിക്കുമോ ആവോ.. മിനിമം നായരെങ്കിലും ആയിരിക്കും അല്ലേ :))

എതിരന്‍ കതിരവന്‍ said...

മിത്ത് നേര്‍ രേഖയില്‍ ന്ീങ്ങുന്ന കാലവുമായി ബന്ധപ്പെട്ടല്ല ഉണ്ടാകുന്നത്. അന്നന്നത്തെ സ്വരൂപത്തിലാണ്‍ അത് ഉണ്ടായി വരുന്നത്. ഭസ്മാ‍ാസുരനും മോഹിനീരൂപം ധരിച്ച വിഷ്ണുവും ആകൃഷ്ടനാകുന്ന ശിവനും ആ സംയോഗഫലമായ കുഞ്ഞും ഈയിടത്തെ പന്തളം രാജാവിന്റെ കാ‍ലത്താണത്രെ.
യാദവകുലം മുടിഞ്ഞുകഴിഞ്ഞ് ഒഴുകിനടന്ന വിഷ്ണുപ്രതിമ ബൃഹുസ്പതിയും വായുദേവനും ഗുരുവായൂരില്‍ പ്രതിഷ്ഠിച്ചു.

മിത്തുകളെ സ്ഥലകാലബന്ധിതങ്ങളാക്കേണ്ട കാര്യമില്ല.

1960 കളില്‍ പാലായ്ക്കടുത്ത് കടപ്പാട്ടൂര്‍ എന്ന സ്ഥലത്ത് മരത്തിനകത്ത് ഒരു വിഗ്രഹം കണ്ടു കിട്ടി. ഉടനെ ഇറങ്ങി കുറെ മിത്തുകള്‍.

പാഞ്ചാലി said...

വെള്ളെഴുത്തേ, ഒരിക്കല്‍ കൂടി നന്ദി പറയുന്നു. (ഇത് വയലാര്‍ കവിത ചേര്‍ത്തതിന്!).

Anonymous said...

ഹഹ.. എതിരന്‍ മാഷേ... അദാണ് പോയിന്റ്. മറ്റൊരുതരത്തിലാണെന്നേയുള്ളൂ..

കാലത്തെക്കുറിച്ച് ചോദിക്കണം. അത് മഹാബലിയോ പരശുരാമനോ ആദ്യം എന്ന വിധത്തില്‍ ആവരുതെന്നല്ലേയുള്ളൂ?

ഐതിഹ്യങ്ങളുടെ കാലവും വംശവും ഒക്കെ കാണിച്ചുതരുന്ന സൂക്ഷ്മസൂചനകളെ ഗൌരവമായി എടുക്കണമെന്നാണ് തോന്നുന്നത്. കേരളത്തിന്റെ തനതു ദൈവമായ ശാസ്താവിനെ (ബുദ്ധനാണതെന്ന് പ്രശസ്ത ചരിത്രപണ്ഡിതന്‍ ശ്രീ ചിത്രകാരന്‍ ഉള്‍പടെ പലരും :)) ഹിന്ദു പാന്തയോണിന്റെ പൊതു ‘ജിവചരിത്ര’മായ പുരാണകഥകളിലേക്ക് പറിച്ചുനടുന്നതാണ് മേല്പറഞ്ഞ മിത്ത്. അതായത് അയ്യപ്പന്‍ സനാതനഹിന്ദുവായത് താങ്കള്‍ പറഞ്ഞമിത്തുണ്ടായ കാലത്താണ്. മതങ്ങളുടെ ചരിത്രവും സാമൂഹ്യശാസ്ത്രവും പഠിക്കുന്ന ഒരാള്‍ക്ക് ഹിന്ദുമതത്തിന്റെ ഏകീകരണത്തെ സംബന്ധിച്ച്, അതിനു പിന്നിലുള്ള സാമൂഹികവും സാംസ്കാരികവുമാ‍യ പരിണാമങ്ങളെ സംബന്ധിച്ച് ഒക്കെ ഗൌരവമായ സൂചനകള്‍ നല്‍കുന്ന ഒരു വസ്തുതയാണ് അയ്യപ്പകഥയില്‍ പന്തളം രാജവംശത്തിനുള്ള പങ്കുവഴി വെളിപ്പെടുന്ന, താരതമ്യേന സമീപകാലത്തുള്ള അതിന്റെ രൂപം കൊള്ളല്‍.

അത്തരമൊരു നോട്ടം മഹാബലിയുടെയും ഭാര്‍ഗവ രാമന്റെയും കഥയിലേക്ക് ആവശ്യമാണെന്നാണ് ഞാന്‍ മുകളില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. പ്രത്യേകിച്ച് ജാതിയെയും വംശത്തെയും ശൈവ-വൈഷ്ണവ സംഘര്‍ഷങ്ങളെയും സംബന്ധിച്ച് ആ കഥകള്‍ തരുന്ന സൂചനകളിലേക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ക്ഷത്രിയ ശത്രുവായ പരശുരാമനെ മലയാളഭൂമിയുടെ രക്ഷാധികാരിയാക്കിയതിന്റെ അര്‍ത്ഥം പഴയ രാജകുടുംബങ്ങളുടെ ജാതീയമായ വേരുകളിലേക്കും നമ്പൂതിരിമാര്‍ക്ക് കണക്കില്ലാതെ ലഭിച്ച നാട്ടധികാരങ്ങളുടെയും കഥകളുമായി കെട്ടുപിണഞ്ഞതാണെന്ന് തോന്നുന്നു. ശിവഭക്തനും ദ്രാവിഡനുമായ ബലി ബ്രാഹ്മണരൂപിയായ വിഷ്ണുവിനു കീഴടങ്ങുന്ന പുരാണഭാഗം കേരളത്തിന്റെ സ്വന്തമെന്ന് ഭാഗിച്ചെടുത്തതിലും അത്തരം സൂചനകളുണ്ടാവനം. സഹ്യനപ്പുറം ശക്തമായ ശൈവവേരുകളുള്ള ഒരു ഭാഷയും ജീവിതരീതികളുമായി ബന്ധപ്പെട്ടതായിരുന്നു കേരളം എന്ന് നമ്മള്‍ വിളിക്കുന്ന നാട്ടിലെ സംസ്കാരവും ജീവിതവും. വില്വമംഗലത്ത് സ്വാമി എന്ന ജ്ഞാനവൃദ്ധന്‍ ചിരഞ്ജീവി എന്നു തോന്നിപ്പിക്കുമാറ് നീണ്ട ഒരു കാലഘട്ടത്തില്‍ (പലയാളാകാം എന്നു കൊട്ടാരത്തില്‍ ശങ്കുണ്ണിപോലും സമ്മതിച്ചുപോകുന്നുണ്ട് !) കേരളത്തില്‍ ഉടനീളം സഞ്ചരിച്ചതുമായി ബന്ധപ്പെട്ടാണ് വിഷ്ണുവും മംഗളരൂപിണിയായ ലക്ഷ്മിയും മലയാളക്കരയില്‍ പലയിടത്തായി അധിവാസമുറപ്പിച്ചതിന്റെ ഐതിഹ്യങ്ങള്‍ രൂപപ്പെടുന്നത്. (വില്വമംഗലത്തിന് ശാക്തിക മതത്തോടുണ്ടായിരുന്ന അധീശത്തമനോഭാവം കൊടുങ്ങല്ലൂരിന്റെ ആദികഥയിലുണ്ട്. കാറിത്തുപ്പി ഇരിയെടീ പൊലയാടീ അവിടെ! എന്ന് കല്‍പിച്ചാണ് ശക്തിയെ പ്രതിഷ്ഠിക്കുന്നത്; പൂരപ്പാട്ടിന്റെ തുടക്കം)

വരരുചികഥയും പരശുരാമനുമായി ബന്ധപ്പെട്ട തനത് ഐതിഹ്യങ്ങളുമുള്‍പടെ കേരളത്തിന്റേതായ -കേരളത്തിന്റേതുമാത്രമായ- മിത്തുകളില്‍ പുരാണങ്ങള്ക്കിപ്പുറത്ത് രൂപപ്പെട്ട ഒരു മതജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വേരുകള്‍ ഉണ്ട്. അത് തിരഞ്ഞുപോകണമെങ്കില്‍ കാലത്തെക്കുറിച്ചും വംശത്തെക്കുറിച്ചും ഒക്കെ ചോദിച്ചുതന്നെതുടങ്ങണം.


നമ്മക്ക് ചോയിച്ച് ചോയിച്ച് പാം :)

Anonymous said...

ഓഫ്: ശാസ്താവിന്റെ കാര്യത്തില്‍ ഉണ്ടായതിനെക്കാള്‍ ശക്തമായ ഒരു ഇന്റഗ്രേഷന്‍ അറ്റെമ്പ്റ്റ് അതിജീവിച്ചാണ് വടക്കേ ഇന്ത്യയില്‍ ബുദ്ധന്‍ ഇന്നും ബുദ്ധനായിത്തന്നെ നില്‍ക്കുന്നത്. ഗൌതമബുദ്ധന്‍ വിഷ്ണുവിന്റെ എട്ടാ‍മത്തെ അല്ലെങ്കില്‍ ഒന്‍പതാമത്തെ (ഏത് സ്ഥാനത്താണെങ്കിലും മലയാളികള്‍ പൊതുവേ ബലരാമനെ ചേര്‍ത്തിരിക്കുന്ന സ്ഥാനത്ത്: ബലരാമന് പകരം) അവതാരമാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഉണ്ട്. ലിങ്ക് നോക്കൂ. ഒരുപക്ഷെ അശോക ചക്രവര്‍ത്തി ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ അറിയുന്ന പുരാണം പോലും വ്യത്യസ്തമായിരുന്നേനേ.

എതിരന്‍ കതിരവന്‍ said...

ഓഫ് ടോപിക് ആയി നീട്ടാനല്ല. എന്നാലും...

കൃഷ്ണഭക്തര്‍, പ്രധാനമായും ജയദേവരുടെ ഗീതഗോവിന്ദം മുതലാണ് ബുദ്ധനെ അവതാരമാക്കിയത് എന്നു തോന്നുന്നു. എല്ലാം കൃഷ്ണന്റെ അവതാരം എന്ന മട്ട്. ഗീതഗോവിന്ദത്തിലെ “പ്രളയപയോധിജലേ..’യില്‍ “കൃഷ്ണന്റെ അവതാരങ്ങള്‍. “കേശവാധൃത ബുദ്ധശരീര” എന്നാണ്.
ശ്രീരാമനെ അവതാരമാക്കിയിട്ടും അധികം നാളായിട്ടില്ല.

ദൈവങ്ങളെ പുതുക്കിയെടുക്കുന്നത് സമൂഹത്തിനു ആവേശം നല്‍കും, കാലാകാലങ്ങളിലെ ആവശ്യമനുസരിച്ച്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജൈനപ്രതിഷ്ഠ ഭരതമുനിയെ രാമായണത്തിലെ ഭരതനാക്കിയിട്ട് കാലം അധികം ആയില്ല. എന്നാല്‍ ഇദ്ദേഹം ദിഗംബരനാണ് എന്നതിന് ഹിന്ദുക്കള്‍ ഇതുവരെ യുക്തി കൊണ്ടു വന്നിട്ടില്ല. വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കേണ്ടുന്ന കാലം. (നമുക്ക് ഒരു കഥ ഉണ്ടാക്കിയാലോ?)

Anonymous said...

ചരിത്രാഖ്യാനത്തിൽ വ്യാഖ്യാനത്തിനു സ്ഥാനമുണ്ടെന്നു ഫൂക്കൊ പറഞ്ഞപ്പോൽ അതു ഇത്ര വളച്ചൊടിക്കപ്പെടുമെന്നു കരുതിയിരിക്കാനിടയില്ല.പ്രത്യയശാസ്ത്രച്ചൊറിപിടിച്ചളിഞ്ഞ തന്റെ ശരീരം എല്ലാവരും കാണുന്നുണ്ടെന്നറിഞ്ഞിട്ടും ദുറ്ഗന്ധം മറ്റുള്ളവറ് കാരണമെന്നു പറയുന്നവരുടെ തൊലിക്കട്ടീ അപാരം തന്നെയല്ലേ? അപകറ്ഷതാബോധവും അരാജകത്വവാദവും “ഇടതുപക്ഷചായ്‌വും” പരസ്പരകാരകങ്ങളാണോ? വെള്ളെഴുത്തിന്റെ ഈ ഓണക്കുറിപ്പുയറ്ത്തിയ ചിന്തകൾ ഇതാണു.
പരിചയക്കാരനായതുകൊണ്ടല്ല പേരെഴുതാത്തത്- ഇനി എന്നെങ്കിലും വെള്ളെഴുത്തു മാറി, കാര്യങ്ങൾ ശരിക്കു കണ്ടുതുടങ്ങുമ്പോൾ,പരസ്പരം കാണാതെ ഒഴിഞ്ഞുപഓകാൻ പറ്റത്ത അവസരത്തിൽ ജാള്യം തോന്നാതിരിക്കാനാണു അനോണിയാകുന്നതു.

Anonymous said...

What anony said about Vellezhuth applies to ethiravan too.

അനില്‍@ബ്ലോഗ് // anil said...

ഇത്തരം വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളാണ് പോസ്റ്റിനെ സമ്പുഷ്ടമാക്കുന്നതു.
പോസ്റ്റും നല്‍കുന്നതു പുതിയ അറിവുകള്‍

വെള്ളെഴുത്ത് said...

ഇടയ്ക്ക് എന്റെ വക ഓഫ് : രണ്ടനോനികളും പറയാനുദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലായില്ല. പിന്നെയുള്ളത് ഒരൂഹമാണ്. ചരിത്രാഖ്യാനങ്ങളില്‍ വ്യാഖ്യാനം സാദ്ധ്യമാണെന്ന് ഫൂക്കോ പറഞ്ഞോ? അങ്ങനെ പറ്റില്ലെന്ന് മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ?
പ്രത്യയശാസ്ത്രങ്ങളുടെ കാര്യം പോട്ടെ നമ്മുടെ തന്നെ വാക്കുകള്‍ പുറത്തിടുന്ന ആശയങ്ങളുടെ മണ്ടത്തരങ്ങളുണ്ട്. അതുച്ചരിക്കുന്നവന്‍ അറിയില്ല. അതാണു ദുരന്തം. അപകര്‍ഷതയുടെ വെള്ളെഴുത്തു മാറണം എന്ന് എനിക്കൊരാഗ്രഹവുമില്ല, റോഡില്‍ കടന്നു പോകുന്ന (എനിക്കു താത്പര്യമില്ലാത്ത) ആരെയെങ്കിലും അഭിമുഖീകരിക്കാന്‍.. ആരുമില്ലാത്തിടത്തു വസിക്കാനാണ് പണ്ടേ ആഗ്രഹം.

Dinkan-ഡിങ്കന്‍ said...

മുട്ടുകൂട്ടിയിടിക്കും മുട്ടനോഫ്
സമയം എന്നത് "ലീനിയര്‍" ആയി അളക്കുമ്പോളാണ് പ്രശ്നങ്ങളെന്ന് തോന്നുന്നു. സമയം എന്നത് പുരാണങ്ങളില്‍ റികര്‍സീവും നോണ്‍ലീനിയറുമാണ്.
സമുദ്രം ചാടുന്ന സമയത്ത് ഹനുമാന്‍ കുസൃതി തോന്നി തന്റെ കാതിലെ ഒരു കുണ്ഡലം താഴെ തപസു ചെയ്യുന്ന മുനിയുടെ കമണ്ഡലുവിലെറിഞ്ഞ് ഉന്നം പരീക്ഷിച്ചപ്പോല്‍ അതില്‍ മുന്നെ സമുദ്രം താണ്ടിയ ഹനുമാന്മാര്‍ എറിഞ്ഞ കുണ്ഡലങ്ങള്‍ കണ്ട് വണ്ടറടിച്ചതും അറിഞ്ഞില്ലല്ലീ...
(ആകയാല്‍ എത്ര ഹനുമാന്മാര്‍? ആകെ ചിരഞ്ജീവിയായി ഒരു ഹനുമാനല്ലേ ഉള്ളൂ എന്നൊക്കെ ചോദിച്ചാല്‍??)

വെള്ളെഴുത്തേ മിത്തുകളിലെ മുത്തുകള്‍ തപ്പുന്നതൊക്കെ ശരി തന്നെ പക്ഷേ അതിലെ ആധികാരികതയെ വല്ലാതങ്ങ് വിശ്വസിക്കണോ? എങ്കില്‍ പിന്നെ മധുവും, കൈടഭനും വധിക്കപ്പെട്ട് അവരുടെ രക്തമേദസില്‍ നിന്ന് മേദിനിയുണ്ടായതും. ഒരൊറ്റ ഭൂതലം മാത്രമായതിനാല്‍ ശരിയാം വണ്ണം രാപകലുകളില്ലാത്തതിനാല്‍ (എസ്കിമോ പെണ്ണ് ആദ്യരാത്രി പുലര്‍ന്നപ്പോല്‍ ആറുമാസം ഗര്‍ഭിണി എന്ന അവസ്ഥമാറാന്‍) പൃഥുവായി വിഷ്ണു അവതരിച്ച് പ്രകാശത്തിലും വേഗത്തില്‍ തേരോടിച്ച് തേര്‍ചക്രത്താല്‍ മേദിനിമുറിഞ്ഞ് എഴുകടലും കരയുമാകുന്നതിനെ (കട്.ഭാഗവതം) വാഗ്നറുടെ വന്‍‌കരാ വിസ്ഥാപനത്തോടും, ബിഗ്‌ബാങ്ങിനോടും ഉപമിക്കുന്ന പോലാകില്ലേ അത്?

വളരെ റികര്‍സീവ് വിഷ്വല്‍ ഇല്ല്യൂഷന്‍ ഉള്ള മിത്തിക്കല്‍ മുത്തുകളെ ചരിത്രമളക്കുന്ന കണ്ണടവെച്ച് കൂടുതല്‍ സൂക്ഷ്മമായി നോക്കിയാല്‍ കാലിഡോസ്ക്കൊപിന് പകരം കാക്കക്കൂടു കാണുമ്പോള്‍ ഉണ്ടാകുന്ന വിഷമം?

(പുതിയ ദളിത് വ്യഖ്യാനങ്ങള്‍ക്കായി പുരാണ ചര്‍‌വിതചര്‍‌വ്വണം നടത്തിയ ലേഖനങ്ങള്‍ വായിച്ചു മടുത്തതിന്റെ ഹാങ്ങോവറില്‍...ഡിങ്കന്‍)

വെള്ളെഴുത്ത് said...

ചരിത്രത്തിന്റെ ഉപാദാനങ്ങളും കൂടിയാണ്, മിത്തുകള്‍. ചിലപ്പോള്‍ നമ്മള്‍ മറന്നു പോകുന്നത് അതാണ്. പിന്നെ എങ്ങനെയാണവയെ സമീപിക്കേണ്ടത് എന്നിടത്തുള്ള പ്രശ്നത്തിലാണ് തര്‍ക്കങ്ങള്‍ വരിക. അതുണ്ടാവട്ടെ..ഒന്നും ഏകശിലാമുഖമല്ലല്ലോ..