September 1, 2008

ഹിന്ദിയാണോ നമ്മള്‍?
എണ്ണക്കൂടുതലാണ് ദേശീയചിഹ്നങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ നമ്മുടെ ദേശീയജന്തുവാകേണ്ടത് പെരുച്ചാഴിയല്ലേ എന്നു ചോദിച്ചത് പെരിയാര്‍ രാമസ്വാമിയാണ്. ദേശീയഭാഷ എന്ന നിലയ്ക്കുള്ള ഹിന്ദിയുടെ പ്രചാരത്തെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴന്റെ ഹിന്ദി വിരോധം മലയാളിയ്ക്ക് തമാശയാണ്. മലയാളികളേതോ കൂടിയ ഇനമാണെന്ന അബോധമുണ്ട്, ഇമ്മാതിരിയുള്ള ചിറികോണിപ്പുകളില്‍. ഭാഷാ അസഹിഷ്ണുതകള്‍ക്കപ്പുറം തമിഴാച്ചിയുടെ ഹിന്ദി വിരോധത്തില്‍ ഒരു ഇടംചെറുപ്പുള്ളത് കാണാന്‍ മലയാളത്ത്ന്മാര്‍ക്ക് കഴിയാതെ പോകുന്നതു ഇങ്ങനെയുള്ള മുന്‍‌വിധികളാലല്ലേ? സ്വത്വത്തെക്കുറിച്ചുള്ള അഗാധമായ ബോധത്തില്‍ നിന്നുണ്ടായതാണ് തമിഴന്റെ ചില ചെറുത്തുനില്‍പ്പുകള്‍. പാരമ്പര്യം കൊണ്ടോ സമ്പന്നതകൊണ്ടോ ഒപ്പം എത്താത്ത ഹിന്ദിയെ അവരെന്തിന് സ്വന്തം ഭാഷയ്ക്കുമേലെ വയ്ക്കണം? ഇതു മനസ്സിലാവാതെയാണ് നമ്മുടെ വക്രിച്ച ചിരി. ഇവിടെയുമുണ്ടായിരുന്നു, പേരിന് മലയാളമാത്ര വാദികള്‍, ലോനപ്പന്‍ നമ്പാടനെപ്പോലുള്ള സാമാജികര്‍. എന്നാല്‍ മലയാളഭാഷാ വിപ്ലവങ്ങളൊന്നും ക്ലച്ചു പിടിച്ചില്ല. കുറേ ബോഡുകളില്‍ കരിവാരിപ്പൂശിയതിനപ്പുറം ഒന്നും പോയില്ല. പിന്നെ കുറേ ഇണ്ടാസുകളും. ചിങ്ങമാസം വന്നുച്ചേര്‍ന്നാല്‍ എന്നു പറയുമ്പോലെ നവംബര്‍ വന്നാല്‍ മലയാള വാരാഘോഷങ്ങള്‍‍. പേരിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാഷാ പ്രതിജ്ഞ. മുണ്ടും കവണിയുമായി കെട്ടിയെഴുന്നള്ളിപ്പ്. അത്ര തന്നെ. ഭാഷയെന്നാല്‍ എന്തു കുന്തമാണെന്ന് പൊതുജനത്തിന് അറിയില്ല. കാര്യം മനസ്സിലായാല്‍ പോരേ എന്നാണ് മട്ട്. മലയാളത്തില്‍ തെറ്റെഴുതിയാലും എഴുതാന്‍ തന്നെ അറിയാതിരുന്നാലും സംസാരിക്കാതിരുന്നാലും ഒരു കുറവുമില്ല കേരളത്തില്‍. കൈയില്‍ ആയുധമില്ലെന്നു പറയുന്നതുപോലെ ഒരു ഭാഷ അതിന്റെ സമൂഹത്തില്‍ നിന്ന് തെന്നിത്തെറിച്ചു പോവുകയാണ്.

സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ ഹിന്ദി ഇന്ത്യയുടെ വൈവിദ്ധ്യത്തെ ഏകീകരിക്കാനുള്ള ഏകമാര്‍ഗമായിരുന്നു. ഐക്യത്തിനൊരു ഭാഷ വേണം. ഇംഗ്ലീഷ് പഠനം, ഹിന്ദിയേക്കാള്‍ സാര്‍വത്രികവും എളുപ്പവും ആയിരുന്നിട്ടും അതു പ്രതിരോധിക്കപ്പെട്ടത് യജമാനന്റെയും ചൂഷകന്റെയും ഭാഷയായിരുന്നതിനാലാണ്. ഇന്ത്യ എന്ന വികാരത്തിന്റെ ചലനങ്ങള്‍ ആവിഷ്കരിക്കാനും ഉപദേശീയതകളിലേയ്ക്കു പകരാനും അതുകൊണ്ട് ഹിന്ദി ഒരനിവാര്യതയായിരുന്നു. ഇന്ത്യയെ അറിയാനുള്ള വഴിയായിരുന്നു ഹിന്ദി. ചലച്ചിത്രമുള്‍പ്പടെയുള്ള കലാരൂപങ്ങളുടെ പ്രാദേശികഭേദങ്ങള്‍ക്കുള്ള ദേശീയമാതൃക ഹിന്ദിയിലൂടെയാണ് പ്രചരിച്ചത്. കേരളഹിന്ദി പ്രചാരസഭയും ദക്ഷിണഭാരതഹിന്ദി പ്രചാരസഭയും മലയാളിയുടെ ഹിന്ദി പഠനത്തിന് ആക്കം കൂട്ടി. ഹിന്ദി സംസാരിക്കുക എന്നത് ഖദര്‍ ധരിക്കുമ്പോലൊരു വിപ്ലവപ്രവര്‍ത്തനമായിരുന്നു.

ഇന്ന് അങ്ങനെയല്ല. ഇന്ത്യയിലെ 180-ഓളം ഭാഷകളില്‍ ഒന്നു മാത്രമായിരിക്കേണ്ട ഹിന്ദി, വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ പടച്ചുണ്ടാക്കിയ മാനകഹിന്ദി, കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് എന്ന വ്യാജേന, ഭരണഭാഷയായി, ദേശീയതയുടെ അടയാളമായി, അധികാരത്തിനുള്ള കുറുക്കുവഴിയായി ചക്രങ്ങളുരുട്ടുമ്പോള്‍ പഴയ വിവേകം നമ്മള്‍ തന്നെ നഷ്ടപ്പെടുത്തുന്നു. അധിനിവേശത്തിന്റെ ഭാഷ ഇന്ന് ഹിന്ദിയാണെന്ന കാര്യം മറന്ന് അതിനെ ആശ്ലേഷിക്കുന്നു. രമേഷ് ചെന്നിത്തലയെ ഇന്ദിരാഗാന്ധി ഇഷ്ടപ്പെട്ടുപോയത് അദ്ദേഹത്തിന്റെ ഹിന്ദിപ്രസംഗപാടവം കണ്ടാണെന്ന് പത്രങ്ങള്‍ വീമ്പെഴുതിയത് ഓര്‍ക്കുന്നില്ലേ? സ്വാതന്ത്ര്യം കിട്ടിയിട്ടും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനവിഭജനങ്ങള്‍ക്കു ശേഷവും ഹിന്ദി ഒരു വികാരമായിരിക്കുകയാണെങ്കില്‍ അതിനു കാതലായ ഒരു കാരണം ചൂണ്ടിക്കാണിക്കാനുണ്ടാവണമല്ലോ. നിര്‍ഭാഗ്യവശാല്‍ യുക്തിയ്ക്കു നിരക്കുന്ന അങ്ങനെയൊരു കാരണം എവിടെ പരതിയിട്ടും കിട്ടാനില്ല. കേരളത്തില്‍ ഇന്ന് പത്താം തരത്തിനുശേഷം സ്വന്തം ഭാഷ കളഞ്ഞും ഹിന്ദി പഠിക്കാന്‍ മുളയുന്ന ഒരു വലിയ സമൂഹമുണ്ട്. അവര്‍ക്ക് ക്ലാസ്സ് മുറികളില്‍ അദ്ധ്യാപകര്‍ പറഞ്ഞു കൊടുക്കുന്നത് കാരണങ്ങള്‍ ഇവയാണ്. 1. ഹിന്ദി കീശയിലാണെങ്കില്‍ ഇന്ത്യയിലെവിടെ പോയാലും ആശയവിനിമയത്തിനു (ഇപ്പോള്‍ വിദേശത്തും) ബുദ്ധിമുട്ടുണ്ടാവില്ല . 2, ദേശീയഭാഷയാണ് (അതുകൊണ്ട് അതറിഞ്ഞിരുന്നേ മതിയാവൂ) 3. ഹോളിവുഡിന്റെ തലത്തിലേയ്ക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദി ചലച്ചിത്രങ്ങള്‍ മനസ്സിലാക്കാന്‍ ഹിന്ദി പഠനമില്ലാതെ പറ്റില്ല. 4. മലയാളം അറിയാമല്ലോ അതുകൊണ്ട് മറ്റൊരു ഭാഷ കൈവശം വച്ചിരിക്കുന്നതാണ് എന്തു കൊണ്ടും നല്ലത്. 5.ചുളുവില്‍ മാര്‍ക്ക് (സ്കോര്‍) അധികം കിട്ടുന്ന ഭാഷയാണ് ഹിന്ദി. (ഇതാണ് ഏറ്റവും പ്രധാനം) സ്കൂളുകളില്‍ പന്ത്രണ്ടു വര്‍ഷവും പിന്നെ ബിരുദത്തിനും ഹിന്ദി ഒരു ഭാഷയായി പഠിക്കാന്‍ ചൂണ്ടി കാണിക്കാറുള്ള കാരണങ്ങളാണ് മുകളിലെഴുതിയത്. വര്‍ഷങ്ങളായി ഒരു സംശയത്തിന്റെ ആനുകൂല്യം പോലുമെടുക്കാതെ മലയാളി കോമണ്‍ സെന്‍സ് സ്വന്തം പിള്ളേര്‍ക്ക് വിളമ്പികൊടുക്കുന്ന ‍ഭാഷാപരമായ വിവരക്കേടിനെ പട്ടികപ്പെടുത്തിയതാണ് മുകളില്‍.

സാംസ്കാരികാധിനിവേശങ്ങളുടെ അടിത്തറ ഭാഷാധിനിവേശമാണെന്ന കാര്യം അധികം ആരും ശ്രദ്ധിച്ചിട്ടില്ല ഇവിടെ എന്നു തോന്നുന്നു. സത്യത്തില്‍ നമ്മുടെ നമ്മുടെ ഹിന്ദിപ്രേമം ഒരു തരം ആര്യാഭിനിവേശമാണ്. ഹിന്ദിയുടെ പ്രചരണമാവട്ടെ, ആര്യാധിനിവേശത്തിന്റെ പ്രച്ഛന്ന രൂപവും. ദ്രാവിഡഗോത്രത്തില്‍ പിറന്ന് അതിന്റെ തണലില്‍ പുലരുന്ന ഒരു ജനത ഇങ്ങനെ അധികാരത്തിന്റെ ഭാഷയെ കൊതിയോടേ നോക്കിയിരിക്കുന്നതിനു കാരണമെന്താണ്, പ്രത്യേകിച്ച് അതൊന്നും നല്‍കുന്നില്ല എന്നു ചിന്തിക്കാതെ? ഏതുഭാഷയും വാഹകമാണ്. അതിലൂടെ ഒലിച്ചുവന്ന് തലമുറകളില്‍ നിറയേണ്ട ചിലതുണ്ട്. ഇംഗ്ലീഷിലൂടെ നാം ലോകത്തെ അറിയുന്നുണ്ട്. സാഹിത്യമോ സാംസ്കാരികമോ രാഷ്ട്രീയമോ വിജ്ഞാനപരമോ ആയ ഏതു അവസ്ഥയുടെയും ചലനങ്ങളുടെയും പ്രതിച്ഛായകള്‍ മലയാളത്തിലെത്തുന്നത് ഇംഗ്ലീഷിലൂടെയാണ്, പ്രാഥമികമായി. അതില്ലാതെ ഒരു താരതമ്യം നമുക്ക് അസാദ്ധ്യമാണ്. പൊതുവിദ്യാഭ്യാസത്തിലെ ഇംഗ്ലീഷ് പഠനം ഇത്ര അധഃപതിച്ച നിലയിലായിട്ടും നമ്മുടെ പിടിവള്ളി അതു മാത്രമാണ്. പതിനെട്ടാം നൂറ്റാണ്ടു മുതല്‍. ഇംഗ്ലീഷ് മലയാളിയെ സമൂലം മാറ്റി മറിച്ചിട്ടുണ്ട്. ഭാഷയായോ അധിനിവേശ ശക്തിയായോ അതു കയറിയിറങ്ങാത്ത മൂലകളില്ല, നമ്മുടെ ജീവിതത്തില്‍. (ആ കണക്കെടുപ്പ് പലപാട് നടത്തിയിട്ടുള്ളതാണ്) നാം കൊണ്ടു പിടിച്ചു പഠിക്കുന്ന ഹിന്ദിയോ, അത്യന്തികമായി അതു നമുക്കെന്താണ് തന്നത്? പ്രസ്ഥാനങ്ങള്‍ക്കോ സാഹിത്യത്തിലെ പുതുചലനങ്ങള്‍ക്കോ മലയാളി ഒരിക്കലും ഹിന്ദിയെ കാതോര്‍ത്തിട്ടില്ല. (ആദ്യകാല സിനിമകള്‍, അവയിലെ പാട്ടുകള്‍, മിസ്റ്റിസിസം തുടങ്ങിയവയുടെ തുടക്കത്തിലെ ദുര്‍ബല അനുകരണങ്ങള്‍ ചില അപവാദങ്ങളായി ചൂണ്ടിക്കാട്ടുന്നവരുണ്ട് ) ഇംഗ്ലീഷ് ചെയ്യുന്നതുപോലെ ഉപരിപഠനത്തിനുള്ള വിജ്ഞാനമണ്ഡലം തുറന്നിടാനും പന്ത്രണ്ടു വര്‍ഷത്തെ സ്കൂള്‍ ജീവിതം കൊണ്ടും നാം തീര്‍ക്കാത്ത ഈ ഭാഷയുടെ പഠനം സഹായിക്കില്ല. സാഹിത്യഗുണത്തിന്റെ കാര്യം കുട്ടികളുടെ ഹിന്ദി പാഠപുസ്തകങ്ങള്‍ മറിച്ചു നോക്കിയാലറിയാം. പ്രേംചന്ദും ടാഗോറും നിരാലയും സുഭദ്രാകുമാരി ചൌഹാനും ദോഹകളുമാണ് ഇന്നും. അതൊക്കെ അവിടെയുണ്ട് എന്നല്ലാതെ മറ്റൊന്നും മനസ്സിലാക്കേണ്ടതില്ല. സത്യത്തില്‍ മനസ്സിലാക്കാന്‍ ഒന്നുമില്ല. 1968-ല്‍ രൂപപ്പെടുത്തിയ, അന്യസംസ്ഥാനങ്ങളിലെ ഹിന്ദി പഠനത്തിനായി ചെത്തിമിനുക്കി ചിന്തേരിട്ട ഒരു ഭാഷയാണ് നമ്മുടെ മലയാളിത്തലമുറകള്‍ ഹിന്ദിയെന്ന പേരില്‍ പഠിച്ചുവരുന്നത്. സ്കൂളുകളിലെ ഹിന്ദിയ്ക്ക് കാലികജീവിതവുമായോ സമൂഹവുമായോ ബന്ധമൊന്നുമില്ല. മറാത്തിയോ ബംഗാളിയോ തമിഴോ നമുക്ക് നല്‍കിയതില്‍ കൂടുതലായി ഒന്നും പഠിപ്പിക്കാന്‍ അതിനു കഴിവില്ല. എന്നിട്ടും നമ്മുടെ മക്കള്‍ക്ക് ഹിന്ദിയാണു പഥ്യം ഇവിടെ. കൂട്ടത്തില്‍ പറയട്ടേ, കേരളത്തിലെ ഹിന്ദി ജാടയൊന്നും ഗള്‍ഫിലില്ല, ഗല്‍ഫിലെ മലയാളി സെറ്റില്‍മെന്റുകളിലുമില്ല. അവിടെയത് ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നും ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വരുന്ന കൂലിത്തൊഴിലുകാരുടെ ഭാഷയാണ്.

റഷ്യന്‍, ഒരു ഭാഷയെന്ന നിലയില്‍ അതിന്റെ നിരവധി പ്രാദേശിക ഭാഷകളെ കൊന്നു കൊലവിളിച്ചിട്ടുണ്ട്. ഭാഷാധിനിവേശത്തിന്റെ രാഷ്ട്രീയരൂപകം. എന്‍‌ഗൂഗിയും ലിയോപോള്‍ഡ് സെദര്‍ സെങ്ഘോറും ചിനുവ അചബേയും സ്വന്തം മാതൃഭാഷകള്‍ തട്ടിക്കുടഞ്ഞെടുത്തടത്തുനിന്നാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പുതിയ സാംസ്കാരികാദ്ധ്യായങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വിരിയുന്നത്. നമുക്ക് ഇപ്പോഴും തറ, പന, തല, വല എന്നിവയ്ക്കു ശേഷം മലയാളം വേണ്ടെന്നാണ്. (രണ്ടാം കിടയും മൂന്നാം കിടയുമൊക്കെയായ മലയാളസാഹിത്യശിങ്കങ്ങള്‍ ഗര്‍ജ്ജിക്കുന്നത് അവര്‍ ഇംഗ്ലീഷില്‍ രചന നടത്തിയിരുന്നെങ്കില്‍ ലോകപ്രശസ്തരാകുമായിരുന്നു എന്നാണ്. എന്താണ് അല്ലേ?) ഒരു പക്ഷേ ഹിന്ദിയുടെ അപകടത്തെക്കുറിക്ക് ഒ. വി വിജയനെപ്പോലെ ഉള്ളറിഞ്ഞ മറ്റൊരു മലയാളി എഴുത്തുകാരന്‍ ഇല്ലെന്നു തോന്നുന്നു. അറിയാവുന്ന മലയാളം വച്ചാണ് നമ്മുടെ അളവെടുപ്പുകള്‍ മുഴുവന്‍. അതുകൊണ്ടാണ് ഭാഷാപരമായ ആഴം മലയാളിയ്ക്കില്ലാതെ പോകുന്നത്. നിരന്തരം മനസ്സിലായില്ലെന്നുള്ള ആക്രോശങ്ങള്‍ ഉയര്‍ത്തേണ്ടിവരുന്നത്. മനസ്സിലാവുന്നില്ല. സത്യമാണത്. അവന്‍ കൈവിട്ടുകളഞ്ഞ മലയാളം അവനെ കൈവിടുന്നതിനുദാഹരണമാണത്. മനസ്സിലാവാത്ത എഴുത്തുമതേ, അവനെയും കൈവിടുന്നു മലയാളം. ഭാഷാപരമായ ധ്യാനത്തില്‍ നിന്നുവേണമല്ലോ ഭാഷാപരമായ ആഴം ജനിക്കാന്‍! നമുക്കു ഉപരിതലങ്ങളെയുള്ളൂ, രമിക്കാന്‍!

വെറുതേ എഴുതിയതല്ല. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ ഇത്തവണ ബി എ ഇക്കണോമിക്സ് ക്ലാസില്‍ നിന്ന് മലയാളം ഉപഭാഷയായി പഠിക്കാനെത്തിയത് വെറും പത്തുപേരാണ്. പത്താം ക്ലാസുവരെ ഒന്നാംഭാഷയായ മലയാളം പതിനൊന്നിലെത്തുമ്പോള്‍ മറ്റു ഭാഷകള്‍ക്കൊപ്പം രണ്ടാമതാവും. ഇവിടെ മലയാളത്തിന് ശക്തനായ പ്രതിയോഗിയാണ് ഹിന്ദി. ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞപോലെ മലയാളത്തിനൊപ്പം എല്ലാ സ്കൂളുകളിലും ഹിന്ദിയുണ്ട്. മാര്‍ക്കു കൂടുതല്‍ കിട്ടുന്നു എന്ന കാരണം വച്ച്, മലയാളം അറിയാവുന്നതുകൊണ്ട് മറ്റൊരു ഭാഷ പഠിക്കുന്നതല്ലേ നല്ലതെന്ന കാരണം പറഞ്ഞ്, കൂട്ടത്തോടെ കുട്ടികള്‍ ഹിന്ദിയെടുത്തു പോകുന്നു. തങ്ങളെന്തോ വരേണ്യമായ പഠനപ്രക്രിയയ്ക്ക് വിധേയമാവുകയാണ് ഹിന്ദിയിലൂടെ എന്നൊരു ബോധമുണ്ട് കുട്ടികള്‍ക്ക്. കണ്ണൂരില്‍ ഇത്തവണ വ്യാപകമായി മലയാളത്തിനു കുട്ടികള്‍ കുറഞ്ഞെന്ന നിവേദനം ഹയര്‍ സെക്കണ്ടറി ഡയറക്ടറേക്ടിനു ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ മലയാളം സീനിയര്‍ അദ്ധ്യാപക തസ്തിക ഇല്ലാതായി കുട്ടികള്‍ കുറവായ കാരണം. കൂടെ മറ്റദ്ധ്യാപകരുടെ മനോഭാവം (പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ) മലയാളഭാഷാപഠനം തന്നെ അനാവശ്യമാണെന്ന മട്ടിലാണ്. മിക്ക സ്കൂളുകളിലും സയന്‍സ് പ്രാക്ടിക്കലിനു അധിക സമയം രണ്ടാം ഭാഷാപഠനസമയത്താണ് കണ്ടെത്തുന്നത് എന്നു ക്ലസ്റ്ററുകളില്‍ പരാതിയുന്നയിക്കപ്പെട്ടിരുന്നു. മലയാള ഭാഷയില്‍ പഠിക്കാനെന്തിരിക്കുന്നു എന്ന തോന്നലാണിതിനു പിന്നില്‍ അദ്ധ്യാപകരെന്ന പഴയകുട്ടികള്‍ പഠിച്ചു വന്നതും ഹിന്ദിയാണ്. അവര്‍ക്കെങ്ങനെ മലയാളത്തെ അനുകൂലിക്കാനാവും? കണ്ടിട്ടില്ലേ, ശുദ്ധമായ മലയാളത്തിലല്ല, തെറ്റായ ഇംഗ്ലീഷിലാണ് കുട്ടികള്‍ക്കുള്ള നോട്ടീസു പോലും സ്കൂളുകളില്‍. അറിയാന്‍ വയ്യാത്ത വിഷയങ്ങള്‍ അറിയാന്‍ വയ്യാത്ത ഭാഷയില്‍ പഠിപ്പിച്ച് അറിയാന്‍ വയ്യാത്ത ഭാഷയില്‍ കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിക്കുന്നരീതിയിലാണ് ഏതു വിപ്ലവം വന്നിട്ടും നമ്മുടെ സ്കൂളുകളിലെ (കോളേജുകളിലെയും) അദ്ധ്യാപനം. പഠനത്തില്‍ മോശമായ കുട്ടികള്‍, ദരിദ്രമായ സാഹചര്യങ്ങളിലുള്ളവര്‍, പഠനവൈകല്യമുള്ളവര്‍ എന്നിവര്‍ക്കുള്ളതാണ് മലയാളം എന്നൊരു ധാരണയാണ് പൊതുവേ. ഒരു രണ്ടാംകിടഭാഷയാണല്ലോ. ഇതോടൊപ്പം ചേര്‍ത്തു വയ്ക്കാന്‍ മറ്റു ചിലതുകൂടിയുണ്ട്. കേരള-ദക്ഷിണപ്രചാരസഭകളുടെ ഹിന്ദിപ്രചാരപ്രവര്‍ത്തനങ്ങള്‍. പിന്നെ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓരോ ദിവസവും ഓരോ ഹിന്ദി വാക്കു വച്ച് മുറതെറ്റാതെ ജീവനക്കാരെയും നാട്ടുകാരെയും ബോഡെഴുതി പഠിപ്പിക്കുന്നുണ്ട്. (അങ്ങനെ പഠിച്ചിട്ടു വേണം ഗോസായിയോട് ഗോസായി ഭാഷയില്‍ സംസാരിക്കാന്‍ !) ഹിന്ദിരചനാ മത്സരങ്ങള്‍ കാലാകാലം സംഘടിപ്പിക്കുന്നുണ്ട്. മലയാളി പേരുകളെ ഹിന്ദി പണ്ടേ പരിഷ്കരിച്ച് സ്വന്തമാക്കിയിരുന്നു. (കുമാരനെ കുമാര്‍ എന്ന്...... ബാക്കി ഊഹിക്കാമെങ്കില്‍ അതു മാത്രം മതി. പേരില്‍ എന്തെല്ലാമിരിക്കുന്നു! ) രക്ഷാബന്ധനും ഹോളിയും പോലുള്ള ഉത്സവങ്ങളെ ക്യാമ്പസ്സുകള്‍ കാര്യമായി എടുത്തുതുടങ്ങുന്നത് അടുത്ത കാലത്താണ്. അങ്ങനെ ചില സാംസ്കാരിക കുത്തൊഴുക്കുകള്‍! പതുക്കെ പതുക്കെ.

ഭാഷാപഠനത്തെ സംബന്ധിച്ച കൌണ്‍സിലിംഗിന് നമ്മുടെ കുട്ടികള്‍ക്ക് സാഹചര്യമില്ല. എന്താണു പഠിക്കേണ്ടത് എന്തിന് എന്ന മാര്‍ഗനിര്‍ദ്ദേശം ഭാഷയ്ക്കും വേണ്ടതാണ്. ഭാഷ തന്നെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് പരിഷ്കാരങ്ങളായി അരങ്ങേറുന്നത്. ഒരു അപേക്ഷപോലും എഴുതേണ്ടി വരാത്ത ഒരു ഭാഷ ബിരുദം വരെ തുടരുന്ന വിദ്യാഭ്യാസസമ്പ്രദായത്തിലൊന്നും പൊളിച്ചെഴുത്തില്ല. കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളിലൊന്ന് ഹയര്‍സെക്കണ്ടറി തലം മുതല്‍ ഒരു ഭാഷ മതിയെന്നതാണ്. എങ്കില്‍ മലയാളം പിച്ചച്ചട്ടിയെടുത്തേനേ! ഇംഗ്ലീഷൊഴിഞ്ഞ് മറ്റൊന്നു തൊടുമോ, നമ്മുടെ പ്രബുദ്ധത? ഹിസ്റ്റീരിയ പിടിച്ചപോലെ വിദ്യാര്‍ത്ഥികള്‍ പിന്നാലെ ഓടുന്ന ഹിന്ദി, കുറച്ചദ്ധ്യാപകര്‍ക്കു തൊഴില്‍ നല്‍കുന്നുണ്ടാവാം. എന്നാല്‍ ഒരു ഭാഷാപഠനത്തിന്റെ ന്യായീകരണമായി അതു മതിയോ? പഠനം ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ഒരു കാര്യം സംഭവിക്കുന്നുണ്ട് എന്നു കാണാം, യജമാനഭാഷ പഠിക്കുന്നവര്‍ക്കു ഉണ്ടാവുന്ന വിധേയത്വം. ലാലുവിന്റെ റയില്‍‌വേ പരസ്യങ്ങള്‍ കണ്ടിട്ടില്ലേ? മലയാള പത്രങ്ങളിലും അത് ഹിന്ദിയിലാണ്. എന്താണു വ്യംഗ്യം? ദക്ഷിണേന്ത്യയിലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അയക്കുന്ന ഇണ്ടാസുകള്‍ എല്ലാം തന്നെ ഹിന്ദിയിലാണ്. തര്‍ജ്ജുമക്കാരെ വച്ചാണ് അവ മൊഴിമാറ്റം ചെയ്തെടുക്കുന്നത്. അക്കാര്യത്തില്‍ ഗോസായിമാര്‍ ജാഗരൂകരാണ്. ആ വഴിയ്ക്ക് ചില പരിശോധനകളുമുണ്ട്. തമിഴ്‌നാട് അവരുടെ ഹിറ്റ് ലിസ്റ്റില്‍പ്പെട്ട സ്ഥലമാണ്. ഹിന്ദി പഠിക്കാതെ രക്ഷയില്ലെന്നു വരുത്തിതീര്‍ക്കുകയാണുദ്ദേശ്യം. വഴങ്ങിയാല്‍ രക്ഷപ്പെടാം. ദില്ലിയിലെ തെരുവില്‍ നിന്ന് ‘ഹിന്ദി മേം ബോലോ’ എന്നാക്രോശിക്കുന്ന ഗുണ്ടയുടെ ടൈകെട്ടിയ എടുപ്പുകുതിരകളെ വെറുതേ ഓര്‍ക്കുക.

വിശദമാക്കട്ടെ, സ്വന്തം ഭാഷയുടെ നിലങ്ങള്‍ ആവേശത്തോടെ മണ്ണിട്ടു നികത്തുന്നത് നോക്കി നിന്നുകൊണ്ട് ആയതിന്റെ യുക്തി ആലോചിക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.

ഗ്രാഫ് :
http://www.languageinindia.com
Post a Comment