August 26, 2008

വേഗത പോരാ പോരാ

ഹെല്‍മറ്റു വയ്ക്കാന്‍ ‘സര്‍ക്കാര്‍’ ജനങ്ങളെ നിര്‍ബന്ധിച്ചത് ലോകത്തിലെ എറ്റവും ദാരുണമായ മരണം തലതകര്‍ന്നുള്ളതാണെന്ന ബോധം ആവേശിച്ചിട്ടാണെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ഒരു ശക്തിയ്ക്കും ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. മുന്‍ ഗതാഗത വകുപ്പു മന്ത്രി ആ വകുപ്പില്‍ ഹെല്‍മറ്റു നിര്‍മ്മാതാക്കളില്‍ നിന്ന് പണം കുറേ പറ്റിയെന്നൊരു ആരോപണം കിംവദന്തിയായി പാറിക്കളിച്ചു നടപ്പുണ്ടായിരുന്നു, അന്തക്കാലങ്ങളില്‍. കാലവും സര്‍ക്കാരിന്റെ കോലവുമൊക്കെ മാറിയിട്ടും നിര്‍ബന്ധങ്ങള്‍ക്കും പിഴയടിക്കലിനും യാതൊരു കുറവും വന്നിട്ടില്ല. നടപ്പുദീനം പോലെ അതൊരു ദിവസമിങ്ങുവരും. ഹെല്‍മറ്റു വിരുദ്ധ ഇരുചക്രവാഹനക്കാരുടെ നോട്ടീസു പറയുന്നത്, മന്ത്രിമാര്‍ മാത്രമല്ല, പിഴയിടാനായി ഇരുട്ടു വാക്കില്‍ കയറി ഒളിഞ്ഞു നിന്നിട്ടു പെട്ടെന്ന് ചാടി വീണ് മനുഷ്യരെ പേടിപ്പിക്കുന്ന പോലീസുകാരും ആവശ്യത്തിനു പണമുണ്ടാക്കിയെന്നാണ്. ഒരു ഉദ്യോഗസ്ഥന്‍ അതു വച്ച് പണിതത് രണ്ടു നില കെട്ടിടമാണത്രേ. അതും മണ്ണിന് പൊന്നും വിലയുള്ളിടത്ത്. അത് അതിശയോക്തിയായിരിക്കും. ‘തെല്ലതിന്‍ സ്പര്‍ശമില്ലാതില്ല, അലങ്കാരമൊന്നുമേ’. എങ്കിലും തീയുള്ളിടത്തല്ലേ പുകയുണ്ടാവൂ. കാറ്റുള്ളിടത്തൊക്കെ വേലി കെട്ടാന്‍ പറ്റുമോ എന്നു ചോദിച്ചാലെങ്ങനാ? കേരളത്തിലെ ഇരു ചക്രവാഹനക്കാരുടെ കോഴിത്തലകള്‍ നമ്മുടെ സ്വന്തം കരിനിരത്തുകളിലെ ഗട്ടറുകളിലും കണക്കും കയ്യുമില്ലാതെ പണിതുവച്ചിരിക്കുന്ന ബമ്പ്, ഹമ്പ് (രണ്ടും പറയാം!) ഇത്യാദികളില്‍ വീണും കയറിയിടിച്ചും മുട്ടപോലെ ഉടയുന്നതില്‍ കുണ്ഠിതപ്പെട്ട് ഒരു സാധുമനുഷ്യന്‍ കൊടുത്ത ഹര്‍ജിയില്‍ കോടതി നേരിട്ടെടുത്ത തീരുമാനമാണ്, ഏറ്റവും അവസാനത്തെ ഹെല്‍മറ്റ് നിര്‍ബന്ധനിയമം. അതുകൊണ്ട് മുന്‍ തവണത്തെപ്പോലെ സ്വന്തം തലകളില്‍ അമിതമായ ഉത്കണ്ഠയില്ലാത്ത ഏട്ടകളുടെ ചുളിഞ്ഞ നെറ്റി ഗതാഗത വകുപ്പു മന്ത്രിയ്ക്കു നേരെ ഇക്കുറി ഉയര്‍ന്നില്ല. നിയമകാര്യവകുപ്പായിരുന്നു ശബ്ദവും വെളിച്ചവുമില്ലാതെ കയ്യാങ്കളി സ്പോണ്‍സര്‍ ചെയ്തത് മൊത്തം. “ഉണ്ട്. കേരളത്തിലെ ഇരുചക്രമോട്ടോര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന 90% ആളുകളും ഹെല്‍മറ്റ് ധരിക്കുന്നുണ്ട്” എന്ന് സംസ്ഥാനത്തിലെ പോലീസ് മേധാവിയെ വിളിച്ചു വരുത്തി കോടതി സത്യവാങ്മൂലം എഴുതി വാങ്ങിക്കുകയും ചെയ്തു. ആ ഒരൊറ്റ ബലത്തിനുവേണ്ടിയാണ് ഗുണമേന്മയുള്ള തലമൂടികള്‍ വിപണിയിലുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ രണ്ടു ദിവസത്തിനകം എല്ലായെണ്ണവും ഇരിപ്പു തൊപ്പി വച്ച് തലചിതറാതെ ഓടിക്കോണം എന്ന് പോലീസ് കല്‍പ്പിച്ചത്.

തിരുവനന്തപുരത്തെ തകരപ്പരമ്പില്‍ കൊണ്ടു പിടിച്ച കച്ചവടമായിരുന്നു. തൊപ്പികളെല്ലാം വിറ്റു തീര്‍ന്ന ദിവസം പോലീസെത്തി ഒരു കടയടപ്പിച്ചു. ചാര്‍ജ് ഒന്ന്. നിലവാരമില്ലാത്ത തൊപ്പി കണക്കില്ലാതെ വിറ്റു. ചാര്‍ജ് രണ്ട്. അമിതമായ വില ഈടാക്കി. ജനം അതും കണ്ടു കൈയടിച്ചു. പോലീസുകാരുടെ ഒരു ശുഷ്കാന്തി! നഗരത്തില്‍ ഹെല്‍മറ്റ് കിട്ടാനില്ലാത്തതുകൊണ്ട് സ്വന്തം നിലയ്ക്ക് അവധി രണ്ടു ദിവസം കൂടി നീട്ടി നല്‍കിയതിന്റെ പേരില്‍ ഒരു കമ്മീഷ്ണര്‍ പിന്നെ കമ്മീഷ്ണറേ അല്ലാതായി. വേറെയാളു ഉടനെ ചാര്‍ജെടുത്തു. നമ്മളാകെ കുഴമറിഞ്ഞു പോകുന്ന പരിണതികളാണിതൊക്കെ. ചിലടത്ത് കാര്യങ്ങള്‍ അതിവിളംബിതകാലത്തില്‍, ചിലടത്ത് കാര്യങ്ങള്‍ അതിദ്രുതകാലത്തില്‍ ! ഒരു നിശ്ചയമില്ലൊന്നിനും. സാമാന്യനിയമത്തിന്റെ കുറ്റിയില്‍ ഭരണകാര്യങ്ങളെ പിടിച്ചുകെട്ടാനൊക്കത്തില്ല. കണ്ണടച്ചു തുറക്കുന്നതിനിടയിലാണ് നിയമങ്ങള്‍ ഹനുമാന്‍ ചാട്ടങ്ങള്‍ ചാടുന്നത്. അടുത്ത ചാട്ടത്തിന് കൃത്യം നമ്മുടെ തലയില്‍ തന്നെ. എന്തൊരദ്ഭുതം!

കുറച്ചു പഴകി പോയ കാര്യത്തെ ഓര്‍മ്മയിലിട്ട് പൊടിതട്ടിയത്, ‘ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റില്‍ സാരി ഉടുത്തുള്ള യാത്ര നിരോധിക്കണം’ എന്ന് ഹൈക്കോടതി നിര്‍ദ്ദേശം രണ്ടു ദിവസം മുന്‍പുള്ള പത്രത്തില്‍ കണ്ടതു കൊണ്ടാണ്. ‘സ്ത്രീകള്‍ വശം തിരിഞ്ഞ് ഇരിക്കാന്‍ പാടില്ല‘ എന്നാണ് മറ്റൊരു നിര്‍ദ്ദേശം. രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് (നാം രണ്ട് നമുക്ക് രണ്ട് കുടുംബങ്ങള്‍ ഇനിയെന്തോ ചെയ്യും?) കര്‍ശനമായി തടയണം. പിന്‍ സീറ്റ് യാത്രികര്‍ക്ക് രണ്ടു വശവും പിടി വേണം. ആക്ട് ഒണ്‍ലി ഇന്‍ഷ്വറന്‍സ് പോളിസിയില്‍ പിന്നില്‍ യാത്ര ചെയ്യുന്ന ആളിനും പരിരക്ഷ ഉറപ്പാക്കണം. നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എന്തു നിയമമുണ്ടാക്കിയാലും ‘ഒവ്വ’ എന്നും പറഞ്ഞു നടക്കുന്ന താന്തോന്നികള്‍ക്ക് വെറും പിഴയെന്ന പിച്ചു പോരാ, വാഹനം പിടിച്ചെടുക്കുക, ലൈസന്‍സ് റദ്ദാക്കുക അല്ലെങ്കില്‍ തടഞ്ഞു വയ്ക്കുക തുടങ്ങിയ ചുട്ട അടിയാണ് ശിക്ഷ. അതോടെ പാഠം പഠിച്ചോളും. ആറാഴ്ചത്തെ സമയത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി, നടപടികള്‍ അറിയിക്കാനാണ് കേന്ദ്ര ഗതാഗത നിയമമന്ത്രാലയങ്ങളോടും സംസ്ഥാനസര്‍ക്കാരിനോടുമുള്ള കോടതി ഉത്തരവ്.

ഹെല്‍മറ്റ് ഉത്തരവ് ശുഷ്കാന്തിയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അപ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപടികളാവാന്‍ ആറാഴ്ചത്തെ സമയതാമസമെന്തിന് എന്ന് കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ആരാഞ്ഞോണ്ടാല്‍ മാത്രം മതി! വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കാലിടിച്ച് പരിക്കുപറ്റിയ സൂസമ്മ തോമസ് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ കനിഞ്ഞനുവദിച്ചു കൊടുത്ത തുക കൂട്ടിക്കിട്ടാന്‍ വേണ്ടി കൊടുത്ത ഹര്‍ജിയ്ക്കുമേലെയുള്ള തീരുമാനമാണിത്. എന്നിട്ട് കിട്ടിയോ? വാദി പ്രതിയായി. വണ്ടിയിടിച്ച കുറ്റം സ്വന്തം തലയിലുമായി. സൌദി ഗവണ്മെന്റ് കുറച്ചുനാള്‍ മുന്‍പ് ഉയര്‍ന്ന മടമ്പുള്ള ചെരിപ്പുകള്‍ സ്ത്രീകള്‍ ധരിക്കാന്‍ പാടില്ലെന്നു പറഞ്ഞ് നിരോധിച്ചിരുന്നു. കാലുളുക്കി ആരോഗ്യപ്രശ്നങ്ങള്‍, ( ഹേയ് അശ്ലീലപ്രശ്നം ഒട്ടുമില്ല!) സൌദിയിലെ സ്ത്രീത്വത്തിനുണ്ടാവുന്നതിനെതിരേ സര്‍ക്കാര്‍ ജാഗരൂകരായതാണ് സംഭവം! ഇവിടെയും അങ്ങനെയൊക്കെ തന്നെ. സാരിത്തുമ്പ് വീലില്‍ കുരുങ്ങാതിരിക്കാനാണ് സാരിയേ വേണ്ടെന്നു പറയുന്നത്. പുതിയ വസ്ത്രങ്ങള്‍ ശീലിക്കണം. കാലം മാറുകയാണ്. ട്രിബ്യൂണലിനു കൈകഴുകാനാണ് ഇന്‍ഷ്വറന്‍സ് കൊണ്ട് ചെന്ന് നേരത്തേ അടയ്ക്കാന്‍ പറയുന്നത്. (അവരു തിരിച്ചു തരുന്നതൊക്കെ ഒരു വകയാണ്. അങ്ങോട്ടു കൊടുത്താല്‍ മതി. പുത്തന്‍ കൂറ്റുകാര്‍ക്ക് ജീവിക്കണ്ടേ ഹേ?) വണ്ടി ചരിയാതിരിക്കാനാണ് കാലു രണ്ടു വശത്തുമിട്ടിരിക്കാന്‍ പറയുന്നത്. ( സൌകര്യം കുന്തമാണ്. രണ്ടു വശത്തേയ്ക്കും കാലിട്ടിരുന്നാല്‍ നട്ടെല്ലിനു ആയാസമേറും. നട്ടെല്ലുള്ളവരതിനെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ പോരേ?) കാറു വാങ്ങിക്കാന്‍ വേണ്ടിയാണ് (അല്ലെങ്കില്‍ ഒറ്റയെണ്ണം ലോണെടുക്കില്ലെന്നേ) ഒന്നിലധികം സന്തതികളെ ദ്വിചക്ര വണ്ടിയില്‍ കൊണ്ടു പോകരുതെന്നു പറയുന്നത്. സൌകര്യവും അന്തസ്സും ആ നിലക്ക് ഉയരുകയല്ലേ ഉള്ളൂ, എങ്ങാനും കുറയുമോ?

തെക്കുവടക്കു പാതയും നാനോകാറും അഗ്രസ്സീവ് ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും സെസ്സും ഒക്കെക്കൊണ്ട് നാടു പുരോഗമിക്കുമ്പോള്‍ നിയമങ്ങളും പുരോഗമിക്കണം. അതിന് ആറാഴ്ചയൊക്കെ അതി ഭയങ്കരമായ കാലവിളംബമാണ്. പോരാ. നമ്മള്‍ കുറച്ചുകൂടി ഫാസ്റ്റാവാനുണ്ട്.
Post a Comment