August 26, 2008

വേഗത പോരാ പോരാ

ഹെല്‍മറ്റു വയ്ക്കാന്‍ ‘സര്‍ക്കാര്‍’ ജനങ്ങളെ നിര്‍ബന്ധിച്ചത് ലോകത്തിലെ എറ്റവും ദാരുണമായ മരണം തലതകര്‍ന്നുള്ളതാണെന്ന ബോധം ആവേശിച്ചിട്ടാണെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ഒരു ശക്തിയ്ക്കും ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. മുന്‍ ഗതാഗത വകുപ്പു മന്ത്രി ആ വകുപ്പില്‍ ഹെല്‍മറ്റു നിര്‍മ്മാതാക്കളില്‍ നിന്ന് പണം കുറേ പറ്റിയെന്നൊരു ആരോപണം കിംവദന്തിയായി പാറിക്കളിച്ചു നടപ്പുണ്ടായിരുന്നു, അന്തക്കാലങ്ങളില്‍. കാലവും സര്‍ക്കാരിന്റെ കോലവുമൊക്കെ മാറിയിട്ടും നിര്‍ബന്ധങ്ങള്‍ക്കും പിഴയടിക്കലിനും യാതൊരു കുറവും വന്നിട്ടില്ല. നടപ്പുദീനം പോലെ അതൊരു ദിവസമിങ്ങുവരും. ഹെല്‍മറ്റു വിരുദ്ധ ഇരുചക്രവാഹനക്കാരുടെ നോട്ടീസു പറയുന്നത്, മന്ത്രിമാര്‍ മാത്രമല്ല, പിഴയിടാനായി ഇരുട്ടു വാക്കില്‍ കയറി ഒളിഞ്ഞു നിന്നിട്ടു പെട്ടെന്ന് ചാടി വീണ് മനുഷ്യരെ പേടിപ്പിക്കുന്ന പോലീസുകാരും ആവശ്യത്തിനു പണമുണ്ടാക്കിയെന്നാണ്. ഒരു ഉദ്യോഗസ്ഥന്‍ അതു വച്ച് പണിതത് രണ്ടു നില കെട്ടിടമാണത്രേ. അതും മണ്ണിന് പൊന്നും വിലയുള്ളിടത്ത്. അത് അതിശയോക്തിയായിരിക്കും. ‘തെല്ലതിന്‍ സ്പര്‍ശമില്ലാതില്ല, അലങ്കാരമൊന്നുമേ’. എങ്കിലും തീയുള്ളിടത്തല്ലേ പുകയുണ്ടാവൂ. കാറ്റുള്ളിടത്തൊക്കെ വേലി കെട്ടാന്‍ പറ്റുമോ എന്നു ചോദിച്ചാലെങ്ങനാ? കേരളത്തിലെ ഇരു ചക്രവാഹനക്കാരുടെ കോഴിത്തലകള്‍ നമ്മുടെ സ്വന്തം കരിനിരത്തുകളിലെ ഗട്ടറുകളിലും കണക്കും കയ്യുമില്ലാതെ പണിതുവച്ചിരിക്കുന്ന ബമ്പ്, ഹമ്പ് (രണ്ടും പറയാം!) ഇത്യാദികളില്‍ വീണും കയറിയിടിച്ചും മുട്ടപോലെ ഉടയുന്നതില്‍ കുണ്ഠിതപ്പെട്ട് ഒരു സാധുമനുഷ്യന്‍ കൊടുത്ത ഹര്‍ജിയില്‍ കോടതി നേരിട്ടെടുത്ത തീരുമാനമാണ്, ഏറ്റവും അവസാനത്തെ ഹെല്‍മറ്റ് നിര്‍ബന്ധനിയമം. അതുകൊണ്ട് മുന്‍ തവണത്തെപ്പോലെ സ്വന്തം തലകളില്‍ അമിതമായ ഉത്കണ്ഠയില്ലാത്ത ഏട്ടകളുടെ ചുളിഞ്ഞ നെറ്റി ഗതാഗത വകുപ്പു മന്ത്രിയ്ക്കു നേരെ ഇക്കുറി ഉയര്‍ന്നില്ല. നിയമകാര്യവകുപ്പായിരുന്നു ശബ്ദവും വെളിച്ചവുമില്ലാതെ കയ്യാങ്കളി സ്പോണ്‍സര്‍ ചെയ്തത് മൊത്തം. “ഉണ്ട്. കേരളത്തിലെ ഇരുചക്രമോട്ടോര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന 90% ആളുകളും ഹെല്‍മറ്റ് ധരിക്കുന്നുണ്ട്” എന്ന് സംസ്ഥാനത്തിലെ പോലീസ് മേധാവിയെ വിളിച്ചു വരുത്തി കോടതി സത്യവാങ്മൂലം എഴുതി വാങ്ങിക്കുകയും ചെയ്തു. ആ ഒരൊറ്റ ബലത്തിനുവേണ്ടിയാണ് ഗുണമേന്മയുള്ള തലമൂടികള്‍ വിപണിയിലുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ രണ്ടു ദിവസത്തിനകം എല്ലായെണ്ണവും ഇരിപ്പു തൊപ്പി വച്ച് തലചിതറാതെ ഓടിക്കോണം എന്ന് പോലീസ് കല്‍പ്പിച്ചത്.

തിരുവനന്തപുരത്തെ തകരപ്പരമ്പില്‍ കൊണ്ടു പിടിച്ച കച്ചവടമായിരുന്നു. തൊപ്പികളെല്ലാം വിറ്റു തീര്‍ന്ന ദിവസം പോലീസെത്തി ഒരു കടയടപ്പിച്ചു. ചാര്‍ജ് ഒന്ന്. നിലവാരമില്ലാത്ത തൊപ്പി കണക്കില്ലാതെ വിറ്റു. ചാര്‍ജ് രണ്ട്. അമിതമായ വില ഈടാക്കി. ജനം അതും കണ്ടു കൈയടിച്ചു. പോലീസുകാരുടെ ഒരു ശുഷ്കാന്തി! നഗരത്തില്‍ ഹെല്‍മറ്റ് കിട്ടാനില്ലാത്തതുകൊണ്ട് സ്വന്തം നിലയ്ക്ക് അവധി രണ്ടു ദിവസം കൂടി നീട്ടി നല്‍കിയതിന്റെ പേരില്‍ ഒരു കമ്മീഷ്ണര്‍ പിന്നെ കമ്മീഷ്ണറേ അല്ലാതായി. വേറെയാളു ഉടനെ ചാര്‍ജെടുത്തു. നമ്മളാകെ കുഴമറിഞ്ഞു പോകുന്ന പരിണതികളാണിതൊക്കെ. ചിലടത്ത് കാര്യങ്ങള്‍ അതിവിളംബിതകാലത്തില്‍, ചിലടത്ത് കാര്യങ്ങള്‍ അതിദ്രുതകാലത്തില്‍ ! ഒരു നിശ്ചയമില്ലൊന്നിനും. സാമാന്യനിയമത്തിന്റെ കുറ്റിയില്‍ ഭരണകാര്യങ്ങളെ പിടിച്ചുകെട്ടാനൊക്കത്തില്ല. കണ്ണടച്ചു തുറക്കുന്നതിനിടയിലാണ് നിയമങ്ങള്‍ ഹനുമാന്‍ ചാട്ടങ്ങള്‍ ചാടുന്നത്. അടുത്ത ചാട്ടത്തിന് കൃത്യം നമ്മുടെ തലയില്‍ തന്നെ. എന്തൊരദ്ഭുതം!

കുറച്ചു പഴകി പോയ കാര്യത്തെ ഓര്‍മ്മയിലിട്ട് പൊടിതട്ടിയത്, ‘ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റില്‍ സാരി ഉടുത്തുള്ള യാത്ര നിരോധിക്കണം’ എന്ന് ഹൈക്കോടതി നിര്‍ദ്ദേശം രണ്ടു ദിവസം മുന്‍പുള്ള പത്രത്തില്‍ കണ്ടതു കൊണ്ടാണ്. ‘സ്ത്രീകള്‍ വശം തിരിഞ്ഞ് ഇരിക്കാന്‍ പാടില്ല‘ എന്നാണ് മറ്റൊരു നിര്‍ദ്ദേശം. രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് (നാം രണ്ട് നമുക്ക് രണ്ട് കുടുംബങ്ങള്‍ ഇനിയെന്തോ ചെയ്യും?) കര്‍ശനമായി തടയണം. പിന്‍ സീറ്റ് യാത്രികര്‍ക്ക് രണ്ടു വശവും പിടി വേണം. ആക്ട് ഒണ്‍ലി ഇന്‍ഷ്വറന്‍സ് പോളിസിയില്‍ പിന്നില്‍ യാത്ര ചെയ്യുന്ന ആളിനും പരിരക്ഷ ഉറപ്പാക്കണം. നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എന്തു നിയമമുണ്ടാക്കിയാലും ‘ഒവ്വ’ എന്നും പറഞ്ഞു നടക്കുന്ന താന്തോന്നികള്‍ക്ക് വെറും പിഴയെന്ന പിച്ചു പോരാ, വാഹനം പിടിച്ചെടുക്കുക, ലൈസന്‍സ് റദ്ദാക്കുക അല്ലെങ്കില്‍ തടഞ്ഞു വയ്ക്കുക തുടങ്ങിയ ചുട്ട അടിയാണ് ശിക്ഷ. അതോടെ പാഠം പഠിച്ചോളും. ആറാഴ്ചത്തെ സമയത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി, നടപടികള്‍ അറിയിക്കാനാണ് കേന്ദ്ര ഗതാഗത നിയമമന്ത്രാലയങ്ങളോടും സംസ്ഥാനസര്‍ക്കാരിനോടുമുള്ള കോടതി ഉത്തരവ്.

ഹെല്‍മറ്റ് ഉത്തരവ് ശുഷ്കാന്തിയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അപ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപടികളാവാന്‍ ആറാഴ്ചത്തെ സമയതാമസമെന്തിന് എന്ന് കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ആരാഞ്ഞോണ്ടാല്‍ മാത്രം മതി! വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കാലിടിച്ച് പരിക്കുപറ്റിയ സൂസമ്മ തോമസ് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ കനിഞ്ഞനുവദിച്ചു കൊടുത്ത തുക കൂട്ടിക്കിട്ടാന്‍ വേണ്ടി കൊടുത്ത ഹര്‍ജിയ്ക്കുമേലെയുള്ള തീരുമാനമാണിത്. എന്നിട്ട് കിട്ടിയോ? വാദി പ്രതിയായി. വണ്ടിയിടിച്ച കുറ്റം സ്വന്തം തലയിലുമായി. സൌദി ഗവണ്മെന്റ് കുറച്ചുനാള്‍ മുന്‍പ് ഉയര്‍ന്ന മടമ്പുള്ള ചെരിപ്പുകള്‍ സ്ത്രീകള്‍ ധരിക്കാന്‍ പാടില്ലെന്നു പറഞ്ഞ് നിരോധിച്ചിരുന്നു. കാലുളുക്കി ആരോഗ്യപ്രശ്നങ്ങള്‍, ( ഹേയ് അശ്ലീലപ്രശ്നം ഒട്ടുമില്ല!) സൌദിയിലെ സ്ത്രീത്വത്തിനുണ്ടാവുന്നതിനെതിരേ സര്‍ക്കാര്‍ ജാഗരൂകരായതാണ് സംഭവം! ഇവിടെയും അങ്ങനെയൊക്കെ തന്നെ. സാരിത്തുമ്പ് വീലില്‍ കുരുങ്ങാതിരിക്കാനാണ് സാരിയേ വേണ്ടെന്നു പറയുന്നത്. പുതിയ വസ്ത്രങ്ങള്‍ ശീലിക്കണം. കാലം മാറുകയാണ്. ട്രിബ്യൂണലിനു കൈകഴുകാനാണ് ഇന്‍ഷ്വറന്‍സ് കൊണ്ട് ചെന്ന് നേരത്തേ അടയ്ക്കാന്‍ പറയുന്നത്. (അവരു തിരിച്ചു തരുന്നതൊക്കെ ഒരു വകയാണ്. അങ്ങോട്ടു കൊടുത്താല്‍ മതി. പുത്തന്‍ കൂറ്റുകാര്‍ക്ക് ജീവിക്കണ്ടേ ഹേ?) വണ്ടി ചരിയാതിരിക്കാനാണ് കാലു രണ്ടു വശത്തുമിട്ടിരിക്കാന്‍ പറയുന്നത്. ( സൌകര്യം കുന്തമാണ്. രണ്ടു വശത്തേയ്ക്കും കാലിട്ടിരുന്നാല്‍ നട്ടെല്ലിനു ആയാസമേറും. നട്ടെല്ലുള്ളവരതിനെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ പോരേ?) കാറു വാങ്ങിക്കാന്‍ വേണ്ടിയാണ് (അല്ലെങ്കില്‍ ഒറ്റയെണ്ണം ലോണെടുക്കില്ലെന്നേ) ഒന്നിലധികം സന്തതികളെ ദ്വിചക്ര വണ്ടിയില്‍ കൊണ്ടു പോകരുതെന്നു പറയുന്നത്. സൌകര്യവും അന്തസ്സും ആ നിലക്ക് ഉയരുകയല്ലേ ഉള്ളൂ, എങ്ങാനും കുറയുമോ?

തെക്കുവടക്കു പാതയും നാനോകാറും അഗ്രസ്സീവ് ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും സെസ്സും ഒക്കെക്കൊണ്ട് നാടു പുരോഗമിക്കുമ്പോള്‍ നിയമങ്ങളും പുരോഗമിക്കണം. അതിന് ആറാഴ്ചയൊക്കെ അതി ഭയങ്കരമായ കാലവിളംബമാണ്. പോരാ. നമ്മള്‍ കുറച്ചുകൂടി ഫാസ്റ്റാവാനുണ്ട്.

August 19, 2008

കാഴ്ചയുടെ ആകൃതി, ജീവിതത്തിന്റെയും



“A photograph is not an accident--it is a concept”
- ആന്‍സെല്‍ ആദംസ്

ഒന്ന്
കാഴ്ചകള്‍ കൊണ്ട് ലോകത്തെ പിടിച്ചുകെട്ടിയ ഒരു പ്രതീതി നല്‍കുന്നതുകൊണ്ടാണ് ഫോട്ടോഗ്രാഫുകള്‍ ആത്മാനുഭൂതിപരമാവുന്നതെന്ന് ‘ഓണ്‍ ഫോട്ടോഗ്രാഫി’എന്ന പുസ്തകത്തില്‍ സ്വയം ഒരു ഛായാഗ്രാഹകയല്ലാത്ത സൂസന്‍ സൊണ്ടാഗ് പറഞ്ഞു. അനുഭവങ്ങള്‍ക്ക് ആകൃതി നല്‍കുന്ന പ്രക്രിയയാണ് ഫോട്ടോകള്‍ക്ക് നിര്‍വഹിക്കാനുള്ളത്. സമക്ഷത്ത് കാണാവുന്ന യാഥാര്‍ത്ഥ്യത്തെ ഇങ്ങനെ ചതുരാകൃതിയില്‍ മുറിച്ചെടുത്ത് അവതരിപ്പിക്കുന്നതിലുള്ള പുതുമയെന്താണ് എന്ന് ആലോചിച്ച് കലാമീമാംസകള്‍ ഛായാചിത്രങ്ങള്‍ക്കു നേരെ നെറ്റിചുളിക്കും. കാല്‍പ്പനികമാണ് കലയുടെ വഴികള്‍. യാഥാര്‍ത്ഥ്യവുമായി നേരിട്ട് നീക്കുപോക്കുകളുള്ള ഫോട്ടോഗ്രാഫിയ്ക്ക്, ഭാവനയെ അതിരു വിട്ട് പ്രണയിക്കുന്ന ചിത്രകലയുടെ അത്ര ഗരിമ പോര എന്നവര്‍ പറയും ! ഒപ്പം യന്ത്രങ്ങളുമായി അവിഹിതമായ കൂട്ടുകെട്ടും (വാള്‍ട്ടര്‍ ബെഞ്ചമിന്റെ ഭാഷയില്‍ മെക്കാനിക്കല്‍ റിപ്രൊഡക്ഷന്‍ - ‘യാന്ത്രികമായ പുനരുത്പാദനം’) ആ വഴിയ്ക്കുള്ള ചില സൌജന്യങ്ങളും അതിനു കിട്ടിയിട്ടുണ്ട്. ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പ്രയോജനത്തിന്റെ അടിസ്ഥാനത്തിലാണ്, ആസ്വാദനത്തെ മുന്‍‌നിര്‍ത്തിയല്ല. കുടുംബ, വ്യക്തിഗത ഫോട്ടോകള്‍ ഉദാഹരണം‍. പഴയ പോട്രയിറ്റ് ചിത്രകലയുടെ അടിവേരു തോണ്ടിയാണ് അത് ഈ സ്ഥാനം കൈയടക്കിയത്. എന്നാല്‍ ‘വിഷയങ്ങളുടെ’ സംഗ്രഹിച്ച ആവര്‍ത്തനം എന്നതിലുപരി ഫോട്ടോകള്‍ക്ക് മറ്റനേകം പ്രസക്തികളുമുണ്ട്. ഡിജിറ്റല്‍ കാലം, ബോദ്‌ലയറിന്റെ, ചുവന്ന പുല്ലുകളും നീല മരങ്ങളുമുള്ള, ദൈവത്തിനു നിര്‍മ്മിക്കാന്‍ കഴിയാതെ പോയ പ്രകൃതിയെ ഫോട്ടോയില്‍ സാദ്ധ്യമാക്കിക്കൊടുത്തതു മാത്രമല്ല, രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങള്‍ അവയ്ക്കു നല്‍കാന്‍ കഴിവുള്ള മസ്തിഷ്കങ്ങള്‍ ‘കണ്ണിന്റെ വിപുലീകൃതരൂപമായ’ ക്യാമറകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതിനുള്ള ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ടല്ലോ. വെറും ഒരു നിമിഷത്തെ, ചില്ലിലടച്ചുകൊണ്ടാണ് ഫോട്ടോ എന്ന കല ‘കാഴ്ചയുടെ ധാര്‍മ്മികത’ എന്താണെന്നു പറഞ്ഞു തരുന്നത്. മുന്നിലെ നാനാവിധമായ കാഴ്ചപ്പെരുക്കങ്ങളില്‍ നിന്ന് ഒരു പ്രത്യേക കാഴ്ചയ്ക്കു ഫോട്ടോഗ്രാഫര്‍ നല്‍കുന്ന മൂല്യമാണ് ചിത്രത്തിന്റെ പ്രസക്തി. (ചിത്രകലയില്‍ ആ സ്ഥാനം ഭാവനയ്ക്കാണ്) അദ്ദേഹമത് വിപുലീകരിക്കുന്നു, ചുരുക്കുന്നു, ഒന്നിനെ മറ്റൊന്നാക്കി തീര്‍ക്കുന്നു, ധ്വനിപ്പിക്കുന്നു. എന്തുകാണണമെന്നും എങ്ങനെ കാണണമെന്നുമാണ് ഒരു ചിത്രം ആവശ്യപ്പെടുന്നത്. അവഗണിക്കപ്പെട്ടേയ്ക്കാവുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഒരു കഷ്ണത്തിലേയ്ക്ക് നമ്മുടെ കാഴ്ച ക്ഷണിക്കപ്പെടുന്നു. അതില്‍ മരവിച്ചു നില്‍ക്കുന്നത് ഒരു നിമിഷമാണെങ്കിലും അതിനു തുടര്‍ച്ചയുണ്ട്. ചരിത്രത്തെയും ഭാവിയെയും അതു കൂട്ടുപിടിക്കുന്നുണ്ട്. ത്രസിക്കുന്ന തത്കാലത്തോടൊപ്പം.

പ്രകൃതിയില്‍ നിന്നുള്ള ഒരു കുറിപ്പെടുപ്പാണ് ഫോട്ടോഗ്രാഫി എന്നൊരു നിര്‍വചനമുണ്ട്. ദാരിദ്ര്യം എന്നു പേരിട്ടിട്ടുള്ള ചിത്രം ദാരിദ്ര്യത്തെ അപ്പാടെ ഒപ്പിയെടുത്തു മുന്നില്‍ വയ്ക്കുകയല്ല ചെയ്യുന്നത്. വെളിച്ചവും ഇരുട്ടും ജ്യാമിതികളും ടെക്ചറും ഫോട്ടോയില്‍ സൂചനകളിലൂടെയാണ് ആവിഷ്കൃതമാവുന്നത്. ( സൂസന്‍ സൊണ്ടാഗ്) കാഴ്ചയില്‍ നിന്ന് ഉള്‍ക്കാഴ്ചയിലേയ്ക്കൂള്ള യാത്രയില്‍ വിവര്‍ത്തന ദൌത്യമാണ് ഫോട്ടോകള്‍ക്കുള്ളത്. സൂചനകളുടെ തെരെഞ്ഞെടുപ്പില്‍ ഫോട്ടോഗ്രാഫറുടെ ഉള്ളില്‍ കൂടുകെട്ടിയിട്ടുള്ള നിരവധി ധാരകള്‍ അയാളെ സ്വാധീനിക്കുന്നുണ്ടാവും. (ആസ്വാദനത്തില്‍ കാഴ്ചക്കാരന്റെയും) അതെപ്പറ്റിയെല്ലാം അയാള്‍ ബോധവാനായിരിക്കണമെന്നില്ല. എങ്കിലും പ്രാതിനിത്യസ്വഭാവമുള്ള ഒരു ചിത്രത്തിന്റെ വിശകലനം ഒരു ഫോട്ടോഗ്രാഫറെ, സാങ്കേതികമായ അയാളുടെ മിടുക്കിനൊപ്പം കൂടുതല്‍ മനസ്സിലാക്കാനും അദ്ദേഹത്തിന്റെ കണ്‍വഴികളെയും കാഴ്ചവട്ടങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങളെ മുന്നിലേയ്ക്കു കൊണ്ടു വരാനും സഹായിക്കുമെന്നു തോന്നുന്നു. നമ്മുടെ കാഴ്ചയെക്കുറിച്ചു തന്നെ നാം കൂടുതല്‍ ബോധവാന്മാരാവുന്നത് ഇങ്ങനെയുള്ള കൈനിലകളില്‍ വച്ചല്ലേ?

രണ്ട്
ഉന്മേഷ് ദസ്തഖിറിന്റെ (മണ്ണാങ്കട്ടയും കരിയിലയും) കിണര്‍-കുടം തുടര്‍ച്ചയില്‍പ്പെട്ട ഒരു ചിത്രം ഈ നിലയ്ക്ക് ചിന്തിക്കാന്‍ കുറേ വക നല്‍കുന്നുണ്ട്. ഉന്മേഷിന്റെ ചിത്രങ്ങളില്‍ മിക്കതിനും പ്രധാനവിഷയം/ശീര്‍ഷകമായ വിഷയം ഓരത്തേയ്ക്കു നീങ്ങിയിരിക്കുക എന്ന പ്രത്യേകതയുണ്ട്. അത് ഈ ചിത്രത്തിലുമുണ്ടെന്നു കാണാം. ഇതൊരു സാങ്കേതികമായ കാര്യം മാത്രമല്ല. വിഷയത്തിനൊപ്പം ചിലപ്പോള്‍ അതിനേക്കാള്‍ പ്രാധാന്യം പശ്ചാത്തലത്തിനുമുണ്ടെന്ന അറിയിപ്പാണ് ഈ ഒഴിഞ്ഞുമാറല്‍. വരേണ്യമായ വിഷയങ്ങളല്ല താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന അബോധപ്രേരണയും ‘വിഷയ’ത്തിന്റെ ഈ ഒഴിഞ്ഞുമാറി നില്‍ക്കലിനു കാരണമാവാം. ഇവിടെ ‘കുടം‘ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ കുടം പകുതി വച്ച് മുറിക്കപ്പെട്ട നിലയിലുമാണ്. തുളസിയുടെ സൈക്കിള്‍ ചിത്രവും ഇങ്ങനെ മുറിക്കപ്പെട്ട രൂപത്തില്‍ അവതരിപ്പിച്ചിരുന്നതോര്‍ക്കുന്നു. 'സബ്‌ജെക്ടിനെ' അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കുക എന്ന കലാപരമായ സാമ്പ്രദായികതയെ തകര്‍ക്കുകയാണ് ഈ ചിത്രങ്ങള് എന്നും പറയാം‍. ‘വിഷയ‘ത്തെ ബോധപൂര്‍വം പ്രാധാന്യമില്ലാതാക്കി തീര്‍ക്കാനാണ് ഫോട്ടോഗ്രാഫര്‍ ശ്രമിക്കുന്നത്. തന്റെ നോട്ടം പൊതുബോധത്തിന്റെ സൌന്ദര്യ വഴക്കങ്ങളില്‍ നിന്നു മാറിയുള്ളതാണെന്ന തിരിച്ചറിവാണ് അതിനു കാരണം. അതേ സമയം ആ പ്രാധാന്യമില്ലാതാക്കല്‍ തന്നെയാണ് ചിത്രത്തിലെ ‘വിഷയ’ത്തിന് അടിവര നല്‍കിക്കൊണ്ട് കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നതും കൂടുതല്‍ ആലോചനയ്ക്ക് വളം നല്‍കുന്നതും.

കുടത്തിന്റെ കഴുത്ത് കയറിട്ട് മുറുക്കിയ നിലയിലാണ് ചിത്രത്തില്‍. സൂക്ഷിച്ചു നോക്കിയാല്‍ കുടം നിശ്ശബ്ദമായ നിലവിളിയുതിര്‍ക്കുന്ന ഒരു തുറന്ന വായാണ്. കുടുക്കിട്ട കഴുത്തും തുറന്ന വായും പീഡനാത്മകമായ ഒരു ജീവിതാവസ്ഥയെ തെളിച്ചു പറയുന്നുണ്ട്. മാത്രമല്ല പലപാട് ഞണുക്കുകളും അതിനു പറ്റിയിരിക്കുന്നു. അതു തങ്ങിയിരിക്കുന്ന തട്ടകം ഏതു നേരവും അതിനെ മുക്കിക്കളയാവുന്ന വിധം അസ്ഥിരമായതാണ്. ഇത്രയും വച്ചാലോചിച്ചാല്‍ കുടം വെറും കുടമല്ലെന്നും അതുപയോഗിച്ചു വന്ന ഒരു ജീവിതത്തെ/ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സൂചകമാണെന്നും തിരിച്ചറിയാന്‍ ഒട്ടും പ്രയാസപ്പെടേണ്ടതില്ല. ജലത്തില്‍ പ്രതിഫലിക്കുന്ന വിസ്തൃതമായ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ കുടത്തിന് അനാഥത്വവും ഉണ്ട്. പ്രാന്തജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ഉന്മേഷ് സാധാരണ നല്‍കുന്ന നിറവൈവിദ്ധ്യത്തിന്റെ പിന്‍ബലം ഈ ചിത്രത്തിനില്ലാത്തത് വിഷാദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. വര്‍ണ്ണങ്ങളുടെ ശബളിമ, പോസിറ്റീവ് ആയ മനോഭാവത്തിന്റെ ആവിഷ്കരണമാണ്, വിഷയം എന്തായാലും. അതിവിടെയില്ല.

നീണ്ട ഓലയുടെ ഒരു പ്രതിബിംബം കിണറ്റിലെ ജലത്തില്‍ വീണു കിടക്കുന്നത് ചിത്രത്തിന്റെ ഇടതുവശത്തായി കാണാം. ജലത്തില്‍ തട്ടി ശിഥിലമായ നിലയിലാണ് ആ ദൃശ്യം നമ്മുടെ ഉള്ളിലുടക്കുന്നത്. യഥാതഥവും (കുടം) മായികവുമായ (ഓലയുടെ പ്രതിബിംബം) രണ്ടു കാഴ്ചകള്‍, ആകാശം പ്രതിഫലിക്കുന്ന ജലത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിച്ച് ഇണങ്ങിയിരിക്കുകയാണ് ചിത്രത്തില്‍. ഉന്നതി (ആകാശത്തിന്റെ) ആഴം (കിണറിന്റെ) എന്നീ രണ്ടു വ്യത്യസ്ത തലങ്ങളെ ചിത്രം ചേര്‍ത്തുകെട്ടിയിരിക്കുന്നു. ഒപ്പം, കുടത്തിന്റെ വര്‍ത്തുളതയെയും ഓലയുടെ ലംബമാനമായ ആകൃതിയെയും അടുത്തടുത്ത് വയ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന വസ്തുക്കളുടെ പരസ്പരവിരുദ്ധമായ സ്വഭാവം കണക്കിലെടുത്ത് ഇടത് - വലത് എന്ന മട്ടില്‍ ചിത്രം രണ്ടായി പിരിയുന്നു എന്നു കാണാം. മുകളിലും താഴെയുമായി മറ്റൊരു വിഭജനവും സാദ്ധ്യമാണ്. കുടം ജീവിതത്തെ പ്രതിനിധീകരിക്കുന്നുവെങ്കില്‍ അതിന്റെ വൃത്താകൃതിയിലുള്ള സ്വത്വത്തില്‍ നിന്ന് (രക്ഷനേടാന്‍ ശ്രമിക്കുന്ന) വ്യത്യസ്തമായ ഒരു സ്വപ്നം എന്ന നിലയ്ക്ക് ജലത്തില്‍ പ്രതിബിംബിക്കുന്ന (വഴക്കമുള്ള, നീണ്ട, എന്നാല്‍ അവ്യക്തമായ) ഓലയെ കണക്കാക്കാവുന്നതാണ്. തെങ്ങോല സ്ഥിതി ചെയ്യുന്ന ശരിയായ ഉന്നതിയും അതിന്റെ നിഴല്‍ വീണു കിടക്കുന്ന കിണറ്റുവെള്ളത്തിന്റെ അഗാധതയും മറ്റൊരു തരം വൈരുദ്ധ്യത്തെയും കാട്ടി തരുന്നു. കാഴ്ചയെ സംബന്ധിക്കുന്ന മറ്റൊരു പ്രതിസന്ധി നാം ഇവിടെ അനുഭവിക്കുന്നുണ്ട്. അത് ചിത്രത്തിലെ സ്വപ്നത്തിന്റെ തലത്തെപ്പറ്റിയുള്ളതാണ്. വിഷയത്തെക്കാള്‍ താഴ്ന്ന നിലയിലുള്ള പ്രതലത്തിലാണ് ഇവിടെ സ്വപ്നം ആവിഷ്കൃതമാവുന്നത്. ആദിവാസികളുടെ സങ്കല്‍പ്പങ്ങളിലെ സ്വര്‍ഗം ഭൂമിക്കടിയിലാണ്. നിവര്‍ന്നു നോക്കാന്‍ കഴിയാത്ത തരത്തില്‍ മൂടാപ്പുകളില്‍ അടയ്ക്കപ്പെട്ട ജീവിതങ്ങളില്‍ അടിമത്തം കിനാവുകളില്‍ പോലും കടന്നു കയറി ആധിപത്യം സ്ഥാപിക്കുമെന്നതിനു ഇതിനേക്കാള്‍ നല്ല തെളിവുകള്‍ ആവശ്യമില്ല. കിനാക്കാഴ്ചയെ തന്നിലും താഴ്ന്ന പ്രതലത്തില്‍ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രം, പകുതി മുറിക്കപ്പെട്ട, ഞണുങ്ങിയ ഒരു അടിമ-കീഴാള ജീവിതത്തിന്റെ ഭാവാന്തരീക്ഷത്തെ രൂക്ഷമാക്കുന്നത്.

പരിമിതമായ ജീവിത സാഹചര്യങ്ങളെ മലയാളി ‘ഠാവട്ടം’ എന്ന പദം കൊണ്ടാണ് സൂചിപ്പിച്ചു വന്നത്. കുടത്തിന്റെ പ്രവര്‍ത്തന പഥം വിരസമായി ആവര്‍ത്തിക്കുന്ന ഒന്നാണ്. കിണറ്റിലേയ്ക്ക് പുറത്തേയ്ക് വീണ്ടും കിണറ്റിലേയ്ക്ക്. പരിമിതപ്പെടുത്തിയ ജീവിതചലനങ്ങള്‍ക്ക് മേലുള്ള പിടിമുറുക്കത്തെ കുടത്തിന്റെ കഴുത്തില്‍ കെട്ടിയ കയര്‍ അടയാളപ്പെടുത്തുന്നുണ്ട്. അതിന്റെ സ്വാഭാവികമായ പരിണതിയായി വേണം മരണത്തെ ഗണിക്കാന്‍. കയറിന്റെമറ്റേയറ്റം അവ്യക്തമായി ഉയര്‍ന്നുപോവുകയാണ് ചിത്രത്തില്‍. ഫോക്കസിനു വെളിയില്‍. അതൊരു തരം നിസ്സംഗമായ ദൃക്‌സാക്ഷിത്വമാണ്. ചിലതരം പിടിമുറുക്കങ്ങള്‍ക്കുമുന്നില്‍ നമ്മളനുഭവിക്കുന്ന നിസ്സഹായതയിലേയ്ക്ക് തന്മയീഭവിക്കാനാണ് ചിത്രം കാഴ്ചക്കാരനെ അനുവദിക്കുന്നത്. മുകളില്‍ നിന്ന് താഴേയ്ക്ക് എന്ന മട്ടിലാണ് ക്യാമറയുടെ ദൃഷ്ടികോണ്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. തന്നില്‍ നിന്ന് വളരെ താഴേക്കിടയിലുള്ള ഒരാളാണ് വിഷയം എന്ന മട്ടില്‍ ഈ കണ്‍‌വഴി പ്രവര്‍ത്തിക്കുന്നു. അതേസമയം ഉയര്‍ന്നു വരികയും ക്യാമറയുടെ തലവും കഴിഞ്ഞ് പോയി അപ്രത്യക്ഷമാവുകയും ചെയ്യുന്ന കയറിന്റെ ഗതി ആഴത്തിലുള്ള ഒരു കുടത്തിന്റെ അവസ്ഥയില്‍ മുകളിലുള്ള ‘ഒന്നിന്‘ ഉത്തരവാദിത്വമുണ്ടെന്ന സൂചനയുമാണ്. അതു സമൂഹമോ ആദ്ധ്യാത്മികമായ മറ്റെന്തെങ്കിലുമോ ആകാം. ക്യാമറയെയും കടന്നു പോകുന്ന കയറും അതിന്റെ ഔട്ട് ഓഫ് ഫോക്കസ് നിലയും താഴേയ്ക്കുള്ള സുവ്യക്തമായ നോട്ടവും ചേര്‍ന്ന് ഒരു ‘മേല്‍’ക്കാഴ്ചയുടെ ആര്‍ദ്രമായ വശത്തെയാണ് മുന്നില്‍ വയ്ക്കുന്നത്.

മറ്റൊരു ഠാവട്ടമായ കിണറാണ് കുടത്തിന്റെ പ്രധാന പശ്ചാത്തലം എന്നോര്‍ക്കുക. നിര്‍മ്മിക്കപ്പെട്ടതാണ് കിണര്‍. സ്വാഭാവികമായി ഉള്ളതല്ല അത്. അതിന്റെ പോക്ക് താഴേയ്ക്കാണ്. കെട്ടിയുയര്‍ത്തുക എന്ന സങ്കല്പത്തിനു വിരുദ്ധമാണ് കിണറിന്റെ നിര്‍മ്മാണാശയം. പരിഷ്കാരങ്ങള്‍ തൊടാനാവാതെയും വളര്‍ച്ച കീഴ്പോട്ടാക്കിയും നിലകൊള്ളുന്ന കീഴാളജീവിതത്തിന്റെ പശ്ചാത്തലവും സൂചകവുമാണ് കിണര്‍. ഉള്‍ലില്‍ ജലത്തെ വഹിക്കുന്നതു കൊണ്ട് അഭയസ്ഥാനവും നിഗൂഢസ്ഥലിയും ആണ്. (ആദ്യത്തേതിന് പൊട്ടക്കിണറില്‍ പാളയിട്ട മാതംഗിയുടെ ‘ചണ്ഡാലഭിക്ഷുകി’യും രണ്ടാമത്തേതിന്, തന്നെ വിളിച്ച പ്രപഞ്ചപൊരുളിനു നേരെ ജലത്തിന്റെ വില്ലീസു പടുതകള്‍ വകഞ്ഞുമാറി യാത്രയായ മുങ്ങാംകോഴിയുടെ ‘ഖസാക്കിന്റെ ഇതിഹാസവും’ സാക്ഷ്യം നില്‍ക്കും.) കിണര്‍, കുടം, ജലം തുടങ്ങിയ സങ്കേതങ്ങള്‍ക്ക് ഗര്‍ഭവുമായും ചാര്‍ച്ചയുണ്ട്. സര്‍ഗാത്മകഭാവനയില്‍ ദുരൂഹമായ പ്രപഞ്ചരഹസ്യങ്ങള്‍ കിണര്‍ ഉള്‍വഹിക്കുന്നതായി ചിത്രീകരിക്കപ്പെടുന്നതില്‍ ഈ ബന്ധമാണുള്ളത്. അമ്മയുടെ വയറ്റിലേയ്ക്കുള്ള മടക്കമാണ് മരണം. സുരക്ഷിതമായ സങ്കേതത്തിനുവേണ്ടിയുള്ള അബോധപ്രേരണ. ഇതെല്ലാം കൂടിയാണ് പീഡിതമായ ജീവിതാവസ്ഥയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ചിത്രത്തിലേയ്ക്ക് കുത്തിയൊലിച്ചു വരുന്നത്. താഴേയ്ക്കും ഉള്ളിലേയ്ക്കും പോകുന്നത് എന്ന അര്‍ത്ഥത്തില്‍ കിണര്‍ ഭൂതകാലം കൂടിയാണ്. പൈപ്പുകളുടെ ആധുനിക കാലത്ത് കിണറിലേയ്ക്കുള്ള നോട്ടം, ഒരു തിരിഞ്ഞു നോട്ടമാണ്. അങ്ങനെ കഴിഞ്ഞകാലം ഒരു ജീവിതത്തിനുമേല്‍ പ്രവര്‍ത്തിച്ചതിന്റെ കാഴ്ചയെ സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്ന ഒന്നായി തീരുന്നു അത്. ക്യാമറയുടെ വീക്ഷണക്കോണ്‍ തന്നെ സമാന്തരമല്ലാത്ത ഒരു ചുഴിഞ്ഞുനോട്ടത്തെ സാക്ഷാത്കരിക്കുന്ന മട്ടിലാണ്. താഴേയ്ക്കാണ് ഇവിടെ നോട്ടം. കിണറും കുടവും വെറും യാദൃച്ഛികമായ തെരെഞ്ഞെടുപ്പല്ലെന്നും അതിന്റെ പിന്നില്‍ കാഴ്ചവട്ടങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ടെന്നുമാണ് നാം മനസ്സിലാക്കേണ്ടത്.

ചിത്രം : ‘കുടം’ -ഉന്മേഷ് ദസ്തഖിര്‍
ഉന്മേഷിന്റെ കിണര്‍-കുടം ചിത്രങ്ങള്‍ ഇവിടെയുണ്ട്

August 15, 2008

മുറി - തമിഴ് കവിത



സ്വാതന്ത്ര്യം
എന്നു വിചാരിച്ച്
ഉണര്‍ന്ന്
ചുറ്റും നോക്കുമ്പോള്‍,
ഇരുട്ടു പുതഞ്ഞ്
ആകാശം.
മേല്‍ക്കൂരയില്ല,
ചുവരുകളില്ല,
എല്ലാ ദിശകളിലേയ്ക്കും
വഴികള്‍ !

മുറിയിലല്ല.
സ്വതന്ത്രനാണ്.
മനസ്സ്
ആനന്ദത്താല്‍
തുടിയ്ക്കുകയാണ്.

പടിഞ്ഞാട്ടേയ്ക്കു നടന്നു, ചുവരിലിടിച്ചു
തെക്കോട്ടു നടന്നു, ചുവരിലിടിച്ചു
വടക്കോട്ടു നടന്നു, ചുവരിലിടിച്ചു
കിഴക്കോട്ടു നടന്നു, ചുവരിലിടിച്ചു
ചാടി നോക്കി, മുകളിലിടിച്ചു.

- സി മണി
1936-ല്‍ ജനനം. ഇംഗ്ലീഷ് പ്രൊഫസ്സറായിരുന്നു. മൂന്നു കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ചിത്രം : റിച്ചാര്‍ഡ് ഹാരിസിന്റെ No Freedom

August 11, 2008

വൈകിട്ടെന്താ പരിപാടി?




“മദ്യപാനികളുടെ പ്രാര്‍ത്ഥന അല്ലാഹു ചെവിക്കൊള്ളുകയില്ലെന്ന് ” ഒരിക്കല്‍ മൌലവി ഗാലിബിനെ- മീര്‍സാ അസദുള്ളാ ബേഗ് ഖാന്‍ ‘ഗാലിബിനെ’ - ഉപദേശിച്ചു. “മൌലവീ,” ചിരിച്ചുകൊണ്ട് ഗാലിബ് പറഞ്ഞു, “കുടിക്കാന്‍ മദ്യം ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനു വേണ്ടി മനുഷ്യന്‍ പ്രാര്‍ത്ഥിക്കണം?” ജീവിതത്തെ അനന്തതയ്ക്കു നേരെ തുറന്നു പിടിച്ചു യാചിക്കുന്ന ഒരു കൈക്കുമ്പിളാക്കിയ ഒരു മനുഷ്യന്റെ നര്‍മ്മമായിരുന്നു അത്. മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ലാത്ത ആത്മീയത. സ്വര്‍ഗത്തെ ഗാലിബ് നിരന്തരം വിരട്ടിയിരുന്നു. (‘സ്വര്‍ഗത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് എനിക്കറിയാം, മനസ്സിന് സന്തോഷം നല്‍കാന്‍ ആ ഒരു സങ്കല്പം നല്ലതാണ് ’) നരകത്തെ നോക്കി പുഞ്ചിരിച്ചു. (‘നരകത്തെ സ്വര്‍ഗവുമായി ബന്ധിപ്പിക്കരുതോ ദൈവമേ? ഉല്ലാസയാത്ര പോകാന്‍ അത് അവസരം നല്‍കുമായിരുന്നു’) മനുഷ്യന്റെ അന്തസ്സില്‍ വിശ്വസിച്ചു. (‘ഞങ്ങള്‍ ചെയ്യുന്ന നന്മകള്‍, നീ കാരണമാണ്. അതുകൊണ്ട് പ്രതിഫലം ചോദിക്കുന്നില്ല. തിന്മകള്‍ക്കും കാരണം നീയല്ലേ? പിന്നെ ശിക്ഷിക്കുന്നതെന്തിന്?’) കൊടും യാതനകളുടെ തരിശുകളിലിരുന്ന് സഫലമാകാത്ത പ്രണയവും കവിതയും വീര്യമുള്ള വീഞ്ഞും ചുവന്ന റോസാപ്പൂക്കളുടെ പനിനീരും സമാസമം ചേര്‍ത്ത് ഗാലിബ് ആത്മശൈഥില്യത്തിന്റെ ഗസലുകള്‍ പാടി.

‘ഒരല്പം കൂടി, ഒരു ചുവടിന്റെ വേദനകൂടി സഹിക്കൂ മുറിവുകളേ..” ദുരിതങ്ങള്‍ ചുമന്ന് തളര്‍ന്ന് നീരുപൊന്തിയ വിണ്ടപാദങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു. കവിതയുടെ ഉന്മാദമോ തകര്‍ന്ന ദാമ്പത്യമോ കുട്ടികളുടെ മരണമോ ഭഗ്നമായ പ്രണയങ്ങളോ ദാരിദ്ര്യമോ മാത്രമായിരുന്നില്ല, ഗാലിബിന്റെ ജീവിതത്തെ അറുതിയില്ലാത്ത അലച്ചിലാക്കിയത്. സാമൂഹിക-രാഷ്ടീയാന്തരീക്ഷങ്ങളും അത്രമാത്രം അസ്വസ്ഥമായിരുന്നു. മുഗളപ്രതാപം ഏതാണ്ട് അസ്തമിച്ചു. ബ്രിട്ടീഷ് അധിനിവേശം കോമ്പല്ലുകള്‍ കാട്ടിത്തുടങ്ങി. നാട്ടുരാജാക്കന്മാര്‍ വീരസ്യവും കലഹങ്ങളുമായി ജനജീവിതം ദുരന്തമാക്കി തുടര്‍ന്നു. മതങ്ങള്‍ പുറമ്പൂച്ചുള്ള അനുഷ്ഠാനങ്ങളിലേയ്ക്ക് കൂടുതല്‍ ഉള്‍വലിഞ്ഞു. കലാപങ്ങള്‍, ക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഇടവിട്ടുള്ള ദുരന്തങ്ങള്‍. ഗാലിബ് തന്റെ കാലത്തെ സ്വാംശീകരിക്കുകയായിരുന്നു. മറ്റൊരു തരത്തില്‍. അവിടെ നര്‍മ്മം വിമര്‍ശനമാണ്. പ്രണയം കിനാവാണ്. ലഹരിയ്ക്കുള്ള ദാഹം ആത്മവിസ്മൃതിയ്ക്കുള്ള മരുന്നാണ്. മദ്യപാനം മരണം വരെ ഗാലിബ് ഒഴിവാക്കിയിരുന്നില്ല. അതിനൊരു മറ വേണമെന്ന് അദ്ദേഹത്തിനു തോന്നിയില്ല. ജീവിതത്തിലും കവിതയിലും. മരണത്തിന്റെ മുന്നില്‍ നിന്നു പോലും മദ്യത്തെ കൂട്ടു പിടിച്ചാണ് ഗാലിബ് തമാശ പറഞ്ഞത്. 1857-ലെ ലഹള അടിച്ചമര്‍ത്തിയ ശേഷം ബ്രിട്ടീഷ് പട്ടാളം കേണല്‍ ബേണിന്റെ മുന്നില്‍ ചോദ്യം ചെയ്യാനായി ഗാലിബിനെ കൊണ്ടു വന്നു. തൂക്കുമരം വിധിക്കാനുള്ള വേദി മാത്രമാണ് ചോദ്യം ചെയ്യല്‍ നാടകം.
“നിങ്ങള്‍ മുസല്‍മാനാണോ?”- ബേണ്‍ ചോദിച്ചു.
“പകുതി മുസല്‍മാനാണ് ഹുസൂര്‍.” ഗാലിബ് ശാന്തനായി പറഞ്ഞു. എന്നിട്ടു താന്‍ പറഞ്ഞതിന്റെ പൊരുള്‍ വിശദീകരിച്ചു. “ഞാന്‍ മദ്യം ഉപയോഗിക്കും. പക്ഷേ പന്നിയിറച്ചി കഴിക്കില്ല.”
മരണത്തിന്റെ മുഖത്തു നോക്കി മതത്തെപ്പറ്റി തമാശപറയാന്‍ ഒരു കലാപകാരിയ്ക്കു കഴിയില്ല എന്ന വിധിപ്രസ്താവത്തോടെ ബേണ്‍ ഗാലിബിനെ പോകാന്‍ അനുവദിച്ചു. ‘തൂറിലല്ലായിരുന്നു ദൈവകാന്തിയുടെ കിരണങ്ങള്‍ പതിക്കേണ്ടിയിരുന്നത്‘ എന്ന് അദ്ദേഹം എഴുതി. സീനായി മലയില്‍ വച്ച് മോശയോട് സംസാരിച്ച ദൈവം തന്റെ തേജസ്സിന്റെ അതിലോലമായ ഒരംശം പ്രത്യക്ഷമാക്കിക്കൊടുത്ത ഗിരിശിഖരമാണ് തൂര്‍. മലമുടി തകര്‍ന്ന് ധൂളിയായി പോയി. ‘അതു തന്നിലായിരുന്നു പതിക്കേണ്ടിയിരുന്നത്. കുടിക്കാനുള്ള ശേഷിയ്ക്ക് അനുസരിച്ചാണ് ഓരോരുത്തര്‍ക്കും ഒഴിച്ചുകൊടുക്കേണ്ടത് ’ എന്നു പറഞ്ഞ് അടുത്തവരിയില്‍ യാതനകളിലൂടെ തന്റെ മനസ്സ് ആര്‍ജ്ജിച്ച കരുത്തിനെയും ദൈവചൈതന്യത്തെയും കോഠയിലെ ചഷകങ്ങള്‍ നിരത്തി വച്ച ഒരു പീഠത്തിനുമുകളില്‍ വച്ചു കോര്‍ത്തുകെട്ടി.

“പറുദീസ എനിക്കു പ്രിയങ്കരമാവുന്നത് ഒരു വസ്തുവിനോടുള്ള ഇഷ്ടം കാരണമാണ്.” ഗാലിബ് എഴുതി. “ റോസാപ്പൂ നിറവും കസ്തൂരിയുടെ മണവുമുള്ള മദ്യമല്ലാതെ അത് മറ്റെന്താണ്?” ഉപദേശിയോട് അദ്ദേഹം ചോദിച്ചത് ഇതാണ് : “ നീ വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗത്തിലെ മദ്യത്തിന്റെ ലഹരി എന്തുമാത്രമാണ്?” ഗാലിബിന്റെ കവിത ജീവിതവിരക്തനോട് പറയുന്നു “അല്ലയോ വൈരാഗീ, നീ വീഞ്ഞു പാത്രം എറിഞ്ഞുടയ്ക്കരുത്. അതില്‍ മദ്യമാണുള്ളത്, തേനീച്ചയുടെ വമിതമല്ല.” തന്റെ ചിന്തയ്ക്കും സര്‍ഗ ശക്തിയ്ക്കും തെളിവും മൂര്‍ച്ചയും നല്‍കുന്നത് വീഞ്ഞാണെന്ന ഉറച്ച വിശ്വാസം ഗാലിബിനുണ്ടായിരുന്നു. “പുഷ്പദളങ്ങള്‍ പൊഴിയും പോലെ പദങ്ങള്‍ പ്രവഹിക്കുന്നതു കാണണമെങ്കില്‍ ഒരു കോപ്പ മദ്യം നിങ്ങള്‍ എനിക്കു മുന്‍പില്‍ കൊണ്ടു വയ്ക്കൂ.” എന്നെഴുതാന്‍ അല്ലെങ്കില്‍ പറ്റുമോ? “വളരാനും പടരാനുമുള്ള ഉത്സാഹം മനസ്സില്‍ നിറയ്ക്കുന്നത് മദ്യമാണ്” എന്ന് മറ്റൊരു കവിതയില്‍.
“ചിലര്‍ക്ക് ദാഹം കുറവാണ് സാകി
ചിലര്‍ക്ക് വേണ്ടത്ര ലഭിക്കുന്നില്ല”
കോഠയിലെ മദ്യം വിളമ്പുന്ന കൂട്ടുകാരിയെ നോക്കി ഗാലിബ് പ്രണയ പരവശനായി. ‘കൈകള്‍ മരവിച്ചെങ്കിലും കാഴ്ചയ്ക്ക് ഒരു കുഴപ്പവുമില്ല. മദ്യവും പാത്രവും എന്റെ മുന്നില്‍ തന്നെയിരിക്കട്ടേ.’ “നീ മദിരയുടെ കടലാണ്. ഞാന്‍ അടങ്ങാത്ത ദാഹത്തില്‍ ഉഴറുന്ന തീരവും.” ‘ദാഹിച്ചു മരിച്ചവരുടെ വരണ്ടുപൊട്ടിയ അധരമാണു ഞാന്‍’ (ലബ് എ ഖുശ്‌ക് ദര്‍ തശ്‌നഗി മുര്‍ദഗാന്‍ കാ) എന്ന് വേറൊരു കവിതയിലുണ്ട്. പ്രതീക്ഷകള്‍ ഗാലിബില്‍ വിടരുന്നത്, തുറക്കുന്ന ഒരു മദ്യശാലയായാണ്. ‘ഹൃദയഹര്‍ഷങ്ങളുടെ നിഗൂഢമായ ലോകം കണ്ണീര്‍ പ്രളയത്തിനപ്പുറത്തുണ്ട്. നദിയുടെ അങ്ങേക്കരയില്‍ എനിക്കായി തുറന്ന ഒരു മദ്യശാല പോലെ.’ ‘മുന്തിരിത്തോപ്പിന്റെ തണലില്‍, വീഞ്ഞിന്റെ അലയായി കാറ്റു പോലും മാറുമ്പോള്‍ തോട്ടക്കാരന്‍ ഉന്മത്തനായതെന്തുകൊണ്ടെന്ന് പ്രത്യേകിച്ചു പറയണമോ? “അന്തരീക്ഷത്തിലെങ്ങും മദ്യത്തിന്റെ പ്രഭാവമാണ്. (ഹൈ, ഹവാ മെ ശരാബ് കി താസീര്‍) ശ്വസിക്കുന്നത്, കുടിക്കുന്നതിനു തുല്യമാണ്.” ഗാലിബ് അന്വേഷിച്ചത് ‘വീഞ്ഞിന്റെ ലഹരി സചേതനമാക്കിയ പുലരാത്ത രാവുകളെയാണ്’ (വോ ബാദ എ ശബാന കി സര്‍മസ്തിയാന്‍ കഹാം!) അവകളെവിടെ?
ഗാലിബ് ഛുട്ടീ ശരാബ് -
ഗാലിബ് കുടി നിര്‍ത്തി.
പര്‍ അബ് ഭീ കഭീ കഭീ പീതാ ഹും രോസ് -
എങ്കിലും രുചിക്കാറുണ്ട്.
തോരാത്ത മഴ രാവാക്കിയ പകലുകളില്‍,
നിറനിലാവ് പകലാക്കിയ രാവുകളില്‍. ”
പേര്‍ഷ്യന്‍ കാവ്യപാരമ്പര്യത്തിലെ നുരയുന്ന ജീവിതാസക്തിയല്ല ഇവിടെ മദ്യം. അതൊരു പ്രതീക്ഷയും സാദ്ധ്യതയുമൊക്കെയാണ്. വീഞ്ഞു് രൂപകങ്ങളുടെ ഉടയാടകള്‍ ഉരിഞ്ഞെറിഞ്ഞ വീഞ്ഞു മാത്രവുമാണ്. ഗാലിബിന്റെ കവിതയില്‍ അത് തന്റെ വഴക്കമാര്‍ന്ന ശരീരവും പ്രവചനാതീതമായ വീര്യവും കൊണ്ട് എങ്ങോട്ടും ഒഴുകി. റുഹാനും യുനാനുമായ തടങ്ങളെ നനച്ച്, ആഴത്തില്‍ നീലിച്ച് പിടയ്ക്കുന്ന ഒരു ഞരമ്പിനെ വഹിച്ച്...

തന്റെ മതം മനുഷ്യന്റെ ഏകത്വമാണെന്ന് ഗാലിബ് തുറന്നു പറഞ്ഞിരുന്നു. ആരാധിക്കുന്ന ദൈവം അറിവിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നും. ‘ദൈവത്തെ തേടി ക്ഷീണിച്ചവശരായ ചിലര്‍ പണിഞ്ഞു വച്ചതാണ് ദേവാലയങ്ങള്‍’ എന്ന് ഒരു ശേര്‍. മനസ്സിലെ മതില്‍ക്കെട്ടുകള്‍ പൊളിക്കുന്നതു കൊണ്ടും കൂടിയാണ് മദ്യത്തിന്റെ ലഹരി ഒഴിവാക്കാനാവാത്തതായത്. ലക്ഷ്യത്തിലേയ്ക്കുള്ള ചൂണ്ടുപ്പലകമാത്രമായ മന്ദിരങ്ങളുടെ പ്രസക്തിയെ ഉടച്ച് അദ്ദേഹം അപേക്ഷിക്കുന്നു : ‘സംസമിനരികില്‍ എന്നെ വിട്ടേയ്ക്കുക’, ഇഹ്‌റാം (ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രം) മദ്യക്കറ പുരണ്ടതാകയാല്‍ ക‌അബ പ്രദക്ഷിണം ചെയ്യാനാവില്ല.’ മറ്റൊരിടത്ത് പറയുന്നു, “രാത്രി സംസമിനരികിലിരുന്നു മദ്യപിച്ചു. കാലത്ത് മദ്യക്കറപുരണ്ട ഇഹ്‌റാം വിശുദ്ധജലത്തില്‍ അലക്കിയെടുത്തു.” “കണ്ണിനരികിലായി പുരികമുള്ളതു പോലെ പള്ളിയുടെ തണലില്‍ ഒരു മദ്യശാലയും വേണ്ടതാണ്” എന്ന് പ്രസിദ്ധമായൊരു കാവ്യശകലം.

ഒരിക്കലും സാദ്ധ്യമല്ലാത്ത ഒരു ബന്ധത്തിന്റെ സാദ്ധ്യതയാണ് ഗാലിബ് തേടിയത് എന്നു പറയപ്പെടുന്നു. നിതാന്തമായിരുന്നു, കാലഘട്ടത്തിന്റെ സൃഷ്ടിയായ നിഷ്ഫലതാബോധം. പിന്നെ ആത്മാവിനെ വട്ടം ചുറ്റിപ്പിടിക്കുന്ന ഏകാന്തത. ഗാലിബിന്റെ മദ്യാഭിരതിയ്ക്ക് പൊരുളുകള്‍ ഏറെയാണ്. തനിക്കെന്താണ് മദ്യമെന്ന് അദ്ദേഹത്തിനു നല്ലവണ്ണം തിരിഞ്ഞിരുന്നു. “ഏതു പാപിയ്ക്കാണ് മദ്യപാനം കൊണ്ട് നിര്‍വൃതി ലഭിക്കുന്നത്? ഒരല്പം വിസ്മൃതി, അതു മാത്രമാണ് ഞാന്‍ കൊതിക്കുന്നത്.” പ്രണയനോവിനെ ശമിപ്പിക്കാന്‍ മദ്യത്തിനും സംഗീതത്തിനും കഴിയില്ലെന്ന ഒരു നിമിഷാര്‍ദ്ധത്തിലെ മനസ്സു തുറപ്പ് മറ്റൊരു കവിതയിലുണ്ട്. വരികള്‍ക്കിടയില്‍ ചിലപ്പോള്‍ ജീവിക്കാനുള്ള ആശ പോലും ബാക്കിയാവാതെ (ഹം കൊ ജീനെ കെ ഭി ഉമ്മീദ് നഹീ) നൈരാശ്യം ചുഴലുന്നതു കാണാം. ‘എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായി ഗാലിബ്, മരണം മാത്രമാണ് ഇനി ബാക്കിയുള്ളത്.’ ‘ന ജാനേ നേക്ക് ഹും യാ ബദ് ഹും, പര്‍ സൊഹ്‌ബത് മുഖാ ലിഫ് ഹൈ’ എന്നും (നല്ലവനാണോ കെട്ടവനാണോ എന്നറിയില്ല. എന്നും പ്രതികൂല സാഹചര്യങ്ങളില്‍ കഴിയാനായിരുന്നു വിധി) ഹസര്‍ കരോ മിരെ ദിത്സെ, കി ഇസ്മെ ആഗ് ദബി ഹൈ ( ചികയല്ലേ നീ എന്റെ ഹൃദയം, അതില്‍ കനലുകള്‍ ചാരം മൂടി കിടപ്പുണ്ട്) എന്നും എഴുതുമ്പോള്‍ പൊള്ളന്‍ വീര്‍ത്ത പാദങ്ങള്‍ നടന്ന വഴികളുടെ നീറ്റം വരികളിലുണ്ട്. അതുകൊണ്ട്, ‘ഹം നെ ചാഹാ മര്‍ജായെ, സൊ വൊ ഭി ന ഹുവാ‘ (മരണം മാത്രമാണ് കൊതിച്ചത്, അതു പോലും നിഷേധിക്കപ്പെട്ടു) എന്നത് വെറും വാക്കല്ല. ‘ഏതു ദുരന്തം എനിക്കുമേല്‍ പതിക്കാനാണ് ഈ രാത്രി ഇത്ര ഇരുണ്ടിരിക്കുന്നതെന്ന്‘ ആശങ്കപ്പെടുന്ന ഒരു മനസ്സാണ് മദ്യത്തില്‍ അഭയം തേടിയത്. അതും അറുതിയില്ലാത്ത കുറ്റബോധത്തോടെ. പിന്നെന്തു ചെയ്യും?
അനുക്ഷണം മൂര്‍ച്ചകൂടി വരുന്ന ബോധത്തിന്റെ ചൂണ്ടു വിരലില്‍ നിന്നു രക്ഷപ്പെടാന്‍ മദ്യത്തേക്കാള്‍ നല്ല മാര്‍ഗമെന്താണ്?

ഒറ്റയ്ക്കാണെങ്കില്‍ മാത്രം കേള്‍ക്കാന്‍ ഗാലിബിന്റെ ഒരു ഗസല്‍. ഒറ്റയ്ക്കാണെങ്കില്‍ മാത്രം. ഷഹബാസ് അമന്‍ പാടിയത്. സോള്‍ ഓഫ് അനാമികയില്‍ നിന്നും.

(2) Rahiye-Mirza.mp3

രഹിയേ അബ് ഐസീ ജഗഹ് ചല്‍കര്‍, ജഹാം കോയി ന ഹോ
ഹംസുഖന്‍ കോയി ന ഹോ ഔര്‍ ഹംസുബാന്‍ കോയി നഹോ

ബേദര്‍ ഒ ദീവാര്‍ സാ ഇക് ഘര്‍ ബനായാ ചാഹിയെ
കോയി ഹംസായ നഹോ ഔര്‍ പാസ്‌ബാന്‍ കോയി ന ഹോ

പഡിയെ ഗര്‍ ബീമാര്‍ തൊ കോയി ന ഹോ ബീമാര്‍ദാര്‍
ഔര്‍ അഗര്‍ മര്‍ ജായിയെ, തൊ നൌഹഖാന്‍ കോയി ന ഹോ


“പേരറിയാത്ത ഒരു ദേശത്തെ ഏകാന്ത തീരത്ത്
പോയി വസിക്കണം.
എന്റ ഭാഷ ആരും അറിയാത്തൊരിടത്ത്
ആരും മിണ്ടാനില്ലാത്ത ഒരിടത്ത്.

അവിടെ ഒരു മാടം പണിയണം
അതിനു വേലിയും വാതിലും വേണ്ട
അയല്‍ക്കാര്‍ ആരും വേണ്ട
വഴിയില്‍ തടയുവാന്‍ കാവല്‍ക്കാരുമുണ്ടാവില്ല

രോഗിയായി കിടപ്പിലായാല്‍
ആരും ഉണ്ടാവില്ല, പരിചരിക്കാന്‍
മരണത്തിന്റെ വിളി കേട്ട് നടയിറങ്ങുമ്പോള്‍
കണ്ണീരൊഴുക്കുവാനും ആരും ഉണ്ടാവില്ല

പുസ്തകം :
മീര്‍സാ ഗാലിബ് -കവിതയും ജീവിതവും
കെ പി എ സമദ്

വരികള്‍ എടുത്തെഴുതിയപ്പോള്‍ കുറെ തന്നിഷ്ടങ്ങള്‍ എടുത്തിട്ടുണ്ട്. ഓരോരുത്തരും അവരവരുടെ കവിതയാണല്ലോ പാടുന്നത് !

പിന്‍കുറിപ്പ് :
അല്‍ക്വയറിലെ ഹോളിഡേ ഇന്നില്‍ ഒരാളിന്റെ മാത്രം ചുമതലയില്‍ ഒരു ചെറിയ ബാറുണ്ട്. മാനേജറും ബെയറ റും സാമി എന്നു പേരുള്ള ഒരു ഈജിപ്ഷ്യനാണ്‌‍‍. അടങ്ങിരിക്കാത്ത കുരുവിയെപ്പോലെ ചടുല താളങ്ങളുള്ള മനുഷ്യന്‍. സര്‍വീസ് പരിഗണിച്ച് ഹോട്ടല്‍ അദ്ദേഹത്തിന് ഉയര്‍ന്ന ഉദ്യോഗം നല്‍കാമെന്നു പറഞ്ഞിട്ടും തനിക്കീ ജോലി തന്നെ മതിയെന്നു തുടരുന്ന ഒരൊറ്റയാന്‍.ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണമായും സ്വയം സമര്‍പ്പിക്കുന്നതെങ്ങനെ എന്ന് കണ്ടു ഞാന്‍ അന്തിച്ചു പോയിട്ടുണ്ട്. അത് ഒരു സംസ്കൃതിയുടെ ഇങ്ങേയറ്റമാണെന്ന് പറഞ്ഞു തന്നത് ഗഫൂറിക്കയും. ഗസലിന്റെ രുചിയും പഞ്ചാരയിടാത്ത കാപ്പിയുടെ വീര്യവും ഷഹബാസിന്റെയും ബാബുക്കയുടെയും പാട്ടുകളും മദ്യത്തിനൊപ്പം ലഹരിയുള്ളതാണെന്ന് തിരിച്ചറിഞ്ഞ ആ വെള്ളിയാഴ്ചകള്‍ക്ക്...
“മരണശേഷവും എന്റെ പാദങ്ങള്‍ ശവക്കച്ചയ്ക്കകത്തു കിടന്ന് പിടയ്ക്കുകയാണ്....”

August 7, 2008

എക്സ് എക്സ് വൈ


തിരുവനന്തപുരത്തെ പന്ത്രണ്ടാം തരം വരെയുള്ള 117 സര്‍ക്കാര്‍ -എയിഡഡ് വിദ്യാലയങ്ങളില്‍ 14 എണ്ണം പെണ്മാത്ര സ്ഥാപനങ്ങളാണ്. പെണ്‍‌കുട്ടികളെ മാത്രം പഠിപ്പിക്കുന്നവ. അണ്‍-എയിഡഡുകളെ പ്രോത്സാഹിപ്പിക്കുക സര്‍ക്കാരീന്റെ ‘പ്രഖ്യാപിതനയ’മല്ലാത്തതിനാല്‍ ഔദ്യോഗികവിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും (അദ്ധ്യാപകരുടെയും) കുട്ടികള്‍ പഠിക്കുന്ന ചില സ്കൂളുകളൊന്നും ഉള്‍പ്പെടില്ല. അക്കൂട്ടത്തിലാണ് പക്ഷേ അനന്തപുരിയിലെ ഏ വണ്‍ സ്കൂളുകളില്‍ ചിലതൊക്കെ വരിക. (പരീക്ഷയെഴുതിയ എല്ലാവര്‍ക്കും ഏ പ്ലസ്!) ഹോളി ഏഞ്ചത്സ്, കാര്‍മ്മല്‍, നിര്‍മ്മലാഭവന്‍, സെന്റ്. തെരേസാസ്, സെന്റ്. ക്രിസോസ്റ്റോംസ്, ............അവയെയും കൂട്ടിച്ചേര്‍ക്കുക. മൊത്തത്തില്‍ പെണ്‍പള്ളിക്കൂടങ്ങളെക്കുറിച്ച് ഓര്‍ത്താല്‍ അദ്ഭുതമാണ്. വഴക്കില്ല. സമരമില്ല. പ്രതിഷേധങ്ങളില്ല. ആണ്മാത്രങ്ങളോ മിശ്രങ്ങളോ ആയ വിദ്യാലയങ്ങള്‍ക്കുള്ള ഒരു ദോഷവും തൊട്ടു തീണ്ടാത്ത ആഢ്യത്തം അവയ്ക്കുണ്ട്. ഒപ്പം വഴക്കവും. പഠിപ്പിക്കുന്നത് ഏറിയകൂറും അദ്ധ്യാപികമാര്‍. ആ വഴിയ്ക്കും മാതാപിതാക്കള്‍ക്ക് സമാശ്വാസമുണ്ട്. ഏറെക്കുറേ സമാനമായി, വലിയ ഗേറ്റുകളും കല്‍മ്മതിലുകളുമുള്ളതിനാല്‍ സുരക്ഷിതത്വഭീഷണിയുമില്ല. ചുമ്മാതാണോ, സര്‍ക്കാരിന്റെ വിദ്യാഭ്യാസ-അനുബന്ധ പ്രചരണപരിപാടികള്‍ മുഴുവന്‍ അരങ്ങേറുന്നത് പെണ്‍പള്ളിക്കൂടങ്ങളിലാവുന്നത്. വനമഹോത്സവം, വൃക്ഷതൈകള്‍ വിതരണം, മണ്ണെഴുത്ത്, മഴയുത്സവം, വായനാദിനം...വീട്ടിലായാലും പുറത്തായാലും സഹനം പെണ്‍‌കുട്ടികള്‍ കിണഞ്ഞു പരിശീലിക്കേണ്ട സദ്ഗുണമാണല്ലോ. എത്ര മണിക്കൂര്‍ വേണമെങ്കിലും കാര്യകാരണബന്ധമില്ലാത്ത വാക്കുകളുടെ ബലപ്രയോഗങ്ങള്‍ പാവങ്ങള്‍ ചുളിവില്ലാത്ത മുഖത്തോടെ സഹിച്ചുകൊണ്ടിരുന്നോളും. അതു കഴിഞ്ഞ്, തുടര്‍വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആശങ്കവേണ്ട. വിമണ്‍സ്, ആള്‍ സൈന്‍സ്, കരമന എന്‍ എസ് എസ്..അങ്ങനെ ബിരുദബിരുദാനന്തര കാര്യങ്ങളും സ്ത്രീമാത്രലോകത്തില്‍ തുടരാനുള്ള സൌകര്യവും നഗരത്തിലുണ്ട്. ( ജില്ലയുടെ കാര്യം മാത്രം പറഞ്ഞത് ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇതു തന്നെയാണ് പൊതുവേയുള്ള സ്ഥിതി എന്നുള്ളതുകൊണ്ടാണ്)

ആറ് ആണ്‍പള്ളിക്കൂടങ്ങളും നഗരത്തിലുണ്ട്. പതുക്കെ പല ബോയ്സ് സ്കൂളുകളും മിശ്രത്തിലേയ്ക്ക് ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും പെണ്‍‌പള്ളിക്കൂടങ്ങളെ നാം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ ചില സദാചാരമൂല്യങ്ങളുടെ ഗൃഹാതുരമായ തരളിമയോടെ സംരക്ഷിച്ചു വരികയാണ്. ബഹുഭൂരിപക്ഷം വരുന്ന ആണുങ്ങളില്‍ നിന്നകറ്റി മതിലുകെട്ടിയും വലിയ പൂട്ടിട്ടു പൂട്ടിയും നാം സംരക്ഷിച്ചു കൊണ്ടുവരുന്ന ഈ 'ലോലമായ'മനസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നാം പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുന്ന സാമൂഹിക പാഠം എന്താണ്? സമൂഹത്തില്‍ ഇടപെടാനുള്ള ഉപകരണങ്ങള്‍ ബലപ്പെടുത്തുകയാണ് ക്ലാസ്‌മുറികള് (എന്നാണ് വയ്പ്പ് !). സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി തടവ് തീര്‍ക്കാനേ ചാരിത്ര്യസംരക്ഷണത്തിന്റെ ഈ ബൃഹദാകാരങ്ങള്‍ ഉപകരിക്കുകയുള്ളൂ. ഇത് നാം അബോധത്തില്‍ താലോലിക്കുന്ന വാസ്തവം. ആണ്‍-പെണ്‍ വിവേചനത്തിന്റെ മൂര്‍ത്ത രൂപങ്ങളാണ് പെണ്‍ സ്കൂളുകള്‍. ആണും പെണ്ണും ഇടപഴകുന്നത് സദാചാരവിരുദ്ധമായ കാര്യമാകുന്നത് ലൈംഗികമായല്ലാതെ അതിനെക്കുറിച്ചു ചിന്തിക്കാന്‍ നമുക്കു കഴിയുന്നില്ല എന്നിടത്താണ്. സമൂഹത്തിന്റെ തുല്യപ്രാധാന്യം അര്‍ഹിക്കുന്ന, ജീവിതത്തോടു പൊരുത്തപ്പെടാന്‍ ഒരു പോലെ പാടു പെടുന്ന രണ്ടു വശങ്ങള്‍ ഒരിക്കലും പരസ്പരം അഭിമുഖീകരിക്കാതെ, ഊതിവീര്‍പ്പിച്ച ഭാവനയിലും ഭ്രമാത്മകതയിലും പുലരുകയാണിവിടെ. ഒരു പാട് തെളിവുകളുണ്ട്. പെണ്‍ പള്ളിക്കൂടങ്ങളുടെ കാര്യം പോട്ടെ, ആണും പെണ്ണും ഒന്നിച്ചു പഠിക്കുന്ന സ്കൂളുകളിലെ നിയമങ്ങള്‍ മുതിര്‍ന്ന സമൂഹത്തിന്റെ ലൈംഗികപേടിയെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. പെണ്‍‌കുട്ടികള്‍ പോയിക്കഴിഞ്ഞ് 10 മിനിട്ട് കഴിഞ്ഞു വേണം ആണുങ്ങള്‍ പുറത്തിറങ്ങാന്‍. ഉച്ചയ്ക്ക് വെവ്വേറെ ക്ലാസുകളിലാണിരിക്കേണ്ടത്. അദ്ധ്യാപകന്‍ വന്നതിനു ശേഷം ഒന്നിച്ചു ക്ലാസില്‍ കയറാം. ഉച്ചയ്ക്കുള്ള ഇടവേള സമയങ്ങള്‍ ഇടപഴകാനുള്ള അവസരം കാര്യമായി കൂട്ടുമെന്നതിനാല്‍. അത് അരമണിക്കൂറായി കുറച്ച സ്കൂളുകളും കുറവല്ല. (നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം ! ടീച്ചര്‍മാര്‍ക്ക് നേരത്തേ വീട്ടിലെത്താനും പറ്റും.) കൌമാരപ്രണയം എന്ന അതിഭീകരമായ വിപത്ത് പിണയാതിരിക്കാന്‍ വേണ്ടിയാണ് പി ടി എ എന്ന മാതാപിതാക്കളുടെ സംഘടനയുടെ ഒത്താശയോടെ ഈ കാട്ടിക്കൂട്ടലുകളെല്ലാം. ടെക്സ്റ്റിലെ വരികള്‍ക്ക് അടിവരയിടുക, കാണാതെ പഠിക്കുക, ഇമ്പോസിഷന്‍ എഴുതുക എന്നിവയ്ക്കൊപ്പം ഇപ്പോള്‍ അശ്ലീല സി ഡി വേട്ടയും സ്കൂളുകളില്‍ വ്യാപകമാണ്. ലൈംഗികപട്ടിണിക്കാരായ മദ്ധ്യവയസ്കരുടെ മാനസിക രോഗങ്ങള്‍ ഏതെല്ലാം നിലയില്‍ മൂര്‍ച്ചിച്ചിരിക്കുകയാണെന്നു കാണാന്‍ സ്കൂളുകളില്‍ ഒരു ദിവസം ചെലവഴിച്ചാല്‍ മതി. ഈ നിലയ്ക്കാണ് പെണ്മക്കളെ ശരിയായ ലൈംഗികാവയവം മാത്രമാക്കി വാര്‍ത്തെടുത്ത് നാം പൊതിഞ്ഞു കെട്ടി നടക്കുന്നത്. (ആണ്‍കുട്ടികളെയും! ഒന്നിനെ സംരക്ഷിച്ചു സംരക്ഷിച്ചു നിഷ്ക്രിയമാക്കിക്കൊണ്ട്, മറ്റേതിനെ ചെത്തികൂര്‍മ്പിച്ച് അതായി മാത്രം നിലനിര്‍ത്തിക്കൊണ്ട്.) ദാമ്പത്യം എന്നൊന്ന് കേരളത്തില്‍ ഇല്ലാതാവുന്നത് ഇതൊക്കെ കൊണ്ടാണ്. (പക്ഷേ അതു പുറത്തു പറയാന്‍ കൊള്ളാമോ സാര്‍ !)

ഇതല്ലേ ശരിയായ പീഡനം? ഒന്നു തോണ്ടുന്നതോ തെറി പറയുന്നതോ ആണ് അതെന്നു എന്നു ധരിച്ചു വശായിട്ടുണ്ട് നമ്മള്‍. ലൈംഗികകാര്യത്തില്‍ സദാ ജാകരൂകരായിരിക്കുന്ന സമൂഹത്തിന്റെ കണ്ണില്‍ നിന്ന് തെറ്റി ഒരു തോണ്ടലെങ്കില്‍ അത്, എന്ന മട്ടിലാണ് ആണ്‍ക്കോയ്മകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതിഞ്ഞുകെട്ടിവച്ചവയെ അഴിച്ചുനോക്കാനുള്ള വെമ്പലാണ് കൌമാരപ്രായക്കാരികളെ തന്നെ തെരഞ്ഞു പിടിച്ചു തുലച്ച (തുലച്ചുകൊണ്ടിരിക്കുന്ന) ആര്‍ത്തിയ്ക്കുള്ളതെന്ന് നമുക്ക് മനസ്സിലായിട്ടില്ല. ലൈംഗികമായ ഇച്ഛാഭംഗത്തിന്റെ ഫിക്സേഷന്‍ എവിടെവച്ച്, ഏതുപ്രായത്തിലാണ് സംഭവിച്ചിരിക്കുന്നു എന്നാണ് കാലികമായ ക്രൂരതകള്‍ കാണിച്ചു തരുന്നത്. മലയാളികളുടെ സാമൂഹികമനസ്സിന്റെ വില്ലത്തരങ്ങള്‍ പാകപ്പെടുത്തിയ അന്തരീക്ഷം പശ്ചാത്തലത്തില്‍ നിലനില്‍പ്പുണ്ട്. അവിടേയ്ക്ക് നാം കണ്ണയയ്ക്കാറില്ലെന്നു മാത്രം. സമൂഹത്തില്‍ തിടം വച്ചു വളരുന്ന ഏതു പ്രതിലോമതകളുടെയും വേരു ചികഞ്ഞു ചെല്ലാന്‍ പറ്റിയ ഇടം നമ്മുടെ സ്കൂളുകളാണ്. ബോധനോദ്ദേശ്യങ്ങള്‍ പ്രശ്നാധിഷ്ഠിതമായിട്ടും കേരളം നേരിടുന്ന കാതലായ പ്രശ്നത്തെ, ആണ്‍-പെണ്‍ ബന്ധത്തെ പുനര്‍ നിര്‍വചിക്കാനോ പുതിക്കിപ്പണിയാനോ ഉള്ള ശ്രമം ആശയതലത്തിലോ പ്രവര്‍ത്തനനിലയിലോ ഒന്നു പരീക്ഷിച്ചു നോക്കാന്‍ കൂടി നാം സജ്ജരായിട്ടില്ല. ചില പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല എന്നു പറഞ്ഞുകൂടാ. കഴിഞ്ഞ വര്‍ഷം സ്കൂള്‍ രജിസ്റ്ററുകളില്‍ ആണ്‍‌കുട്ടികളെയും പെണ്‍‌കുട്ടികളെയും വേര്‍തിരിച്ചെഴുതുന്ന സമ്പ്രദായം നിര്‍ത്തല്‍ ചെയ്ത് ഇണ്ടാസിറങ്ങി. അതില്‍ ദൈവദോഷം വല്ലതുമുണ്ടോ? കൌമാരവിദ്യാഭ്യാസം ഇപ്പോഴും പുരപ്പുറത്താണ്. തര്‍ക്കം തീര്‍ന്ന് അതെന്ന് താഴെയിറങ്ങുമെന്നോ ഇറങ്ങിയാല്‍ തന്നെ അതുമായി ആരു ക്ലാസ്സില്‍ കയറുമെന്നോ അറിവായിട്ടില്ല.

ചുരുക്കത്തില്‍ ആണ്‍ പെണ്‍ യാഥാര്‍ത്ഥ്യങ്ങളെ കൂട്ടിതൊടുവിക്കാതെ ഭാവനയുടെ ബലൂണില്‍ കയറി ആകാശയാത്ര ചെയ്തുകൊള്ളാനാണ് കേരളത്തിലെ തലമുറകളുടെ വിധി. അതിനി വലിയമാറ്റമൊന്നുമില്ലാതെ തുടരും. ആണായിരിക്കുക എന്നതുപോലെ പെണ്ണായിരിക്കുക എന്നതും ഒരു ഭ്രമകല്‍പ്പനയുടെ ഭാഗമാണ് ഇവിടെ. അതിനൊത്തു ചുവടുകള്‍ വച്ചാണ് ഓരോരുത്തരും ഘോഷയാത്രയില്‍ ഭാഗഭാക്കാവുന്നത്. അപ്പോള്‍ യഥാര്‍ത്ഥ ലിംഗപ്രതിസന്ധി ഇരട്ടവാലനോ, മലയാളിയ്ക്കോ?

August 1, 2008

ഉറങ്ങാന്‍ കിടന്നാല്‍...




സല്‍മാന്‍ റഷ്ദിയുടെ പുതിയ കഥയില്‍ (The Shelter of the World) ജോധ്പൂരിലെ രാജാവിന്റെ മകള്‍ ജോധാഭായി അക്‍ബറിന്റെ സദസ്സിലെ വിദേശിസന്ദര്‍ശകരെക്കുറിച്ചു പറയുന്ന ഒരു വാക്യം ഇങ്ങനെയാണ് : “ നമ്മള്‍ അവരുടെ സ്വപ്നമാണ്, അവര്‍ നമ്മുടെ സ്വപ്നങ്ങളും.“ നൂലുപൊട്ടിയ ഒരു സ്വപ്നത്തിന്റെ വാലില്‍ തൂങ്ങി, ലോകം മുഴുവന്‍ അലയുകയും ഒടുവില്‍ തനിക്കുവേണ്ടത് വീണ്ടെടുക്കാന്‍ വീട്ടുമുറ്റത്തേയ്ക്കു മടങ്ങുകയും ചെയ്യുന്ന പ്രവാസികളുടെ ചിരന്തനമായ പൊറുതിയില്ലായ്മ എന്ന അവസ്ഥയ്ക്കപ്പുറം കഥയില്‍ ഈ വാക്യത്തിന് മറ്റൊരു തലമുണ്ട്. പക്ഷേ അതിനു വസ്തു യാഥാര്‍ത്ഥ്യവുമായല്ല, നീക്കുപോക്ക്. ഒരു തരം അതിഭൌതികത. അതീതയാഥാര്‍ത്ഥ്യം. അതിങ്ങനെയാണ്. നമ്മളെല്ലാം, എന്നുവച്ചാല്‍ ഈ പ്രകൃതിയിലെ സകലതും, പരസ്പരാശ്രിതമായ സ്വപ്നങ്ങളുടെ അവശേഷിപ്പുകളാണ്. ആരൊക്കെയോ കണ്ടു കഴിഞ്ഞ, കണ്ടുകൊണ്ടിരിക്കുന്ന, കാണാന്‍ പോകുന്ന സ്വപ്നങ്ങള്‍ ! ഒരു വൈകുന്നേരം റാണിയോടൊപ്പമിരുന്ന് ഗഞ്ചിഫാ കാര്‍ഡ് കളിക്കുന്നതിനിടയില്‍ അക്‍ബര്‍ അതിനു മറുപടി പറഞ്ഞു. “പക്ഷേ സങ്കല്‍പ്പിച്ചു നോക്കൂ, ജോധാ, നമുക്ക് മറ്റൊരാളുടെ സ്വപ്നങ്ങളില്‍ ഉണരാനും അവയെ മാറ്റാനും കഴിഞ്ഞാല്‍, നമ്മുടെ സ്വപ്നങ്ങളിലേയ്ക്ക് അവരെ ക്ഷണിക്കാനുള്ള ധൈര്യമുണ്ടായാല്.... ലോകം മുഴുവന്‍ ഒന്നിച്ചുണരാവുന്ന ഒരു സ്വപ്നമായിരുന്നെങ്കില്‍..”

പഴയൊരു ചോദ്യമില്ലേ, ‘ഞാന്‍ ആരുടെ തോന്നലാണെന്ന്..’ അല്പം കൂടി മുന്നോട്ട് നീങ്ങി നിന്ന് ചോദിക്കാവുന്ന ചോദ്യമാണ് ‘ആരു കാണുന്ന സ്വപ്നമാണ് താന്‍’ എന്ന്. എവിടെയോ ഒരാള്‍ കണ്ണൂ തിരുമി എഴുന്നേല്‍ക്കുമ്പോഴേയ്ക്കും തീര്‍ന്നു പോകുന്ന ഒരു സ്വപ്നമാണ് താന് ‍( പിന്നെ ഈ പശ്ചാത്തലവും!) എന്നാലോചിക്കുന്നത് അല്പം പാടാണ്. ഒരല്പം ആശയവാദവും ഭൌതിക വിരുദ്ധതയും രക്തത്തില്‍ വേണം. ജൂലിയോ കോര്‍ത്തസറുടെ ഒരു കഥയില്‍ (The Night Face Up) മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോകുന്ന ഒരു മനുഷ്യന്‍ തീരെ ശ്രദ്ധയില്ലാതെ വഴിനടക്കുകയായിരുന്ന ഒരു സ്ത്രീയെ വണ്ടി വെട്ടിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായ അപകടത്തില്‍പ്പെട്ടു. ആകെ മുറിവേറ്റ് ആശുപത്രില്‍ കിടക്കുന്ന അയാളുടെ ബോധാബോധങ്ങളില്‍ പെട്ടെന്ന് ഒരു സ്വപ്നം നിറയുന്നു. വളരെ മുന്‍പ്, ഒരു പക്ഷേ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, കാട്ടില്‍ നടന്നിരിക്കാവുന്ന ഭീതിദമായ ഒരു നരവേട്ടയുടെ സ്വപ്നം. കൂട്ട നരബലിനടത്താന്‍ വേട്ടയാടുന്ന ആസ്ടെക് നായാട്ടുകാരുടെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ കിതച്ചുകൊണ്ടോടുന്ന റെഡ് ഇന്ത്യന്‍ യുവാവിനെയാണയാള്‍ കാണുന്നത്. അത് അയാള്‍ തന്നെയാണ്. വേട്ടക്കാരുടെ കൈയില്‍പ്പെട്ട് കയ്യും കാലും വരിഞ്ഞു കെട്ടിയ നിലയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുന്ന നിസ്സാരമായ ഇടവേളകളില്‍ ആ പഴയ ഇന്ത്യന്‍ യുവാവ് താന്‍ മുരളുന്ന, ചിറകില്ലാതെ പറക്കുന്ന ഒരു യന്ത്രവണ്ടിന്റെ പുറത്തു സവാരി ചെയ്യുന്നത് സ്വപ്നം കാണുന്നു. ഫ്രാക്ച്ചറുകളുമായി കൈയ്യും കാലും അനക്കാനാവാതെ ആശുപത്രിയില്‍ കിടക്കുന്ന അതേ അവസ്ഥയിലാണ് ഒരു കമ്പില്‍ കെട്ടിവച്ച പഴയ ഇന്ത്യന്റെയും നില. രണ്ടുപേര്‍ക്കും ദാഹിക്കുന്നുണ്ട്. വിയര്‍ക്കുന്നുണ്ട്. കിതപ്പുണ്ട്. കാഴ്ചകള്‍ ഏറെക്കുറെ തുല്യമാവുന്നുണ്ട്. അനുഭവങ്ങള്‍ ഒന്നാവുന്നുണ്ട്. വിചിത്രമായ മണങ്ങള്‍ അവര്‍ അനുഭവിക്കുന്നുണ്ട്, (ഒരാള്‍ ഗുഹയിലെയും മറ്റേയാള്‍ ആശുപത്രിയിലെയും) ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഒരാള്‍ തന്നെയാണ് മറ്റേയാള്‍. ഒരാളുടെ സ്വപ്നമായിരുന്നു മറ്റേയാളിന്റെ ജീവിതം. ആസ്ടെക് പുരോഹിതന്റെ കല്ലുകൊണ്ടു നിര്‍മ്മിച്ച കത്തിയ്ക്കു താഴെ വിറങ്ങലിച്ചു കിടക്കുന്നവന്‍ കാണുന്ന സ്വപ്നമാണ് ശസ്ത്രക്രിയമേശമേല്‍ ആധുനിക ഉപകരണങ്ങള്‍ക്കു കീഴെ ചലനരഹിതനായി കിടക്കുന്നവന്‍. അല്ലെങ്കില്‍ തിരിച്ച്. ഉണരാനാവാത്തെ രണ്ടു സ്വപ്നങ്ങള്‍ക്കിടയില്‍ കാലത്തിന് സ്പ്രിംഗുപോലെ ചുരുങ്ങാനല്ലാതെ മറ്റെന്തിനു കഴിയും?

ഏതു കാലത്തും മനുഷ്യന്‍ അത്യന്തികമായി ഇരയാണെന്ന സങ്കല്പം മാത്രമാണ് കോര്‍ത്തസര്‍ കഥയാക്കിയതെന്നു ചിന്തിക്കുന്നത് ചുരുക്കിയെഴുത്താവും. സാന്തിയാഗോ എന്ന ആട്ടിടയക്കാരനായ ബാലനെ സ്പെയിനില്‍ നിന്ന് ഈജിപ്തുവരെ ഓടിച്ചത് രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചുകണ്ട ഒരു സ്വപ്നമായിരുന്നു.(ആല്‍ക്കെമിസ്റ്റ്) അവനെ കൊള്ളയടിച്ച സംഘത്തിന്റെ തലവനും അതേ സ്വപ്നം, അതുപോലെ രണ്ടു പ്രാവശ്യം, കണ്ടിരുന്നു. അങ്ങനെയാണ് അവന്‍ മറ്റൊരാളിന്റെ സ്വപ്നത്തിന്റെ ഭാഗഭാക്കായത്. തന്റെ സ്വപ്നമല്ല, പിടിച്ചുപറിക്കാരന്റെ സ്വപ്നമായിരുന്നു അവന്റെ ജീവിതം. ചുവാങ് സു പറഞ്ഞു : “ഒരിക്കല്‍ ഞാന്‍ ഒരു കിനാവു കണ്ടു. ഞാന്‍ ഒരു ചിത്രശലഭമാണെന്ന്. പറന്നുകളിച്ച് സ്വയം രസിച്ചങ്ങനെ നടക്കുന്നു. ഞാനാണ് ചുവാങ് സു എന്നൊരു ധാരണയും എനിക്കുണ്ടായിരുന്നില്ല. പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. അപ്പോഴാതാ ചുവാങ് സു വീണ്ടും! വാസ്തവത്തില്‍ ഞാനെന്ന ചുവാങ് സു ചിത്രശലഭമായതായി സ്വപ്നം കണ്ടതാണോ, ചിത്രശലഭം ചുവാങ് സു ആയതായി സ്വപ്നം കണ്ടതാണോ എന്നൊന്നും എനിക്കറിയില്ല.“ വസ്തുക്കളുടെ രൂപപരിണാമം എന്നാണിതിനെ പറയുക. ഗ്രിഗര്‍ സംസ ധാരാളം ദുഃസ്വപ്നങ്ങള്‍ കാണുന്നവനായിരുന്നു എന്ന് കാഫ്ക തന്നെ പറഞ്ഞിട്ടുണ്ട്. അതിലൊരു സ്വപ്നമായിരുന്നു അയാളെ കുടുക്കിയത്. അയാള്‍ സ്വന്തം സ്വപ്നത്തില്‍ നിന്നുണരുകയല്ല, മറ്റുള്ളവരുടെ സ്വപ്നത്തിലേയ്ക്ക് കൂടുമാറുകയാണുണ്ടായത്. മൂന്നു ‘ഞാന്‍‘ ഉണ്ടെന്നാണു പറയുക. 1. യഥാര്‍ത്ഥത്തിലുള്ള ഞാന്‍ തന്നെ. 2. ഞാന്‍ എന്തായിരിക്കണമെന്നു വിചാരിക്കുന്നോ ആ ‘ഞാന്‍’. 3. മറ്റുള്ളവരുടെ ഉള്ളിലുള്ള ‘ഞാന്‍’. അപ്പോള്‍ താനായിരിക്കുന്ന അവസ്ഥയില്‍ നിന്ന് മറ്റുള്ളരുടെ അബോധത്തിലെ താനായിരിക്കുക എന്ന അവസ്ഥയിലേയ്കാണ് ഗ്രിഗര്‍സംസ ബോധത്തോടെ മാറി ചവിട്ടിയത്. വലിയ പാറ്റയായിരിക്കുക എന്ന ചീത്ത സ്വപ്നത്തില്‍ നിന്ന് അയാള്‍ക്ക് പിന്നെ മോചനം കിട്ടിയില്ല. ഇതാണ് മെറ്റമൊര്‍ഫൊസിസ്- രൂപാന്തരപ്രാപ്തി. കഥയുടെ വഴികളാലോചിച്ചാല്‍ ഒരന്തവുമില്ല. പ്രാചീനനും അപരിഷ്കൃതനുമായ ഒരു മോട്ടെക് ഇന്ത്യന്‍, പരിഷ്കാരിയായ ഒരു നഗരവാസിയാവുന്നു. പച്ചപരിഷ്കാരി, ഒരു വനവാസിയുടെ അതേ കിതപ്പുകളും വിധിയും പങ്കിടുന്നു. (The Night Face Up) ഒക്കെയും സ്വപ്നങ്ങള്‍. അവിടത്തെ വൈകാരികാനുഭവങ്ങള്‍.

ഗഞ്ചിഫാ കാര്‍ഡു കളിക്കുന്നതിനിടയില്‍ തന്റെ മുന്നിലിരുന്നു്, എല്ലാവരും ഒന്നിച്ചുണരുന്ന ഒരു കിനാവിനെ ദിവാസ്വപ്നം കാണുന്ന മഹാനായ അക്‍ബര്‍‍ ചക്രവര്‍ത്തിയെ ‘കാല്‍പ്പനികാ.. ‘എന്നു വിളിച്ചു കളിയാക്കാന്‍ തോന്നിയില്ല ജോധയ്ക്ക് എന്ന് റഷ്ദി എഴുതുന്നു. കാരണം ‘ലോകത്തിന്റെ ആശ്രയം’ എന്ന കഥയിലെ ജോധ, യഥാര്‍ത്ഥത്തിലുള്ളവളായിരുന്നില്ല. അബ്ദുല്‍ ഫദ് ജലാലുദീന്‍ മുഹമ്മദ് എന്ന അക്‌ബര്‍ താന്‍ കണ്ടതും അനുഭവിച്ചതുമായ സുന്ദരികളെ അല്പാല്പം ചേര്‍ത്തു നിര്‍മ്മിച്ചെടുത്ത ഭാവനയായിരുന്നു അവള്‍. ഒച്ചയനക്കങ്ങളില്ലാത്ത കവിത പോലെ മധുരമായൊരു സ്വപ്നം. എഴുത്തും വായനയുമറിയാത്ത അക്‍ബറുടെ ഏറ്റവും കാവ്യാത്മകവും സൌന്ദര്യാത്മകവുമായ രചന. ചോരയും വെറിയും കണ്ട് മടുത്തു മടങ്ങുമ്പോള്‍, ഏകാകിതയുടെ ചിരപരിചിതനായ പിശാച് ആവേശിച്ച് പനിക്കുമ്പോള്‍, രഹസ്യമായി തലചായ്ക്കാനും വിതുമ്പാനും പട്ടുപോലെ നനുത്ത മടിത്തട്ട്. തന്റെ വിഷയ(പ്രജ)ങ്ങളുടെയെല്ലാം പ്രതിരൂപമായ ‘നാം’ എന്ന ബഹുവചനത്തിന്റെയുള്ളിലെ “ഞാന്‍’ മാത്രമായ ഒരു ഏകവചനം. അക്‍ബറിന്റെ ജോധ, ചക്രവര്‍ത്തിയുടെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധയുള്ളവളാണ്, ഒരിക്കലും ഒന്നും ആവശ്യപ്പെടാത്തവളാണ്, ഏതു സമയവും പ്രാപിക്കാവുന്നവളാണ്, സൌമ്യയാണ്. ഇങ്ങനെയുണ്ടോ ഒരു സ്ത്രീ? മറ്റുള്ളവരുടെ കണ്ണില്‍ ഉള്ളുപൊള്ളയായ ഒരു പുകച്ചുരുളിന് അക്‍ബര്‍ ഒരു സ്ത്രീയ്ക്കും ഉണ്ടാവാനിടയില്ലാത്ത വ്യക്തിത്വം നല്‍കി. സ്വന്തം ശ്വാസകോശത്തില്‍ നിന്നും ജീവവായു നല്‍കി. എന്നിട്ട് അവളുടെ സ്വപ്നത്തില്‍ ഉറങ്ങി എഴുന്നേറ്റു. ആരാണ് അങ്ങനെയല്ലാത്തത്? മറ്റാരോ കാണുന്ന സ്വപ്നത്തിലെ കഥാപാത്രങ്ങളായതു കൊണ്ടല്ലേ നമ്മളിങ്ങനെ നെടുവീര്‍പ്പുകളിട്ട് അന്ധാളിക്കുന്നത്. കയ്യില്‍ നിന്നു വഴുതുന്ന കടിഞ്ഞാണുകള്‍ കണ്ട് വിധിയെ പഴിക്കുന്നത്. ‘അമീര്‍ ഹംസ‘ എന്ന ബൃഹദാഖ്യായികയിലെ തുടക്കത്തില്‍ സുല്‍ത്താന്‍ താന്‍ രാത്രി കണ്ട സ്വപ്നം രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേയ്ക്കും മറന്നു പോകുന്നുണ്ട്. അയാള്‍ അപ്പോള്‍ ഭ്രാന്തനെപ്പോലെയായി. മറന്നുപോയ സ്വപ്നം എന്താണെന്നു പറഞ്ഞില്ലെങ്കില്‍ പ്രധാനമന്ത്രിയുള്‍പ്പടെ എല്ലാവരെയും കൊല്ലുമെന്നു പറഞ്ഞു. സുല്‍ത്താന്‍ മറന്നത് കേവലമായ ഒരു സ്വപ്നമല്ല. തന്റെ സ്വത്വമാണെന്ന് ആലോചിച്ചാല്‍ അറിയാം. ഐഡന്റിറ്റി ക്രൈസിസ് ആയിരുന്നു അയാളുടെ പ്രശ്നം. മറ്റുള്ളവരുടെ എന്തു തരം തോന്നലിലാണ് താന്‍ എന്നറിയാന്‍ വയ്യായ്ക. അധികാരത്തിന്റെ ബഹുവചനങ്ങള്‍ക്ക് അതറിഞ്ഞേ പറ്റൂ. ആ നിലയ്ക്കാണവര്‍ നമ്മുടെ സ്വപ്നങ്ങളില്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവകളെ മാറ്റാന്‍ പറ്റുമോ എന്നു ശ്രമിക്കുന്നത്. പറ്റുമോ? ഉണ്ടും ഉറങ്ങിയും തുപ്പലുതൊട്ട് നെടുവീര്‍പ്പിട്ടും ഓ.. എന്നാ പറയാനാ എന്ന മട്ടില്‍ ജീവിച്ചു പോകുന്ന ഇട്ടാവട്ടത്തിലെ അശടുകള്‍ക്ക് തങ്ങള്‍ ആരുടെ സ്വപ്നത്തിന്റെ ഭാഗമാണെന്നത് ഗൌരവമുള്ള പ്രശ്നമല്ല. ആരുടെ ആയാലെന്ത്?
അതുകൊണ്ട് നമ്മള്‍ ഉറങ്ങുന്നു. ആരുടെയെങ്കിലും സ്വപ്നത്തിലുണരാന്‍. ആരെയൊക്കെയോ നമ്മുടെ സ്വപ്നത്തില്‍ ഉണര്‍ത്താന്‍............... ചിലപ്പോള്‍.. ചിലപ്പോള്‍ മാത്രം.. ഇങ്ങനെ ഒരു ശബ്ദമില്ലാത്ത നിലവിളി ഉള്ളില്‍ നിന്ന് മുള കീറും പോലെ... ‘ഞാന്‍ ആരുടെ സ്വപ്നത്തിന്റെ ഭാഗമാണ്...?’