July 23, 2008

പാളയിലെ ജലവും കിണറും
കമലിന്റെ പുതിയ ചിത്രം, ‘മിന്നാമിന്നിക്കൂട്ട‘ത്തിലെ റോമയുടെ റോസ് മേരി എന്ന കഥാപാത്രം ഒറ്റയ്ക്ക് ഒരു വീടു വയ്ക്കുന്നുണ്ട്. അത് പൂര്‍ത്തിയാവുന്നതു വരെ ആരും- അവളുടെ അമ്മയും അനുജത്തിമാരും കൂട്ടുകാരും ഒന്നും- അതു കാണുന്നില്ല. അത്രയ്ക്ക് സ്വകാര്യമായ ഒരു സ്വപ്നത്തെ തനിയെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച് അവള്‍ വിജയിക്കുന്നതും കൂടിയാണ് സിനിമയുടെ ശുഭപര്യവസായിത. അവള്‍ക്ക് അതിദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലമുണ്ട്. ഉള്‍നാട്ടിലൊരിടത്ത് കഷ്ടപ്പെടുന്ന വിധവയായ അമ്മയെയും ബോര്‍ഡിംഗിലെ അനുജത്തിമാരെയും പട്ടണത്തിലേയ്ക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് അവള്‍ക്ക് ഈ വീട്. പക്ഷേ മെട്രോയിലെ ജീവിതത്തില്‍ അവള്‍ തന്റെ ഭൂതകാലത്തെ മറച്ചു. അമ്മയെ അമേരിക്കയില്‍ നിന്ന് ഡോളറുകള്‍ അയക്കുന്ന പരിഷ്കാരിയാക്കി. തമാശ പറഞ്ഞ് ചാടി തുള്ളി നടന്നു. അവളുടെ കാമുകന് പോലും അവളുടെ സ്വപ്ന മന്ദിരം പൂര്‍ത്തിയാവുന്നതു വരെ അതൊന്നു എത്തിനോക്കാന്‍ സാധിക്കുന്നില്ല, പിന്നല്ലേ, ജനപ്രിയ സിനിമയിലെ പതിവനുസരിച്ച് അവളെ സഹായിക്കുന്നത്!

സമകാല കേരളീയ ജീവിതത്തിന് അത്ര പെട്ടെന്ന് വിഴുങ്ങാവുന്ന കാര്യമല്ല, കമല്‍ റോസ് മേരിയുടെ ഉപകഥയിലൂടെ പറയുന്നത്. വീടു പൂര്‍ത്തിയാവുന്നതിനു വേണ്ടി അവള്‍ കാട്ടിക്കൂട്ടുന്ന ചടങ്ങുകള്‍ കൂടിച്ചേരുമ്പോഴാണ് പോഴത്തം കൂടുതല്‍ വ്യക്തമാവുന്നത്. വീടു പണിക്കുള്ള ധനം അവള്‍ നേടിയെടുക്കുന്നത് തൊഴിലിനു പുറത്തുള്ള വ്യാപാരത്തില്‍ കൂടിയാണ്. റിയല്‍ എസ്റ്റേറ്റ്. അല്പം മുട്ടിയുരുമി ഇരുന്നുകൊടുത്തിട്ടൊക്കെയാണ് കച്ചവടം ഉറപ്പിക്കുന്നതെന്ന് ഒട്ടൊരു തമാശയിലൂടെ അവള്‍ കൂട്ടുകാരോട് പറയുന്നുണ്ട്. വീടിനു വേണ്ട വൈദ്യുതി കണക്ഷന്‍ ഒപ്പിക്കാന്‍ ഒരിക്കല്‍ മന്ത്രിപുത്രന്റെ കൂട്ടുകാരനോടൊപ്പം കാറില്‍ യാത്രചെയ്യുന്നുമുണ്ട്. സ്വന്തം കൂട്ടുകാരിയ്ക്കു നേരെ ഒരിക്കല്‍ അതിക്രമം കാണിച്ച ശൂരനാണ് ഇവന്‍. സിനിമയിലെ പൊടി വില്ലന്‍. അതിന്റെ പേരില്‍ കാമുകനുമായുണ്ടായ കശപിശ തമാശയില്‍ തന്നെ അവസാനിച്ചു. റോസ് മേരിയ്ക്കു ചുറ്റും രഹസ്യത്തിന്റെ ഒരു ആവരണമുണ്ട്. അതു അഴിച്ചുകളയുക എന്നത് സിനിമയുടെയല്ല, കാഴ്ചക്കാരുടെ ആവശ്യമാണ് കഥാഗതിയെ ശുഭാന്ത്യത്തില്‍ കൊണ്ടെത്തിക്കുന്നത്. അതാവട്ടേ സാമ്പ്രദായിക രീതിയനുസരിച്ച് റോസ് മേരിയുടെ പരിശുദ്ധിയെ അരക്കെട്ടുറപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. അത്രയും സംശുദ്ധയായ (ഒപ്പം സ്മാര്‍ട്ടും) അവളെ സംശയിച്ചുപോയതില്‍ മാണിക്കുഞ്ഞുമാത്രമല്ല, തിയേറ്ററിലിരുന്നു മിഴിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാ പൈങ്കിളിക്കുഞ്ഞുങ്ങളും നെടുവീര്‍പ്പിടും. പക്ഷേ ധാരാളം കള്ളം പറയുന്ന റോസ് മേരി (പുളുമേരി എന്നൊരു പേരു തന്നെയുണ്ടവള്‍ക്ക്)യ്ക്കൊപ്പം നിന്ന് സിനിമ നമ്മളോട് ഒരു കള്ളം പറയുകയായിരുന്നില്ലേ?

തന്റെ വീട് എന്ന സ്വപ്നം സാക്ഷാത്താവാന്‍ റോസ് മേരി മുട്ടിയുരുമിയിരിക്കുന്ന രണ്ടുപേര്‍, ആഭ്യന്തരമന്ത്രിയോടു പോലും അഗാധമായ അടുപ്പമുള്ള പണച്ചാക്ക് കോണ്‌ട്രാക്ടര്‍, മന്ത്രി പുത്രന്റെ കൂട്ടുകാരനും വിടത്തം രക്തത്തിലുള്ളവനുമായ പയ്യനും സമ്പത്ത്, അധികാരം എന്നീ രണ്ടു അനിവാര്യതകളുടെ പ്രത്യക്ഷമായ പ്രതീകങ്ങളാണ്. രണ്ടിനും പൊതുവായുള്ളത് സ്വാധീനവും. കേരളത്തിന്റെ സമകാല ജീവിതത്തില്‍ സാമൂഹികമായ മേല്‍ക്കോയ്മ രൂപീകരിക്കുന്നതില്‍ ഈ നവീനമൂല്യങ്ങള്‍ക്കുള്ള പങ്ക് സുതരാം വ്യക്തം. എന്നാല്‍ സിനിമയില്‍ ഇവര്‍ ശുദ്ധവിഡ്ഢികളാണ്. വെറുമൊരു സ്പര്‍ശത്തിനായി അത്ര നല്ലവരൊന്നുമല്ലെന്ന് ബോഡെഴുതി കഴുത്തില്‍ കെട്ടി തൂക്കിയിട്ടുള്ള ഇവര്‍ റോസിനു ചെയ്തു കൊടുക്കുന്ന സേവനം ചെറുതല്ല. മുട്ടിയുരുമി....അത്രേയുള്ളൂ എന്നു അവള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അത്രേയുള്ളോ? അതു കഴിഞ്ഞ് പൊടിയും തട്ടി പോകുന്നത്ര ശുദ്ധഗതിക്കാരായിരിക്കുമോ ഇവര്‍? രണ്ടാമത്തെ സംഗതി ഒരു മെട്രോനഗരത്തില്‍ സ്ഥലം വാങ്ങി വീടു വയ്ക്കാനുള്ള റോസിന്റെ ധനസ്രോതസ്സ് അവളുടെ കള്ളങ്ങള്‍ പോലെ തന്നെ ധൂമിലമാണെന്നതാണ്. ആരുടെയും സഹായമില്ലാതെ ഒരു സുപ്രഭാതത്തില്‍ അച്ചനു വന്നു വെഞ്ചെരിക്കാനായി വീടു റെഡിയാവുന്നു. ആരോ മയില്‍പ്പീലി ഉഴിഞ്ഞു !

സമൂഹത്തിന്റെ ചില അബോധപ്രേരണകള്‍ ജനപ്രിയസിനിമകള്‍ ആവിഷ്കരിക്കുന്ന രീതി ആലോചിച്ചാല്‍ രസകരമാണ്. ‘അദ്ഭുതദ്വീപി‘ല്‍ ആണുങ്ങളെ ചുമക്കുന്ന പെണ്ണുങ്ങളെ നാം കൌതുകത്തോടെ കണ്ടു. അതിന്റെ സൌന്ദര്യപരമായ അംശം (കുള്ളത്തിപ്പെണ്ണുങ്ങളായിരുന്നെങ്കില്‍ സിനിമ ആരു കാണും?) നീക്കിവച്ചാല്‍ സമകാലിക സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥയെയും അതൃപ്തിയെയും സംബന്ധിക്കുന്ന ചില കൌതുകക്കാഴ്ചകള്‍ ആ രൂപകത്തിലുണ്ടെന്ന് എളുപ്പം തിരിച്ചറിയാനാവും. നാടിനെ വിറപ്പിക്കുന്ന ഊച്ചാളിയുടെ മടിക്കുത്തിലുണ്ടായിരുന്നത് പാക്കുപോലും ചുരണ്ടാന്‍ കൊള്ളാത്ത കൊച്ചു പിച്ചാത്തിയാണെന്ന് ‘നരനി‘ല്‍ വെളിവാക്കുന്നത് ഒരു സ്ത്രീ തന്നെയാണ്. വിവാഹത്തെ അയാള്‍ ഭയക്കുന്നു. ഒപ്പം ഒരു വേശ്യയ്ക്ക് കാവലു കിടക്കുന്നതും ചേര്‍ത്തു വായിക്കുമ്പോള്‍ ഈ പിച്ചാത്തി കൃത്യമായ അര്‍ത്ഥാന്തരങ്ങള്‍ കൈയാളുന്ന ദൃശ്യരൂപകമാവും. പട്ടി പുല്ലു തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്ന് സന്ദര്‍ഭോചിതമായി ഒരു ആത്മഗതവുമുണ്ട്, അതില്‍. പലതരത്തിലുള്ള ആണ്‍പേടികളെ വെള്ളപൂശിയും ന്യായീകരിച്ചും ആഘോഷിച്ചിരുന്ന മലയാളസിനിമ അതിന്റെ ചിട്ടവട്ടങ്ങളില്‍ ഒരു പൊളിച്ചെഴുത്തും വരുത്താതെ തന്നെ പുതിയ കാലത്തെ അറച്ചറച്ച് സ്വാശീകരിക്കുന്ന രീതി കൂടുതല്‍ ഗൌരവമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്. പക്ഷേ ജനപ്രിയസിനിമകളില്‍ പൊതുബോധത്തിനാണ് മുഖ്യസ്ഥാനം. പ്രത്യക്ഷമായ വ്യതിയാനങ്ങള്‍ സിനിമയെ എട്ടു നിലയില്‍ പൊട്ടിയ്ക്കും. അഴിച്ചെടുക്കേണ്ട രൂപകങ്ങളിലൂടെയും ഇരുട്ടടഞ്ഞു കിടക്കുന്ന ദിശാസൂചികളിലൂടെയും സമൂഹത്തിന്റെ യഥാര്‍ത്ഥ ചോദനകളെ ആവിഷ്കരിക്കാതിരിക്കാന്‍ സിനിമയെന്ന മാദ്ധ്യമത്തിന് അപ്പോഴും കഴിയാതെ വരില്ല. ഏറ്റവുമധികം വിലക്കുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന മേഖല ലൈംഗികതയുടേതാകയാല്‍, ഇന്നും നമ്മുടെ സിനിമയിലെ പ്രഥമവും പ്രധാനവുമായ പ്രമേയം ആണ്‍ പെണ്‍ സംയോഗത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളുടെ വിശദാംശങ്ങള്‍ മാത്രമാകയാല്‍, ബോധത്തില്‍ നിഴലായി പതിഞ്ഞു കിടക്കുന്ന ആ വിലക്കപ്പെട്ട ഇരുണ്ടഭൂഖണ്ഡത്തിലേയ്ക്ക് ഒരു നോട്ടം ഇടയ്ക്കെങ്കിലും അയക്കാതിരുന്നാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ റോസ് മേരി നടത്തുന്ന കാര്‍ യാത്രകള്‍ വലിയൊരു നുണയാണ്. സമൂഹമദ്ധ്യത്തിലൂടെ അടച്ചുറപ്പുള്ള കാറിലിരുന്ന് നിരുപദ്രവകരമായ യാത്ര എന്നത് നമ്മുടെ ബോധമനസ്സിനെ തൃപ്തിപ്പെടുത്താനുള്ള ഒരു ഒത്തുതീര്‍പ്പ്. റോസ് താന്‍ പോരിമയുള്ള ഒരു പുതിയ സ്ത്രീയാണ്. അരിയുടെ മാര്‍ക്കറ്റ് വില, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവനോട് ചോദിക്കുന്ന സ്ത്രീയില്‍ നിന്ന് പിന്നെയും കുറേ (പിഴച്ച) ചുവടുകളുണ്ട് ഇവളിലെത്താന്‍. ഇവള്‍ക്ക് ഹിതകരമല്ലാത്ത ഭൂതകാലത്തില്‍ (തിരിച്ചറിയല്‍) നിന്ന് സ്വപ്നസാക്ഷാത്കാരത്തിന്റെ ഒരു ലോകത്തിലേയ്ക്ക് (വിശകലനം, വിമോചനം) മാറേണ്ടതുണ്ട്. കൂട്ടുകാരെയും കാമുകനെയുമൊന്നും പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തുന്ന സ്വപ്നമന്ദിര നിര്‍മ്മാണത്തില്‍ അവളെ ആരൊക്കെയോ സഹായിക്കുന്നു എന്നു വ്യക്തം. റോസ് തനിക്കുള്ള വീടാണു വയ്ക്കുന്നത്. ഇതൊരു ചുവടുമാറ്റമാണ്, ‘വഴി’ വിട്ട പോക്കാണ്, (വ്യതിചരണമാണ്, വ്യഭിചാരം ) സ്വച്ഛന്ദതയാണ്. വിവാഹത്തെ ആത്യന്തിക ലക്ഷ്യമായി കാണുകയും ലൈംഗികത ഒരാളിനുമാത്രമായി നിജപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്യുന്ന (സഹായം അയാളില്‍ നിന്നു മാത്രം എന്ന) സാമ്പ്രദായിക സ്ത്രീയുടെ വാര്‍പ്പു മാതൃകയല്ല, എന്തായാലും ഈ താന്‍ പോരിമ.

ചിത്രം : സുലേഖാ.കോം
Post a Comment