June 27, 2008

പല പോസിലുള്ള ചവിട്ടുകള്‍


സച്ചിദാനന്ദന്റെ സമ്പൂര്‍ണ്ണകവിതാസമാഹാരം സൂക്ഷ്മതയും ഭാവുകത്വവുമുള്ള വായനക്കാരന്‍ എന്ന നിലയില്‍ ഒരു ലേഖനമായി മാധ്യമത്തില്‍ അവതരിപ്പിക്കപ്പെടുന്നിടത്തു നിന്നാണ് കെ പി നിര്‍മ്മല്‍കുമാര്‍ എന്ന (ഉത്തര)ആധുനിക കഥാകൃത്തിന്റെ ഭാഷാ സാഹിത്യ സൌന്ദര്യ പക്ഷപാതങ്ങളില്‍ ശ്രദ്ധിക്കാന്‍ ചിലതെല്ലാമുണ്ടല്ലോ എന്ന് സാമാന്യജനം ചിന്തിച്ചുവശായത്. കഥകളെ നേരത്തേ ശ്രദ്ധിച്ച് കോട്ടുവായിട്ടതാണ്. പിന്നെ കെ പി അപ്പനാണ് ആളുകളില്‍ ആശയക്കുഴപ്പം കുത്തിവച്ചത്. നിര്‍മ്മല്‍ കുമാറിനെയും മേതില്‍ രാധാകൃഷ്ണനെയും ഒരേ നുകത്തില്‍ കെട്ടി ‘അപാരമ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹം’ എന്നെഴുതി.(പേനയുടെ സമരമുഖങ്ങള്‍) ‘അര്‍ത്ഥരാഹിത്യത്തിന്റെ ഗഹനദീപ്തിയ്ക്ക് ഏറ്റവും മികച്ച ഉദാഹരണം‘ നിര്‍മ്മലിന്റെ ‘സതി‘യെന്നെഴുതി ‘കഥ: ആഖ്യാനവും അനുഭവസത്തയും‘ എന്ന കൃതിയില്‍. (ഈ പ്രശംസാവാക്യം വ്യാജസ്തുതിയല്ലേ എന്നെനിക്കു സംശയമുണ്ട് കാരണം ട്രോസ്‌മനെ വച്ചുകൊണ്ട് അപ്പന്‍ തന്നെ പറയുന്നത്, സ്വപ്നം കാണുന്നവന്‍ വിനിമയത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണ് സ്വപ്നം ഒരു ചീത്ത ഫലിതമാകുന്നത് എന്നാണ്. അതവിടെ നില്‍ക്കട്ടെ)

സച്ചിദാനന്ദന്‍ എന്ന പിതൃരൂപം വാണരുളുന്ന സാഹിത്യസിംഹാസനം ഇനിയും അങ്ങനെയങ്ങ് ഏകപക്ഷീയമായി വിട്ടുകൊടുക്കുന്നതു ശരിയാണോ ഒരു സമ്പൂര്‍ണ്ണവിപ്ലവം സാഹിത്യത്തിലും വേണ്ടേ അതിനു ഇടിമുഴക്കം വരെ കാക്കണോ എന്നെല്ലാം ആലോചിച്ച് ജനം കല്ലെടുത്ത് കൈയില്‍ വച്ച് എറിയണോ വേണ്ടയോ എന്ന് സംശയിച്ചു നില്ക്കുന്ന സമയത്താ‍ണ് ആദ്യ എറ്റ്, ശ്രീ നിര്‍മ്മല്‍ കുമാറില്‍ നിന്നും വരുന്നത്. പിതൃഹത്യയും ഭ്രാതൃഹത്യയും വിപ്ലവം തന്നെ. ഇംഗ്ലീഷറിയാത്ത ആധുനികതയുടെ മലയാള സന്തതികളെ, അത് അന്ത നാളുകളില്‍ പറഞ്ഞു പഠിപ്പിച്ചതും സച്ചി തന്നെ. തന്നെ തന്നെ. എന്തൊരു വിരോധാഭാസം! നിര്‍മ്മലിന്റെ ലേഖനത്തില്‍ വ്യാജസ്തുതികളും സ്തുതിനിന്ദകളും ധാരാളം. ‘അതുതാനല്ലയോയിതെന്നു‘ സംശയിക്കാന്‍ പഴുതുകള്‍ ധാരാളം. സച്ചിദാനന്ദന്റെ ‘ചൂണ്ടിക്കാട്ടപ്പെട്ട‘ ഭാഷാവൈകല്യങ്ങളില്‍ ‘ഒരു’ വിന്റെ ആധിക്യമാണ് ഒന്നാം സ്ഥാനത്ത്. സ്ഥാനത്തും അസ്ഥാനത്തും ‘ഒരു’. (അമ്മയെ ‘ഒരു’ പാമ്പു കടിച്ചു എന്ന് ഇന്‍ഡെഫിനിറ്റ് ആര്‍ട്ടിക്കിളിനെ കൂട്ടുപിടിച്ച് മലയാളത്തില്‍ എഴുതരുതെന്ന് കെ എം ജോര്‍ജ് പണ്ടേ പറഞ്ഞിട്ടുള്ളതാകുന്നു. ഇംഗ്ലീഷ് പ്രഫസറന്മാരുണ്ടോ കെ എം ജോര്‍ജ്ജിനെ കേള്‍ക്കുന്നു?) ചില ഊഹക്കച്ചവടങ്ങളൊക്കെ നടത്തിയാല്‍ ഭാഷപോലും നേരേചൊവ്വേ എടുത്തുപിടിക്കാന്‍ അറിയാത്തവനാണ് ആധുനികതകവിതയുടെ ഇളയച്ഛനായ സച്ചി എന്നര്‍ത്ഥം കൂക്കിവിളിപോലെ തെളിഞ്ഞുവരും. ‘വാക്കുകളെ വിറപ്പിക്കുന്ന ദുര്‍ഗ്രഹത’ അവകാശമാക്കിയ എഴുത്തുകാരനായതുകൊണ്ട് ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അത്ര ഗൌരത്തിലെടുത്തില്ല ആളുകള്‍ എന്നു തോന്നുന്നു. കാരണം തുടര്‍ചര്‍ച്ചകളുടെ അഭാവം തന്നെ. ഇതാദ്യമൊന്നുമല്ല ആളുകളിങ്ങനെ കാര്യഗൌരവമില്ലാതെ പെരുമാറുന്നത്. സാഹിത്യേതരമായി എഴുതിയ ഒരു ഉപന്യാസത്തില്‍ കെ പി നിര്‍മ്മല്‍ കുമാര്‍ പണ്ട് ഗള്‍ഫുകാര്‍ക്കിട്ടു ഒരു താങ്ങു താങ്ങിയിട്ടുണ്ടായിരുന്നു. ഗല്‍ഫില്‍ പണിയുന്നവര്‍ക്ക് പ്രത്യേക കൊമ്പൊന്നുമില്ലാത്തതുകൊണ്ടും വിയര്‍പ്പിന്റെ നാറ്റവും അതിന്റെ തന്നെ വിലനിലവാരവും ഏകദേശം അവിടെയും ഇവിടെയും തുല്യമായതു കൊണ്ടും സര്‍ക്കാരിന്റെ നികുതി പിരിവില്‍ നിന്ന് വിദേശമലയാളികള്‍ ഒഴിവായിപ്പോകുന്നതിനെക്കുറിച്ചുള്ള കടുത്ത അനീതിയ്ക്കെതിരെയായിരുന്നു പ്രസ്തുത ലേഖനം വിരള്‍ ചൂണ്ടി പൂഴിക്കടകന്‍ പ്രയോഗിച്ചത്. ഗള്‍ഫുകാര്‍ കേരളത്തിലെ ബാങ്കുകളിലേയ്ക്കയയ്ക്കുന്ന പണത്തില്‍ നിന്നും കണിശമായി നികുതി പിരിച്ചെടുക്കേണ്ടതാകുന്നു (ഒത്താല്‍ ഇച്ചിരി കൂടുതല്‍!) എന്ന നിര്‍ണ്ണായകവും വിലപ്പെട്ടതുമായ നിര്‍ദ്ദേശം അദ്ദേഹമതില്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാരാകട്ടേ പൊതുജനമാകട്ടേ ഗള്‍ഫുകാരാകട്ടേ ‘കമാ’എന്നൊരക്ഷരം അതെപ്പറ്റി മിണ്ടിയില്ല. അങ്ങനെ സാമ്പത്തികരംഗത്ത് വിപ്ലവകരമായ ഒട്ടനവധി മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുമായിരുന്ന ഒരു സമതുലിത സിദ്ധാന്തം പാളി.

ഇക്കാലത്തിനിടയ്ക്ക് ‘മാനാഞ്ചിറയിലെ പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍’ എന്ന കഥാസമാഹാരം പുറത്തിറങ്ങിയതും ആരും അറിഞ്ഞ മട്ടു കാണിച്ചില്ല. ചില കേന്ദ്രങ്ങള്‍ നിര്‍മ്മല്‍കുമാര്‍ കഥയാണോ ലേഖനമാണോ എഴുതുന്നത്, എന്തായാലും പറയാനുദ്ദേശിക്കുന്നത് ഗുണപാഠം അല്ലെങ്കില്‍ ഫലശ്രുതി മട്ടില്‍ തുടക്കത്തില്‍ തന്നെ ഒന്നോരണ്ടോ വരിയില്‍ എഴുതിയിട്ടാല്‍ സമയം ലാഭിക്കാമായിരുന്നു എന്നൊക്കെയുള്ള അഭിപ്രായഗതികള്‍ തട്ടിമൂളിച്ചത് സൌകര്യപൂര്‍വം അദ്ദേഹവും ഉത്തരാധുനികതയും കേട്ടില്ലെന്നു വച്ചു. എങ്കിലും കത്തുകള്‍, പ്രധാനായുധത്തിന്റെ വടിവില്‍ പുറത്തിറങ്ങുന്നുണ്ടായിരുന്നു. എപ്പോഴുമില്ല ഏറിയാല്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നമട്ടില്‍ അവിടെയുമിവിടെയുമൊക്കെയായി. അതിലൊന്നു് നടേ പറഞ്ഞതിന്റെ തുടരനാണ്. അമ്പുകൊണ്ട ‘കുരു’ പിന്നെയും പാവം സച്ചിദാനന്ദന്‍ തന്നേ! കടമ്മനിട്ട അനുസ്മരണമായി മാധ്യമത്തില്‍ വന്ന സച്ചിദാനന്ദലേഖനമാണ് ആധാരം.(സ്വരനാനാത്വത്തിന്റെ സൂക്ഷ്മശ്രുതികള്‍. ലക്കം. 530) അതില്‍ അവസാനം സച്ചിദാനന്ദന്‍ തനിക്കു തന്നെ ഒരു കുണുക്ക് പണിതു വച്ചിട്ടുണ്ട്. ‘അവനവന്‍ പാര’! കടമ്മനിട്ട ഇത്തവണ കേന്ദ്ര പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്ത പുസ്തകം ‘സാക്ഷ്യങ്ങളാണത്രേ. രോഗാവസ്ഥയിലായതിനാല്‍ പുരസ്കാരനിര്‍ണ്ണയത്തിനു പോകാന്‍ കഴിയാതെ വന്നതിലുള്ള ദുഃഖം പ്രകടിപ്പിച്ച കടമ്മനോട് സച്ചി പറഞ്ഞത് ‘നീ ഇങ്ങനെയൊന്നും എന്നോട് പറയുന്നതു ശരിയല്ല’ എന്നാണ്. ആ അറിവില്‍ പോലും കേന്ദ്രസാഹിത്യ അക്കാദമിയുടെ പഴയ സെക്രട്ടറിയായ സച്ചിയ്ക്കു വല്ലാത്ത കുറ്റബോധമായിരുന്നു. പക്ഷേ, അതു പെട്ടെന്നു മാറി. അവാര്‍ഡ് സേതുവിനു പോയി. സേതുവിന് ആ അവാര്‍ഡ് കിട്ടണം കിട്ടണം എന്ന് സച്ചി എത്രകാലമായി ആലോചിക്കുന്നതാണ് ! (ആണ്ടി നല്ല അടിക്കാരനാണെന്ന് പറയുന്നത് ആണ്ടി തന്നെയാണെന്നു ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം!)

മര്‍ക്കടസ്യ ..സുരാപാനസ്യ.... വൃശ്ചികസ്യ......ആവശ്യത്തിനായി. മാധ്യമം 532-ആം ലക്കത്തില്‍ കെ പി നിര്‍മ്മല്‍കുമാര്‍ പൊട്ടിച്ചിരിച്ചു കൊണ്ടു പ്രത്യക്ഷപ്പെട്ടു. (അനുസ്മരണത്തിലെ സൂക്ഷ്മശ്രുതികള്‍) കാവ്യമീമാംസകന്റെ പ്രതിഭയോടെ അദ്ദേഹം‍, സച്ചിയുടെ വാക്കുകളിലെ അനര്‍ത്ഥവും കുനുഷ്ടും കിണ്ടി പുറത്തിട്ടു. ( അമ്പടാ, ഒരു കടമ്മന്‍ കാര്‍ഡെഴുതിയിട്ടിട്ടുവേണോ ‘സാക്ഷ്യങ്ങള്‍ക്ക്‘ ചമ്മാനം കിട്ടാന്‍! ആനക്കാര്യമായിപ്പോയി!!) പൊങ്ങച്ചങ്ങളുടെ ബലൂണുകളെ ദാര്‍ശനിക നിസ്സംഗതയോടെ കുത്തിപ്പൊട്ടിയ്ക്കാന്‍ ഇംഗ്ലീഷ് പ്രഫസറായിരുന്ന സച്ചിദാനന്ദന്, ആല്‍ബര്‍ കമ്യുവിന്റെ “പതനം” എന്ന നോവല്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു അതില്‍. പോരേ! ‘വായനകൊണ്ട് ഗുണം പിടിക്കാത്ത നിരൂപകന്‍’ എന്ന ലിസ്റ്റില്‍ അവസാനം സച്ചിദാനന്ദന്റെയും പേരെഴുതിയിട്ടാണ് പ്രതികരണ ലേഖനം അവസാനിപ്പിക്കുന്നത്. എന്തൊരപമാനമായിപ്പോയി കാണണം അദ്ദേഹത്തിന്. നിര്‍മ്മലിന്റെ ‘കൃഷ്ണഗന്ധകജ്വാലകള്‍ക്ക്’ അവതാരിക എഴുതിയ ദേഹമാണ് സച്ചി. മലയാള ചെറുകഥയുടെ സമാഹാരം ഇംഗ്ലീഷില്‍ (അണ്ടര്‍ ദ വൈല്‍ഡ് സ്കൈസ്) എഡിറ്റുചെയ്തപ്പോള്‍ ‘ഗൌതലജാറ: ഒരു തോട്ടേക്കാടന്‍ സ്മരണിക’ എന്ന കഥയുടെ പരിഭാഷ അതില്‍ പ്രത്യേകം ചേര്‍ത്തതും അദ്ദേഹമാണ്. അക്കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ട് രണ്ടും ഗുരുതരമായ തെറ്റുകളാണെന്ന് കലവറയില്ലാതെ സമ്മതിച്ചുകൊണ്ട് നെഞ്ചത്തടിക്കുന്ന പ്രതികരണം ഉടനേ വന്നു. മാധ്യമം 535 ലക്കത്തില്‍. (-വരാന്തയില്‍ കേട്ടത്’)ചോദ്യോത്തരരൂപത്തിലാണ് പ്രയോഗം. വരാന്തയില്‍ നിന്ന് (എവിടെയായാല്‍ എന്ത്) ആരോ സച്ചിദാനന്ദനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ചോദിക്കുന്നയാളിന് നിര്‍മ്മല്‍ കുമാറിനോട് ഒരു താത്പര്യവുമില്ലെന്നു മാത്രമല്ല, ഇത്തിരീശെ വെറുപ്പോ നിന്ദയോ ഉണ്ടു താനും. ആ മട്ടിലാണ് സംഭാഷണത്തിന്റെ പോക്ക്. വിപരീതഭക്തി, ഒബ്സെസ്സീവ് കമ്പല്‍‌സിവ് ന്യുറോസിസ് എന്നൊക്കെ പറയുന്ന അസുഖമാണ് പാവം നിര്‍മ്മല്‍ കുമാറിന് എന്ന് ചര്‍ച്ച സ്ഥിരീകരിക്കുന്നുണ്ട്. അല്ലെങ്കില്‍ ഒരാളിന്റെ പിന്നാലെ ഇങ്ങനെ കിതച്ചുകൊണ്ട് ഓടില്ല. സമകാലികരുടെ ഇടയില്‍ നിന്ന് പിന്തള്ളപ്പെട്ടതും പുതുതലമുറയോടൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതുമാകാം ഈ ട്രോമയ്ക്കു കാരണം. സച്ചിദാനന്ദന്റെ കവിതകളെ നിര്‍മ്മല്‍ കുമാര്‍ വിലയിരുത്തിയ രീതിയും ചര്‍ച്ചയ്ക്കു വിധേയമാണ്. ഏതായാലും ഒരാള്‍ തന്റെ മാനസികവൈകൃതം ഇങ്ങനെ പുറത്തിടുന്നതു നല്ലതാണെന്നും സ്വയം ശുദ്ധീകരിക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും മൊഴിഞ്ഞ് സച്ചിദാനന്ദന്‍ സംഭാഷണം സംഗ്രഹിക്കുന്നു. (കല്‍പ്പാത്തിയില്‍ നിന്ന് ഒരു രാമചന്ദ്രന്‍ ശുദ്ധഗതിയോടെ കവിയോട് ചോദ്യങ്ങള്‍ ചോദിച്ചത് ആരെന്നറിയാന്‍ താത്പര്യമുണ്ട് എന്ന് പിന്നാലെ വന്ന ലക്കത്തില്‍ എഴുതിയ കത്തും കൂടി വയ്ക്കണം കമ്പം മുറുക്കാന്‍.)

സച്ചിദാനന്ദന്റെ കാവ്യശകലങ്ങളെടുത്തുവച്ചായിരുന്നു അതിനുള്ള കുത്ത്, നിര്‍മ്മല്‍ കുമാര്‍ വക.
സാമ്പിളുകള്‍ ഇങ്ങനെ : തലയിണപാതിരാതോറും നനഞ്ഞു കുതിരുന്നു’ എന്നു കവി. ഫിസിഷ്യനോട് പറയാനുള്ളത് വായനക്കാരോട് പറയരുത്. (എന്ന് ശ്രീ നിര്‍മ്മല്‍)
‘എനിക്ക് മറ്റുള്ളവരായാല്‍ മതി‘യെന്നു കവി. പൊയ്മുഖം നീക്കൂ എന്ന് വായനക്കാര്‍.
‘വിഷഗ്രന്ഥിനീക്കിയതുകൊണ്ട് ലോകത്തോട് പകയേ ഉണ്ടാവില്ലെന്നു ഡോക്ടര്‍‘ പറഞ്ഞതായി കവി. അതു തെറ്റി
“കോണകവാലിന്റെ നീളത്തിനാല്‍ അളന്നീടും തറവാട്ടു മേന്മകള്‍‘ എന്നു കവി. വായനക്കാരന്‍ ചൂണ്ടു വിരലുയര്‍ത്തി അതു കഴുത്തിലിട്ടാല്‍ മതി എന്നു പറഞ്ഞു. (പ്രസ്തുതത്തില്‍ വായനക്കാരും വായനക്കാരനും പല രീതിയില്‍ ഇരട്ടിച്ച നിര്‍മ്മല്‍കുമാര്‍ തന്നെ . ദശാവതാരം. അല്ലാതാര്..?)

‘വരാന്തയില്‍ കേട്ടതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം റീഡര്‍ കെ എം ഷെറീഫിന്റെ കത്തു വരുന്നത്. അത് മാധ്യമം 537-ആം ലക്കത്തില്‍. ‘ഞങ്ങള്‍ മാപ്പു പറയേണ്ടിയിരിക്കുന്നു’. നിര്‍മ്മല്‍ കുമാറിന്റെ കഥ വിവര്‍ത്തനം ചെയ്തത് ഷെറീഫാണ്. നിര്‍മ്മല്‍-സച്ചി വിവാദത്തില്‍ തനിക്കൊരു പങ്കുമില്ല, ‘അയ്യോ രാമാ’ എന്ന മട്ടില്‍ കൈ മലര്‍ത്തി കാണിച്ചിട്ട് അദ്ദേഹം എഴുതുന്നു. “തിരിഞ്ഞുനോക്കുമ്പോള്‍ നേരായ അര്‍ത്ഥത്തില്‍ നിര്‍മ്മലിന്റെ കഥയുടെ തര്‍ജ്ജമ ചേര്‍ത്തത് തെറ്റായിരുന്നു എന്നു തോന്നുന്നു. ആധുനികതയുടെ പലമുഖങ്ങളില്‍ ഒന്നിന്റെ പ്രാതിനിധ്യം എന്ന ദുര്‍ബലമായ ന്യായമേ ഈ കഥയ്ക്കുള്ളൂ. കഥ ഉള്‍ക്കൊള്ളിച്ചതുവഴി സച്ചിദാനന്ദനും വിവര്‍ത്തനം ചെയ്തതു വഴി ‘ഞാനും’ മലയാള ചെറുകഥാസാഹിത്യത്തിന്റെ ആശാസ്യല്ലാത്ത ഒരു പ്രതിച്ഛായയാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ നിര്‍മ്മിച്ചത്. അതിനു ഞങ്ങള്‍ രണ്ടുപേരും ഇന്ത്യന്‍ ഇംഗ്ലീഷ് വായനക്കാരോട് മാപ്പു പറയേണ്ടിയിരിക്കുന്നു.” (അതിനും ഒരു ശുദ്ധഗതിക്കാരന്‍ വിവര്‍ത്തകന്‍ വി ഡി കൃഷ്ണന്‍ നമ്പ്യാര്‍ വിവര്‍ത്തനം അതാണോ, ഇതല്ലേ എന്നൊക്കെ ചോദിച്ച് കത്തെഴുതിയിരുന്നു. ശരിയായ ശാഖാചംക്രമണം തന്നെ. കമ്പം മുറുകുമ്പോഴാണ് ചില പൂക്കുറ്റികളുടെ ശൂ ശൂ.. ! )

‘ബലേ ഭേഷ് ! ’ എന്നു പറഞ്ഞുപോയി ഞാന്‍. ചവിട്ടുന്നെങ്കില്‍ ഇങ്ങനെ ചവിട്ടണം. ഇടതു വശത്തുനിന്നും വലതു വശത്തു നിന്നും. ഇനിയെന്തു ചെയ്യും? ലീലാവതിയ്ക്കു നേരേ നോക്കി നോക്കി അപശബ്ദമുണ്ടാക്കും പോലെയല്ല സച്ചിദാനന്ദനെതിരെ പല്ലിളിക്കുന്നത്. പക്ഷേ കുരവപ്പൂവല്ലല്ലോ വെടിക്കെട്ടിലെ ഇടിവെട്ട് ഇനം. മാധ്യമം 541-ആം ലക്കത്തില്‍ നിര്‍മ്മല്‍ കുമാറിന്റെ വക പത്രാധിപര്‍ക്കുള്ള കത്ത് : “ ഗൌതലജാറയുടെ വിവര്‍ത്തനത്തെക്കുറിച്ചുള്ള കത്തു വായിച്ചു. വിവര്‍ത്തനം ഒരുപ്രാവശ്യം വായിച്ചു ഞാന്‍ ആന്‍ഥോളജി മാറ്റിവച്ചു. അതിനെക്കുറിച്ച് ആരോടും ഒന്നും മിണ്ടിയില്ല. അത്രമോശമായിരുന്നു മൊഴിമാറ്റം. ഒരിന്ത്യന്‍ ഇംഗ്ലീഷ്പത്രത്തിന്റെ ജില്ലാലേഖകനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഭാഷാബോധം പോരാ, സാഹിത്യകൃതി പരിഭാഷപ്പെടുത്താന്‍. രാമലിംഗം പിള്ളയുടെ നിഘണ്ടുവിനെ ഓര്‍മ്മിപ്പിക്കുന്ന പ്രാചീനഭാഷയില്‍ മലയാളകൃതികള്‍ മൊഴിമാറ്റുമ്പോള്‍ ‘അരുത്’ എന്നു പറയാന്‍ ഭാഷാബോധമുള്ള ആന്‍ഥോളജി എഡിറ്റര്‍മാര്‍ ഭീരുത്വം കൊണ്ട് അറച്ചു. സ്വാഭാവിക ഇംഗ്ലീഷ് കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ഉപാസന- അതില്ലാതെ വന്നാല്‍ ഇത്തരം വകയ്ക്കു കൊള്ളാത്ത വിവര്‍ത്തനങ്ങളുണ്ടാവും ഇനിയും.”

ആഹാ. മതി. മനസ്സു നിറഞ്ഞു. സംഗതി ഇവിടെ തീരില്ലായിരിക്കാം. എങ്കിലും ഠാവട്ടത്തിലെ ഈ ജീവിതത്തില്‍, സ്വന്തം വാലുകടിച്ചു കറങ്ങി തളരുന്നതിനിടയ്ക്ക് പൂഴിക്കുന്നാശാന്റെ ഒരു അവസരോചിത പ്രയോഗം കണ്ടാല്‍ അടുത്ത പെരുന്നാളു വരെ അതു മതി ഈയുള്ളവന് എന്നൊക്കെയല്ലേ നമുക്ക് ചിന്തിയ്ക്കാന്‍ വയ്ക്കൂ..................

ഓഫ് ടോപിക് :
വായനക്കാര്‍ അകന്നുപോയതു കൊണ്ട് സിനിക്കും, നര്‍മ്മവും ഉപശീര്‍ഷകവും മറ്റും ചേര്‍ത്തുള്ള ഉത്തര- ആധുനിക നാട്യം കൊണ്ട് മലയാളി വായനക്കാര്‍ക്ക് അസഹ്യനുമായ ‘കെ പി നിര്‍മ്മല്‍ കുമാറിന്റെ‘ ഏറ്റവും പുതിയ നോവല്‍ ‘ജനമേജയന്റെ ജിജ്ഞാസ’ മാധ്യമത്തില്‍ ! വായിക്കുക!

(വിശേഷണങ്ങളെല്ലാം സച്ചിദാനന്ദന്റെ)

14 comments:

latheesh mohan said...

ഗുരോ, തൊപ്പിയില്ലാതെ പോയതിന്റെ സങ്കടം ഇതില്‍ കൂടുതല്‍ അനുഭവിച്ചിട്ടില്ല ഞാന്‍. ഒരു തൊപ്പി കടം വാങ്ങിയെങ്കിലും വീശും ഞാന്‍.

സത്യം പറഞ്ഞാല്‍, കഴിഞ്ഞ കുറേനാളായി മാധ്യമം കയ്യില്‍ കിട്ടുമ്പോളെല്ലാം ഞാന്‍ ആദ്യം നോക്കുക നിര്‍മല്‍ കുമാറിന്റെ കത്തുണ്ടോ എന്നാണ്. അതിന്റെ പിന്നില്‍ ഇത്ര വലിയൊരു കൊനഷ്ട് ഞാന്‍ പ്രതീക്ഷിച്ചില്ലെങ്കിലും, തീര്‍ച്ചയായും എന്തിന്റെയോ ചീഞ്ഞുനാറ്റം അനുഭവിച്ചിരുന്നു. ആ രാമലിംഗം പിള്ള ഡിക്ഷ്ണറി പ്രയോഗത്തില്‍ നിന്നാണ് കാര്യങ്ങള്‍ എനിക്കു തിരിഞ്ഞു തുടങ്ങിയത്. ഗുരു ഇതെല്ലാം കണ്ട്, ചരിത്രവും തിരഞ്ഞ് നടക്കുക ആയിരുന്നു അല്ലേ. സല്യൂട്ട്.

ദെന്‍, കെ പി നിര്‍മല്‍ കുമാറും മേതില്‍ രാധാകൃഷ്ണനും എന്നു കേള്‍ക്കുമ്പോഴൊക്കെ എനിക്കു ചൊറിഞ്ഞിട്ടുണ്ട്. മേതിലിന് ഇതില്‍ കൂടുതല്‍ എന്തു വരാന്‍ എന്നു തോന്നിയിട്ടുമുണ്ട്. ‘കണ്ണാന്തളിപ്പൂക്കള്‍ക്ക് എന്തുഭംഗി‘ എന്നൊക്കെ നിരൂപണമെഴുതുന്നവരുടെ നാട്ടില്‍ ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍.

എനിക്ക് ആവേശം തീരുന്നില്ല. അടുത്തകാലത്ത് എന്തെങ്കിലും വായിച്ച് ഇങ്ങനെ ആവേശഭരിതനായിട്ടില്ല. ഇതിനു ഞാന്‍ ഒരു ചായ എങ്കിലും വാങ്ങിത്തരും.

(എന്തിനായിരുന്നു ആ കെ ജി എസ് മുഖസ്തുതി എന്നുകൂടി ആ ചായ കുടിക്കുമ്പോള്‍ ഞാന്‍ ചോദിച്ചോളാം)

എനിക്കു വീണ്ടും എന്തൊക്കെയോ എഴുതാന്‍ തോന്നുന്നു. ആ സച്ചിദാനന്ദന്‍ വധം ആട്ടക്കഥയില്‍ നിന്നും രണ്ടു വരി എടുത്തു ചേര്‍ത്ത് അവസാനം സ്മൈലി ഇടാന്‍ തോന്നുന്നു.

എന്തായാലും വീണ്ടും വരാം.

latheesh mohan said...

ആ തലക്കെട്ടും, ആ പടവും..ഓഹ്

എനിക്ക് സഹിക്കുന്നില്ല.

മൂര്‍ത്തി said...

നല്ലെഴുത്ത്!

റോബി said...

മാസങ്ങളായി മാധ്യമം വായന ഇല്ലാതായതില്‍ പിന്നെ നിര്മ്മല്‍കുമാറിനെ കേട്ടിട്ടില്ലായിരുന്നു. ഇതു പോലെ അവതാരങ്ങളൊക്കെ ഇപ്പഴും രംഗത്തുണ്ടല്ലേ..:(

നിര്മ്മല്‍കുമാറും മേതിലും...എന്തൊരു കമ്പാരിസണ്‍

വെള്ളെഴുത്ത് നല്ലെഴുത്ത്.

ഗുപ്തന്‍ said...

തള്ളേ യിതൊക്കെ കണ്ടാപ്പിന്നെ ബ്ലോഗിലെ കുത്തിത്തിരിപ്പൊക്കെ എന്തോന്ന് ! പ്രിന്റ്റ്മീഡിയയുടെ പ്രൊഫെഷണല്‍ ക്വാളിറ്റി ബ്ലൊഗിനു കിട്ടാന്‍ പ്രയാസം തന്നണ്ണാ..

മലയാളം ഇന്ത്യാടുഡെയില്‍ ആണെന്ന് തോന്നുന്നു ഈ ഗൌതലജാറ ആദ്യം വന്നത് . അതുവായിക്കാന്‍ ശ്രമിച്ചുണ്ടായ വിഷമം പണിപ്പെട്ടാണ് മാറിയതും :(

vadavosky said...

വളരെ നന്നായിരിക്കുന്നു വെള്ളെഴുത്ത്‌.

സനാതനന്‍ said...

എന്തൊരാഘോഷം സാർ .. :)
വെടിക്കെട്ടും പായസവും!

vidushakan said...

പൂഴിക്കുന്നാശാനെ തൊട്ടുകളിക്കല്ലേ വെള്ളെഴുത്തേ...

പൊട്ടും..പിന്നെ ഞെട്ടും...

സാഹിത്യത്തൊഴുത്തിലെ ‘ചൊറിച്ചിലും മന്തലും‘ കിണ്ടിപ്പുറത്തിടാന്‍ താങ്കള്‍ തന്നെ വേണം..

നല്ല പോസ്റ്റ്..

എന്റെ ബ്ലോഗ് നിരൂപണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരിക്കുന്നു..

ശിവ said...

ഹായ്,

ഇവിടെ എഴുതിയിരിക്കുന്നതൊക്കെ വലിയ കാര്യങ്ങളാണല്ലോ...പലപ്പോഴും താങ്കളുടെ ബ്ലോഗ് വായിച്ച് അഭിപ്രായം പറയാന്‍ മടിക്കുന്നതും ഇതുകൊണ്ടാണ്...എനിക്കു പേടിയാ...എനിക്ക് എന്തെങ്കിലും തെറ്റിയാലോ...എത്ര മാത്രം റഫര്‍ ചെയ്താ താങ്കള്‍ ഓരോ പോസ്റ്റും ഇടുന്നത്...അവിടെ ഞാന്‍ ഏതെങ്കിലും വിലകുറഞ്ഞ കമന്റ് ഇട്ട് സ്വയം ചമ്മാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഇത്തവണയും കമന്റ് ഇടാതെ തടിതപ്പുന്നു...

എന്നെ ഓടിച്ചിട്ട് അടിക്കല്ലേ...

സസ്നേഹം,

ശിവ.

മാരീചന്‍‍ said...

പണ്ട് കണിയാപുരം രാമചന്ദ്രന്‍ കോണ്‍ഗ്രസ് നേതാവ് എം കമലത്തെക്കുറിച്ച് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്.
കമലം, നല്ല തങ്കപ്പെട്ട ചേച്ചി. ചേച്ചിയുടെ യഥാര്‍ത്ഥ സ്വഭാവം അറിയാന്‍ പേരിലെ ക അങ്ങു മാറ്റിയാല്‍ മതി....

നിര്‍മ്മല കുമാറിന്റെ നിര്‍ അങ്ങ് മാറ്റിയാല്‍ തീരുന്ന ഈ വിവാദത്തിന്റെ ആകെത്തുകയായി. എഴുതാനുളള കുറ്റി തീര്‍ന്നുപോയവര്‍ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് ഈ വിധമുളള കൂത്തുകളിലൂടെയല്ലേ... ബാലചന്ദ്രന്‍ ചുളളിക്കാട് പണ്ടെന്നോ എഴുതിയ ഒരു കവിത മോശമായിരുന്നുവെന്ന് ഈയടുത്ത കാലത്ത് കെ ആര്‍ ടോണി നിരൂപിച്ചതും മാധ്യമത്തിലല്ലേ....

ഉദരനിമിത്തം നിര്‍മ്മല കുമാരം.......

Rajeeve Chelanat said...

വെള്ളെഴുത്തേ,

വെറുതെ ഗുരുത്വദോഷം വാങ്ങിവെക്കണ്ട. സച്ചിദാനന്ദനെയും നിര്‍മ്മലനെയുമൊക്കെ ഇങ്ങനെ പരിഹാസമുനയിലേറ്റാന്‍‌മാത്രം വളര്‍ന്നുവോ താങ്കള്‍? എന്തിനുള്ള എക്സോഡസ്സാണ്?

എന്തായാലും, ആരും കാണാതെ, ദൂരെയിരുന്ന് എന്റെ വക ഒരു സലാം,

മാരീചന്റെ സമയോചിതമായ ആ ഓര്‍മ്മിപ്പിക്കലും നന്നേ രസിച്ചു.

അഭിവാദ്യങ്ങളോടെ

Ranjith chemmad said...

ഇങ്ങനെയൊക്കെയാണ്‌
കാര്യങ്ങളെന്ന് ഇപ്പോഴാണ്‌
അറിയുന്നത്.
മാധ്യമമൊന്നും വായിക്കാന്‍ കിട്ടാത്തതിന്റെ
ദോഷം.
ഇത്തരത്തിലുള്ള പുതിയ
അവലോകനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Inji Pennu said...

ഇത് വായിക്ക്കുമ്പോള്‍ ഒരു നിര്‍മല്‍കുമാറിനെക്കുറിച്ച് എവിടേയോ കേട്ടിട്ടുണ്ടല്ലോയെന്നും അതാണോ ഇതെന്ന് ചിന്തിക്കുകയും എന്റെ ഓര്‍മ്മക്കുറവിനെ പഴി ചാരുകയും എന്നാല്‍ വെള്ളെഴുത്ത് പരിചയപ്പെടുത്തിയ ഈ നിര്‍മ്മല്‍കുമാര്‍ പുരാണം ഇനിയൊരിക്കലും മറക്കുവാന്‍ സാധിക്കില്ലെന്ന് മനസ്സിലാവുകയും ചെയ്തു!

NishkalankanOnline said...

നഗരങ്ങളില്‍ ചവറുകള്‍ പെറുക്കി ജീവിതം മുന്‍പോട്ടു കൊണ്ട്ട് പോകുന്നവരെ കാണാം. അതുപോലെയാണ് ചില ആധുനികന്മാരും... അവര്‍ ചവറു പെറുക്കുന്നു ((സ്വന്തമായി ഉണ്ടാക്കുകയും ചെയ്യുന്നു), ചിലര്‍ അതു വില്‍ക്കാന്‍ വയ്ക്കുന്നു, നമ്മള്‍ അതു വാങ്ങുന്നു... ഭാഷ‍ നമ്മെനോക്കി പരിഹസിക്കുന്നുണ്ടാവാം...

ഇത്തരം ചില പൂശലുകള്‍ അവര്‍ അര്‍ഹിക്കുന്നുവെങ്കിലൂം ഇതുകൊണ്ടൊന്നും അവര്‍ നന്നാകുമെന്ന് എനിക്കു തീരെ പ്രതീക്ഷയില്ല. അവര്‍ നമ്മളേം കൊണ്ടേ പോകൂ

നല്ല പോസ്റ്റ്‌...ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം