March 21, 2008

വടി പിടിച്ച കൈയുകള്‍



“അസംബ്ലിയ്ക്കുള്ള അറിയിപ്പു കിട്ടുമ്പോള്‍ കുട്ടികള്‍ക്ക് ആകെ അമ്പരപ്പായിരുന്നു. പതിവില്ലാതെ ഈ ഉച്ച നേരത്ത് എന്തിനാണാവോ ഒരു അസംബ്ലി? ആ ചോദ്യവും കൊളുത്തി വച്ചാണ് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഇരുനൂറോളം കുട്ടികള്‍ അന്ന് അസംബ്ലിക്കെത്തിയത്.

മരണം വരെ മനസ്സില്‍ നിന്ന് മായാന്‍ ഇടയില്ലാത്ത ഒരു കാഴ്ചയാണ് കാണാന്‍ പോകുന്നതെന്നു കുട്ടികളോ മറ്റു ടീച്ചര്‍മാരോ അപ്പോഴും കരുതിയില്ല. പെട്ടെന്നു മറച്ചു പിടിച്ചിരുന്ന ചൂരല്‍ വടി നീട്ടി മീനാക്ഷി ടീച്ചര്‍ സ്വന്തം കൈയില്‍ ആഞ്ഞാഞ്ഞ് അടിച്ചു. ഒന്ന്.. രണ്ട്.. മൂന്ന്...
ആ കാഴ്ച കാണാനാവാതെ കുട്ടികള്‍ അവരുടെ കുഞ്ഞിക്കണ്ണുകള്‍ മുറുകെ അടച്ചു കളഞ്ഞു.” (വനിത, മാര്‍ച്ച് 1-14, 2008)

ശാരീരിക ശിക്ഷയില്ലാത്ത ആദ്യത്തെ ജില്ലയായി ഇടുക്കി പ്രഖ്യാപിക്കപ്പെട്ടതിന്റെ രണ്ടോമൂന്നോ ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവം പൈനാവില്‍ നടക്കുന്നത്. മലയാള മനോരമ മുന്‍പേജില്‍ തന്നെ ഫീച്ചറിന്റെ എല്ലാ വര്‍ണ്ണ ശബളിമയോടെയും വാര്‍ത്ത നല്‍കി. സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് സ്കൂളിന് ട്രോഫിയോടൊപ്പം കിട്ടിയ സമ്മാനത്തുക ഹോസ്റ്റല്‍ മുറിയിലെ പെട്ടിയില്‍ നിന്നും എതോ കുട്ടി കട്ടെടുത്തു. ആരാണെന്നറിയാന്‍ മാര്‍ഗമില്ല. കുട്ടികള്‍ കുരുത്തക്കേടു കാണിക്കുന്നതിന്റെ ഉത്തരവാദിത്വം ടീച്ചര്‍ക്കാണല്ലോ എന്നു പറഞ്ഞാണ് മീനാക്ഷിക്കുട്ടി ടീച്ചര്‍ സ്വയം ശിക്ഷിച്ചത്. വല്ലാത്ത കുറ്റബോധത്തോടെ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു കുട്ടി മുന്നോട്ടു വന്നതാണ് ഇതിലെ ഏറ്റവും ഹൃദ്യമായ വശം.

ഉള്‍പ്രദേശത്തുള്ള ഒരു സ്കൂളില്‍ നടന്ന ഒരു ചെറിയ സംഭവം മനോരമ വാര്‍ത്തയാക്കിയതോടെ കേരളം മുഴുവനറിഞ്ഞു. ദേശീയ വിദ്യാഭ്യാസഉപദേശക സമിതിയുടെയും യു ജി സി യുടെയും ചെയര്‍മാനായിരുന്ന പ്രൊഫ. യശ്പാല്‍ കൂടിയുള്ള വേദിയില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി എം എ ബേബി മീനാക്ഷിക്കുട്ടി ടീച്ചറെ അദ്ധ്യാപകര്‍ക്കുള്ള ഉത്തമ മാതൃകയാക്കി സദസ്സിനു പരിചയപ്പെടുത്തുകകൂടിയുണ്ടായി. അതീവ സങ്കോചത്തോടെയാണ് ടീച്ചര്‍ അന്ന് എഴുന്നേറ്റു നിന്നത്. അതിന്റെ കാരണം വനിതയുടെ ലേഖികയോട് അവര്‍ വ്യക്തമാക്കിയിരുന്നു :“ഒരു നിമിഷം തോന്നിയ വട്ടായിരുന്നു എന്റെ സ്വയം ശിക്ഷ.”
പക്ഷേ ആരു കേള്‍ക്കാന്‍?

പഠിപ്പിക്കുന്ന കുട്ടികളുടെ മുന്നില്‍ വച്ച് മറ്റൊരു മാര്‍ഗവും തെളിയുന്നില്ലെങ്കില്‍ പോലും ഒരു അദ്ധ്യാപിക സ്വയം ശാരീരികമായി ശിക്ഷിക്കുന്നത്, ഒരു നല്ല മാതൃകയാവുമോ? അതും ശരിതെറ്റുകളെക്കുറിച്ചുള്ള ബോധം ഇനിയും ഉറച്ചിട്ടില്ലാത്ത കൌമാരക്കാരികളുടെ മുന്നില്‍ ? തെറ്റ്, സ്വയം എറ്റെടുക്കുന്നതു പോലെയല്ല, അതിനു ശിക്ഷ സ്വയം വിധിക്കുകയും അതു മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുന്നത്. മറ്റൊരാളിനെ അടിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാനസികഭാവങ്ങള്‍ തന്നെയാണ് തന്നെ അടിക്കുന്നതിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍. രണ്ടു ശിക്ഷാവിധിയിലും ശാരീരികമായ കടന്നുകയറ്റമുണ്ട്. മറ്റൊരാളെ അടിക്കാന്‍ കഴിയാത്ത ദേഷ്യമാണ് സ്വയം തീര്‍ക്കുന്നത് എന്നു വരുന്നത് അടിയേക്കാള്‍ മെച്ചപ്പെട്ട മാനസികാവസ്ഥയാണോ? തീര്‍ച്ചയായുമല്ല. മറ്റൊന്നുകൂടിയുണ്ട്, കേരളത്തില്‍, പ്രത്യേകിച്ചും താഴ്ന്ന വരുമാനക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വ്യാപകമായ ഒന്നാണ് മസോക്കിസ്റ്റ് പ്രവണത. ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ ഭൂരിപക്ഷവും തന്റെ ശരീരത്തില്‍ സ്വയം ശിക്ഷ നടപ്പാക്കുന്നവരാണ്. ആണുങ്ങളെല്ലാം തന്നെ നോക്കി വൃത്തികേടുകള്‍ പറയുന്നത് താന്‍ മോശമായതുകൊണ്ടാണ് എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ ഒരു പത്താംക്ലാസുകാരിയെ എനിക്കറിയാം. അതിന്റെ കൈത്തണ്ട മുഴുവന്‍ ബ്ലെയിഡു കൊണ്ടു വരഞ്ഞ പാടുകളായിരുന്നു. അതു മരിക്കാന്‍ വേണ്ടി ചെയ്തതല്ല, താന്‍ ചീത്തയായതു കൊണ്ട് ചീത്തയാണെന്ന് മറ്റുള്ളവര്‍ ബോധിപ്പിക്കുന്ന സമയമെല്ലാം അവള്‍ സ്വകാര്യമായി സ്വയം വേദനിപ്പിച്ചതിന്റെ തെളിവുകളായിരുന്നു. ഒരു അദ്ധ്യാപിക അസംബ്ലിയില്‍ അതേ മനോഭാവത്തെ അനുവര്‍ത്തിച്ചു കാണിക്കുന്നതോടു കൂടി, ആ പ്രവൃത്തി വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസവിചക്ഷണനും പൊതുധാരാപത്രവുമെല്ലാം മാതൃകയാണെന്നു വാഴ്ത്തുന്നതോടെ സംഭവിക്കുന്നതെന്തായിക്കും. അതു ആരോഗ്യമുള്ളൊരു മാനസികാവസ്ഥ സൃഷ്ടിക്കില്ല. ബാല്യകാലത്തെ ശക്തമായ ചോദനകള്‍ മറക്കില്ല എന്നുള്ളതു കൊണ്ട് ‘ടീച്ചര്‍‘ സ്വയം അടിക്കുന്ന കാഴ്ച അവരെ ഭാവിയില്‍ എങ്ങനെയാണ് സ്വാധീനിക്കാന്‍ പോകുന്നത് എന്ന് ഒന്ന് ആലോചിക്കേണ്ടതല്ലേ. (അതിവൈകാരികതയുടെ ആലങ്കാരിക ഭാഷയിലാണെങ്കിലും വനിതയിലെ ഫീച്ചെറെഴുതിയ ലേഖിക ചില ദിശാസൂചികളിട്ടുണ്ട്, അറിയാതെ !)

ദക്ഷിണാഫ്രിക്കയിലെ ടോള്‍സ്റ്റോയ് ഫോമിലെ രണ്ടു കുട്ടികള്‍ ഏതോ സദാചാരവിരുദ്ധപ്രവൃത്തിയിലേര്‍പ്പെട്ടതിന്റെ ഉത്തരവാദിത്വം സ്വയം എറ്റെടുത്ത് ഗാന്ധിജി ഏഴുദിവസത്തെ ഉപവാസം വരിച്ചിരുന്നു. 1911-12 വര്‍ഷങ്ങളിലാണ്. ചെയ്ത തെറ്റിന്റെ ഭീകരതയും ബീഭത്സതയും ബോധ്യപ്പെടുത്താന്‍ പിന്നെ നാലരമാസക്കാലം ഒരു നേരത്തെ ഭക്ഷണം കൊണ്ടു മാത്രം കഴിയുമെന്നും അദ്ദേഹം ശഠിച്ചു. (എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍) കൌമാരക്കാരെ ആണ്‍ പെണ്‍ ഭേദമില്ലാതെ ഒന്നിച്ചു കുളിക്കാനും ഉറങ്ങാനും അനുവദിച്ചിരുന്നിടത്താണ് ഈ സദാചാരവിരുദ്ധത. എന്തായിരുന്നു തെറ്റെന്നറിയില്ല. ഗാന്ധിജി അനുഷ്ഠിച്ച ഉപവാസത്തിന്റെ ഫലം എന്തായി എന്നുമറിയില്ല. മാര്‍ഗദര്‍ശകരുടെ സ്വയംശിക്ഷ അഭികാമ്യമായ ഒന്നാണെന്നു പൊതുബോധം തീരുമാനിക്കുന്നതിന്റെ വേര് ഒരു പക്ഷേ ഇവിടെ നിന്നാകാം. മതനിഷ്ഠമായ ധാര്‍മ്മിക നീതിയായിരുന്നു ഗാന്ധിജിയുടേത്. അതിന്റെ സ്വാധീനം വളരെ പതുക്കെയാണ് കുറ്റവാളിയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുക. ശാരീരികമായ പീഡനം കണ്ടു നില്‍ക്കുന്ന കുട്ടികളുടെ അബോധത്തില്‍ സംഭവിക്കുന്നതും അതേ പ്രവര്‍ത്തനം തന്നെയായിരിക്കുമെന്ന് എനിക്കൊരു ഉറപ്പുമില്ല.

സാഡിസ്റ്റിക് താത്പര്യങ്ങളുടെ കൂത്തരങ്ങായ നമ്മുടെ സ്കൂളുകളില്‍ മീനാക്ഷിക്കുട്ടി ടീച്ചര്‍ വേറിട്ടൊരു സ്വരമാണെന്നു സമ്മതിക്കുന്നു. ടീച്ചറിന്റെ പ്രവൃത്തിയിലെ ആത്മാര്‍ത്ഥത കാണാതെയോ അതിനെ ഇടിച്ചു കാട്ടാനോ അല്ല ഇതെഴുതുന്നത്. അദ്ധ്യാപിക എന്ന നിലയില്‍ അവര്‍ ചെയ്തിട്ടുള്ളതില്‍ വച്ച് എറ്റവും താഴേ തട്ടിലെ പ്രവൃത്തിയായിരുന്നിരിക്കാം ഇത്. (ഒരു നിമിഷത്തെ ഭ്രാന്ത് എന്ന് ടീച്ചര്‍ തന്നെ പരയുന്നു) നല്ലതൊന്നും കാണാതെ, എന്തുകൊണ്ട് അത്ര ആശാസ്യമല്ലാത്ത ഈ പ്രവൃത്തി കണ്ട് മാതൃകയാക്കുന്നു എന്നാണ് ചോദ്യം. അതിനൊരു ഉത്തരമേയുള്ളൂ. സമൂഹത്തിന് നല്ല പ്രവൃത്തിയേക്കാള്‍ ആവശ്യം വിഗ്രഹങ്ങളെയാണ്. വൈകാരികത കൂടുന്നതിനനുസരിച്ച് വിഗ്രഹങ്ങളുടെ ആകര്‍ഷിക്കാനുള്ള കഴിവും കൂടും. അതറിയാവുന്നതുകൊണ്ട് ബൂര്‍ഷ്വാ പത്രം പോയ വഴിയേ മന്ത്രിയും പോയി. വിദ്യാഭ്യാസ വിചക്ഷണനും പോയി. എല്ലാവര്‍ക്കുമറിയാം ചെയ്യുന്നതിലെ അസംബന്ധം. പക്ഷേ തിരിച്ചുപോക്കില്ല. ശരിയായ കാഫ്കേയിയന്‍ ചുറ്റുപാട്. ഇതല്ലേ “സമ്മിതി നിര്‍മ്മാണം’(manufacturing consent) എന്നു വിളിക്കുന്ന സംഗതി ?

അനുബന്ധം:
ബാള്‍ട്ടിമൂര്‍ നഗരത്തിലെ ഒരു കോളെജിലെ അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രോജെക്ട് കൊടുത്തു. ചേരിപ്രദേശത്തു താമസിക്കുന്ന 200 സ്കൂള്‍ വിദ്യാര്‍ത്ഥികലെ കണ്ടു പിടിച്ച് അവരുടെ ഭാവി വിലയിരുത്തുക എന്നതായിരുന്നു അത്.
സാമൂഹികശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആ ചേരിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാരും രക്ഷപ്പെടാന്‍ ഇടയില്ല എന്നു വിലയിരുത്തി. അത്ര ദരിദ്രാവസ്ഥയിലും പിന്നാക്കാവസ്ഥയിലുമായിരുന്നു അവര്‍. അവരുടെ ഭാവി ഇരുളടഞ്ഞതാണ് എന്ന് കുട്ടികള്‍ റിപ്പോര്‍ട്ടെഴുതി.
25 വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃച്ഛികമായി ഈ റിപ്പോര്‍ട്ട് കാണാനിടയായ മറ്റൊരു അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ റിപ്പോര്‍ട്ട് നല്‍കിയിട്ട് ഇതിനൊരു ഫോളോ അപ് തയാറാക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ വിലാസം ആദ്യ റിപ്പോര്‍ട്ടിലുണ്ടായിരുന്നതു കൊണ്ട് അവരെ തപ്പിപ്പിടിക്കുക പ്രയാസമായിരുന്നില്ല. പ്രതീക്ഷയ്ക്കു വിപരീതമായി 200 കുട്ടികളില്‍ 180 കുട്ടികള്‍ നല്ല നിലയിലായി. അവരില്‍ ഡോക്ടര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, നിയമബിരുദധാരികള്‍, നേതാക്കന്മാര്‍ എന്നിവരുണ്ട്. അദ്ധ്യാപകന് അദ്ഭുതമായി. അദ്ദേഹം നേരിട്ട് ഇവരുമായി ബന്ധപ്പെട്ട് ജീവിതവിജയത്തിന്റെ കാരണം തിരക്കി. എല്ലാവര്‍ക്കും ഒരേ ഒരു ഉത്തരം മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
“ഞങ്ങളെ പഠിപ്പിച്ച ഒരു ടീച്ചര്‍.”
(-Chicken Soup for the Soul)

22 comments:

ഗുപ്തന്‍ said...

വളരെ ശരിയായ നിരീക്ഷണം. മാതൃക എന്ന സങ്കല്പം വിഗ്രഹനിര്‍മാണത്തിലേക്ക് അധഃപതിക്കുന്നതിന്റെ ദോഷങ്ങള്‍ ഗാന്ധിജിയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയിലെ അതിവൈകാരികതയിലും കണ്ടിരുന്നു. കുറച്ചുനാള്‍ മുന്‍പ്.

ആ റ്റീച്ചറിന്റെ തുറന്ന പ്രതികരണത്തിന് -അതൊരുനിമിഷത്തെ വട്ടായിരുന്നു എന്ന ഏറ്റുപറച്ചിലിന് - കൂപ്പുകൈ. അത് ആദ്യപ്രവര്‍ത്തിയെക്കാള്‍ മികച്ച മാതൃക ആയതുകൊണ്ട് അവരുടെ നല്ല ചോദനകള്‍ ഒരു യാദൃശ്ചികതയല്ല എന്ന് തോന്നുന്നു. :)

ഭൂമിപുത്രി said...

വ്യതസ്ഥമായ ഒരു കാഴ്ച്ചപ്പാട് പങ്കുവെച്ചതിന് നന്ദി വെള്ളെഴുത്തെ.
മീനാക്ഷീടീച്ചറെപ്പറ്റികൂടുതലറിഞ്ഞപ്പോള്‍ ബഹുമാനംതോന്നിയിരുന്നു.
ഗാന്ധിയന്‍ പ്രമാണങ്ങള്‍ പിതുടരുന്ന ഒരു ജീവിതചര്യയാണവരുടെത്.
അതുകൊണ്ട്തന്നെയാകും ആത്മപീഠനത്തിന്റെ വഴിയവറ്ക്കു പെട്ടന്നു തോന്നിയതും.

എന്തിനുമേതിനും സ്വയം പഴിയ്ക്കുന്ന ഒരുതരം
Persecution complex,പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍,നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഈ സാമൂഹ്യപാഠം ആശാസ്യമാണൊയെന്നു ചിന്തിയ്ക്കേണ്ടതുതന്നെയാണ്‍

ദിലീപ് വിശ്വനാഥ് said...

വെള്ളെഴുത്തിന്റെ നിരീക്ഷണത്തോട് ഞാനും യോജിക്കുന്നു. ആത്മഹത്യയും ഒരു പരിധിവരെ സ്വയം ശിക്ഷയല്ലേ? അധ്യാപകരെ മാതൃകയാക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവരും ഈ സ്വയം ശിക്ഷാ സമ്പ്രദായം ശ്രമിച്ചുനോക്കില്ലേ? അത് വലിയ ദുരന്തങ്ങളിലേക്ക് വഴിവയ്ക്കില്ലേ?

Suraj said...

പ്രിയ വെള്ളെഴുത്തേ,

വനിതയിലെ ആ ലേഖനം വാ‍യിച്ചപ്പോഴും ഇവിടെ പരാമര്‍ശിച്ച ‘മാസോക്കിസ്റ്റ്’ മനോഭാവത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. എങ്കിലും അതിന് ഇത്രയും ആഴത്തിലൊരു വിശകലനം സാ‍ധ്യമാണെന്ന് വിളിച്ചു പറയുന്ന ഈ പോസ്റ്റ് അത്ഭുതപ്പെടുത്തുന്നു.

മസോക്കിസം അതിന്റെ സൈക്യാട്രിക് തലത്തില്‍ നോക്കിയാല്‍ ഒരു ലൈംഗികപ്രേരണയാണ്. എന്നാല്‍ ഈ സംഭവത്തില്‍ ഉണ്ടായതു പോലെ മറ്റൊരു ശരീരത്തില്‍ ഹിംസ നടപ്പിലാക്കാന്‍ പറ്റാത്ത നിസഹായതയില്‍/വാശിയില്‍ സ്വന്തം ശരീരത്തില്‍ അതു നടപ്പാക്കുകയും അതു മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ കണ്ടുനില്‍ക്കുന്ന കുട്ടികളില്‍നിന്നും അത് നിര്‍ബന്ധിതമായ ഒരു empathy ആവശ്യപ്പെടുന്നു - അടിക്കുന്നതു കണ്ടു നില്‍ക്കുന്നവര്‍‍ക്കും അടി കൊണ്ട ഫീലിംഗ്. ശരിതെറ്റുകളുടെ മഹാ ദാര്‍ശനിക തലം മനസിലാക്കാനുള്ള വളര്‍ച്ചയില്ലാത്ത കുഞ്ഞു മനസുകള്‍ക്ക് അത് മറ്റൊരു അസംബ്ലി caning സെഷന്‍ മാത്രമായി ചുരുങ്ങുന്നു. മീനാക്ഷിടീച്ചര്‍മാര്‍ പരാജയപ്പെടുന്നു.

പക്ഷേ, തന്റെ സങ്കുചിതമായ മതനിഷ്ഠ സദാചാര ബോധത്തെ മാത്രം മുന്‍ നിര്‍ത്തി ഗാന്ധിജി നടത്തിയെന്നു പറയപ്പെടുന്ന ആ ടോള്‍സ്റ്റൊയി ഫാം നിരാഹാരത്തേക്കാള്‍ എന്തുകൊണ്ടും ഔന്നത്യമുണ്ട് മീനാക്ഷിടീച്ചറുടെ പ്രവര്‍ത്തിക്ക്; അവര്‍ മോഷണം എന്ന ‘ക്രിമിനല്‍’ വാസനയെയാണല്ലോ തിരുത്താന്‍ ശ്രമിച്ചത്.

ആത്മഹത്യാപ്രവണതയെ മസോക്കിസ്റ്റ് പ്രവണതയുമായി ചേര്‍ത്തുവായിക്കുന്നതിനോട് വിയോജിപ്പുണ്ട്. ആത്മഹത്യയുടെ അടിസ്ഥാനം സ്വയം പീഡിപ്പിക്കലല്ല,പീഡിപ്പിക്കാതിരിക്കലാണ് (മസോക്കിസ്റ്റ് രീതികളില്‍ അപൂര്‍വമായി കൈയബദ്ധങ്ങളില്‍പ്പെട്ട് മരണം സംഭവിക്കാമെങ്കിലും).
സ്വന്തം സാമൂഹിക ഇമേജിന്റെ സംരക്ഷണമാണ് ആത്മഹത്യയിലെ ആത്യന്തികമായ ലക്ഷ്യം - അവള്‍/അവന്‍ പാവമായിരുന്നു എന്ന് സമൂഹത്തെ/സുഹൃത്തിനെ/ഇണയെ പശ്ചാത്തപിപ്പിക്കല്‍ - അതു വാശികൊണ്ടാകാം, നിരാശകൊണ്ടാകാം; അതിനു ‘സ്വയം പീഡിപ്പിക്കലു’മായി പൊതുവേ കരുതപ്പെടുമ്പോലെ ബന്ധമില്ല.

എതിരന്‍ കതിരവന്‍ said...

Meenakshi teacher obviously challanged the new rule forbidding physical pain induction as punishment. She was making it very clear that beating is the true punishment:her subdued teacher-instinct.(In many North Indian states beating is banned in schools).Why didin't she beat an inanimate object? Her demonstrative pain would have helped the students again to reinstate in their minds that infliction of pain IS the ultimate punishment.

ചിതല്‍ said...

നല്ലതൊന്നും കാണാതെ, എന്തുകൊണ്ട് അത്ര ആശാസ്യമല്ലാത്ത ഈ പ്രവൃത്തി കണ്ട് മാതൃകയാക്കുന്നു എന്നാണ് ചോദ്യം. അതിനൊരു ഉത്തരമേയുള്ളൂ. സമൂഹത്തിന് നല്ല പ്രവൃത്തിയേക്കാള്‍ ആവശ്യം വിഗ്രഹങ്ങളെയാണ്. വൈകാരികത കൂടുന്നതിനനുസരിച്ച് വിഗ്രഹങ്ങളുടെ ആകര്‍ഷിക്കാനുള്ള കഴിവും കൂടും. ..
നല്ല ലേഖനം...
ഒരു ഒപ്പും...

Sanal Kumar Sasidharan said...

വെള്ളെഴുത്തിനോട് പൂര്‍ണമായും യോജിക്കാനാവുന്നില്ല.തെറ്റ് തിരുത്താനുള്ള ഒരുപാധിയായിട്ടായിരുന്നു എന്നും നമ്മുടെ സ്കൂളുകളില്‍ ചൂരല്‍ പ്രയോഗങ്ങള്‍ നിലനിന്നിരുന്നത്. ഏറ്റവും ലഘുവായ ശിക്ഷ എന്ന പരിഗണന അതിന് ഉണ്ടായിരുന്നു താനും(ഈ പരിഗണനയുടെ ശരി തെറ്റുകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്).തെറ്റു ചെയ്യുന്നവന്‍ പീഢിപ്പിക്കപ്പെടും എന്ന ഭയത്തില്‍ ആണിയടിച്ച് നിര്‍ത്തി ജന്മവാസനകളെ മെരുക്കാനുള്ള ഒരു കാടന്‍ രീതി.ഈ കാടന്‍ രീതി തന്നെയാണ് നമ്മുടെ(എന്നല്ല ലോകത്തെമ്പാടുമുള്ള )കോടതികളും നിയമപാലനത്തിന് (നീതിപാലനത്തിന് ?) പ്രയോജനപ്പെടുത്തുന്ന ഉപാധി.നിയമ വ്യവസ്ഥയേയും സാമൂഹികമായ സദാചാരങ്ങളേയും ഒക്കെ മാനിച്ചുപോകാന്‍ പൌരന്മാരെ പ്രേരിപ്പിക്കുന്ന അടിസ്ഥാനഘടകവും ശിക്ഷ എന്ന ഭീതി തന്നെ.ഇതിന്റെ തുടക്കമാണ് വിദ്യാലയത്തിലെ ചൂരല്‍. അദ്ധ്യാപകന്റെ കയ്യിലുള്ള ചൂരലിന്റെ വലിയ രൂപം തന്നെയാണ് പോലീസുകാരന്റെ കയ്യിലുള്ള ചൂരല്‍.അതിന്റെ കുറച്ചുകൂടി വലിയ രൂപമാണ് ആരാച്ചാരുടെ കയ്യിലുള്ള കയര്‍.ഇങ്ങനെ കമ്പ് കയര്‍ ഇരുമ്പഴി എന്ന അപരിഷ്കൃത എര്‍പ്പാടിന്റെ ബലത്തിലാണ് പരിഷ്കൃത സമൂഹം മുന്നോട്ട് പോകുന്നത്.ഭീതി തന്നെയാണ് അനുസരണയുടെ അസ്ഥിവാരം എന്ന രീതിയില്‍ നിന്ന് നാം മുന്നോട്ട് പോയിട്ടില്ല.ഇതിന്റെ പരിശീലനമാണ് സ്കൂളുകളില്‍ നാം അറിയാതെ ചൂരലിലൂടെ നടക്കുന്നത്.എന്നാല്‍ ഈ തരത്തിലുള്ള പരിഹാരം തെറ്റ് തിരുത്താനല്ല തെറ്റ് ചെയ്യാനുള്ള പ്രേരണയെ അമര്‍ത്തിവയ്ക്കാനേ ഉപകരിക്കൂ എന്നതാണ് വസ്തുത.സൌകര്യം കിട്ടിയാല്‍ ഏത് പുണ്യവാളനേയും അത് ചെകുത്താനാക്കും.ആരും കാണാതിരുന്നാല്‍ മകളേയും ഭോഗിക്കുന്ന അച്ഛനെ അത് സൃഷ്ടിക്കും.മാത്രമല്ല എനിക്ക് വേദനിക്കും എന്ന ചിന്ത ‘ഞാന്‍ ഞാന്‍‘ എന്ന സമൂഹ ജീവിതത്തിന് ആശാസ്യമല്ലാത്ത ഒരു ഇടനാഴിയിലൂടെയാണ് നമ്മെ നടത്തിക്കുക.എനിക്ക് വേദനിക്കും അതുകൊണ്ട് ഞാന്‍ അതു ചെയ്യരുത് എന്ന ബോധവും,അയാള്‍/അവര്‍ക്ക് വേദനിക്കും അതു കൊണ്ട് ഞാന്‍ അത് ചെയ്യരുത് എന്ന ബോധവും രണ്ടാണ്.രണ്ടാമത്തേത് അപരന്റെ മാനസികവും ശാരീരികവുമായ വേദനകളെക്കൂടി തിരിച്ചറിയാനുള്ള ഒരു അഞ്ചാമത്തെ അറ ഹൃദയത്തില്‍ സൃഷ്ടിക്കും.(അറ്റാക്കിനുള്ള സാധ്യത കൂടുമായിരിക്കും :) ).

ഈ അവസരത്തിലാണ് ടീച്ചറുടെ പ്രവര്‍ത്തിയെ നോക്കിക്കാണേണ്ടത് എന്ന് തോന്നുന്നു.ആരും കാണാതെ ഒരു മുറിയില്‍ അടച്ചിരുന്ന് തൊലി വരഞ്ഞു കീറുന്നതും,ഇരുട്ടില്‍ മരക്കൊമ്പില്‍ കെട്ടിത്തൂങ്ങുന്നതും ഒളിച്ചുചെന്ന് തീവണ്ടിയുടെ മുന്നില്‍ ചാടുന്നതും ഇതും തമ്മില്‍ വ്യത്യാസമുണ്ട്.ഒരു ശിക്ഷയുടെ മറുവശം പരീക്ഷിക്കുകയായിരുന്നില്ലേ ടീച്ചര്‍.ഒരാളെ കൊല്ലുന്നവന്‍ ചെയ്യുന്നത് അവനവനെ തന്നെ കൊല്ലുകയാണ് എന്ന വികാരം ഉണ്ടായാല്‍ ഒരാള്‍ക്കും മറ്റൊരാളെ കൊല്ലാന്‍ കഴിയില്ല.(സ്വയം കൊല്ലും എന്നത് ശരിയാണ്.മറ്റുള്ളവരോടുള്ള പ്രതികാരം ആയിട്ടാണ് പലരും ആത്മഹത്യ ചെയ്യുന്നത് എന്നത് ശരിയാണ്.പക്ഷേ ജീവിക്കാന്‍ ആഗ്രഹമുള്ള മറ്റൊരാളെ കൊല്ലുന്നതിലും ഭേദം ജീവിക്കാന്‍ ആഗ്രഹമില്ലാത്ത അവനവനെ കൊല്ലുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്(ഇതിനെ എന്ത് ഇസം എന്നു പറയും എന്നറിയില്ല.ഇന്നുമുതല്‍ സനാതനിസ്റ്റ് എന്ന് വിളിച്ചോളൂ :) ).എനിക്ക് വേദനിക്കും എന്ന ഭീതിയിലല്ല ടീച്ചര്‍ക്ക് വേദനിക്കുന്നു എന്ന തിരിച്ചറിവിലാണ് മോഷ്ടിച്ച കുട്ടി കുറ്റം ഏറ്റു പറഞ്ഞത്.തന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ ഏല്‍പ്പിക്കുന്ന ആഘാതം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ നന്നാവും എന്നുതന്നെയാണ് എന്റെ തോന്നല്‍.കാടു വെട്ടുമ്പോഴും മലകള്‍ ഇടിച്ചുനിരത്തുമ്പോഴും നമ്മളില്‍ ചിലര്‍ വേദനിക്കുന്നത് ഈ മനോഭാവം കൊണ്ടല്ലേ.ഇത് ടീച്ചര്‍ സ്വയം പീഡിപ്പിച്ചു എന്ന നിലയില്‍ എടുക്കുന്നതേക്കാള്‍ സ്വന്തം ശരീരവും മനസും കൊണ്ട് ഒരു പുതിയ പാഠം കുട്ടികളുടെ മനസില്‍ എഴുതിച്ചേര്‍ത്തു എന്നു വായിക്കുന്നതിനാണ് എനിക്കിഷ്ടം.
(എഴുതി ഫലിപ്പിക്കാനുള്ള വെള്ളെഴുത്തിന്റെ ശൈലിക്കുമുന്നില്‍ ഒരായിരം പ്രണാമം :) )

ഗുപ്തന്‍ said...

സനാതനന്‍ പറഞ്ഞതാണ് ശരി എങ്കില്‍ കുട്ടികളെ ശിക്ഷിക്കാന്‍ ആവുമായിരുന്ന ഇത്രയും കാലം റ്റീച്ചറിന് ഈ ബുദ്ധി എന്തുകൊണ്ട് തോന്നിയില്ല എന്ന് തിരികെ ചോദിക്കേണ്ടി വരും. സനല്‍ സൂചിപ്പിച്ച റീസണിംഗിലൂടെ ആണ് വിഗ്രഹങ്ങള്‍ ഉണ്ടാകുന്നത്.

Sanal Kumar Sasidharan said...

ഗുപ്താ,
ചിരപരിചിതമായ പെരുവഴികള്‍ കടലെടുത്ത് പോകുമ്പോഴാണ് നമ്മള്‍ പുതിയ വഴികള്‍ വെട്ടാനുള്ള സാധ്യതകള്‍ ആരായുന്നത്.

ശ്രീവല്ലഭന്‍. said...

ടീച്ചര്‍ സ്വയം ശിക്ഷിച്ചപ്പോള്‍ കുറ്റസമ്മതം നടത്തിയ കുട്ടികള്‍ ഒരു പക്ഷെ ഇവിടെ വിസ്മരിക്കപ്പെടുന്നു. ഞാന്‍ കാണുന്നത് അവരിലെ നിഷ്കളങ്കതയും സ്നേഹവും ആണ്. വളര്‍ന്നു കഴിഞ്ഞിട്ടും അത് അവര്‍ക്ക് കുറച്ചെങ്കിലും കാത്തു സുക്ഷിക്കാന്‍ സാധിച്ചാല്‍ നമ്മുടെ നാട്ടിലെ പല ദുഷിച്ച പ്രവണതകളും കുറക്കാന്‍ സാധിക്കും എന്ന് തോന്നുന്നു.

ആത്മഹത്യ ചെയ്യുന്നവരില്‍ പലരും ഭീഷണി പല പ്രാവശ്യം മുഴക്കാറുണ്ടത്രേ. അതൊന്നും ആരും കേട്ട ഭാവം നടിക്കാത്തപ്പോള്‍ ആണ് പലരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്.
എത്ര മാസോക്കിസം കാണിച്ചാലും ഒരു കണിക പോലും മനസ്സിനു ഇളക്കം തട്ടാതെ വളര്‍ന്നു വലിയതായവര്‍ ഉള്ള സമൂഹത്തില്‍ ഒരു പക്ഷെ ടീച്ചര്‍ അത് പ്രവര്‍ത്തിച്ചു കാണിക്കുമ്പോള്‍ കുട്ടികളില്‍ നേരത്തെ തന്നെ ആ വാസന (കഠിന ഹൃദയം) വളര്‍ന്നു വരാന്‍ സാധ്യതയുന്ട്ട്. ലേഖനം ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. നന്ദി.


ഡല്‍ഹിയിലെ സ്കൂളുകളില്‍ വടി ഇല്ല. പക്ഷെ എന്‍റെ രണ്ടു മക്കളും ഓരോ പ്രാവശ്യം മുഖത്ത് അഞ്ചു വിരല്‍ പാടുകളും ആയി വന്നിട്ടുണ്ട്- രണ്ടുപേര്‍ക്കും അഞ്ചു വയസ്സ് പ്രായമുള്ളപ്പോള്‍ (ഒരാള്‍ക്ക്‌ ഈയിടെ കിട്ടി, മറ്റേയാള്‍ക്ക് അഞ്ചു കൊല്ലം മുന്‍പും). കുറ്റം വളരെ വലുത്- ഉറങ്ങാന്‍ പറഞ്ഞപ്പോള്‍ തലപൊക്കി വര്‍ത്തമാനം പറഞ്ഞത്രേ. മറ്റേയാളും അതുപോലെ എന്തോ വലിയ കുറ്റം ആണ് ചെയ്തത്.

കാവലാന്‍ said...

ലേഖനം നന്നായിരിക്കുന്നു നിലപാടുകളും വിശദീകരണങ്ങളും കൊള്ളാം പക്ഷേ എല്ലാറ്റിനോടും എനിക്കു യോജിക്കാനാവുന്നില്ല.(അതു നിങ്ങളുടെ കുറ്റമല്ലല്ലോ)

"കുട്ടികള്‍ കുരുത്തക്കേടു കാണിക്കുന്നതിന്റെ ഉത്തരവാദിത്വം ടീച്ചര്‍ക്കാണല്ലോ എന്നു പറഞ്ഞാണ് മീനാക്ഷിക്കുട്ടി ടീച്ചര്‍ സ്വയം ശിക്ഷിച്ചത്"

"കുട്ടികള്‍ ഏതോ സദാചാരവിരുദ്ധപ്രവൃത്തിയിലേര്‍പ്പെട്ടതിന്റെ ഉത്തരവാദിത്വം സ്വയം എറ്റെടുത്ത് ഗാന്ധിജി ഏഴുദിവസത്തെ ഉപവാസം വരിച്ചിരുന്നു."

"മസോക്കിസം അതിന്റെ സൈക്യാട്രിക് തലത്തില്‍ നോക്കിയാല്‍ ഒരു ലൈംഗികപ്രേരണയാണ്. എന്നാല്‍ ഈ സംഭവത്തില്‍ ഉണ്ടായതു പോലെ മറ്റൊരു ശരീരത്തില്‍ ഹിംസ നടപ്പിലാക്കാന്‍ പറ്റാത്ത നിസഹായതയില്‍/വാശിയില്‍ സ്വന്തം ശരീരത്തില്‍ അതു നടപ്പാക്കുകയും അതു മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും"

എനിക്കുമനസ്സിലാവാത്തത് ഇതാണ്,തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കു പറ്റിയതെറ്റു മനസ്സിലാക്കാതെ, തിരുത്താതെ മുന്നോട്ടുപോവുമ്പോള്‍,ആത്മാര്‍ത്ഥതയുള്ള ഒരു ഗുരുനാഥന്‍ ചെയ്യുന്നതിലപ്പുറം ഇതിലെന്താണുള്ളത്?.തെറ്റു ചെയ്യേണ്ടിവരുമ്പോള്‍ അതില്‍ നിന്നൊഴിഞ്ഞു മാറാന്‍ വിധം ആ കുട്ടിയുടെ മനസ്സില്‍ ടീച്ചര്‍ക്കു സ്വാധീനമുണ്ടായിരുന്നെങ്കില്‍ അവിടെ എന്താണു സംഭവിക്കുക?.
വിദ്യാര്‍ത്ഥിയുടെ ദേഹത്ത് ശിക്ഷനടപ്പാക്കാനാവാത്തതിന്റെ വാശിയാണോ അതോ തന്റെ തന്നെ ആത്മപരീക്ഷണങ്ങള്‍ക്കു വേണ്ടിയാണോ ഗാന്ധിജി ഉപവസിച്ചത്?.
വിദ്യാര്‍ത്ഥിയുടെ ദേഹത്ത് ശിക്ഷനടപ്പാക്കാനത്രയ്ക്കാശയുള്ളവരാണോ അദ്ദ്യാപകരെല്ലാം?(എന്നെ തല്ലിയ അദ്ധ്യാപകരൊക്കെ അങ്ങനെയായിരുന്നെന്നു ഞാന്‍ കരുതിയിരുന്നു,ഇപ്പോഴും ചിലരുടെ തല്ല് എന്തിനുവേണ്ടിയായിരുന്നെന്നു ഞാനോര്‍ത്തു ചിരിക്കാറുണ്ട്,പല്ലിറുമ്മാറുണ്ട്)
വിഭജനകാലത്ത് ഗാന്ധിജി ഒരു പട്ടാളത്തെക്കൊണ്ടു കഴിയാതിരുന്നത് ഒരുപവാസം കോണ്ട് നേടിയത് ആരോടുള്ള വാശിനിറവേറ്റാനായിരുന്നേയ്ക്കാം. അല്ലെങ്കില്‍ ഏതു ഭ്രാന്തു മൂലമായിരിക്കാം?
എനിക്കു തോന്നുന്നത് നിസ്വാര്‍ത്ഥമായ ആത്മാര്‍ത്തതയെ വിശദീകരിച്ചു ഇത്ര വഷളാക്കാതിരിക്കാമായിരുന്നു.മന്ത്രി ബേബിയായാലും വെള്ളെഴുത്തോ,സൂരജോ ആയാലും.

എതിരന്‍ കതിരവന്‍ said...

അടികൊടുത്ത് കുട്ടികളെ നന്നാക്കാനുള്ള ബാധ്യത സ്കൂളുകള്‍ക്കെങ്ങനെ കൈവന്നു? അടികൊണ്ടതുകൊണ്ടൂ മാത്രമാണ് ഞാനൊക്കെ ഡിസിപ്ലിന്‍ഡ് ആയ്ത് എന്നുപറയാന്‍ വരെ ഇത് കൊണ്ടെ എത്തിച്ചിരിക്കുന്നു!
അടിയില്ലാത്ത അമേരിക്കയില്‍ ഹാര്‍വാര്‍ഡും എം. ഐ. റ്റിയും ജോണ്‍സ് ഹോപ്കിന്‍സും കുട്ടികള്‍ നിര്‍മ്മിച്ചെടുക്കുന്നു.

എന്റെ ഒരു ബന്ധുക്കാരന്‍ കുട്ടി അടി പരിചയമില്ലാതെ (വടക്കെ ഇന്‍ഡ്യയില്‍ നിന്നും) സ്ഥലം മാറി കൊല്ലത്തു വരുന്നു. ഒരു ശനിയാഴ്ച പണിമുടക്കു (ഹര്‍ത്താല്‍? ബന്ദ്?)കാരണം സ്കൂളില്‍ എത്താന്‍ കഴിഞ്ഞില്ല. അടുത്ത തിങ്കളാഴ്ച ആദ്യത്തെ കുറെ അടിയ്ക്കു ശെഷം ബോധം കെട്ടു.
ഐറണി:ഇന്‍ഫന്റ് ജീസസ് എന്നാണ് സ്കൂളിന്റെ പേര്!

വെള്ളെഴുത്ത് said...

എതിരവന്‍ കേരളത്തിലെ സ്കൂളുകളിലും കോര്‍പ്പറല്‍ പണീഷ്മെന്റ് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്രത്യേകിച്ച്. പക്ഷേ അദ്ധ്യാപകര്‍ അതു കേട്ട മട്ടില്ല. അടി ശിക്ഷയേക്കാള്‍ ഭീകരമായ അവകാശധ്വംസനങ്ങളാണ് സ്കൂളുകളില്‍ നടക്കുന്നത്. ചുവരിനോട് ചേര്‍ന്നു അഭിമുഖമായി നില്‍ക്കുക എന്നൊരു ശിക്ഷയുണ്ട്, കൊച്ചു കുട്ടികള്‍ക്ക്. കേള്‍ക്കുമ്പോള്‍ അദ്ധ്യാപിക ഒന്നും ചെയ്തിട്ടില്ല. പക്ഷേ കുഞ്ഞിന്റെ സ്വാത്ന്ത്ര്യം എന്തുമാത്രം പരിമിതപ്പെടുന്നു. മുറിയ്ക്കകത്തിട്ടടച്ചാലുള്ളതിനേക്കാളും കെട്ടിയിടുന്നതിനേക്കാളും ഭീകരമാണിത്. പക്ഷേ ആ തിരിച്ചറിവില്ല. കാവലാന്‍, ആത്മാര്‍ത്തമായ ഒരു പ്രവൃത്തി ശരിയാണ് പക്ഷേ അതത്ര നിഷ്കളങ്കമല്ല. അതാണ് നാം മനസിലാക്കാതെ പോയതും. ചില കാര്യങ്ങളിലെന്തിത്ര ചികയാന്‍ അതൊക്കെ അങ്ങനെതന്നെയല്ലേ എന്ന ചിന്തയെയാണ് നാം ‘യാഥാസ്ഥിതികത്വം’ എന്നു വിളിക്കുന്നത്. എതിരവനും വാല്‍മീകിയും എഴുതിയ കമന്റ് ഒന്നു വായിച്ചു നോക്കുക. ടീച്ചര്‍ വെറും വികാരം കൊണ്ടു ചെയ്ത പ്രവൃത്തിയ്ക്ക് ആന്തരാര്‍ത്ഥങ്ങളുണ്ടെന്നു തന്നെയല്ലെ അവരും കുറച്ചുകൂടി വ്യക്തമാക്കിയത്. അത് അവഗണിക്കേണ്ടതാണോ? ഗുപ്താ,സൂരജേ, ഭൂമിപുത്രീ, ശ്രീ വല്ലഭാ, സനാതനാ..ഇതെക്കാര്യത്തെ കുറച്ചുകൂടി ആഴത്തിലാക്കിതന്നതിനു നന്ദി.. ഞാനും ഒന്നു ചിന്തിക്കട്ടേ...ബാക്കി എഴുതാന്‍ ഞാന്‍ ഒരു വരവു കൂടി വരുന്നുണ്ട്..

Suraj said...

പ്രിയ കാവലാന്‍ ജീ,

"..എനിക്കു തോന്നുന്നത് നിസ്വാര്‍ത്ഥമായ ആത്മാര്‍ത്തതയെ വിശദീകരിച്ചു ഇത്ര വഷളാക്കാതിരിക്കാമായിരുന്നു.മന്ത്രി ബേബിയായാലും വെള്ളെഴുത്തോ,സൂരജോ ആയാലും..."

(എന്റെ വായനയാണ് താഴെപറയുന്നതൊക്കെ, വെള്ളെഴുത്തിന് അദ്ദേഹത്തിന്റേതായ ന്യായങ്ങള്‍ കാണും. അതദ്ദേഹം തന്നെ വിശദീകരിക്കട്ടെ).

ഒരു മാഗസീനിലൂടെ ഗ്ലോറിഫൈ ചെയ്യപ്പെട്ട ഈ സംഭവത്തിന് ഇങ്ങനെയുമൊരു മന:ശാസ്ത്ര-തല പുനര്‍വായന ആവാം എന്നു കരുതി മാത്രമാണ് വെള്ളെഴുത്ത് ഈ കുറിപ്പിട്ടത് എന്നുതന്നെയാണെന്റെ വിശ്വാസം. അല്ലാതെ മീനാക്ഷിടീച്ചര്‍ ചെയ്തത് ആത്മാര്‍ത്ഥമായല്ലെന്നോ മഹാ പാതകമായിരുന്നുവെന്നോ ഒന്നും അനുകൂലിച്ചെഴുതിയവരാരും,(ഞാനടക്കം) ഉദ്ദേശിച്ചിരുന്നുവെന്ന് തോന്നുന്നുന്നില്ല.

മസോക്കിസത്തിന്റെ ശരിയായ നിര്‍വചനത്തില്‍ വെള്ളെഴുത്തിന്റെ വിശകലനം ഒതുങ്ങില്ല എന്ന് എന്റെ ആദ്യത്തെ കമന്റില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സഹതാപം എന്ന വികാരത്തിന് മനുഷ്യ മസ്തിഷ്കത്തില്‍ വ്യക്തമായ കോശവ്യവസ്ഥയുണ്ട്.(Cingulate gyrus-ലെ ഒര് കൂട്ടം ന്യൂറോണുകള്‍) മറ്റൊരാലെ പീഡിപ്പിക്കുന്നതു കാണുമ്പോള്‍, മറ്റൊരാളുടെ വേദന കാണുമ്പോള്‍ നമ്മില്‍ ആ കോശവ്യവസ്ഥിതി ഉത്തേജിപ്പിക്കപ്പെടുന്നു. നമുക്കാണ് ആ അവസ്ഥ വരുന്നത് എങ്കില്‍ എങ്ങനെയുണ്ടായേനെ എന്ന് ആ കോശവ്യവസ്ഥിതി നമ്മെ
അക്ഷരാര്‍ഥത്തില്‍ ‘അനുഭവിപ്പിക്കുന്നു’. ഹിംസ നേരിട്ടേല്‍ക്കാതെ തന്നെ അത് അനുഭവിക്കുന്ന അവസ്ഥ! ഇതുതന്നെയാണ് മീനാക്ഷിടീച്ചര്‍ സ്വന്തം കൈവെള്ളയില്‍ ആഞ്ഞാഞ്ഞ് അടിച്ചപ്പോള്‍ അതു കണ്ടു നിന്ന കുഞ്ഞുങ്ങളുടെ മനസുകളിലും ഉണ്ടാവുക. കുറ്റം ചെയ്താല്‍ ഹിംസാത്മകമായ ശിക്ഷകിട്ടും എന്ന ബേസിക് സന്ദേശം തന്നെയാണ് മീനാക്ഷിടീച്ചറും കുട്ടികള്‍ക്കു നല്‍കിയതെന്ന് ഈ മന:ശാസ്ത്ര വിശകലനം വ്യക്തമാക്കുന്നു.
അടികൊള്ളാതെ തന്നെ അടികൊള്ളുന്നതിനു സമാനമായ ഈ അവസ്ഥ സൃഷ്ടിച്ചിട്ട് അതിനെ എന്തിനു അഹിംസയായി ഗ്ലോറിഫൈ ചെയ്യണം എന്നാണ് ഈ ലേഖനത്തിന്റെ അടിസ്ഥാന വികാരം എന്ന് ഞാന്‍ മനസിലാക്കുന്നു.

മറ്റൊന്ന്, മീനാക്ഷിടീച്ചറുടെ പ്രവര്‍ത്തി എല്ലാ കുട്ടികള്‍ക്കും ഒരു ‘ഭീകരാനുഭവം’ ആയി എന്നൊന്നും ഈ ലേഖനത്തില്‍ അര്‍ത്ഥമാക്കുന്നുവെന്നു തോന്നുന്നില്ല. ടീച്ചറുടെ പ്രവര്‍ത്തിയെ ഒരു ദാര്‍ശനിക നിലപാടായൊക്കെ മനസിലാക്കാന്‍ കണ്ടുനിന്ന എത്ര കുട്ടികള്‍ക്ക് പറ്റും എന്നതാണ് പ്രശ്നം.

ഗാന്ധിജിയുടെ വിഷയം ഒരു ഓഫ് ടോപ്പിക്കായിപ്പോകുമെന്നതിനാല്‍ കൂടുതല്‍ വിശകലനം പിന്നീടാകാം എന്നു കരുതുന്നു. എന്നിരുന്നാലും ഇത്രയും പറയാം - ടോള്‍സ്റ്റോയി ഫാം സംഭവത്തില്‍ ഗാന്ധി രണ്ടു കൌമാരപ്രായക്കാര്‍ ചെയ്തുവെന്നുപറയുന്ന ലൈംഗിക "സദാചാ‍ര കുറ്റ"ത്തെയാണ് നിരാഹാരത്തിലൂടെ ശിക്ഷിച്ചത് - ഇന്നത്തെ കാലത്ത് ഒരിക്കലും ഒരു തെറ്റായി ആരും കാണാനിടയില്ലാത്ത ഒരു പ്രശ്നം. അത് അദ്ദേഹത്തിന്റെ മതാധിഷ്ഠിത സദാചാര ബോധത്തിന്റെ മാ‍ത്രം അടിസ്ഥാനത്തിലായിരുന്നു. (അതു മോശമാണെന്നല്ല, മോഷണം എന്ന കുറ്റത്തോളം വലുതായി എനിക്കതിനെ കാണാനാവുന്നില്ല എന്നതുകൊണ്ട് ആദ്യ കമന്റില്‍ അങ്ങനെ എഴുതിയെന്നുമാത്രം)

പിന്നെ,
വിഭജനകാലത്തെന്നു മാത്രമല്ല എല്ലാ കാലത്തും ഗാന്ധിജിയുടെ അഹിംസാ തന്ത്രം പാളിയിട്ടേയുള്ളൂ എന്ന അഭിപ്രായമാണെനിക്ക്. പട്ടിണികിടന്ന് ഗാന്ധിജിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉരുള്‍പൊട്ടാന്‍ പോകുന്ന അക്രമത്തിനെക്കുറിച്ചുള്ള ഭയം മാത്രമാണ് അദ്ദേഹത്തിന്റെ സത്യഗ്രഹ/നിരാഹാര സമരങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണകൂടം കീഴടങ്ങിക്കൊടുക്കാനുള്ള മുഖ്യകാരണം. അത്തരമൊരു ഭയം ഉളവാക്കപ്പെടുന്ന സമരത്തെ ‘അഹിംസാ സമരം’ എന്ന് വിളിക്കുന്നത് അപഹാസ്യമാണ്.
അതേ 'ജനരോഷ-ഇഫക്റ്റ്' മതവികാരത്തള്ളിച്ചയില്‍ വര്‍ക്ക് ചെയ്യില്ല എന്നതിനാലാണല്ലോ വിഭജനത്തെ എതിര്‍ത്ത് ഗാന്ധിജി കൂടുതല്‍ സമരങ്ങള്‍ക്ക് പോകാതെ നെഹൃവിനും ജിന്നയ്ക്കും കീഴടങ്ങിക്കൊടുത്തത്. ( ഇത് ഈ പോസ്റ്റുമായി ബന്ധമില്ലാത്തതായതിനാല്‍ ഇവിടെ ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല:)

മായാവി.. said...

GREAT POST

Rajeeve Chelanat said...

വെള്ളെഴുത്തേ

വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഈ പോസ്റ്റ് കാണാതിരുന്നെങ്കില്‍ നഷ്ടവുമായേനേ. കുറ്റവും ശിക്ഷയേയും കുറിച്ചുള്ള താങ്കളുടെ ചിന്തയെ പൂരിപ്പിച്ചുകൊണ്ട് സൂരജ്, സനാതനന്‍, എതിരന്‍ ആദിയായവര്‍ അവതരിപ്പിച്ച കാര്യങ്ങളും വളരെ പ്രസക്തമാണ്.

വെള്ളെഴുത്ത് സൂചിപ്പിച്ചപോലെ, ശരിയും ശരികേടും രണ്ടും ഇതിലു‍ള്‍പ്പെടുന്നുണ്ട്. സൂരജിന്റെ വളരെ വിശദവും സരളവുമായ അപഗ്രഥനവു. നന്നായി. എങ്കിലും,സൂരജ് പറഞ്ഞതിനോട് ഒരു ചെറിയ വിയോജിപ്പുള്ളത് സൂചിപ്പിക്കട്ടെ.

ഒട്ടുമിക്ക മനുഷ്യകാമനകള്‍ക്കും പിന്നില്‍ ലൈംഗികചോദനത്തിന്റെ അടിയൊഴുക്ക് (ശരിയായി) ദര്‍ശിച്ച ഫ്രോയിഡിയന്‍ രീതിശാസ്ത്രത്തില്‍നിന്ന് അല്പം മാറിനിന്നാണ് എറിക് ഫ്രോം മസോക്കിസത്തെ കാണുന്നത്. മറ്റൊന്നിനെ അടിമയാക്കാന്‍ കഴിയാതെ വരുമ്പോഴുള്ള വ്യക്തിയുടെ നിസ്സഹായതയാണ് അവനവനുനേരെ ഒരുവനെ തിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ മതം. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു തരം ആധിപത്യം ഉറപ്പിക്കല്‍.

ബാള്‍ട്ടിമൂറും ടോള്‍‌സ്റ്റോയ് ഫാമുമായി ഈ വാര്‍ത്തയെ കൂട്ടിക്കെട്ടിയതും നന്നായി.

ശക്തമായ എഴുത്തും.

അഭിവാദ്യങ്ങളോടെ

nalan::നളന്‍ said...

വെള്ളെഴുത്ത്,
ടീച്ചറുടെ തന്നെ വാക്കുകളില്‍ “അപ്പോള്‍ തോന്നിയ ഒരു വട്ട്”, അത്രേയുള്ളൂ. അതു പറഞ്ഞ സത്യസന്ധതയെ മാനിക്കണം. വികാരത്തിന്റെ സ്വാധീനമുള്ള പ്രവര്‍ത്തികള്‍. ഇതില്‍ ടീച്ചറെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ സെന്‍സേഷണലിസം മണത്ത് പാഞ്ഞെത്തി, മുതലെടുപ്പു നടത്തിയ മാധ്യമങ്ങളെയാണു തുറന്നുകാണിക്കേണ്ടത്. ആ വഴിക്കുള്ള പോസ്റ്റിനു അഭിവാദ്യങ്ങള്‍.

ശാരീരിക ശിക്ഷ, അന്യന്റെ ശരീരത്തിനുനേരെയുള്ള കടന്നാക്രമണമാണു. ഭീകര കുറ്റവാളികളെ ശിക്ഷിക്കുന്ന extreme കേസുകള്‍ വിടാം (ന്യായീകരിക്കുകയല്ല), എന്നാലും ഇതു തികച്ചും പ്രാകൃതമാണു. സ്കൂളുകളില്‍ ഈ പ്രാകൃതമായ രീതി തുടരുന്നതിനെപ്പറ്റി ഒരു വീണ്ടുവിചാരത്തിനുള്ള അവസരം ഉപയോഗിക്കുന്നതിനു പകരം, അത് സെന്‍സേഷണലൈസ് ചെയ്യുന്നതിലായിരുന്നു മാധ്യമങ്ങള്‍ ശ്രദ്ധിച്ചത്. സര്‍ക്കരിന്റെ നടപടി അതിലും കഷ്ടം.

കുറ്റം ചെയ്യുന്ന മുതിര്‍ന്നവരെ ശിക്ഷിക്കുന്നതും, കുട്ടികളെ ശിക്ഷിക്കുന്നതും രണ്ടായിട്ടു വേണം കാണേണ്ടത്.
കുട്ടികളുടേത് മനസ്സ് ഫ്രെഷ് ആണു്, അവിടെ അടിസ്ഥാനങ്ങള്‍ തെറ്റിയാല്‍ പിന്നീടു തിരുത്താന്‍ സമയമെടുക്കും, സംസ്കാരത്തിന്റെ വിത്തുകള്‍ വിതയ്ക്കേണ്ടിടത്ത് കാടിന്റെ പ്രാകൃതം വിതച്ചാല്‍ പിറകോട്ടു പോകുന്നത് ഒരു തലമുറ മൊത്താമായായിരിക്കും.

ഓഫ്: “ഒട്ടുമിക്ക മനുഷ്യകാമനകള്‍ക്കും പിന്നില്‍ ലൈംഗികചോദനത്തിന്റെ അടിയൊഴുക്ക് (ശരിയായി) ദര്‍ശിച്ച ഫ്രോയിഡിയന്‍ രീതിശാസ്ത്രത്തില്‍നിന്ന് അല്പം മാറിനിന്നാണ് എറിക് ഫ്രോം മസോക്കിസത്തെ കാണുന്നത്“
ഫ്രോയിഡിന്റെ ചില ദര്‍ശനങ്ങളെങ്കിലും ശരിയായിരുന്നില്ലെന്നു ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നാണു തോന്നുന്നത്.

അപ്പു ആദ്യാക്ഷരി said...

വെള്ളെഴുത്തേ, ഒന്നാംതരമായി എഴുതാനുള്ള ശൈലിക്ക് ആദ്യമേ ഒരു നമോവാകം!

ഈ സംഭവം ഞാന്‍ ആദ്യം വായിച്ചത് വനിതയിലായിരുന്നു. അതു വായിച്ചപ്പോള്‍ ആദ്യം എന്നെ ആകര്‍ഷിച്ചത് (ശ്രദ്ധ ആകര്‍ഷിച്ചത്) ടീച്ചര്‍ എന്തുചെയ്തു എന്നതിലല്ല, മറിച്ച് അതുവഴി ഒരു കുട്ടി സത്യം പറഞ്ഞു, കുട്ടികളുടെ നിഷ്കളങ്കത ഇന്നും നശിച്ചിട്ടില്ല, കൊച്ചു കുട്ടികള്‍ എത്രനല്ലവരാണ് എന്നൊക്കെയുള്ള വസ്തുതകളാണ്. ഒരു പക്ഷേ ടീച്ചറും അപ്പോള്‍ അത്രയുമൊക്കെയേ ആലോചിച്ചു കാണുകയുള്ളൂ.

ഈ പോസ്റ്റും അതില്‍ വന്ന കമന്റുകളും വായിച്ചപ്പോഴാണ് ഈ സംഭവത്തിന് ഇങ്ങനെയും ചില അര്‍ത്ഥതലങ്ങള്‍ ഉണ്ടല്ലോ എന്നു തോന്നിയത്. വ്യത്യസ്തമായ ഈ കാഴ്ചപ്പാടുകള്‍ക്ക് നന്ദി, വെള്ളെഴുത്തിനും കമന്റൂകള്‍ എഴുതിയ എല്ലാവര്‍ക്കും -

പക്ഷേ ഇതിനെ ഒരു കുട്ടിക്കഥയുടെ പരിവേഷത്തോടെ കാണാനാണ് എനിക്കിഷ്ടം!

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വെള്ളെഴുത്തിന്റെ ഈ പോസ്റ്റ്‌ പകുതി വായിച്ച്‌ ഇവിടെ നിന്നു പോയതാണ്‌. ഇപ്പോഴാണ്‌ വരാന്‍ കഴിഞ്ഞത്‌.വെള്ളെഴുത്തിനും, സൂരജിനും, സനാതനുമെല്ലാം നന്ദി പറയട്ടെ യോജിപ്പുകളും വിയോജിപ്പുകള്‍ അടയാളപ്പെടുതാതെ തന്നെ ഇവിടെ നിന്നു വിടവാങ്ങുന്നു. നല്ലൊരു ചര്‍ച്ചയിലെ ശ്രോതവിനെ പോലെ..... ചര്‍ച്ച തുടരുമെന്ന് പ്രതീക്ഷീച്ചു കൊണ്ടും അതിനൊരു ലിങ്കിന്‌ വേണ്ടിയും ഈ കമന്റ്‌.....

yousufpa said...

പണ്ട് നാലാം ക്ലാസിലാണെന്ന് തോന്നുന്നു.അന്നത്തെ പാഠ പുസ്തകത്തില്‍ ഒരു കഥയുണ്ടായിരുന്നു.
ഒരദ്ധ്യാപകന്‍ രണ്ട് വിദ്ധ്യാര്‍ത്ഥികള്‍ക്കായി കുറച്ച് പൈസ കൊടുത്ത്,രണ്ട് ക്ലാസ് മുറികള്‍ ഓരോരുത്തര്‍ക്കായി വീതിച്ചു നല്‍കി ഇങ്ങനെ പറഞ്ഞു.
നിങ്ങള്‍ക്ക് നല്‍കിയ മുറികള്‍ ഞാന്‍ തന്ന പൈസ കൊണ്ട് എന്തെങ്കിലും വാങ്ങി നിറയ്ക്കുക.

പിറ്റെ ദിവസം പാവം മാഷ് വന്നു;
ഓരോരുത്തരോടായി അവരവരുടെ മുറി കാണിക്കാനായി പറഞ്ഞു.
ഒന്നാമത്തെ കുട്ടിയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തത്ര ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ ആയിരുന്നു.കാരണം,അവനു കിട്ടിയ പണം കൊണ്ട് വാങ്ങി നിറക്കാന്‍ കഴിഞ്ഞത് നഗര സഭയുടെ ചവറ്റു കൂനകളായിരുന്നു.
മറ്റെ കുട്ടിയുടെ മുറി പരിശോധിച്ചപ്പോഴാകട്ടെ,
ചന്ദനത്തിരിയാല്‍ പുക നിറച്ച് സുഗന്ധപൂരിതവുമായിരുന്നു.

ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞ് എഴുതിയതാണ്.

ഈ കഥ എന്റെ മനസ്സിനെ വല്ലാതെ സ്വാതീനിച്ചിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലം പഠിക്കുകയാണെങ്കില്‍ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്.കുട്ടികളെ അറിഞ്ഞ് പഠിപ്പിക്കുക.

താങ്കളുടെ ലേഖനത്തില്‍ തന്നെ ഉത്തരവും ഉണ്ട്

absolute_void(); said...

വെള്ളെഴുത്തു്,

you said it!

ആഴങ്ങളില്ലാത്ത മാദ്ധ്യമപ്രവര്‍ത്തകരുടെ അതിലാഘവത്വമാര്‍ന്ന സമീപനമാണു് ഇതിനെയൊക്കെ മഹത്വപ്പെടുത്തുന്നതു്. അന്നേരത്തെ വട്ടുമാത്രമായ സംഭവത്തെ മഹാസംഭവമാക്കി എഴുന്നള്ളിക്കുക വഴി അറിയാതെ സംഭവിച്ചതു് വെള്ളെഴുത്തു പറഞ്ഞ കാര്യം തന്നെയാണു്. അറിയാതെ സംഭവിച്ചതു് എന്നു് എടുത്തുപറയുകയാണു്. തങ്ങള്‍ ചെയ്യുന്നതു് എന്തെന്നു് അറിയാതെയാവും അവര്‍ - മനോരമയിലെയും പിന്നീടു് വനിതയിലെയും റിപ്പോര്‍ട്ടറും എഡിറ്ററും - അതു് പബ്ലിഷ് ചെയ്തതു്. റിപ്പോര്‍ട്ടിംഗിലും എഡിറ്റിംഗിലും ഉള്ള പരിചയസമ്പന്നത എല്ലായിടത്തും സഹായിക്കുകയില്ല എന്നതിനു് ഉദാഹരണം കൂടിയാണിതു്. നന്നായി എഴുതുകയും നന്നായി എഡിറ്റുചെയ്യുകയും ചെയ്ത സ്റ്റോറി തന്നെയായിരുന്നല്ലോ, അതു്!

Sandeep PM said...

ഏത്‌ കാര്യത്തേയും റൊമാന്റിസൈസ്‌ ചെയ്യാനുള്ളൊരു പ്രവണത സമൂഹത്തിനുണ്ട്‌. വിഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നത്‌ അവനവന്റെ നിലനില്‍പ്പിനു വേണ്ടിയാണെന്ന് തോന്നുന്നു.മറ്റുള്ളവര്‍ക്ക്‌ വേണ്ടി വേദനിക്കുന്നതിനെ വേറിട്ട്‌ തന്നെ കാണണം.