March 17, 2008

പരാജയപ്പെട്ടവരുടെ ശരീരം


രേഷ്മ എന്ന നടിയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ക്ലിപ്പിങ് ആകസ്മികമായി കാണാനിടയായി. മൊബൈല്‍ ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ആര്‍ക്കോ ഒക്കെ അയച്ചു കൊടുത്തതിന്റെ പേരിലാണ് കളമശ്ശേരി എസ് ഐ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ചോദ്യം ചെയ്യലിനിടയില്‍ ചിത്രീകരണം പതിവാണെന്ന് പോലീസിന്റെ ഭാഗത്തു നിന്ന് ദുര്‍ബലമായ ഒരു വിശദീകരണം കേട്ടിരുന്നു. ഇത് ചിട്ടപ്പടിയുള്ള ചിത്രീകരണമൊന്നുമല്ലെന്ന് കണ്ടാലറിയാം. ഹിന്ദിയിലാണ് ചോദ്യം ചെയ്യല്‍. ശബ്ദം പലയിടത്തും ഉയര്‍ന്നും കുറഞ്ഞും ചിതറിയും തീരെ വ്യക്തമല്ല. ദൃശ്യതയും മോശം. ഹോട്ടല്‍ മുറി പോലെയുള്ള ഒരിടത്താണ്. രേഷ്മ നില്‍ക്കുകയാണ്. ഇടത്തു നെറ്റിയില്‍ ഒരു മുറിപ്പാടുണ്ട്. ആത്മവിശ്വാസമില്ലാതെ, ആര്‍ക്കോ വേണ്ടി അവര്‍ ചിരിക്കുന്നുണ്ട്. പരുക്കന്‍ ശബ്ദത്തില്‍ ഉയര്‍ന്നു പൊങ്ങിയ ഒരു ചോദ്യം ‘നിനക്ക് കുടുംബമില്ലേയെന്നുള്ള‘താണ്. അതിനു പറഞ്ഞ മറുപടി വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞ് അകത്തെ മുറിയില്‍ നിന്ന് സിമ്രാനെ വിളിക്കാന്‍ ആവശ്യപ്പെടുന്നു. (രേഷ്മയോടൊപ്പം സിമ്രാന്‍, രമ്യ, ബീന എന്നിവരെയാണ് പോലീസ് അനാശാസ്യത്തിന് അറസ്റ്റു ചെയ്തത്. ഒപ്പം ജോമോന്‍, ജിയോ ഫിലിപ്പ് എന്നീ ആണുങ്ങളെയും) ഒരാളില്‍ നിന്ന് എത്ര രൂപയാണ് വാങ്ങിക്കുന്നത് എന്നു മറുപടി പറഞ്ഞ ശേഷം സിമ്രാനോട് ചോദിച്ച ചോദ്യം ‘നീ രേഷ്മയേക്കാള്‍ സുന്ദരിയാണല്ലോ നിനക്ക് കൂടുതല്‍ പണം കിട്ടേണ്ടതാണല്ലോ‘ എന്നാണ്.

പോലീസ് ചോദ്യം ചെയ്യലിന്റെ വഴിത്താരകളെക്കുറിച്ച് അധികം അറിയേണ്ടതില്ല. പല രീതികള്‍ അവര്‍ അവലംബിക്കാറുണ്ടെന്നു മാത്രമറിയാം. അവ ചിലപ്പോഴൊക്കെ ക്രൂരമാവാറുള്ളത് സമൂഹം സ്വസ്ഥമായി ക്കിടന്നുറങ്ങാന്‍ വേണ്ടിയാണെന്നാണ് പോലീസുകാരായ സുഹൃത്തുക്കള്‍ നല്‍കിയിട്ടുള്ള സമാധാനം. ഇവിടെയും ചോദ്യം ചെയ്യലിലൂടെ പെണ്‍കുട്ടികളെ ഇങ്ങനെയൊരവസ്ഥയിലേയ്ക്ക് വലിച്ചിഴക്കുന്ന വ്യവസ്ഥയും തമ്പുരാക്കന്മാരുമൊക്കെ പുറത്തുവരികയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യുമെങ്കില്‍ നല്ലത്. ഏതാനും സെക്കന്റുകളില്‍ അവസാനിച്ചു പോയതെങ്കിലും നടുക്കത്തോടെ മാത്രം കണ്ട ചോദ്യം ചെയ്യല്‍ എന്ന റിയാലിറ്റിയെപ്പറ്റിയും അതിന്റെ പരിണതഫലത്തെപ്പറ്റിയും അത്രയ്ക്കങ്ങ് ശുഭാപ്തിക്കാരനാവാന്‍ വയ്യ. അങ്ങനെയൊരു ശുഭസൂചനയും നമ്മുടെ സമകാല ചരിത്രം ആരുടെ മുന്നിലും നേദിച്ചിട്ടില്ല. അപ്പോഴീ ചോദ്യങ്ങള്‍ മുറപോലുള്ള സര്‍ക്കാരു കാര്യത്തിന്റെ പട്ടികയില്‍ എഴുതിതള്ളാമായിരുന്നു, പക്ഷേ ഇവിടെ എം എം എസ്സു വഴി പ്രചരിക്കപ്പെട്ട വീഡിയോ ക്ലിപ്പിങ്ങ് നല്‍കുന്ന ഒരു സൂചനയുണ്ട്. ‘ബി ക്ലാസ്സു സിനിമകളിലും സിഡികളിലും നിങ്ങള്‍ കണ്ടു വെള്ളമിറക്കിയ ഒരു പെണ്‍ശരീരം ‘ഞങ്ങളുടെ‘ മുന്നില്‍ ദാ നില്‍ക്കുന്ന നില്പ് നോക്ക്‘ എന്നാണ് അതു പറയാതെ പറഞ്ഞ അര്‍ത്ഥം. ചോദ്യങ്ങള്‍ സ്ഥാപനവത്കൃതമായ നമ്മുടെ പൊള്ള സദാചാരങ്ങളുടെ പ്രകടന പത്രികയും. ഇതു രണ്ടുമായിരുന്നു ഏറ്റവും വലിയ അശ്ലീലം. പക്ഷേ അവയിലെ ലീനദ്ധ്വനികള്‍ മനസ്സിലാക്കാനുള്ള പാകതമാത്രം ഇനിയും നമ്മുടെ തലച്ചോറുകള്‍ക്ക് കൈവന്നിട്ടില്ലല്ലോ.


രേഷ്മ, പതിവുപോലെ സിനിമാഭിനയം എന്ന സ്വപ്നവുമായി വന്ന് ഈ തൊഴിലിലേയ്ക്ക് എറിയപ്പെട്ടതാണ്. കൂടുതല്‍ സുന്ദരി എന്നു പോലീസുകാരന്‍ പറഞ്ഞ പെണ്‍കുട്ടി സിമ്രാന്റെയും കഥ മറ്റൊന്നാകാന്‍ തരമില്ല. നമ്മുടെതു പോലുള്ള സദാചാരവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് വേശ്യയായി തീരാന്‍ ഒരു പാട് ബലതന്ത്രങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. അപ്പോള്‍ 23ഉം 21ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍, അവര്‍ കടന്നു പോയ പീഢന പര്‍വങ്ങള്‍ക്കു പുറമേ, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കഷ്ടകാണ്ഡങ്ങള്‍ കൂടി കഴിച്ചുകൂട്ടിക്കഴിയുമ്പോള്‍ എന്താണ് മൊത്തത്തില്‍ സംഭവിക്കുക? അറസ്റ്റു ചെയ്യപ്പെട്ട പെണ്‍ജീവിതങ്ങള്‍ നേര്‍ വഴിക്കാവുമോ? അതിനു പിന്നാലെ വരുന്ന പെണ്‍കുട്ടികളൊക്കെ രക്ഷപ്പെടുമോ? കേരളത്തിലെ ആണുങ്ങളെല്ലാം വ്യഭിചാരബുദ്ധി ഉപേക്ഷിച്ച് രാഷ്ട്രീയം മതം ഏതെങ്കിലുമൊന്നില്‍ അഭയം തേടി, പരിശുദ്ധരാവുമോ? വേശ്യാവൃത്തി എന്നെന്നേയ്ക്കുമായി തുടച്ചു നീക്കപ്പെടുമോ, ഇവിടെ?

സദാചാരം എന്നും ആണത്താധികാരത്തിന്റെ മേഖലയായിരുന്നു. നിര്‍മ്മിക്കപ്പെട്ടത് ആര്‍ക്കുവേണ്ടിയാണോ അവരു തന്നെ ശിക്ഷാധികാരികളായി വരുന്നതരം വൈരുദ്ധ്യത്തിനു ചരിത്രത്തിന്റെ തുടക്കം മുതല്‍ വിധേയമായ ഒരു പ്രത്യേക നിയോജകമണ്ഡലമാണത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാവുന്നത് നമ്മുടെ നിയമത്തില്‍ ഏതു വഴിയ്ക്കാണെന്ന് ഒരു പിടിയുമില്ല. കുറ്റം അരുതാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിലാണ്. ഇമ്മോറല്‍ ട്രാഫിക്ക്. പണവും പോക്കറ്റിലിട്ടു കിലുക്കി വീടിനു നടയില്‍ ചെന്നു നിന്നവരെ ഈ പാവം പെണ്ണുകള്‍ “അരുതാത്തതു“ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നു വരുന്നതിന്റെ വിരോധാഭാസം, ക്വിന്റല്‍ കണക്കില്‍ വിറ്റു പോകും ഇപ്പോള്‍ മാര്‍ക്കറ്റില്‍ !

ഉത്പാദനബന്ധങ്ങള്‍ വച്ച് എംഗല്‍‌സ് തരം തിരിച്ച സമൂഹത്തിന്റെ മൂന്നാം ഘട്ടത്തിലാണ് നമ്മള്‍ മലയാളികളും. ഏകദാമ്പത്യ ലൈംഗിക ജീവിതം നയിക്കുന്ന പരിഷ്കൃതസമൂഹം. പരസ്പരവിരുദ്ധങ്ങളും ഉള്ളുപൊള്ളകളുമായ മൂല്യങ്ങള്‍ സന്നിഹിതമാണീ പരിഷ്കാരത്തില്‍ എന്ന് ആര്‍ക്കാണറിയാന്‍ വയ്യാത്തത്. അതു പറഞ്ഞു തരാന്‍ ചില ബൊഹീമിയനുകള്‍ നവാബു രാജേന്ദ്രനായി സുരാസുവായി ജോണ്‍ എബ്രഹാമായി അയ്യപ്പനായി കൊള്ളിയാന്‍ പാഞ്ഞിട്ടുണ്ട് ഇവിടെയും. നമുക്കില്ലാതെ പോയത് മുഖത്തടിക്കുന്ന ഒരു ലൈംഗിക അരാജകവാദിയാണ്. എണ്‍പതുകള്‍ അതിനു പറ്റിയ മണ്ണായിരുന്നു. ഗൊദാര്‍ദ് ടൈറ്റിലില്‍ ഒരാവശ്യവുമില്ലാതെ ഉദ്ധരിച്ച ലിംഗം കാണിച്ചു. മര്‍ലിനും മഡോണയും നിക്കോലി കിഡ്മാനും ശരീരത്തില്‍ നിന്ന് വേറിട്ടതല്ല സ്വത്വം എന്ന് മറ കൂടാതെ തെളിയിച്ചു. ( സ്മിതയ്ക്കോ രേഷ്മയ്ക്കോ അവിടങ്ങളില്‍ ജനിക്കാമായിരുന്നു ) പിന്നീട് ബര്‍ട്ടുലൂച്ചിയും (ഡ്രീമേഴ്സ്) കാസ്പര്‍ നോയിയും(ഇറിവേഴ്സിബിള്‍) ലൈംഗിക ധാരണകളെ തന്നെ, പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ടു പുതുക്കി. മറ്റു പലതും ലവലേശം കുറ്റബോധം കൂടാതെ ഇറക്കുമതി ചെയ്ത മലയാളി എന്തുകൊണ്ടോ അവിടെ മാത്രം തരിച്ചു നിന്നു. ആദ്യകാലത്ത് ചില സ്പാര്‍ക്കുകള്‍. അത്രമാത്രം. അതവിടെ കത്തി തീര്‍ന്നു. അവളുടെ രാവുകള്‍ക്കും സത്രത്തിലൊരു രാത്രിയ്ക്കും രതി നിര്‍വേദത്തിനും മലങ്കാറ്റിനും ശേഷം മലയാളസിനിമ കാനന സുന്ദരിയിലേയ്ക്കും അഞ്ചരയ്ക്കുള്ള വണ്ടിയിലേയ്ക്കും കിന്നാരത്തുമ്പികളിലേയ്ക്കും പോയതങ്ങനെയാണ്. പെണ്‍ശരീരങ്ങള്‍ പിന്നെയും ഒളിച്ചുനോട്ടങ്ങള്‍ക്കുള്ള സങ്കേതമായി. നമുക്കു മാത്രമല്ല. മറ്റു ഭാരതീയര്‍ക്കും. അവയൊന്നും പുതുക്കാന്‍ ശ്രമിച്ചില്ല. പകരം അനാരോഗ്യകരമായ കുറ്റബോധങ്ങള്‍ ബാല്യം തൊട്ടു വാര്‍ദ്ധക്യം വരെ നിറച്ചു വച്ചുകൊടുത്തു. വിജയശ്രീ, പ്രമീള, ജയമാലിനി, റാണി പദ്മിനി, സ്മിത, ഷക്കീല, രേഷ്മ... ശരാശരി മലയാളി ആണ്‍ കൌമാരത്തിന്റെ കാലാന്തരത്തിലുള്ള വളര്‍ച്ച (?) കൂടി ഈ പെണ്‍ശരീരങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്. മറ്റൊന്നു കൂടി, അരിയും പച്ചക്കറികളും ഇറച്ചിയും പോലെ നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍പ്പെടുത്തി പിന്നെ പിന്നെ മലയാളിക്ക് ഒളിഞ്ഞുനോക്കാനും അനുഭവിക്കാനുമുള്ള പെണ്‍ ശരീരങ്ങളും ഇറക്കുമതി ചെയ്യേണ്ടി വരുന്നു എന്നുള്ളതാണ് അത്. ഇപ്പോള്‍ മല്ലുവിന്റെ ‘രതിചിത്ര‘താരം രേഷ്മ മൈസൂര്‍ കല്യാണനഗരി സ്വദേശിയാണ് !


നമ്മളെങ്ങോട്ടേയ്ക്കും വളര്‍ന്നിട്ടില്ല, മൂത്രമൊഴിക്കുന്നിടത്തേയ്ക്കു നോക്കി വാപൊത്തി അമര്‍ത്തിപ്പിടിച്ചു ചിരിക്കുന്ന ശൈശവാവസ്ഥയില്‍ നിന്ന് എങ്ങോട്ടേയ്ക്കും. പോലീസുകാരുടെ മുന്‍പില്‍ നിന്ന് ആശ്രയമില്ലാതെ വിളറിയ ചിരി ചിരിച്ച രേഷ്മ ചെറുതല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഇത്രയും നാള്‍ അവര്‍ നമ്മളെ രസിപ്പിക്കുകയായിരുന്നു. പാവം. മലയാളിയുടെ അടക്കി വച്ച ആഗ്രഹങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ തുണിയുരിഞ്ഞ ഒരു 23 -കാരിയുടെ ഇനിയുള്ള ജീവിതം എന്തായിരിക്കും, ഇവിടെ.
സ്മിത മരിച്ചപ്പോള്‍ അവര്‍ക്കുള്ള അര്‍ച്ചനാലാപത്തില്‍ യു രാജീവ് എഴുതി :
“ ഏതായാലും
നീ, സ്വയം മരിച്ചത്
നന്നായി.
അല്ലെങ്കില്‍
........
മുഖത്തെ രേഖാംശങ്ങളില്‍
വെടിയുപ്പു നിറച്ചോ
മുലക്കണ്ണില്‍ കുളമ്പടിയിട്ടോ
അടിവയറ്റില്‍
തേള്‍ കടിപ്പിച്ചോ
കല്ലെറിഞ്ഞോ
കുരിശിലേറ്റിയോ
നിന്നെ
ഞങ്ങള്‍ തന്നെ
കൊല്ലുമായിരുന്നു.” (വിശുദ്ധ സ്മിതയ്ക്ക്)

കാലം കഴിയുമ്പോഴെങ്കിലും കാര്യങ്ങള്‍ വ്യത്യാസപ്പെടുന്നുണ്ടോ?
Post a Comment