February 23, 2008

മണ്ണിന്റെ നിറം


“കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ഒരു കുഞ്ഞിന്റെയും അമ്മയുടെയും കണ്ണീരുവീഴാന്‍ പാടില്ലായിരുന്നു. അവരോട് മാപ്പു ചോദിക്കുന്നു.”
-വല്ലാര്‍പ്പാടത്ത് നാലുവരിപ്പാത നിര്‍മ്മിക്കാന്‍ വേണ്ടി ഭൂമി ഏറ്റെടുത്ത സംഭവത്തില്‍ വീഴ്ചയും അപാകതയുമുണ്ടെന്ന കാര്യം പുറത്തുവന്നപ്പോള്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്. ഫെബ്രുവരി ആറിന് മൂലമ്പള്ളി ദ്വീപിലെ പത്തു കുടുംബങ്ങളെ ബലം പ്രയോഗിച്ചു പുറത്താക്കിയതിന്റെ സാഹചര്യം മന്ത്രി തന്നെ വിശദമാക്കിയതു പത്രങ്ങളില്‍ വന്നിരുന്നു. അതായത് “ഫെബ്രുവരി 15-നു മുന്‍പ് ഭൂമി ഏറ്റെടുത്തു നല്‍കേണ്ടതുണ്ടായിരുന്നെന്നും കുടിയൊഴിക്കപ്പെടുന്നവരുടെ സ്ഥലത്തിനു ‘നല്ല‘ വില നല്‍കണമെന്നും വീടു വയ്ക്കാന്‍ സ്ഥലം നല്‍കണമെന്നും വീടുവയ്ക്കുന്നതുവരെ താമസിക്കാന്‍ ആറുമാസത്തെ വാടക മുന്‍‌കൂര്‍ നല്‍കണമെന്നുമൊക്കെ മന്ത്രിസഭ നിശ്ചയിച്ചിരുന്നെന്നും ....“ ഒന്നും സംഭവിച്ചില്ല. അല്ലെങ്കില്‍ ഈ പറഞ്ഞു കേള്‍ക്കുന്നതിന്റെ മാധുര്യം സംഭവിക്കുന്നതിനില്ല. നന്ദിഗ്രാമവും ഖമ്മവുമൊക്കെ വഴിപോലും ചോദിക്കാതെ തീവണ്ടി കയറി ഇങ്ങോട്ടു വരികയാണ്. പക്ഷേ ഇതില്‍ ശ്രദ്ധേയമായ ഒരു സംഗതിയുണ്ട്, നന്ദിഗ്രാം ഇന്നും കുറച്ചുപേര്‍ക്കെങ്കിലും പ്രത്യയശാസ്ത്രവിശകലനത്തില്‍ ഒരു തെറ്റല്ല. അതുകൊണ്ട് പ്രയാസപ്പെട്ടുള്ള പശ്ചാത്താപപ്രകടനങ്ങള്‍ക്കിടയിലും ഒരു പാട് ‘പക്ഷേകള്‍‘ നുഴഞ്ഞു കയറുന്നതു കാണാം. മറിച്ച്, ഗുണപരമായ മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും റവന്യൂ മന്ത്രിയുടെ നടേ പറഞ്ഞ മാപ്പപേക്ഷയില്‍ ഒരു നന്മയുണ്ട്. സാധാരണ അധികാരത്തിലെത്തിയവരില്‍ കാണാത്ത ജനാധിപത്യബോധത്തിന്റെ തിരിനാളമുണ്ട്. പ്ലാച്ചിമടയുള്‍പ്പടെയുള്ളിടങ്ങളില്‍ ഇടതുവലതു ഭേദമില്ലാതെ കേട്ട/കേട്ടുകൊണ്ടിരിക്കുന്ന മുടന്തന്‍‌ന്യായങ്ങളുടെ ചുറ്റിക്കളി കുറവ്. കാര്യങ്ങള്‍ മന്ത്രിസഭാ തലത്തില്‍ തീരുമാനമായിട്ടുണ്ട്. അതു നടപ്പാവും എന്നൊരു ശുഭ സൂചന പിന്നാലെ വരുന്ന വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.

ഈ ചെയ്തി, ഏതു ഗുണപരമായ രാഷ്ട്രീയ ഊര്‍ജ്ജത്തിന്റെ ഫലമാണ്? മാദ്ധ്യമം ആഴ്ചപ്പതില്‍ ലേഖനമെഴുതിയ സി ആര്‍ നീലകണ്ഠന്‍ ഇതിനെ ജനകീയശക്തികളുടെ മുന്നേറ്റമായിട്ടാണ് കാണുന്നത്. ഒരു മുഖ്യധാരാകക്ഷിയുടെ പിന്‍‌ബലമില്ലെങ്കില്‍ പോലും സര്‍ക്കാരുകളുടെ അജണ്ടയെ സ്വാധീനിക്കത്തക്കത്തരത്തില്‍ ജനകീയ ശക്തികള്‍ക്ക് വളരാന്‍ കഴിയുമെന്നതിന്റെ സൂചനയാണിത്. ആണോ? മുത്തങ്ങയിലും നൈനാം കോണത്തും പ്ലാച്ചിമടയിലും തോറ്റുപോയ നിസ്സഹായരായ ജനക്കൂട്ടം കാലപരിണാമത്തിന്റെ ചക്രവാതമേറ്റ് ഇവിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഭാവിയിലേയ്ക്ക് വിജയസൂചന നല്‍കുകയും ചെയ്തതാണോ? ആ ആലോചനതന്നെ സുഖമുള്ള ഒരു കുളിക്കാറ്റ് സൃഷ്ടിക്കുന്നുണ്ടെങ്കിലും തത്കാലം നമുക്ക് ഒരു നിര്‍ണ്ണയനത്തിലേയ്ക്കും എടുത്തു ചാടാതിരിക്കാം, മാവൂര്‍ സമരവും സൈലന്റുവാലിയും അതിവേഗപാതയും നമ്മുടെ ചരിത്രത്തില്‍ വേണ്ട രീതിയില്‍ അടയാളപ്പെട്ടിട്ടില്ലാത്ത നിലയ്ക്ക്. മറ്റു രൂപങ്ങളില്‍ അവ എതു സമയവും തിരിച്ചു വരാന്‍ സാദ്ധ്യതയുള്ള നിലയ്ക്ക്..

മണ്ണ് ഇപ്പോള്‍ വാര്‍ത്തകളില്‍ പലവേഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമിവില ഒരിഞ്ചുപോലും ഉയരാതിരുന്ന ഒരവസ്ഥയുണ്ടായിരുന്നു. അതു നികുതി പ്രഭവസ്ഥാനത്തു വച്ചു തന്നെ ഈടാക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണെന്നായിരുന്നു സാധാരണക്കാരന്‍ പരത്തിയ കിംവദന്തി ! ഇന്ന് സെന്റിന് കോടികളാണെന്നറിയാന്‍ റിയല്‍ എസ്റ്റേറ്റുകാരുടെ മുറയ്ക്കുള്ള പത്രപരസ്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. ആര്‍ക്കാണ് കോടികള്‍ മുടക്കി ഒരു തുണ്ട് ഭൂമി സ്വന്തമാക്കാന്‍ കഴിയുന്നത്? 32% ഡി എയുമായി അവനവനെ(അവളവളെക്കൊണ്ടും) കൊണ്ടു പറ്റാത്ത സ്വപ്നം കണ്ടു കഴിഞ്ഞു കൂടുന്ന സര്‍ക്കാര്‍ ലാവണക്കാരെയോ അവരെ ഉപജീവിച്ചു വില കൂട്ടിയും കുറച്ചും ജീവിക്കുന്ന ചെറുകിടകച്ചവടക്കാരെയോ? അവരാണല്ലോ ഭൂരിപക്ഷം. കിഡ്‌നി വില്‍ക്കുമ്പോലെ, പാരമ്പര്യവഴിയ്ക്കു കിട്ടിയ തുണ്ടോ പറമ്പോ വില്‍ക്കണം എന്തെങ്കിലുമൊരു കുടുംബാഘോഷം നടത്താന്‍ എന്ന അവസ്ഥയിലേയ്ക്ക് ബഹുദൂരം അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ സോ കോള്‍ഡ് മദ്ധ്യവര്‍ഗം. എ പി എല്ലുകള്‍. സര്‍ക്കാരാപ്പീസുകളില്‍ കേറുമ്പോള്‍ ‘താ താ‘ എന്നു പറഞ്ഞു കൈയും നാക്കുമൊക്കെ നീട്ടുന്ന ഇരപ്പാളിത്തരം അവന്റെ ‘അടിച്ചുപൊളി’ ജീവിതത്തിനു ജാമ്യമെടുക്കാനാണ് എന്നാണു വയ്പ്പ്. എന്നിട്ട് രക്ഷപ്പെടുമോ? പ്രൈവറ്റ് ആശുപത്രിയില്‍ (അതല്ലേയുള്ളൂ കേരളത്തില്‍) കുടുമ്മത്തുള്ള ആരു കേറിയാലും തീരില്ലേ അവന്റെ ആയുഷ്ക്കാല ‘കൈക്കൂലി‘ സമ്പാദ്യം. അതുപോട്ടെ, വിവിധ എല്‍ ഡി എഫ് മന്ത്രിമാര്‍ അകപ്പെട്ട വിവാദച്ചുഴികളില്‍ മുഖ്യം ഭൂമിയിടപാടുകളുമായി ബന്ധപ്പട്ടവയാണെന്നത് വെറുമൊരു ആകസ്മികതയാണോ?

നിയമപരിഷ്കരണ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്ന് ജസ്റ്റീസ് കൃഷ്ണയ്യര്‍ പറഞ്ഞത്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ ചൊടിച്ചാണ്. ഭൂപരിഷ്കരണനിയമം റദ്ദാക്കിയാല്‍ ഒന്നും സംഭവിക്കില്ലെന്നാണ് ബാലകൃഷ്ണന്‍ പറഞ്ഞത്. കേരളത്തില്‍ വ്യവസായം വളരാത്തതിന്റെ കാരണം അതാണത്രേ. അതു തന്നെയാണ് കുറച്ചു മുന്‍പ് മന്ത്രി എളമരം കരീമും വേറൊരു തരത്തില്‍ ചോദിച്ചത് “വ്യവസായം പിന്നെ തെങ്ങിന്‍ മണ്ടയിലാണോ വരിക?” സമൂഹം വളരുകയാണ്. കാലഗതിയ്ക്കൊത്തു നീങ്ങുന്ന ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളായാണ് ടെക്നോസിറ്റിയും അതിവേഗ പാതകളും വ്യവസായങ്ങളും ലക്ഷ്വറി പാര്‍പ്പിടങ്ങളും മറ്റും മറ്റും വരുന്നത്. പൊതുസമൂഹമെന്നതിന്റെ നിര്‍വചനം പ്രത്യയശാസ്ത്രമാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്നതിന്റെ ഒരു ഫലമാണിത്. മുകളിലേയ്ക്കു നോക്കി സാധാരണ ജനങ്ങള്‍ സമൂഹം എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്ന കൂട്ടത്തെയല്ല ഭരണകൂടം സിവില്‍ സമൂഹമെന്നു വിളിച്ച് അഭിസംബോധനചെയ്യുന്നത്. മുതലാളിത്തത്തിന്റെയും വിവിധ പാര്‍ട്ടികളുടെയും സമൂഹസങ്കല്പം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. കാരണം വ്യക്തമാണ്. അധികാരത്തിന്റെ സുഗമമായ ഒഴുക്കിനുവേണ്ട ‘വിഭവം’ ഉത്പാദിപ്പിക്കുന്ന വിപണിയിലേയ്ക്കാണ് ഒരു ഭരണകൂടത്തിനു നോക്കാനുള്ളത്. മുതലാളിത്തത്തിന്റെ പ്രച്ഛന്നരൂപങ്ങളായി അതിനെ മാറ്റി തീര്‍ക്കുന്നതും വിപണി മേല്‍നോ‍ട്ടത്തിലുള്ള അതിന്റെ കൊതിയാണ്. സമഗ്രാധിപത്യസ്വഭാവം കൈയാളുന്നതോടെ ഭരണകൂടങ്ങള്‍ക്ക് പൊതുസമൂഹം ബാദ്ധ്യതയാവുന്നു. നിര്‍വചനത്തിന്റെ പരിധി ചുരുങ്ങുന്നു. നിയമങ്ങള്‍ കര്‍ക്കശമാണെന്ന് ഭാവിക്കുന്നു.വരയ്ക്കപ്പുറത്തുള്ളവരുടെ നിലവിളി ഒന്നുമല്ലാതെയാവുന്നു. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. . പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ, മാനുഷിക മുഖങ്ങളെക്കുറിച്ചുവാചാലമാവുന്ന, സോഷ്യലിസ്റ്റ് ഭരണസംവിധാനത്തില്‍ പോലും സ്ഥിതി ഇതാണെങ്കില്‍, വെറും ഉടുപ്പും കൊടിയും മാത്രമുള്ള ഇടതിന്റെ വലതു ചുവടുകള്‍ എത്ര ഭീകരമായിരിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഇതാണ് ഭരണപക്ഷവിമര്‍ശനത്തെ സാധുവാക്കുന്ന ഘടകം. ഇടതുപക്ഷത്തിന്റെ അധികാരപ്രയോഗങ്ങളെ ഫലപ്രദമായി തടയുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതരം ‘പാപബോധ’ത്തിന്റെ നിര്‍മ്മാണം ഇടതുപക്ഷപ്രത്യയശാസ്ത്രത്തിനുള്ളില്‍ നിഹിതമാണ്. രാഷ്ട്രീയ കുത്തകകള്‍ രൂപം കൊള്ളുന്നതിനെ വിലക്കുന്ന ഒരു സമരവും ‘പാപനിര്‍ഭര‘മല്ല. അത് ഏതാനും കൂട്ടങ്ങളില്‍ മാത്രമായി ഒതുങ്ങാനുള്ളതല്ലെന്ന തിരിച്ചറിവിലേയ്ക്കാണു നാം ഉണരേണ്ടത്. പറഞ്ഞു വരുമ്പോള്‍, താന്‍ ഒരു സോഷ്യലിസ്റ്റാണെന്നാണല്ലോ ഹിറ്റ്ലറും അവകാശപ്പെട്ടിരുന്നത്.

അനുബന്ധം:
അരിയുടെ വില ഇനിയും കുറയാന്‍ സാദ്ധ്യതയില്ലാത്തതുകൊണ്ട് വയറു നിറച്ചു കഴിക്കുന്ന ശീലം ഉപേക്ഷിക്കണം.
-ഭക്ഷ്യമന്ത്രി മുല്ലക്കര രത്നാകരന്‍ (വയനാട് ജില്ലാ കര്‍ഷകസംഘം സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യുന്ന വേളയില് പറഞ്ഞത്‍)
Post a Comment