February 12, 2008

സാഹിത്യവാരഫലത്തിന്റെ പ്രേതങ്ങള്‍പ്രേതങ്ങളുടെ ജിംനേഷ്യം -രണ്ട്

‘സാഹിത്യവാരഫല’ത്തിലെ ഭാഷ പ്രത്യേകം നിര്‍മ്മിച്ചതായിരുന്നു എന്നു പറയാം. ‘പോപ്പ് കള്‍ച്ചറി‘ന്റേതെന്നു പറയാവുന്ന ഒരു തരം ഭാഷാശൈലി അത് അനുകരിച്ചു. ‘പറട്ട’ എന്ന പ്രാദേശികഭേദത്തെ നിരൂപണത്തിനുപയുക്തമാക്കിയതും ‘വമനേച്ഛ, അനാഗതശ്മശ്രു, അനാഗതാര്‍ത്തവകള്‍‘ തുടങ്ങി തനി സംസ്കൃതത്തില്‍ കവലഭാഷ സംസാരിച്ചതും പലപ്പോഴും അശ്ലീലധ്വനികളുള്ള ഉപകഥകള്‍ ഉപയോഗിച്ചതും ‘വാരഫലത്തിന്റെ’ ഉത്സവീകരണ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. സംഭവവിവരണം, അനുഭവക്കുറിപ്പ്, നിരീക്ഷണം, സ്വാഭിപ്രായസ്ഥാപനം, പുസ്തകങ്ങളുടെ പിന്‍പുറക്കുറിപ്പ് തുടങ്ങിയ വ്യവഹാരരൂപങ്ങളെ ഇടകലര്‍ത്തിയുള്ള ആഖ്യാനരീതിയിലും കാണാം മിശ്രണസ്വഭാവം. ഇങ്ങനെ പാരമ്പര്യ സാഹിത്യ നിരൂപണങ്ങളുടെ ആഢ്യമ്മന്യതയെ വെല്ലുവിളിക്കുന്നതരം വിപ്ലവം അതു ഉപരിതലത്തില്‍ അണിഞ്ഞിരുന്നതാണ് അതിന്റെ വായനയെ ജനകീയമാക്കിയ ഘടകം. (സി പി അച്യുതമേനോനും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും മുണ്ടശ്ശേരിയും നാട്ടുഭാഷാഭേദങ്ങളെ വിമര്‍ശനത്തില്‍ ഫലപ്രദമായി വിനിയോഗിച്ചവരാണ്. അക്കാര്യം വാരഫലത്തിന്റെ പുതുമയായി അവതരിപ്പിക്കുക സാദ്ധ്യമല്ലെന്ന് സാരം)‘വാരഫലം’ അറിയപ്പെടുന്നതു പ്രാഥമികമായും പാരായണക്ഷമതയുടെ പേരിലാണ്. അത് ഏറെക്കുറെ ശരിയുമാണ്. പക്ഷേ ഈ സുവിദിതമായ പാരായണക്ഷമതയില്‍ നേരത്തെ പറഞ്ഞതരം പരിമിതി വട്ടം കറങ്ങുന്നുണ്ട്. ഉള്‍ക്കാഴ്ചയുടെ അതിരുകള്‍ വികസിതമാവുന്നതിനനുസരിച്ച് ഭാഷ മാറുകയെന്നതാണ് ഭാഷാപരമായ നൈസര്‍ഗികതയുടെ പ്രകടമായ ലക്ഷണം. അതു സംഭവിക്കാതിരിക്കുന്നിടത്ത് ആശയങ്ങളുടെ പൈങ്കിളിവത്കരണമാണ് അരങ്ങേറുന്നത്. ഉയരത്തെ അളക്കാന്‍ ക്വിന്റല്‍ മതിയാവുമോ? പക്ഷേ മലയാളിയുടെ മദ്ധ്യവര്‍ഗാഭിരുചി പേരുകളില്‍ രമിച്ചു, പ്രത്യേകിച്ചും അവ വിദേശത്തു നിന്നും വന്നവയാണെങ്കില്‍. ആശയങ്ങളെ അവഗണിച്ചു. വൈദേശിക പ്രതിഭകള്‍ക്കു മുന്നില്‍ തോറ്റു തുന്നം പാടി നിരന്തരം തറപറ്റിക്കുന്നതിലൂടെയാണ് ‘വാരഫലം’ വായനക്കാരുടെ സാമന്തഭാവനയെ പുളകം കൊള്ളിച്ചത്.

ഒരു പംക്തി അസ്തമിക്കുന്നതോടെ ഇല്ലാതാവുന്നതല്ല ആ മനോഭാവം എന്ന് ഒളിഞ്ഞും തെളിഞ്ഞും ‘സാഹിത്യവാരഫലങ്ങള്‍‘ പല പേരുകളില്‍ പല ആനുകാലികങ്ങളില്‍ ഇപ്പോഴും അരങ്ങേറുന്നത് തെളിയിക്കുന്നു. ‘അക്ഷരജാലകം’ ഒരു ഉദാഹരണം. ഘടനയില്‍ തന്നെ അതിന് ‘വാരഫലവുമായി’ ചാര്‍ച്ചയുണ്ട്. പക്ഷേ വാരഫലത്തിന്റെ മറ്റൊരു ഗുണം, ഭാഷാപരമായ തെളിമ ഇവിടെയില്ല. അല്പം ആത്മീയതയും കാല്‍പ്പനികതയും കൂട്ടിക്കലര്‍ത്തി, ഒന്നും വ്യക്തമായി പറയാതെ എഴുതി വയ്ക്കുന്ന നിരൂപണം ഫലത്തില്‍ ചെയ്യുന്ന അപകടം ചില്ലറയല്ല. ( ‘വസ്തുനിഷ്ഠമായി അപഗ്രഥിക്കാനോ സൂക്ഷ്മമായി വിലയിരുത്താനോ ദൂരെയെവിടേയ്ക്കെങ്കിലും തുളുമ്പാതെ കൊണ്ടുപോകാനോ പറ്റാത്തവിധത്തിലുള്ള ഭാഷ‘ എന്നാണ് ഈ തരം സാരസ്വതത്തിന്റെ നിര്‍വചനം. “പാരലല്‍ കോളേജുകാര്‍ നോട്ടീസടിക്കുന്നത്, എം കെ ഹരികുമാര്‍ നിരൂപണം എഴുതുന്നത്, കപടബുദ്ധിജീവികള്‍ വിവാഹക്കുറിയടിക്കുന്നത്, ടൌണ്‍ ഹാള്‍ വരാന്തയില്‍ നടക്കുന്നത്, ഫിലിം ഫെസ്റ്റിവല്‍ പാരപ്പെറ്റുകളില്‍ ഇരിക്കുന്നത് ഈ ഭാഷയിലാണ്. അത്യുക്തികൊണ്ട് ഓക്കാനം വരുത്തുന്ന“ ഭാഷ. - കല്പറ്റ നാരായണന്‍, ഡോക്ടര്‍ അകത്തില്ല ) തനിക്കൊരു അടിവര കിട്ടുന്നു എന്നു മാത്രമാണ് പരാമര്‍ശിക്കപ്പെടുന്ന എഴുത്തുകാരന്‍/കാരി മനസ്സിലാക്കുന്നത്, അതിനപ്പുറം അവര്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്തതും അപ്രസക്തവുമായ കാര്യങ്ങളാണ് നിറയുന്നത്. അതോടെ കാലികമായ ഒരു പംക്തിയില്‍ പരാമര്‍ശിക്കപ്പെടുക എന്നതു മാത്രം വിഷയമാവും. അതു കൈകാര്യം ചെയ്യുന്നയാള്‍ ‘ഗുരുവും’ ‘സര്‍വജ്ഞ‘നുമൊക്കെയായി മാറും. അയാള്‍ പറയുന്നതിലെ സങ്കുചിതത്വമോ അയാളുടെ ആസ്വാദനപരമായ പരിമിതിയോ വിഷയമല്ലാതെയാവും. ‘വാരഫലം’ തുടങ്ങിവച്ച ഒരു ശീലത്തിന്റെ പരിണതിയാണിത്. ഒരു പംക്തിയുടെ കൈകാര്യ കര്‍ത്താവ് സ്വയം അത്തരക്കുപ്പായമെടുത്തണിഞ്ഞാല്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കാണ് അടുത്തകാലത്ത് നാം സാക്ഷ്യം വഹിച്ചത്. ഉച്ചാരണം ഏകപക്ഷീയമായി തിരുത്താന്‍ എം കൃഷ്ണന്‍ നായര്‍ കാണിച്ച ഉത്സാഹത്തിന്റെ കാലാനുക്രമിയായ പരിണാമങ്ങള്‍ കാതോര്‍ത്താല്‍ ഹരികുമാറിന്റെ വാക്യങ്ങളിലെമ്പാടും കാണാം. അദ്ദേഹം മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുന്നു. കൃതി, തനിക്ക് ഒന്നും നല്‍കിയില്ലെന്ന് വലിപ്പം പറയുന്നു. (അല്ല, ഒരു പംക്തികാരന് അയാള്‍ നിരൂപകന്‍ തന്നെ ആയിക്കോട്ടെ, എന്തെങ്കിലും നല്‍കുക എന്നത് രചനാവേളയില്‍ ഏതെങ്കിലും രചയിതാവിനെ ഉലയ്ക്കുന്ന പ്രശ്നമാവുമോ?) തന്നെ കേന്ദ്രമാക്കി നീങ്ങുന്ന എഴുത്ത് ഒരു അപചയമാണ്, പ്രത്യേകിച്ചും നിഷ്പക്ഷത (?) അനുശീലനമാകേണ്ട ബൌദ്ധികവ്യവഹാരങ്ങളില്‍. അല്ലെങ്കില്‍ അതിവൈകാരികത മാത്രം തിന്ന് അജീര്‍ണ്ണം പിടിച്ച ഒരു ആത്മരതിക്കാരന്റെ ചിത്രമായിരിക്കും ജനമനസ്സുകളില്‍ കാലങ്ങള്‍ക്കു ശേഷം അനാച്ഛാദനം ചെയ്യപ്പെടുക.


കഥ അവസാനിക്കുന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പില്‍ അടുത്തകാലത്ത് ആരംഭിച്ച ഒരു പംക്തിയാണ് ‘ഗട്ട് വ്യൂ’. എഴുതുന്നത് പ്രഭു നിരഞ്ജന്‍. വായനയുടെ പരിമിതി കൊണ്ടാവാം, നേരത്തെ പരിചയമുള്ള ആളല്ല. തൂലികാനാമവുമായിക്കൂടെന്നില്ല. പത്രസ്ഥാപനങ്ങളുടെ ഒരഹങ്കാരമിവിടെയുണ്ട്. അപ്പം തിന്നാല്‍ മതി കുഴിയെണ്ണണ്ടാ എന്ന മട്ട്. അല്ലെങ്കില്‍ ഒരു സ്ഥിരം പംക്തി കൈകാര്യം ചെയ്യുന്നയാളെ അയാളുടെ യോഗ്യത അറിയിക്കാനെങ്കിലും നാമമാത്രമായ പരിചയപ്പെടുത്തല്‍ വേണ്ടതല്ലേ, അയാള്‍ മേതിലിനെ പോലെ പരിചിതനല്ലാത്ത സ്ഥിതിയ്ക്ക്? വില കൊടുത്തല്ലേ നാം വാരിക വാങ്ങുന്നത്? ഏതുദ്യോഗത്തിനും യോഗ്യത മാനദണ്ഡമാണല്ലോ ഇപ്പോള്‍. അതുപോട്ടെ. എഴുത്തിലൂടെ പരിചയപ്പെട്ടാല്‍ മതി എന്നൊരു മുടന്തന്‍ ന്യായത്തില്‍ പത്രസ്ഥാപനത്തിനൊപ്പം നമുക്കും ചുരുണ്ടുകൂടാമെന്നു വയ്ക്കുക. ഇതെഴുതുമ്പോഴേയ്ക്കും നാലു ലക്കങ്ങള്‍ പിന്നിട്ട ഗട്ട് വ്യൂ രൂപഭാവങ്ങളില്‍ പിന്‍പറ്റുന്നത് പഴയ ‘വാരഫല‘ത്തെ തന്നെ. ‘പുതിയ രചനകളുടെ രസമാപിനി’ എന്നായിരുന്നു പരസ്യവാചകം. ‘ഏതു തരത്തിലുള്ള സര്‍ഗാത്മകതയിലും പ്രസക്തമാവുന്നത് ചങ്കൂറ്റത്തിന്റെ വികാരമാണെ‘ന്ന റിച്ചാര്‍ഡ് ഷെഹ്നറുടെ പ്രകടന സിദ്ധാന്തത്തിലെ വാക്യമാണ് പഞ്ച് ഡയലോഗ്. ധൈര്യം പൊളിച്ചെഴുത്തിനുള്ളതാണെങ്കില്‍ അതു അപരാധമാണെന്ന സൂചനയാണ് മലയാള സാഹിത്യ നിരൂപണ വാചകങ്ങളില്‍ കിടന്നു കളിക്കുന്നത്. ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങളെ നോവലെന്നു വിളിക്കുന്നതില്‍ അദ്ദേഹത്തിനുള്ള ഇണ്ടല്‍ വ്യക്തമാണ്. ഈ ഇണ്ടല്‍ ആനന്ദിന്റെ കൃതിയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ച ഭാഷാപോഷിണി എന്ന മാസിക വാങ്ങിച്ചവര്‍ക്കും പിന്നീട് പുസ്തകം വാങ്ങിച്ചവര്‍ക്കുമുണ്ടെന്ന് ഏകപക്ഷീയമായി അദ്ദേഹം പ്രഖ്യാപിക്കുകയാണ്. അവരെല്ലാവരും കൂടി അദൃശ്യനായ ‘പ്രഭു നിരഞ്ജനെ‘ തങ്ങളുടെ പ്രതിനിധിയായി തെരെഞ്ഞെടുത്തോ? എന്നായിരുന്നു സംഭവം? മലയാളത്തില്‍ പ്രസിദ്ധീകരിച്ച ശ്രീബാലാ കെ മേനോന്റെ കഥ സാനിട്ടറി നാപ്കിനാണ്. കലാമൌമുദിയിലെ കമലാഹാസന്റെ രചന വ്യാജഗര്‍ഭമാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഡേവിഡ്ജി കോഡ് ‘തെര്‍മ്മോക്കോള്‍ ചവച്ച അനുഭവമാണു തരുന്നത്. ബാബു ഭരദ്വാജിന്റെയും ബാബു കുഴിമറ്റത്തിന്റെയും കാലിക രചനകള്‍ രണ്ടും ‘ഹാര്‍ഡ് വെയറിനു ചേരാത്ത സോഫ്റ്റ് വെയറുകള്‍‘. ഇങ്ങനെ പോകുന്നു വിലയിരുത്തലുകള്‍. മേതിലിന്റെ കുറിപ്പുകളും റഫീക് അഹമ്മദിന്റെ ഒരു കവിതയുമാണ് കൊടിയേറ്റം ഗോപിയുടെ അഭിനയവുമാണ് ആകെ കൊള്ളാവുന്നതായി ഇതുവരെ അവതരിക്കപ്പെട്ട മലയാളമൂല്യങ്ങള്‍.

തന്റേടത്തെ ഘോഷിക്കുന്ന പരസ്യവാചകവുമായി വന്ന പംക്തി രൂപത്തിലും ആഖ്യാനഘടനയിലും ‘തന്റെ (മൌലികമായ)ഇടം’ ആണോ നിര്‍മ്മിച്ചുവച്ചിരിക്കുന്നത് എന്നാലോചിക്കുന്നത് കൌതുകകരമായിരിക്കും. ഒപ്പം അതു ചിലതരം തന്റേടങ്ങള്‍ക്കു ചുറ്റും എങ്ങനെ കറങ്ങുന്നു എന്നു നോക്കുന്നതും. വിദേശ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പേജുകള്‍ നീക്കി വച്ചിട്ടാണ് പുതിയ രചനകളുടെ രസമാപിനി, ഒന്നോരണ്ടോ വാക്യങ്ങളില്‍ മലയാള രചനകളെ വെട്ടി നിരത്തുന്നത്. ആലോചിച്ചാല്‍ ഇതെളുപ്പപ്പണിയാണ്. കൂറ്റ്സിയുടെയോ, പിക്കാസയുടെയോ ബാര്‍ത്തിന്റെയോ കൃതികളുടെ വിമര്‍ശനങ്ങളും വിമര്‍ശനങ്ങളുടെ വിമര്‍ശനങ്ങളും എത്രവേണമെങ്കിലും കിട്ടും. പുസ്തകമായിട്ടും, നെറ്റിലൂടെയും മറ്റും. അതല്ല മലയാള പുതു രചനകളുടെ സ്ഥിതി. അവയെപ്പറ്റി എന്തെങ്കിലും എഴുതണമെങ്കില്‍ കുറേ നേരമെങ്കിലും അവയ്ക്കു ചുറ്റും മനസു ചലിപ്പിക്കണം. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലതാനും. ഇംഗ്ലീഷു പുസ്തകങ്ങളിലെ ആശയങ്ങള്‍ സ്വന്തം രീതിയില്‍ എഴുതിവച്ച എം പി പോളിനു കിട്ടിയ ഗരിമയില്ലായിരുന്നു സ്വന്തം യുക്തികളെ പിന്തുടര്‍ന്ന മാരാര്‍ക്ക്. അതാണ് മലയാളി സമൂഹം. അത്ര പെട്ടെന്നൊന്നും അക്കരപ്പച്ച മനോഭാവത്തില്‍ നിന്നും, കപടനാട്യങ്ങളില്‍ നിന്നും നാം രക്ഷപ്പെടില്ല.

ചോദ്യം ഇതാണ്, വാദത്തിനു വേണ്ടി അക്ഷരജാലകമെഴുതുന്നയാളും ഗട്ട് വ്യൂവിന്റെ രചയിതാവും മൌലികമായ പ്രതിഭയുള്ളവര്‍ എന്നു സമ്മതിച്ചാല്‍ തന്നെ എന്തുകൊണ്ട് ഈ പംക്തികള്‍ സുവിദിതമായ ഒരു പൂര്‍വമാതൃകയെ സ്വന്തം പരിമിതികളോടെ പിന്‍പറ്റുന്നു എന്നുള്ളതാണ്. സ്വന്തം വായനാശേഷിയും ഭാവനയും ബുദ്ധികൂര്‍മ്മതയുമൊക്കെ ഉപയോഗിച്ച് ‘അപൂര്‍വ‘മായ (മുന്‍പില്ലാത്ത) ഒരു മാതൃക സൃഷ്ടിക്കാന്‍ എന്തേ ഈ പ്രതിഭാശാലികള്‍ മുതിര്‍ന്നില്ല? കാരണം വ്യക്തമാണ്, വാരഫലത്തില്‍ നാം കണ്ട വാടലുകളാണ് പൊതു സമൂഹത്തിനു പഥ്യം. അല്ലാതെ അപൂര്‍വ വസ്തുക്കളുടെ തനിമയല്ല. ബൌദ്ധിക ജീവിതത്തില്‍ പോലും മേല്‍പ്പറഞ്ഞ പ്രതിലോമതകള്‍ താലോലിക്കപ്പെടുന്നു എന്നത് ദുരന്തമാണ്. എങ്കിലും നമ്മളതു വാങ്ങുന്നു. അപ്പോള്‍ വേണ്ടത് നമുക്ക് കാലാകാലം ലഭിക്കുന്നു. വാരഫലത്തിന്റെ രൂപത്തില്‍, അക്ഷരജാലകത്തിന്റെ രൂപത്തില്‍, ഗട്ട് വ്യൂവിന്റെ രൂപത്തില്‍. ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാന്‍ പറ്റാത്ത രീതിയില്‍ ഉദാസീനരായതുകൊണ്ട് ചരിത്രം ആവര്‍ത്തിക്കാനായി ശപിക്കപ്പെട്ടിരിക്കുന്നു. പ്രേതങ്ങള്‍ അലയും മുറയുമിട്ട് അഴിഞ്ഞാടുന്നു !

തുടരില്ല അഥവാ തീര്‍ന്നു
Post a Comment