January 28, 2008

വിജാഗിരി ഇളകിയതും മുറുക്കിയതും


നോര്‍മണ്ടിയില്‍ വച്ചു നടന്ന സെമിനാറില്‍ അവതരിപ്പിക്കാന്‍ അയനെസ്കോ വളരെ പ്രയാസപ്പെട്ട് ഒരു പ്രബന്ധം തയാറാക്കി വച്ചിരുന്നു. അതു പിന്നെ എവിടെയോ മറന്നു വച്ച് കാണാതായി. അതും തിരഞ്ഞ് കുറേ സമയം പാഴാക്കി. സെമിനാറിനു ചെന്നിരുന്ന സമയമത്രയും അസ്വസ്ഥനായിരുന്നു. പ്രബന്ധം കാണാനില്ലെന്നു പിറുപിറുത്ത് ചുറ്റിതിരിഞ്ഞ് കളിച്ചുകൊണ്ടിരുന്നു. അവസാനം മൈക്കിന്റെ മുന്‍പില്‍ ചെന്നു പറഞ്ഞത് ഇങ്ങനെ : “എനിക്ക് നിങ്ങളോട് ആകെ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്, അത് എനിക്കൊന്നും പറയാനില്ലെന്നതു മാത്രമാണ്. “ ജനം വീണു കിടന്നു കൈയടിച്ചു. ആ പരാമര്‍ശത്തിലെ മൌനത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ച് പിന്നീട് വന്ന പ്രസംഗകന്‍ ഉറക്കെ സംസാരിക്കുമ്പോള്‍ അയനസ്കോ വേദിയിലെ കസാരയിലിരുന്ന് കാര്യമായി ഉറങ്ങി. എന്നാല്‍ പ്രബന്ധം ഒരിടത്തും നഷ്ടപ്പെട്ടിരുന്നില്ല. എടുക്കാന്‍ മറക്കരുതെന്നു കരുതി ഇട്ടിരുന്ന കോട്ടിന്റെ ഉള്‍ക്കീശയില്‍ കക്ഷി തന്നെ തലേ ദിവസം എടുത്തു ഭദ്രമായി ഇട്ടുവച്ചിട്ടുണ്ടായിരുന്നു. നോം ചോംസ്കി വീട്ടില്‍ വരുന്നവര്‍ക്കൊക്കെ പുസ്തകങ്ങളുടെ കൈയെഴുത്തു പ്രതി എടുത്തുകൊടുക്കുമെന്ന് കരോള്‍. ഒരിക്കല്‍ അങ്ങനെ ഒരു പുസ്തകം തന്നെ നാലു പ്രസാധകര്‍ക്കെടുത്തു കൊടുത്തു. ഒടുവില്‍ വക്കീലു വന്നു കരഞ്ഞു പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്. ആര്‍ക്ക്? ചോംസ്കിയ്ക്കല്ല. കരോളിന്.

സിസിഫസിനെപ്പോലെ, നാറാണത്തെ ഭ്രാന്തന്‍ സത്യത്തില്‍ നട്ടുച്ചയ്ക്ക് കല്ലുരുട്ടി മലമുകളില്‍ കയറ്റുകയായിരുന്നെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അദ്ദേഹം മലയാളിയായ ഗണിതശാസ്ത്രജ്ഞന്‍ ഹരിദത്തനായിരുന്നുവെന്ന് കേസരി പറഞ്ഞിട്ടുണ്ട്. ചരിത്രത്തിന്റെ അടിവേരുകള്‍ എന്ന പുസ്തകത്തില്‍. ‘ഗ്രഹചാര നിബന്ധനം‘ (രചന എ.ഡി 684-ല്‍)എന്ന ജ്യോതിശ്ശാസ്ത്രകൃതിയുടെ കര്‍ത്താവാണ് ഈ ഹരിദത്തന്‍. പാറക്കല്ല് മലയുടെ മുകളില്‍ ഉരുട്ടിക്കയറ്റി കൈവിട്ട് പൊട്ടിച്ചിരിച്ചതും ശ്മശാനത്തിലെ ഉറുമ്പുകളെ എണ്ണിയതുമൊക്കെ ബുദ്ധിജീവിയുടെ അസാധാരണ വഴികളെ സാമാന്യബുദ്ധികള്‍ വിലയിരുത്തിയ രീതിയാവാം. അപ്പോള്‍ അതു തന്നെ മന്തു മറ്റെ കാലിലേയ്ക്ക് മാറ്റിയ കഥയിലുമുള്ളത്. പക്ഷേ ഉരുകിയ ഈയം കുടിച്ച കാര്യം മറ്റൊന്നാണ്, ഭ്രാന്തമായ കഠിനാദ്ധ്വാനം, ആലോചിക്കാന്‍ പോലുമാവാത്ത ഏകാഗ്രത, പിന്നെ തനിക്ക് എത്രയോ താഴെ നിന്ന് ന്യായം പറയുന്ന സമൂഹത്തിന്റെ ധാര്‍ഷ്ട്യം ഇവ മൂന്നും കൂടി ഒരു ജീനിയസ്സിനു തീര്‍ത്തുകൊടുക്കുന്ന ജീവിതമാണ് ആ തിളയ്ക്കുന്ന ലോഹലായനി. അതയാള്‍, അയാള്‍ മാത്രം കുടിച്ചുതീര്‍ത്തേ ആകൂ.

ടി എസ് എലിയറ്റും ഡി എച്ച് ലോറന്‍സും ജനാധിപത്യമൂല്യത്തില്‍ വിശ്വസിച്ചവരായിരുന്നില്ല. അവരാകട്ടെ ആധുനികതയുടെ, പാശ്ചാത്യപ്രബുദ്ധതയുടെ വഴികാട്ടികളും ദിശാസൂചികളും. വിരോധാഭാസം എന്നല്ലാതെ എന്തു പറയാന് ‍! എലിയറ്റിന്റെ സാഹിത്യ ഗുരു എസ്രാപൌണ്ട് കുറച്ചുകൂടി മുന്നോട്ടു പോയി, നാസിസത്തെ കിണ്ടിയും പൂവും വച്ച് ആരാധിച്ചയാളാണ്. നോബല്‍ സമ്മാനം കിട്ടിയതു കൊണ്ട് ബഷീര്‍ കോപ്പിയടിച്ച ലോകസാഹിത്യകാരന്‍ എന്ന് മലയാളികളില്‍ ചിലര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ന്യൂട്ട് ഹാംസണ്‍ ഹിറ്റ്ലര്‍ സ്വന്തം രാജ്യം ആക്രമിച്ചപ്പോള്‍ സസന്തോഷം സ്വാഗതം ചെയ്ത ആളാണ് . . ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളെയാണു നാം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും.. എന്ന ശൈലിയിലൊതുക്കിയിരിക്കുന്നത്. ഇവരൊക്കെ, ഷെല്ലിയുടെ വാക്കു കടമെടുത്തു പറഞ്ഞാല്‍, സമൂഹത്തിന്റെ അനംഗീകൃത നിയമ നിര്‍മ്മാതാക്കളാണ്. പതാകാവാഹകരാണ്. എല്ലാം കൊള്ളാവുന്ന പുള്ളിക്കാരാണ്. പക്ഷേ മനസ്സിലും ചെയ്തികളിലുംകടന്നുകൂടിയിരിക്കുന്ന തന്മാത്രകളില്‍ എവിടെയാണ് നായകത്വം? ഇനി ആ വഴി പോയാല്‍ നാം എത്തുന്ന ഭൂഖണ്ഡമേതായിരിക്കും?

ജര്‍മ്മന്‍ തത്ത്വചിന്തകന്‍ ഹൈദഗറുടെ നാത്‌സി ആഭിമുഖ്യം പോലെ സാധാരണക്കാരനു മുഖം ചുളിയും, മൊസാര്‍ട്ടിന്റെ രാജഭക്തിയെക്കുറിച്ചു കേട്ടാലും. അങ്ങോരൊരു സംശയരോഗിയുമായിരുന്നു. ഭാര്യ ശരിയല്ല എന്നൊരു തോന്നല്‍. കേട്ടിട്ടില്ലേ, അല്‍ത്തൂസര്‍ ഭ്രാന്തു മൂത്തപ്പോള്‍ ഞെക്കിക്കൊന്നതു സ്വന്തം ഭാര്യയെയാണ്. ഐന്‍സ്റ്റീനു ഒരു കാര്യവും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിവുണ്ടായിരുന്നില്ലത്രേ. സ്വന്തം തിയറി ശാസ്ത്രജ്ഞന്മാര്‍ക്ക് വിശദീകരിച്ചു കൊടുക്കാനാവാതെ കുഴങ്ങുന്നതു കണ്ടാണ് ബര്‍ട്രന്റ് റസല്‍ അദ്ദേഹത്തിന് കത്തെഴുതിയത്. ദാ ഇതിങ്ങനെ വിശദീകരിക്കാം സിമ്പിളായി എന്ന്. ( എ ബി സി ഓഫ് റിലേറ്റിവിറ്റി) ഈ കക്ഷി തന്നെയല്ലേ വീട്ടിലെ മുയല്‍ക്കൂടിന് രണ്ടു വാതിലു വേണമെന്ന് ആശാരിയോട് ആവശ്യപ്പെട്ടത്. ഒന്ന് വലുത്, വലിയ മുയലുകള്‍ക്ക് കയറാന്‍, മറ്റേത് ചെറുത്, ചെറിയ മുയലുകള്‍ക്ക് കയറാന്‍ ! ആശാരി അന്തം വിട്ടു വാപൊളിഞ്ഞ് നിന്നുപോയി. പറയുന്നതാരാ..!!

24 കൊല്ലം ഒന്നും കുറിയ്ക്കാതെ ഉള്ളില്‍ കൊണ്ടു നടന്നിട്ടാണ് മില്‍ട്ടണ്‍ ‘പറുദീസാ നഷ്ടം’ എഴുതിയത്. ഉള്‍വലിഞ്ഞ് ആരോടും മിണ്ടാതെയിരുന്നാണ് പ്രൂസ്ത് ‘പൊയ്പ്പോയ കാലം തേടി’ എന്ന ബ്രഹ്മാണ്ഡത്തിന്റെ പണിതീര്‍ത്തത്. ഫ്രോയിഡിന് വായില്‍ അര്‍ബുദമായിരുന്നു. പക്ഷേ വെളിയിലറിഞ്ഞാല്‍ ചുരുട്ടുവലി ഉപേക്ഷിക്കേണ്ടി വരും. അതുകൊണ്ടാരോടും പറഞ്ഞില്ല. പുകവലിച്ചുകൊണ്ടു തന്നെ മരിച്ചു. എസ്റ്റാബ്ലിഷ്മെന്റുകള്‍ക്ക് എതിരാണെന്ന ആദര്‍ശം മുറുക്കിപ്പിടിച്ചുകൊണ്ടാണ് സാര്‍ത്ര് നോബല്‍ സമ്മാനം വേണ്ടെന്നു പറഞ്ഞത്. പണത്തിനപ്പോള്‍ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും വലിയ ഗണിതശാസ്ത്രസമ്മാനം ‘ഫീല്‍ഡ്സ് മെഡല്‍’ വേണ്ടെന്നുവയ്ക്കാന്‍ ഗ്രിഗറി പെരല്‍മാന്‍ പറഞ്ഞ കാരണം ഇതാണ് : “എന്റെ പണി വിലയിരുത്താന്‍ ശേഷിയില്ലാത്തവരുടെ അംഗീകാരം ആര്‍ക്കു വേണം?”

ശിരസ്സില്‍, പ്രായോഗികജീവിതക്കാരായ നമ്മുടെ യുക്തിയ്ക്കും ക്രമത്തിനും അനുസരിച്ചല്ലാതെ ചലിക്കുന്ന തന്മാത്രകളുമായി കഴിഞ്ഞുപോകുന്നവരെപ്പറ്റിയാണ്. ‘മതിഭ്രമം‘ (മുഴുവട്ട്) എന്ന ഒറ്റക്കുറ്റിയല്ലാതെ നമുക്കിവരെപിടിച്ചു കെട്ടാന്‍ മറ്റെന്തു വഴിയാണുള്ളത്? നാറാണത്തുകാരന്‍ ഭ്രാന്തനായത് കേരളത്തിന്റെ എഡിഷന്‍. അതു തന്നെയാണ് ലോകത്തിന്റെ ഡയസ്പോറയും. വലിയ വ്യത്യാസമൊന്നുമില്ല. വിഡ്ഢികള്‍ക്കും ശുദ്ധാത്മാക്കള്‍ക്കുമുള്ള ‘വക്കാലത്തുകളെ’ നാലണയ്ക്ക് എട്ടു വച്ചു എവിടെയും കിട്ടും. ജീനിയസ്സുകള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരാണുള്ളത്.....? ആരുമില്ല. അവരാണെങ്കില്‍ തങ്ങള്‍ക്കു വേണ്ടിയൊട്ടു മിണ്ടുകയുമില്ല.

പുസ്തകം:
ജീനിയസ്സിന്റെ തന്മാത്രകള്‍ - വിജു വി നായര്‍
വിശ്വോത്തരകഥകള്‍ - എഡി. എ വി ഗോപാലകൃഷ്ണന്‍

20 comments:

ഗുപ്തന്‍ said...

എന്തെര് പറ്റി ഊളമ്പാറക്ക് പെയ്ക്കൂടെരേ അപ്പീ എന്ന് ആരെങ്കിലും ചോയിച്ചാ.. ഒരു സെല്‍ഫ് ജസ്റ്റിഫിക്കേഷന്റെ മണം ;)

ആ ഐന്‍സ്റ്റീന്റെ പട്ടി/മുയലിന്‍ കൂട് പൊളിക്കഥ ആണ്. അര്‍ബന്‍ ലെജന്‍ഡ്. അതുപോലെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഒരിക്കല്‍ ആള്‍ക്ക് പകരം ഒരു പ്രഭാഷണം ചെയ്തു എന്ന കഥയും. ദീര്‍ഘനാളുകളായി കേള്‍ക്കുകയായിരുന്ന പ്രഭാഷണം ഡ്രൈവര്‍ കാണാതെ പഠിച്ചത്രേ.

ഫോര്‍ദാം യൂണി. യില്‍ നിന്നുള്ള ഒരു പ്രൊഫസരുടെ സെമിനാര്‍ ചെയ്തിരുന്നു. ആള്‍ അസാധാരണ പ്രതിഭ. കയ്യില്‍ ഒരു പുസ്തകവുമായി ചിലപ്പോല്‍ ജനാലക്കലേക്ക് നടക്കും. സംസാരിക്കുന്ന വിഷയത്തിലേക്ക് പരിധി വിട്ടു കയറിക്കഴിഞ്ഞാല്‍ ഒരുപക്ഷെ ക്ലാസ് തീരുന്നതുവരെ അവിടെ നിന്ന് ലക്ചര്‍ ആണ്. ജനാലക്ക് പുറത്തെ ലോകത്തെ അഭിസംബോധന ചെയ്ത് !

Umesh::ഉമേഷ് said...

ആ കഥ ന്യൂട്ടനെപ്പറ്റിയും ആമ്പിയറിനെപ്പറ്റിയും കേട്ടിട്ടുണ്ടു്. ഐന്‍സ്റ്റൈനെപ്പറ്റിയുമുണ്ടോ വലിയ വാതില്‍/ചെറിയ വാതില്‍ കഥ?

(വലുതില്‍ക്കൂടി വലുതും ചെറുതും ചെറുതില്‍ക്കൂടി ചെറുതു മാത്രവുമേ കടക്കൂ എന്നതു് എല്ലായ്പോഴും ശരിയല്ല. ഒരു അപവാദം ഇവിടെ.)

ഉഗ്രന്‍ ലേഖനം. കൊലയാളികള്‍ പിറകേ വന്നപ്പോള്‍ ജനനേന്ദ്രിയത്തിന്റെ ആകൃതിയുള്ള പയറിന്റെ തോട്ടത്തിലൂടെ പോകാതെ നിന്നു മരിച്ച പിഥഗോറസും, സ്വന്തം വിശ്വാസത്തില്‍ ഉറച്ചുനിന്നു ശൂലത്തില്‍ കോര്‍ക്കപ്പെട്ടു തീയില്‍ വെന്ത ബ്രൂണോയുമൊക്കെ ഭ്രാന്തന്മാരോ വിഡ്ഢികളോ അതോ ആദര്‍ശശാലികളോ?

siva // ശിവ said...

വിജ്ഞാനപ്രദമായ ലേഖനം....

ഹരിത് said...

നല്ല പോസ്റ്റ്. രസമുണ്ട്

simy nazareth said...

പെരെല്‍മാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് തന്നെ പുള്ളിയുടെ സ്വഭാവത്തിനു വളരെ എതിരാണ്. പെരെല്‍മാന്‍ എന്താണു പറഞ്ഞതെന്ന് ഇവിടെ. . ന്യൂയോര്‍ക്ക് റ്റൈംസില്‍ തന്നെ പെരെല്‍മാനെക്കുറിച്ച് ഒരു വലിയ ലേഖനവും (മൂന്നു ഭാഗങ്ങളായി) ഉണ്ടായിരുന്നു.

simy nazareth said...

ഇതും വായിക്കു . പൊതുവേ, അല്പം പ്രതിഭയുള്ളവര്‍ സമൂഹ നായകരാവണം എന്നു നിര്‍ബന്ധം പിടിക്കുന്നതു ബാലിശമല്ലേ? കാച്ചര്‍ ഇന്‍ ദ് റൈ എഴുതിയ ജെ.ഡി. സാലിംഗര്‍ - ഇപ്പോഴും ഒളിച്ചു താമസിക്കുകയാണ്. ഇരുപതു വര്‍ഷത്തോളമായി, പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് - ബില്‍ വാട്ടേഴ്സണ്‍ - അഞ്ചുവര്‍ഷത്തോളമായിക്കാണും ഒരു അഭിമുഖം നല്‍കിയിട്ട്. പുള്ളിയുടെ അച്ചനുമൊത്ത് കാനഡയിലെ പ്രകൃതിദൃശ്യങ്ങള്‍ പെയിന്റുചെയ്ത് ആരാധകരില്‍ നിന്നൊളിച്ച് ജീവിക്കുന്നു. പ്രതിഭ സമൂഹനായകനാവണം എന്നുപറയുന്നത് പ്രതിഭയുടെ മുകളില്‍ വെയ്ക്കുന്ന അനാവശ്യ ഭാരമാണ്.

വെള്ളെഴുത്ത് said...

സിമീ, പ്രതിഭയുള്ളവര്‍ സാമൂഹികനായകരുമാവണമെന്നായിരുന്നോ പോസ്റ്റിന്റെ മൊത്തം സെന്‍സ്..? ഞാനത് ഉദ്ദേശിച്ചിട്ടുകൂടിയില്ല. ദറിദയുമായുള്ള അഭിമുഖം വായിച്ചപ്പോഴാണു ഒരു ആശയം കിട്ടിയത്. ‘സത്യം എന്നു പറയുന്നതല്ല ആപേക്ഷികം, അതിനെക്കുറിച്ച് നമുക്കുള്ള ധാരണയാണ്’എന്നദ്ദേഹം. അതായത് നമ്മുടെ ഗ്രഹണശേഷിയുടെ ആപേക്ഷികതയെയാണ് നാം സത്യത്തിന്റെ ആപേക്ഷികതയായി കണക്കിലെടുക്കുന്നതെന്ന്. അസാധാരണപ്രതിഭകളുടെ വഴി മനസിലാക്കാന്‍ സാധാരണഗ്രഹണശേഷിയ്ക്ക് കഴിയാതെ വരുമ്പോഴാണ് നാം കഥകളുണ്ടാക്കുന്നത്. ഈ പോസ്റ്റ് മൊത്തത്തില്‍ അങ്ങനെയൊരു കഥയാണ്. മുയല്‍ക്കഥയും (അതിലെ നായകന്‍ ആരായാലും) നാറാണത്തുഭ്രാന്തന്റെ കഥയും അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. അതുപോലെ മറ്റു കഥകളും. പെരല്‍മാന്റെ കാര്യം ബിജു എഴുതിയ പുസ്തകത്തില്‍ നിന്നാണെടുത്തത്. ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ സമ്മാനം നിരസിക്കാനുള്ള കാരണമായി പറയുന്നത് ‘സെല്‍ഫ് പ്രമോഷനെ’ താന്‍ എതിര്‍ക്കുന്നു എന്നതായിക്കോട്ടെ. (“If anybody is interested in my way of solving the problem, it’s all there — let them go and read about it,” he told The Telegraph. “I have published all my calculations. This is what I can offer the public.”.
He sounded a little like J. D. Salinger, hiding away in his New Hampshire hermitage, fending off a pesky reporter: “Read the book again. It’s all there.”)പത്രഭാഷയുടെ സുഖിപ്പിപ്പും സായ്പ്പിന്റെ മാന്യതയും മാറ്റിവച്ച് നോക്കിയാല്‍ ഈ വരികള്‍ക്കകത്ത് പോസ്റ്റില്‍ പറഞ്ഞ ഒരു ‘ഗ്രിഷ’ ഇല്ലേ? ഉണ്ടെന്നുള്ളത് എന്റെ തോന്നല്‍ മാത്രമായിക്കോട്ടെ..അതു മറ്റൊരു കഥ..:)
ഉമേഷ്.. ഗുരുകുലം ഞാന്‍ ഓരോന്നായി വായിച്ചു വരികയാണ്. ഇവിടെ എത്തിപ്പെടാന്‍ താമസിച്ചതിന്റെ ഫലമാണ്! പൈത്തഗോറസ്(പിഥഗോറസ്) ആ പയറിന്റെ തോട്ടത്തില്‍ കടക്കാതെ നിന്നതെന്ത്? ആ കഥ ഇത്തിരി വിചിത്രമായി തോന്നുന്നു. പഴയഗ്രീക്കുകാര് നഗ്നതയെ ഒട്ടും പേടിച്ചിരുന്നില്ലെന്നായിരുന്നു കേട്ടത്.ഈ കഥയില്‍ മറ്റെന്തോ ഉണ്ട്. ശിവകുമാര്‍, ഹരിത്..:) ഗുപ്താ... ഇവിടെ പറഞ്ഞ വന്‍ പുള്ളികളെ വച്ച് എന്റെ അസുഖത്തെ ജസ്റ്റിഫിക്കേറ്റ് ചെയ്യാന്‍ ഞാന്‍ നടത്തിയ ഗൂഢശ്രമം തക്കസമയത്തു തന്നെ വന്ന് കണ്ടെത്തി പൊളിച്ചു കൈയില്‍ തന്നതിന് എന്റെ പക ഈ ജന്മത്തില്‍ തീരുമെന്നു തോന്നുന്നില്ല.!! ഞാന്‍ ചിരിച്ചു കുന്തം മറിഞ്ഞുപോയി.. ഒന്നാലോചിച്ചു നോക്കിയാല്‍ ശരിയല്ലേ? എത്ര വലിച്ചുനീട്ടിയെടുക്കാവുന്ന തമാശയാണതിനകത്തു കിടക്കുന്നത്.

Umesh::ഉമേഷ് said...

പ്രതിഭാശാലികളുടെ വിചിത്രമായ (മിക്കപ്പോഴും മാരകവുമായ) വിഡ്ഢിത്തരങ്ങളെപ്പറ്റി ഒരു പോസ്റ്റിടണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. പാണിനിയും പിഥഗോറസും ബ്രൂണോയുമൊക്കെ അതില്‍ വരും. അതില്‍ എഴുതാന്‍ ഉദ്ദേശിച്ചതിന്റെ ഒരു പങ്കു് വെള്ളെഴുത്തു് ഇവിടെ എഴുതി. അതു നന്നായി. എനിക്കിനി ലിങ്കു കൊടുത്താല്‍ മതിയല്ലോ :)

ഓഫ്: ‘ഗുരുകുലം’ വായിക്കാന്‍ ഇടത്തുവശത്തുള്ള Posts-categorywise എന്ന ലിങ്കില്‍ പോകുക. അതാണു് എളുപ്പം. താങ്കള്‍ക്കു് ഇഷ്ടപ്പെടുന്ന ചില വിഭാഗങ്ങളും പോസ്റ്റുകളും കാണാതിരിക്കില്ല.

Umesh::ഉമേഷ് said...

പറയാന്‍ വന്നതു മറന്നു പോയി. പിഥഗോറസിന്റെ കഥ ആ പോസ്റ്റില്‍ പറയാം. കെട്ടുകഥയാണെന്നു തോന്നുന്നു.

Anonymous said...

ഐന്‍സ്റ്റൈന്‍‌-ന്റെ ചിലവില്‍ ഒന്നു ചിരിക്കണം എന്നുള്ളവര്‍ ഈ പേജ് നോക്കൂ. ചിലതിലൊക്കെ ചികഞ്ഞെടുക്കാന്‍ ദര്‍ശനങ്ങളും ഉണ്ട്.

http://oaks.nvg.org/sa5ra17.html

The Prophet Of Frivolity said...

"ടി എസ് എലിയറ്റും ഡി എച്ച് ലോറന്‍സും ജനാധിപത്യമൂല്യത്തില്‍ വിശ്വസിച്ചവരായിരുന്നില്ല." മാഷേ ഈ വിഷയത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്? അതെ ജനാധിപത്യം എന്ന,ആ വലിയ...നെക്കുറിച്ച്. ഉണ്ട്. ഈ ചോദ്യത്തിനുപിന്നില്‍ ഒരു ഗൂഡമായ ദുരുദ്ദേശ്യം ഉണ്ട്.

പിന്നെ ഓഫ് അല്ലാത്ത ഒരു വിഷയം: ഇതെഴുതാന്‍ വെള്ളെഴുത്ത് വേണോ? (ഒടുക്കത്തെ curiosity...പൂച്ചയെക്കൊന്ന അതേ ഇനം.) ജനാധിപത്യത്തെക്കുറിച്ചുള്ള ആദ്യത്തെ ചോദ്യവും വിഷയവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നു വ്യക്തമായില്ലേ?

വെള്ളെഴുത്ത് said...

ഗുപ്താ ഇങ്ങനെ ചിലത് അന്വേഷിച്ചു നടക്കുകയായിരുന്നു മറ്റു ചില ആവശ്യങ്ങള്‍ക്കായി.അപ്പം കൊണ്ടു മാത്രമല്ലെ എന്നതു പോലെ ബ്ലോഗുകൊണ്ടു മാത്രമല്ലല്ലോ മനിസന്മാര് ജീവിക്കുന്നത്. ദാങ്സ്സ്സ്..പ്രവാചകാ.. ഒരെത്തും പിടിയും കിട്ടിയില്ലെങ്കിലും ചിലതൊക്കെ ഊഹിക്കുന്നു. ജനാധിപത്യം.. അതങ്ങ് വിട്ടേയ്ക്കുക.അന്ത കക്ഷികള്‍ വീരാരാധനയില്‍ ഒരു പരിധിയും കഴിഞ്ഞ് മുഴുകിയവരാണെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. ആ വരീ പൂര്‍ണ്ണമായും എന്റെ സ്വന്തം എന്നു പറയാനും പറ്റത്തില്ല. പൂച്ച ചത്താലുമില്ലെങ്കിലും.. ഗൌരവതരമായ ചര്‍ച്ച തന്നെയാണുദ്ദേശമെങ്കില്‍.. ഞാന്‍ ഗോദയിലുണ്ട്.. തോല്‍ക്കാന്‍ വേണ്ടി തന്നെ!!! “ചന്തുവിനെ എല്ലാരും ചതിച്ചു..(മുളയാണി, നെരിയാണി...) എന്നിട്ടും തോല്‍ക്കാന്‍ ചന്തു ഇതാ പിന്നെയും ബാക്കി “ :((

The Prophet Of Frivolity said...

ഇതെഴുതാന്‍ താങ്കള്‍ വേണോ എന്നതുകൊണ്ടുദ്ദേശിച്ചത് ആ വരിയല്ല. ഈ പോസ്റ്റ് (ഈ ‘പോസ്റ്റ്‘ എന്ന വാക്ക് എത്ര ‘അകാല്‍പനീകമാണെന്ന്‘ ആലോചിച്ചിട്ടുണ്ടോ? ഞാനുദ്ദേശിക്കുന്നത് മലയാളത്തില്‍ മാത്രമല്ല,ഇംഗ്ലീഷിലും.) തന്നെയാണ്.

ചതിച്ചു എന്നു കരുതി സായൂജ്യമടഞ്ഞു നില്‍ക്കുന്നവരോടായി താങ്കളുടെ മനസ്സ് പറയുന്നില്ലേ ‘ജയോയമജയാകാരോ ജയസ്തസ്മാല്‍ പരാജയ:‘ എന്ന്? ഉണ്ട്.അതങ്ങനെയല്ലേ വരൂള്ളൂ.

പിന്നെ ഗൌരവതരമായ ചര്‍ച്ചകളുടെ കാര്യം. മലയാളം ബ്ലോഗില്‍ അത്തരത്തിലുള്ള ചര്‍ച്ച എങ്ങനെ നടത്താം എന്നതിനെപ്പറ്റി ഒരു ചര്‍ച്ച ആദ്യം വേണ്ടിവരും. ആ ചര്‍ച്ചയും ‘ഹൈജാക്ക്’ ചെയ്യപ്പെടുമെന്നതിനാല്‍...Hey...we got a catch-22 there!
കാത്തിരിക്കുന്നു.
---------------

പിന്നെ ഇതിനുമുമ്പത്തെ പരിഭാഷ കണ്ടില്ലെന്നു വിചാരിക്കരുത്..ബ്ലൊഗോപചാരപദങ്ങള്‍ക്കപ്പുറമായതിനാല്‍ (ആ പ്രവൃത്തിയിലെ ഉദ്ദേശ്യവും,അതിന്റെ റിസള്‍ട്ടും.)മൌനമാണു നല്ലതെന്നു തോന്നി.

Anonymous said...

ഓഫ് : മുകളിലെ കമന്റ് മുഴുവന്‍ വായിച്ചതിപ്പോഴാണേ..അതുമായി ബന്ധപ്പെട്ട ഒരെണ്ണം മാഷിനു പ്രയോജനപ്പെടുന്നതാണ്.

പിഥഗോറസിന്റെ മരണവുമായി ബന്ധമുള്ള ഒരു ലെജന്‍ഡ്. ആളിനെ ഒരു ഗ്രീക്ക് പട്ടണത്തില്‍ ആള്‍ക്കാര്‍ വളഞ്ഞുവച്ചു ചുട്ടുകൊന്നതാണെന്നും ആള്‍ രക്ഷപെട്ട് മറ്റൊരു ദ്വീപില്‍ എത്തി അവിടെ പട്ടിണി കിടന്നു മരിച്ചെന്നും രണ്ട് വേര്‍ഷന്‍ ആണ് ക്ലാസ്സികല്‍ ഹിസ്റ്ററി (അദായത് ലെജന്‍ഡ് :) ചരിത്രം ഉണ്ടാവുന്നത് എങ്ങനെയെന്ന് ഉംബെര്‍ത്തോ എക്കോയോട് ചോദിക്കണം!). ആദ്യ വേര്‍ഷനോട് ചേര്‍ന്നാണ് ഈ കഥ.

പിഥഗോറിയന്‍സ് പയര്‍ കഴിക്കുകയില്ലായിരുന്നു. റ്റെസ്റ്റിക്ക്‍ള്‍സിന്റെ രൂപം ഉള്ളതുകൊണ്ട് അതിന്‍ പിതൃപൂജയുമായി ബന്ധപ്പെട്ട കള്‍ടിക് യൂസ് ഉണ്ടായിരുന്നു അക്കാലത്ത് എന്ന് കരുതപ്പെടുന്നു. എന്തായാലും പയറിനെ പിതൃബിംബം ആയിട്ടാണ് പിഥഗോറിയന്‍സ് കരുതിയിരുന്നത്. തീപിടിച്ച വീട്ടില്‍ നിന്നു രക്ഷപെടാന്‍ പിഥഗോറസിന് ഒരു പയര്‍തോട്ടം കടന്നുപോയേ പറ്റുമായിരുന്നുള്ളൂ. പയര്‍ ചവിട്ടിമെതിക്കുന്നതിനേക്കാള്‍ നല്ലത് മരണം എന്ന് തീരുമാനിച്ചു ആള്‍. ഇതാണ് കഥ.

ഫ്രോയിറ്റ് (ഡ്) ഈ കഥ വായിച്ചിട്ടില്ലെന്ന് തോന്നുന്നു. ഭാഗ്യം.

Umesh::ഉമേഷ് said...

ഗുപ്താ, നന്ദി.

ഈ കഥ വായിച്ച പുസ്തകം ഒന്നു കൂടി ലൈബ്രറിയില്‍ നിന്നെടുത്തു് കഥാസന്ദര്‍ഭം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം ഇവിടെ കമന്റിടണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഏതായാലും അതു വേണ്ടി വന്നില്ല.

അനാഗതശ്മശ്രു said...

ഇതു വായിച്ചപ്പോള്‍ നാറാണത്തു ഭ്രാന്തനെക്കുറിച്കു റിസേര്‍ ച്ചു
ചെയ്യാനുള്ള എന്റെ ആഗ്രഹം കൂടി മാഷേ..
ഇതു നല്ല പോസ്റ്റ്

Anonymous said...

ഉമേഷ്ജി

ട്രാന്‍സാക്ഷന്‍ അനാലിസിസുമായി കുറച്ചുനാള്‍ ഗൂസ്തി പിടിച്ചിരുന്നു- അനൌദ്യൊഗികം എന്ന് പറയാം. അക്കാലത്തെ ഒരു ഗുരു പറഞ്ഞത് ഓര്‍മയില്‍ നിന്നെഴുതിയതാണ്. ഓര്‍മപുതുക്കാന്‍ വിക്കി നോക്കിയപ്പോള്‍ കാര്യമായ ഗുണം ഉണ്ടായില്ല. ഉമേഷ്ജിയുടെ പോസ്റ്റ് ഞാനും നോക്കിയിരിക്കയാണ്. പുസ്തകത്തില്‍ ഡീറ്റെയ്‌ത്സ് ഉണ്ടാവും.

The Prophet Of Frivolity said...

മാഷേ ഞാന്‍ മുകളിലെഴുതിയ ഏതെങ്കിലും വരികളില്‍ ‘ഞാനൊരു മിടുക്കന്‍’ എന്ന ധ്വനി ഉണ്ടോ? ഈ ചോദ്യം എന്നെക്കാളെത്രയോ ആഴത്തില്‍ കര്യങ്ങള്‍ കാണാനാവുന്നയാളാണ് നിങ്ങള്‍ എന്ന നിലയില്‍ ചോദിക്കുന്നതാണ്. അങ്ങനെ ഒരു ധ്വനി ഉണ്ടെങ്കില്‍ പൊറുക്കുക.
പിന്നെ നിങ്ങളോട് ഞാന്‍ ചര്‍ച്ചക്ക് വരുന്നത് പണ്ട് (ദിനോസറുകള്‍ക്കും ഓന്തുകള്‍ക്കൊന്നും മുന്‍പല്ല കേട്ടോ) സക്കറിയ ആനന്ദിനോട് ചരിത്രം ചര്‍ച്ച ചെയ്യാന്‍ പോയ പോലെയാവും. സക്കറിയയുടേത് ഹൈസ്ക്കൂള്‍കാരന്റെ ചരിത്രബോധമായിരുന്നു. ഏറ്റവും ചുരുങ്ങിയത് എന്റെ അറിവില്ലായ്മയെക്കുറിച്ചെങ്കിലും എനിക്കു നല്ല ബോധ്യമുണ്ട്. :)

Incidentally, it is impossible for me to move on till I have set things right. Sorry for the protracted comments.

വെള്ളെഴുത്ത് said...

ജനനേന്ദ്രിയം എന്നു കേട്ടപ്പോള്‍ ഫസ്റ്റ് പേപ്പറ് മാത്രമായിരുന്നു മനസ്സില്‍ സെക്കന്റ് പേപ്പറിനെക്കുറിച്ച് ഓര്‍ത്തതു പോലുമില്ല. ഗുപ്താ അതു നന്നായി ആ കഥ പറഞ്ഞത്.. ഉമേഷ് കൂടി എഴുതട്ടെ വ്യക്തമായ ഒരു ചിത്രം അപ്പോഴേയ്ക്കും കിട്ടും. ഫ്രോയിഡ് ഇങ്ങനെ ചിലത് കണ്ടിട്ടില്ല എന്നു പരയാനൊക്കുകയില്ല.. ടോട്ടം ടാട്ടൂ.... എന്തായാലും പൈത്ത(പിഥ)ഗോറസ്സിന്റെ ഈ കഥ അറിഞ്ഞഭാവം കക്ഷി കാണിച്ചിട്ടില്ല.അനാഗതാ പന്തിരുകുലത്തില്‍ നമുക്ക് ഒരുപിടിയുമില്ലാത്തവരുമുണ്ട്.. ആരെങ്ക്ലും എന്തെങ്കിലും ചെയ്യണം കാര്യങ്ങളിലേയ്ക്ക് കുറച്ചെങ്കിലും വെളിച്ചം വീശാന്‍. പ്രവാചകാ.. താങ്കള്‍ അങ്ങനെ സ്വയം ചെറുതാക്കല്ലേ... ഞാനിന്നലെ താങ്കളുടെ സൈറ്റ് ചെന്ന് നോക്കി. നേരത്തെ ഒന്നു കണ്ടിരുന്നു..
ഞാനവിടെ ഒന്നും ഉദ്ദേശിച്ചിട്ടില്ല. വെറുതേ തമാശപറഞ്ഞതാണ് വടക്കന്‍ വീരഗാഥ സ്റ്റൈലില്‍. (ഞാന്‍ തമാശപറഞ്ഞാല്‍ അതു മനസ്സിലാവില്ല എന്നൊരു പ്രശ്നമുണ്ട്) മുന്‍പൊരിക്കല്‍ പാളയത്ത് സ്റ്റുഡന്റ്സ് സെന്ററിന്റെ മുന്നില്‍ വച്ച് കൂട്ടുകാരു തമ്മില്‍ ഹൈദഗറുടെയോ മറ്റൊ കാര്യം പറഞ്ഞ് തര്‍ക്കിച്ച് അവസാനം അടിയായി. ഒരാള്‍ മറ്റൊരാളോട് നിനക്ക് ചരിത്രബോധമില്ല പോയി പുസ്തകം വായിച്ചിട്ടു വാടാ എന്നു പറഞ്ഞു. കേട്ടയാളിനു വലിയ വിഷമമായി. കക്ഷി പിന്നെ കോളേജിലേയ്ക്കേ കണ്ടില്ല. നാലുദിവസം തുടര്‍ച്ചയായി കതകടച്ചിരുന്നു പുസ്തകങ്ങള്‍ വായിക്കുകയായിരുന്നു. അന്ന് അത് തമാശയായിരുന്നു. എത്രപ്രാവശ്യം പരഞ്ഞു ചിരിച്ചകാര്യമാണ്. ഇന്നിപ്പോള്‍, അക്കാര്യം ഓര്‍ക്കാന്‍ ഈ കമന്റ് കാരണമായി. ഇതൊക്കെയേ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ, ഒരു സാമൂഹിക ജീവിതം, അജ്ഞാതനായി. അത്രയേ ഞാന്‍ ഈ നിസ്സാര പോസ്റ്റുകള്‍ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. അപ്പോള്‍ കഴിവുള്ള ആളുകള്‍ക്ക് കുറ്റബോധം എന്തിന്?

The Prophet Of Frivolity said...

മാഷെ..ഞാനിവിടെ വന്നില്ല എന്നോ, ഇതു വായിച്ചില്ല എന്നോ കരുതരുത്. ഒരുപാടു തവണ വന്നു.വായിച്ചു.
മുമ്പെപ്പോഴോ വായിച്ച വിജയന്റെ ഒരു കഥയിലെ വരികള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു..പറ്റീല്ല. അതില്‍ രണ്ട് സഹോദരങ്ങളുണ്ട്..കാര്യമെന്താച്ചാല്‍ അതില്‍ ഏതാണ്ടിപ്രകാരം ഒരു വരിയുണ്ട്: ‘മനുഷ്യ ജീവിതം എന്നു പറഞ്ഞാ ഇത്രയൊക്കെയേ ഉള്ളൂ, ഇത്തിരി രക്തം,മൂത്രം,ചലം,...’ ഓര്‍ക്കാനേ പറ്റുന്നില്ല.

**************************************************
പലപ്രാവശ്യം എഴുതാന്‍ തുടങ്ങിയത് തൊണ്ടയില്‍നിന്നുകരണം മറിഞ്ഞ് വന്നെത്തിയത് കണ്ണുകളിലാണ്.