January 22, 2008

പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍
വിദേശത്ത് വച്ച് കുറേക്കാലം മുന്‍പ് സംഭവിച്ചതാണ്. ചെറുകഥയെ അകായില്‍ നിന്ന് ഇറക്കി ഇറയത്ത് ചാരുകസേരയിട്ടിരുത്തിയ കാരണവര്‍ ടി പദ്മനാഭനെ നേരില്‍ കാണാനും സംസാരിക്കാനുമായി അദ്ദേഹം താമസിക്കുന്ന ഒരു ഹോട്ടലിലെത്തിയ കുറേ വായനാശീലമുള്ള പ്രവാസി മലയാളികളെ അദ്ദേഹം സ്വീകരിച്ചത് മുഖമടച്ചുള്ള ഒരു ചോദ്യത്തോടെയാണ് : ‘നിങ്ങളില്‍ ആരൊക്കെയാണ് സാഹിത്യകാരന്മാര്‍, ആരൊക്കെയാണ് മഹാസാഹിത്യകാരന്മാര്‍..?’

പദ്മനാഭന്റെ (ആ ജനുസ്സില്‍പ്പെട്ട ആളുകളുടെ) ആത്മാനുരാഗിയായ മനസ്സ് അവിടെ നില്‍ക്കട്ടെ. ഇത്തരമൊരു ചോദ്യം പലതരത്തില്‍, പലരൂപത്തില്‍, പ്രതിഷ്ഠ നേടിയ എഴുത്തുകാര്‍ ഉന്നയിച്ചു കണ്ടിട്ടുണ്ട്. എതെങ്കിലും തരത്തില്‍ പ്രസിദ്ധി നേടിയ വ്യക്തി തന്റെ കൈക്കുറ്റപ്പാട് ഒന്നു വായിച്ചു നോക്കിയാല്‍ കൊള്ളാമെന്ന് തോന്നുന്നതിന്റെ മനശ്ശാസ്ത്രമാണ് നമ്മുടെ വിഷയം. ‘എഴുതിയ ഉടന്‍ ഞാന്‍ എന്റെ സുഹൃത്തുകളെ വായിച്ചു കേള്‍പ്പിക്കാറുണ്ട്. അവരുടെ വിമര്‍ശനവും പ്രോത്സാഹനവുമൊക്കെയാണ് എന്റെ ശക്തി’ തുടങ്ങിയ ഗീര്‍വാണങ്ങള്‍ ഒരു പരിധിവരെ എന്തെഴുതിയാലും മറ്റുള്ളവരെ (അത് മുന്നില്‍ കാണുന്ന ആരായാലും) വായിച്ചു കേള്‍പ്പിക്കണമെന്ന പുതുക്കക്കാരുടെ അടങ്ങാത്ത ത്വരയ്ക്ക് വഴിമരുന്നും രാസവളവുമായിട്ടുണ്ട്. പുനത്തിലിന്റെ ഒരു പഴയകഥ -‘മാരകായുധ‘ത്തിലെ പ്രമേയം ഇതായിരുന്നു. മൂലക്കുരുവില്‍ മുളകുപൊടി വിതറിയിട്ടുപോലും കുറ്റം സമ്മാതിക്കാതെ കഠോര നിലപാടു സ്വീകരിച്ച കള്ളനെ പോലീസുകാരന്‍ അയാളെഴുതിയ കഥ വായിച്ചു കൊടുത്തുകൊണ്ട് നേരിട്ടു. പാവം കള്ളന്‍ തോറ്റമ്പി. നിലവിളിച്ചുകൊണ്ട് സകല കുറ്റവും ഏറ്റുപറഞ്ഞു, ചെയ്യാത്തതും ഏക്കാമെന്നു സമ്മതിച്ചു!

ഓര്‍ക്കൂട്ടിലെത്തുന്ന ഭൂരിപക്ഷം പേരും ഒന്നോ രണ്ടോ കുശലങ്ങള്‍ക്കു ശേഷം തന്റെ രചന വായിച്ചുനോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നവരാണെന്ന് ഈയിടെ ഒരു ചെറുകഥാകൃത്ത് പറഞ്ഞു. വായിക്കണമെന്നതു മാത്രമല്ല, അഭിപ്രായം പറയണം, അതു നല്ലതായിരിക്കുകയും വേണം. ബുദ്ധിമുട്ടാണത്. അടുത്ത കൂട്ടുകാരന്റെ രചനയ്ക്ക് അവതാരികയെഴുതിക്കൊടുത്തിട്ട് പാപം പോക്കാന്‍ രാത്രി വൈകുവോളം കള്ളു കുടിച്ചുകൊണ്ടിരുന്ന ഒരു മഹാസാഹിത്യകാരനെ നേരിട്ടറിയാം. അരമനരഹസ്യങ്ങള്‍ പങ്കു വയ്ക്കുകയല്ല. വളരെ നിഷ്ക്കളങ്കം എന്നു തോന്നുന്ന ചില സംഭവങ്ങളുടെ പിന്നാമ്പുറം എങ്ങനെയാണെന്ന് ആലോചിക്കുകയാണ്.

സാഹിത്യകാരന്മാരെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഭൂരിപക്ഷവും ഇങ്ങനെ തന്റെ രചനകള്‍ക്ക് ഒരു കൈത്താങ്ങ് പ്രസിദ്ധമായ ഒരു വ്യക്തിത്വത്തില്‍ നിന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ നമ്മുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ സര്‍ഗാത്മകമായ എന്തോ ബാലന്‍സ് കേട് ഉണ്ടെന്നല്ലേ അര്‍ത്ഥം? സത്യത്തില്‍ നമുക്ക് മഹാസാഹിത്യകാരന്മാരുടെ ആശിസ്സുകളല്ല, നല്ല എഡിറ്റര്‍മാരെയാണു വേണ്ടത്. ശ്യാമപ്രസാദും സുഭാഷ്ചന്ദ്രനും തമ്മില്‍ നടന്ന ‘ഒരേകടല്‍‘ വിവാദം ഓര്‍മ്മയില്ലേ? പാശ്ചാത്യമായ ഒരു പരികല്‍പ്പന, ദേശിയായ ഒരു സാഹിത്യകാരനു മനസ്സിലാവാതെപോയതിന്റെ പരിണാമമായിരുന്നു അത് എന്ന് ഇന്നാലോചിക്കുമ്പോള്‍ തോന്നുന്നു. ‘സ്ക്രിപ്റ്റ് ഡോക്ടര്‍‘ എന്ന സങ്കല്‍പ്പത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്. (വിജയകൃഷ്ണന്‍ അതെക്കുറിച്ച് എഴുതിയിരുന്നു മാതൃഭൂമിയില്‍) പാശ്ചാത്യരാജ്യങ്ങളില്‍ എഡിറ്റര്‍ എന്നത് ഒരു ജോലിയാണ്. ആനുകാലികങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ തെരെഞ്ഞടുക്കലോ തീം നിശ്ചയിക്കലോ മാത്രം ചെയ്ത് കാലയാപനം ചെയ്യുന്ന മഹത്തുക്കളെ മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത്. മുന്നിലിരിക്കുന്ന കൃതിയെ വെട്ടിയൊതുക്കി ചിന്തേരിടുക എന്ന ദുഷ്കരമായ പണി ചെയ്യുന്ന സര്‍ഗശേഷിയുള്ള കഠിനാധ്വാനികളെയാണ്. മുന്തിയ പ്രസാധകന്മാര്‍ക്കെല്ലാം മുന്തിയ എഡിറ്റര്‍മാരുണ്ട്. അവരുടെ കൈ വിളങ്ങിയില്ലെങ്കില്‍ കൃതികള്‍ ബെസ്റ്റ് സെല്ലറുകളാവില്ല. എഴുത്തിന് ഒരു പഞ്ഞവുമില്ലാത്ത തൊഴിലില്ലാപ്പടയുടെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊരു കരിയര്‍ ആലോചനാവിഷയമാകാത്തതെന്തോയെന്തോ? അങ്ങനെയൊന്നില്ലാത്തതുകൊണ്ടല്ലേ ഏതു സാഹിത്യകാരനെ(കാരിയെ) കാണുമ്പോഴും നമ്മുടെ കൈ ബാഗിലേയ്ക്ക് നീളുന്നത്. ഫലം. ഉള്ള സ്നേഹം കൂടി പോയിക്കിട്ടി!

എഡിറ്റര്‍ എന്നു വച്ചാല്‍ നമുക്കു പത്രാധിപരാണ്. പത്രമാപ്പീസിലെ പത്രാധിപന്മാരെപ്പറ്റി കമല്‍ റാം പച്ചക്കുതിരയിലെഴുതിയിരുന്നു. ഹിന്ദുത്വമനസ്സുകള്‍ അപകടകരമായ രീതില്‍ ഡസ്കുകള്‍ക്കുപിന്നില്‍വര്‍ദ്ധിച്ചുവരുന്നതിനെപ്പറ്റി. (കമല്‍ അധികം വൈകാതെ മാതൃഭൂമിയില്‍ നിന്ന് പുറത്തുപോകുമോയെന്തോ..) പത്രാധിപര്‍മാര്‍ അവരുടെ നിഷ്ഠുരമനസ്സുകൊണ്ട് ആറ്റുനോറ്റ് കവിയശഃപ്രാര്‍ത്ഥികളായ മനുഷ്യര്‍ അയച്ചുകൊടുത്ത രചനകള്‍ നിഷ്കരുണം ചവറ്റുകുട്ടയിലേയ്ക്കു തള്ളും. അതുപോട്ടെ, അതല്ല. ആ പേരാണ് അങ്ങനെ ചിന്തിച്ചു വരവേ നടുക്കിക്കളഞ്ഞത്. ‘എഡിറ്ററി‘നെ പരിഭാഷിച്ച് ജനാധിപത്യബോധമുള്ള മലയാളി എടുത്തു പ്രതിഷ്ഠിച്ച പദം കണ്ടോ.. ‘പത്രാധിപര്‍‍’ ! (പത്രാധിപന്‍ പോലുമല്ല..!) തനി പൂജകബഹുവചനം. പരസ്യം നോക്കിയും ന്യൂസ് പേപ്പറിന്റെ സബ്സീഡി കണക്കുകൂട്ടിയും മറ്റൊരാള്‍ അവിടെ തന്നെയുണ്ട്. അയാള്‍ പോലും ‘അധിപന‘ല്ല, വെറും ഉടമസ്ഥന്‍ മാത്രം. മലയാളത്തിലെ ഭാവുകത്വം വഴിതിരിച്ചു വിടാനോ പിടിച്ചുകെട്ടിയിടാനോ നമ്മുടെ ചില സ്വന്തം ‘അധിപന്മാര്‍ക്ക്’ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുതയും ചേര്‍ത്തു വച്ചു വായിക്കുമ്പോള്‍ പേരിലും പരിഭാഷയിലും ചിലതൊക്കെയുണ്ടെന്നു മനസ്സിലാവും. അങ്ങനെയാണ്‍` മാനാഞ്ചിറയിലെ മാത്രമല്ല സകല ചിറകളിലേയും പത്രാധിപന്മാര്‍ പൊട്ടിച്ചിരിക്കുന്നവരായത്. എങ്കിലും നാളിതുവരെയായിട്ടും തനി ഫാസിസ്റ്റു മട്ടിലുള്ള ഈ പേരൊന്നു ജനായത്തരീതിയില്‍ പരിഷ്കരിക്കണമെന്നു നമുക്കു തോന്നാത്തതിനുവേണ്ടിയാണ് ഇന്നത്തെ അനുശോചനം.
Post a Comment