December 29, 2007

‘എഴുത്തോ നിന്റെ കഴുത്തോ...?’

അങ്ങനെ, ചെയ്ത ‘പാപം’ കാരണം ഒരു പോസ്റ്റുകൂടി വധശിക്ഷയ്ക്കു വിധേയമായി.

വാക്കുകളുടെ ദ്വയാര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു കുറിപ്പും ("മുലയെന്നു കേള്‍ക്കുമ്പോള്‍‍..." - http://valippukal.blogspot.com) അനുബന്ധങ്ങളും അതിന്റെ പൂരകങ്ങളും വിമര്‍ശനങ്ങളും അവയുടെയെല്ലാം കൂടി ഒന്നിച്ചുള്ള പൂര്‍ണ്ണമായ തിരോധാനവും കണ്ണടച്ചുതുറക്കുന്നതിനിടയില്‍ സംഭവിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബലതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ശ്ലേഷങ്ങളെപ്പറ്റിയുള്ള കുറിപ്പ് കാവ്യമീമാംസാപരമായിരുന്നെങ്കില്‍ പിതാവിനാല്‍ വധിക്കപ്പെടാനുള്ള തലവരയില്ലാതെ അതിന്നും സൌഭാഗ്യത്തോടെ ജീവിച്ചേനേ. സാമൂഹികശാസ്ത്രപരമായി രഹസ്യസങ്കേതവും അത്യാവശ്യത്തിനുമാത്രം ആരുമറിയാതെ തുറക്കാവുന്നതും കീഴ്‌സ്ഥായിയില്‍ മാത്രം വാക്കുകള്‍ ഉച്ചരിക്കാന്‍ അനുവാദമുള്ളതും ഒന്നും ഉറക്കെ വിളിച്ചുപറയാന്‍ പാടില്ലാത്തതുമായ ഒരു മേഖലയാണ് ലൈംഗികതയുടേത്. സമൂഹം ഏറ്റവും ജാഗ്രത്തായി എപ്പോഴും വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫയര്‍ സോണ്‍. അവിടെ അനധികൃതമായി പ്രവേശിച്ചെന്നതോ അതു കണ്ട് ആളുകള്‍ ഹര്‍ഷാരവത്തോടെ ഓടികൂടിയെന്നതോ സദാചാരനിഷ്ഠയുടെയും വിമര്‍ശനത്തിന്റെയും ലാത്തിച്ചാര്‍ജും വെടിവയ്പ്പും അവിടെ നടന്നുവെന്നുള്ളതോ അല്ല, (അതൊക്കെ ജനാധിപത്യമര്യാദയില്‍ സഹിഷ്ണുതയോടെ കണക്കിലെടുക്കാവുന്ന കാര്യങ്ങള്‍ മാത്രം ) മറിച്ച് ആ കുറിപ്പു് ലക്ഷ്യം വച്ച ചില സാക്ഷാത്കാരങ്ങളെ, അതിന്റെ ബോധപൂര്‍വമുള്ള മായ്ച്ചുകളയല്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു എന്നിടത്താണ് നേരത്തെ പറഞ്ഞ ‘ബലതന്ത്രം’ ശക്തമായി പ്രവര്‍ത്തിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ അത് മായ്ക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥാവിശേഷം നിര്‍മ്മിച്ച പരിണതികളിലാണ് ‘ബലതന്ത്രം’ പ്രവര്‍ത്തിക്കുന്നത്. അതു ലൈംഗികതയെ മാത്രം സംബന്ധിക്കുന്ന പ്രശ്നമല്ല, (അശ്ലീലത്തെ എതിര്‍ത്ത് കമന്റുകളെഴുതിയ വ്യക്തികള്‍ ഇവിടെ പ്രതിസ്ഥാനത്തുമല്ല) അങ്ങനെയാണ് നമ്മളില്‍ ഭൂരിപക്ഷവും വിചാരിക്കുന്നതെങ്കിലും.

സദാചാരം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് ചില സന്മാര്‍ഗ നിയമങ്ങളുടെ പിന്‍ബലത്തോടെയാണ്. അതനുസരിക്കുക എന്നതാണ് പരമ്പരാഗതമായ നിയമം. അല്ലാതെ ഉത്തമപൌരന്മാരാവുക സാദ്ധ്യമല്ല. സമൂഹത്തിന്റെ കെട്ടുറപ്പിനാണ് ഇത്തരം നിയമാവലികള്‍ കാലാകാലം പരിഷ്കരിച്ചും അല്ലാതെയും കൊണ്ടു നടക്കുന്നതെന്നാണ് പറയാറ്‌ പതിവ്. സമൂഹത്തിന്റെ സന്മാര്‍ഗനിയമത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് സദാചാരം സാദ്ധ്യമാണെന്നു പറഞ്ഞത് ഫൂക്കോയാണ്. സ്വന്തം കര്‍മ്മങ്ങള്‍ക്കുമേല്‍ വ്യക്തി ഇടപെടുന്നതെങ്ങനെ എന്നു അന്വേഷിച്ചുകൊണ്ട്, “വ്യക്തികള്‍ അവരവരുടെ മേലും മറ്റുള്ളവരുടെ മേലും ‘താത്പര്യങ്ങള്‍’ പ്രയോഗിക്കാന്‍ തയ്യാറാവുന്നത് “ എന്തുകൊണ്ടെന്ന് പഠിക്കാം എന്നു ഫൂക്കോ പറഞ്ഞു. സമൂഹത്തിലെ സദാചാരനിഷ്ഠയുള്ള പൌരനായി (പൌരിയായി) മാറാന്‍ വ്യക്തി സ്വയം മാറ്റിത്തീര്‍ക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുന്ന പ്രവൃത്തി ഫൂക്കോവിയന്‍ ‘സദാചാരത്തിലെ’ പ്രധാന സംഗതിയാണ്. ആത്മനിരീക്ഷണം, ആത്മവിമര്‍ശനം എന്നിവയിലൂടെയാണ് വ്യക്തി ഇങ്ങനെ സ്വയം മാറുന്നത്.

മതത്തിന്റെ പിടി അയയുകയും മനസ്സിനെയും ജീവിപരിണാമത്തെയും മൂലധനനിക്ഷേപങ്ങളെയും കുറിച്ച് പ്രത്യക്ഷവും പരോക്ഷവുമായ അറിവുകള്‍ നേടിയെടുക്കുകയും ചെയ്തിട്ടും (എന്‍ലൈറ്റ്മെന്റിന്റെ കാലത്തിനു ശേഷവും) എന്തുകൊണ്ട് സമൂഹത്തിന്റെ ലൈംഗിക മര്യാദകള്‍ ഇപ്പോഴും ധാര്‍മികതയുടെയും സദാചാരത്തിന്റെയും മുഖ്യപ്രശ്നമായി മാറുന്നു? ജീവിതത്തിന്റെ ഇതരമേഖലകള്‍ക്ക് ലഭിക്കാത്ത പ്രാധാന്യം എന്തുകൊണ്ട് ലൈംഗികതയ്ക്ക് ലഭിക്കുന്നു? കാരണം ലൈംഗികതയുടെ മേഖല ആശയക്കുഴപ്പത്തിന്റേതാണ്. എന്തുവേണം എന്ന കാര്യം വ്യക്തിയെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ലൈംഗികമേഖലയില്‍ ഈ വ്യക്തി എങ്ങനെ പ്രവര്‍ത്തിക്കാനാണ് പോകുന്നത് എന്നതാണ് സമൂഹത്തെ ഉത്കണ്ഠാകുലമാക്കുന്ന ചോദ്യം. ഒരാള്‍ ലൈംഗികമായി എങ്ങനെ പെരുമാറണം എന്ന് സമൂഹത്തിന് ചില തീര്‍പ്പുകളുണ്ട്. മുതിര്‍ന്ന പൌരന്‍ എന്ന നിലയില്‍ ഒരാളുടെ ലൈംഗികപെരുമാറ്റമാണ് അയാളുടെ സാമൂഹികസ്വത്വത്തെ തീരുമാനിക്കുന്നത്. ‘അതില്‍ ‘ ഇടപെട്ടുകൊണ്ടിരിക്കുക എന്നത് ഒരു സാമൂഹികപ്രവര്‍ത്തനമാണ്. അതുകൊണ്ട് ലൈംഗികനിയന്ത്രണങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ക്ക് പിന്നിലുള്ളത് കപടനാട്യമല്ല, അധികാരപ്രയോഗമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും ശരീരത്തിലേയ്ക്കുള്ള വാതിലാണ് ലൈംഗികത.
സകല ആനന്ദാനുഭവങ്ങളുടെയും സ്രോതസ്സായ രതി (സെക്സ്)യുടെ നടപടിക്രമങ്ങളെ വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണമായ നിയന്ത്രണം സമൂഹത്തിന്റെ കയ്യില്‍ വരും. വഴിതെറ്റാന്‍ സാദ്ധ്യതയുള്ള കുട്ടിയെ ശാസിക്കുകയാണ് സമൂഹം. ആ ബാദ്ധ്യത ഏറ്റെടുത്തുചെയ്യാന്‍ ‘ഒരാള്‍ക്ക്’ പരോക്ഷമായ സമൂഹസമ്മതിയുണ്ട്.

ഈ ശാസനയ്ക്കു വഴങ്ങാനുള്ള അബോധപ്രേരണ, സമൂഹജീവി എന്ന നിലയ്ക്ക് നമുക്കെല്ലാം ഉണ്ടെന്നിടത്താണ് ലൈംഗികത വീണ്ടും പ്രശ്നവത്കരിക്കപ്പെടുന്നത്. മനുഷ്യന്‍ രതി (സെക്സ്)യുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള ആവിഷ്കാരത്തിനു കൊതിക്കുന്നു. വിലക്കുകളും അധികാരപ്രയോഗവും കൊണ്ട് ലൈംഗികത (സെക്ഷ്വാലിറ്റി) അതിനെ അടച്ചുകെട്ടുന്നു. കര്‍ത്താവിന്റെ (ആക്ടീവ്) സ്ഥാനത്തു നിന്നും കര്‍മ്മത്തിന്റെ (പാസ്സീവ്) സ്ഥാനത്തിലേയ്ക്ക് വ്യക്തിയെ ഇറക്കി നിര്‍ത്തിക്കൊണ്ടുള്ള സ്വത്വനിര്‍മ്മാണമാണ് നടക്കുന്നതെന്നു ചുരുക്കം. അതില്‍തന്നെ ഈ ബലപ്രയോഗം ഏറ്റവുമധികം പ്രവര്‍ത്തിക്കുന്ന ദുര്‍ബലമേഖല, സ്ത്രീകളുടേതായതുകൊണ്ടാണ് അവര്‍ വസ്തുവത്ക്കരിക്കപ്പെട്ടു (Objectivization) പോകുന്നത്, ഒച്ച ദുര്‍ബലമാവുന്നത്, പ്രവര്‍ത്തനം പാസ്സീവായി പോകുന്നത്. ലൈംഗികതയുടെ സ്ഥാപനവത്കരണമായ വിവാഹത്തില്‍ താലികെട്ടാന്‍ തലകുനിച്ചുകൊടുക്കേണ്ടി വരുന്നത്. അധികാരത്തിലുള്ളത്ര അശ്ലീലം രതിയിലില്ലെന്നാണ് ‘ധര്‍മ്മപുരാണ‘മെഴുതി വിജയനും ‘ആടിന്റെ വിരുന്നെ‘ഴുതി യോസയും വിശദീകരിച്ചത്. ‘ചാച്ചി കേറ്റട്ടോ’ എന്ന കമന്റ് അശ്ലീലമാവുന്നത്, ലൈംഗികാവയവങ്ങളെ ചെന്നു തൊടുന്നതുകൊണ്ടല്ല. അതിനകത്ത് ഒരു പിടിച്ചുപറിക്കലിന്റെ, കടന്നുകയറ്റത്തിന്റെ അംശമുള്ളതുകൊണ്ടാണ്. അദ്ഭുതം തോന്നും ശരീരാവയവങ്ങളെ സംബന്ധിക്കുന്ന പച്ചമലയാളം വാക്കുകള്‍ അയിത്തക്കാരാണ്. സംസ്കൃതത്തിന്റെ പട്ടുടുപ്പിച്ചാല്‍ അവയെ സഭയില്‍ കയറ്റാം.. ലിംഗം, സ്തനം, നിതംബം എന്നിങ്ങനെ. വര്‍ണ്ണവിവേചനം സമൂഹത്തിലല്ല, നമ്മുടെ ശരീരത്തിലാണ് ആദ്യപാഠമായി ആഘോഷത്തോടെ അരങ്ങേറുന്നത്. വലതുകൈയെ അപേക്ഷിച്ച് ഇടതുകൈ എങ്ങനെയാണ് ഹീനജാതിക്കാരനായത്? കാലുകൊണ്ട് തലോടാന്‍ പറ്റാത്തതെന്ത്? ശുചിത്വധര്‍മ്മം നിര്‍വഹിക്കുന്ന ചില അവയവങ്ങള്‍ എങ്ങനെയാണ് ഏറ്റവും നികൃഷ്ടമായ ഭാഗങ്ങളായി മാറിയത്? സദാചാരത്തിന്റെ വംശാവലിചരിതം ശരീരത്തിന്റെ രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നു.

'മുലയെന്നു കേള്‍ക്കുമ്പോള്.‍..’ എന്ന കുറിപ്പിലേയ്ക്കു തിരിച്ചുവരാം. ഇതിനുമുന്‍പ് ‘കാമലീല‘കളെന്നും ഒളിയമ്പുകളെന്നും’ മറ്റുമുള്ള പേരില്‍ രതികാര്യങ്ങള്‍ തുറന്നു പറയുന്ന മലയാളം ബ്ലോഗുപോസ്റ്റുകള്‍ കണ്ടിട്ടുണ്ട്. വായനയുടെ ഗൂഢാനന്ദത്തിനപ്പുറം വായനക്കാരെകൂടി പങ്കാളിയാക്കാന്‍ ആ പോസ്റ്റുകള്‍ക്ക് കഴിയാതെ പോയി. അതായിരുന്നില്ല നൂറിലധികം കമന്റുകള്‍ നീണ്ട സ്വാളൊയുടെ കുറിപ്പിന്റെ സ്ഥിതി. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെന്നപോലെ കാഴ്ചക്കാരും/വായനക്കാരും കര്‍ത്തൃസ്ഥിതി കൈയാളുകയായിരുന്നു. മലയാളിയുടെ ബോധവും അബോധവും അശ്ലീലം കൊണ്ട് നിറഞ്ഞതെങ്ങനെ എന്നന്വേഷിക്കുകയായിരുന്നോ ആ കുറിപ്പിന്റെ ലക്ഷ്യം? എന്തിന്? ‘സ്വാളൊ‘ തന്നെ കമന്റുകളില്‍ പോസ്റ്റു ചെയ്ത ഉദാഹരണകഥകള്‍ ഒരു തരത്തിലും ന്യായീകരിക്കുകയില്ല, ഇക്കാര്യത്തെ. എങ്കിലത് വിമോചനപരമാവുമായിരുന്നില്ല. ഇത്രയും വായനക്കാരെ പങ്കാളികളാക്കാനും അതിനു കഴിയുമായിരുന്നില്ല. അതിരൂക്ഷമായ ബലതന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു അധികാരകേന്ദ്രത്തില്‍ (സെക്ഷ്വാലിറ്റി) നിന്നുള്ള വിടുതലിനായുള്ള കുതറലായിരുന്നു സ്വാളൊയുടെ കുറിപ്പ്. ആ സ്വാതന്ത്ര്യബോധത്തെയാണ് സമാനമായ കഥകളുമായി ആളുകള്‍ പിന്‍പറ്റിയത്. പോസ്റ്റു ഡിലീറ്റ് ചെയ്തു പോയതോടെ കര്‍ത്തൃസ്ഥാനത്തു നിന്ന് കര്‍മ്മസ്ഥാനത്തേയ്ക്കുള്ള ഇറങ്ങി വരലാണ് സംഭവിച്ചത്. ഒന്നടങ്കം. ഒരുപാട് അര്‍ത്ഥവിവക്ഷകളുള്ള ഒരു സംവാദം, ഇനിയാര്‍ക്കും പ്രാപ്യമല്ലാത്ത വിധത്തില്‍ ബ്ലോഗുലകത്തില്‍ മറഞ്ഞു. സന്മാര്‍ഗനിഷ്ഠ പരിപാലിക്കപ്പെടാന്‍ വേണ്ടി നല്‍കപ്പെട്ട ബലിയായും ഇതിനെ കണക്കാക്കാം. അതു സ്വത്വസംരക്ഷണം കൂടിയാണ്. അദൃശ്യനായ ശാസകന്റെ ലാത്തിയ്ക്കു മുന്നില്‍ അതാണു രക്ഷ.
Post a Comment