December 5, 2007

വായനയുടെ ഭൂതങ്ങള്‍

വായനയ്ക്കുള്ള നടപടിക്രമങ്ങള്‍ (protocols of reading) സ്വരൂപിച്ചെടുത്താല്‍ മാത്രമേ സൂക്ഷ്മവായന സാദ്ധ്യമാവുകയുള്ളൂ എന്നുപദേശിച്ചത് ദെറീദയാണ്. അങ്ങനെയൊരു വായനാനിയമം കണ്ടെത്താന്‍ കഴിയാത്തതു കൊണ്ട് കാള്‍ മാക്സിനെ മാറ്റി വയ്ക്കുകയും ഒടുവില്‍ സ്വയം നിര്‍മ്മിച്ചെടുത്ത നിയമത്താല്‍ മാക്സിനെ വായിച്ചിട്ട് ‘മാക്സിന്റെ ഭൂതങ്ങള്‍’ എന്ന പ്രബന്ധം രചിക്കുകയും ചെയ്ത വ്യക്തിയാണ് ഴാക് ദെറീദ. സ്വന്തം ഇഷ്ടപ്രകാരം ചലിക്കുന്ന ചരക്കുകളാണ് ഭൂതങ്ങള്‍. അവ ഘടനകളിലും വ്യവസ്ഥകളിലും കടന്നു കയറി അവയുടെ സ്വാഭാവികഗതിയെ അസ്ഥിരപ്പെടുത്തുന്നു. പ്രത്യയശാസ്ത്രങ്ങളെ രൂപപ്പെടുത്തുന്നത് ഈ ഭൂതായ്മയാണ് എന്നും പറയാം. അങ്ങനെ നോക്കുമ്പോള്‍, ഒഴിയാബാധപോലെ ആവേശിക്കുന്ന ആധികളുടെ പ്രകാരഭേദങ്ങളെല്ലാം ഈ ഭൂതായ്മയുടെ പട്ടികയില്‍ വരും. പഴയ യൂറോപ്പിലെ പ്രധാനശക്തികളെയെല്ലാം പേടിപ്പിക്കാന്‍ പോന്ന കമ്മ്യൂണിസം എന്ന ഭൂതത്തെക്കുറിച്ചാണ് ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ‘യുടെ ആദ്യവാചകത്തില്‍ മാക്സ് വാചാലനായത്. അതിലും ‘സര്‍വലോക തൊഴിലാളികള്‍ക്ക് കിട്ടാന്‍ പോകുന്ന പുതിയ ലോക‘ത്തെക്കുറിച്ചുള്ള പ്രവചനത്തിലും സന്നിഹിതമായ പ്രേതങ്ങള്‍ ‘ഗ്രാമസ്വരാജിലും’(ഗാന്ധിജി) ‘ചരിത്രത്തിന്റെ അവസാനത്തിലും അവസാന മനുഷ്യനിലും’ (ഫ്രാന്‍സിസ് ഫുകുയാമ) ‘സംസ്കാരങ്ങളുടെ സംഘര്‍ഷത്തിലും’ (സാമുവല്‍ ഹണ്ടിംഗ്ടണ്‍) ഇങ്ങേയറ്റം ‘ഇരകളുടെ മാനിഫെസ്റ്റോ’യിലും (കെ ഇ എന്‍) ഏറിയും കുറഞ്ഞുമൊക്കെ കടന്നു കയറിയിട്ടില്ലേ?

നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നോവലിസ്റ്റ് തന്റെ പഴയ ഒരു നോവലിലെ കഥാപാത്രങ്ങളെ മുംബായ് നഗരത്തില്‍ വച്ച് ഓര്‍ത്തെടുക്കുന്നിടത്തു നിന്നാണ് ആനന്ദിന്റെ പുതിയ നോവല്‍ ‘പരിണാമത്തിന്റെ ഭൂതങ്ങള്‍‘ തുടങ്ങുന്നത്. പിറക്കാതെ പോയ നോവലിനെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് അയാള്‍ തന്റെ തന്നെ കഥാപാത്രങ്ങളിലെത്തുന്നത്. ഇരുനൂറോളം വര്‍ഷങ്ങള്‍ നീണ്ട നഗര പരിണാമത്തിന്റെ കഥയാണ് അയാള്‍ ആദ്യം മനസില്‍ വരഞ്ഞിട്ടിരുന്നത്. അതു നടന്നില്ല. മുംബായ് നഗരത്തിന്റെ പരിണാമം, കലാപങ്ങളിലൂടെയും സഹനങ്ങളിലൂടെയും അതു പിന്നിട്ട നാള്‍ വഴികള്‍, നഗരത്തെ രൂപപ്പെടുത്തിയ തുണിമില്ലുകള്‍, ട്രേഡ് യൂണിയനിസം, ടൈംസ് ഓഫ് ഇന്ത്യ, പരസ്യങ്ങള്‍, പുസ്തകം, സിനിമ, സര്‍വാശ്ലേഷിയായ മെറ്റാനരേഷന്‍- രാഷ്ട്രീയം- എന്നിവയിലൂടെ വിവരിച്ചതിനു ശേഷം, ഒടുവില്‍ കോണി ബാര്‍ലോയുടെ ‘ഓര്‍മ്മിക്കുന്നവര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പുസ്തകം- ‘The Ghosts of Evolution‘-ല്‍ പരാമൃഷ്ടമായ ജിങ്ക്ഘോ വൃക്ഷത്തിന്റെ തീര്‍ത്തും സാധാരണമല്ലാത്ത, അതിജീവനത്തിന്റെ വര്‍ത്തമാനം പറഞ്ഞുകൊണ്ട് ആനന്ദ് പുസ്തകം അവസാനിപ്പിക്കുന്നു. അതു മാത്രമല്ല, അന്ധനും ബധിരനും നട്ടെല്ലില്ലാത്തവനുമാണെങ്കിലും ദിനോസോറുകളുള്‍പ്പടെ രണ്ടു വലിയ വംശനാശങ്ങളെ അതിജീവിച്ച് ഇങ്ങുവരേയ്ക്കും പോന്ന ആര്‍ക്കും വേണ്ടാത്ത മണ്ണിരകളെപ്പറ്റിയെഴുതിയ 'The Earth Moved' (ആമി സ്റ്റിവര്‍ട്ട്) എന്ന പുസ്തകത്തെക്കുറിച്ചു കൂടി പറഞ്ഞു കൊണ്ട്. മഴക്കാലം കഴിഞ്ഞയുടന്‍ കര്‍മ്മനിരതരാവുന്ന മണ്ണിരകള്‍ പൃഷ്ഠം കൊണ്ടു പണിയുന്ന കുക്കിരികളുടെ ശില്പഭംഗി തന്റെ പരാജയപ്പെട്ട ശില്പരചനാകാണ്ഡത്തിനില്ല എന്നു മനസ്സുതുറന്നു സമ്മതിച്ചു കൊണ്ട് !

‘ഇല്ലെന്ന് അറിയാവുന്ന ഒന്ന് ഉണ്ടാകാന്‍ പോകുന്നു എന്ന് സങ്കല്‍പ്പിച്ചുകൊണ്ടല്ലേ നാം പ്ലാനുകള്‍ വരയ്ക്കുന്നത് എന്നു ചോദിച്ച യുവാവായ പ്രേം എന്ന ആര്‍ക്കിടെക്ടിനെ വൃദ്ധനും അരക്കിറുക്കനുമായ ഒരു മനുഷ്യന്‍ തിരുത്തുന്ന ഒരു സന്ദര്‍ഭം നോവലിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്ന് എടുത്തു ചേര്‍ത്തതാണത്. വൃദ്ധന്‍ പറയുന്നു: “അല്ല, നിര്‍മ്മിക്കാന്‍ പോകുന്ന വസ്തു മുന്‍പേ നിലനില്‍ക്കുന്നതാണെന്നു നാം മനസ്സില്‍ സങ്കല്‍പ്പിക്കുന്നു. അല്ലെങ്കില്‍ നമുക്കതു വരയ്ക്കാന്‍ കഴിയില്ല.” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “യാഥാര്‍ത്ഥ്യങ്ങളും സങ്കല്‍പ്പങ്ങളും തമ്മിലുള്ള വലിയ അന്തരത്തെ അറിയാതിരിക്കുന്നതിലാണ് യുവത്വം സ്ഥിതി ചെയ്യുന്നത്. അത് അറിയാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ വയസ്സനാകുന്നു.” പരിണാമത്തിന്റെ ഗതികളെ നിര്‍ണ്ണയിക്കുന്ന ഘടകമേതാണെന്ന ചിന്ത കലശലായ അടിയൊഴുക്കായി വര്‍ത്തിക്കുന്ന ഒരു പുസ്തകത്തിന്റെ തുടക്കഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഈ വാക്യശകലങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മാറ്റം എന്താണെന്നതിനെയാണ് അത് പ്രശ്നവിചാരം ചെയ്യുന്നത്. മരിച്ചതെന്ത്, ജീവിച്ചിരിക്കുന്നതെന്ത് എന്ന ചിന്തയ്ക്ക് പ്രേതവിചാരണയില്‍ മുഖ്യസ്ഥാനമുണ്ട്. മരിച്ചുപോയവയില്‍ എന്തൊക്കെയാണ് ജീവിച്ചിരിക്കുന്നവയിലൂടെ പ്രവര്‍ത്തിക്കുന്നത് എന്ന് ആരായല്‍ അതിന്റെ ധര്‍മ്മമാണ്. കോണി ബാര്‍ലോയുടെ ഗ്രന്ഥനാമം കടമെടുത്തതിനപ്പുറം ആനന്ദ്, നമ്മുടെ ചിന്തകളെ നയിച്ചുകൊണ്ടു പോകുന്ന ഒരു വഴി അതാണ്.

മറ്റൊന്ന്. ലേഖനമോ പഠനമോ നിരീക്ഷണങ്ങളോ കുറിപ്പുകളോ ഫീച്ചറോ എന്തുമാകാന്‍ വെമ്പിനില്‍ക്കുന്ന ഒരു രചന ഘടനകൊണ്ടു തന്നെ വായനയുടെ നിയമങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ആശയം കൊണ്ട് വേറെയും. പക്ഷേ എല്ലാവര്‍ക്കും ദെറീദയാവാന്‍ കഴിയില്ലല്ലോ.
Post a Comment