November 13, 2007

കടംകഥകളുടെ ഉത്തരം



അച്ഛനായ ലെയിസ്സിനെ ആളറിയാതെ വധിച്ചിട്ട് തീബ്സിലേയ്ക്ക് പോയ ഈഡിപ്പസ് അവിടെയെങ്ങും ഭയചകിതരായ ജനങ്ങളെയാണ് കണ്ടത്. അതിനു കാരണം സ്ഫിംഗ്സ് എന്ന അപൂര്‍വജീവിയായിരുന്നു. സ്ത്രീയുടെ മുഖവും മുലകളും സിംഹത്തിന്റെ ശരീരവും കഴുകന്റെ ചിറകുകളുമുള്ള അവള്‍ യാത്രക്കാരോട് കടംകഥകള്‍ ചോദിക്കുകയും ഉത്തരം അറിയാതെ പകയ്ക്കുന്നവരെ ഞെരിച്ചുകൊല്ലുകയും ചെയ്തു. ഈഡിപ്പസിനെയും അവള്‍ തടഞ്ഞു നിര്‍ത്തി. അയാളോടു ചോദിച്ച കടംകഥ ഇതായിരുന്നു. “ഏതു ജന്തുവിനാണ് രാവിലെ നാലുകാലും ഉച്ചയ്ക്കു രണ്ടു കാലും വൈകുന്നേരം മൂന്നു കാലുമുള്ളത്?” ഈഡിപ്പസു പറഞ്ഞു “മനുഷ്യന്, കുട്ടിയായിരിക്കുമ്പോള്‍ അവന്‍ നാലുകാലില്‍ ഇഴയുന്നു, അതിനുശേഷം രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കുന്നു, വാര്‍ദ്ധക്യത്തില്‍ വടിയുടെ സഹായത്തോടെ മൂന്നുകാലില്‍ നടക്കുന്നു.” സ്ഫിംഗ്സ് പരാജയപ്പെട്ടു. അഗാധ ഗര്‍ത്തത്തിലേയ്ക്ക് വീണു ചത്തൊടുങ്ങിയെന്നും സ്വയം അവയവങ്ങള്‍ കടിച്ചു തിന്ന് ആത്മഹത്യ ചെയ്തെന്നും ആ മരണത്തെക്കുറിച്ച് രണ്ട് പാഠഭേദങ്ങള്‍. അതിനെ തുടര്‍ന്നാണ് തീബ്സിലെ ജനങ്ങള്‍ ഈഡിപ്പസിനെ രാജാവാക്കിയത്, ലെയിസിന്റെ വിധവയായ ജെക്കോസ്റ്റയെ- സ്വന്തം അമ്മയെ- വിവാഹം കഴിച്ചു് ജീവിതം തന്നെ ദുരന്തമാക്കിയത്.


ദ്വൈതവനത്തില്‍ വച്ച് പാണ്ഡവന്‍മാരുടെ അരണിക്കോലുകള്‍ ഒരു മാന്‍ കടിച്ചെടുത്തുകൊണ്ടോടി. പാണ്ഡവന്മാര്‍ കുറെ ദൂരം പിന്തുടര്‍ന്നെങ്കിലും അതിനെ കിട്ടിയില്ല. തളര്‍ന്ന് അവശരായ അവര്‍ ഓരോരുത്തരായി തൊട്ടടുത്ത് ഒരു പൊയ്കയുണ്ടെന്ന് മനസിലാക്കി വെള്ളമെടുക്കാന്‍ പോയി. പോയവരാരും തിരിച്ചു വരാത്തതിനാല്‍ മൂത്തവനായ യുധിഷ്ഠിരന്‍ സരസ്സിന്റെ തീരത്തു ചെല്ലുമ്പോള്‍ കാണുന്നത് സഹോദരന്മാര്‍ നാലുപേരും മരിച്ചു കിടക്കുന്നതാണ്. അവിടെ ഒരു കൊക്ക് ഇരിപ്പുണ്ടായിരുന്നു. ഈ പൊയ്ക തന്റെ പൂര്‍വിക സ്വത്താണെന്നും താന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുമെന്നും അതിനു ശരിയായി ഉത്തരം പറഞ്ഞാല്‍ വെള്ളം കുടിക്കാമെന്നും മറുപടി തെറ്റിയാല്‍ സഹോദരന്മാരെപ്പോലെ യുധിഷ്ഠിരനും മരിക്കുമെന്നും കൊക്ക് പറഞ്ഞു. കൊക്ക് വെറുമൊരു കൊക്കല്ലെന്ന് യുധിഷ്ഠിരനു മനസിലായി. അതുകൊണ്ട് താന്‍ യക്ഷനാണെന്നു തിരുത്തിപ്പറഞ്ഞു കൊണ്ട് കൊക്ക് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. സൂര്യനെ വഹിക്കുന്നതെന്ത്? സൂര്യനെ അസ്തമിപ്പിക്കുന്നതെന്ത്? സൂര്യന്റെ അനുചാരികള്‍ ആര്? സൂര്യന്‍ നിലകൊള്ളുന്നത് എന്തിന്മേല്‍? ഏറ്റവും പ്രാധാന്യമുള്ള വസ്തു എന്ത്? ആകാശത്തിലും പ്രസവത്തിലും പ്രതിഷ്ഠകള്‍ എന്തെല്ലാം? ശ്വാസോച്ഛ്വാസം ചെയ്യുന്നെങ്കിലും ജീവനില്ലാത്തതാര്‍ക്ക്? ഭൂമിയേക്കാള്‍ വലുതെന്ത്? ആകാശത്തേക്കാള്‍ ഉയര്‍ന്നതെന്ത്? പുല്ലിനേക്കാള്‍ കൂടുതലുള്ളതെന്ത്? കാറ്റിനേക്കാള്‍ വേഗതയുള്ളതെന്തിന്? ഹൃദയശൂന്യമായ വസ്തുവേത്? വേഗം കൊണ്ടു വളരുന്നതേത്? മരിക്കുന്നവന്റെ മിത്രമേത്? എല്ലാവരുടെയും അതിഥിയാര്? അമൃതം എന്ത്? മനുഷ്യന്റെ ആത്മാവ് എന്ത്? ധനവാനാകുന്നത് എങ്ങനെ? സുഖിമാനാകുന്നത് എങ്ങനെ? ലോകം തെളിയുന്നതും മൂടുന്നതും എങ്ങനെ? ചത്ത രാഷ്ട്രവും മരിച്ച മനുഷ്യനും എന്ത്? കാമവും മത്സരവുമെന്ത്? ധര്‍മ്മവും കാമവും അര്‍ത്ഥവും ഒരുമിച്ച് ചേരുന്നത് എപ്പോള്‍? ... ഇങ്ങനെയുള്ള കുറെ ചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരം പറഞ്ഞ് യുധിഷ്ഠിരന്‍ സഹോദരങ്ങളെയും ജീവിപ്പിച്ച് സന്തോഷത്തോടെ മടങ്ങുന്നു. അരണിയും തിരികെ കിട്ടി. ചോദ്യം ചോദിച്ചയാള്‍ കൊക്കോ യക്ഷനോ അല്ലായിരുന്നു, യുധിഷ്ഠിരന്റെ പിതാവായ യമധര്‍മ്മന്‍ തന്നെയായിരുന്നു.

പ്രാചീന ഗ്രീസിലെയും അല്‍ബേനിയയിലെയും നാടോടി കഥകളിലെ മുഖ്യപ്രമേയമായ ഈഡിപ്പസ് കഥയ്ക്ക് വിചാരിക്കുന്നതിനേക്കാള്‍ നല്ല പഴക്കമുണ്ട്. അതു പിന്നീടാണ് സോഫോക്ലിസിലൂടെ എക്കാലത്തെയും മികച്ച ദുരന്തനാടകമായി ലിഖിതരൂപം നേടിയത്. നാടോടിപാരമ്പര്യം തന്നെയാണ് മഹാഭാരതകഥയ്ക്കും ഇഴ നെയ്തിരിക്കുന്നത്. സ്ഫിംഗ്സ് മനുഷ്യനെപ്പറ്റി മാത്രമാണ് ചോദിച്ചത്. ഒറ്റചോദ്യത്തില്‍ ഒരു ജീവിതം അതു കൊരുത്തിട്ടു. യുധിഷ്ഠിരനോടുള്ള യക്ഷപ്രശ്നത്തില്‍ അന്ന് സിദ്ധമായിരുന്ന വിജ്ഞാനശാഖകളെയാകെ തൊട്ടുഴിഞ്ഞിട്ടുണ്ട്. മനുഷ്യനെ, അവന്റെ (അവളുടെ) ജീവിതത്തെ തൊട്ടാല്‍ അറിവിനെ മുഴുവന്‍ തൊട്ടു എന്നാവാം പാശ്ചാത്യ ചിന്ത. അറിവില്ലാത്തവന് എന്തു ജീവിതം എന്നായിരിക്കാം പൌരസ്ത്യ പാരമ്പര്യത്തിന്റെ വഴക്കം. എങ്കിലും യക്ഷന്റെ ചോദ്യങ്ങളെല്ലാം മനുഷ്യനെ കേന്ദ്രമാക്കി നിര്‍ത്തിയുള്ളതാണ് രണ്ടാം വായനയില്‍. ആ നിലയ്ക്ക് സ്ഫിംഗ്സിന്റെ ഒറ്റ ചോദ്യത്തെ പൌരസ്ത്യമായ രീതിയില്‍ വിടര്‍ത്തിയെടുത്തതാണ് കൊക്കിന്റെ നൂറു ചോദ്യങ്ങള്‍ എന്നു പറഞ്ഞാല്‍ ഏറെക്കുറെ ശരിയാണ്. മരണത്തിന്റെ മുന്നില്‍ നിര്‍ത്തിയാണ് പ്രശ്നവിചാരം എന്നിടത്ത് രണ്ടു ദിക്കുകളും ഒന്നിക്കുന്നു. ആധുനികകലയെ ഒട്ടേറെ സ്വാധീനിച്ചിട്ടുള്ള ഈഡിപ്പസ് -സ്ഫിംഗ്സ്‌ അഭിമുഖീകരണത്തിന്റെ അബോധവിവക്ഷകള്‍ ഫ്രോയ്ഡ് വിശദീകരിച്ചിട്ടുണ്ട്. സ്ഫിംഗ്സിന്റെ മുലകളും പക്ഷിച്ചിറകും സ്വയം തിന്നു തീരുന്ന അവസ്ഥയും തികഞ്ഞ ലൈംഗിക സൂചനകളാണ്. ഇത്തരമൊരു അപഗ്രഥനം യുധിഷ്ഠിരകഥയില്‍ നടന്നിട്ടില്ലെങ്കില്‍ കൂടി അതിനുള്ള സാദ്ധ്യത തീരെയില്ലാതില്ല. കൊക്കിന്റെ നീണ്ട ചുണ്ടും പൊയ്കയും മത്സ്യം പിടിക്കുന്നവനാണെന്ന പരാമര്‍ശവും സഹോദരങ്ങളുടെ മരണവും ലൈംഗികസൂചനകള്‍ കൊണ്ടു നിറഞ്ഞ സ്വപ്നസന്നിഭമായ ഒരു അനുഭവമാണ്. രണ്ടു കഥകളിലും ഉത്തരം ശരിയല്ലെങ്കില്‍ ശ്രോതാവ് മരിക്കുമെന്നുറപ്പാണ്. തീബ്സിലെ ഭയന്ന ജനങ്ങളാണ് അതിന് ഈഡിപ്പസിനുള്ള തെളിവ്. യുധിഷ്ഠിരന് മരിച്ചു കിടക്കുന്ന സ്വന്തം സഹോദരങ്ങളും.

സത്യത്തില്‍ ഇവിടെ വിചിത്രരൂപിയായ സ്ഫിംഗ്സോ കൊക്കോ ഇല്ല, മറിച്ച് ഈ രണ്ടു നിയുക്തഭരണകര്‍ത്താക്കളും അഭിമുഖീകരിച്ചത് സ്വന്തം മനസിന്റെ ചില കെട്ടുപാടുകളെയാണ്. സ്തബ്ധരായി നിന്നു പോകാതെ അവയില്‍ നിന്ന് ഇവര്‍ എങ്ങനെ പുറത്തു കടന്നു എന്നാണ് ഈ രണ്ടു കഥകളും ഉദാഹരിക്കുന്നത്. തീബ്സിലെത്തുമ്പോഴേയ്ക്കും ഈഡിപ്പസ്സിനറിയാം താന്‍ പിതാവിനെ വധിക്കുന്നവനും അമ്മയെ വേള്‍ക്കുന്നവനുമായ അഭിശപ്തനാണെന്ന്. അയാള്‍ സ്വന്തം വിധിയില്‍ നിന്ന് പലായനം ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. സ്വന്തം മനസ്സില്‍ ഭീമാകാരവും വിചിത്രരൂപിയുമായി ഉയര്‍ന്നു നിന്ന കുറ്റബോധത്തെ (അതു കൂടുതലും ലൈംഗികമാണ്. മുലകള്‍ സ്തന്യപാനത്തെ ഓര്‍മ്മയില്‍ കൊണ്ടു വന്നു നിര്‍ത്തും. വിടര്‍ത്തുകയും ഒതുക്കുകയും ചെയ്യാന്‍ കഴിയുന്ന മട്ടിലുള്ള ചിറകുകള്‍ ലിംഗത്തിന്റെ പ്രതീക കല്പനയാകുന്നു. ഒപ്പം അത് അധികാരപരവുമാണ്. സിംഹം! ) സ്വപ്നദര്‍ശനത്തിലൂടെ അയാള്‍ നേരിട്ടു. ഒരു പരിധിവരെ കീഴടക്കി. അവ്യക്തമെങ്കിലും മൂര്‍ത്തമായ അതിനു മുന്നില്‍ നിന്നാണ് ജീവിതം എന്താണെന്ന് അയാള്‍ പ്രശ്നവിചാരം ചെയ്തത്. മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്ന് അയാള്‍ അഭിശപ്തമായ ജീവിതത്തെ നേരിടാന്‍ കരുത്തു നേടി മടങ്ങി. അങ്ങനെ അയാള്‍ തീബ്സില്‍ തങ്ങാന്‍ തീരുമാനിച്ചു.

ദ്വൈതവനത്തില്‍ പാഞ്ചാലി പാണ്ഡവര്‍ക്കൊപ്പമുണ്ട്. എന്നാല്‍ യക്ഷപ്രശ്നത്തില്‍ പാഞ്ചാലി വരുന്നതേയില്ല. ആ സംഭവത്തെ യുധിഷ്ഠിരന്റെ ഒരു സ്വപ്ന ദര്‍ശനമായി കണ്ടാല്‍ എല്ലാം വ്യക്തമാണ്. കടഞ്ഞ് അഗ്നി ഉണ്ടാക്കാന്‍ കഴിയുന്ന അരണിയുടെ നഷ്ടം പുരുഷത്വത്തിന്റെ നഷ്ടം കൂടിയാണ്. അധികം വൈകാതെ അവര്‍ അജ്ഞാതവാസം ആരംഭിക്കേണ്ടതുണ്ട്. യുധിഷ്ഠിരന്‍ ആ കുഴമറിച്ചിലിലാണ്. തനിക്ക് പോരായ്മയുണ്ടെന്ന് അയാള്‍ക്ക് നല്ലവണ്ണം അറിയാം. ഭാവി ആകെ ആശങ്കയിലാണ്. അത് അയാള്‍ ഇടയ്ക്കിടെ തുറന്നു പറയുന്നുണ്ട്. സഹോദരങ്ങളുടെ മരണം അയാളുടെ അബോധ ഇച്ഛയാണ്. തന്റെ അറിവാണ് (ജ്ഞാനം മാത്രമാണ് യുധിഷ്ഠിരന്റെ കൈമുതല്‍) അവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്. അങ്ങനെ അയാളെ സംരക്ഷിച്ചുവരുന്ന, സംരക്ഷിക്കേണ്ടി വരുമെന്ന് അയാള്‍ തീര്‍പ്പാക്കിയിട്ടുള്ളവരോടുള്ള കടപ്പാട് യുധിഷ്ഠിരന്‍ നേരത്തേ തീര്‍ത്തു. ജീവന്‍ നല്‍കിയതു കൊണ്ട് അവര്‍ക്ക് അയാള്‍ അച്ഛനുമാണ്. പ്രാചീനഗോത്രങ്ങളില്‍ ഏറ്റവും വിശിഷ്ടമായത് ഗോത്ര നേതാവിന് -പിതാവിന് -അര്‍ഹതപ്പെട്ടതാണ്. അങ്ങനെ തനിക്ക് അര്‍ഹതയില്ലാത്തത് എന്ന് സ്വയം വിചാരിച്ചുപോന്ന പാഞ്ചാലിയുടെ ലഭ്യതയ്ക്ക് സാധൂകരണം നേടുകയും ചെയ്യുന്നു. മത്സ്യം, സ്ത്രീ അവയവത്തിന്റെ സാര്‍വലൌകികമായ പ്രതീകമാണ്. മത്സ്യം പിടിക്കുന്ന നീണ്ട ചുണ്ടുകളുള്ള കൊക്ക്,(ലൈംഗിക സംയോഗമാണ് ഈ പ്രതീകത്തിന്റെ സ്വപ്നാത്മകമായ അര്‍ത്ഥം) പിന്നീട് യക്ഷനായും അതു കഴിഞ്ഞ് സ്വന്തം പിതാവായും മാറുന്നുണ്ട് കഥയില്‍. ‘ആത്മാവൈ പുത്രയാമാസി.‘ പിതാവു തന്നെയാണ് പുത്രന്‍. യക്ഷന്റെ ചോദ്യങ്ങളില്‍ ഭാര്യ എന്താണെന്നത് ആവര്‍ത്തിച്ചു വരുന്നതു കാണാം. ഹാം‌ലെറ്റില്‍ ഇതുപോലൊരു പ്രതിഫലനത്തിന്റെ പ്രശ്നം ഏണസ്റ്റ് ജോണ്‍സ് വിപുലീകരിച്ച് എടുത്തിട്ടുണ്ട്. നമ്മുടെ പ്രശ്നങ്ങളില്‍ നിന്ന് മാറി ഇങ്ങനെ പ്രാചീന മനസുകളുടെ വെമ്പലുകളിലൂടെ സഞ്ചരിക്കാന്‍ എന്തു രസം!

9 comments:

സഹയാത്രികന്‍ said...

തേങ്ങ ഞാനുടക്കും.. ഠേ...!

മാഷേ.. നല്ല ഒരു ലേഖനം... പുതിയ ചില അറിവുകളും നല്‍കുന്നു... ചിന്തിപ്പിക്കുന്നു...
നന്ദി
:)

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം.

രാജ് said...

ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണം ഈ രണ്ടു കഥകളിലെയും നായകന്മാര്‍ കഥയായിക്കൊണ്ടു തന്നെ കഥയുടെ അവസാനത്തോളം ജീവിക്കുന്നതിന്റെ വെളിപ്പെടുത്തലുകളാണ്. ഈദിപ്പസും യുധിഷ്ഠിരനും ഒരു കഥയ്ക്കുള്ളില്‍ സ്വയം ഇറങ്ങി നില്‍ക്കുന്നത് ജീവിയ്ക്കാനുള്ള വലിയൊരു ന്യായീകരണവും തേടിക്കൊണ്ടാണെന്നതാണ് സ്ട്രൈക്കിങ് ആയിട്ടുള്ള സാമ്യം.

കഥാപാത്രം സ്വയം സാധൂകരിക്കുവാന്‍ കഥമെനയുന്ന കഥയ്ക്കുള്ളിലെ കഥ - എത്ര മനോഹരവും ബുദ്ധിയുള്ളതുമായ നിര്‍മ്മിതി. ഇഴപിരിച്ചുകൊണ്ടുള്ള ഈ ലേഖനത്തിനു നന്ദി വെള്ളെഴുത്തേ.

Unknown said...

‌സന‍്ദര്‍ഭങ്ങള് ത‌മ്മിലുള്ള വെറും സാമ്യം തേടല്‌ പോരായിരുന്നോ?

മത്സ്യം, സ്ത്രീ അവയവത്തിന്റെ സാര്‍വലൌകികമായ പ്രതീകമാണ്

കുളത്തില്‌ മീന്‍ പിടിക്കുന്ന കൊക്ക് - അതില് ലൈംഗികതയും അനുബന‍്ധ നിര്‍വചനങ്ങളും കണ്ടെത്താനുള്ള ശ്ര‌മം ഇത്തിരി വളഞ്ഞു പോയി.

കൂടാതെ. സി‌ഗ്മണ്ട് ഫ്രോയിറ്റിനും വിമര്‍ശകരുണ്ടായിരുന്നു.

സാജന്‍| SAJAN said...

ഈഡിപ്പസിനും ഒരു ഭാരതീയ ദര്‍ശനമോ?
അപ്പൊ അങോരുടെ കോമ്പ്ലെക്സ് എന്നോമനപ്പേരിട്ട് വിളിക്കുന്നതിനും ഈ വെള്ളെഴുത്ത് എന്തെങ്കിലും കല്‍പ്പിച്ച് വച്ചിട്ടുണ്ടാവുമോ നമ്മുടെ വേര്‍ഷനില്‍?

വേണു venu said...

രസകരവും ചിന്തോദ്ദീപകവുമായ നിരീക്ഷണം.:)

Sanal Kumar Sasidharan said...

ഉത്തരമില്ലാത്ത ചോദ്യങ്ങളെ മരണത്തില്‍ അവസാനിപ്പിക്കുന്ന ഈ രണ്ടുകഥകളിലേയും സാമ്യം എന്നെയും ചിന്തിപ്പിച്ചിരുന്നു.പക്ഷേ അതില്‍ പാഞ്ചാലിയെയും ലൈം‌ഗീകതയേയും സം‌യോജിപ്പിക്കാനുള്ള അതിഭാവന ഇല്ലായിരുന്നു.
താങ്കളുടെ സാഹസം നന്നായിട്ടുണ്ട്.പക്ഷേ ഇപ്പോഴും അതെന്നെ വിശ്വസിപ്പിക്കുന്നില്ല.

മറ്റൊരു സം‌ഗതിയുണ്ട്.മരണത്തിന്റെ പ്രതീകമായി
ഭാരതം ദര്‍ശനം ചെയ്യുന്ന പക്ഷി കറുത്ത കാക്കയെ ആയിരിക്കെ അതേ ദര്‍ശനത്തിന് എന്തുകൊണ്ട് വെളുത്ത കൊക്കിനെ തെരെഞ്ഞെടുത്തു എന്നത് ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്നു.

വെള്ളെഴുത്ത് പാറയില്‍ കൊത്തിയ പോലെ കട്ടിയുള്ള കല്ലെഴുത്തായി മാറുന്നു.അഭിനന്ദനങ്ങള്‍.

യാരിദ്‌|~|Yarid said...

നന്നായിരുന്നു ലേഖനം. കഥകളും കഥാപാത്രങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ ഒരു കഴിവുണ്ടാകണം, അതു താങ്കള്‍ക്കുണ്ടു.

വെള്ളെഴുത്ത് said...

ഏവൂ.. നമുക്കാവശ്യമുള്ളതും സംഗതവുമായതാണ് നാം എടുക്കുന്നത്, യുക്തിയോടെ മറ്റൊരാള്‍ അതു ശരിയായില്ല എന്നു ചൂണ്ടിക്കാട്ടുമ്പോള്‍ തീര്‍ച്ചയായും ആലോചിക്കാം. ഫ്രോയ്ഡിന് വിമര്‍ശകരുണ്ടായിരുന്നു എന്നത് ആ മനുഷ്യന്റെ സംഭാവനകളെയോ ബുദ്ധിശക്തിയെയോ എവിടെയെങ്കിലും ചെറുതാക്കുന്നുണ്ടോ? അദ്ദേഹം മാതൃക കാണിച്ച ചിന്തയുടേ രീതി പിന്തുടര്‍ന്നല്ലേ അദ്ദേഹത്തെ എതിര്‍ക്കാനുള്ള യുക്തികള്‍ എതിരാളികള്‍ (പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ ശിഷ്യര്‍) കണ്ടെത്തിയത്? അപ്പോള്‍ അങ്ങനെയും പറയാം സാജന്‍, ഈഡിപ്പസിന്റെ ഭാരതീയ യുക്തി, യുധിഷ്ഠിരന്റെ ജെര്‍മന്‍ യുക്തി...സനാതനന്‍...ഇവിടെ പ്രത്യക്ഷമരണം ഇല്ല.. ജീവിതമാണ് ഉള്ളത്.. അതിനുള്ള യുക്തി സ്വയം കണ്ടെത്തുകയായിരുന്നു ധര്‍മ്മപുത്രര്‍.. അതാവാം കൊക്ക് എന്നും ചിന്തിക്കാം. മ്മ്.. ഞാന്‍ ഒന്നും പറയുന്നില്ല.. ബകധ്യാനത്തിലെ കൊക്ക് വിജ്ഞാനിയാണ് നമ്മുടെ ചിന്തയില്‍.. പക്ഷേ കുറുക്കന്റെ വീട്ടില്‍ വിരുന്നു പോയ കൊക്കോ? പഞ്ചതന്ത്രം കഥയില്‍ ഞണ്ട് ഇറുക്കിക്കൊന്ന കൊക്കോ.. ഇങ്ങനെ കാര്യങ്ങള്‍ ജലത്തിന്റെ പ്രതലത്തിലെന്ന പോലെ മറിയും നമ്മുടെ കഥനമാതൃകകളില്‍.. അതുകൊണ്ട് ഒന്നും തീര്‍ച്ചയാക്കാന്‍ വയ്യ. കാക്ക മരണത്തിന്റെ പക്ഷി എന്നതുള്‍പ്പടെ...
പെരിംഗ് , വാല്മീകി, സഹയാത്രികാ, വേണൂ, ജോണി.. നന്ദി!