November 4, 2007

തൊടരുത്..... ചോര

അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയേല്‍ കദാരെയുടെ ‘തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ '(Broken April) ചോരക്കറപ്പറ്റി മഞ്ഞച്ച വസ്ത്രങ്ങള്‍ വീടിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ അലോസരപ്പെടുത്തുന്ന കാഴ്ചയുണ്ട്. പ്രതികാരത്തിനു വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്, അവ. പുസ്തകം വായിച്ചു കഴിഞ്ഞാലും ആ ചോരക്കറകള്‍ മനസ്സില്‍ നിന്ന് മാഞ്ഞു പോവില്ല. ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍’ തെരുവില്‍ വീണ ചോര കൃത്യമായി ഒഴുകി വീട്ടിലെത്തുന്നതു കാണാം, യാതൊരു അസ്വാഭാവികതയും കൂടാതെ. അതു സര്‍ റിയലിസം. ബഷീറിന്റെ ബാല്യകാല സഖി ‘ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരു ഏടാണെന്നും അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു’ എന്നും പോള്‍ പറയുമ്പോള്‍ അത്രയ്ക്ക് അത് റിയലിസ്റ്റിക് ആണെന്ന് അര്‍ത്ഥം. ചോര എന്ന പശിമയുള്ള ചുവപ്പന്‍ ദ്രാവകം നിഗൂഢാത്മകമായി മനുഷ്യഭാവനകളെ എല്ലാക്കാലത്തും ചുറ്റിപ്പിടിച്ചിട്ടുണ്ട്. അതില്‍ ഒരദ്ഭുതവുമില്ല. അതിന്റെ വഴുപ്പന്‍ ഘടന വച്ച് അതിന് എന്തുമാകാം. റിയലിസ്റ്റിക്കോ, കാല്പനികമോ, ആധുനികമോ, സറിയലിസമോ, ഉത്തരാധുനികമോ എന്തും! സമുദ്രത്തില്‍ ഏകകോശജീവിയായിക്കഴിഞ്ഞതിന്റെ ഓര്‍മ്മ, കോടി വര്‍ഷങ്ങളുടെ അടരുകള്‍ താണ്ടി മനുഷ്യന്‍ കൊണ്ടു നടക്കുന്നതിന്റെ പ്രത്യക്ഷതയാണത്രേ ചോരയിലെ ഉപ്പുരസം. ചടുലതയാണ് അതിന്റെ അടിസ്ഥാന സ്വഭാവം. സര്‍വകോശങ്ങളിലും കയറിയിറങ്ങി ക്ഷേമാന്വേഷണം നടത്താന്‍ അതില്ലാതെ പറ്റുമോ?

രക്തത്തിന്റെ ഊര്‍ജ്ജസ്വലത എന്ന ഗുണത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് ‘ചോരത്തിളപ്പ്’ എന്ന പ്രയോഗം നമ്മള്‍ മെനഞ്ഞെടുത്തത്. ‘ചോരയ്ക്കു വേണ്ടി കൊതിക്കുന്നു’ മാര്‍ദ്ദവപ്പെടുത്തിയാണ് നാം കൊല്ലാനുള്ള ആവേശത്തെ കാവ്യാത്മകമാക്കി വിവരിക്കുന്നത്. ‘ചോര തുടിക്കുന്ന ചെറുകൈയ്യുകള്‍ തന്നെ വേണം ഭാവിയുടെ പന്തങ്ങള്‍ വന്ന് ഏറ്റെടുക്കാന്‍ എന്ന് പുരോഗമന കവിയായ വൈലോപ്പിള്ളിയ്ക്ക് ഉറച്ച അഭിപ്രായം ഉണ്ടായിരുന്നു. ‘രക്തസാക്ഷിത്വ‘ത്തില്‍ ചോരയ്ക്ക് സമര്‍പ്പണ സ്വഭാവമാണുള്ളത്. തികഞ്ഞ ആത്മാര്‍ത്ഥത. ‘രക്തബന്ധത്തില്‍’ ബന്ധങ്ങളുടെ കെട്ടുറപ്പ് കാണാം. ‘രക്തം വെള്ളത്തിനേക്കാള്‍ കട്ടിയുള്ളതാണെന്നു‘ ചൊല്ല്. ചോര സത്യമാണ്. അതുകൊണ്ടാണ് ആളുകള്‍ ‘രക്തപ്രതിജ്ഞ‘യെടുക്കുന്നത്. മറഞ്ഞിരിക്കുന്ന ഈശ്വരനെ പിടിച്ച് ആണയിടുന്നതിനേക്കാള്‍ ആത്മാര്‍ത്ഥമല്ലേ സ്വന്തം ജീവരക്തത്തെ തൊട്ട് സത്യം ചെയ്യുന്നത്.

ചോരയ്ക്ക് രാഷ്ട്രീയവുമുണ്ട്. സാമൂഹികനീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ വീണുമരിച്ചവരുടെ രക്തമാണ് ചെങ്കൊടിയുടെ ഊര്‍ജസ്രോതസ്സ്. തീവ്രവാദങ്ങളില്‍ ഒഴുകുന്നത് നിരപരാധികളുടെ ചോരയാണെന്ന് മദ്ധ്യവര്‍ഗം അരാഷ്ട്രീയം പറയുന്നതാണ്. ദുഷിച്ചവ്യവസ്ഥിതിയുടെ ചോരയാണ് അവിടങ്ങളില്‍ ഒഴുകി പോകുന്നത്. അതു പോയാലേ കൂടുതല്‍ ആരോഗ്യമുള്ള സമൂഹം പുലരുകയുള്ളൂ. ആ പ്രഭാതത്തിനു വേണ്ടി രക്തപുഷ്പങ്ങള്‍ ഇനിയും വിടര്‍ന്നുകൊണ്ടിരിക്കും. യുദ്ധങ്ങളിലും കലാപങ്ങളിലും കൂട്ടക്കൊലയിലും തളം കെട്ടിക്കിടന്നതും പുറത്തേയ്ക്കൊഴുകിയതുമായ രക്തത്തിന്റെ അളവാണ് ചരിത്രത്തിന്റെ താളുകളുടെ എണ്ണം കൂട്ടിയത്.

ഡ്രാക്കുളയിലും അതിന്റെ പെണ്‍പ്പതിപ്പായ കേരളാ എഡിഷന്‍ യക്ഷിയിലും രക്തക്കൊതിയുണ്ട്. രണ്ടു ഗഡികളും ഓപ്പോസിറ്റ് സെക്സിലുള്ളവരുടെ രക്തമേ കുടിയ്ക്കൂ. ലിപ്സ്റ്റിക്കിലും നമ്മുടെ വെറ്റിലമുറുക്കിലും ചെറിയ രക്തക്കൊതി കിടന്നു വട്ടം ചുറ്റുന്നുണ്ടോ എന്നു സംശയിക്കണം. ഒരുപാട് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഹാനിബാളിസം! പനയനാര്‍ക്കാവില്‍ പണ്ട് ആനയെ കുരുതി കൊടുത്തിരുന്നു. ‘കുരുതി’ എന്നു വച്ചാല്‍ തന്നെ രക്തം എന്നാണ് അര്‍ത്ഥം. ഇംഗ്ലീഷ്ഭ്രമം മൂത്ത് ഇപ്പോള്‍ ‘ഗുരുസി’ എന്നൊക്കെയാണ് പറയാറ്‌. കുമ്പളങ്ങ വെട്ടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുകലക്കിയ കടും ചുവപ്പു വെള്ളം (അരത്തം = രക്തം!) താഴെ വീഴ്ത്തുന്നത് എന്തായാലും നിരുപദ്രവകരമായ സങ്കല്‍പ്പത്തിന്റെ ആവിഷ്കാരമല്ല. അങ്ങനെ വിചാരിക്കുന്നവര് വിചാരിച്ചോട്ടെ! പാപം ശാന്തമാവട്ടെ.

ഇതൊന്നും പറയാനല്ല വന്നത്, പ്രകൃതി സ്വയമേവ ഒഴുക്കുന്ന ചോരയുണ്ട്. ഒരു പക്ഷേ മനുഷ്യരക്തത്തിനു കല്‍പ്പിച്ചുകൊടുത്ത എല്ലാ വിശുദ്ധിയും നാം ഊതി അണച്ചിട്ടിരിക്കുന്ന ഏക സ്ഥലം. ആര്‍ത്തവം. ഏറ്റവും സാധാരണമായ രക്തം എന്നാല്‍ ഏറ്റവും അപകൃഷ്ടവും. മാസാമാസം (നമ്മളുണ്ടാക്കിയ കലണ്ടര്‍ അനുസരിച്ചുള്ള മാസമല്ല) സ്വയം ഒഴുകി വരുന്ന ഈ ചോരയെഎന്തു ഭയപ്പാടോടെയാണ് സമൂഹം കാണുന്നത്, അതിലേറെ അറപ്പോടെ. കൊലനിലങ്ങളില്‍ നിന്ന് ചേമ്പിലകളിലേയ്ക്ക് തെറിച്ച ചോര കറുത്ത് ശമിക്കാതെ അവിടെ കിടക്കും. അതാര്‍ക്കും ഒളിപ്പിക്കണമെന്നു തോന്നില്ല. അതല്ല പെണ്ണെന്ന തടിയുടെ ‘കറ‘യുടെ സ്ഥിതി. ചോരയൊലിക്കുന്ന സ്ത്രീ എങ്ങനെയാണ് അസ്പൃശ്യയായത്? എന്തായിരുന്നു അതിന്റെ അടിസ്ഥാനം?

ആധുനിക സമൂഹത്തില്‍ പോലും ഒളിപ്പിച്ചു വയ്ക്കേണ്ട സംഗതിയാണ് ഈ ചോര. ശാസ്ത്രജ്ഞാന്ം കൊണ്ട് എന്തുകാര്യം. ആ രക്തം കൊണ്ട് ഒരു കൊടിയും -ഫെമിനിസ്റ്റുകളുടേതുള്‍പ്പടെ- ചുവന്നിട്ടില്ല. പ്രകൃതിയുമായി പെണ്ണ് അഗാധമായി ബന്ധപ്പെടുന്ന നിഗൂഢമായ ഈ വഴി അന്വേഷിച്ച് കുറേ സഞ്ചരിച്ച അമേരിക്കന്‍ എഴുത്തുകാരി ജൂഡി ഗ്രാഹന്‍ (‘Blood Bread and Roses) പറയുന്നത് ഏതു രക്തവും ആര്‍ത്തവ രക്തമാണെന്നാണ്. പുറമേയുള്ള പ്രേരണയൊന്നും കൂടാതെയൊഴുകുന്ന അതില്‍ പ്രപഞ്ചത്തിന്റെ താളം നിഹിതമാണ്. പെണ്ണ് പ്രകൃതി തന്നെയാണെന്ന് തിരിച്ചറിയാനുള്ള പ്രാചീനമായ ഉപാധി. പെണ്ണിന്റെ ഋതുകാലത്തിനും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കുമുള്ള അമ്പരപ്പിക്കുന്ന ചാര്‍ച്ച ഗോത്രവര്‍ഗങ്ങളെ വിസ്മയിപ്പിച്ചിരുന്നു. കാലചക്രത്തെ അങ്ങനെയും അളക്കാമെന്ന് കുറച്ചു പേരെങ്കിലും ചിന്തിച്ചിരുന്നു. ഈ അറിവ് പ്രാചീന സമൂഹങ്ങള്‍ പ്രതീകാത്മകമായി മതപരമോ സാമൂഹികമോ ആയ ചടങ്ങുകളില്‍ ആവിഷ്കരിച്ചിരുന്നു എന്ന്‌ ജൂഡി പറയുന്നു. കാലിഫോര്‍ണിയായിലെ വിന്റു ഗോത്രവര്‍ഗത്തിലെ അമ്മൂമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്ന ഉത്പ്പത്തി കഥയില്‍ കേന്ദ്ര സ്ഥാനം ഈ പെണ്‍ പതിവിനായിരുന്നു. സ്വഭാവരൂപീകരണശാസ്ത്രം, വിഗ്രഹപഠനശാസ്ത്രം, മിത്തോളജി എന്നിവയിലൊക്കെയുള്ള വിശദമായ അന്വേഷണം നടത്തിയാല്‍ ‘സ്ത്രീരക്ത’ സാന്നിദ്ധ്യം വളരെ പ്രകടമായി കാണാന്‍ കഴിയും. (കാമാഖ്യയിലെ (ഒറീസ) ദേവിയും ചെങ്ങനൂരിലെ ദേവിയും തൃപ്പൂത്താകാറുണ്ട്. ആഘോഷമായി തന്നെ സമൂഹം അതു കൊണ്ടാടുന്നു. പ്രസാദങ്ങള്‍ക്ക് അയിത്തമില്ല ! ) അവ പ്രച്ഛന്നരൂപത്തില്‍ പ്രവഹിച്ച് ആധുനിക സമൂഹത്തിന്റെയും വ്യവഹാരങ്ങളില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഏറ്റവും വെറുക്കുന്നതിന്റെ അങ്ങനെ നമ്മളറിയാതെ നാം എറ്റവും സ്നേഹിക്കുക കൂടി ചെയ്യുന്നു. ചില കാര്യങ്ങളൊക്കെ അറിയാതിരിക്കുന്നതു തന്നെയാണ് നല്ലത്. അതുകൊണ്ട് ബോധോദയത്തിന്റെ നാളുകളില്‍ പെണ്‍ശരീരത്തെ പുതിയ തിരിച്ചറിവില്‍ നോക്കി വിസ്മയിച്ച ആധുനികരെ ‘ആര്‍ത്തവരക്തത്തെ’ ചാലുവെട്ടി സാഹിത്യത്തില്‍ കൊണ്ടുവന്നവര്‍ എന്നു ചീത്ത പറഞ്ഞ് നമുക്ക് ‘ശുദ്ധം’ നിലനിര്‍ത്താം. അതാണ് സൌകര്യം!

പിന്‍‌കുറിപ്പ് :
ഗോവയില്‍ നടക്കുന്ന ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോക്യുമെന്ററി ‘പൂമരം’ (The flowering Tree) ജൂഡിഗ്രഹാന്റെ പുസ്തകത്തിന്റെ സ്വാധീനത്താല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തിരിച്ചറിവിന്റെ പുതിയ കാലത്തില്‍, ‘പൂത്ത മുരിക്കുമരം‘ എന്ന പ്രതീകത്തിലൂടെ, സ്ത്രീയുടെ ജൈവമായ പ്രത്യേകതകള്‍ ഒരാണ് നോക്കിക്കാണുന്നതിന്റെ ദൃശ്യഭാഷയാണ് ആ ചിത്രം.
Post a Comment