October 21, 2007

വനവും മൃഗശാലയും


പുഴവക്കത്തെ അത്തിമരത്തില്‍ ഒരു കുരങ്ങന്‍ താമസിച്ചിരുന്നു. അയാള്‍ക്ക് തരത്തിലല്ലാത്ത ഒരു കൂട്ടുകാരനെ കിട്ടി. ഒരു മുതല. മുതലകള്‍ അത്തിപ്പഴവും തിന്നും. അങ്ങനെ കുരങ്ങന്‍ ‘കുളും കുളും’ എന്ന ശബ്ദത്തോടെ മരം കുലുക്കി വെള്ളത്തില്‍ വീഴ്ത്തിക്കൊടുക്കുന്ന ചുവന്ന പഴങ്ങളും തിന്ന് കുരങ്ങന്റെ സരസമായ സംഭാഷണവും കേട്ട് രാത്രി വൈകും മുതല മടയിലെത്താന്‍. അതുകഴിഞ്ഞ് രാത്രി വൈകുവോളം, വൈകുന്നേരത്തെ കൂടിച്ചേരലിന്റെ കഥകള്‍ ഭാര്യയ്ക്ക് വര്‍ണ്ണിച്ചു കൊടുക്കലാണ് മുതലയുടെ ജോലി. കഥകള്‍ കേട്ടു കേട്ട് അത്തിപ്പഴം തിന്ന് തുടുത്ത കുരങ്ങന്റെ ഹൃദയത്തിന് എന്തു രുചിയായിരിക്കും എന്ന നിലയ്ക്ക് അവളുടെ ചിന്ത കാടുകയറി തുടങ്ങി. സുഹൃത്തിനെ വഞ്ചിക്കാന്‍ സാദ്ധ്യമല്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞതു കൊണ്ട് അവള്‍ക്ക് മാറാരോഗം വന്നു. അവസാനം മനസില്ലാമനസോടെ കുരങ്ങനെ മടയില്‍ കൊണ്ടു വരാം എന്നയാള്‍ ഏറ്റു. ഒരു ദിവസം കുരങ്ങനെ ക്ഷണിച്ച് മുതല വീട്ടില്‍ കൊണ്ടു പോയി. നദിയുടെ മദ്ധ്യത്തില്‍ വച്ച് പശ്ചാത്താപവിവശനായി അയാള്‍ സുഹൃത്തിനോട് സത്യം തുറന്നു പറഞ്ഞു. വിരുന്നല്ല ഉദ്ദേശ്യം. ഭാര്യയ്ക്ക് കുരങ്ങന്റെ ഹൃദയം വേണം, തിന്നാന്‍. അരുംചതിയില്‍ അന്ധാളിച്ചു പോയ കുരങ്ങന്‍ സമനില പെട്ടെന്ന് വീണ്ടെടുത്തു് തന്റെ ഹൃദയം അത്തിമരത്തില്‍ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുകയാണെന്ന കള്ളം പറഞ്ഞു. മണ്ടച്ചാരായ മുതല അതെടുത്തുകൊണ്ടു വരാന്‍ വേണ്ടി കുരങ്ങനെ കരയില്‍ എത്തിച്ചു. കൂട്ടുകാരനെ വഞ്ചിക്കാന്‍ ശ്രമിച്ച മുതലയെ കണക്കിന് കളിയാക്കുകയും തെറി പറയുകയും ചെയ്തിട്ട് കുരങ്ങന്‍ മരത്തില്‍ കയറി മറഞ്ഞു.

ഒരു സൌഹൃദം അതോടെ അവസാനിച്ചു. ഇനി അത്തിപ്പഴങ്ങള്‍ നദിയിലേയ്ക്ക് പൊഴിയില്ല. കുരങ്ങന്റെ തമാശകള്‍ കേട്ട് മുതലയ്ക്ക് പൊട്ടിച്ചിരിക്കാന്‍ കഴിയില്ല. മടയിലെ ഇരുട്ടില്‍ അവയുടെ വിശദാംശങ്ങള്‍ ചോരാതെ ഭാര്യയ്ക്ക് പറഞ്ഞുകൊടുത്ത് രസിപ്പിക്കാന്‍ അയാള്‍ക്ക് കഴിയില്ല.

അന്യാപദേശത്തെമാറ്റി നിര്‍ത്തിയാല്‍ ആദ്യം നമ്മുടെ കണ്ണെത്തുക കുരങ്ങന്റെ ഹൃദയം മരത്തിലാണെന്ന് വിശ്വസിച്ച മുതലച്ചാരുടെ മണ്ടത്തരത്തിലാണ്. ഏതു കൊച്ചുകുട്ടിയ്ക്കുമറിയാം ഹൃദയം അങ്ങനെ മരത്തിലോ മച്ചകത്തോ കെട്ടിത്തൂക്കിയിടാന്‍ പറ്റുന്ന സാധനമല്ലെന്ന്. അതുകൊണ്ട് ചിരിച്ച് ചിരിച്ച് നമ്മള്‍ കുന്തം മറിഞ്ഞു. പക്ഷേ മുതല അത്ര വിഡ്ഢിയായിരുന്നോ? അയാള്‍ സുഹൃത്തിനെ വിശ്വസിക്കുകമാത്രമല്ലേ ചെയ്തത്? കുരങ്ങന്റെ ഹൃദയത്തിന് അത്തിപ്പഴവുമായി ഒരു സമീകരണമുണ്ട്. അത്തിപ്പഴത്തിന്റെ സ്വാദാണ് അതു സ്ഥിരം തിന്നുന്ന കുരങ്ങന്റെ ഹൃദയത്തിന് എത്രയിരട്ടി രുചിയായിരിക്കും എന്ന് മുതലപത്നിയെക്കൊണ്ട് ചിന്തിപ്പിച്ച ഘടകം. അതു ലഭിക്കാനാണ് അവള്‍ ആധി പിടിച്ചത്. അത്തിപ്പഴം മരത്തില്‍ തൂങ്ങി നില്‍ക്കുന്നതു കണ്ടു പരിചയമുള്ള മുതലയ്ക്ക് മര്‍ക്കടഹൃദയം അവയ്ക്കിടയിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കാന്‍ സുഹൃത്തിന്റെ വാക്കിന്റെ ബലം മാത്രം മതി. സത്യത്തില്‍ അയാള്‍ ശുദ്ധനാണ്. ചങ്ങാത്തത്തിന്റെ നൈര്‍മ്മല്യത്തില്‍ അവസാനം വരെയും അയാള്‍ വിശ്വസിച്ചു. അയാളെ ചതിച്ചത് കുരങ്ങനാണ്.

ആണ്‍‌മുതലയില്‍ കാണാത്ത ‘ഹിംസാസ്വഭാവം’ പെണ്‍‌മുതലയില്‍ എവിടുന്നു വന്നു? കുരങ്ങന്‍ വെറും കുരങ്ങനല്ല എന്നും മുതല വെറും മുതലയല്ലെന്നും മനസിലാക്കാന്‍ പ്രയാസപ്പെടാത്ത ആളുകള്‍ അവള്‍ തിന്നണമെന്ന് ആഗ്രഹിച്ച കുരങ്ങന്റെ ഹൃദയം അതു പോലെ അന്യാപദേശരൂപത്തിലുള്ള എന്തെങ്കിലും ആയിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. അത്തിപ്പഴത്തിന്റെ സ്വാദാണ് അവളുടെ ആര്‍ത്തിയെങ്കില്‍ അതിന് അത്തിപ്പഴം തന്നെ ആവോളം തിന്നണം. തിന്നുന്ന ആഹാരം ഹൃദയത്തിനു രുചികൂട്ടും എന്നൊരു നിയമം കാട്ടിലെ മറ്റൊരു കഥയിലുമില്ല. അപ്പോള്‍ അവളാഗ്രഹിച്ചത് അവന്റെ ഹൃദയം തന്നെയായിരുന്നു. മടയിലെ ഇരുട്ടില്‍, ഏകാന്തതയില്‍ ഒരു പക്ഷേ അവളില്‍ സംവേദനത്വത്തിന്റെ ചലനങ്ങളുണ്ടാക്കിയത് കുരങ്ങനെപ്പറ്റി ആണ്‍‌മുതല പറഞ്ഞുകൂട്ടിയ കഥകളായിരിക്കണം. ഹൃദയം പ്രണയത്തിന്റെ ശാശ്വതചിഹ്നമാണ്. (നമുക്ക് മുന കൂര്‍ത്ത അമ്പുകളാവാം, നീ എന്റെ ഹൃദയത്തിലോട്ട്, ഞാന്‍ നിന്റെ ഹൃദയത്തിലോട്ട് ..) അവള്‍, ഭര്‍ത്താവിന്റെ വാക്കുകളിലൂടെ കുരങ്ങനെ പ്രണയിക്കുകയായിരുന്നു എന്നു കരുതുന്നതാണ് ന്യായം. സാധാരണവ്യവഹാരത്തില്‍ തന്നെ ‘മാംസക്കൊതി’യ്ക്ക് ലൈംഗികപരമായ അര്‍ത്ഥമുണ്ട്. മുതലകുടുംബത്തിന്റെ വ്യവഹാര ഘടന നോക്കിയാല്‍ മതി. ഭര്‍ത്താവിനു മാത്രമാണ് സഞ്ചാരസ്വാതന്ത്ര്യം. (എന്തുകൊണ്ട് വൈകുന്നേരത്തെ രസകരമായ കഥകള്‍ കേള്‍ക്കാനും അത്തിപ്പഴം തിന്നാനും അവള്‍ കൂടി പോകുന്നില്ല..?) കുട്ടികള്‍ ഇല്ല. മടയില്‍ ഇരുട്ടില്‍, ഒറ്റയ്ക്ക് അയാളെ കാത്തിരിക്കുകമാത്രമാണ് അവള്‍ക്ക് ആകെ ചെയ്യാനുള്ളത്. അവളുടെ ഭാവനയില്‍ അത്തിപ്പഴങ്ങള്‍ക്കും കഥകള്‍ ചുരക്കുന്ന കുരങ്ങന്റെ ഹൃദയത്തിനും തമ്മില്‍ ആദേശം വന്നത് സ്വാഭാവികം. അടക്കിപ്പിടിച്ച പ്രണയം കത്തിച്ചതാണ് കഥയിലെ മാംസക്കൊതി. അവള്‍ക്ക് വന്ന അസുഖം ഒരു കള്ളനാട്യമാവണമെന്നില്ല. രോഗാതുരമാവുന്ന പ്രണയത്തിന്റെ സാക്ഷ്യമാണത്. വലിപ്പവും അഭിരുചികളും പ്രണയത്തിനു മുന്നില്‍ (ഇവിടെ അത് പെണ്‍‌മുതലയ്ക്കു മാത്രം) തീര്‍ത്തും അപ്രസക്തമായ കാര്യമാണ്. നാം അങ്ങനെയല്ല അതു മനസിലാക്കിയിരിക്കുന്നത് എന്നേയുള്ളൂ. തന്റെ ഭാര്യയുടെ ഉള്ളില്‍ താന്‍ തന്നെ കൊളുത്തിവച്ച കൃഷ്ണഗന്ധക ജ്വാലകള്‍ തിടം വച്ച് പാളുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുള്ളിടത്ത് ആണ്‍‌മുതല മണ്ടനാവുന്നുണ്ടാവാം. പക്ഷേ അത് നമ്മുടെ മാനദണ്ഡങ്ങള്‍ക്ക് മാത്രം വിധേയമാണ്. ഒരു പക്ഷേ അയാള്‍ നാം വിചാരിക്കുന്നതിനേക്കാള്‍ സാത്വികനും സഹൃദയനുമാണെങ്കിലോ..?

ഈ കഥ നമ്മുടെ അബോധവുമായി സന്ധി ചെയ്യുന്നത് സത്യത്തില്‍ ഒരു ബുദ്ധിമാന്‍, മണ്ടനെ തറപ്പറ്റിച്ചു എന്ന കേവലയുക്തിയിലല്ല. പെണ്‍‌മുതലയുടെ പ്രണയാപേക്ഷയില്‍ നിന്നും അതു നിറവേറ്റിക്കൊടുക്കാന്‍ (അതിനെ വേണമെങ്കില്‍ കാട്ടുനീതിയെന്നു വിളിച്ചോളൂ) വെമ്പിയ ഒരു ഭര്‍ത്താവില്‍ നിന്നും ഓടിപ്പോയ കുരങ്ങന്‍ രക്ഷിച്ചെടുത്തത് ഞാനും നിങ്ങളും ശരി എന്നു വിശ്വസിക്കുന്ന ഒരു സദാചാരവ്യവസ്ഥയെയാണ്. അതുകൊണ്ടാണ് നാം കഥകഴിയുമ്പോഴേയ്ക്കും ദീര്‍ഘശ്വാസം വിടുന്നത്. വിജയിക്കുന്ന മൂല്യസംഹിതക്കാരുടെ പക്ഷം എപ്പോഴും, മറയില്ലാത്ത പ്രണയാപേക്ഷകളെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. സംശയമുണ്ടോ? എന്നാല്‍ നോക്കുക. ശൂര്‍പ്പണഖയുടെ കാതും മൂക്കും ചെത്തിയതിനു പിന്നില്‍ പ്രണയത്തെ ശാസിച്ചൊതുക്കലാണുള്ളത്. താടകയുടെയും രാവണന്റെയും ബാലിയുടെയും (ഒക്കെ മനുഷ്യരെക്കാള്‍ അല്പം താഴെ. രാക്ഷസന്‍ അല്ലെങ്കില്‍ മൃഗം!) കൊലയിലും സദാചാര സംരക്ഷണം നിഹിതമാണ്. സഹജവാസനകള്‍ നഗ്നമായി ആവിഷകരിക്കുന്നതിനെയാണ് നാം ആസുരമെന്നും വന്യമെന്നും വിളിച്ച് മാറ്റി നിര്‍ത്തിയത്. കാലങ്ങള്‍ക്കിപ്പുറം വന്ന് നമ്മുടെ അബോധത്തെ സ്പര്‍ശിക്കുന്ന ഒരു ലളിതയുക്തിയുടെ കഥയില്‍ നാം ഇന്നും കൊണ്ടു നടക്കുന്ന വന്യ/പരിഷ്കൃത -മൂല്യവിവേചനങ്ങളുടെ അടരുകള്‍ മാറ്റമില്ലാതെ തന്നെയുണ്ടെന്നത് അദ്ഭുതകരമല്ലേ?

വാല്‍ക്കഷ്ണം:
ടി പി വിനോദിന്റെ മൃഗശാല രാം മോഹന്റെ യൌവന്യം എന്നിവയിലെ പുതിയ കാടും മൃഗങ്ങളും ഈ രീതിയില്‍ ആലോചിക്കാന്‍ ചില സാദ്ധ്യതകള്‍ നല്‍കുന്നുണ്ടെന്നു തോന്നുന്നു.
Post a Comment