September 8, 2007

അമ്മാ‍ാ‍ാ‍ാ

മകനെ വിട്ടു കിട്ടാന്‍ അവന്റെ അമ്മയാണെന്നതില്‍ കവിഞ്ഞ വേറെ എന്താണു വേണ്ടതെന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനോട് ഒരമ്മ ചോദിച്ചിരുന്നു. ‘കണ്ണു ചൂഴ്ന്നെടുത്തു കൊടുത്തിട്ട് ഇതിലും വലുതാണെന്റെ പൊന്നുണ്ണി‘ എന്നു പറഞ്ഞാണ് ഒരു മലയാളി അമ്മ, ഒരു മലയാളി പൂതത്തെ തോത്പിച്ച് മകനെയും വീണ്ടെടുത്ത് വീട്ടില്‍ പോയത്.

20 വര്‍ഷം അമ്മയെക്കുറിച്ച് ഓര്‍ക്കാതിരുന്നതിന്റെ മുഴുവന്‍ പാപഭാരവും കുമാരനാശാന്‍ എഴുതിയ ഒരു കവിതയിലുണ്ട്. ‘ഒരു അനുതാപം’ എന്നാണതിന്റെ പേര്. താന്‍ സുഹൃദ്ജനങ്ങളോടൊപ്പം മോദിച്ചും മേളിച്ചും നടക്കുന്ന സമയത്ത്, തന്നെയോര്‍ത്ത് കരഞ്ഞ് ഏകാകിയായ അമ്മ കഴിച്ചു കൂട്ടിയതെങ്ങനെയായിരിക്കും എന്ന് ആ മരണത്തിന്റെ മുന്നിലിരുന്നു ചിന്തിച്ചിട്ട് ആശാന്‍ എഴുതി : “ ദൈവത്തിന്റെ ഗതി നാഗയാന കുടിലമാണ്. ജീവിതം വെറും നീര്‍പ്പോളയാണ്. സുഖം പോലും സുഖമല്ല. അങ്ങനെയൊരു വസ്തു ഈ ലോകത്തിലില്ല. അതുകൊണ്ട് ഞാന്‍ ദുഃഖത്തെ ഉപാസിക്കുന്നു!“

ദീര്‍ഘകാലത്തെ ജയില്‍ ജീവിതത്തിനു ശേഷം ബഷീര്‍ തലയോലപ്പറമ്പിലെ വീട്ടിലെത്തുന്നത് ഒരു അര്‍ദ്ധരാത്രിയ്ക്കാണ്. അപ്പോള്‍ അമ്മയതാ ഒരു ചിമ്മിനിവിളക്കും കൊളുത്തി വച്ച് ബഷീറിനുള്ള ഭക്ഷണവുമായി ഉറങ്ങാതെ കാത്തിരിക്കുന്നു. ബഷീര്‍ വിസ്മയിച്ചു പോയി. ‘ഞാന്‍ ഇന്നു വരുംന്ന് ങ്ങളെങ്ങനെയറിഞ്ഞുമ്മാ..”എന്ന് ബഷീര്‍. പോലീസ് മകനെ കൊണ്ടു പോയ അന്നു മുതല്‍ എല്ലാ രാത്രികളിലും താന്‍ ഇങ്ങനെ ആഹാരവുമായി മകനെ കാത്തിരിക്കുകയായിരുന്നെന്ന് ഉമ്മ.

‘മലയാള ചെറുകഥയെ അകായില്‍ നിന്ന് ഇറക്കി പൂമുഖത്ത് ചാരുകസേരയിട്ടിരുത്തിയ‘ ടി പദ്മനാഭന്‍ അമ്മയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഹൈസ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് സജീവമായ രാഷ്ട്രീയപ്രവര്‍ത്തനമുണ്ടായിരുന്ന പദ്മനാഭന്‍ രാത്രി വൈകും വീട്ടിലെത്താന്‍. ധാരാളം മൂര്‍ഖന്‍പാമ്പുകളുള്ള കാട്ടുകണ്ടി പറമ്പു കടന്നു പോണം. അവിടെയാകെ കുറ്റാക്കുറ്റിരുട്ട്. രാഷ്ട്രീയം അമ്മയ്ക്കു പ്രശ്നമല്ല, പക്ഷേ ഇരുട്ടത്തുള്ള അപകടകരമായ നടപ്പിനെ ചൊല്ലിയായിരുന്നു അവരുടെ വിഷമം മുഴുവന്‍. ഒരു ദിവസം പതിവുപോലെ വൈകി വരുമ്പോള്‍ കാട്ടുകണ്ടി പറമ്പിന്റെ നടുവില്‍ ഒരു എണ്ണവിളക്കു കത്തുന്നു. വിളക്കിന്റെ വെളിച്ചത്തില്‍ പറമ്പ് നല്ലപോലെ തെളിഞ്ഞു കാണാം. ദുഃഖം സഹിക്കാന്‍ വയ്യാതെ അമ്മ കൊണ്ടു കൊളുത്തി വച്ചതായിരുന്നു ആ വിളക്ക്.

നടന്‍ പ്രകാശ് രാജിന്റെ അമ്മ ഹൃദയാഘാതം വന്ന് കോമയിലായ സമയം. വളരെ അപകടകരമായ അവസ്ഥ. ഇങ്ങോട്ടില്ല എന്ന് എതാണ്ട് ഉറപ്പ്. ഷൂട്ടിങ്ങിനിടയ്ക്ക് അമ്മയുടെ അവസ്ഥയറിഞ്ഞ് നേരെ ഐ സി യൂണിറ്റിലേയ്ക്ക് ആരുവിലക്കിയിട്ടും നില്‍ക്കാതെ പ്രകാശ് കടന്നു കയറി. എന്നിട്ട് തനി വില്ലന്‍ രീതിയില്‍ മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയായി തുടങ്ങിയ അമ്മയുടെ കാതില്‍ ഒരു ഡയലോഗ്! ചെറുപ്പത്തിലേ ഭര്‍ത്താവ് മരിച്ച് മകനേ എന്നു പറഞ്ഞു ഈ നാളത്രയും ജീവിച്ച അവര്‍ ആ ശബ്ദം കേട്ട് ജീവിതത്തിലേയ്ക്ക് കണ്ണു തുറന്നു. അമ്മമാര്‍ക്കുമാത്രം ചിരിക്കാന്‍ പറ്റുന്ന മുഗ്ദ്ധമായ ചിരി ചിരിച്ചുകൊണ്ട്. പ്രകാശ്, അമ്മയെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞ താങ്കള്‍ എന്തുതരം വില്ലനാണ്!!

ഇടശ്ശേരി ‘ബിംബിസാരന്റെ ഇടയനി’ല്‍ ഒരമ്മയെ ഓര്‍ക്കുന്നുണ്ട്. കൊല്ലാന്‍ കൊണ്ടുപോകുന്ന ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു മുടന്തന്‍ കുഞ്ഞാട് മറ്റുള്ളവര്‍ക്കൊപ്പം നടക്കാന്‍ വയ്യാതെ പ്രാഞ്ചുമ്പോഴും വഴിവക്കിലെ മുള്‍ച്ചെടികളില്‍ ചെന്നു കടിക്കുമ്പോഴും ഹൃദയം പിടയ്ക്കുന്ന വേദനയോടെ കരഞ്ഞു വിളിച്ചു നീറുന്ന തള്ളയാട്‌. അതിനെ കാണുമ്പോഴാണ് ഇടയന്‍ തന്റെ അമ്മയെക്കുറിച്ചോര്‍ക്കുന്നത്. പട്ടിണി സഹിക്കാന്‍ വയ്യാതെയാണ് പടയാളികള്‍ വന്നപ്പോള്‍ തന്നെ അമ്മ വിറ്റത്. മകനെങ്കിലും കഞ്ഞികുടിച്ചു കിടക്കുമല്ലോ എന്ന ചിന്തയില്‍. എന്നിട്ട് രാജസേവകന്മാര്‍ വിലയായി നല്‍കിയ വില്‍ക്കാശ് മകന്റെ തന്നെ കോന്തലയില്‍ തിരുകി കൊടുത്ത് കരഞ്ഞ് കരഞ്ഞ് അവനെ യാത്രയയച്ചു. പിന്നീട് അമ്മയ്ക്കു കമ്പിളിയും വാങ്ങി മകന്‍ തിരിച്ചു ചെല്ലുമ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. ‘വീടാകടമേ മമ ജന്മം’ എന്നു ആട്ടിടയന്‍ വിതുമ്പുന്നു. (അല്ലെങ്കില്‍ ആരാണ് അങ്ങനെ നൊമ്പരപ്പെടാത്തത്..?)

വേലക്കാരിയുടെ ജീവിതം മുറുമുറുക്കാതെ കുടിച്ചു തീര്‍ത്ത് ഒടുവില്‍ അര്‍ശ്ശസു വന്നു മരിച്ച ഗൌരിക്കുട്ടിയുടെ കഥ പറഞ്ഞ ശേഷം വി പി ശിവകുമാര്‍ എഴുതുന്നു : ‘എടോ ചങ്ങാതി, നിനക്കു ശമ്പളമുണ്ടല്ലോ. നിന്റെ അമ്മയ്ക്ക് ഓരോ നാഴി പാല്‍ വാങ്ങിച്ചു കൊടുക്കണേ. അവരുടെ മുന്നിലിരുന്ന് അതു കുടിപ്പിക്കയും വേണം. കണ്ണു തെറ്റിയാല്‍ അവര്‍ അതു നിന്റെ ചായയിലൊഴിച്ചു കാന്താരിയന്വേഷിച്ചു പോകും!“

ഇമാനുവേല്‍ സ്വന്തം തള്ളയെ തലങ്ങും വിലങ്ങും തല്ലി. നീരു വന്ന കാലുയര്‍ത്തിച്ചവിട്ടി. അയാള്‍, പിഴച്ചുപോയ വിപ്ലവം പെറ്റ സന്തതിയായിരുന്നു. ആ കോപം അയാള്‍ അമ്മയോടു തീര്‍ത്തു. അതെല്ലാം ഏറ്റു വാങ്ങിയ, എണ്‍പത്തൊന്‍പതു വയസ്സും പത്തു കിലോ തൂക്കവുമുള്ള മറിയ മകന്റെ ‘അമ്മച്ചിയേ’ എന്നുള്ള വിളികേട്ട് എഴുന്നേറ്റ് പ്രാഞ്ചിപ്രാഞ്ചി ഭയത്തോടെ വന്നു. വക്കുപൊട്ടിയ പാത്രത്തില്‍ അവസാനത്തെ പച്ചമുളക് കാല്‍ക്കലേയ്ക്ക് നീക്കിവച്ചു കൊടുത്തു. തളര്‍ച്ചയോടെ അവനു മദ്യപിക്കാന്‍. (ആവേ മരിയ- കെ ആര്‍ മീര)
“എല്ലാവരും ഒരു ദിവസംകോഴി കൂകും മുന്‍പേ ആരെങ്കിലും തള്ളിപ്പറയും. എല്ലാവരും ഒരു ദിവസം രണ്ടു കള്ളന്മാര്‍ക്കിടയില്‍ ആരെയെങ്കിലും കുരിശിലേറ്റും. പുളിച്ച വീഞ്ഞു കുടിപ്പിക്കും. വിലാപ്പുറത്തു കുത്തും. പാറയില്‍ വെട്ടിയ കല്ലറയില്‍ തള്ളും.കല്ലറവാതില്‍ക്കല്‍ എതെങ്കിലുമൊരു മറിയ മാത്രം സ്നേഹിച്ചവനു വേണ്ടി കരഞ്ഞു കൊണ്ടു കാത്തു നില്‍ക്കും.”
Post a Comment