September 5, 2007

എന്തുകൊണ്ട് കെ ഇ എന്‍ ?

ഷിബു മുഹമ്മദ് പുതിയ മാധ്യമത്തിലെഴുതിയ ഒരു ലേഖനത്തിന്റെ ഹെഡ്ഡാണിത്. ഷിബുവിനെ ആദ്യം കണ്ടത് (അതോ ശ്രദ്ധിച്ചതോ) ‘പുരയ്ക്കുമേല്‍ ചാഞ്ഞ മരം‘ എന്ന ചിന്ത പുറത്തിറക്കിയ പുസ്തകത്തിലെ ലേഖകന്മാരുടെ കൂട്ടത്തിലാണ്. പുസ്തകം മറ്റൊന്നിനെക്കുറിച്ചുമല്ല, കാറ്റും വെളിച്ചവും പറഞ്ഞ് ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയ്ക്ക് അനഭിമതനായ എം എന്‍ വിജയനെപ്പറ്റിയാണ്. സൈദ്ധാന്തിക വിശകലനത്തില്‍ അദ്ദേഹം എങ്ങനെ പിന്തിരിപ്പനാവുന്നു എന്നു കൂലംകഷമായി അണികളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയുണ്ടാക്കിയത്.
ഇപ്പോള്‍ ഷിബു പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കെ ഇ എന്നിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ്. നിഗ്രഹവും അനുഗ്രഹവും. കാന്തപുരം മുസ്ല്യാര്‍ ലേഖനം, ഗുജറാത്ത് ലേഖനം, വിവാദ ഓണം ലേഖനം, അച്ചുതാനന്ദ-ആള്‍ദൈവ ലേഖനം, (പിണറായി-സുധാകരന്‍) വാമൊഴിവീണ്ടെടുപ്പ് ലേഖനം തുടങ്ങിയവയിലൂടെ സമീപകാലത്ത് വിവാദവ്യവസായ രംഗത്ത് സുപ്രതിഷ്ഠി നേടിയ കെ ഇ എന്‍ എന്ന മഹാ മനീഷയെ എങ്ങനെ കേരളീയ ബുദ്ധിജീവികള്‍ കോര്‍ണര്‍ ചെയ്യുന്നു എന്നു വിശദമായി പ്രതിപാദിക്കുന്നതാണ് ലേഖനം. കെ ഇ എന്നെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളത്തിലെ പരമ്പരാഗത വലതന്മാരും ഇടതു തീവ്രക്കാ‍രും സംഘപരിവാരക്കാരും മുസ്ലീം മതമൌലികവാദികളും മാധ്യമലോകത്തെ പൈങ്കിളികളും അരാഷ്ട്രീയ അക്കാദമീഷ്യന്മാരും പരദൂഷണക്കാരും ഒക്കെയുണ്ട്. പാവം കെ ഇ എന്‍-ന്റെ കൂടെയോ? ആരുമില്ല പാര്‍ട്ടിയിലെ ഒരു വിഭാഗം മാത്രം!
പക്ഷേ ഷിബു പറയുന്നതുപോലെ കെ ഇ എന്‍ വാദങ്ങളും ‘പാളയത്തില്‍ കയറി അടിക്കലുകളും‘ അത്ര നിര്‍ദോഷങ്ങളാണോ? അത് പൊതു സമൂഹത്തിന്റെ നന്മയെയോ ജനാധിപത്യമൂല്യങ്ങളെയോ ലാക്കാക്കിയുള്ളതല്ലെന്നറിയാന്‍ ചുവപ്പുകണ്ണട ഊരിമാറ്റാതെ ധരിച്ചു നടക്കുന്നവര്‍ക്കൊഴികെ ഏതു പൊട്ടക്കണ്‍നനും മനസ്സിലാവും. കെ ഇ എന്റെ ലേഖനങ്ങള്‍ മാത്രമല്ല, അവയെന്തോ ഭയങ്കര സംഭവങ്ങളാണെന്നു പറഞ്ഞു കൊണ്ട് കെ ഇ എന്നെ വെള്ളപൂശാന്‍ രചിച്ച ഷിബുവിന്റെ ഈ ലേഖനം പോലും കൃത്യമായ അജണ്ടയുടെ ഭാഗമാണ്. കെ ഇ എന്‍ ശൈലി അതേ പടിയുണ്ട് ഈ ലേഖനത്തിലും.(ചില ഉദാ- “..അതിവൈകാരികസീനുകള്‍ ഉണ്ടാക്കി വീട്ടിലേയ്ക്ക് മടങ്ങിപ്പോയ പെറ്റിബൂര്‍ഷാ രാഷ്ട്രീയഭാവുകത്വത്തിന് ഫാഷിസത്തിന്റെ കവിളില്‍ കള്ളിപ്പെണ്ണേ എന്നു പറഞ്ഞ് ഒരു നുള്ളുകൊടുക്കാന്‍ മാത്രമേ കെല്‍പ്പുണ്ടായിരുന്നുള്ളൂ”. “വര്‍ഗസമരമെന്നാല്‍ കച്ചവടസിനിമകളില്‍ കാണുന്നതുപോലെ തൊഴിലാളിയും തൊഴിലാളിയും തമ്മിലുള്ള ‘തല്ലും പിടിയും’ ആണെന്ന് ധരിച്ചവര്‍ക്കാണ് ....”, “ഈയൊരു മാനസികാവസ്ഥ കേരളത്തിന്റെ സാംസ്കാരിക ശരീരത്തില്‍ പരുവായി ഉരുണ്ടുകൂടി പാഠം മാസികയിലൂടെ പരുവായി പൊട്ടിയൊലിക്കുകായിരുന്നു”.) ഈ ആലങ്കാരിക പ്രഭാഷണശൈലി ഒരേ സ്കൂളില്‍ പഠിച്ചവരായതുകൊണ്ട് കിട്ടിയതാനെന്നു നമുക്കു വെറുതേ സമാധാനിക്കാം. പക്ഷേ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാസ്തവം നമുക്ക് തിരിഞ്ഞുകിട്ടുന്നത് ഇതിലെമ്പാടും അതീനെക്കുറിച്ചു പരയുന്നതു കൊണ്ടല്ല. ഇത് എന്തിനു വേണ്ടി രചിക്കപ്പെട്ടു എന്ന് ആലോചിക്കുമ്പോഴാണ്..
Post a Comment